വിശപ്പറിയാത്ത സമരതീക്ഷ്ണതയ്ക്ക് അഭിവാദ്യങ്ങൾ

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ രണ്ടായി തരം തിരിക്കാന്‍ സാധിക്കും. ഒന്ന്, വിസിയുടെ നേതൃത്വത്തില്‍ അനുദിനം പുതിയ അധ്യായങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്ന ജനാധിപത്യധ്വംസനത്തിന്റെ പരമാവധി തേടിയുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ട്, അതിനെതിരായ ചെറുത്ത്‌ നില്‍പ്പിന്റെ സാധ്യതകളെയെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമരത്തിന്റെ സ്വഭാവമാര്‍ജ്ജിച്ച വിദ്യാര്‍ത്ഥി ഇടപെടലുകള്‍. കഴിഞ്ഞ 94 ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന occupy campus സമരവും അതിന്റെ ഭാഗമായ പട്ടിണിസമരവും ഈ രണ്ടു പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നതിന് വേണ്ടി സമൂഹമദ്ധ്യത്തില്‍ നിര്‍ത്തുന്നു.

കേരളത്തില്‍ നിലവിലുള്ള യു ഡി എഫ്‌ ഗവണ്‍മന്റ്‌ അധികാരമേറ്റതു മുതല്‍ ഉന്നതവിദ്യാഭ്യാസമേഖല അന്നുവരെ കാണാത്ത ജനാധിപത്യവിരുദ്ധ പ്രവണതകളുടെ ഈറ്റില്ലമാക്കി മാറ്റാന്‍ വഴി വെച്ച് കൊടുക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റും സിന്‍ഡികറ്റും പിരിച്ചുവിട്ടും അതിലേക്ക്‌ തങ്ങള്‍ക്ക്‌ വേണ്ടപ്പെട്ടവരുടെ സ്ഥാനാരോഹണം നടത്തിയും ജാതിമത സംഘടനകളില്‍ നിന്നുള്ള ശിപാര്‍ശ്ശക്കത്തും പേരിന്റെ പിന്നിലെ വാലും നോക്കി വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പടെയുള്ള പോസ്റ്റുകള്‍ വീതം വച്ചും അവര്‍ അര്‍ദ്ധരാത്രി കുടപിടിച്ചു. അങ്ങനെയാണ്‌ ഒരു ജില്ലയില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ മറ്റൊരു ജില്ലയില്‍ വച്ച്‌ പി എച്ച്ഡി ചെയ്യുകയും അതേ കാലത്ത്‌ തന്നെ മറ്റൊരു സംസ്ഥാനത്ത്‌ വച്ച്‌ എംഫില്‍ ഗവേഷണത്തില്‍ മുഴുകുകയും ചെയ്ത ഒരു കുമ്പിടി സ്വാമി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ ആകുന്നത്. സമാനമായ അനുഭവങ്ങള്‍ തന്നെയാണ്‌ മറ്റ്‌ സര്‍വ്വകലാശാലകള്‍ക്കും പറയാനുള്ളത്‌. ഏതായാലും താന്‍ ഗവേഷണം നടത്തിയ (എന്നവകാശപ്പെടുന്ന) കശുവണ്ടി പോലും എവിടെ നടണം എന്ന് യാതൊരു തിരിപാടുമില്ലാത്ത Dr. അബ്ദുല്‍ സലാം മുസ്ലീം ലീഗിന്‌ വീതിച്ചുകിട്ടിയ കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ ആയി. വിക്കി പീഡിയ നോക്കി യൂണിവേഴ്‌സിറ്റിയെ പഠിച്ച് അഞ്ച്‌ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങളെ ഉള്‍ക്കൊള്ളുന്ന, ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ചേര്‍ത്ത്‌ കെട്ടിയ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വ്വകലാശാലയെകുറിച്ച്‌ ഊറ്റം കൊണ്ടു. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശ്ശിച്ച യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ്‌ കാലിക്കറ്റിന്റേതാണെന്ന് കണക്ക്‌ വന്നപ്പൊള്‍ ശീതം പിടിച്ച്‌ രോഗം പിടിച്ചു. അത്‌ പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസവും വരാത്തത്‌ കൊണ്ട്‌ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടവിട്ടിടവിട്ട്‌ പരിശോധിക്കേണ്ടിവന്ന ഗതികേടിന്റെ ഉല്‍പ്പന്നമാണെന്നും മൂന്നു നാല്‌ ജില്ലകളില്‍ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാത്തതില്‍ തങ്ങള്‍ക്ക്‌ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും പറഞ്ഞുകൊടുക്കാന്‍ മാത്രം ബോധമുള്ള ആരും കൂടെ ഉണ്ടായതുമില്ല.

പുതിയ പരിഷ്കാരങ്ങളെ കുറിച്ചായി പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം. സര്‍വ്വകലാശാല വളപ്പിനകത്തെ ജൈവസമ്പന്നമായ അടിക്കാടുകള്‍ ആര്‍ക്കും മനസിലാകാത്ത ചില കാരണങ്ങള്‍ പറഞ്ഞ് തീയിട്ടു നശിപ്പിച്ചു, മരങ്ങള്‍ മുറിച്ചു മാറ്റി, തന്റെ ഗവേഷണമികവ്‌ പ്രദര്‍ശ്ശിപ്പിക്കാനെന്ന വണ്ണം ലോകത്തിന്റെ സ്പന്ദനം കശുവണ്ടിയിലാണെന്ന് പറയാതെ പറഞ്ഞ്‌ കശുവണ്ടികൃഷി തുടങ്ങി. ഇതൊക്കെ വെറും പാടുന്നതിനു മുന്‍പുള്ള മൈക്ക്‌ തട്ടല്‍ മാത്രമായിരുന്നു. ഒരൊ ഗവേഷകനും പ്രബന്ധവുമായിവന്ന്‌ തന്നെ മുഖം കാണിച്ചാലേ ബിരുദം അനുവദിക്കൂ എന്ന് ഉത്തരവിറക്കി. ദേവനാഗിരി ലിപിയിലെ രണ്ടക്ഷരം പോലും വായിക്കാനറിയാത്ത ഇദ്ദേഹം എങ്ങനെ ഒരു സംസ്‌കൃത ഗവേഷകന്റെ പ്രബന്ധം പരിശോധിക്കും എന്ന ചോദ്യം ഉത്തരം കിട്ടാതെ കെട്ടിക്കിടന്നു. പ്രബന്ധങ്ങളുടെ മികവിലല്ല തനിക്ക്‌ മുന്നില്‍ കുനിഞ്ഞു കാണുന്ന ശിരസുകളിലാണ്‌ വിസിയെ ആവേശം കൊള്ളിക്കുന്ന ഇന്ധനമെന്ന് അദ്ദേഹമുള്‍പ്പടെ എല്ലാവര്‍ക്കും മനസിലായി. വിദ്യാര്‍ത്ഥിപ്രതിനിധികള്‍ക്കുള്‍പ്പടെ വിസിയെ കാണാന്‍ കാലേകൂട്ടി അപേക്ഷിച്ച്‌ കാത്തിരിക്കണമെന്ന അവസ്ഥ വന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിയൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല എന്നായി. ഗവേഷകര്‍ക്ക്‌ പഞ്ചിംഗ്‌ മെഷീന്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള ബോധശൂന്യതയിലേക്ക്‌ ഒരു വിസി അധ:പതിച്ചു. അക്കാദമിക ആവശ്യങ്ങള്‍ക്കു വിനിയോഗിക്കേണ്ട യൂണിവേഴ്‌സിറ്റിയുടെ ഭൂമി സ്വകാര്യ സംരംഭങ്ങള്‍ക്ക്‌ പതിച്ചു കൊടുക്കാനുള്ള നീക്കവും നടന്നു.

xdfdfd
സഖാവ് അജ്നാസും സഖാവ് മിഥുനയും നിരാഹാര സമരത്തില്‍. കടപ്പാട്: അതിരുകളില്ലാത്ത കലാലയം

സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം മുന്നിലുണ്ടായിരുന്നു. അത്‌ കീഴടങ്ങലായിരുന്നു. അതിനൊരുക്കമല്ലാത്തവരെല്ലാം സമരത്തിനിറങ്ങി. സുഗതകുമാരിയും കെ എന്‍ പണിക്കരും ഉള്‍പ്പടെ സമൂഹത്തിലെ നാനാതുറകളില്‍ ഉള്ളവര്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം സമരങ്ങളില്‍ ഭാഗമായി. അപ്പോഴാണ്‌ കാമ്പസിനകത്ത്‌ സമരങ്ങളും പ്രകടനങ്ങളും പോസ്റ്റര്‍ പതിക്കലുമെല്ലാം നിരോധിച്ച്‌ അടുത്ത ഉത്തരവ്‌ വന്നത്‌. ശരീരം മുഴുവന്‍ പോസ്റ്ററുകള്‍ ഒട്ടിച്ച്‌ ക്ലാസ്സുകളില്‍ പോയി ഉത്തരവ്‌ അനുസരിക്കില്ലെന്ന് എസ്‌ എഫ്‌ ഐ പ്രഖ്യാപിച്ചു. ഈ അനുഭവങ്ങളുടെയെല്ലാം തുടര്‍ച്ചയായി തന്നെ വേണം വിദ്യാര്‍ത്ഥിയൂണിയന്റെയും അതിനു നേതൃത്വം നല്‍കുന്ന എസ്‌ എഫ്‌ ഐ യുടെയും സംഘാടനത്തില്‍ മൂന്നുമാസം പിന്നിടുന്ന occupy campus സമരത്തെയും അനിശ്ചിതകാല നിരാഹാരത്തെയും വായിക്കേണ്ടത്‌.

അതുകൊണ്ട്‌ തന്നെ ഈ സമരത്തിന്റെ ഉറവിടം ഹോസ്റ്റല്‍ പ്രശ്നം മാത്രമാണെന്ന് പറയുകയും വയ്യ. എന്നാല്‍ ആ വിഷയത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണുകയും വേണ്ട. സര്‍വ്വകലാശാലയിലെ റഗുലര്‍ വിഭാഗത്തില്‍ പെട്ട ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലേക്ക്‌ യൂണിവേഴ്‌സിറ്റി ചട്ടങ്ങളും ഹോസ്റ്റല്‍ നിയമാവലിയുമെല്ലാം ലംഘിച്ച്‌ സ്വാശ്രയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള വിസിയുടെ തീരുമാനത്തിനു പിന്നില്‍ ഉദ്ദേശങ്ങള്‍ പലതാണ്‌. അതിലൊന്ന്, മെറിറ്റും സാമൂഹ്യനീതിയും അടിസ്ഥാനമായ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള വലിയ അജണ്ടയുടെ ഒരു ഇടപെടല്‍. ഒരുപക്ഷേ, കാലിക്കറ്റില്‍ വിജയിച്ചാല്‍ മറ്റ്‌ യൂണിവേഴ്‌സിറ്റികളിലേക്ക്‌ എളുപ്പത്തില്‍ വ്യാപിപ്പിക്കാവുന്ന സംവിധാനത്തിന്റെ പരീക്ഷണം. മറ്റൊന്ന്, വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിച്ച്‌ വിസിയുടെയും അധികാരികളുടെയും അധികാരപ്രമത്തതയ്ക്കെതിരെ നിലനില്‍ക്കുന്ന പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്തുക, എളുപ്പത്തില്‍ കക്കുക. അങ്ങനെ പല ലാക്കുകളും വായിച്ചെടുക്കുക പ്രയാസകരമല്ല.

തങ്ങളുടെ സമരം സ്വാശ്രയമേഖലയിലെ കായിക വിദ്യാര്‍ത്ഥികളോടല്ലെന്ന് സമരക്കാര്‍ ആയിരം തവണ ആവര്‍ത്തിക്കുന്നു. അവര്‍ക്കും നീതി ഉറപ്പാക്കണമെന്നും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അത്‌ പൊതുവിദ്യാഭ്യാസമേഖലയുടെ അരവയറ്റത്തടിച്ചാകരുതെന്ന് അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. നിലവിലുള്ള മുഴുവന്‍ റഗുലര്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി പോലും ഇപ്പോള്‍ സര്‍വ്വകലാശാല ഹോസ്റ്റലില്‍ ഇല്ല. അപ്പോഴാണ്‌ ചട്ടവിരുദ്ധമായി സ്വാശ്രയ വിദ്യാര്‍ത്ഥികളെകൂടി കുത്തിനിറക്കാന്‍ ശ്രമിക്കുന്നതെന്നറിയുമ്പോഴാണ്‌ ഈ വിദ്യാര്‍ത്ഥിസ്നേഹത്തിന്റെ പൊരുള്‍ വെളിവാകുക. സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ ഹോസ്റ്റല്‍ പണിയാമെന്നും അതുവരെ അവര്‍ക്ക്‌ ഗസ്റ്റ്‌ ഹൗസില്‍ താമസമൊരുക്കാമെന്നും അവിടത്തെ കാന്റീനില്‍ തന്നെ ഭക്ഷണസൗകര്യം ഏര്‍പ്പെടുത്താമെന്നുമുള്ള ധാരണ സമരത്തിനിടയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിരുന്നു. സമരക്കാര്‍ കൈയ്യടിച്ചംഗീകരിക്കാന്‍ ഒരുക്കമായിരുന്ന ഈ ഒത്തുതീര്‍പ്പ്‌ പിന്നീട്‌ അട്ടിമറിക്കപ്പെട്ടു എന്നറിയുമ്പോള്‍ ചിത്രം വ്യക്തമാകും.

xdfdfd
കാലിക്കറ്റ് സര്‍വകലാശാലാ സമരത്തില്‍ നിന്ന്. കടപ്പാട്: അബ്ദു കോട്ടക്കല്‍

വായിച്ചും കവിതയെഴുതിയും ചിത്രം വരച്ചും പാടിയും പ്രതിരോധത്തിന്റെ മഹോത്സവങ്ങളൊരുക്കിയും സഹനത്തിന്റെ തൊണ്ണൂറ്‌ ദിവസങ്ങളെ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ പരാജയപ്പെടുത്തിക്കഴിഞ്ഞു. അവരില്‍ എട്ടു പേര്‍ക്ക്‌ ഇത്തവണ പുതുവത്സരം ജയിലറയ്ക്കകത്തായിരുന്നു. അവര്‍ നിര്‍മ്മിച്ച സമരപന്തല്‍ അതിന്റെ ഭംഗി കണ്ട്‌ ഒന്നു നോക്കിനില്‍ക്കാനുള്ള സൗന്ദര്യബോധം കാണിക്കാതെ പോലീസുകാര്‍ പൊളിച്ചുമാറ്റി. സമരബോഡുകളും സന്ദേശങ്ങളും എന്തിന്‌ അവരുടെ കട്ടിലുകളും പുസ്തകങ്ങളും വരെ എടുത്തുകൊണ്ടുപോയി. പട്ടിണികിടന്ന മുപ്പത്തിയാറുപേര്‍ ഇതിനകം ആശുപത്രിയിലായി. എന്നിട്ടും അവരുടെ കൈകൊണ്ട്‌ യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളിലൊന്നിന്റെയും ഒരു ചില്ലു പോലും പൊളിഞ്ഞിട്ടില്ല, അവര്‍ സമരം ചെയ്യുന്ന ലൈബ്രറി കെട്ടിടത്തിലെ ഒരു പുസ്തകത്താളിനു പോലും പരിക്കും പറ്റിയിട്ടില്ല.

ആച്ചടക്കനടപടികളെയും ഭീഷണികളെയും നിരാഹാര സമരം കിടക്കുന്നവരെ പരിഹസിച്ച്‌ എം എസ്‌ എഫിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷണസമരമെന്ന അശ്ലീലത്തെയുമെല്ലാം അതിജീവിച്ച്‌ അവര്‍ സമരം തുടരുകയാണ്‌. അവര്‍ക്കറിയാം എത്ര വൈകിയാലും തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പരാജയപ്പെട്ടു പോയാല്‍ തളര്‍ന്നു പോകുന്നത്‌ നമ്മളെ നമ്മളാക്കിയ നന്മകള്‍ കൂടിയാണെന്നും! ഒരു തവണയെങ്കിലും നമ്മളെല്ലാം കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലേക്ക്‌ പോകണം. സമരമിരിക്കുന്ന സഖാക്കളെ ആവേശം കൊള്ളിക്കാനല്ല. ഇനിയും അവരുടെ ആവേശത്തെ ചോദ്യം ചെയ്യരുത്‌. സ്വയം ചിലത്‌ പഠിപ്പിക്കാനാണ്‌. മറവികള്‍ക്കെതിരെ ഓര്‍മ്മകള്‍ കൊണ്ട്‌ ചെയ്യാനുള്ള സമരത്തിലേക്ക്‌ ഒരുപിടി വാരാന്‍. വിശപ്പറിയാത്ത സമരതീക്ഷ്ണയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍