ജെ.എൻ.യു.- എച്ച്.സി.യു. ദന്ദ്വത്തിനുമപ്പുറം ഇവിടെയൊരു വിദ്യാർത്ഥി ഐക്യമുണ്ട്

xdfdfd

കഴിഞ്ഞ കുറെ നാളുകളായി ക്യാമ്പസ്സുകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്. മോദി ഗവൺമെന്റിന്റെ സ്ഥാനരോഹണത്തിനു ശേഷം ശക്തമായ ചെറുത്തുനില്പുകളുടെ പരിസരങ്ങളായി കലാലയങ്ങൾ രൂപപ്പെട്ടുവെന്നത് ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്ന വസ്തുതയാണ്.

എഫ്.ടി.ഐ.ഐയിൽ ആരംഭിച്ച് എച്ച്.സി.യുവിലും ജെ.എൻ.യുവിലും എത്തി നിൽക്കുന്ന ഈ പ്രതിരോധങ്ങളുടെ ഒരു സമാനത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഫാസിസത്തിനെതിരായുള്ള മുന്നേറ്റത്തിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും അണിനിരത്താൻ സാധിച്ചുവെന്നുള്ളതാണ്. എന്നാൽ ക്യാമ്പസ്സുകളുടെ അടിവാരമിളക്കിയേ അടങ്ങൂ എന്ന വാശിയിൽ പ്രതികാരബുദ്ധിയോടെ പെരുമാറുന്ന ഒരു സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ, ഈ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടേണ്ട ആവശ്യകതയിലേക്കാണ് വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.

മറ്റെല്ലാ പൂർവ വിദ്യാർത്ഥികളെയും പോലെ തന്നെ എനിക്കും വളരെയധികം ആത്മബന്ധമുള്ള രണ്ട് ഇടങ്ങളാണ് ജെ.എൻ.യുവും എച്ച്.സി.യുവും. അത് കൊണ്ടു തന്നെ ഈ ക്യാമ്പസുകൾക്ക് നേരെ നടത്തപ്പെടുന്ന എല്ലാ കൈയേറ്റങ്ങളും, ഇവയ്ക്കെതിരെ ചമക്കപ്പെടുന്ന എല്ലാ വാർത്തകളും വൈകാരികമായി തന്നെ ഞാനടക്കമുള്ള പൂർവവിദ്യാർത്ഥികളെ ബാധിച്ചേക്കും. എന്നാൽ കേവല വൈകാരികതക്കപ്പുറം ധീരമായ രാഷ്ട്രീയ ചെറുത്തുനിൽപ്പുകളുടെ പേരിൽ അന്താരാഷ്ട്രീയ തലത്തിൽ പോലും അടയാളപ്പെടുത്തപ്പെട്ട പോരാട്ടങ്ങളാണ് ഈ രണ്ട്‌ കലാലയങ്ങളുടെയും. ഇത്തരത്തിലൊരു വിശാല ഭൂമികയിൽ തന്നെ ഈ മുന്നേറ്റങ്ങളെ നോക്കിക്കാണുകയും വേണം.

രണ്ട് വർഷം വീതം പഠിക്കുകയും അതാതിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒട്ടൊക്കെ സജീവമായി ഇടപെടാൻ സാധിക്കുകയും ചെയ്തതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് രണ്ട് ക്യാമ്പസുകളിലും നിലനിൽക്കുന്ന സാഹചര്യങ്ങളും രാഷ്ട്രീയ കാലാവസ്ഥയും താരതമ്യപ്പെടുത്താൻ സാധിക്കില്ല എന്നതാണ്. അതു കൊണ്ടു തന്നെ സമരങ്ങളുടെയും ചെറുത്തുനില്പുകളുടെയും രീതിയും വ്യത്യസ്തമായിരിക്കും. മാധ്യമങ്ങൾ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാൽ ഈ രണ്ടു കലാലയങ്ങളെയും ഫാസിസ്റ്റ് ശക്തികൾ ഒരു പോലെ ഭയപ്പെടുന്നു എന്നത് തന്നെ ഈ ക്യാമ്പസുകൾ തമ്മിലുള്ള ഐക്യപ്പെടലിന്റെ ആവശ്യകതയിലേക്ക്‌ വിരൽ ചൂണ്ടുന്നു.

എന്നാൽ എച്ച്.സി.യു. - ജെ.എൻ.യു. എന്നിങ്ങനെ സമാന്തരതകൾ സൃഷ്ടിച്ചു കൊണ്ടുള്ള കുറിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഇത്തരത്തിലുള്ള ചർച്ചകളും അതിൽ നിന്നുദ്ഭവിക്കുന്ന വിടവുകളും ഫാസിസ്റ്റ് ശക്തികളെ ബലപ്പെടുത്തകയേയുള്ളൂ. ഈ രണ്ട് ഇടങ്ങളിലെയും മാത്രമല്ല, രാജ്യത്തെ എല്ലാ കലാലയങ്ങളിലെയും വിദ്യാർത്ഥികളെയും ഫാസിസത്തിനെതിരായുള്ള സന്ധിയില്ലാത്ത സമരത്തിൽ അണി ചേർക്കുക എന്നതായിരിക്കണം മുമ്പിലുള്ള ലക്ഷ്യം.

എന്തുകൊണ്ട് കലാലയങ്ങൾ?

മോദി സർക്കാർ അധികാരമേറ്റശേഷം, ശബ്ദിക്കുന്ന നാവുകളെ, ചലിക്കുന്ന തൂലികകളെ, ചിന്തിക്കുന്ന മസ്തിഷ്ക്കങ്ങളെ നിശ്ചലമാക്കാൻ സംഘപരിവാർ സംഘടനകൾ കൊണ്ടു പിടിച്ച ശ്രമമാണ് നടത്തുന്നത്. തങ്ങൾ ഉദ്ദേശിക്കുന്ന വർഗീയ ഫാസിറ്റ് അജണ്ടകൾ നടപ്പിലാക്കാൻ, മുതലാളിത്തത്തെയും, നവ ഉദാരീകരണത്തെയും പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നയം തുടർന്നു കൊണ്ടു പോകാൻ, പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കിയേ പറ്റൂ.

പെരുമാൾ മുരുകനിലെ എഴുത്തുകാരനെ ഇല്ലായ്മ ചെയ്തതിലൂടെ, ഗോവിന്ദ് പൻസാരെയെയും കൽബുർഗിയെയും കൊലപ്പെടുത്തിയതിലൂടെ അവരതിന് തുടക്കം കുറിച്ചു. മിത്തുകളെ ചരിത്രമായും ശാസ്ത്ര സത്യങ്ങളായും ദേശീയ സെമിനാറുകളിൽ അവതരിപ്പിച്ച് ഭാരതത്തിന്റെ അക്കാദമിക രംഗത്തെ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കി. സ്വാഭാവികമായും ഇവയ്ക്കെയെതിരെ ആദ്യം ശബ്ദമുയർത്തുക അക്കാദമിക സമൂഹമായിരിക്കും.

xdfdfd
ചിത്രങ്ങൾക്ക് കടപ്പാട്: SFI-JNU Unit

അത് സംഭവിച്ചു. വിദ്യാർത്ഥികൾ നിരത്തിലിറങ്ങി. വർധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ ഇന്ത്യയിലെ അക്കാദമിക സമൂഹം ശക്തമായി പ്രതിഷേധിച്ചു. സർവകലാശാലകളെ തകർക്കാതെ തങ്ങൾക്ക് നിലനില്പില്ലെന്ന് ആർ.എസ്.എസിനു ബോധ്യമായി. ലക്ഷ്യം സാക്ഷാത്കരിക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങളുടെ കൈയാളുകളെ പ്രതിഷ്ഠിച്ചു. ക്യാമ്പസ്സുകളിൽ പോലീസിനെ വിന്യസിച്ച് ഭീതി പടർത്തി. വാറന്റ് പോലുമില്ലാതെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. തങ്ങളുടെ നടപടികൾക്ക് സമൂഹത്തിന് മുന്നിൽ സ്വീകാര്യത ലഭിക്കാൻ വിദ്യാർത്ഥികളെ രാജ്യദ്രോഹികളായും അരാജകവാദികളായും ചിത്രീകരിച്ചു. ഇത്തരത്തിൽ നടത്തപ്പെട്ട കൈയേറ്റങ്ങൾക്ക് എല്ലാ കലാലയങ്ങളിലും സമാനതകളേറെയാണ്.

എന്നാൽ സംഘപരിവാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ദേശീയാടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥി ഐക്യം നിലവിൽ വന്നു. ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ-വർഗീയ ഫാസിസ്റ്റ് നയങ്ങളെ അവർ പൊതുജനമധ്യത്തിൽ തുറന്നു കാട്ടി. നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും തങ്ങളുടേതായ രീതിയിൽ സന്ധിയില്ലാസമരം നടത്തുന്നവരുമാണ് വിദ്യാർത്ഥികൾ. അടിയന്തിരാവസ്ഥയെ വരെ ചെറുത്തു തോല്പിച്ച ഒരു വിഭാഗത്തെയാണ് ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാൻ മോദി സർക്കാർ പരിശ്രമിച്ചത്. എന്നാൽ പൂർവാധികം ശക്തിയോടെ ജെ.എൻ.യു.വിലെയും എച്ച്.സി.യുവിലേയും എഫ്.ഫ്.ടി.ഐ. ഐലെയും വിദ്യാർത്ഥികൾ ഡെൽഹിയിലെ തെരുവിലൂടെ ഒന്നിച്ചു നടന്നു. അതാതിടങ്ങളിൽ പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാഷ്ട്രീയ സാഹചര്യങ്ങൾ

എബി.വി.പി ശക്തമായിരുന്ന എച്ച്.സി.യുവിൽ 2006-ലാണ് എസ്.എഫ്.ഐ യൂണിറ്റ് രൂപം കൊള്ളുന്നത് (അതിനു മുമ്പ് University Discussion Forum ആണ് നിലവിലുണ്ടായിരുന്നത്). 2009-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സഖാവ് നെൽസൺ മണ്ടേല എന്ന ദളിത് വിദ്യാർത്ഥി എസ്.എഫ്.ഐയുടെ ആദ്യത്തെ യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അത് ദേശീയ തലത്തിൽ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഒരു അടയാളപ്പെടുത്തലായിരുന്നു. രൂപീകൃതമായ അന്നു മുതൽ എബി.വി.പിയെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എസ്.എഫ്.ഐ ശ്രമിച്ചു പോരുന്നുണ്ടായിരുന്നു. അതിൽ കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സീനിയർ - ജൂനിയർ അധികാര ബന്ധത്തിലൂടെ എബി.വി.പി നിലനിർത്തിപ്പോന്ന പല കോട്ടകളിലും (പ്രത്യേകിച്ച് സയൻസ് ഡിപ്പാർട്ട്മെന്റുകളിൽ) വിള്ളലുണ്ടാക്കി ഇടതുപക്ഷധാരയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ എസ്.എഫ്.ഐയ് ക്കു കഴിഞ്ഞു.

ഇതിനെല്ലാം പുറമെയാണ് അവസാനം നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ദളിത്-ആദിവാസി സംഘടനകളുടെ ഐക്യം രൂപീകൃതമായത്‌. 2015-16 തെരഞ്ഞെടുപ്പിൽ SFI-DSU-TSF-TVV സഖ്യം യൂണിയനിൽ ഭൂരിപക്ഷം നേടി. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ വിശാല ഐക്യം രൂപപ്പെടുന്നത് -മാർക്സിസവും അംബേദ്ക്കർ ആശയങ്ങളും ഒരുമിക്കുന്നത്- ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള തങ്ങളുടെ അജണ്ടക്ക് തിരിച്ചടിയാകുമെന്നും തങ്ങളുടെ വിദ്യാർത്ഥി സംഘടനയായ എബി.വി.പിയ്ക്ക് ഇടം നഷ്ടപ്പെടുമെന്നുമുള്ള ഭയപ്പാടിന്റെ അടിസ്ഥാനത്തിലാണ് എച്ച്.സി.യു സർക്കാരിന്റെ ഒരു സുപ്രധാന ലക്ഷ്യമായി ഉയർന്നു വരുന്നത്.

കുറച്ചു നാളുകളായി എച്ച്.സി.യുവിനെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ക്യാമ്പസ്സിൽ പോലീസ് നിരീക്ഷണം വർദ്ധിപ്പിച്ചു കൊണ്ട്, ബിരുദദാന ചടങ്ങിൽ അങ്കവസ്‌ത്രം നിർബന്ധമാക്കിക്കൊണ്ട്, യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പ്രതികരിച്ചതിന്; 'മുസാഫർനഗർ ബാക്കി ഹൈ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി മുദ്ര കുത്തിക്കൊണ്ട് ഈ വിധ്വംസന ശക്തികൾ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു. അപ്പാ റാവുവെന്ന സംഘിയെ തലപ്പത്തു പ്രതിഷ്ഠിച്ചത് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.

ഹൈദരാബാദ് യൂണിവേഴ്സിറ്റി ഒരു പ്രധാന ലക്ഷ്യമായി വരുന്നതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ചരിത്രവും ഉൾച്ചേർന്നിരിക്കുന്നു. തെലങ്കാന സമരത്തിന്റെ ഭാഗമായി ഇന്ത്യൻ ഗവൺമെന്റുമായി 1973-ൽ ഉണ്ടാക്കിയ “ആറിന പദ്ധതി” (6 point formula) പ്രകാരമാണ് എച്ച്.സി.യു. സ്ഥാപിതമായത്. ഈ സമവാക്യത്തിന്റെ രണ്ടാമത്തെ പോയിന്റ് ഇങ്ങനെ പറയുന്നു. "പ്രാദേശിക വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കത്തക്ക വിധത്തിൽ സംസ്ഥാനത്തിന്റെ അഡ്മിഷൻ നയം ഏകീകരിക്കുക, നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഹൈദരാബാദിൽ ഒരു കേന്ദ്രസർവകലാശാല സ്ഥാപിക്കുക എന്നിവയായിരിക്കണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസനയം". അതായത് വികസനത്തിൽ പിന്നോക്കം നിൽക്കുന്ന, ദളിത് ജനസംഖ്യ ഏറെയുള്ള, വർഗപരമായി അധികമൊന്നും മുന്നോട്ടു പോകാത്ത ഒരു ജനവിഭാഗം താമസിക്കുന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സർവകലാശാലയാണിത്. സംവരണ വിരുദ്ധതയും ദളിതു വിരുദ്ധതയും മുഖമുദ്രയാക്കിയ ഒരു സർക്കാരിന് എച്ച്.സി.യുവിന്റെ രൂപീകരണത്തിനു പിന്നിലുള്ള ആശയസംഹിതയോട് പോലും യോജിക്കാൻ പറ്റില്ല.

ജെ.എൻ.യു - എച്ച്.സി.യു എന്നീ ദ്വന്ദ്വങ്ങൾ സൃഷ്ടിച്ച് ചർച്ചയുടെയും ചർച്ചാ വിഷയങ്ങളുടെയും ഗതി തിരിച്ചു വിടപ്പെടുന്നത് തടയേണ്ടിയിരിക്കുന്നു. വിവിധ ക്യാമ്പസ്സുകളിലെ വിദ്യാർത്ഥികളെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിലേക്ക് അണിനിരത്തുക, ഇടതുപക്ഷ-ദളിത് സംഘടനകളുടെ ഐക്യം വിപുലമാക്കുക, വിദ്യാർത്ഥി-തൊഴിലാളി കൂട്ടായ്മ ശക്തിപ്പെടുത്തുക, പുരോഗമനപരമായ എല്ലാ ആശയധാരകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് നിലവിൽ നമ്മുടെ മുന്നിലുള്ളത്. ഇവയ്ക്ക് നേതൃത്വം കൊടുക്കേണ്ടവരാണ് ജെ.എൻ.യുവിലെയും എച്ച്.സി.യുവിലെയും എഫ്.ടി.ഐ.ഐയിലേയും വിദ്യാർത്ഥികൾ.

അതു കൊണ്ടു തന്നെ എങ്ങനെയും ഈ കലാലയത്തെ തകർക്കുകയെന്ന പ്രതികാരവാഞ്ഛയാണ് ഹൈദരാബാദിൽ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. രോഹിത്ത് വെമുലയടക്കമുള്ള 5 ദളിത് വിദ്യാർത്ഥികളുടെ സസ്പെൻഷനും തുടർന്ന് രോഹിത്തിന്റെ ആത്മഹത്യയും ആളിക്കത്തിച്ച പ്രതിഷേധാഗ്നി കെട്ടടുങ്ങുന്നതിനു മുമ്പേ മർദ്ദക ഉപകരണങ്ങളുമായി വീണ്ടും വിദ്യാർത്ഥി വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണ് ഭരണകൂടം. സമാനതകളില്ലാത്ത രീതിയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുക എന്നതാണ് സ്വീകരിച്ചിരിക്കുന്ന പുതിയ നയം. സമാധാനമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുക, അധ്യാപകരെയടക്കം അറസ്റ്റ് ചെയ്യുക, അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള യാതൊരു വിവരവും കൈമാറാതിരിക്കുക, അടിസ്ഥാന അവകാശങ്ങളായ ഭക്ഷണം, വെള്ളം തുടങ്ങിയവ നിഷേധിക്കുക, മെസ്സുകളും ക്യാമ്പസ്സിലെ മറ്റു ഭക്ഷണശാലകളും അടച്ചിടുക, എ.ടി.എമ്മുകൾ ബ്ലോക്കാക്കുക, ക്യാമ്പസ്സിനകത്തെ സ്ഥിതിവിശേഷങ്ങൾ പുറം ലോകമറിയാതിരിക്കാൻ മാധ്യമങ്ങളെ നിരോധിക്കുക, സാമൂഹ്യ മാധ്യമങ്ങൾക്ക് തടയിടാൻ നെറ്റ് കണക്ഷൻ വിച്ഛേദിക്കുക: അത്ഭുതം തോന്നും ഇന്ത്യയിൽ തന്നെയാണോ ഇങ്ങനൊക്കെ നടന്നെതെന്നാലോചിക്കുമ്പോൾ.

xdfdfd

രണ്ടു വർഷത്തെ പഠനത്തിനിടയിൽ എച്ച്.സി.യു ക്യാമ്പസ്സിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ പ്രത്യേകത എല്ലാ വിഭാഗങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികളെയും കലാലയം ഉൾക്കൊള്ളുന്നുവെന്നതാണ്. വർഗ്ഗരാഷ്ട്രീയത്തിനും സ്വത്വരാഷ്ട്രീയത്തിനും ഒരു പോലെ വേരോട്ടമുള്ളയിടം. ഓരോ വിഷയത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കൃത്യമായ രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന പരിസരം. ക്യാമ്പസ്സിന്റെ പൊതു സ്വഭാവം എല്ലാ വർഗ്ഗങ്ങളിലും ജാതികളിലും ലിംഗത്തിൽ നിന്നും വരുന്നവരെ സ്വാഗതം ചെയ്യുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള ഒരു ഉൾച്ചേർക്കൽ ക്യാമ്പസ്സിന്റെ അക്കാദമിക രംഗത്തു നിലനിൽക്കുന്നില്ലയെന്നതു സംഘപരിവാറിന്റെ കടന്നുകയറ്റത്തെ വളരെ എളുപ്പമാക്കുന്നു. ബ്രാഹ്മണിക്കൽ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ് അവിടത്തെ പല ഡിപ്പാർട്ട്മെന്റുകളും അഡ്മിനിസ്ട്രേഷനും. മതനിരപേക്ഷതയെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങൾ വിദ്യാർത്ഥികൾക്കു നൽകേണ്ട ഒരു കലാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ കയറിയാൽ നാം കാണുന്നത് ഒരു കൂട്ടം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ്. സ്വത്വ-ജാതി രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടക്കുന്ന ഒരു ക്യാമ്പസ്സിൽ തന്നെയാണ് പുറത്തു നിന്നു വെള്ളം കുടിച്ചാൽ അശുദ്ധമാകുമോ എന്ന് പേടിച്ച് സ്വന്തം കിണറിലെ വെള്ളം മാത്രം കൊണ്ടു നടക്കുന്ന അധ്യാപകനും ഉള്ളതെന്നത് വലിയൊരു വൈരുദ്ധ്യമാണ്. ബഹു ഭൂരിപക്ഷം ദളിത് വിദ്യാർത്ഥികളും അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ അനവധിയാണ് (പ്രത്യേകിച്ചും സയൻസ് ഡിപ്പാർട്ട്മെൻറുകളിൽ). കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മാത്രം 8 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്നു അറിയുമ്പോഴാണ് അവസ്ഥ എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കു ശേഷം ഡെൽഹി വീഥികൾ യുദ്ധക്കളങ്ങളായിരുന്നു. ദിവസവും വിദ്യാർത്ഥികൾ തെരുവിലിറങ്ങി. വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ പോലീസ് എല്ലാ ആയുധങ്ങളും പുറത്തെടുത്തു. എന്നിട്ടും തളരാതെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. ഇതിനൊക്കെ നേതൃത്വം കൊടുത്തതാകട്ടെ ജെ.എൻ.യു. വിദ്യാർത്ഥി യൂണിയനും വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും. അദ്ഭുതമില്ല.ജെഎൻ.യു. അടുത്ത ലക്ഷ്യമായതിൽ.

വിശാല ഐക്യത്തിന്റെ ആവശ്യകത

ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസൃതമായി അനുയോജ്യമായ വിധത്തിലുള്ള ചെറുത്തുനിൽപ്പുകൾ വിദ്യാർഥികൾ നടത്തുന്നുണ്ട്. എന്നാൽ സമരരീതികളെയും സമരത്തിന്റെ സ്വഭാവത്തിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഒന്ന് മറ്റൊന്നിനേക്കാൾ വലുതാണോ, വിപ്ലവവീര്യം കൂടിയതാണോ എന്ന് താരതമ്യപഠനം നടത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ ഒട്ടും ഉൾകൊള്ളാനാവുന്നില്ല.

ഈ രണ്ടു ക്യാംപസുകളും നടത്തിയ പരസ്പര സമരസപ്പെടലുകൾ രാജ്യമെങ്ങുമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്നത്. രോഹിത് അടക്കമുള്ള ദളിത്‌ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടും രോഹിതിന്റെ ഇന്സ്ടിട്യൂഷണൽ കൊലപാതകത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിക്കൊണ്ടും ജെ.എൻ.യു. വിദ്യാർത്ഥികൾ ദിവസങ്ങളോളം തെരുവിലായിരുന്നു. അത് പോലെ ജെ.എൻ.യുവിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ സൃഷ്ടിക്കപ്പെട്ടപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എച്ച്.സി.യു വിദ്യാർഥികളും നിരത്തിലിറങ്ങി. ഈ രണ്ട് വിഷയങ്ങളും ഉയർത്തി പിടിച്ചു കൊണ്ട് രണ്ട് കലാലയങ്ങളിലേയും വിദ്യാർഥികൾ ഒരുമിച്ച് ദെൽഹിയിലെ വീഥികളിലൂടെ നടന്നു നീങ്ങിയിട്ടുള്ളതുമാണ്.

അതുകൊണ്ടു തന്നെ ജെ.എൻ.യു - എച്ച്.സി.യു എന്നീ ദ്വന്ദ്വങ്ങൾ സൃഷ്ടിച്ച് ചർച്ചയുടെയും ചർച്ചാ വിഷയങ്ങളുടെയും ഗതി തിരിച്ചു വിടപ്പെടുന്നത് തടയേണ്ടിയിരിക്കുന്നു. വിവിധ ക്യാമ്പസ്സുകളിലെ വിദ്യാർത്ഥികളെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിലേക്ക് അണിനിരത്തുക, ഇടതുപക്ഷ-ദളിത് സംഘടനകളുടെ ഐക്യം വിപുലമാക്കുക, വിദ്യാർത്ഥി-തൊഴിലാളി കൂട്ടായ്മ ശക്തിപ്പെടുത്തുക, പുരോഗമനപരമായ എല്ലാ ആശയധാരകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് നിലവിൽ നമ്മുടെ മുന്നിലുള്ളത്. ഇവയ്ക്ക് നേതൃത്വം കൊടുക്കേണ്ടവരാണ് ജെ.എൻ.യുവിലെയും എച്ച്.സി.യുവിലെയും എഫ്.ടി.ഐ.ഐയിലേയും വിദ്യാർത്ഥികൾ. സങ്കുചിതമായ കാരണങ്ങളാൽ വിദ്യാർത്ഥികൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ഐക്യപ്പെടലിനെ തകർക്കുന്നത് സംഘപരിവാറിന്റ അജണ്ടകൾക്ക് പരവതാനി വിരിക്കലാണെന്ന് തിരിച്ചറിയപ്പെടാത്തിടത്തോളം കാലം ശക്തമായി മുന്നേറുന്ന ഈ പ്രതിരോധങ്ങൾ ലക്ഷ്യസ്ഥാനത്തെത്തില്ല.