ചക്രവ്യൂഹത്തിലകപ്പെട്ട റിപ്പബ്ലിക്‍

ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്.

ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലവും ബഹുജനപ്രക്ഷോഭങ്ങളാലും ജനാധിപത്യസമരങ്ങളാലും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബൂര്‍ഷ്വാ-ജന്മിത്വ സവിശേഷതകള്‍ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു.

ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങള്‍ (Directive Principles) ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി “സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയിൽ അധിഷ്ഠിതമായ സാമൂഹ്യക്രമം” കാത്തുസൂക്ഷിക്കുവാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. “സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ പൊതു നന്മയ്ക്കുതകത്തക്കവണ്ണം ശരിയായി വിതരണം ചെയ്യുന്നതിന്” മേല്‍നോട്ടം വഹിക്കണമെന്നും “പൊതു ഗുണത്തിന് ഹാനികരമായവിധത്തില്‍ ധനം കുന്നുകൂടുന്നില്ല” എന്നുറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശകതത്ത്വങ്ങള്‍ ആവശ്യപ്പെടുന്നു. “വരുമാനത്തിലെ അസമത്വങ്ങള്‍ ലഘൂകരിക്കാനായി” പ്രയത്നിക്കുവാനും നിര്‍ദ്ദേശകതത്ത്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇവിടെയാണ് വൈരുദ്ധ്യമുള്ളത്. ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ദ്ദേശകതത്ത്വങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നയരൂപീകരണങ്ങള്‍, ഭരണഘടന മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ക്ക് എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. നമ്മുടെ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന പല സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം, രാഷ്ട്രീയ ജനാധിപത്യം സമ്പത്തിന്റെ കേന്ദ്രീകരണത്തിനോടും സാമ്പത്തിക അസമത്വങ്ങളോടും സഹവര്‍ത്തിക്കുന്നു എന്ന വൈരുദ്ധ്യമാണ്.

അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.

നവലിബറല്‍ മുതലാളിത്തത്തിന് കീഴില്‍, അസമത്വങ്ങള്‍ ലഘൂകരിക്കപ്പെടുന്നതിന് പകരം പരിപോഷിപ്പിക്കപ്പെടുകയും വിസ്തൃതമാക്കപ്പെടുകയും ചെയ്യുന്നു. നിലവില്‍ രാജ്യത്തിന്റെ 53 ശതമാനം സമ്പത്ത് കൈവശം വെച്ചിരിക്കുന്നത്, ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. 2015 കര്‍ഷക ആത്മഹത്യകള്‍ ഭയാനകമാം വിധം വര്‍ധിച്ച വര്‍ഷമാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും ഒഡീഷയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുമായി ആത്മഹത്യ ചെയ്തു. കണക്കുകള്‍ കുറച്ച് കാണിച്ചിട്ടും, 2015-ല്‍ മഹാരാഷ്ട്രയില്‍ മാത്രം 3228 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തുകയുണ്ടായി. കാര്‍ഷിക പ്രതിസന്ധി നാട്ടിന്‍പുറത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

സഹജമായ പരിമിതികളുണ്ടെങ്കിലും ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നീ നാല് അടിസ്ഥാന തത്ത്വങ്ങളിന്മേലാണ് ഇന്ത്യന്‍ റിപ്പബ്ലിക്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. കാല്‍നൂറ്റാണ്ടായി നടക്കുന്ന ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കാരണം ഈ നാല് തത്ത്വങ്ങള്‍ക്കും പ്രാധാന്യമില്ലാതാവുകയും മലിനീകരിക്കപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു. അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. ഹിന്ദു സ്വത്വത്തെയും ദേശീയതയെയും ആത്യന്തികമായി പൗരത്വത്തെയും സമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ആശയസംഹിതയില്‍ വിശ്വസിക്കുന്നവരാണ് നിലവിലെ ഭരണാധികാരികള്‍. ‘ഹിന്ദു രാഷ്ട്രം’ എന്ന ആശയം മറ്റ് മതസ്ഥരെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തും. ഭരണഘടനയിലെ മതേതരത്വത്തിന്റെ ആവശ്യകതയെ ആര്‍.എസ്.എസിന്റെ വക്താവ് പരസ്യമായി തന്നെ ചോദ്യം ചെയ്യുകയുണ്ടായി.

തൊട്ടുകൂടായ്മ പോലുള്ള സാമൂഹ്യ വിവേചനങ്ങളും വൈകല്യങ്ങളും ഇല്ലാതെയാക്കുവാനുള്ള ഉറച്ച പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഭരണഘടനയുടെ ഒരു വ്യതിരിക്തമായ സ്വഭാവം. അനീതി നിറഞ്ഞ ജാതിവ്യവസ്ഥ പരിഷ്കരിക്കപ്പെടേണ്ടതാണെന്ന സമൂഹ്യനീതിയുടെ സങ്കല്പനമാണിത്. 65 വര്‍ഷങ്ങള്‍ക്കിപ്പുറം, തൊട്ടുകൂടായ്മ എന്ന ദുരാചാരം ഉള്‍പ്പടെ അസംഖ്യം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ സമൂഹത്തിലിപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഹിന്ദു ശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ക്ക്, നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയമാണ്. വലതുപക്ഷ ഹിന്ദുത്വവാദികളുടെ ആവിര്‍ഭാവത്തോടെ അടിച്ചമര്‍ത്തല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഫരീദാബാദില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ദാരുണമായ സംഭവവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ട രോഹിത് വെമുലയുടെ ദാരുണാന്ത്യവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജാതിഭ്രാന്തിനെയാണ് കാണിക്കുന്നത്.

xdfdfd

റിപ്പബ്ലിക്‍ ദിനത്തിന് കുറച്ചു നാള്‍ മുമ്പ്, ഉഡുപ്പിയിലെ പെജാവര്‍ മഠത്തിലെ ശ്രീകൃഷണ ക്ഷേത്രത്തില്‍ ബൃഹത്തായ ഒരു മതപരമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ദളിതരോടും മറ്റ് പിന്നോക്ക ജാതിക്കാരോടും വിവേചനം കാണിക്കുന്ന പന്തിഭേദം (ബ്രാഹ്മണര്‍ക്കും മറ്റ് ജാതികള്‍ക്കും പ്രത്യേകമായി ഭക്ഷണം വിളമ്പുന്ന രീതി), മാടേ സ്നാന (ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ കിടന്ന് ഉരുളുന്ന ആചാരം) മുതലായ ആചാരങ്ങള്‍ ഇന്നും ഇത്തരം ചടങ്ങുകളുടെ ഭാഗമായി ഇവിടങ്ങളില്‍ നടത്തപ്പെടുന്നുണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി.-യുടെ കേന്ദ്ര മന്ത്രിമാര്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രിമാര്‍, മുന്‍മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ സന്നിഹിതരായിരുന്നുവെങ്കിലും നഗ്നമായ ഈ ജാതി വിവേചനത്തിനെതിരെ ഒറ്റയാള്‍ പോലും സംസാരിച്ചില്ല.

"ശാസ്ത്രാവബോധവും, മാനവികതയും, അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും അന്തഃസത്തയും വളര്‍ത്തുവാന്‍" ഭരണഘടന അനുശാസിക്കുമ്പോള്‍, പൊതുമണ്ഡലങ്ങളില്‍ മതപ്രതിപത്തിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഈ ഭരണകൂടത്തിന്റെ കീഴില്‍ വര്‍ധിച്ച് വരികയാണ്. ശാസ്ത്രാവബോധത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം, ആനത്തല പ്ലാസ്റ്റിക്‍ സര്‍ജറിയിലൂടെ ആണ് ഗണപതിക്ക് വെച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്, പ്രാചീന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാനമന്ത്രി.

പരിമിതമായെങ്കിലും ഭരണഘടനയില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ നവലിബറല്‍ ഭരണക്രമത്തിന്റെ കീഴില്‍ വര്‍ദ്ധിതവേഗത്തില്‍ ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ചന്തയില്‍ വിഭവങ്ങള്‍ക്കും മൂലധനത്തിനും വേണ്ടി പരസ്പരം മല്‍സരിക്കുന്ന കക്ഷികളായി നമ്മുടെ സംസ്ഥാനങ്ങള്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ട, വിഭവദരിദ്രമാക്കപ്പെട്ട സംസ്ഥാനങ്ങള്‍ പ്രത്യേക വിഭാഗ പദവികള്‍ക്കോ AIIMS, IIT മുതലായ പാരിതോഷികങ്ങള്‍ക്കോ വേണ്ടി കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷ യാചിക്കേണ്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പ്ലാനിങ്ങ് കമ്മീഷന്‍ നിര്‍ത്തലാക്കിയതും, ദേശീയ വികസന കൗണ്‍സില്‍ പിരിച്ചു വിട്ടതും പിന്നെയും സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നവരാക്കി.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു.

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മര്‍മ്മസ്ഥാനങ്ങളെ കാര്‍ന്നെടുക്കുകയാണ് നവലലിബറല്‍ രാഷ്ട്രീയം. ബൂര്‍ഷ്വാ പാര്‍ടികള്‍ പണത്തിന്റെയും മുതലാളി-രാഷ്ട്രീയ വൃന്ദങ്ങളുടെയും അധീശത്വത്തിലാണ്. അധികാരത്തിലാര് വന്നാലും, ഗവണ്‍മെന്റ് മാറിയാലും നയങ്ങള്‍ അതേപടി നിലനിര്‍ത്തുവാന്‍ ഇത് കൊണ്ട് സാധിക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായ തെരെഞ്ഞെടുക്കലുകള്‍ പരിമിതപ്പെട്ട് ജനങ്ങള്‍ അശക്തരായിക്കൊണ്ടിരിക്കുകയാണ്. ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് തന്നത് പോലെ സാമൂഹിക-സാമ്പത്തിക സമത്വവും രാഷ്ട്രീയ സമത്വവും തമ്മില്‍ വിഘടിതാവസ്ഥയില്‍ നിലനില്‍ക്കുന്നു.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു. കരുതല്‍ തടങ്കലുകള്‍ അനുവദനീയമാക്കുന്ന ഭരണഘടനയിലെ വ്യവസ്ഥ മുതലാക്കിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്തുവാനുള്ള കരിനിയമങ്ങള്‍ വിവേചനരഹിതമായി നിര്‍മ്മിക്കപ്പെടുന്നു. എതിരഭിപ്രായങ്ങളെയും ന്യൂനപക്ഷ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് ചാപ്പ കുത്തി രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുവാന്‍ ഭയലേശമേതുമില്ലാത്ത ഒരു ഭരണക്രമമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഭരണഘടനാ സ്വേച്ഛാധിപത്യത്തിലേക്ക് ദുഷിച്ചു പോകുവാനുള്ള അപകടസാധ്യതയിലാണ് നമ്മുടെ റിപ്പബ്ലിക്‍.

നവലിബറലിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള സംയോജിതവും ഏകകാലികവുമായ പോരാട്ടമാണ് ജനാധിപത്യത്തെയും മതേതരത്വത്തെയും പ്രതിരോധിക്കുവാന്‍ അവശ്യം വേണ്ടത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ് സാമൂഹിക നീതിക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍. റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ മേലുള്ള എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത് തോല്പിക്കേണ്ടതാണ്. ഈ റിപ്പബ്ലിക്‍ ദിനത്തിലെ ജനങ്ങളുടെ പ്രതിജ്ഞ ഇതാകട്ടെ.

പീപ്പിള്‍സ് ഡെമോക്രസിയില്‍ വന്ന ലേഖനം പരിഭാഷപ്പെടുത്തിയത് നതാഷ ജെറി, പ്രതീഷ് പ്രകാശ്.