ശ്രീശാന്ത് വിമർശകർ ഒന്നോർക്കണം: മിണ്ടാതിരുന്നാലും ജയിക്കുന്ന ഒരു പോരാട്ടത്തെ കൂടെ നിന്ന് കൂവിത്തോല്പിക്കരുത്

ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് വരെ, അതായത് ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ കുറ്റാരോപിതനായി ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങും വരെ, നമ്മുടെ മാധ്യമലോകത്തിന്റെ പ്രിയതാരമായിരുന്നു ശ്രീശാന്ത്. കളിക്കളത്തിലെ ചില എണ്ണപ്പെട്ട പ്രകടനങ്ങൾ കൂടാതെ കളിയിലും കളിക്കുപുറത്തുമായി ഉണ്ടാക്കിയ നിരവധി വിവാദങ്ങളും കൂടിയാണ് അയാളെ മാധ്യമങ്ങളുടെ ഓമനയാക്കിയതെങ്കിൽ വിലക്കിനെ തുടർന്ന് ഏതാണ്ട് വിസ്മൃതനായ ശ്രീശാന്ത് മാധ്യമശ്രദ്ധയിലേക്ക് മടങ്ങിവരുന്നത് തികച്ചും ക്രിക്കറ്റ് ഇതരമായ മറ്റൊരു പശ്ചാത്തലത്തിലാണ്.

ക്രിക്കറ്റ് കൂടാതെ നൃത്തം, അഭിനയം, ഫാഷൻ തുടങ്ങിയ മേഖലകളിലും തല്പരനായിരുന്ന ശ്രീശാന്ത് പക്ഷേ വാർത്തകളിലേക്ക് മടങ്ങിയെത്തിയത് ആ മേഖലകളിലൂടെയൊന്നുമല്ല, മറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട് കേട്ടുകേൾവി പോലുമില്ലാത്ത രാഷ്ട്രീയത്തിലൂടെയാണ്. അതും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായി! കൗതുകമുളവാക്കുന്ന ഒരു വേഷപകർച്ച തന്നെ, സംശയമില്ല. പക്ഷേ ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത് എന്താവും?

മാധ്യമങ്ങളുടെ പ്രിയതാരമായിരുന്നു ശ്രീശാന്ത് എന്നത് ശരിയായിരിക്കുമ്പോൾ തന്നെ ഒരു കായിക താരം എന്ന നിലയിൽ പോലും കേരളത്തിൽ അത്ര സമ്മതനോ ജനപ്രിയനോ ഒന്നുമായിരുന്നില്ല അയാൾ. എന്നിട്ടും രാജ്യം ഭരിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയകക്ഷി എന്തുകൊണ്ട് ശ്രീശാന്തിനെ പോലെ ഒരാളെ സ്ഥാനാർത്ഥിയാക്കി? ഉത്തരം വ്യക്തമാണ്. പ്രശസ്തിയായാലും കുപ്രശസ്തിയായാലും ഇവ രണ്ടും ചേരുന്നതായാലും ആ പേരിന് നിഷേധിക്കാനാവാത്ത ഒരു വാർത്താമൂല്യമുണ്ട്; ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക മുഴുവൻ അരിച്ച് പെറുക്കിയാലും ഏതാനും പേർക്കൊഴികെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വാർത്താപ്രാധാന്യം. ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത, സിറ്റിങ്ങ് സീറ്റുകൾ ഇല്ലാത്ത ഒരു പാർട്ടിക്ക് എന്ത് കാരണങ്ങളാൽ ആയാലും തങ്ങളുടെ സ്ഥാനാർത്ഥിക്ക് കിട്ടുന്ന വാർത്താ പ്രാധാന്യം ഒരു ബോണസാണ്.

ശ്രീശാന്തിന്റെ വാർത്താപ്രാധാന്യം

ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തിന് കേരളത്തിൽ ലഭിച്ച വാർത്താപ്രാധാന്യത്തിന് നിരവധി കാരണങ്ങളുണ്ട്. കേരളമെന്ന സംസ്ഥാനത്തിന്റെ പേര് ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തിൽ ആദ്യമായി പ്രതിനിധാനം ചെയ്തത് ടിനു യോഹന്നാൻ ആണെങ്കിലും അതിന് അവിടെ ഒരു ഇരുത്തം നേടിത്തന്നത് ശ്രീശാന്താണ്. ആ ചരിത്രവും പ്രതീക്ഷയുമാണ് ഇന്ന് സഞ്ചു സാംസണെ പോലുള്ളവരിലൂടെ നിലനിന്ന് പോരുന്നത്. 2001 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോൾ ടിനു ഇന്ത്യൻ തൊപ്പിയണിയുന്ന 242ആം താരവും, ആദ്യ കേരളാ താരവും ആയിരുന്നു. അടുത്ത വർഷം വെസ്റ്റിൻഡീസിനെതിരേ ആദ്യ ഏകദിനം കളിക്കാനിറങ്ങുമ്പോൾ അവിടെയും ടിനു കേരളത്തിന്റെ ആദ്യ പ്രതിനിധാനം ആയിരുന്നു. പക്ഷേ മുമ്മൂന്ന് ടെസ്റ്റും ഏകദിനവും വരെ മാത്രമേ അത് നീണ്ടുള്ളു. ഒരു കൊല്ലം മാത്രം നീണ്ട് നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം കേരളത്തിന് അപ്രതീക്ഷിതവും, പൊരുത്തപ്പെടാൻ സമയം കിട്ടാതെ പോയത്ര ഹൃസ്വവുമായതിനാലാവാം ടിനു മലയാള മാധ്യമലോകത്ത് സെൻസേഷനായില്ല. തന്റെ കരിയറിൽ ഒരു കളിപോലും ജന്മനാടായ കേരളത്തിൽ കളിക്കാൻ ടിനുവിന് ഭാഗ്യവുമുണ്ടായില്ല. ശ്രീശാന്തിന്റേത് പക്ഷേ അതായിരുന്നില്ല കഥ.

ബി.ജെ.പിയുടെ തന്ത്രം വളരെ വ്യക്തമാണ്. പ്രത്യേകിച്ച് വിജയ പ്രതീക്ഷയൊന്നുമില്ലാതെ മത്സരിക്കുമ്പോൾ മൽസരത്തിന് ലഭിക്കുന്ന ശ്രദ്ധ തന്നെ ഫലത്തിൽ അതിലെ ദുർബലന്റെ ശക്തിയായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് ആദ്യത്തെ കാര്യം. ശ്രീശാന്തിന് അത് തന്നെ ഒരു വിജയമാണ്. മറ്റൊന്ന് ഇന്ത്യയിൽ ആകമാനം അരങ്ങേറുന്ന സംഘി ഫാസിസത്തിന്റെ അക്രമാസക്തമായ ഒരു മുഖം അയാൾക്കില്ല എന്നതാണ്. മുകളിൽ പറഞ്ഞ അർബൻ മദ്ധ്യവർഗ്ഗ യുവാക്കളിലെ ഒരു വിഭാഗത്തെ പോലെ അയാളും ആരെയും കൊല്ലാനും തിന്നാനും ഒന്നും നില്ക്കില്ല, ആഹ്വാനം ചെയ്യുകയുകയുമില്ല . പക്ഷേ അവർക്ക് ലഭിക്കുന്ന സമ്മതി അവരിലെ 'ഫ്രിഞ്ച്' ഗ്രൂപ്പുകൾ ചെയ്യുന്ന കൊല്ലലിനും തിന്നലിനും ഉള്ള പരോക്ഷ അനുമതി കൂടിയാണ് എന്നതാവണം ഈ തിരഞ്ഞെടുപ്പിൽ പ്രസക്തമാകേണ്ട രാഷ്ട്രീയ എതിർവാദം.

പിന്നെയും നാല് കൊല്ലം കഴിഞ്ഞാണ് ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്ന് ടിനുവിന് ഒരു പിൻഗാമി ഉണ്ടാകുന്നത്. അതാണ് ശ്രീശാന്ത്. ടിനുവിന്റേത് പോലെ അപ്രതീക്ഷിതമായ ഒരു തിരഞ്ഞെടുപ്പായിരുന്നില്ല ശ്രീശാന്തിന്റേത്. അദ്ദേഹത്തിലെ ബൗളിങ്ങ് പ്രതിഭ അതിനോടകം തന്നെ ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ എ, ബി, സി ടീമുകൾ തമ്മിൽ നടക്കുന്ന ചലഞ്ചർ ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ സച്ചിൻ ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങളുടെ വിക്കറ്റ് പിഴുത ശ്രീശാന്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം പ്രതീക്ഷിതം തന്നെയായിരുന്നു. കാരണം അന്ന് ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ ഉണ്ടായിരുന്ന ഏറ്റവും പ്രതിഭയുള്ള ബൗളർ അയാളായിരുന്നു എന്ന് നിസ്സംശയം പറയാം.

ശ്രീശാന്തിന്റെയും താരതമ്യേനെ ഹൃസ്വമായ ഒരു കരിയർ ആയിരുന്നെങ്കിലും അതിൽ നിർണ്ണായകമായ ചില പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായി. ആദ്യ ടി20 ലോകകപ്പ് നേടുന്ന ഇന്ത്യൻ ടീമിലെ അംഗം മാത്രമായിരുന്നില്ല, സെമിയിൽ ഓസ്ട്രേലിയക്കെതിരെ നിർണ്ണായകമായ ബൗളിങ്ങ് പ്രകടനം കാഴ്ച വയ്ക്കുകയും, ഫൈനലിൽ മിസ്ബാ ഉൾഹക്കിന്റെ ക്യാച്ച് എടുത്തുകൊണ്ട് പാകിസ്ഥാൻ ഇന്നിങ്ങ്സിന് അന്ത്യം കുറിക്കുകയും ചെയ്ത കൈകൾ അദ്ദേഹത്തിന്റേതാണ്. കൂടാതെ സൗത്ത് ആഫ്രിക്കയിൽ ഇന്ത്യ ആദ്യമായി നേടുന്ന ടെസ്റ്റ്‌ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക്. ഒറ്റപ്പെട്ടവയെങ്കിലും തിളക്കമാർന്ന ആ പ്രകടനങ്ങളെ സ്ഥിരതയാർന്ന ഒരു പ്രൊഫഷണൽ കരിയറായി വളർത്തിയെടുക്കാൻ അദ്ദേഹത്തിനായില്ല. അപക്വമായ നിരവധി പ്രകടനങ്ങൾ കളിക്കളത്തിന് അകത്തും പുറത്തും തുടരുകയും ചെയ്തതോടെ സംശയത്തിന്റെ നിഴലിലായ ആ കേളീജീവിതത്തിന് ദുരന്താത്മകമായ പരിസമാപ്തിയായി ഐ.പി.എൽ ഒത്തുകളി വിവാദം.

ഒത്തുകളി വിവാദത്തിൽ നിന്ന് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതോടെ ബി.സി.സി.ഐ അയാൾക്കെതിരെ പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക് ഇന്ന് അപ്രസക്തമായിരിക്കുകയാണ്. അത് ഇന്ന് പിന്നെയും നിലനിൽക്കുന്നുണ്ടെങ്കിൽ സാങ്കേതിക അർത്ഥത്തിൽ മാത്രമാണ്. ആ ഒരു പശ്ചാത്തലം മുതലെടുത്താണ് അന്ന് ദേശീയത മുൻ നിർത്തി ശ്രീശാന്തിനെ വേട്ടയാടിയ ബി.ജെ.പി സംഘപരിവാർ ശക്തികൾ തന്നെ ഇന്ന് അയാളെ സ്ഥാനാർത്ഥിയാക്കുന്നത്.

ബിജെപി തന്ത്രം

പുറമേ ഫ്രീക്കരും, അകമേ ചരടരും ആയ അർബൻ മദ്ധ്യവർഗ്ഗ യുവാക്കളിൽ ഒരു വിഭാഗത്തിൽ അതിവേഗം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന, വികസനത്തിന്റെ മുഖംമൂടി അണിഞ്ഞ പ്രച്ഛന്നസംഘിത്തത്തിന്റെ പ്രതിനിധിയാണ് ശ്രീശാന്തും. സ്വാഭാവികമായും അവരിൽ ഒരു ന്യൂനപക്ഷത്തെ സ്വാധീനിക്കാൻ അയാൾക്ക് കഴിഞ്ഞേക്കും. കൂടാതെ ഭക്തയായ അമ്മയുടെ നോമ്പ് നോറ്റ പിന്തുണയിൽ മത്സരിക്കുന്ന ദൈവഭയമുള്ള മോൻ എന്ന ഇമേജ് ലഭ്യമാക്കാൻ സാദ്ധ്യതയുള്ള യാഥാസ്ഥിതിക ഹിന്ദു വോട്ടുകൾ. ഇതിൽ കൂടുതലൊന്നും നിലവിൽ ബി.ജെ.പിക്ക് ശ്രീശാന്ത് വഴി പ്രതീക്ഷിക്കാനില്ല.

ഇവിടെ ബി.ജെ.പിയുടെ തന്ത്രം വളരെ വ്യക്തമാണ്. പ്രത്യേകിച്ച് വിജയ പ്രതീക്ഷയൊന്നുമില്ലാതെ മത്സരിക്കുമ്പോൾ മൽസരത്തിന് ലഭിക്കുന്ന ശ്രദ്ധ തന്നെ ഫലത്തിൽ അതിലെ ദുർബലന്റെ ശക്തിയായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് ആദ്യത്തെ കാര്യം. ശ്രീശാന്തിന് അത് തന്നെ ഒരു വിജയമാണ്. മറ്റൊന്ന് ഇന്ത്യയിൽ ആകമാനം അരങ്ങേറുന്ന സംഘി ഫാസിസത്തിന്റെ അക്രമാസക്തമായ ഒരു മുഖം അയാൾക്കില്ല എന്നതാണ്. മുകളിൽ പറഞ്ഞ അർബൻ മദ്ധ്യവർഗ്ഗ യുവാക്കളിലെ ഒരു വിഭാഗത്തെ പോലെ അയാളും ആരെയും കൊല്ലാനും തിന്നാനും ഒന്നും നില്ക്കില്ല, ആഹ്വാനം ചെയ്യുകയുകയുമില്ല . പക്ഷേ അവർക്ക് ലഭിക്കുന്ന സമ്മതി അവരിലെ 'ഫ്രിഞ്ച്' ഗ്രൂപ്പുകൾ ചെയ്യുന്ന കൊല്ലലിനും തിന്നലിനും ഉള്ള പരോക്ഷ അനുമതി കൂടിയാണ് എന്നതാവണം ഈ തിരഞ്ഞെടുപ്പിൽ പ്രസക്തമാകേണ്ട രാഷ്ട്രീയ എതിർവാദം.

പക്ഷേ ശ്രീശാന്തിനെ പോലെ ഒരാൾ മത്സരിക്കുമ്പോൾ മറുപക്ഷം ഒരു ശീലം എന്നോണം പൊടിതട്ടിയെടുക്കുന്നത് കോടതി കുറ്റവിമുക്തമാക്കിയ കോഴക്കേസും, ഏത് കോണിൽ നിന്ന് നോക്കിയാലും അയാൾ ഇര മാത്രമായ ഹർഭജൻ സംഭവവും ഒക്കെ ആയിരിക്കും എന്ന് അവർക്കറിയാം. അവയെ നിസ്സാരമായി ചെറുക്കാം എന്ന് മാത്രമല്ല, അവയിലൂടെ ഒരു ഇരയുടെ പരിവേഷവും ഉണ്ടാക്കിയെടുക്കാം. അതുകൊണ്ടാണ് ശ്രീശാന്ത് ഒന്നിനെക്കുറിച്ചും ഒന്നും മിണ്ടാത്തത്. മറ്റുള്ളവരെ മിണ്ടാൻ വിടുക എന്നതാണ് തന്ത്രം. കോഴക്കേസും, ഹർഭജൻ പണ്ടേ മാറ്റിയ മുഖച്ഛായയും ഒക്കെ വച്ച് പുള്ളിയെ 'നാറ്റിക്കാൻ' ഇറങ്ങുന്നവർ ശരിക്കും അയാൾക്ക് വേണ്ടി വോട്ട് പിടിക്കുകയാണ്. അത് അവർക്കറിയില്ല, ബി.ജെ.പിക്കറിയാം.

പ്രതിഭയും സാക്ഷാത്കാരവും

ശ്രീശാന്ത് 2005ലും, കൊഹ്ലി മൂന്നുവർഷം കഴിഞ്ഞ് 2008ലും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത് ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു എന്നത് യാദൃശ്ചികമാകാം. എന്നാൽ അവർ ഇരുവരും അതാത് മേഖലകളിൽ വൻപ്രതിഭാസമ്പത്തുള്ള ഭാവിവാഗ്ദാനങ്ങൾ ആയി വിദഗ്ദ്ധരാൽ എണ്ണപ്പെട്ടവരായിരുന്നു എന്നതിൽ സംശയമേ ഇല്ല. പക്ഷേ അവർ തങ്ങളുടെ പ്രതിഭയെ എങ്ങനെ സാക്ഷാത്കരിച്ചു എന്നത് ഒരു സമാന്തരവും ഇല്ലാത്ത വണ്ണം വ്യത്യസ്തമായ കഥകളാണ്.

xdfdfd
കടപ്പാട്: ക്രിക്കറ്റ് ന്യൂസ്‌ ഫീഡ്

സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന പ്രതിഭകൾ എന്നത് ഇന്ത്യയിൽ മാത്രമല്ല, ലോക ക്രിക്കറ്റിലും, ക്രിക്കറ്റെന്നല്ല സകല മേഖലകളിലും ധാരാളം ഉദാഹരണങ്ങൾ കണ്ടെടുക്കാവുന്ന ഒരു സംവർഗ്ഗമാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നതാണ് സാമാന്യവല്ക്കരിക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു മേഖല. എങ്കിലും വിശാലമായ ചില വേർതിരിക്കലുകൾ വിവിധ മേഖലകളിൽ ഉള്ള പ്രതിഭയുടെ വാഗ്ദാനങ്ങളെയും, സാക്ഷാത്കാരങ്ങളെയും വിശകലനം ചെയ്തുകൊണ്ട് എത്തിച്ചേരാവുന്നതേയുള്ളൂ എന്ന് തോന്നുന്നു. ചുരുങ്ങിയ പക്ഷം പരമാവധി പ്രതിഭകൾ സാക്ഷാത്കരിക്കപ്പെടുക എന്ന ലക്ഷ്യത്തിന് എത്ര പരിമിതികൾ ഉണ്ടായാലും വിശകലനങ്ങൾ സഹായിക്കും എന്ന് ഉറപ്പ്.

വിരാട് കോഹ്ലിയെയും ശ്രീശാന്തിനെയും എടുത്തുകൊണ്ടുള്ള ഒരു താരതമ്യപഠനത്തിൽ തങ്ങളുടെ പ്രതിഭയെ അവർ എങ്ങനെ വികസിപ്പിച്ചെടുത്തു എന്നതാണ് അവർ ഇപ്പോൾ നില്ക്കുന്ന ഇടങ്ങളെ സംബന്ധിച്ചിടത്തോളം നിർണ്ണായകം. പ്രതിഭ മാത്രം പോര, കളിയുടെ സൂക്ഷ്മാംശങ്ങളെ കുറിച്ചുള്ള അവബോധം, കളിക്കുന്ന സാഹചര്യങ്ങൾക്കും എതിരാളികളുടെ ശക്തിദൗർബല്യങ്ങൾക്കും അനുസരിച്ച് സ്വന്തം കളിയെ പരുവപ്പെടുത്തുവാനുള്ള ശേഷി തുടങ്ങിയവ അന്താരാഷ്ട്ര തലത്തിൽ എത്തുമ്പോഴേക്കും നിർണ്ണായകമായി മാറുന്നു. ഇവിടെ ഒന്നും നിഷിദ്ധമല്ല, അത് തന്റെ കളിക്ക്, ടീമിന് പ്രചോദനമാകുന്നിടത്തോളം. ഓസ്ട്രേലിയൻ ടീമിന്റെ സ്ലെഡ്ജിങ്ങ് തന്ത്രങ്ങളോട് അതേ നാണയത്തിൽ പ്രതികരിക്കുകയും വിജയിക്കുകയും ചെയ്ത കോഹ്ലി പക്ഷേ മുഹമ്മദ്‌ ആമിറിനെതിരെ സ്ലെഡ്ജ് ചെയ്യുകയല്ല, കളി നടക്കവേ തന്നെ അയാളുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. കളിയിൽ ഇന്ത്യ ജയിക്കുകയും ചെയ്തു.

കോമൺ സെൻസ്

ഇതാണ് ധോണി പറയുന്ന ക്രിക്കറ്റിങ്ങ് കോമൺ സെൻസ്. നമ്മൾ എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് നമുക്ക് വ്യക്തമായ ബോദ്ധ്യം വേണം. 'വിശ്വാസം' ഉണ്ടാകേണ്ടത് സ്വന്തം മികവിലും. അതുള്ളവർക്ക് കളിയിലെ സമ്മർദ്ദം പ്രചോദനമാവുകയേ ഉള്ളു. ഒരു പ്രതിഭാധനനായ ഭാവിവാഗ്ദാനത്തെ പ്രതിഭയുടെ താല്കാലിക തിളക്കങ്ങൾക്കപ്പുറം സ്ഥിരതയുള്ള ഒരു 'മാച്ച് വിന്നർ' ആക്കി മാറ്റുന്നത് അതാണ്. ഇവിടെയാണ് ആദ്യം പറഞ്ഞ കളിയിലെ സൂക്ഷ്മാംശങ്ങളെ കുറിച്ചുള്ള ബോദ്ധ്യം പ്രധാനമാകുന്നത്. കോഹ്ലിയുടെ പോസ്റ്റ് മാച്ച് ചർച്ചകളിലും പ്രസ്സ് മീറ്റുകളിലും അതുണ്ട്. ശ്രീശാന്ത്‌ മാൻ ഓഫ് ദ മാച്ചായ കുറെ അവസരങ്ങൾ എടുത്താൽ ‘കുട്ടികൾ നന്നായി കളിച്ചു, പരസ്പരം സഹായിച്ചു’ തുടങ്ങിയ സ്ഥിരം വാചകങ്ങളിലപ്പുറം ഒന്നും കാണില്ല. കുറച്ചുകൂടി ദൈർഘ്യമുള്ള മലയാളം ചാനലുകൾ നടത്തിയ ഇന്റർവ്യൂകളിലാവട്ടെ ചേട്ടന്മാർ എന്നെ കളിക്കാൻ കൂട്ടിയില്ല, ആ വാശിയിൽ ഞാൻ പോയി ഇന്ത്യൻ ടീമിന്റെ കൂടെ കളിച്ചു എന്നത്ര ലളിതമാണ് വിശകലനം .

ഈ പറയുന്നതിനർഥം ധോണി പറയുന്നതെല്ലാം ശരിയാണ് എന്നല്ല. അയാളുടെ മേഖലയിൽ ഉള്ള അയാളുടെ കോമൺ സെൻസ് അയാളെ വ്യത്യസ്തനാക്കുന്നു എന്ന് മാത്രമാണ്. അവനവന് അറിയാവുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് വിജയികളാവുക എന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ സാമാന്യബോധം എന്നത് ചുരുങ്ങിയ പക്ഷം അയാൾക്ക് ബോധമുള്ള മേഖലയിലെ സാമാന്യങ്ങളെ വേണമല്ലോ ആശ്രയിക്കേണ്ടത്. അത് പോലും സംഭവിക്കാറില്ല എന്നതാണ് ദുരന്തം.

പ്രതിഭയുടെ കയ്യൊപ്പ്

കോഹ്ലിയുടെ കവർ ഡ്രൈവുകളിൽ അയാളുടെ പ്രതിഭയുടെ കയ്യൊപ്പുണ്ടെങ്കിൽ ശ്രീശാന്തിന്റെ ഔട്ട് സ്വിങ്ങറിലും അതുണ്ട്. അതായത് സാക്ഷാത്കരിക്കപ്പെടാത്ത പോയ പ്രതിഭയും ഒരു മികച്ച കളിക്കാരനും തമ്മിലുള്ള വ്യത്യാസം പ്രതിഭയുടെ അളവിലല്ല, കളിയെ മൊത്തത്തിലും, സ്വന്തം ശക്തിദൗർബല്യങ്ങളെ അതിസൂക്ഷ്മമായും വിശകലനം ചെയ്യാനും, അതിനനുസരിച്ച് വേണ്ട ചെറിയ ചെറിയ മിനുക്കുപണികൾ, വ്യത്യാസങ്ങൾ നിരന്തരം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുവാനും ഉള്ള വിശകലനപാടവത്തിലാണ്.

ശ്രീശാന്തിനുള്ള പ്രതീക്ഷ സംഘിത്തം രഹസ്യമൊന്നുമല്ലാത്ത തിരുവനന്തപുരത്തെ മദ്ധ്യവർഗ്ഗത്തിലെ ഒരു പ്രബലവിഭാഗത്തിലും, സംഘികളെ അതേ നാണയത്തിൽ എതിർക്കാൻ ശ്രമിച്ച് ശ്രമിച്ച് സ്വയം അറിയാതെ സംഘികൾ ആയിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിലെ ഒരു ചെറുന്യൂനപക്ഷം ഉണ്ടാക്കാവുന്ന രാഷ്ട്രീയ കേടുപാടുകളിലും ആണ്. അതുകൊണ്ടാണ് സംഘി ബുദ്ധികേന്ദ്രങ്ങൾ പുള്ളിയോട് തനിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിക്കാതിരുന്നാൽ മാത്രം മതി എന്ന് പറഞ്ഞിരിക്കുന്നതും, അങ്ങനെ മിണ്ടാതിരുന്നാൽ നിങ്ങൾ തോറ്റുപോവില്ലേ എന്ന നിഷ്കളങ്കമായ ചോദ്യം മാതൃഭൂമി പോലെയുള്ള ചാനലുകൾ പുള്ളിയോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതും.

സ്വന്തം പ്രതിഭയുമായി ബന്ധപ്പെട്ട മേഖലയിൽ പോലും അത് ഫലപ്രദമായി ചെയ്യാൻ പരാജയപ്പെട്ട ആളാണ് ശ്രീശാന്ത്. അദ്ദേഹം ഇപ്പോൾ പയറ്റുന്ന മേഖല അദ്ദേഹത്തിന് മുമ്പെങ്ങും പരിചയമുള്ള ഒന്നാണെന്നും തോന്നുന്നില്ല. വളരെ ചെറിയ പ്രായത്തിലേ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കടക്കുന്ന ഒരാൾക്ക് അയാൾ കോളേജിലും മറ്റുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ കൂടി കലാലയ രാഷ്ട്രീയത്തിൽ പങ്കെടുത്ത് പ്രത്യക്ഷ രാഷ്ട്രീയ പരിചയം നേടാൻ സമയം കിട്ടില്ല എന്നത് സാമാന്യയുക്തി. എന്നുവച്ച് രാഷ്ട്രീയ അവബോധത്തിന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഒന്നും വേണ്ട താനും. പക്ഷേ രാഷ്ട്രീയക്കളിയല്ലേ, ഞാൻ അന്താരാഷ്ട്ര കളിക്കാരനാ എന്ന ലളിതസമവാക്യം നടക്കില്ല എന്ന് മാത്രം.

ചുരുങ്ങിയ പക്ഷം മാർക്കറ്റിങ്ങിലെ ഗെയിം തിയറി ഒന്ന് വായിച്ചാൽ മനസിലാവും കേവലമായ പ്രതിഭയും ഗെയിം തിയറിയും വേറെ ലെവലുകളാണെന്ന്. ശ്രീശാന്തിന്റെ പ്രശ്നമേഖല തിയറിയും, അനലെറ്റിക്കൽ സ്കില്ലുമാണ്. അതില്ലാതെയും തങ്ങളുടെ ദിവസത്തിൽ ഒരാൾക്ക് തന്റെ മേഖലയിൽ വിജയിക്കാനായേക്കും. പക്ഷേ അത് അവിടെപ്പോലും സ്ഥിരമായി തുടരാനാവില്ല. പരിചയമോ പ്രതിഭയോ ഇല്ലാത്ത മറ്റൊരു മേഖലയിൽ ആണെങ്കിൽ പറയുവാനും ഇല്ല.

രക്ഷകർ

എന്തായാലും രാഷ്ട്രീയത്തിൽ ഇറങ്ങി. ഇനി ശ്രീശാന്തിനുള്ള പ്രതീക്ഷ സംഘിത്തം രഹസ്യമൊന്നുമല്ലാത്ത തിരുവനന്തപുരത്തെ മദ്ധ്യവർഗ്ഗത്തിലെ ഒരു പ്രബലവിഭാഗത്തിലും, സംഘികളെ അതേ നാണയത്തിൽ എതിർക്കാൻ ശ്രമിച്ച് ശ്രമിച്ച് സ്വയം അറിയാതെ സംഘികൾ ആയിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിലെ ഒരു ചെറുന്യൂനപക്ഷം ഉണ്ടാക്കാവുന്ന രാഷ്ട്രീയ കേടുപാടുകളിലും ആണ് (വലതുപക്ഷത്തിൽ സംഘിത്വം ഉൾപ്പെടെ എന്തും അലങ്കാരങ്ങളാണല്ലോ). അതുകൊണ്ടാണ് സംഘി ബുദ്ധികേന്ദ്രങ്ങൾ പുള്ളിയോട് തനിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിക്കാതിരുന്നാൽ മാത്രം മതി എന്ന് പറഞ്ഞിരിക്കുന്നതും, അങ്ങനെ മിണ്ടാതിരുന്നാൽ നിങ്ങൾ തോറ്റുപോവില്ലേ എന്ന നിഷ്കളങ്കമായ ചോദ്യം മാതൃഭൂമി പോലെയുള്ള ചാനലുകൾ പുള്ളിയോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതും.

കേരളത്തിലും, ഇന്ത്യയിൽ ഒട്ടാകെയും നടക്കുന്ന പോരാട്ടങ്ങൾക്ക് നിർണ്ണായകമായ ഒരു രാഷ്ട്രീയ ഉള്ളടക്കമാണ് ഇന്ന് നിലവിലുള്ളത്. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ, മാനവികതയുടെ, മതേതരത്വത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ആ നിലയ്ക്ക് മാത്രമാണ് ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയാവുന്നതും. അയാളുടെ സംസ്കൃതവും, മതേതരവുമായ അന്താരാഷ്ട്ര മുഖം ഒരു പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ പ്രച്ഛന്ന മുഖമായി വിജയിച്ച് വരുന്നത് എത്ര വിദൂരമായാലും താങ്ങാനാവുന്ന ഒരു സാദ്ധ്യതയല്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് നടക്കുന്ന പോരാട്ടത്തിന് പ്രത്യേക പ്രസക്തിയുണ്ട്.

ജയം അനിവാര്യമായതുകൊണ്ട് തന്നെ എതിരാളികളെ നിസ്സാരമായി കാണാനാവില്ല. അതുകൊണ്ട് തന്നെ ശ്രീശാന്തിന്റെ വിമർശകരോട് ഒന്നേ പറയാനുള്ളൂ. ആ പോരാട്ടത്തെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വ്യക്തികളെ നാറ്റിക്കുക എന്ന 'സന്ദേശം' സിനിമ നല്കുന്ന രാഷ്ട്രീയ നിലവാരത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തരുത്. പ്രകടവും വ്യക്തവുമായ നിരവധി രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നിരിക്കേ ഒരു കൈ സഹായം ആയിക്കോട്ടെ എന്ന നിലയ്ക്ക് വൃത്തികെട്ട വ്യക്തിഗത ആരോപണങ്ങളെ എടുത്ത് വീണ്ടും പൊതുസമൂഹത്തിൽ അലക്കുന്നവർ ദയവായി ഒന്നോർക്കണം: മിണ്ടാതിരുന്നാലും ജയിക്കുന്ന ഒരു പോരാട്ടത്തെ കൂടെനിന്ന് കൂവിത്തോൽപ്പിക്കരുത്.

ശ്രീശാന്ത് എന്ന പ്രതിഭാധനനായ ഫാസ്റ്റ് ബൗളർ മുൻ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് വർദ്ധിത വീര്യനായി മടങ്ങിവന്ന് ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കട്ടെ. കേരള നിയമസഭ പക്ഷേ സംഘിമുക്തമായി തന്നെ തുടരട്ടെ.