നാണയമൂല്യം ഇല്ലാതാക്കല്‍: വിവേകശൂന്യവും ജനവിരുദ്ധവും

പ്രൊഫസർ പ്രഭാത് പട്നായിക്ക് "ദി സിറ്റിസൺ" പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ.

പരിഭാഷ: രവിശങ്കർ ആര്യ

അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്.

“കള്ളപ്പണത്തെ (ബ്ലാക്ക് മണി)” ഇല്ലാതാക്കും എന്നൊരു വാദമാണ് ഇത്തരമൊരു വിചിത്രനീക്കത്തിന് ന്യായീകരണമായി മുന്നോട്ട് വെച്ചത്. തീവ്രവാദികൾ ഉപയോഗിക്കുന്ന വ്യാജ കറൻസിയെ ഈ നീക്കം പ്രയോജനരഹിതമാക്കിയെന്ന മറ്റൊരു വാദവും ഉയർത്തിയിട്ടുണ്ട്. ആവേശഭരിതരായ ചില അനുകൂലികളാകട്ടെ ഗവണ്മെന്റിന്റെ ഈ നീക്കത്തെ തീവ്രവാദത്തിനെതിരായുള്ള സർജ്ജിക്കൽ സ്ട്രൈക്ക് ആയിപ്പോലും വിശേഷിപ്പിച്ചു.

വ്യാജ കറൻസി പ്രശ്നത്തിലേക്ക് ഞാൻ പിന്നീട് വരാം. ആദ്യം പ്രസിഡന്റ് പ്രണബ്മുഖർജിയുടെ പോലും പിന്തുണ നേടിയ, “കള്ളപ്പണത്തെ” തടയുന്ന നീക്കമാണ് ഇതെന്ന വിലയിരുത്തലിനെ പരിശോധിക്കാം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്ന നടപടി കള്ളപ്പണത്തെ ഇല്ലാതാക്കുമെന്ന വാദം വാസ്തവത്തിൽ “കള്ളപ്പണത്തിന്റെ” സ്വഭാവത്തെ പറ്റി യാതൊരു ധാരണയും ഇല്ലാത്തതിനാൽ ഉയർന്നു വരുന്നതാണ്. കള്ളപ്പണത്തെക്കുറിച്ചുള്ള ഈ ധാരണ ബുദ്ധിശൂന്യതയോളം എത്തുന്നത്ര ബാലിശമാണ്.

വൻ തുകകൾ ഒരുമിച്ച് തലയണ ഉറയ്ക്കുള്ളിലോ പെട്ടിക്കകത്തോ, ഭൂമിക്കടിയിലോ ഒക്കെ ഒളിപ്പിച്ച് വച്ചതാണ് കള്ളപ്പണം എന്ന വാക്ക് നൽകുന്ന സ്വാഭാവിക ധാരണ. അങ്ങിനെയെങ്കിൽ 500 രൂപയുടെയും 1000 രൂപയുടെയും നിലവിലുള്ള നോട്ടുകൾക്ക് മൂല്യമില്ലാതാകുമ്പോൾ, ആളുകൾ ഈ തുകകൾ ബാങ്കിൽ കൈമാറി പുതിയ നോട്ടുകൾ നേടാൻ ശ്രമിക്കും. പക്ഷെ വലിയ തുകകളുടെ കൈമാറ്റം സംശയങ്ങൾ സൃഷ്ടിക്കുമെന്നും, ബാങ്ക് അത്തരം സംശയകരമായ കൈമാറ്റങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും അങ്ങിനെ കുറ്റവാളികൾ പിടിക്കപ്പെടുമെന്നും ആണ് വാദം. അപ്രകാരം “കള്ളപ്പണം” തുറന്ന് കാട്ടപ്പെടുമെന്നും, ഇത് ഭാവിയിൽ തുടർന്നുള്ള നിയമ ലംഘനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും വാദം തുടരുന്നു.

കള്ളപ്പണം ഇപ്രകാരം വൻ തുകകളായി കൂട്ടമായി ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ധാരണ ബാലിശമാണെങ്കിലും, ഈ വാദത്തിന്റെ രണ്ടാം ഭാഗം പരിശോധിക്കാം. ഉദാഹരണത്തിന് ഒരു വ്യക്തി ഇപ്രകാരം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകൾ, കണക്കിൽ കാണിക്കാതെ സൂക്ഷിച്ചു, 20 കോടി കൈവശം വെയ്ക്കുന്നു എന്ന് കരുതുക. അയാൾ ഈ തുക ഒരുമിച്ച് ബാങ്കിൽ കൊണ്ട് വന്ന് പുതിയ കറൻസിയിലേക്ക് മാറ്റി മേടിക്കാൻ ശ്രമിക്കില്ല എന്ന് തീർച്ചയാണ് (അയാളെ അതിനനുവദിക്കുകയുമില്ല). അതിന് പകരം, അയാൾക്ക് തന്റെ അനവധി വേലക്കാരെ ചെറിയ തുകകളുമായി ബാങ്കിലേക്ക് അയച്ച് ഡിസംബർ മുപ്പത് എന്ന സമയപരിധിക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ തുക മുഴുവൻ മാറ്റിയെടുക്കാവുന്നതാണ്.

യഥാർത്ഥത്തിൽ ഇത്രയും നീണ്ട സമയം തന്നെ ഇതിനാവശ്യമായി വരുന്നില്ല. കാരണം ഉടൻ തന്നെ ഇടപാടുകാർക്ക് പഴയ നോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ മാറിക്കൊടുക്കുന്നതിനായി ഇടനിലക്കാർ പ്രതിഫലേച്ഛയോടെ കടന്നു വരും. കരിഞ്ചന്തക്കാർ ഇത്തരത്തിൽ പഴയ ലീഗൽ ടെണ്ടറിൽ നിന്ന് പുതിയ ലീഗൽ ടെണ്ടറിലേക്കു കള്ളപ്പണം മാറ്റിയെടുക്കുമ്പോൾ, 500, 1000 രൂപാ നോട്ടുകളുടെ മൂല്യം റദ്ദു ചെയ്യുന്നതോടെ നിയമവിരുദ്ധമായി പൂഴ്ത്തി വെച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുമെന്ന ചാനൽ ചർച്ചാ “വിദഗ്ധരുടെ” അവകാശ വാദങ്ങൾ പൊളിയും.

നവംബർ 8 ന് രാത്രി വ്യാജനോട്ടുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷ ഗവണ്മെന്റിനുമില്ലായിരുന്നു. പിന്നെ എന്തുകൊണ്ട് പെട്ടെന്നും ഞെട്ടിപ്പിക്കുന്നതും ഇത്ര വിപുലവുമായ ഒരാക്രമണം ജനങ്ങളുടെ സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും മേൽ നവംബർ 8 നു രാത്രി നടത്തി? ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ മുൻപെങ്ങും കേൾക്കാത്ത തരത്തിലുള്ള ഒരു നീക്കമാണ് മോഡി ഗവണ്മെന്റ് നടത്തിയത്. വലിയ കോടീശ്വരന്മാർ മാത്രം ഉപയോഗിക്കുന്ന നോട്ടുകൾ മാത്രം ഡീമോണിറ്റൈസ് ചെയ്ത കൊളോണിയൽ ഗവണ്മെന്റ് പോലും സാധാരണ ജനങ്ങളുടെ താത്പര്യസംരക്ഷണത്തിൽ മോഡി ഗവണ്മെന്റിനേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. മോഡി ഗവണ്മെന്റിന്റെ ഈ “അടിയന്തിര നടപടി” അപ്രഘ്യാപിത അടിയന്തിരാവസ്ഥയോട് ചേർന്ന് പോകുന്ന വിധത്തിൽ തന്നെയാണ്. വിവേകശൂന്യമായ ഈ നടപടി ജനവിരുദ്ധവുമാണ്.

പ്രധാനമായും കള്ളപ്പണം അഥവാ "ബ്ളാക്ക് മണി" എന്ന സങ്കല്പ്പം തന്നെ അസംബന്ധജടിലമാണ്. കള്ളപ്പണം എന്ന പ്രയോഗമാകട്ടെ അനുചിതവും; കാരണം പ്രസ്തുത പദം നമുക്ക് മുന്നിൽ വരച്ചിടുന്ന ചിത്രം തലയിണയ്ക്കുള്ളിൽ പൂഴ്ത്തി വച്ചിരിക്കുന്നതോ, അതുമല്ലെങ്കിൽ അടച്ചുറപ്പുള്ളൊരു പാത്രത്തിൽ കുഴിച്ചിടപ്പെട്ടിരിക്കുന്നതോ ആയ സ്രോതസ് വെളിപ്പെടുത്താനാവാത്ത, അതിനാൽ തന്നെ ബാങ്കിൽ നിക്ഷേപിക്കാനാവാത്തതുമായ കറൻസി നോട്ടുകളുടേതാണ്. കള്ളപ്പണത്തെ കുറിച്ച് സംസാരിക്കുമ്പോൾ യഥാർത്ഥത്തിൽ നാം മുന്നിൽ കാണുന്നത് ഒന്നുകിൽ തീർത്തും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ആയ കള്ളക്കടത്ത്, മയക്കു മരുന്ന് വ്യാപാരം, തീവ്രവാദ പ്രവർത്തനങ്ങൾക്കു ആയുധങ്ങൾ എത്തിച്ചു കൊടുക്കൽ എന്നിവ വഴിയോ അല്ലെങ്കിൽ നിയമവിരുദ്ധമായി പരിധിയിൽ കവിഞ്ഞു കവിഞ്ഞു സമ്പാദിച്ചതോ ആയ വെളിപ്പെടുത്താത്ത, നികുതിയടയ്ക്കാത്ത പണമാണ്.

100 ടൺ അയിര് ഖനനം ചെയ്തെടുക്കുകയും എന്നാൽ നികുതി കുറയ്ക്കാനായി 80 ടൺ മാത്രമേ ഖനനം ചെയ്തുള്ളുവെന്നു കാണിക്കുകയും ചെയ്താൽ “കള്ളപ്പണം” ഉണ്ടാക്കി എന്നതിന് ഒരു ഉദാഹരണം ആയി. സമാനമായി, 100 ഡോളർ മൂല്യം കണക്കാക്കപ്പെടുന്ന കയറ്റുമതി, മൂല്യം കുറച്ച് 80 ഡോളർ ആയി പരസ്യമാക്കിയാൽ, മിച്ചം വരുന്ന 20 ഡോളർ വിദേശത്തു സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കാനാകും. ഇത് നിയവിരുദ്ധമായതിനാൽ, ഇതും കള്ളപ്പണത്തിന്റെ പരിധിയിൽ വരും. ഇതുമല്ല, 'രൂപ' നിയമവിധേയമല്ലാത്ത 'ഹവാല' ഇടപാടുകൾ വഴി വിദേശകറൻസിയിലേക്ക് വിനിമയം ചെയ്തു വിദേശത്തു തന്നെ നിക്ഷേപിച്ചാൽ വീണ്ടും കള്ളപ്പണമായി. ചുരുക്കി പറഞ്ഞാൽ, "കള്ളപ്പണം" എന്നത് കൊണ്ട് അർഥമാക്കുന്നത് ഒരു കൂട്ടം നിയമവിരുദ്ധമായ നിർവചിക്കപ്പെടാത്ത പ്രവർത്തനങ്ങൾ ആണ്.

പണത്തിന്റെ പ്രാഥമികമായ കർത്തവ്യം അത് സൂക്ഷിച്ച് വയ്ക്കാനുള്ളതല്ല, മറിച്ച് ഉപയോഗിക്കാനുള്ളതാണ് എന്നതാണ്; വ്യവസ്ഥിതിയിൽ ഒഴുക്കുവാനുള്ളതാണ് അത് എന്ന് ചുരുക്കം. “സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ (black activities)” “ നിയമപരമായി അനുവദിക്കപ്പെട്ട സാമ്പത്തികപ്രവർത്തനങ്ങളെ (white activities)” പോലെ തന്നെ, ലാഭം കൊയ്യാനായാണ് ആളുകൾ ചെയ്യുന്നത്. വെറുതെ പൂഴ്ത്തിവെച്ച കള്ളപ്പണം ഒരു ലാഭവും തരുന്നില്ല. ലാഭം കൊയ്യുന്നത് പണം പൂഴ്ത്തി വെച്ചല്ല, മറിച്ച് പണം എറിഞ്ഞാണ് എന്ന കച്ചവടത്തെ പറ്റി മാർക്സ് മാർക്സ്പറഞ്ഞ വസ്തുത മേൽച്ചൊന്ന “നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനത്തിനും (black activities)”ബാധകമാണ്. ലുബ്ധന്‍ ആണ് പൂഴ്ത്തിവെക്കുന്നവൻ, മുതലാളിത്തവാദിയല്ല. ഇവിടെ “സംശയകരമായ സാമ്പത്തികപ്രവർത്തനത്തിലേർപ്പെടുന്ന (black activities)” ആൾ മുതലാളിത്തവാദിയാണ്. ലുബ്ധന്‍ അല്ല.

xdfdfd

ഏത് കച്ചവടത്തിലെ പണവും ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ പിടിച്ച് വെയ്‌ക്കേണ്ടതായിവന്നേക്കാം (ഉദാഹരണത്തിന് ചരക്ക്- പണം-ചരക്ക് എന്ന ചാക്രിക ക്രമത്തിൽ വരുന്ന ദീർഘകാല/ഹ്രസ്വകാല പിടിച്ച് വയ്ക്കലുകൾ); പക്ഷെ ഇപ്പറഞ്ഞത് “നിയമപരമായി അംഗീകരിക്കപ്പെട്ട സാമ്പത്തികപ്രവർത്തനങ്ങൾക്കും (white activities)” “നിയമവിരുദ്ധമായ സാമ്പത്തികപ്രവർത്തനങ്ങൾക്കും (black activities)” ഒരു പോലെ ബാധകമാണ്. അതു കൊണ്ട് പൂഴ്ത്തിവെയ്പ്പ് അഥവാ പിടിച്ച് വയ്ക്കൽ എന്ന കൃത്യം കള്ളപ്പണത്തിന് മേൽമാത്രം വിശിഷ്യാ നടക്കുന്ന ഏർപ്പാടായി ധരിക്കുന്നത് തീർത്തും വസ്തുതാ വിരുദ്ധമാണ്. കള്ളപ്പണമെന്നോ നിയമവിധേയമായ പണം എന്നോ വ്യത്യാസമില്ലാതെ എല്ലാ പണവും വല്ലപ്പോഴുമുളള ഇടവേളകളിൽ ഒഴിച്ച് എല്ലായ്പ്പോഴും നിരന്തര ചംക്രമണത്തിന് ഇടയായിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് കള്ളപ്പണത്തെ പുറത്ത് കൊണ്ട് വരുക എന്നതിന്റെ കാതൽ, പിടിച്ച് വെച്ച കാശിനെ ആക്രമിക്കുന്നതിന് പകരം മേൽപ്പറഞ്ഞ നിയമപരമായി അംഗീകരിക്കാത്ത സാമ്പത്തികപ്രവർത്തനങ്ങളെ (black activities) പുറത്ത് കൊണ്ട് വരുക എന്നതാവണം. അതിന് സത്യസന്ധവും,ചിട്ടയോട് കൂടിയതും അദ്ധ്വാനപൂർണ്ണവുമായ അന്വേഷണം ആവശ്യമാണ്.

ഏത് നികുതി വെട്ടിപ്പുകാരനേയും കൃത്യമായ അന്വേഷണത്തിലൂടെ പിടികൂടുന്ന ഏജൻസിയെന്ന ഖ്യാതി കംപ്യൂട്ടറുകൾ വരുന്നതിന് വളരെ കാലങ്ങൾക്ക് മുന്നേ തന്നെ ബ്രിട്ടീഷ് ആദായ നികുതി വകുപ്പ് നേടിയിരുന്നു. ബ്രിട്ടൻ ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ഒരു രാജ്യമാണെന്നത് ശരി തന്നെ. പക്ഷെ അത് സൂചിപ്പിക്കുന്നത് നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതലായിരിക്കണമെന്ന് മാത്രമാണ്. അങ്ങിനെ ചെയ്താൽ പിന്നെ ക്ഷമാപൂർവ്വവും ഫലപ്രദവുമായ നികുതിവകുപ്പിന്റെ നടത്തിപ്പിലൂടെ രാജ്യത്തിനകത്തെങ്കിലുമുള്ള കള്ളപ്പണത്തെ പുറത്ത് കൊണ്ട് വരാവുന്നതാണ്.

ഇന്ത്യ ഇതാദ്യമായിട്ടല്ല ഏതെങ്കിലുമൊരു കറൻസി നോട്ടിന്റെ മൂല്യം റദ്ദ് ചെയ്യുന്നത്. 1946 ജനുവരിയിൽ ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകളുടെ മൂല്യം റദ്ദ് ചെയ്യുകയുണ്ടായി; അത് പോലെ1978 ജനുവരി പതിനാറാം തീയ്യതി രാത്രി മൊറാർജി ദേശായി 1000, 5000, 10000 രൂപാ നോട്ടുകളുടെ മൂല്യം റദ്ദ് ചെയ്തു. പക്ഷെ ഈ നീക്കങ്ങൾ സാധാരണക്കാർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ല. ഭൂരിപക്ഷം പേരും അന്ന് ഈ നോട്ടുകൾ സ്വന്തമാക്കുന്നത് പോയിട്ട് കാണുക തന്നെയുണ്ടായിട്ടില്ല (1978-ൽ പോലും 1000 രൂപയെന്നത് വളരെ വലിയ തുക ആയതിനാൽ ബഹുഭൂരിപക്ഷം പേരും അത് കണ്ടിട്ടേയില്ല). അത് കൊണ്ട് തന്നെ, മൊറാർജി ദേശായിയുടെ ആ നീക്കം ജനങ്ങൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും സൃഷ്ടിച്ചില്ല; കള്ളപ്പണമെന്ന വിപത്തിനെ തുടച്ചു നീക്കിയതും ഇല്ല. മോഡി ഗവൺന്മെന്റിന്റെ ഈ നീക്കം, മുൻപ് ശ്രമിച്ച് പരാജയപ്പെട്ടത് പോലെ തന്നെ കള്ളപ്പണത്തെ എതിർക്കുന്നതിൽ നിഷ്ഫലമാകും. എന്നാൽ സാധാരണക്കാരെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് ഇതു നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്ന നടപടി കള്ളപ്പണത്തെ എതിർക്കുന്നതിൽ ഫലപ്രദമായാലും ഇല്ലെങ്കിലും അത് കാശ് ഉപയോഗിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്നും മാറുക എന്ന ദീർഘകാലലക്ഷ്യത്തെ മുൻ നിർത്തിയുള്ളതാണെന്ന് വാദിക്കുന്നവരും ഉണ്ട്. സുസ്ഥാപിതാചാരമായ വഴികളിൽ കൂടെ അല്ലാത്ത പണം സംഘടിപ്പിച്ച് നിർമ്മിക്കുന്ന, കണക്കിൽ കൊള്ളിക്കാത്ത പ്രവർത്തനങ്ങളെ നാണയരഹിത സാമ്പത്തികവ്യവസ്ഥിതി തടയുമെന്നുമാണ് വാദം. വിദേശരാഷ്ട്രങ്ങളിലുള്ള ബാങ്കുകൾ വഴി നടപ്പിലാക്കുന്ന സാമ്പത്തിക നടപടികൾക്ക് മേൽ യാതൊരു നിയന്ത്രണവും നാണയ രഹിത ഇന്ത്യക്ക് ഏർപ്പെടുത്താനാവില്ലെന്ന വസ്തുത അവിടെ നിൽക്കട്ടെ; ഈ പണമില്ലാതെയുള്ള ഇന്ത്യയെന്ന സങ്കൽപ്പം തന്നെ ക്രഡിറ്റ്കാർഡോ ഒരു ബാങ്ക് അക്കൗണ്ടോ പോലും ഇല്ലാത്ത (സാധാരണക്കാരുടെ വർദ്ധിച്ച ബാങ്ക് ഉപയോഗത്തെ കുറിച്ചുള്ള മോഡിയുടെ വമ്പ് പറച്ചിലിന് ശേഷവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഇല്ല) സാധാരണ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത ഒരു വിഭാഗം പ്രമാണിവർഗ്ഗത്തിന്റെ ദിവാസ്വപ്നം മാത്രം ആണ്. നാണയരഹിത സമ്പദ്വ്യവസ്‌ഥയിലേക്കുള്ള പ്രയാണം നടക്കാൻ പോകുന്നില്ലെങ്കിലും, സാധാരണക്കാരനെ കൂടുതൽ പിഴിയാനുള്ള മറ്റൊരു മാർഗ്ഗമായേ ഈ നീക്കം വരൂ.

ഇനി കറൻസികളുടെ മൂല്യമില്ലാതാക്കൽ നടപടി തീവ്രവാദികളുടെ വ്യാജകറൻസീ വ്യാപനത്തെ തടയുമെന്ന വാദത്തെ പരിശോധിക്കാം. പുതിയ നോട്ടുകളുടെ പ്രിന്റിങ്ങിനുപയോഗിക്കുന്ന സാങ്കേതികവിദ്യ പരാജയപ്പെടുത്താനാകാത്തതാണെന്ന ധാരണയുടെ പുറത്താണ് ഈ വാദം നിർമ്മിച്ചിരിക്കുന്നത്. ആ വാദം മുഖവിലയ്ക്കെടുത്താൽ തന്നെ വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്ത പുതിയ നോട്ടുകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ ഘട്ടം ഘട്ടമായി സാവധാനം ഇറക്കിയാൽ മതിയായിരുന്നല്ലോ. റിസർവ് ബാങ്ക് കാലാകാലങ്ങളായി പഴയ നോട്ടുകൾമാറ്റി പുതിയവ ഇറക്കുമ്പോൾ പിന്തുടരുന്ന ഈ രീതിയിൽ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല.

നവംബർ 8 ന് രാത്രി വ്യാജനോട്ടുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷ ഗവണ്മെന്റിനുമില്ലായിരുന്നു. പിന്നെ എന്തുകൊണ്ട് പെട്ടെന്നും ഞെട്ടിപ്പിക്കുന്നതും ഇത്ര വിപുലവുമായ ഒരാക്രമണം ജനങ്ങളുടെ സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും മേൽ നവംബർ 8 നു രാത്രി നടത്തി? ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ മുൻപെങ്ങും കേൾക്കാത്ത തരത്തിലുള്ള ഒരു നീക്കമാണ് മോഡി ഗവണ്മെന്റ് നടത്തിയത്. വലിയ കോടീശ്വരന്മാർ മാത്രം ഉപയോഗിക്കുന്ന നോട്ടുകൾ മാത്രം ഡീമോണിറ്റൈസ് ചെയ്ത കൊളോണിയൽ ഗവണ്മെന്റ് പോലും സാധാരണ ജനങ്ങളുടെ താത്പര്യസംരക്ഷണത്തിൽ മോഡി ഗവണ്മെന്റിനേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. മോഡി ഗവണ്മെന്റിന്റെ ഈ “അടിയന്തിര നടപടി” അപ്രഘ്യാപിത അടിയന്തിരാവസ്ഥയോട് ചേർന്ന് പോകുന്ന വിധത്തിൽ തന്നെയാണ്. വിവേകശൂന്യമായ ഈ നടപടി ജനവിരുദ്ധവുമാണ്.

(പ്രശസ്തനായ സാമ്പത്തിക ശാസ്ത്രഞ്ജനും പണ്‌ഡിതനുമാണ് പ്രൊഫസർ പ്രഭാത് പട്നായിക്ക്. പണത്തിന്റെ മൂല്യം, അസ്വാതന്ത്ര്യത്തിലേക്ക് ഉള്ള തിരിച്ച് പോക്ക്, സാമ്രാജ്യത്വവാദത്തിനൊരു സിദ്ധാന്തം (ഉത്സാ പട്നായിക്കുമായി ചേർന്ന് രചിച്ചത്) എന്നിവ അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിലെ ഇമറെറ്റസ് പ്രൊഫസറാണ്)