അറിവു നിര്‍മ്മാണത്തിന്റെ ക്ലാസ്റൂം അനുഭവങ്ങള്‍

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്.

‘മാഷേ….ഞങ്ങളുടെ വീടിനടുത്തും കുന്നുകള്‍ നശിക്കുന്നുണ്ട്'

രാവിലെ ക്ലാസ്സില്‍ ചെന്നു കയറിയതേയുള്ളൂ. റിനിയാണ് പുതിയ കണ്ടെത്തലുമായി ഓടിവന്നത്. മലയാള പാഠപുസ്തകത്തിലെ ‘മണ്ണും മഴയും’, പരിസരപഠനത്തിലെ ‘കുന്നിറങ്ങി വയലിലേക്ക്’ എന്നീ യൂണിറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റിനി കണ്ടെത്തിയ കാര്യമാണ് അവള്‍ പറയുന്നത്. മറ്റു വിഷയങ്ങളിലും ഇതേ സമയത്ത് സമാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണുള്ളത്. ഇംഗ്ലീ‍ഷില്‍ ‘ബോലു മൈ ഫ്രെണ്ട്’ എന്ന യൂണിറ്റില്‍ വനം, വന്യജീവികള്‍ അവയോടുള്ള മനുഷ്യന്റെ അതിക്രമങ്ങള്‍, ഗണിതത്തില്‍ ‘കുറച്ച് സ്ഥലവും കൂടുതല്‍ സൌകര്യവും’ എന്ന യൂണിറ്റില്‍ സ്ഥല വിനിയോഗത്തിലെ കാര്യക്ഷമതയും, സമചതുരം, വൃത്തം, ചുറ്റളവ് എന്നിവയുമൊക്കെയാണ് ചര്‍ച്ചചെയ്യുന്നത്. എല്ലായൂണിറ്റുകള്‍ക്കും അതാത് വിഷയങ്ങളുടെ സവിശേഷതയും അതിനനുസരിച്ചുള്ള വ്യവഹാരങ്ങളും നിലനില്‍ക്കുമ്പോള്‍ത്തന്നെ തീമുകളുടെ കാര്യത്തില്‍ പരസ്പര ബന്ധമുണ്ട്. ഈ പാ‍ഠഭാഗങ്ങളിലൂടെ കുട്ടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വയം വിലയിരുത്തലും പരസ്പരവിലയിരുത്തലും നടക്കുന്നുണ്ട് , അതെല്ലാം ശരിയായി നടക്കുന്നുണ്ടൊ എന്ന് അധ്യാപകന്‍ വിലയിരുത്തുന്നുമുണ്ട്. വേണ്ട അവസരങ്ങളിലെല്ലാം കൈത്താങ്ങും ഫീഡ്ബാക്കും നല്‍കുന്നുമുണ്ട്.

ഇതിന്റെയെല്ലാം ഫലമായി കുട്ടികളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട് - വിലയിരുത്തുമ്പോള്‍ എനിക്കങ്ങിനെ തോന്നിയിട്ടുണ്ട്. അവര്‍ സ്ഥിരം കാണുന്ന കാഴ്ച്ചകളെപ്പോലും പഠനാനുഭവങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ സമീപിച്ച് പുതിയ ചില നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുന്നു. അവരുടെ വീക്ഷണരീതികളില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നു. നാലാം ക്ലാസ്സിലെ ആദ്യയൂണിറ്റുകളവസാനിക്കാറായി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് റിനിയുടെ ശബ്ദം ഉയരുന്നത്.

‘ മാഷേ….ഞങ്ങളുടെ വീടിനടുത്തും കുന്നുകള്‍ നശിക്കുന്നുണ്ട്.’ കുന്നുകള്‍ നശിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. പക്ഷെ വീടിനടുത്ത് അവരത് തിരിച്ചറിയുന്നത് പഠനപ്രവര്‍ത്തനങ്ങളെ ഗുണകരമായി സ്വാധീനിക്കും. ആ ചെറുപ്രായത്തില്‍ റിനി പറഞ്ഞതുപോലുള്ള ഒരഭിപ്രായം ചെറിയകാര്യമല്ല. അതുകൊണ്ടാണ് ഞാന്‍ താല്‍പ്പര്യത്തോടെ ഇടപെട്ടത്.

'ശരിയാണോ?' ഞാന്‍ ചോദിച്ചു. 'ശരിയാണ് ഞങ്ങളുടെ കരുതൊടികുന്നിനെ ആളുകള്‍ നശിപ്പിക്കുന്നു.'റിനിയുടെ അയല്‍ക്കൂട്ടത്തിലുള്ള 1 മറ്റുള്ളവരും ഏറ്റുപറഞ്ഞു. എല്ലാവര്‍ക്കും ഇക്കാര്യത്തെകുറിച്ചേറെ പറയാനുണ്ട്. റിനി തയ്യാറാക്കിയ കുറിപ്പ് അവള്‍ ഉറക്കെ വായിച്ചു.

റിനിയുടെ കുറിപ്പ്

എന്റെ വീടിനടുത്തുള്ള കുന്നാണ് കരുതൊടികുന്ന്.അതൊരു വലിയകുന്നാണ്. അതു നിലനിര്‍ത്തിയാല്‍ അടുത്ത പ്രദേശങ്ങളില്‍ തണലും തണുപ്പും നിലനില്‍ക്കും, കിണറുകളില്‍ വെള്ളം വറ്റില്ല. അത് നശിപ്പിച്ചാല്‍ ഇനിയുള്ള കാലം തണലും തണുപ്പും ഉണ്ടാകില്ല, വെള്ളക്ഷാമമുണ്ടാകും. ആ കുന്ന് ഇപ്പോള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. കുന്നിടിച്ച് ലോറികളില്‍ കല്ലും മണ്ണും മറ്റും കൊണ്ട് പോകുന്നു. അവിടെ ഇളകിനില്‍ക്കുന്ന പാറക്കല്ലില്‍ നിന്ന് ഉറവയായി വെള്ളം പുറത്തുവരുന്നു. അത് നേരെ താഴെ ക്വാറിയിലേക്കാണ് പോകുന്നത്. ഈ കുന്നിനെ നമ്മള്‍ എങ്ങിനെ രക്ഷിക്കും?

ഇത് ഒരു ചര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇരുമ്പൂഴി പ്രദേശത്ത് മറ്റു കുന്നുകള്‍ ഇങ്ങിനെ നശിക്കുന്നുണ്ടോ? ചര്‍ച്ച പുരോഗമിച്ചു.അയല്‍കൂട്ടങ്ങളില്‍ പുതിയ കണ്ടെത്തലുകളുണ്ടായി. ഇരുമ്പൂഴിയിലെ കുന്നുകളുടെ അവസ്ഥ ചാര്‍ട്ട് ചെയ്തു - അതിപ്രകാരമാണ് :

അബ്ദുള്‍ കലാം, ഷഹാന ഷറിന്‍, റിഷ്മ, ഹുസ്ന എന്നിവരുള്‍പ്പെട്ട താമര അയല്‍ക്കൂട്ടത്തിന്റെ ‘കരിഞ്ചീരികുന്നിനെ' കുറിച്ചുള്ള കുറിപ്പ്:

കരിഞ്ചീരികുന്ന്: ഇവിടെ വെട്ടുകല്ലു ക്വാറി പ്രവര്‍ത്തിക്കുന്നു. പണ്ടത്തെ അത്ര പക്ഷികളും മറ്റു ജീവികളും ഇവിടെ ഇപ്പോള്‍ ഇല്ലെന്ന് ആളുകള്‍ പറയുന്നു. കുന്ന് സാവധാനം നശിക്കുകയാണ്. ഇതേപോലെ തങ്ങളുടെ പ്രദേശങ്ങളിലെ കുന്നുകളെ കുറിച്ച് ആമ്പല്‍, മുല്ല, ചെമ്പകം എന്നീ അയല്‍കൂട്ടങ്ങളും കുറിപ്പുകള്‍ എഴുതിയിട്ടുണ്ട് . ‘ഇരുമ്പൂഴിയിലെ കുന്നുകളുടെ അവസ്ഥ’ എന്ന സെമിനാറും കുട്ടികള്‍ തന്നെ സംഘടിപ്പിച്ചു. മോഡറേറ്ററും, അവതാരകരും, ചര്‍ച്ചയില്‍ ഇടപെട്ടവരും എല്ലാം കുട്ടികള്‍ തന്നെ ആയിരുന്നു.

ഇവിടെ നാലാം ക്ലാസ്സിലെ ആദ്യദിനങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലാസ്സ് റൂമില്‍ നടക്കുന്നകാര്യങ്ങളെ പരാമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് വരും യൂണിറ്റുകളിലും ഉള്ളത്. അവയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനുഭവങ്ങളോ, അവ കുട്ടികളിലുണ്ടാക്കുന്ന പ്രക്രിയാ ശേഷികളോ ഇവിടെ ചര്‍ച്ചചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ഒരൊറ്റനോട്ടത്തിനു വേണ്ടി നാലാംക്ലാസ്സിലെ ഓരോവിഷയത്തിലുമുള്ള ആദ്യ യൂണിറ്റുകളുടെ (ആദ്യ മൊഡ്യൂളുകളിലെ) വിശകലനം ഇവിടെ കൊടുക്കുന്നു.

മറ്റു യൂണിറ്റുകളില്‍ കൃഷിയെ ജീവിത സംസ്കാരമായി കാണാത്ത അവസ്ഥ, വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്കാരിക തനിമയേയും അതിന്റെ സ്വതന്ത്രവികാസത്തേയും കുറിച്ച് ധാരണയില്ലായ്മ, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള പരിഗണനയില്ലായ്മ, പരിസര സൌഹാര്‍ദപരമായ വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്, ശാസ്ത്രീയമായ ആരോഗ്യ–പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം എന്നിങ്ങനെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലൂടെ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ ക്ലാസ് റൂമില്‍ നിര്‍മ്മിക്കുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ പത്ത് പതിനൊന്ന് പ്രായപരിധിയില്‍ വരുന്നവരാണ്. അവര്‍ ഏറ്റെടുത്തു ചെയ്യുന്ന പഠനപ്രവര്‍ത്തനങ്ങള്‍,കണ്ടെത്തുന്ന കാര്യങ്ങള്‍ - ഇതൊന്നും സമൂഹത്തില്‍ പലര്‍ക്കും വലിയ കാര്യമായിരിക്കില്ല, അപൂര്‍വ്വം ചിലരില്‍ മാത്രം താല്‍പ്പര്യം ഉണ്ടാക്കിയേക്കാം. പക്ഷെ ജീവജാലങ്ങളുടെ വാസസ്ഥലമായ കാടുകള്‍, കുന്നുകള്‍, വനങ്ങള്‍ എന്നിവയെ സംരക്ഷിക്കേണ്ടതാണ്, പരിസ്ഥിതിക്ക് ദോഷകരമായ വിധത്തില്‍ മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നു എന്നീ ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കുന്ന പ്രക്രിയയില്‍, അവര്‍ കടന്നുപോകുന്ന പഠനപ്രവര്‍ത്തനങ്ങളെകുറിച്ചും, സങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളെ കുറിച്ചും, വിഷയസംബന്ധിയായ പ്രക്രിയാശേഷികളെകുറിച്ചും ആരാണ് അന്വേഷിക്കാന്‍ പോകുന്നത്?

എഞ്ചിനീയറായി,ഡോക്ടറായി, ഐ എ എസ്സുകാരായി പുറത്തേക്കുവരുന്ന വിദ്യാര്‍ത്ഥികളുടെ നേട്ടത്തിന്റെ ആ മൂഹുര്‍ത്തത്തിലേക്ക് മാത്രം വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെയാകെ ഒതുക്കി കാണുന്ന വ്യാമോഹികളോടും, അത്യാഗ്രഹികളോടും, വിദ്യാര്‍ത്ഥി സമൂഹത്തെ വലിയ ഒരു ചന്തയായികാണുന്ന വിദ്യാഭ്യാസകച്ചവടക്കാരോടും ആര്‍ക്കാണ് പറഞ്ഞുനില്‍ക്കാനാവുക? മക്കളെകുറിച്ച് നല്ല സ്വപ്നങ്ങള്‍ മാത്രം കാണുന്ന ശരാശരി രക്ഷിതാക്കള്‍പോലും ഈ വലിയ വ്യാമോഹവലയത്തില്‍ പെട്ട് അതിന്റെ പരിസരത്തുനിന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്നത്. സ്വഭാവികവളര്‍ച്ചയുടെ നേട്ടം മാത്രമാണ് ഉയരങ്ങളിലെത്തിച്ചേരല്‍ എന്ന് ആരാണിവരെ പഠിപ്പിക്കുക? അറിവില്ലായ്മ, അത്യാഗ്രഹം, കച്ചവടതാല്‍പ്പര്യം, സങ്കുചിതമത‌‌‌ –സമുദായ വിഭാഗീയതകള്‍ എന്നിവയൊക്കെയാണ് പൊതുവിദ്യാഭ്യാസം എന്തെന്ന് വിശദീകരിക്കാന്‍ ചിലര്‍ക്ക് മാനദണ്ഡമായിട്ടുള്ളത്. ശാസ്ത്രീയമായ പാഠ്യപദ്ധതി, അതിനനുസരിച്ച് പാഠപുസ്തകങ്ങള്‍,അവയുമായി യോജിച്ചുപോകുന്ന ഹാന്‍ഡ്ബുക്കുകള്‍, സംസ്ഥാനതലം മുതല്‍ സ്കൂള്‍വരെ വ്യാപിച്ചുകിടക്കുന്ന പരിശീലനപരിപാടികള്‍, അവധിക്കാലത്തുമാത്രമല്ല ഇടക്കിടക്ക് നടക്കുന്ന ശാക്തീകരണ കോഴ്സുകള്‍, ക്ലാസ്സിനകത്തും പുറത്തും അധ്യാപകനെ സഹായിക്കാന്‍ ക്ലസ്റ്റര്‍, ഡി.ആര്‍.ജി, സി.ഡി.ആര്‍.ജി സംവിധാനങ്ങള്‍, ബി.ആര്‍.സി, ഡയറ്റ് എന്നിവയുടെ ഇടപെടലുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങള്‍ സൌജന്യമായി പാഠപുസ്തകം, ഉച്ചഭക്ഷണം,മുട്ട, പാല്‍, വിശേഷാവസരങ്ങളില്‍ അരിവിതരണം തുടങ്ങി സൃഷ്ടിപരമായ ഒട്ടനവധി ഇടപെടലുകളിലൂടെ പൊതുവിദ്യാഭ്യാസമെന്ന മഹാപ്രസ്ഥാനം മാനം മുട്ടി നില്‍ക്കുകയാണ്. ഇതൊന്നുമല്ല വിമര്‍ശകര്‍ ചര്‍ച്ച ചെയ്യുന്നത്, ഒരു ബദല്‍ നിര്‍ദ്ദേശിക്കുന്നുമില്ല. ഓര്‍മ്മശക്തിയെ മാത്രം ബുദ്ധിയായികണ്ട് പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ കുട്ടികളെ കുറിച്ച് ചിന്തിക്കുന്നേയില്ല, വിദ്യാഭ്യാസത്തെ അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ കാണുന്നില്ല. പണ്ട് ഒരു വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഒരധ്യാപകന്‍ കൂടിയായ വിദ്യാര്‍ത്ഥി എന്ന നിലയിലും ഞാന്‍ ഈ മാറ്റത്തെ നല്ല മാറ്റമായികാണുന്നു. ഇനിയും പഠനങ്ങളും ചര്‍ച്ചകളും കൂട്ടിചേര്‍ക്കലും വേണ്ടിവന്നേക്കാം. പക്ഷെ അത് തിരിച്ചുപോകാനല്ല മുന്നോട്ടുനടക്കാനാണ്. അതിന് അതിമോഹത്തിന്റെ തിമിരം ബാധിക്കാതെ കാണാന്‍ കഴിയണം.

പൊതുവിദ്യാഭ്യാസത്തിന്റെ തണലില്‍ വളര്‍ന്നുവന്ന ഒരു തലമുറ തന്നെ ഇന്നതിനെ വില്‍ക്കാനും വാങ്ങാനും അവസരം നോക്കി നില്‍ക്കുകയാണ്. അതിനെ തച്ചുതകര്‍ത്ത് ആ ശൂന്യതയില്‍ വിദ്യാഭ്യാസ അറവുശാലകള്‍ കെട്ടിപ്പൊക്കാന്‍ കാത്തിരിക്കുകയാണ്. ഇത്രയൊക്കെ ശ്രമിച്ചിട്ടും ആ വന്മരത്തിന്റെ ഒരു ചില്ലയൊടിക്കുവാന്‍ പോലും അവര്‍ക്കായിട്ടില്ല, പക്ഷെ അവര്‍ സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ അവകാശമെന്ന പേരില്‍ വാര്‍ത്തെടുക്കപ്പെടുന്ന പുതിയ നിയമങ്ങളില്‍ പൊതു- സ്വകാര്യ പങ്കാളിത്തം എന്നതുപോലെ കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ കടന്നുവരുന്നുണ്ട്. അതിന്റെ വക്താക്കള്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറല്ല. അതിനവര്‍ അനുവദിക്കാറുമില്ല. സമൂഹത്തിന്റെ വിവിധമേഖലകളില്‍ നടക്കുന്ന ചര്‍ച്ചകളും അഭിപ്രായ രൂപീകരണങ്ങളും വിദ്യാഭ്യാസ ചന്തകളുടേതായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപൂര്‍വ അവസരങ്ങളില്‍ അധ്യാപക ശാക്തീകരണ പരിപാടികളില്‍ പോലും സമൂഹത്തെ ബാധിച്ചകച്ചവടമൂല്യങ്ങളുടെ നെറ്റികള്‍ ചുളിയുന്നത് ഈ ലേഖകന്‍ കണ്ടിട്ടുണ്ട്.

പൊതുവിദ്യാലയത്തില്‍ നടക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ചാനല്‍-പാനല്‍ ചര്‍ച്ചകളോ,അണ്‍ എയ്ഡഡ് അഭ്യുദയാകാംക്ഷികളുടെ അഭിപ്രായ പ്രകടനങ്ങളോ, ‘അതിലേറെ മോഹിതരായവരുടെ‘ കമന്റുകളോ അല്ല മാര്‍ഗ്ഗമായി എടുക്കേണ്ടത്. ക്ലാസ് മുറികളിലേക്ക് കടന്നുവരൂ.. കൊമ്പന്‍ മീശയും, ചൂരലും, തുറിച്ചുനോട്ടവും അധ്യാപകരുടെ അടയാളമായി സ്വീകരിക്കുന്നവര്‍ക്ക്, ഉരുവിട്ട് കാണാപാഠം പഠിക്കലാണ് പഠനമെന്ന് വിചാരിക്കുന്നവര്‍ക്ക്, കമ്പോളത്തിനു വേണ്ടി മാനവ മൂല്യങ്ങളെ കാറ്റില്‍ പറത്തി യന്ത്രക്കുഞ്ഞുങ്ങളെ സൃഷ്ടിക്കലാണ് പഠനമെന്നു കരുതുന്നവര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം അനുഭവങ്ങളുടെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തുകയാണ് ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരം.

വിദ്യാഭ്യാസം വിമോചനമാണ് എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിരിച്ചറിഞ്ഞ ഒരു പാരമ്പര്യത്തിന്റെ നേരവകാശികള്‍ എല്ലാവിധ സ്വാര്‍ത്ഥമോഹങ്ങളേയും എതിര്‍ത്തുകൊണ്ടു മുന്നോട്ടു പോവുക തന്നെയാണ്.

  • 1. പഠന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി, അവധിക്കാലങ്ങളില്‍ പ്രത്യേകിച്ചും, ഒരു പ്രദേശത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന കൊച്ചു കൂട്ടായ്മകളെയാണ് അയല്‍കൂട്ടം എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.