വയോവൃദ്ധ ജനതയുടെ ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാകട്ടെ!

കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും മലയാളികൾ അണുകുടുംബ വ്യവസ്ഥയിലേക്ക് എത്തിയിട്ട് അധികകാലമായിട്ടില്ല. പക്ഷെ നിലവിലുള്ള സാമുഹിക രാഷ്ട്രീയ വ്യവസ്ഥിതി നമ്മെ അതിജീവനത്തിനായി പലായനം ചെയ്യുവാൻ പഠിപ്പിക്കുന്നതായിട്ടാണു മാറിയിരിക്കുന്നത്. പല രാഷ്ട്രീയ പാർട്ടികളും ഇന്ത്യയെ ഇന്ന് ഒരു വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളിയെ കയറ്റുമതി ചെയ്യുന്ന രാജ്യമായിട്ടാണു കാണുന്നത്; അതൊരു വലിയ നേട്ടമായിട്ടാണു പലരും ഇന്ത്യയിൽ അവതരിപ്പിക്കുന്നതും. ഇതിന്റെ ഒക്കെ പരിണിത ഫലമായി ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നു, അവിടെ തങ്ങളൂടെ ജീവിതം നയിക്കുന്നു. പ്രവാസി വോട്ടവകാശം പോലെയുള്ള നിരവധി ആവശ്യങ്ങൾ ഇതിന്റെ ഫലമായി ഉയർന്നു വരുന്നുണ്ട്.

ഇതിനിടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബം എന്നതിൽ എത്തിയ ജീവിതാവസ്ഥ വീണ്ടും പരിണാമം സംഭവിച്ച് നാനൊകുടുംബമായി മാറിയിരിക്കുന്നു. മക്കളും ചെറുമക്കളും കൂട്ടുള്ള വാർദ്ധക്യം ഇന്ന് മലയാളിക്ക് അപ്രാപ്യമായിരിക്കുന്നു. വാർദ്ധക്യം ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുവശത്ത് ഉള്ള സമ്പാദ്യം മുഴുവൻ ചിലവാക്കി തങ്ങൾ പോറ്റി വളർത്തി വലുതാക്കിയ മക്കൾ പഠിച്ചു മിടുക്കരായി വിദേശ നാടുകളിൽ ജോലി തേടി തങ്ങളുടെ ജീവിതം ആരംഭിക്കുമ്പോൾ അവരുടെ സമ്പാദ്യം വാർദ്ധക്യത്തിൽ മാതാപിതാക്കൾക്കു തുണയാകുന്നു. പക്ഷെ വൈകാരികമായിട്ടുള്ള അടുപ്പവും പിന്തുണയും നഷ്ടപ്പെടുന്നു. മറുവശത്ത് തങ്ങളുടെ ജോലിയും നിത്യജീവിതവും കുടുംബവുമായി മല്ലിടുന്ന പുതിയ തലമുറക്ക് വൃദ്ധരായ മാതാപിതാക്കളോടുള്ള ബന്ധങ്ങൾ സജീവമായി തുടരുവാൻ കഴിയാത്ത നിർഭാഗ്യാവസ്ഥ. പലപ്പോഴും മാധ്യമങ്ങളിൽ ഇതൊരു വൈകാരികത നിറഞ്ഞ വാർത്തായയിട്ടാണു നിറയാറുള്ളത്. മക്കൾ അപ്പനെയും അമ്മയെയും ഉപേക്ഷിക്കുന്നു, തെരുവിൽ വലിച്ചെറിയുന്നു എന്നിങ്ങനെ നിരവധി വാർത്തകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

മക്കളും ചെറുമക്കളും കൂട്ടുള്ള വാർദ്ധക്യം ഇന്ന് മലയാളിക്ക് അപ്രാപ്യമായിരിക്കുന്നു. വാർദ്ധക്യം ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുവശത്ത് ഉള്ള സമ്പാദ്യം മുഴുവൻ ചിലവാക്കി തങ്ങൾ പോറ്റി വളർത്തി വലുതാക്കിയ മക്കൾ പഠിച്ചു മിടുക്കരായി വിദേശ നാടുകളിൽ ജോലി തേടി തങ്ങളുടെ ജീവിതം ആരംഭിക്കുമ്പോൾ അവരുടെ സമ്പാദ്യം വാർദ്ധക്യത്തിൽ മാതാപിതാക്കൾക്കു തുണയാകുന്നു. പക്ഷെ വൈകാരികമായിട്ടുള്ള അടുപ്പവും പിന്തുണയും നഷ്ടപ്പെടുന്നു. മറുവശത്ത് തങ്ങളുടെ ജോലിയും നിത്യജീവിതവും കുടുംബവുമായി മല്ലിടുന്ന പുതിയ തലമുറക്ക് വൃദ്ധരായ മാതാപിതാക്കളോടുള്ള ബന്ധങ്ങൾ സജീവമായി തുടരുവാൻ കഴിയാത്ത നിർഭാഗ്യാവസ്ഥ

മനുഷ്യനു പ്രായമാകുന്ന ജൈവിക പ്രക്രിയക്ക് വാർദ്ധക്യം (senescence) എന്നാണു വിളിപ്പേരു. വാർദ്ധക്യത്തെകുറിച്ചുള്ള ശാസ്ത്രീയ പഠന(Gerontology)ത്തിനു നാലുവ്യത്യസ്ത മാനങ്ങളാണുള്ളത്. കാലഗണനാപരാമയിട്ടുള്ളത് (chronological), ജീവശാസ്ത്രപരമായത് (biological), മനഃശാസ്ത്രപരമായത് ( psychological), സാമൂഹികശാസ്ത്രപരമായത് (social). ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഉത്തമ പൗരൻ എന്നതുതന്നെ വാർദ്ധക്യത്തിലേക്കു നീങ്ങുന്ന മാതാപിതാക്കൾ സ്റ്റേറ്റിനു നൽകുന്ന ഏറ്റവും വലിയ സംഭാവനയാണു. നമ്മുടെ ജനാധിപത്യ രാജ്യത്തെ ഒരു മുതിർന്ന പൗരനോടു സ്റ്റേറ്റിനുള്ള ഉത്തരവാദിത്വവും കടമയും മക്കളുടെ ചുമലിൽ വച്ചിട്ടു ഭരണകൂടം ഒഴിഞ്ഞുമാറുന്ന ഒരു അവസ്ഥയാണു സത്യത്തിൽ വയോവൃദ്ധ ഇന്ത്യൻ പൗരന്മാരുടെ പ്രശ്നങ്ങളിൽ നിഴലിച്ചു നിൽക്കുന്നത്. തങ്ങൾ അദ്ധ്വാനിച്ചു ജീവിച്ചപ്പോൾ ടാക്സ് നൽകി ഭരണകൂടത്തെ സഹായിച്ചതിനുള്ള പ്രതിഫലമായിട്ടാണു പലരാജ്യങ്ങളിലും സോഷ്യൽ സെക്യൂരിറ്റി വേതനങ്ങളും ആവശ്യമായ വൈദ്യസഹായവും ചികിത്സയുമൊക്കെ ജീവിത സായാഹ്നത്തിൽ മുതിർന്ന പൗരന്മാർക്കു ഭരണകൂടം അതിന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്തു നൽകുന്നത്.

പുരാതന റോമൻ സാമ്രാജ്യത്വകാലം മുതൽ തന്നെ വാർദ്ധക്യജീവിതത്തിൽ മനുഷ്യനെ സഹായിക്കുവാനുള്ള പൊതു സ്ഥാപനങ്ങൾ വിവിധ രീതിയിൽ നിലവിലുണ്ട്. 1601ൽ ഇംഗ്ലണ്ട് Poor Law എന്നൊരു നിയമം കൊണ്ടുവന്ന് വൃദ്ധസമൂഹത്തോടുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്വം അംഗീകരിച്ചിരുന്നു. പ്രാദേശിക ഇടവകകൾ ആയിരുന്നു അക്കാലത്ത് വൃദ്ധസമൂഹത്തെ പരിലാളിച്ചിരുന്നതെങ്കിൽ പോലും സ്റ്റേറ്റിന്റെ ഉത്തരവാദിത്വം നിയമം മൂലം അംഗീകരിക്കപ്പെട്ടു എന്നത് ചെറിയ കാര്യമല്ല. 1834ൽ Poor Lawയിൽ ഭേദഗതി വരുത്തിക്കൊണ്ടാണു വൃദ്ധസദനങ്ങൾ ഇംഗ്ലണ്ടിൽ രൂപികൃതമാകുന്നത്. 1925ൽ കണക്കുകളെ അടിസ്ഥാനപ്പെടുത്തി സോഷ്യൽ ഇൻഷ്വറൻസ് പ്രായമായവർക്കു ഇംഗ്ലണ്ടിൽ നിലവിൽ വന്നു. 1940ൽ ആയപ്പോഴേക്കും വയോവൃദ്ധജനത ബ്രിട്ടന്റെ ക്ഷേമരാഷ്ട്ര പദ്ധതികളുടെ ഭാഗമായി. ജർമ്മനിയാണെങ്കിൽ ഒരു പടി കൂടെ മുന്നോട്ടു നീങ്ങി. ജർമ്മനിയുടെ ആദ്യ ചാൻസ്‌ലർ ഒട്ടൊ വൊൻ ബിസ്മാർക്ക് 1880ൽ തന്നെ വയോവൃദ്ധജനതക്കു പെൻഷൻ ഏർപ്പെടുത്തി. ഇന്നും ലോകത്ത് മറ്റുരാജ്യങ്ങൾ പിന്തുടരുന്ന ക്ഷേമ പെൻഷൻ പദ്ധതികൾ ഒട്ടൊ വൊൻ ബിസ്മാർക്കിന്റെ ജർമ്മൻ മാതൃകയാണു. ഇന്ന് 100ൽ അധികം രാജ്യങ്ങളിൽ വിവിധ രീതിയിലുള്ള ക്ഷേമ പദ്ധതികൾ വൃദ്ധജനതക്കായി നിലവിലുണ്ട്. 1935ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണു അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി ആരംഭിക്കുന്നത്. എന്നാൽ ജനസംഖ്യയിലെ മറ്റ് വിഭാഗങ്ങളുടെ ആനുപാതികമായി ഇന്നും സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗമാണു വയോവൃദ്ധജനത. അവരുടെ ക്ഷേമപദ്ധതികൾ എല്ലാ പൗരന്മാരും തങ്ങളുടെ തന്നെ നല്ലൊരു നാളെക്കായാണു ചെയ്യുന്നത്.

മുതിർന്ന പൗരന്മാർക്കും വയോവൃദ്ധ ജനതക്കും സ്വന്തം കാലിൽ നിൽക്കുവാനും ആത്മാഭിമാനത്തോടുകൂടെ ജീവിക്കുവാനുമുള്ള അവകാശം സംരക്ഷിക്കുക എന്നത് നമ്മുടെ കേരളം തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ വലിയ വിഷയമായി ഉയർന്നുവരണം. രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിലും തിരഞ്ഞെടുപ്പ് ചർച്ചകളിലും വയോവൃദ്ധജനതയുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുവാൻ ആവശ്യമായ കരുതൽ നടപടികൾ കൂടെ ഉൾപ്പെടണം. മക്കളുടെയും പേരക്കുട്ടികളുടെയും സംരക്ഷണത്തിൽ മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കാതെ അഭിമാനത്തോടുകൂടെ വാർദ്ധക്യം സ്വന്തം ഇഷ്ടം പോലെ ജീവിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട്.

ഏതൊരു ഇന്ത്യൻ പൗരനും തന്റെ വാർദ്ധക്യം പരസഹായവും, പരാശ്രയവും ഇല്ലാതെ ചിലവഴിക്കുവാനുള്ള ഒരു ആസൂത്രണം നടത്തുക എന്നത് സ്റ്റേറ്റിന്റെ കടമയാണു. മക്കളെ വളർത്തി വലുതാക്കിയതിന്റെ കണക്കു പറഞ്ഞൊ വരുടെ വീടുകളിലെ ശാപവാക്കുകൾ കേട്ടൊ അല്ല ഇന്ത്യൻ പൗരന്റെ വാർദ്ധക്യജീവിതം മുന്നേറേണ്ടത്. മറ്റ് ആരെയും പോലെ വാർദ്ധക്യത്തിന്റെ അവശതകളിലും നടുകുനിക്കാതെ തല ഉയർത്തി അഭിമാനമുള്ള ഒരു ഇന്ത്യൻ പൗരനായി വാർദ്ധക്യജീവിതം നയിക്കുവാൻ അവർക്കും അവകാശമുണ്ട്. അതും പൗരാവകാശത്തിന്റെ ഭാഗമായി മാറണം.

മുതിർന്ന പൗരന്മാർക്കും വയോവൃദ്ധ ജനതക്കും സ്വന്തം കാലിൽ നിൽക്കുവാനും ആത്മാഭിമാനത്തോടുകൂടെ ജീവിക്കുവാനുമുള്ള അവകാശം സംരക്ഷിക്കുക എന്നത് നമ്മുടെ കേരളം തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ വലിയ വിഷയമായി ഉയർന്നുവരണം. രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിലും തിരഞ്ഞെടുപ്പ് ചർച്ചകളിലും വയോവൃദ്ധജനതയുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുവാൻ ആവശ്യമായ കരുതൽ നടപടികൾ കൂടെ ഉൾപ്പെടണം. മക്കളുടെയും പേരക്കുട്ടികളുടെയും സംരക്ഷണത്തിൽ മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കാതെ അഭിമാനത്തോടുകൂടെ വാർദ്ധക്യം സ്വന്തം ഇഷ്ടം പോലെ ജീവിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട്. അതു സംരക്ഷിക്കപ്പെടുക എന്നതും തിരഞ്ഞെടുപ്പിൽ വിഷയമാകേണ്ടിയിരിക്കുന്നു.