ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക് - ഒരു രാഷ്ട്രീയ വായന

സ്ത്രീകള്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതിനായി ഇന്ന് സര്‍ക്കാരും സമൂഹവും നിര്‍ദ്ദേശിക്കുന്നത് സ്ത്രീകള്‍ സ്വയരക്ഷ പരിശീലനം നേടി അതിക്രമികളെ കായികമായി നേരിടുക എന്നതാണ്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിശീലന പദ്ധതി നടപ്പിലാക്കി വരുന്നു. 2012 ഇല്‍ ട്രെയിന്‍ യാത്രക്കിടെ പുരുഷാക്രമണത്തിനിരയായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കേരള സംസ്ഥാന സ്ത്രീ വികസന കോര്‍പറേഷന്‍ പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സ്വയംരക്ഷ പദ്ധതിയെ ഇങ്ങനെ ന്യായീകരിക്കുന്നു, "പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പെട്ടെന്നുള്ള ആക്രമണങ്ങളെ ചെറുക്കുകയും സ്വയം സംരക്ഷിക്കാനുള്ള ധൈര്യം പ്രദാനം ചെയ്യുകയുമാണ് ഇത്തരം പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ സ്ത്രീയും സ്വയരക്ഷ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.കാരണം സ്കൂളിലേക്കോ, കോളെജിലേക്കോ, ജോലി സ്ഥലത്തേക്കോ ഉള്ള യാത്രാമധ്യേ ആക്രമിക്കപ്പെടാനുള്ള സാധ്യത നിലവിലുണ്ട്" (kswdc,2012). സ്വയരക്ഷ പദ്ധതി കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ആയോധന കലാ പരിശീലനമാണ്. ഈ സാഹചര്യത്തില്‍ ആയോധനകലാ പരിശീലനം സ്ത്രീയെ സമൂഹത്തില്‍ സുരക്ഷിതയാക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നു.

ചരിത്രപരമായി സ്ത്രീസ്വയരക്ഷാവാദത്തിന്റെ വേരുകള്‍ അമേരിക്കയില്‍ 1980കളുടെ അവസാനത്തോട് കൂടി വളര്‍ന്നു വന്ന ശാരീരിക സ്ത്രീപക്ഷവാദത്തില്‍ (physical feminism) അധിഷ്ഠിതമായിരിക്കുന്നു. കായിക പരിശീലനം സ്ത്രീയെ പുരുഷസമമാക്കുമെന്നും അതുവഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗാധിഷ്ടിത നിയമത്തിലൂന്നിയ അസന്തുലിതാവസ്ഥ മറികടക്കാന്‍ സാധിക്കുമെന്നും ശാരീരിക സ്ത്രീപക്ഷ വാദികള്‍ കരുതുന്നു. അതോടൊപ്പം ആയോധനകലാ പരിശീലനത്തില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീ പുരുഷശരീരത്തെ വെല്ലുവിളിക്കാന്‍ തക്കവണ്ണം പ്രബലമായ ഒരു ആയുധമാണെന്നു സമര്‍ത്ഥിച്ചുകൊണ്ടു പുരുഷമേല്‍ക്കോയ്മാവാദവുമായി തര്‍ക്കത്തിലേര്‍പ്പെടാനും പുരുഷശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഉള്ള ഭയം സ്ത്രീകളില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അവര്‍ വാദിക്കുന്നു. ഇതേ ആശയത്തിന്റെ ചുവടു പിടിച്ചാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും വ്യാപകമായി ആരംഭിച്ചിട്ടുള്ള സ്ത്രീ സ്വയരക്ഷാ പരിശീലനം ആരംഭിച്ചിട്ടുള്ളത് എന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ സ്ത്രീസ്വയരക്ഷാവാദത്തിന്റെ വാദമുഖങ്ങളും, രാഷ്ട്രീയവും ഇന്ത്യയില്‍ ഈയടുത്ത് നടന്ന നാല് സംഭവങ്ങളുമായി കോര്‍ത്തിണക്കി വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു ഈ ലേഖനത്തില്‍.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ സ്വഭാവം: 4 സംഭവങ്ങള്‍

1996 ജനുവരിയില്‍ ഇടുക്കി ജില്ലയിലെ സുര്യനെല്ലി ഗ്രാമത്തില്‍ നിന്നും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. 40 ദിവസങ്ങള്‍ക്കു ശേഷം 42 പേരാല്‍ പീഡിപ്പിക്കപ്പെട്ട അവള്‍ തിരിച്ചു വന്നത് കേരളത്തിലെ വലിയ ഒരു ലൈംഗിക വ്യാപാരത്തിന്റെ ചുരുളഴിച്ചുകൊണ്ടായിരുന്നു. അതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി. കേരളത്തിലാദ്യമായി ലൈംഗിക പീഡനം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കോടതി അതില്‍ 32 പേരെ കുറ്റം ചാര്‍ത്തി രാഷ്ട്രീയ നേതാവിനെ വെറുതെ വിട്ടു. 2005 ഇല്‍ പക്ഷെ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗിക വേട്ട നടന്നതെന്ന് കേരള ഹൈക്കോടതി വിധി എഴുതി 35 പ്രതികളെയും കുറ്റവിമുക്തരാക്കി. 2013 ജനുവരിയില്‍ സുപ്രീം കോടതി ഈ വിധി തള്ളിക്കളഞ്ഞുകൊണ്ട് പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വ്യവസ്ഥാപിതമാണെന്നു മൂന്നു കാരണങ്ങളെ മുന്‍നിര്‍ത്തി പറയാന്‍ ഉദ്ദേശിക്കുന്നു.

ചരിത്രപരമായി സ്ത്രീസ്വയരക്ഷാവാദത്തിന്റെ (physical feminism) വേരുകള്‍ അമേരിക്കയില്‍ 1980കളുടെ അവസാനത്തോട് കൂടി വളര്‍ന്നു വന്ന ശാരീരിക സ്ത്രീപക്ഷവാദത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. കായിക പരിശീലനം സ്ത്രീയെ പുരുഷസമമാക്കുമെന്നും അതുവഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗാധിഷ്ടിത നിയമത്തിലൂന്നിയ അസന്തുലിതാവസ്ഥ മറികടക്കാന്‍ സാധിക്കുമെന്നും ശാരീരിക സ്ത്രീപക്ഷ വാദികള്‍ കരുതുന്നു.

1)പ്രബലരായ 42 ആണ്‍ ശരീരങ്ങളെ എതിര്‍ത്തില്ല എന്ന കാരണം കാണിച്ചു പ്രതികളെ കുറ്റവിമുകതരാക്കിയ ഹൈക്കോടതി ജഡ്ജി പെണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെ വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

2)കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധി സുര്യനെല്ലി പെണ്‍കുട്ടി സമ്മാനങ്ങള്‍ നിരസിച്ചില്ല എന്ന കാരണം കാണിച്ചു അവള്‍ ഒരു വേശ്യ ആണെന്ന് പ്രസംഗിച്ചു നടന്നു.

3)തങ്ങളുടെ പാര്‍ട്ടി നേതാവ് ഉള്‍പെട്ട കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച വനിതാ പത്രപ്രവര്‍ത്തകയെ കേന്ദ്രമന്ത്രി നിന്ദ്യമായ രീതിയില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചു.

2013 ഫെബ്രുവരിയില്‍ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന "മൂല്യ ബോധന യാത്ര" പരിപാടിയില്‍ NSS ടീം ക്യാപ്റ്റന്‍ സ്ത്രീകള്‍ക്കെതിരെ തികച്ചും അപലപനീയമായ പ്രഭാഷണം നടത്തുകയുണ്ടായി. സ്ത്രീ ശരീരം പ്രജനനത്തിനു വേണ്ടി ഉള്ള ഒരു വസ്തു ആണെന്നും പുരുഷന് സ്ത്രീയെ കീഴ്പെടുത്താന്‍ അധികം സമയമോ ആരുടേയും അനുവാദമോ ആവശ്യമില്ല എന്നും അതിനാല്‍ സ്ത്രീ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമായിരുന്നു അതിലെ ഉള്ളടക്കം. പ്രസംഗം തുടരവേ ഒരു പെണ്‍കുട്ടി കൂവലിലൂടെയും ഇറങ്ങിപ്പോക്കിലൂടെയും തന്റെ എതിര്‍പ്പ് രേഖപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ ജനിതക ഘടനയിലെ തകരാറ് കൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ ക്യാപ്റ്റന്‍ മറന്നില്ല. സ്ത്രീകള്‍ക്കെതിരെ ഇപ്രകാരം നടത്തപ്പെടുന്ന കയ്യേറ്റങ്ങളെ പലപ്പോഴും നമ്മുടെ ഭരണകൂടവും നിയമ വ്യവസ്ഥയും കണ്ടില്ലെന്നു നടിക്കുന്നു.

ഫെബ്രുവരി പതിനാലാം തിയതി അമൃത എന്ന പെണ്‍കുട്ടി കുടുംബസമേതം one billion rising എന്ന സ്ത്രീശാക്തീകരണ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ വന്ന രണ്ടു വ്യക്തികള്‍ അവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും അതിനു ശേഷം സ്വന്തം പിതാവുമായി കലഹത്തിലേര്‍പ്പെടുകയും ചെയ്തപ്പോള്‍ ആയോധനകലയില്‍ പരിശീലനം നേടിയ അമൃത അവരെ കായികമായി നേരിട്ടു. നിയമം കൈയിലെടുത്തെന്ന ആരോപണത്തില്‍ ആ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതി ഇടപെട്ടു. രാഷ്ട്രീയ നേതൃത്വം നിശബ്ദത പാലിക്കുന്നു.

xdfdfd
കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധി സുര്യനെല്ലി പെണ്‍കുട്ടി സമ്മാനങ്ങള്‍ നിരസിച്ചില്ല എന്ന കാരണം കാണിച്ചു അവള്‍ ഒരു വേശ്യ ആണെന്ന് പ്രസംഗിച്ചു നടന്നു.

വേറൊരു സാഹചര്യത്തില്‍ 2012 ഡിസംബര്‍ പതിനാറാം തിയതി കൂട്ടുകാരനുമൊത്ത് ന്യൂ ഡല്‍ഹിയില്‍ രാത്രി ബസില്‍ യാത്ര ചെയ്ത ഒരു യുവതിയെ ധാര്‍മികതയുടെ പേരില്‍ അധിക്ഷേപിക്കുകയുണ്ടായി. അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തിനെ അടിച്ചിട്ട് യുവതിയെ ക്രൂരമായ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊല ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഭീകരതയെ സമൂഹത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഒരു സംഭവമാണ് ഇത്. എന്നാല്‍ സംസ്കാരത്തിന്റെയും മതത്തിന്റെയും ചുവടു പിടിച്ചു നടത്തപ്പെട്ട പല സ്ത്രീവിരുദ്ധ പ്രസ്താവനകളും ഈ സാഹചര്യത്തിലും സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. ശാരീരിക സ്ത്രീപക്ഷവാദികളുടെ കാഴ്ചപ്പാട് പ്രകാരം യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ പ്രതികളുടെ അത്ര തന്നെ പ്രബലനായിരുന്നു. എന്നിട്ടും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ലൈംഗികാക്രമണം ശാരീരികം മാത്രമാണ് എന്ന ആശയവും സാമൂഹിക പിന്തുണയുള്ള അതിക്രമങ്ങളെ ശാരീരികമായി നേരിടാം എന്നാ വാദഗതിയുമാണ്‌.

ശാരീരിക സ്ത്രീ പക്ഷ വാദത്തിന്റെ രാഷ്ട്രീയം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സാമൂഹിക സാഹചര്യങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നു സമ്മതിക്കുമ്പോഴും സ്ത്രീയുടെ കായിക ബലം കൊണ്ട് ഈ പ്രശ്നങ്ങളെ നേരിടാമെന്ന് ഭരണകൂടം വിശ്വസിപ്പിക്കുന്നു എന്നതിന്റെ രാഷ്ട്രീയം വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഈ ലേഖനത്തില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കാണ്. ആദ്യത്തെ സംഭവത്തില്‍ ഒരു വര്‍ഗ്ഗ താല്പര്യം വ്യക്തമാണ്. പ്രതി ചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാവ് ഒരു പ്രത്യേക വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതും അതിനാല്‍ ഭരണകൂടത്തിന്റെ സിരാകെന്ദ്രങ്ങളെ വിലയ്ക്കെടുക്കാന്‍ സാധിച്ചു എന്നുള്ളതും സംശയലെശ്യമന്യേ പറയാവുന്നതാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയില്‍ കുറ്റം ചുമത്തുന്നത് വഴി സംരക്ഷിക്കപ്പെടുന്നത് വര്‍ഗ്ഗ താല്പര്യമാണ്. രണ്ടാമത്തെ സംഭവത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ച വ്യക്തി ഒരു നിയമത്തിനും വശംവദനാകാതെ സമൂഹത്തില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. എന്നാല്‍ മൂന്നാമത്തെ സംഭവം ശാരീരിക സ്ത്രീപക്ഷവാദികളുടെ വാദത്തെ കുറച്ചെങ്കിലും ന്യായീകരിക്കുന്നുണ്ടെങ്കിലും സ്വയ രക്ഷക്ക് വേണ്ടി പുരുഷന്മാരുമായി ഏറ്റുമുട്ടേണ്ടിവന്ന പെണ്‍കുട്ടി ഇന്ന് നിയമത്തിന്റെ മുന്‍പില്‍ കുറ്റക്കാരിയെപ്പോലെ നില്‍ക്കേണ്ടി വരുന്നു. നാലാമത്തെ സംഭവം അവരുടെ വാദങ്ങളെ മുഴുവനുമായി നിരാകരിക്കുന്നു.

കായികബലം കൊണ്ട് എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടുക എന്ന് ചോദിക്കുന്നതിനു പകരം ഇന്ന് കേരളം പോലൊരു സമൂഹത്തില്‍ രാഷ്ട്രീയടിസ്ഥാനത്തില്‍ തന്നെ സ്ത്രീകളെ സ്വയംരക്ഷക്ക് വേണ്ടി കായികപരിശീലനം നടത്തി വിടുന്നു എന്നതാണ് അത്ഭുതാവഹം. ഇതിലൂടെ സ്ത്രീകളുടെ സുരക്ഷ അവരുടെ തന്നെ കൈകളിലേക്ക് നല്‍കി ഭരണകൂടം വിദഗ്ദമായി കൈ കഴുകുന്നു. ജനകീയാടിസ്ഥാനത്തില്‍ ആയോധനകലാ പരിശീലനം സ്ത്രീകളുടെ കായിക ശേഷി വര്‍ധിപ്പിക്കാനും, അതുവഴി പിന്തള്ളപ്പെട്ട പല കായിക പ്രവര്‍ത്തനങ്ങളിലും സ്ത്രീകളെ ഉള്‍പ്പെടുത്താനും വേണ്ടി ആകണമെന്ന് ഈ ലേഖിക വിശ്വസിക്കുന്നു. എന്നാല്‍ ഇന്ന് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തപ്പെടുന്ന ആയോധന കലാപരിശീലന പ്രഹസനം സ്ത്രീയുടെ സംഘടിത ചെറുത്തുനില്പിനെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഭരണ തന്ത്രമാണ്. ഭരണകൂടത്തിന്റെ സഹായത്തോടെ നിലനിര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളെ ചെറുത്തു നില്കേണ്ടത് ജനകീയ സമരങ്ങളിലൂടെയാണ്. അല്ലാതെ കായിക പരിശീലനം പോലുള്ള ഒറ്റമൂലികള്‍ കൊണ്ടല്ല. നാളെ ഒരു പക്ഷെ മന്ത്രി കിങ്കരന്മാര്‍ പറയുക ഞങ്ങള്‍ ഫണ്ട് നല്‍കിയിരുന്നു എന്നിട്ടും കായിക പരിശീലനം നേടാത്ത സ്ത്രീകളെല്ലാം വേശ്യാവൃത്തിക്ക് തല്പര്യമുള്ളവരും ആക്രമിക്കപ്പെടാന്‍ അര്‍ഹരും സന്നദ്ധരുമാണെന്നായിരിക്കും. അത് കൊണ്ട് സ്ത്രീയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട സഖാക്കളെ നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നു തന്നെയിരിക്കട്ടെ.

ഈ ലേഖനം തയ്യാറാക്കുന്ന അവസരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അഞ്ചു പാര്‍വതിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

References

 1. Rentschler, C A (1999): “Women’s Self-Defense: Physical Education for Everyday Life”, Women’s Studies Quarterly, vol 27, No ½, spring- summer(152-161).
 2. Noel, H (2009): “Un-Doing Gendered Power Relations Through Martial Arts?”, International Journal of Social Inquiry, vol 2, No 2 (17-37).
 3. Searls P and Follansbee, P (1984): “Self-Defense for Women:Translating Theory into Practice”, Frontiers: A Journal of Women’s Studies, Vol 8 No 1 (65-70).
 4. Nair C G, (2013): “Former Judge’s Remarks on Suryanelli Victim Create a Furore”, The Hindu, 9 February, Malappuram, Kerala. http://www.thehindu.com/news/national/kerala/former-judges-remarks-on-su...
 5. The Hindu (2013): “Supreme Court Sets Aside Acqittals in Suryanelli Case”, The Hindu, 31 January, New Delhi. http://www.thehindu.com/news/states/kerala/supreme-court-sets-aside-acqu...
 6. Philip Shaju (2013): “Suryanelli Gangrape: Cong MP says victim Moved ‘Around as Prostitute making Money”, The Indian Express, 18 February, Thiruvanathapuram,Kerala. http://www.indianexpress.com/news/suryanelli-gangrape-cong-mp-says-victi...
 7. The financial Express (2013): “Vayalar Ravi Passes ‘Sexist Remarks’ Against Woman Journalist, Beats Hasty Retreat”, The Financial Express, 14 February, New Delhi. http://www.financialexpress.com/news/vayalar-ravi-passes-sexist-remark-a...
 8. The Hindu(2013): “NSS’s comments on Women Draw Protests”, The Hindu, 10 February, http://www.thehindu.com/news/cities/Thiruvananthapuram/nss-s-comments-on...
 9. Mathrubhumi (2013): “Case Against Kerala Girl Who Took on Her Eve Teasers”, Mathrubhumi,20 February, Kerala. http://www.mathrubhumi.com/english/story.php?id=133307
 10. Wikipedia (2012): “2012 Delhi Gang Rape Case”, http://en.wikipedia.org/wiki/2012_Delhi_gang_rape_case
 11. KSWDC (2012): “Self Defense Training for Adolescent Girls in Kerala”, Kerala State Womens Development Corporation, Government of Kerala, http://www.kswdc.org/content/self-defence-training-adolescent-girls-kerala