ഹൈദരാബാദിൽ നിന്നും വീശിയടിക്കുന്ന ജാതിയെന്ന കൊടുങ്കാറ്റ്

ഇന്ത്യയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഭൂതം ജാതീയതയാണെന്ന് ഇനിയുമുറക്കെ പ്രഖാപിക്കുകയാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥിനായാട്ട്. ബ്രാഹ്മണിസത്തിന്റെ വേരറുക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത് ജാതിയാണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും അത് നട്ടു നനച്ച് വളർത്തിയുണ്ടാക്കിയ ഹിന്ദുത്വ ശക്തികൾക്ക് നന്നായി അറിയാം; ഇന്നതിനെ വെള്ളമൊഴിച്ച് വളർത്തുന്ന പ്രൊ-ഫാഷിസ്റ്റ് സംഘപരിവാർ ശക്തികൾക്ക് അതിലും നന്നായി അറിയാം. അല്ലെങ്കിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ നിരായുധരായ വിദ്യാർത്ഥികൾ എന്ത് ചെയ്തിട്ടാണു സ്റ്റേറ്റ് മെഷീനറി ഒരു വൻസന്നാഹത്തോടെ അതിന്റെ എല്ലാ മർദ്ദനോപാധികളുമുപയോഗിച്ച് ആ കുട്ടികളെയും അവരെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരെയും പിടിച്ച് കൊണ്ട് പോകുന്നത്! എതിർക്കുന്നവർക്ക് വെള്ളവും ഭക്ഷണവും അടക്കം ജീവൻ നിലനിർത്താൻ അത്യാവശ്യമായ അടിസ്ഥാന കാര്യങ്ങൾ നിഷേധിക്കുന്നത്!

ഹൈദരാബാദിൽ നടക്കുന്ന സംഭവങ്ങൾ ഒരു സൂചികയാണ്, ഇന്ത്യൻ ജനാധിപത്യമൂല്യങ്ങൾക്ക്, ജാതിക്കപ്പുറം ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും ഒരേ തരം ഇന്ത്യക്കാരായിരിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുന്ന അതിന്റെ ഭരണഘടനയ്ക്ക് ഒരു ഫാഷിസ്റ്റ് ഭരണത്തിൻ കീഴിൽ എന്ത് സംഭവിക്കും എന്നതിന്റെ സൂചന. പ്രൊഫാഷിസ്റ്റ് ബി.ജെ.പി സർക്കാരിന്റെ മാനവശേഷി വകുപ്പ് നേരിട്ട് ഇടപെട്ട്, രോഹിത് വെമുലയുടെ കൊലപാതത്തിൽ എത്തിച്ച സംഘപരിവാർ ജാതി വെറിക്ക് അല്പം പോലും ശമനം വന്നിട്ടില്ല. ജെ.എൻ.യു സംഭവങ്ങളുടെ മറയിൽ കൊലയാളി അപ്പാറാവു വീണ്ടും ചാൻസലറായിരിക്കുന്നു.

ഹിന്ദുത്വ ഫാഷിസത്തിന്റെ പിടിയിലല്ലാത്ത ഒരു വിദ്യാർത്ഥിക്യാമ്പസ് ഉത്പാദിപ്പിക്കുന്ന ചിന്താശേഷികളെ സംഘപരിവാരശക്തികൾക്ക് എന്നും പേടിയാണ്. ഹൈദരാബാദ് പോലെ ജാതിയെ മറയില്ലാതെ തുറന്ന് കാട്ടുന്ന ഒരു ക്യാപസിന് പ്രത്യേകിച്ചും. ചിന്താശേഷിയെ കൂച്ചുവിലങ്ങിടുക എന്നത് ഏത് ഫാഷിസ്റ്റ് ശക്തിയുടെയും വ്യാമോഹമാണ്. ജെ.എൻ.യു സംഭവത്തിൽ ഒരു ചുവട് പിന്നോട്ട് വച്ചു എന്ന് തോന്നിപ്പിച്ചു കൊണ്ട് സംഘപരിവാര സർക്കാർ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ അതിന്റെ ഏറ്റവും ക്രൂരമായ മർദ്ദനോപകരണങ്ങളുമായി ആഞ്ഞടിക്കുകയാണ്.

അതിനെതിരെ നിരായുധരായി പ്രതികരിക്കുന്ന വിദ്യാർത്ഥികളെ കനത്ത പോലീസ് ഫോഴ്സ് ഉപയോഗിച്ച് ചവിട്ടിയും, കുത്തിയും, അസഭ്യം ചൊരിഞ്ഞും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു. ബാക്കിയുള്ളവർക്കായി ഭരണകൂടവും സർവകലാശാല നേതൃത്വവും ചേർന്ന് സർവ്വകലാശാല തന്നെ കോൺസൺട്രേഷൻ ക്യാമ്പാക്കി കൊടുക്കുന്നു. ഇന്റർനെറ്റ് ഇല്ലാതാക്കികൊണ്ട് ആദ്യം തന്നെ പുറംലോകത്ത് നിന്നും അവരെ ഒറ്റപ്പെടുത്തുന്നു, വെള്ളമില്ല, ഭക്ഷണമില്ല, ഭക്ഷണമുണ്ടാക്കുന്നവരെ പിന്നേയും അറസ്റ്റ് ചെയ്യുന്നു, പണമെടുക്കാൻ എ.റ്റി.എം കാർഡില്ല, പുറത്ത് നിന്നും ഭക്ഷണമെത്തിക്കാൻ സാധിക്കാത്ത വിധം ഗേറ്റുകൾ അടഞ്ഞ് കിടക്കുന്നു, ഒരു സർവ്വകലാശാല തന്നെ പൂട്ടിയിടുന്നു, ഒരു മീഡിയയേയും രാഷ്ട്രീയ നേതാവിനേയും അകത്ത് കയറ്റാതിരിക്കാൻ രജിസ്റ്റ്രാർ കത്തെഴുതി പൊലീസ് ഫോഴ്സിന്റെ സഹായമഭർത്ഥിക്കുന്നു!

എന്തുകൊണ്ട് സർവ്വകലാശാലകൾ?ഹിന്ദുത്വ ഫാഷിസത്തിന്റെ പിടിയിലല്ലാത്ത ഒരു വിദ്യാർത്ഥിക്യാമ്പസ് ഉത്പാദിപ്പിക്കുന്ന ചിന്താശേഷികളെ സംഘപരിവാരശക്തികൾക്ക് എന്നും പേടിയാണ്. ഹൈദ്രാബാദ് പോലെ ജാതിയെ മറയില്ലാതെ തുറന്ന് കാട്ടുന്ന ഒരു ക്യാപസിന് പ്രത്യേകിച്ചും. ചിന്താശേഷിയെ കൂച്ചുവിലങ്ങിടുക എന്നത് ഏത് ഫാഷിസ്റ്റ് ശക്തിയുടെയും വ്യാമോഹമാണ്. ജെ.എൻ.യു സംഭവത്തിൽ ഒരു ചുവട് പിന്നോട്ട് വച്ചു എന്ന് തോന്നിപ്പിച്ചു കൊണ്ട് സംഘപരിവാര സർക്കാർ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ അതിന്റെ ഏറ്റവും ക്രൂരമായ മർദ്ദനോപകരണങ്ങളുമായി ആഞ്ഞടിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾക്ക് ഈ കൊടുങ്കാറ്റ് കാണാതിരിക്കാനാവുന്നതെങ്ങിനെയാണ്? അല്ലെങ്കിൽ അവരുടെ വായും മൂടപ്പെട്ടുവെന്നോ? എന്നാൽ ഇത് വിദ്യാർത്ഥികൾക്കെതിരെ മാത്രമുള്ള പോരല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരനും എതിരായുള്ള യുദ്ധമാണ്, പൊരുതി നേടേണ്ട യുദ്ധം.

അതെ, ഇതു യുദ്ധമാണ്, ഒരു പട്ടാളം ഗോലിയാത്ത്മാർക്കെതിരെ നിരായുധനായ ദാവീദിന്റെ യുദ്ധം.