ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴാം കോൺഗ്രസ്സിന്റെ സമാപന സമ്മേളനത്തിൽ ഫിഡെൽ കാസ്ട്രോ നടത്തിയ പ്രസംഗത്തിന് ദീപക് മേഴ്സി ജോൺസൺ തയ്യാറാക്കിയ സ്വതന്ത്ര പരിഭാഷ.

പ്രതിസന്ധിഘട്ടത്തിൽ ഒരു ജനതയെ നയിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ജനങ്ങളെക്കൂടാതെ മാറ്റം വരുത്തുന്നത് അസാധ്യമാണ്. വിപ്ലവകാരികളായി ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന ആയിരത്തിനുമുകളിൽ വരുന്ന പ്രതിനിധികൾ, അവരിൽ നിയോഗിച്ച അധികാരം നിർവഹിക്കുന്നത്, അവർക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. അതിലും ഉയർന്ന സവിശേഷതയാണ് തങ്ങളുടെ തന്നെ ബോധത്തിന്റെ അനന്തരഫലമായ വിപ്ലവകാരിയായിരിക്കുകയെന്നത്.

ഞാൻ എന്തുകൊണ്ട് ഒരു സോഷ്യലിസ്റ്റായി? അല്ലെങ്കിൽ, കുറച്ചുകൂടെ വ്യക്തമായിപ്പറഞ്ഞാൽ, ഞാൻ എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റായി? പാവപ്പെട്ടവരിൽ നിന്ന്, തൊഴിലും കഴിവും അദ്ധ്വാനവും നൽകുന്ന എല്ലാ വിഭവങ്ങളും കവർന്നെടുത്ത ചൂഷകർ വളച്ചൊടിച്ചതും അപകീർത്തിപ്പെടുത്തിയതുമായ സങ്കല്പമാണ് കമ്മ്യൂണിസം. എത്ര നാൾ മനുഷ്യൻ ചൂഷിതന്റേയും ചൂഷകന്റേതുമായ ധർമ്മസങ്കടത്തിൽ ജീവിക്കും? നിങ്ങൾക്ക് ഇത്തരം വിശദീകരണങ്ങൾ ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ചിലപ്പോൾ കുറച്ചുപേർക്ക് ഇത് ആവശ്യമുണ്ടായിരിക്കും.

ഞാൻ ഒരു വിഡ്ഡിയോ, തീവ്രവാദിയോ, അന്ധനോ, സ്വന്തമായി സാമ്പത്തികശാസ്ത്രം പഠിച്ച് പ്രത്യശാസ്ത്രം മനസ്സിലാക്കിയ ഒരുവനെ പോലെയോ അല്ലെന്ന് മനസ്സിലാകുന്നതിന്, വളരെ ലളിതമായാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.

നിയമ-രാഷ്ട്രീയ മീമാംസ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എനിക്ക് ഒരു അദ്ധ്യാപകനുണ്ടായിരുന്നില്ല. സ്പോർട്സിലും പർവ്വതാരോഹണത്തിലും അതീവ തല്പരനായിരുന്ന എനിക്ക് ആ സമയത്ത് 20 വയസോളം പ്രായമുണ്ടായിരുന്നു. മാർക്സിസം-ലെനിനിസം പഠിക്കുവാൻ ഒരു അദ്ധ്യാപകന്റെ സഹായം ലഭ്യമാകാതിരുന്നതിനാൽ ഒരു സൈദ്ധാന്തികനാകുവാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും സോവിയറ്റ് യൂണിയനിൽ എനിക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. എഴുപത് വർഷത്തെ വിപ്ലവത്തിന് ശേഷം ലെനിന്റെ പ്രയത്നങ്ങൾ അപമാനിക്കപ്പെട്ടു. എത്ര വലിയ ചരിത്ര പാഠമാണത്! റഷ്യൻ വിപ്ലവം പോലെയൊന്ന്, അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരേയുള്ള സമരത്തിന്റെ ഭാഗമായുള്ള ഉജ്ജ്വലമായ ഒരു സാമൂഹ്യവിപ്ലവം, ഇനിയുണ്ടാകാൻ 70 വർഷം കൂടിയെടുക്കില്ലെന്ന് നിസ്സംശയം പറയാൻ കഴിയും.

ഭൂമി ഇന്നഭിമുഖീകരിക്കുന്നതിൽ വച്ച് ഏറ്റവും ഭയാനകമായ ആപത്ത് ആധുനിക യുദ്ധോപകരണങ്ങൾ മൂലമുള്ളതാണ്. അത് ലോകത്തിലെ സമാധാനം നശിപ്പിക്കുകയും മനുഷ്യ ജീവിതം ദുസ്സഹമാക്കുകയും ചെയ്യും. മനുഷ്യവംശം ദിനോസറുകൾ അപ്രത്യക്ഷ്യമായ പോലെ ഇല്ലാതേയാക്കാം. ചിലപ്പോൾ പുതിയ രീതിയിലുള്ള ജീവൻ ഉണ്ടായേക്കാം അല്ലെങ്കിൽ കുറേയധികം ശാസ്ത്രജ്ഞർ കരുതുന്നതുപോലെ സൂര്യന്റെ ചൂട് കൂടി എല്ലാ ഗ്രഹങ്ങളും സൗര്യയൂഥവും കരിഞ്ഞുപോയേക്കാം. അങ്ങനെയാണെങ്കിൽ, മനുഷ്യർ കൂടുതൽ അറിവു നേടി യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടുകൊണ്ട് ജീവിക്കണം. മനുഷ്യവംശം കൂടുതൽ കാലം നിലനിന്നാൽ, ഇനി വരുന്ന തലമുറകൾക്ക് എന്താണ് ചെയ്യേണ്ടതെന്നു അറിയാൻ കഴിയും. എങ്കിലും, അതിനൊക്കെ മുമ്പ് നമുക്ക് ഒരു വലിയ പ്രശ്നം പരിഹരിക്കേണ്ടതുണ്ട് - പരിമിതമായ ശുദ്ധജലവും പ്രകൃതിവിഭവങ്ങളും നിറഞ്ഞ ഈ ലോകത്ത് എങ്ങനെയാണ് ശതകോടികൾ വരുന്ന മനുഷ്യർക്ക് ഭക്ഷണം നല്കാൻ കഴിയുക?

ക്യൂബൻ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തകൾ, തീക്ഷണതയോടെ, അന്തസ്സോടെ അദ്ധ്വാനിച്ചാൽ മനുഷ്യന് വേണ്ട ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്ന ആശയം, നാം ഉയർത്തിപ്പിടിക്കണം. ലാറ്റിൻ അമേരിക്കയിലെ നമ്മുടെ സഹോദരങ്ങൾക്കും ലോകം മുഴുവനും നാം, ക്യൂബൻ ജനത, അതിജീവിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം.

ചിലരെങ്കിലും ആലോചിക്കുന്നുണ്ടാവും എവിടെയാണ് ഈ പ്രസംഗത്തിൽ രാഷ്ട്രീയമെന്ന്. കഷ്ടമെന്ന് പറയട്ടെ, രാഷ്ട്രീയം ഈ മിതമായ വാക്കുകളിലാണുള്ളത്. മനുഷ്യർ ഈ യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്, ആദവും ഹവ്വയും ജീവിച്ചിരുന്നതുപോലെ വിലക്കപെട്ട കനികൾ ഭക്ഷിക്കാതെ ജീവിച്ചിരുന്നെങ്കിൽ! ദാഹിച്ചു അവശരായ ആഫ്രിക്കൻ ജനതയ്ക്ക് ആർ ഭക്ഷണം കണ്ടെത്തും? അവരുടെ പക്കൽ ശാസ്ത്ര സാങ്കേതിക വിദ്യകളില്ല, മഴയില്ല, ഡാമുകളില്ല, മണലുകൊണ്ട് മൂടിയ സംഭരണികളല്ലാതെ വേറൊന്നുമില്ല. കാലാവസ്ഥാ സംബന്ധിയായ ഉടമ്പടികൾ സ്വീകരിച്ചിട്ടുള്ള സർക്കാരുകൾ എന്താണ് ചെയ്യാൻ പോകുന്നതെന്നു നമുക്ക് നോക്കാം. നമ്മൾ ഇത്തരം ചോദ്യങ്ങൾ നിരന്തരം നേരിട്ടു കൊണ്ടിരിക്കണം. അടിസ്ഥാനപരമായിട്ടുള്ളല്ലാതെ കൂടുതൽ ഒന്നും പറയാൻ ഞാനാഗ്രഹിക്കുന്നില്ല.

എനിക്ക് അധികം വൈകാതെ 90 വയസ്സാകും. ഈ വസ്തുത ഇതുവരെ ഞാൻ ഓർത്തിരുന്നില്ല. ഇത് സ്വാഭാവികമായ ഉണ്ടായതാണ്. ഞാൻ വളരെവേഗം മറ്റുള്ളവരെപ്പോലെയാകും. നമുക്കോരോരുത്തർക്കും നമ്മുടെ സമയമെത്തും. പക്ഷേ, ക്യൂബൻ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തകൾ, തീക്ഷണതയോടെ, അന്തസ്സോടെ അദ്ധ്വാനിച്ചാൽ മനുഷ്യന് വേണ്ട ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്ന ആശയം, നാം ഉയർത്തിപ്പിടിക്കണം. ലാറ്റിൻ അമേരിക്കയിലെ നമ്മുടെ സഹോദരങ്ങൾക്കും ലോകം മുഴുവനും നാം, ക്യൂബൻ ജനത, അതിജീവിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം.

ഞാൻ ഈ റൂമിൽ സംസാരിക്കുന്ന അവസാനത്തെ അവസരങ്ങളിലൊന്നായിരിക്കുമിത്. ഇലക്ഷന് സമർപ്പിച്ചിട്ടുള്ള എല്ലാ സ്ഥാനാർത്ഥികൾക്കുമായി ഞാൻ വോട്ട് ചെയ്തിരിക്കുന്നു. എന്നെ ക്ഷണിച്ചതിനും എന്നെ ശ്രവിച്ചതിനും ഞാൻ നന്ദി പറയുന്നു. ഞാൻ നിങ്ങളെയെല്ലാവരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് സഖാവ് റൗൾ കാസ്ട്രോയുടെ ഗംഭീരമായ പ്രയത്നത്തെ.

ക്യൂബൻ സ്വാതന്ത്ര്യ സേനാനികളായ മാർട്ടി, മാസിയോ, ഗോമെസ് എന്നിവർ നയിച്ച ഒരുമയുള്ള പടയാളികളെപ്പോലെ, പരിപൂർണത കൈവരിക്കേണ്ടതിനെ പൂർണമാക്കിക്കൊണ്ട് നിലയ്ക്കാത്ത ജാഥയായി നമുക്ക് മുന്നേറാം!