സത്യമുള്ള മരം

അന്ന്‌ ഉത്രാടമായിരുന്നു. സന്ധ്യ മയങ്ങുന്ന നേരം. വീടിന്റെ ഉമ്മറത്തായി കാലത്ത്‌ താന്‍ തന്നെയിട്ട പൂക്കളത്തിനരികിലൂടെ അയാള്‍ ഉലാത്തുകയായിരുന്നു. ചെറുതെങ്കിലും അടിയിലെ മണ്ണ്‌ ഒട്ടും കാണാത്തരീതിയില്‍ കനത്തിലിട്ടിരുന്ന അതിലെ പൂക്കള്‍ ഉച്ചവെയിലേറ്റ്‌ വാടി, കാറ്റടിച്ച്‌ സ്ഥാനം തെറ്റി, കളത്തിന്റെ ആകൃതിയില്ലാതാക്കി ചിതറിക്കിടക്കുകയാണ്‌. എന്നിട്ടും കഴിഞ്ഞുപോയ നല്ലതിനെയെന്തിനെയോ അത്‌ ഓര്‍മ്മിപ്പിയ്ക്കുന്നുണ്ട്‌ എന്ന്‌ അയാള്‍ക്ക്‌ തോന്നി. രാവിലത്തെ തെളിച്ചത്തിലും വലുതായി വൈകുന്നേരത്തെ വാട്ടത്തിന്‌ ഒരു പ്രത്യേക ചൈതന്യമുള്ളതുപോലെ. ഇനി ഒരു രാത്രി കൂടി അവയ്ക്കീ മുറ്റത്തിനെ അലങ്കരിയ്ക്കാം. നാളെ കാലത്ത്‌ തന്നെ എഴുന്നേറ്റ്‌ ഇതൊക്കെ അടിച്ചുവാരിക്കളഞ്ഞിട്ട്‌ തൃക്കാക്കരയപ്പനെ ഇതേ സ്ഥലത്ത്‌ ഒരു പലകയില്‍ വയ്ക്കണം. പൂവേ പൊലി പറഞ്ഞ്‌ പൊലിയ്ക്കണം. അതിനുള്ള നാലഞ്ച് തുമ്പക്കുടങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ ഭദ്രം. തുമ്പക്കുടങ്ങള്‍ക്കാണ്‌ ഏറ്റവും ദാരിദ്ര്യം. അതുകൊണ്ട്‌ രണ്ടു ദിവസം മുന്‍പ്‌ എവിടെനിന്നെങ്കിലും രണ്ടുമൂന്നെണ്ണം സംഘടിപ്പിച്ച്‌ ഫ്രിഡ്ജിലെടുത്തു വയ്ക്കും. ഒരു നിര്‍ജ്ജീവത്വമുണ്ടെങ്കിലും വേറെ തുമ്പക്കുടം കിട്ടാനില്ലാത്തതുകൊണ്ട് ഫ്രിഡ്ജില്‍ ഇരുന്ന പഴയ പൂവു തന്നെ ഉപയോഗിയ്ക്കും. കുട്ടിക്കാലമെന്നു പറയാവുന്ന ഒരു പ്രായം കഴിഞ്ഞിട്ടും ഇതെല്ലാം ചെയ്യാന്‍ അയാള്‍ക്ക്‌ നല്ല താത്പര്യമാണ്‌. ഓണക്കാലത്ത്‌ വീട്ടിലുണ്ടെങ്കില്‍ അയാള്‍ ഒരു ചെറിയ പൂക്കളമെങ്കിലും ഇട്ടിരിയ്ക്കും. ഇത്തവണ ഉത്രാടത്തിനു മാത്രമേ കളമിടാന്‍ പറ്റിയുള്ളൂ.

കുട്ടിയായിരിയ്ക്കുമ്പോള്‍ എല്ലാത്തിനും കൂടെക്കൂടാന്‍ മുത്തച്ഛനുണ്ടായിരുന്നു. വേലിയ്ക്കപ്പുറത്ത്‌ കാടുപിടിച്ചു കിടക്കുന്ന ഒരു പറമ്പും അതിനു നടുക്കുള്ള മുത്തച്ഛന്റെ വീടും അയാള്‍ നോക്കി. ഒരുള്‍ക്കിടിലത്തോടെയല്ലാതെ അസമയങ്ങളില്‍ അങ്ങോട്ട്‌ നോക്കാന്‍ അയാള്‍ക്ക്‌ പറ്റാറില്ല. വലുതായി എന്നു സ്വയം വിശ്വസിപ്പിച്ചിട്ടും മാറാത്ത ഭയങ്ങളില്‍ ചിലതാണ്‌ അതൊക്കെ. നോക്കിക്കൊണ്ടിരിയ്ക്കുമ്പോള്‍ അടഞ്ഞുകിടക്കുന്ന ജനലുകളേതെങ്കിലും തുറന്നാലോ ? ആരെങ്കിലും അതിലൂടെ തന്നെ നോക്കിയാലോ ? മനസ്സിലാണ്‌ ഭയം. മുത്തച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അങ്ങനെയൊന്നുമില്ലായിരുന്നു. ഭയമേയില്ലായിരുന്നു. എല്ലാം മാറാന്‍ മുത്തച്ഛന്റെ അടുത്ത്‌ ഇരുന്നാല്‍ മതിയായിരുന്നു. ആ പടുവൃദ്ധന്റെ സാമീപ്യം വരെ തനിയ്ക്ക്‌ ഒരു കവചമായിത്തോന്നിയിരുന്നു എന്നതില്‍ അയാള്‍ ഇപ്പോള്‍ അദ്ഭുതപ്പെടുന്നു. കുട്ടിക്കാലം കഷ്ടിച്ച്‌ മുഴുവനും അയാള്‍ മുത്തച്ഛന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്‌. സ്കൂളില്‍ നിന്ന്‌ വന്നാലുടനെ പറമ്പിലേയ്ക്കോടും. അവിടെ എന്തെങ്കിലും ചെയ്തുകൊണ്ട്‌ മുത്തച്ഛന്‍ നടക്കുന്നുണ്ടാവും. തന്നെക്കണ്ടാലുടനെ ചോദിയ്ക്കും, “ആ, വന്നോ വികൃതീ. പോയി ചായ കുടിച്ചട്ട്‌ വാ”. ചായ കുടിച്ച്‌ വന്ന്‌ കഴിഞ്ഞാല്‍ പിന്നെ പണിയാണ്‌. പുല്ലു പറിയ്ക്കുക. വാഴകളുടെ ഉണങ്ങിയ ഇലകള്‍ മുറിച്ചെടുത്ത്‌ തീയ്യിടുക. ചവറടിച്ചുകൂട്ടി കത്തിയ്ക്കുക. ഇടയ്ക്ക്‌ കൃഷിപ്പണിയും. അത്‌ പക്ഷേ ചില കാലങ്ങളില്‍ മാത്രമേ ഉള്ളൂ. മുത്തച്ഛന്‌ ആവേശം വരണം.

ചില ദിവസങ്ങളില്‍ പത്രം വായിയ്ക്കുമ്പോള്‍ അമ്മയോട്‌ ചോദിയ്ക്കുന്നത് കേള്‍ക്കാം, “മോളേ, ഇപ്പൊ ഒരു കിലോ വെണ്ടയ്ക്കയ്ക്കെത്രയാ വെല.” വിലക്കൂടുതലാണെന്നറിഞ്ഞാല്‍ പിന്നെ ഉടനെ മുത്തച്ഛന്‌ അത്‌ കൃഷി ചെയ്യണം. അതിനുള്ള കാലമാണോ അല്ലയോ എന്നൊന്നും നോട്ടമില്ല. ചിലപ്പോള്‍ അച്ഛന്‍ പറയുന്നത്‌ കേള്‍ക്കാം , “അച്ഛാ, ഇപ്പൊ വെണ്ടയ്ക്ക നടേണ്ട കാലമൊന്നുമല്ല. അതൊക്കെ നോക്കിച്ചെയ്തില്ല്യെങ്കില്‍ ഒന്നൂണ്ടാവില്ല്യ. വെറുതെ പണിയെടുക്കുന്നത് മാത്രാവും മെച്ചം.” ഉടനെ മുത്തച്ഛന്റെ മറുപടി വരും, “നേരോം കാലോം നോക്കി നടണതൊക്കെ പിടിയ്ക്കും എന്ന് എന്താ ഒറപ്പ്. ഇതൊക്കെ ഒരു ഭാഗ്യാ. അല്ലെങ്കിത്തന്നെ കൊറച്ച്‌ വെണ്ടവിത്ത്‌ കുഴിച്ചിടണതോണ്ട്‌ ദ്രോഹൊന്നൂല്ല്യല്ലോ. കായ്ക്ക്യാണെങ്കി കായ്ക്കട്ടെ. ഏതാ എപ്പഴാ നമുക്ക് ഉപകാരായിട്ട് നില്ക്കുക എന്ന് ആര്‍ക്കും പറയാനാവില്ല”

കൃഷി തുടങ്ങിയാല്‍ പിന്നെ കുറച്ച്‌ ദിവസത്തേയ്ക്ക്‌ അതിന്മേലായിരിയ്ക്കും കൂടുതല്‍ ശ്രദ്ധ. വൈകുന്നേരജോലികളും പറമ്പിന്റെ ഒരു പ്രത്യേക ഭാഗത്തേയ്ക്ക് ഒതുങ്ങും. വേനലാണെങ്കില്‍ തടമെടുക്കണമെന്നും വര്‍ഷമാണെങ്കില്‍ തിണ്ട്‌ കെട്ടണമെന്നും അയാള്‍ പഠിച്ചത്‌ അങ്ങനെയാണ്‌. മുത്തച്ഛന്റെ അടുത്തു നിന്ന് എന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. ചിലപ്പോള്‍ മുത്തച്ഛന്‍ സ്വന്തം ചെറുപ്പത്തിലെ കഥകള്‍ പറയും. അന്നത്തെ ലോകമഹായുദ്ധങ്ങളും അതിന്റെ ഫലമായുണ്ടായ കഷ്ടപ്പാടുകളും വിഷമങ്ങളും ഒക്കെ. റേഷന്‍കടയില്‍ ആ കാലത്ത്‌ ഒരുതരം അരി കിട്ടിയിരുന്നുവത്രേ. റേഷന്‍കടയില്‍ അരി കിട്ടിയിരുന്നു എന്നല്ല, അവിടെയേ അരി കിട്ടുമായിരുന്നുള്ളൂ എന്നു വേണം പറയാന്‍. ‘കോഴിറേഷന്‍’ എന്നാണ്‌ അതിനെ വിളിച്ചിരുന്നത്‌. കോഴിയ്ക്ക്‌ പോലും വേണ്ടാത്ത ആ അരി വാങ്ങിയ്ക്കാനും ആള്‍ക്കാര്‍ വരി നില്‍ക്കുമായിരുന്നു. അതെടുത്തു കൊടുക്കുന്ന ആള്‍ ഒരു തോര്‍ത്തുമുണ്ടുകൊണ്ട് മുഖം മൂടിക്കെട്ടി ഒരു കൈക്കോട്ട് കൊണ്ട് തോണ്ടി അളന്നാണ്‌ ആവശ്യക്കാര്‍ക്ക് കൊടുക്കുക. അത് കഴുകിച്ചേറ്റി വൃത്തിയാക്കി പുഴുങ്ങിയെടുത്താലും, വയ്ക്കുന്ന ചോറിന്‌ പിന്നെയും നാറ്റം ബാക്കിയാവും. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് എല്ലാവരും അതു തന്നെ കഴിയ്ക്കും. ഈ പറയുന്നതിലെല്ലാം തനിയ്ക്കുള്ള ഉപദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്‌ എന്ന്‌ അയാള്‍ക്കറിയാമായിരുന്നു. എന്തെങ്കിലും ഭക്ഷണം മുഴുവന്‍ കഴിക്കാതെ ബാക്കിവച്ചാലായിരിക്കും ഇത്തരം കഥകള്‍ മുത്തച്ഛന്‍ പറയുക. നേരിട്ട്‌ ഉപദേശിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നു തോന്നുന്നു, മുത്തച്ഛന്‍ കഥകളിലൂടെയായിരുന്നു അധികം കാര്യങ്ങളും സൂചിപ്പിച്ചിരുന്നത്‌.

പണ്ട് മുത്തച്ഛന്‍ ബാംഗ്ളൂരില്‍ ചെന്ന് ചായക്കടയില്‍ പണിയെടുത്ത് ജീവിച്ച കാര്യവും ഇടയ്ക്കൊക്കെ സംസാരത്തില്‍ വരും. ദാരിദ്ര്യം മൂലം നാട്ടില്‍ നിന്ന് ഓടി ബാംഗ്ളൂരെത്തിയ മുത്തച്ഛന്‍ ‘ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ്സ്’ഇല്‍ ഇരുമ്പ് കൊണ്ടുണ്ടാക്കിയ വിമാനഭാഗങ്ങളിലെ തുരുമ്പ് ഉരക്കടലാസ്സ് വച്ച് ഉരച്ച് കളയുന്ന ജോലിയാണ്‌ ആദ്യം കിട്ടിയത്. അവിടെ നിന്നും ചെയ്യാത്ത ഒരു കുറ്റത്തിന്‌ മുത്തച്ഛനെ പുറത്താക്കി. ഉരക്കടലാസ്സ് മോഷ്ടിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. അവിടെനിന്ന് കിട്ടാനുള്ള ശമ്പളബാക്കി കിട്ടുന്നതു വരെ മുത്തച്ഛന്‍ ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഒരു ചായക്കടയില്‍ എടുത്തുകൊടുക്കാനും മേശതുടയ്ക്കാനും പാത്രം കഴുകാനും സഹായിച്ച് കൊണ്ട് നിന്നു. ശമ്പളം കിട്ടിയ അന്ന് രാത്രി തന്നെ ആരും അറിയാതെ അവിടെ നിന്നും വണ്ടി കയറി നാട്ടിലേക്ക് തിരികെ വന്നു. തന്നെ കള്ളനാക്കിയ ആ നാട്ടിലേക്ക് പിന്നീടൊരിക്കലും മുത്തച്ഛന്‍ തിരിച്ചുപോയിട്ടില്ല. ഈ കഥ പറഞ്ഞുകഴിഞ്ഞാല്‍ മാത്രം മുത്തച്ഛന്‍ പറയും, “അപ്പൂ, കളവ് ചെയ്യരുത്. പറയരുത്. ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായാലും ഒരിക്കലും പ്രതീക്ഷ കളയരുത്. ഒക്കെ നല്ലതിനാണ്‌ എന്ന് വിശ്വസിക്കണം.“ മുത്തച്ഛന്‍ ആകെ തരുന്ന ഒരുപദേശം. ഈയടുത്ത് ബാംഗ്ളൂരില്‍ പോകാനും അവിടെ കുറച്ചുകാലം താമസിക്കാനും ഒരു അവസരം കിട്ടിയപ്പോള്‍ അയാള്‍ ‘ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ്സ്’ കുറെ അന്വേഷിച്ചു. എവിടെപ്പോവുമ്പോഴും അയാളുടെ കണ്ണുകള്‍ വഴിയിലെ ബോര്‍ഡുകളിലായിരുന്നു. എന്നെങ്കിലും മുത്തച്ഛന്‍ പറഞ്ഞത് കേട്ട് കേട്ട് പരിചയിച്ച ആ കമ്പനി കാണണം എന്ന് ഉണ്ടായിരുന്നു. പലരോടും അന്വേഷിച്ചു. അങ്ങനെയൊരു കമ്പനി ഇപ്പോള്‍ ഉണ്ടോ എന്ന് പോലും ആര്‍ക്കും അറിയില്ല.

നേരമിരുട്ടിത്തുടങ്ങിയിരുന്നു. നല്ലവണ്ണം ഇരുട്ടാവുന്നതിനുമുന്‍പ് കുളിക്കണം. അകത്ത് ചെന്ന് തോര്‍ത്തെടുത്ത് അയാള്‍ കുളത്തിലേക്ക് നടന്നു. പോകുന്ന വഴിക്ക് മുത്തച്ഛന്റെ അസ്ഥി അടക്കം ചെയ്തിരിക്കുന്നതിനടുത്തുള്ള മാവ് കണ്ടു. അസ്ഥിത്തറയുടെ സ്ഥാനം നിര്‍ണ്ണയിയ്ക്കാന്‍ വച്ച കല്ല് ഇപ്പോഴും അവിടെത്തന്നെയുണ്ട്. അവിടെ വിളക്കു വയ്ക്കാതായിട്ട് ഏറെക്കാലമായി. ആ മാവ് മുത്തച്ഛന്‍ വാശി പിടിച്ചതുകൊണ്ട് മാത്രമാണ്‌ പണ്ട് വെട്ടിക്കളയാതിരുന്നത്. ഒരിയ്ക്കലും പൂക്കാത്ത ഒരു മാവായിരുന്നു അത്. വെട്ടി വിറ്റാല്‍ വിറകിന്റെ കാശെങ്കിലും കിട്ടുമെന്ന് വാദിച്ച അച്ഛന്‍ മുത്തച്ഛനൊരാളുടെ വാക്കു കേട്ടാണ്‌ മിണ്ടാതായത്. മുത്തച്ഛന്‍ പറഞ്ഞു,“അതവിടെ നില്ക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ. ബാലകൃഷ്ണാ, ചിലപ്പൊ ഒരു കാലത്ത് നിന്റെ മകനേക്കാളും ഉപകാരം നിനക്ക് ആ മാവ് ചെയ്യില്ലെന്നാര്‌ കണ്ടു?” പിന്നീട് കുറച്ചു ദിവസത്തേയ്ക്ക് അച്ഛന്‍ പതിവിലും മൌനിയായിരുന്നു എന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു.

ഒരിയ്ക്കല്‍ പതിവുപോലെ പറമ്പ് വൃത്തിയാക്കുമ്പോള്‍ അയാള്‍ ചോദിച്ചു, “മുത്തശ്ശാ, ഈ പൂക്കാത്ത മാവ് എന്നേക്കാളും ഉപകാരം ചെയ്യുമ്ന്ന് എന്തോണ്ടാ മുത്തശ്ശന്‍ പറഞ്ഞേ?” ഒരബദ്ധം പറ്റിയ മട്ടില്‍ മുത്തച്ഛന്‍ ചിരിച്ചു, “അപ്പു അച്ഛനേം അമ്മേം നോക്കില്ല്യേ, വല്‌തായാ?” “ഉവ്വ്. അച്ഛനേം അമ്മേം മുത്തശ്ശനേം നോക്കും.” സ്വത:സിദ്ധമായ തന്റെ ചിരി ഒന്നുകൂടെ ചിരിച്ചിട്ട് മുത്തച്ഛന്‍ പറഞ്ഞു, “മിടുക്കന്‍ കുട്ടി. മുത്തശ്ശനെ കുട്ടന്റെ അച്ഛനും അമ്മേം നോക്കണ പോലെ അവരെ കുട്ടനും നോക്കണം ട്ടോ. പിന്നെ ഈ മാവ് പൂക്കില്ല്യ പൂക്കില്ല്യ എന്നല്ലേ പരാതി. അത് മാറ്റാന്‍ പറ്റ്വോ എന്ന് നോക്കാം. എന്താ?” “ആവാം.” അയാള്‍ക്കും ഉത്സാഹം കയറി. “എന്നാല്‍ കുട്ടന്‍ ആ മാവിന്റെ തടിയില്‍ കൈവച്ച് പറയൂ, ‘മാവേ, നീ ഒരു തവണയെങ്കിലും പൂക്കണേ. നീ പൂത്തില്ലെങ്കില്‍ എന്റച്ഛന്‍ ആള്‍ക്കാരെ വരുത്തി നിന്നെ വെട്ടിവീഴ്ത്തും. എന്നാല്‍ പൂത്താലോ, ഒരിയ്ക്കലും ഞങ്ങളായി നിന്നെ വെട്ടിക്കളയില്ല.’ ഇങ്ങനെ നല്ലോണം മനസ്സില്‍ വിചാരിച്ച് പറഞ്ഞുനോക്കൂ. മുത്തച്ഛനും പറയാം.“ അവര്‍ രണ്ടുപേരും അന്ന് ആ പടുകൂറ്റന്‍ മാവിന്റെ തടിയില്‍ കൈവച്ച് ആ വാചകം പറഞ്ഞു. അന്നത്തെ പണികഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചു നടക്കുമ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു, ”കുട്ടാ, മാവും മറ്റെല്ലാ മരങ്ങളും ചെടികളും പക്ഷികളും മൃഗങ്ങളും സത്യമുള്ളവരാണ്‌. എന്താന്ന് വച്ചാല്‍ അവര്‍ക്ക് കളവ് ചിന്തിയ്ക്കാന്‍ പോലുമുള്ള ബുദ്ധിവികാസമില്ല്യ. അത് മനുഷ്യന്‌ മാത്രേ ഉള്ളൂ. ഇതൊരു സത്യള്ള മരാണ്‌. ഇത് ഇത്തവണ പൂക്കും. കുട്ടന്‍ നോക്കിക്കോളൂ.“

അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന മുത്തച്ഛന്‍ പിറ്റേന്ന് എഴുന്നേറ്റില്ല. വീട്ടില്‍ ആരൊക്കെയോ കുറേപ്പേര്‍ വന്നു. അവരില്‍ച്ചിലര്‍ മുത്തശ്ശനെ എടുത്ത് നിലത്ത് കിടത്തി വെള്ളത്തുണികൊണ്ട് മൂടി. കുറച്ചുകഴിഞ്ഞ് അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് മുത്തച്ഛനെ മുളകൊണ്ടുണ്ടാക്കിയ ഒരു കോണിയില്‍ വച്ച് എങ്ങോട്ടോ കൊണ്ടുപോയി. ജീവിതത്തില്‍ അയാളാദ്യമായി കാണുന്ന ഒരു മരണം. ആകെ വല്ലാതായ അയാളോട് അമ്മ പറഞ്ഞു, ”മുത്തച്ഛന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതാ അപ്പൂ. ഇനി അപ്പൂനെ സ്വര്‍ഗ്ഗത്തിലിരുന്ന് രക്ഷിക്കാന്‍ മുത്തശ്ശന്‍ അങ്ങട് പോയതാ ട്ടൊ.“ . ഇത് പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

”അപ്പൂ, വേം കേറ് നീയ്യ്. നല്ലോണം നേരായി. അച്ഛന്‍ അന്വേഷിക്കണുണ്ട്. വല്ല പാമ്പോ ചേമ്പോ ഒക്കെ ണ്ടാവും. കേറൂ.“ അമ്മയുടെ വിളി കേട്ട് അയാളൊന്ന് ഞെട്ടി. ഇത്ര നേരമായിട്ടും താന്‍ കല്പടവില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നോര്‍ത്ത് അയാള്‍ക്ക് തന്നോട് തന്നെ നീരസം തോന്നി. തന്റെ മനോരാജ്യങ്ങളെ ഈയിടെയായി തനിയ്ക്ക് തന്നെ നിയന്ത്രിക്കാന്‍ പറ്റാതായിരിക്കുന്നു. ഓരോ പടിയിറങ്ങുമ്പോഴും വഴുക്കാതിരിക്കാന്‍ അയാള്‍ നന്നായി സൂക്ഷിച്ചു. വടക്കോട്ട് തിരിഞ്ഞ് മൂന്നു മുങ്ങുമുങ്ങി. തിരിച്ചു കയറി സോപ്പ് തേച്ച് ഒരു ചാട്ടം ചാടി ഒന്നു ചെറുതായി നീന്തി. കുളിച്ചുകയറി തുവര്‍ത്തിയപ്പോഴേയ്ക്കും ആകെ ഒരു തെളിച്ചം. കാണുന്നതിനെല്ലാം ഒരു മിഴിവ് കൂടിയ പോലെ. എപ്പോഴും ഉള്ള തോന്നലാണെങ്കിലും ഓരോ തവണ കുളിച്ചു കയറുമ്പോഴും അയാള്‍ ആ തോന്നലിനെ ആസ്വദിയ്ക്കും. ചുറ്റുമുള്ളതെല്ലാം ഒന്നുകൂടി നോക്കിക്കാണും. കുളത്തിനക്കരെയുള്ള കൂറ്റന്‍ യക്ഷിപ്പനക്കും ഒരു പുതുമയാണ്‌ തോന്നുന്നത്. യക്ഷിയെപ്പറ്റിയും പനയെപ്പറ്റിയും ഓര്‍ക്കേണ്ടിയിരുന്നില്ല. പേടികൊണ്ടുണ്ടായ പരിഭ്രമത്തില്‍ വേഗം മുണ്ടെടുത്ത് ചുറ്റി അയാള്‍ തിരിച്ചു നടന്നു.

വീട്ടിലെത്തി ഉണ്ണാനിരിയ്ക്കുമ്പോള്‍ അയാള്‍ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, “എനിയ്ക്ക് മുത്തച്ഛന്റെ വീടിന്റെ താക്കോല്‍ ഒന്ന് തരണം നാളെ. ഞാന്‍ അത് പോയി വൃത്തിയാക്കാന്‍ പൊവ്വ്‌​‍ാ. പതുക്കെ ആ പറമ്പും. എന്തായാലും ഇനീപ്പോ കൊറച്ച് ദിവസം ഞാനിവിടേണ്ടല്ലോ.” അച്ഛനുമമ്മയും പരസ്പരം നോക്കി പുഞ്ചിരിച്ചു. അമ്മ പറഞ്ഞു, “ആ താക്കോല്‌ നമ്മടെ ഇവിടെയില്ലല്ലോ അപ്പൂ. ഉണ്ടെങ്കില്‍ അതിങ്ങനെ നാനാവിധായിട്ട് കെടക്കാന്‍ ഞങ്ങള്‌ സമ്മതിയ്ക്കുമ്ന്നാ നിന്റെ വിചാരം.” “പിന്നെ അതെവട്യാ?” അയാള്‍ ചോദിച്ചു. “അത് അദ്ദേഹത്തിന്റെ മകന്റെ കയ്യിലാണ്‌. മരണശേഷം അയാള്‍ വന്നിരുന്നു ഇവിടെ. അപ്പൊ ഞങ്ങളാ താക്കോല്‍ കൊടുത്തു.” “എന്താ അമ്മയീ പറയണേ. അമ്മയല്ലേ മുത്തശ്ശന്റെ മകള്‍ ? ഇതാരാ വേറെ മകന്‍ ?”

അച്ഛന്‍ പറഞ്ഞു, “അല്ല അപ്പൂ. അമ്മയും ഞാനും അദ്ദേഹത്തിന്റെ ആരുമല്ല. എന്നാല്‍ അതേസമയം എല്ലാമായിരുന്നു താനും. അദ്ദേഹത്തിന്റെ മകന്‍ അദ്ദേഹത്തിനെ വിട്ട് മറ്റെവിടെയോ ആയിരുന്നു താമസം. പ്രശ്നമെന്താണെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷിച്ചിട്ടുമില്ല. നിന്റെ അമ്മയെ ഞാന്‍ കല്ല്യാണം കഴിച്ചത് രണ്ടുവീട്ടുകാരെയും വെറുപ്പിച്ചാണ്‌. അമ്മയുടെ ഒരു കല്ല്യാണം ആദ്യം കഴിഞ്ഞിരുന്നതാണ്‌. റെജിസ്റ്ററില്‍ മാത്രമായിരുന്നു അയാള്‍ അമ്മയുടെ ഭര്‍ത്താവായിരുന്നത്. ഞാനും അമ്മയും ഇഷ്ടത്തിലായി. താമസമില്ലാതെ അയാളില്‍ നിന്ന് അമ്മ വിവാഹമോചനം നേടി. ഞങ്ങളുടെ വിവാഹത്തിന്‌ എല്ലാവരും എതിരായിരുന്നു. ഒരു രണ്ടാംകെട്ടുകാരിയെ കല്ല്യാണം കഴിയ്ക്കുന്നു എന്ന് പറഞ്ഞ് എന്റെ വീട്ടുകാരും തറവാട്ടുമഹിമയില്ലാത്ത ഒരു സാധാരണ സ്കൂള്‍മാഷെ കല്ല്യാണം കഴിയ്ക്കുന്നു എന്ന് പറഞ്ഞ് അമ്മയുടെ വീട്ടുകാരും. കല്ല്യാണം കഴിഞ്ഞതില്പ്പിന്നെ ഒരോട്ടമായിരുന്നു. ആരും പിന്നാലെ വന്നിട്ടല്ല. ജീവിതത്തില്‍ പിടിച്ചു നില്ക്കാനുള്ള നെട്ടോട്ടം. എന്തോ നല്ലകാലത്തിന്‌ ഇവിടെയെത്തി. നമ്മുടെയീ സ്ഥലം പണ്ട്, നീ മുത്തച്ഛനെന്ന് വിളിയ്ക്കുന്ന അദ്ദേഹത്തിന്റെയായിരുന്നു. അമ്മയും ഞാനും കൂടി ഇത് വാങ്ങിക്കുകയായിരുന്നു. അല്ല, അദ്ദേഹം ഞങ്ങള്‍ക്കിത് തരികയായിരുന്നു. പകരം ഒന്നു മാത്രം ആവശ്യപ്പെട്ടു, ‘നിങ്ങളെന്റെ മക്കളായിരിയ്ക്കണം.’ ആരുമില്ലാത്ത ഞങ്ങള്‍ക്ക് അദ്ദേഹവും അദ്ദേഹത്തിന്‌ തിരിച്ച് ഞങ്ങളും ആരൊക്കെയോ ആയി മാറി. ജീവിതത്തില്‍ പ്രതീക്ഷ എന്ന വാക്കിന്റെ അര്‍ത്ഥം ശരിയ്ക്ക് മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു നിന്റെ മുത്തശ്ശന്‍.“

അമ്മ പറഞ്ഞു, ”അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ മകന്റെ മേല്‍വിലാസം തപ്പിപ്പിടിച്ച് ഞങ്ങള്‍ അയാളെ വിവരമറിയിച്ചു. ഇവിടേയ്ക്കു വന്നപ്പോള്‍ താക്കോല്‍ കൊടുത്തു. നല്ല ഒരു മനുഷ്യന്‍. അദ്ദേഹത്തിനെപ്പോലെ തന്നെ. ഇത്ര നല്ല രണ്ടു പേര്‍ തമ്മില്‍ തെറ്റാന്‍ എന്താണ്‌ കാരണം എന്ന് ഞങ്ങള്‍ക്ക് എത്രയാലോചിച്ചിട്ടും മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ആലോചിച്ചിട്ട് ഇപ്പൊ എന്തിനാ. ആ മകന്‍ അച്ഛന്റെ വീട് കിട്ടിയ വിലയ്ക്ക് വിറ്റില്ല എന്നതും ഞങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെ കിടക്കുന്നു. മകനെച്ചൊല്ലിയുള്ള ആ അച്ഛന്റെ പ്രതീക്ഷ സഫലമായതായിരിക്കാം അത്. എന്തോ. ഇത്രയും കാലം ഇതൊക്കെ ഞങ്ങള്‍ മറന്നിരിയ്ക്കുകയായിരുന്നു. നീയായിട്ട് അതു വീണ്ടും ഓര്‍മ്മിപ്പിച്ചു.“

അന്ന് പിന്നെ അവര്‍ മൂന്നുപേരും പരസ്പരം ഒന്നും മിണ്ടിയില്ല. വീടിനാകെത്തന്നെ ഒരു വല്ലായ്മ ബാധിച്ച പോലെ. അയാള്‍ പിന്നീടും കുറേ നേരം മുത്തച്ഛനെയും അദ്ദേഹത്തിന്റെ മകനെയും പറ്റി ആലോചിച്ചു. അമ്മയെയും അച്ഛനെയും അവരുടെ ഇഷ്ടത്തെയും പറ്റിയാലോചിച്ചു. അന്ന് ഉറക്കം വരാന്‍ കുറച്ചധികം താമസിച്ചു. വല്ലാത്ത ശക്തിയോടെ അപ്രതീക്ഷിതമായി ഒരു മഴ പെയ്തു തുടങ്ങിയത് അയാളറിഞ്ഞു. വാടിയ ആ ഉത്രാടപ്പൂക്കളം മഴവെള്ളത്തിലൊലിച്ചുപോയിട്ടുണ്ടാവും. മഴയുടെ ആരവത്തിന്‌ കാതോര്‍ത്ത് കിടക്കുമ്പോള്‍ ഒരു കാര്യം അയാള്‍ക്കോര്‍മ്മ വന്നു. മുത്തച്ഛന്‍ മരിച്ച് ഒരു കൊല്ലമാവുന്നതിനു മുന്‍പ് ഒരു ദിവസം മാവിനടിയിലൂടെ നടക്കുകയായിരുന്ന അയാളുടെ കാല്ക്കല്‍ ഒരു മാമ്പൂങ്കുല വന്ന് വീണു. ഒരു ഞെട്ടലോടെ മുകളിലേയ്ക്ക് നോക്കിയ അയാള്‍ക്ക് എത്ര തിരഞ്ഞിട്ടും മറ്റൊരു പൂങ്കുല പോലും കണ്ടെത്താനായില്ല. മറ്റൊരു ദിവസം പഴുത്ത് തുടുത്ത ഒരു മാമ്പഴവും മാവ് അയാളുടെ മുമ്പിലേയ്ക്കിട്ടു കൊടുത്തു. അത്രമാത്രം. പിന്നീടൊരിയ്ക്കലും അത് പൂത്തിട്ടില്ല. കായ്ച്ചിട്ടില്ല. അതിന്റെ സത്യം അത് നിറവേറ്റികഴിഞ്ഞിരുന്നു. ഒരായുഷ്കാലത്തിന്റെ പ്രതീക്ഷയും...