ജീവിതത്തിന്റെ കറുപ്പും വെളുപ്പും

നാരായണ്‍ സുര്‍വേയുടെ കവിതകളുടെ നിറം കറുപ്പും വെളുപ്പുമായിരുന്നു. എന്റെ സര്‍വകലാശാല എന്ന പുസ്തകത്തിന്റെ മുഖചിത്രം പോലെതന്നെ. പഴയ ബോംബെയിലെ ഒരു തെരുവിന്റെ ചിത്രമായിരുന്നു അത്. ഇന്നത്തേതുപോലെ തിരക്കുപിടിച്ച മഹാനഗരമല്ല. നായ്ക്കളും മനുഷ്യരും ഒരുപോലെ പങ്കിട്ട നഗരത്തിന്റെ ഒരു കോണില്‍ ഫുട്പാത്തില്‍ തളര്‍ന്നുറങ്ങുന്ന ഒരു മധ്യവയസ്കന്‍. തലെ രാത്രിയിലെ ജോലിയുടെ ക്ഷീണം കൊണ്ടാവാം, ഇന്നു ജോലിക്കു പോയില്ലെങ്കില്‍ ഇന്നത്തെ ദിവസം പട്ടിണിയാവും എന്നറിഞ്ഞിട്ടും അയാള്‍ക്ക് ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ പറ്റുനില്ല. റോഡിന്റെ മറുവശമാകട്ടെ, ഉണര്‍ന്നിരിക്കുകയാണ്.

സുര്‍വേ വളര്‍ന്നത് നഗരത്തിലെ തെരുവുകളിലാണ്. ഒരു മില്‍തൊഴിലാളിയാണ് നാരായണനെ വളര്‍ത്തിയത്. ബാലനായിരിക്കെ തന്നെ ഒരു തുണി മില്ലില്‍ ജോലി ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തു. തന്റെ സര്‍വകലാശാലയായി സ്വയം പ്രഖ്യാപിച്ച അതെ തെരുവുകളില്‍ നിന്ന് നാരായണ്‍ സുര്‍വേ എഴുതാനും വായിക്കാനും പഠിച്ചു. പിന്നീട് കവിയായി, സ്കൂള്‍ മാസ്റ്ററായി, ഒരു ബഹുമുഖ പ്രതിഭയായി, പ്രിയപെട്ടവരുടെ മാസ്റ്റര്‍ ആയി വളര്‍ന്നപ്പോഴും തൊഴിലാളികളുടെ പ്രതിനിധിയായി തന്നെ അദ്ദേഹം ലോകത്തോട് സംസാരിച്ചു. "നാം മാത്രമാണ് ഇങ്ങനെയായത്", "ഞാന്‍ എങ്ങിനെ ഇതു പോലൊരു കഠിനഹൃദയനായി?", "ഇല്ലാത്തവന്റെ ലോകം" എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളില്‍തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കാം.

ആണ്‍തൊഴിലാളികളുടെ മാത്രം ശബ്ദമായിരുനില്ല സുര്‍വേയുടേത്. അദ്ദേഹതിന്റെ സ്ത്രീകഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. അവര്‍ക്കു പരിമിതികള്‍ ഏറെയാണെങ്ങിലും അമ്മയായി "എന്റെ അമ്മ"യിലും, അമ്മായിയമ്മയായും, മരുമകളായും "സത്യ"യിലും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ നമുക്ക് കാണാം. തന്റെ മകന്/ഭര്‍ത്താവിന് ശക്തി പകരുകയും വിഷമാവസ്ഥകളില്‍ അവരുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നതിന് അപ്പുറത്തേക്ക് അവള്‍ക്ക് സ്വപ്നങ്ങള്‍ കാണാനാവുന്നില്ല. അതേസമയം പാരീസിന്റെയും ബോംബെയുടെയും തെരുവുകളിലെ സ്ത്രീജീവിതങ്ങളെ താരതമ്യം ചെയ്യുന്ന "ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍" എന്ന കവിതയിലും, ലൈംഗികത്തോഴിലാളികളുടെ കഥ പറയുന്ന "വെള്ളമെടുക്കു" എന്ന കവിതയിലും കാണുന്ന സ്ത്രീകള്‍ ഇതില്‍ നിന്നും വ്യത്യസ്തരാണ്.

ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് കവിയായിരിക്കെ തന്നെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ആത്മീയതയും അദ്ദേഹത്തിന്റെ കവിതകള്‍ക്ക് അന്യമായിരുന്നില്ല. സ്വന്തം മനഃസാക്ഷിയോടുള്ള സംഭാഷണവും "എന്റെ സര്‍വകലാശാല" ഉള്‍പെടെ അദ്ദേഹത്തിന്റെ പല കവിതകളിലും കാണാന്‍ കഴിയും.

അദ്ദേഹത്തിന്റെ കവിതകളിലൂടെ നമുക്ക് അദ്ദേഹത്തെ കാണാം, അദ്ദേഹം കണ്ട ജീവിതം കാണാം. മറാഠി വായിക്കാനറിയാത്തവര്‍ക്ക് വിരലിലെണ്ണാവുന്ന ചില തര്‍ജിമകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെങ്കിലും. കവിതകള്‍ തേടിപ്പിടിക്കാന്‍ കഴിയാത്തവര്‍ക്ക് കവിയുടെ ജീവിതവും കവിതയും കഥാപാത്രങ്ങളാവുന്ന "നാരായണ്‍ ഗംഗാറാം സുര്‍വേ" എന്ന സിനിമ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടി യൂറ്റ്യൂബില്‍ ലഭ്യമാണ്. (ഈ സിനിമയ്ക്ക് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിചു. നാടക - സിനിമാ നടന്‍ കിഷോര്‍ കദം കവിയുടെ വേഷമിട്ട ചിത്രം സംവിധാനം‌ ചെയ്തത് അരുണ്‍ ഖോപ്കര്‍.)

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബോംബെ നിറങ്ങള്‍ കയറി മുംബൈ ആയി മാറുമ്പോഴും ആ കോണ്‍ട്രാസ്റ്റ് ഇല്ലാതാവുന്നില്ല - എണ്‍പത്തിമൂന്നാം വയസ്സില്‍ ഓര്‍മകളിലേക്കു മായുമ്പോഴും സുര്‍വേ നമ്മെ അതോര്‍മ്മപെടുത്തുന്നു. കൂടെയുള്ളവര്‍ തളരുമ്പോഴും ഉള്ളിലെ തീ അണയാതെ സൂക്ഷിക്കാന്‍ "ധീരന്‍" എന്ന കവിതയിലെ നായകനെപ്പോലെ അദ്ദേഹം നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. 1