108-നു നന്ദിപൂര്‍വ്വം

അടിയന്തിര പരിചരണം (Emergency care) ലക്ഷ്യമാക്കി തിരുവനന്തപുരത്ത് ആരംഭിച്ച 108 ആംബുലന്‍സ് സര്‍വീസ് വന്‍ വിജയമായിരിക്കുകയാണല്ലോ. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ അടിയന്തിരപരിചരണത്തിന് ഇത്രയും ശക്തമായ മറ്റൊരു നടപടി ചൂണ്ടിക്കാണിക്കാന്‍ ഇല്ല. മെയ് 2010 മുതല്‍ ഇങ്ങോട്ട് 15000-ല്‍പരം വിലപ്പെട്ട ജീവനുകള്‍ 108-സേവനത്തിന് പാത്രമായി. മലയിന്‍കീഴ് ആശുപത്രിയിലെ ഹെഡ് നഴ്സ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ 108 സേവനത്തെ കുറിച്ച് എഴുതിയ കവിത

'കാര്‍ത്തീ'ന്ന വിളി കേട്ടു കാതോര്‍ത്തീടവേ
പതിവില്ലാത്തൊച്ചയെന്നെനിക്കു തോന്നി
പരിഭ്രമിച്ചോടവേ പടിയ്ക്കലായ് കണ്ടു ഞാന്‍
പണിപ്പെട്ടെണീക്കുവാന്‍ ശ്രമിക്കുന്ന ചേട്ടനെ

കാരണമോതുവാന്‍ കഴിയാതെ വലയുന്നു
നെഞ്ചില്‍ ഒരു കൈ വല്ലാതമരുന്നൂ
നെറ്റിത്തടത്തിലോ വിയര്‍പ്പുചാലൊഴുകുന്നു
പറ്റിച്ചേര്‍ത്തിരുത്തവേ ജലത്തിനായ് ഉഴറൂന്നു

ഹൃദയാഘാതത്തിന്‍ ലക്ഷണമൊന്നൊന്നായ്
മനസ്സില്‍ തെളിയവേ തകര്‍ന്നു പോയ് ക്ഷണനേരം
ഉച്ചത്തില്‍ കരയുമെന്‍ ഒച്ച കേട്ടോടിയെത്തീ
മെച്ചമാം ആശ്വാസവചനത്തോടയല്‍ക്കാരും
പാതയോരത്തിലായ് പായമേല്‍ കിടത്തവേ
വാഹനം തേടിയോടീ പലരും പല വഴിയ്ക്കായ്

108 എന്നൊരു നമ്പരോര്‍ത്തീടവേ
ആശയാം പക്ഷിക്കൂട്ടം ചിറകടിച്ചുയര്‍ന്നുവോ
ഫോണെടുത്തുടന്‍ ഞെക്കി മറുപടി ഉടന്‍ വന്നു
'വിഷമിക്കേണ്ട തെല്ലും, ഉടനെത്തും ഞങ്ങള്‍ കേട്ടോ'

ദാഹാര്‍ത്തനാം പഥികന്‍ ജലം കണ്ടെടുത്ത പോല്‍
ചാരത്തായ് കേട്ടു ഞാന്‍ 108ന്റെ സൈറന്‍
പിന്നെല്ലാം നടന്നതോ ഞൊടിയിട സ്വപ്നം പോല്‍
ബ്രഹ്മദൂതരായ് വര്‍ത്തിച്ചു വാഹനഡ്യൂട്ടിക്കാരും

സ്ട്രെച്ചറും പേറി കുതിച്ചെത്തീ രണ്ടു പേര്‍
മെല്ലെ എടുത്തേറ്റി സ്വാന്തനവചസ്സോടെ
വിവരങ്ങള്‍ ആരായവേ തുടങ്ങീ പരിശോധന
ബി പിയും പള്‍സും നോക്കീ ഓക്സിജന്‍ സാച്യുറേഷനും
ഓക്സിജന്‍ നല്കീ മാര്‍ഗ്ഗേ അങ്ങോളമിങ്ങോളവും
ഇ സി ജി വ്യതിയാനം കാര്യമായ് കാണുന്നത്രേ
പ്രാര്‍ത്ഥനാനിരതയായ് തേങ്ങലോടിരിക്കവേ
തുടര്‍ന്നൂ പരിശോധന യാത്രേലിടയ്ക്കിടെ

പാതയിലെ തടസ്സങ്ങള്‍ വേഗേന ഒഴിഞ്ഞു പോയ്
മാലഖ എത്തവേ ചെകുത്താന്‍മാരെന്ന പോല്‍
അവശതയടങ്ങവേ മൊഴിഞ്ഞൂ അദ്ദേഹവും
'ഭയക്കേണ്ട കാര്‍ത്തീ നീ, തളര്‍ച്ചയേ എനിക്കുള്ളൂ'

മെഡിക്കല്‍ കോളേജിന്‍ കവാടം കടക്കവേ
നമിച്ചു ഞാന്‍ മനസ്സാലെ ഈ പുതുസംവിധാനത്തെ
ഉഷസ്സിന്‍ ഉണര്‍വില്‍ ഞാന്‍ എന്നുമോര്‍ത്തീടുന്നു
നന്ദിയോടോര്‍ത്തീടുന്നു ഈ നിസ്തുലസേവനത്തെ
എന്‍ ഗൃഹനാഥനെക്കാത്തതാം സാരഥികളെ
നന്‍മ തന്‍ വാഹകര്‍ മണ്ണില്‍ നിറഞ്ഞീടട്ടേ.