വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവര്‍ണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്.

വിദ്യാഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും ആര്‍.എസ്.എസ്. നടപ്പിലാക്കിക്കൊണ്ടിരുന്ന വിദ്യാഭ്യാസത്തിന്റെ കാവിവല്ക്കരണം പൊതുവിദ്യാഭ്യാസ മേഖലയിലേക്കും കടന്നു വന്നിരിക്കുന്നു. എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യഭാഗങ്ങള്‍ പൊളിച്ചെഴുതുകയും സര്‍വകലാശാലകളെ തകര്‍ക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പില്‍ വരുത്തുന്നതിന്‌ വേണ്ടിയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നരസിംഹറാവുവിന്റെ ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്കരിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ എന്‍.സി.ഇ.ആര്‍.ടി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകള്‍ പല സംസ്ഥാന തലത്തിലുള്ള പാഠപുസ്തകങ്ങളിലെയും ഇത്തരം പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടുന്നവയായിരുന്നു.

എപ്പോഴും ഇത്തരത്തിലുള്ള വര്‍ഗീയവാദികള്‍ അവരുടെ ലക്ഷ്യം കൈവരിക്കുന്നത് ചരിത്രത്തെ വര്‍ഗീയമായി വളച്ചൊടിക്കുന്നതിലൂടെയാണ്‌. പലപ്പോഴും ആര്‍.എസ്.എസും ഹിന്ദു വര്‍ഗീയവാദികളും ചരിത്രത്തെ വക്രീകരിച്ചു കൊണ്ട് അവരുടെ നേട്ടം കൈവരിക്കുവാന്‍ അശ്രാന്ത പരിശ്രമം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ശാസ്ത്രപുരോഗതിയുടെയും മതേതരത്വത്തിന്റെയും ചരിത്രത്തെ അക്രമിക്കുന്നതിന്‌ ആര്‍.എസ്.എസ് ദേശീയതലങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റ് സ്ഥാപനങ്ങളെ തന്ത്രപരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. 1977-ല്‍ ജനസംഘം ജനതാ ഭരണത്തിന്റെ തണലില്‍ ഇത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. അക്കാലത്ത് പ്രമുഖ ചരിത്രകാരന്മാരായിട്ടുള്ള ആര്‍.എസ്. ശര്‍മയുടെയും സതീഷ് ചന്ദ്രയുടെയും ബിപിന്‍ ചന്ദ്രയുടെയും റോമിലാ ഥാപറിന്റെയും ചരിത്ര പാഠപുസ്തകങ്ങള്‍ നിരോധിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിക്കുകയാണുണ്ടായത്.

1977-ലെ പാഠം മനസിലാക്കിയാണ്‌ പിന്നീട് വന്ന ബി.ജെ.പി. ഗവണ്മെന്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനത ഗവണ്മെന്റിന്റെ ഭരണ കാലത്തെ ഇത്തരം വിദ്യാഭാസ പരിഷ്കാരങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിടേണ്ടി വന്നത് എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി, ഐ.സി.എസ്.എസ്.ആര്‍, ഐ.സി.എച്ച്.ആര്‍. തുടങ്ങിയ സ്ഥാപങ്ങളില്‍ നിന്ന് തന്നെയായിരുന്നു. ഈ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായ ചാന്‍സലര്‍മാര്‍, ഡയറക്റ്റര്‍മാര്‍, ചെയര്‍പേഴ്സണ്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ നിയമിച്ചു കൊണ്ടായിരുന്നു പിന്നീട് ഭരണത്തിലേറിയ ബി.ജെ.പി ഗവണ്മെന്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എതിര്‍പ്പിനെ നേരിട്ടത്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മുരളി മനോഹര്‍ ജോഷിയും മോഡി ഗവണ്മെന്റിലെ സ്മൃതി ഇറാനിയും സംഘപരിവാര്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് ബി.ജെ.പി ഗവണ്മെന്റിന്റെയും ഇക്കാലയളവിലെ പ്രധാനമന്ത്രിമാരുടെയും പരിപൂര്‍ണ പിന്തുണയോടു കൂടിയാണ്‌. സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ തൊഴിലാളി സംഘടനകളുടെ നിലപാടിനെ തള്ളിക്കൊണ്ട് ഭരണ നിര്‍വഹണം നടത്തിയ ദേശീയ ജനാധിപത്യ മുന്നണി (എന്‍.ഡി.എ) സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്തെ കാവിവല്ക്കരണം നടപ്പിലാക്കുന്നതിന്‌ യാതൊരു മടിയും കാണിച്ചിരുന്നില്ല.

മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2000-ലാണ്‌ ഏറെ വിവാദമായ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക്, എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ്യപദ്ധതി പരിഷ്കാരത്തിന്‌ വേണ്ടി അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരു പോലെ അധികാരമുള്ള (കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട) വിദ്യാഭാസ മേഖലയില്‍ ഏകാധിപത്യ മനോഭാവത്തോടെ കടന്നു കയറാന്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. മതവിശ്വാസം വ്രണപ്പെടുത്തുന്നുവെന്ന കാരണം പറഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തെ കൃത്യമായി അപഗ്രഥിക്കുവാന്‍ സഹായിക്കുന്ന ജാതി വ്യവസ്ഥയിലെ ദുഷ്പ്രവണതകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട്, ആര്‍.എസ്.എസ് നയം നടപ്പിലാക്കുകയായിരുന്നു അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍. മത വിഭാഗങ്ങള്‍ക്ക് പാഠ്യപദ്ധതിയെ നിയന്ത്രിക്കുവാന്‍ അവസരം നല്‍കുന്ന സമീപനമാണ്‌ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി സ്വീകരിച്ചിരുന്നത്. ഇത്തരം പരിഷ്കാരങ്ങളെ എതിര്‍ത്ത ബുദ്ധിജീവികളേയും ചരിത്രകാരന്മാരെയും രാജ്യദ്രോഹികളായി മുദ്രകുത്തി പ്രചരണം അഴിച്ചുവിട്ടതും മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ആയിരുന്നു. അന്നത്തെ സര്‍സംഘചാലക് ആയിരുന്ന കെ. എസ്. സുദര്‍ശന്‍, ബുദ്ധിജീവികളെ ഹിന്ദു വിരുദ്ധരായി പ്രഖ്യാപിച്ച് കൊണ്ട് 2001 നവംബര്‍ 4-ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം എഴുതുക പോലുമുണ്ടായി. റോമില ഥാപറിനെയും ആര്‍.എസ്. ശര്‍മയെയും അര്‍ജ്ജുന്‍ ദേവിനെയും പോലുള്ള ചരിത്രകാരന്മാരെ അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി പ്രകടിപ്പിച്ചു. അതിര്‍ത്തി തീവ്രവാദത്തേക്കാള്‍ ഭീകരമാണ്‌ മതേതര ഇടത് ആശയ പ്രചരണങ്ങളെന്ന് വിവക്ഷിക്കപ്പെട്ടു. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലെ തെറ്റായ തിരുത്തലുകള്‍ക്കെതിരെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് “History in the New NCERT Textbooks: A Report and an index of Errors” എന്ന പേരില്‍ 130 പേജ് വരുന്ന പുസ്തകം തന്നെ പ്രസിദ്ധീകരിക്കുകണ്ടായി 1. പത്താം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഗാന്ധി വധത്തെ പരാമര്‍ശിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന അന്നത്തെ ഗവണ്മെന്റ് ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം മാത്രമാണ്‌ ഗാന്ധി വധം പ്രതിപാദിക്കുവാനെങ്കിലും തയ്യാറായത്. ഗുജറാത്ത് സംസ്ഥാന ഗവണ്മെന്റിന്റെ പാഠപുസ്തകത്തില്‍, ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാന്‍ ശ്രമിക്കുന്ന വിദേശീയരായാണ്‌ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളേയും ചിത്രീകരിച്ചിരുന്നത്.

ഇന്ത്യയുടെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാരമ്പര്യത്തെ തകര്‍ത്തുകൊണ്ട് ഹൈന്ദവ രാഷ്ട്രമാക്കി ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടിയുള്ള ആശയ രൂപീകരണത്തിനായി യുവജനതയുടെയും പുതുതലമുറകളുടെയും മനോഭാവങ്ങളെ പുനഃസൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ പ്രധാന തടസം ഇന്ത്യയുടെ ചരിത്ര പൈതൃകമാണ്‌.

ചരിത്രം വീണ്ടുമാവര്‍ത്തിക്കുകയാണ്‌. സര്‍വകലാശാലകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശ്രിത നിയമനങ്ങളിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുവാന്‍ പാകപ്പെടുത്തുകയെന്നതാണ്‌ മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ നിന്ന് വിഭിന്നമായി, കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പരിലാളന മോഡി സര്‍ക്കാരിന്‌ സഹായകമായിത്തീരുന്നു. ഇന്ത്യയുടെ ചെറുപ്പക്കാരിലേക്ക് വര്‍ഗീയവിഷം കുത്തിനിറയ്ക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളും സര്‍വകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ച് കൊണ്ട് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ്‌ BJP ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് അഭിസംബോധന ചെയ്തത് ആരെന്ന, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ, സ്കൂള്‍ പരീക്ഷയിലുണ്ടായ ചോദ്യത്തിനുള്ള ഉത്തരം ചരിത്രത്തെ വക്രീകരിച്ച് കൊണ്ടുള്ളതായിരുന്നു. ഇന്ത്യയുടെ മദ്ധ്യ കാലഘട്ട ചരിത്രം തിരുത്തിയെഴുതികൊണ്ടിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരും ചെയ്യുന്നത് മറ്റൊന്നല്ല. ഇവര്‍ ഇന്ത്യന്‍ ചരിത്രത്തെ പുതിയ രീതിയില്‍ വ്യവച്ഛേദിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇന്ത്യയുടെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാരമ്പര്യത്തെ തകര്‍ത്തുകൊണ്ട് ഹൈന്ദവ രാഷ്ട്രമാക്കി ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടിയുള്ള ആശയ രൂപീകരണത്തിനായി യുവജനതയുടെയും പുതുതലമുറകളുടെയും മനോഭാവങ്ങളെ പുനഃസൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ പ്രധാന തടസം ഇന്ത്യയുടെ ചരിത്ര പൈതൃകമാണ്‌. ആ പ്രതിബന്ധത്തെ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗമായാണ്‌ രാഷ്ട്രീയ സ്വയംസേവക് സംഘം പാഠപുസ്തക പരിഷ്കാരങ്ങളെ കാണുന്നത്. ഈ അജണ്ട അധികാരത്തില്‍ വരുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ നിര്‍ബാധം പിന്തുടരുകയും നമ്മുടെ വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യുന്നു.

മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍ തുടങ്ങിയ പല സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ കാവിവല്ക്കരണം ആര്‍.എസ്.എസ് ലക്ഷ്യമിടുന്നു. സ്കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് ഗവണ്മെന്റ് സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. അതിനായ് ഭഗവത്ഗീത ഉര്‍ദു പാഠപുസ്തകങ്ങളുടെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നു. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ ദേവ പുത്തര്‍ (Deva puttar) സ്കൂളുകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സംഘപരിവാറിന്റെ ഹിന്ദുത്വാശയങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് കുത്തിവയ്ക്കുകയാണ്‌ മധ്യപ്രദേശ് ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത് 2.

അധികാരത്തില്‍ വരുന്നതിന്‌ മുമ്പ് തന്നെ വെങ്കയ്യനായിഡുവും, മോദിയുടെ അധികാരലബ്ധിക്കു ശേഷം 2014 ജൂലൈ 23ന്‌ പാര്‍ലമെന്റില്‍ നടന്ന പ്രസംഗത്തില്‍ രാജ്നാഥ് സിംഗും പാഠ്യ പദ്ധതി പരിഷ്കരണമെന്ന തങ്ങളുടെ അജണ്ട പ്രസ്താവിക്കുകയുണ്ടായി.

രാജസ്ഥാന്‍ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനായി നീക്കി വച്ചിരിക്കുന്നത് 36 കോടി രൂപയാണ്‌. മുഗള്‍ ഭരണാധികാരിയായ അക്ബറിനെ അക്രമണകാരിയായി ചിത്രീകരിക്കുകയും മഹാറാണാപ്രതാപിനെ പോലുള്ള ഹിന്ദു രാജാക്കന്മാരെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന തരത്തില്‍ ചരിത്രത്തെ വ്യാഖ്യാനം ചെയ്തു കൊണ്ട് ചരിത്രത്തിന്റെ കാവിവല്‍ക്കരണം പ്രൈമറി വിദ്യാലയങ്ങളില്‍ തന്നെ നടപ്പാക്കുക എന്ന അജണ്ടയാണ്‌ പാഠ്യ പദ്ധതി പരിഷ്കരണത്തിലൂടെ രാജസ്ഥാന്‍ ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. സരസ്വതി വന്ദനവും സൂര്യനമസ്കാരവും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള രാജസ്ഥാന്‍ ഗവണ്മെന്റിന്റെ ഉത്തരവും ഏറെ വിവാദമായതാണ്‌. ഇന്ത്യന്‍ സംസ്കാരവും മൂല്യങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കരണമാണ്‌ ഗവണ്മെന്റിന്റെ നയമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുക കൂടിയുണ്ടായി 3. എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്കൂളുകള്‍ക്ക് 10 ലക്ഷം രൂപ വരെ അനുവദിക്കാനുള്ള തീരുമാനവും രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കി. ഭരണഘടനാനുസൃതമായി 4 ഭാഷാന്യൂനപക്ഷങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിദ്യാലയങ്ങളെ, സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംയോജിപ്പിക്കുവാനുള്ള തീരുമാനവും രാജസ്ഥാന്‍ ഗവണ്മെന്റ് കൈക്കൊണ്ടു 5. രാജസ്ഥാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നുള്ള പ്രൊഫ. ദേവ് സ്വരൂപിന്റെ രാജിയും Rajasthan Board of Secondary Education ചെയര്‍പേഴ്സണായി ആര്‍.എസ്.എസ് സഹയാത്രികനായ പ്രൊഫ. ബി.സി ചൗധരിയുടെ നിയമനവും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമാകുന്നതിന്റെ സൂചന കൂടിയാണ്‌.

അധികാരത്തില്‍ വരുന്നതിന്‌ മുമ്പ് തന്നെ വെങ്കയ്യനായിഡുവും, മോദിയുടെ അധികാരലബ്ധിക്കു ശേഷം 2014 ജൂലൈ 23ന്‌ പാര്‍ലമെന്റില്‍ നടന്ന പ്രസംഗത്തില്‍ രാജ്നാഥ് സിംഗും പാഠ്യ പദ്ധതി പരിഷ്കരണമെന്ന തങ്ങളുടെ അജണ്ട പ്രസ്താവിക്കുകയുണ്ടായി. 'ഭാരതീയ മൂല്യ പരിപ്രേക്ഷ്യത്തോട് കൂടി നമ്മുടെ വ്യവസ്ഥയെ പുനഃസംഘടിപ്പിക്കല്‍' എന്ന പേരിലുള്ള സിമ്പോസിയത്തില്‍ സംബന്ധിച്ചു കൊണ്ട് മാനവ വിഭവ ശേഷി മന്ത്രിയായ സ്മൃതി ഇറാനിയും വിദ്യാഭ്യാസ പരിഷ്കരണത്തെ കുറിച്ചുള്ള നിലപാട് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി 6. വാജ്പേയ് ഭരണകാലത്ത് വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ പ്രധാനിയും, ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ അദ്ധ്യക്ഷനുമായ ദീനാനാഥ് ബത്ര വിദ്യാഭ്യാസ വ്യവസ്ഥയെ ഉടച്ചുവാര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംശയലേശമന്യെ പ്രസ്താവിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം അടിമുടി മാറ്റിയെഴുതുന്നതിനു വേണ്ടിയുള്ള പരിഷ്കാരങ്ങളാണ്‌ ബത്ര ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ബത്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഗുജറാത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ വിതരണം ചെയ്യപ്പെട്ട എട്ട് പുസ്തകങ്ങള്‍ ദീനാനാഥ് ബത്രയുടേതാണ്‌. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗതി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ബത്രയുടെ ചിന്താഗതിയെക്കുറിച്ച് മനസിലാക്കുവാന്‍ ഈ പുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ തന്നെ ധാരാളമാണ്‌. ചരിത്രം, ഭൂമിശാസ്ത്രം, മതം, മറ്റ് അടിസ്ഥാന വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വസ്തുതകള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ ഉദ്ദേശിച്ചുള്ള ഗുജറാത്ത് സംസ്ഥാന സ്കൂള്‍ പാഠപുസ്തക സമിതിയുടെ(GSSTB) ''തേജോമയ് ഭാരത്'' ആണ്‌ മറ്റൊരു പുസ്തകം. Stem cell Research, ടെലിവിഷന്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പോലും പുരാണങ്ങളുടെ അടിസ്ഥനത്തില്‍ വക്രീകരിച്ച് കൊണ്ട് ചിത്രീകരിക്കുകയാണ് ഈ പാഠപുസ്തകത്തില്‍ ചെയ്തിരിക്കുന്നത് 7. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ സയന്‍സ് കോൺഗ്രസ്സിന്റെ 102-ാം സമ്മേളനത്തില്‍ 'പ്രാചീന ശാസ്ത്രങ്ങള്‍ സസ്കൃതത്തിലൂടെ' എന്ന പേരിട്ട് ആനന്ദ ജെ ബോഡാസ്, അമേയ യാദവ് എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഇന്ത്യന്‍ ശാസ്ത്ര പുരോഗതിയെ പോലും പരിഹാസ്യമാക്കുന്ന, വികലങ്ങളായ ആശയങ്ങളാണ്‌ മുന്നോട്ട് വച്ചത് 8. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇത്തരം ആശയങ്ങള്‍ക്ക് പ്രചാരം നല്കിക്കൊണ്ടിരിക്കുന്നു. കര്‍ണ്ണന്റെ ജനനവും ഗണപതിയുടെ തുമ്പിക്കൈയുമായി ബന്ധപ്പെട്ട പുരാണകഥകളാണ്‌ മോഡിയുടെ വാദത്തിന്‌ അടിസ്ഥാനം. പ്രാചീന ഇന്ത്യ മുന്നോട്ട് വച്ചിട്ടുള്ള ശാസ്ത്രസംഭാവനകളെ മറച്ചു വച്ച് കൊണ്ട് യുക്തിഭദ്രമല്ലാത്ത കല്പിത കഥകള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ വിദ്യാഭ്യാസ വ്യവസ്ഥയെ പിന്നോട്ടടിക്കുകയും കാവിവല്ക്കരണം നടപ്പിലാക്കുകയുമാണ്‌ ചെയ്ത് കൊണ്ടിരിക്കുന്നത്. NCERT യുടെ പാഠപുസ്തകങ്ങളില്‍ നിന്ന് എം.എഫ് ഹുസൈനെക്കുറിച്ചും കവിയായ അവതാര്‍ പാഷിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ്‌ ബത്രയുടെ ആവശ്യം. വര്‍ഗ സമരത്തെക്കുറിച്ചും തൊട്ടുകൂടായ്മയെക്കുറിച്ചും പറയുന്നതാണ്‌ അവതാര്‍ പാഷിന്റെ അയോഗ്യതയെങ്കില്‍, ഭാരതാംബയെ നഗ്നയായി ചിത്രീകരിച്ചുവെന്നതാണ്‌ എം.എഫ് ഹുസൈനെതിരെയുള്ള നിലപാടിന്‌ കാരണം. ബത്രയുടെ സൃഷ്ടികളായ ഗുജറാത്തിലെ പ്രൈമറി പാഠപുസ്തകത്തിലൊന്നില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാദങ്ങളുണ്ട്. ചരിത്രം മാത്രമല്ല ഭൂമിശാസ്ത്രവും വക്രീകരിച്ചാണ്‌ പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നത്. അയല്‍രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അഖണ്ഡഭാരതത്തെ കുറിച്ചും പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.

xdfdfd

1952ല്‍ യു.പിയിലെ ഗോരഖ്പൂരില്‍ ആര്‍.എസ്.എസ് ആരംഭിച്ച സരസ്വതി ശിശുമന്ദിര്‍ വിദ്യ ഭാരതിയായി വളര്‍ന്നു വന്നിരിക്കുന്നു. നഴ്സറി സ്കൂളുകള്‍ തൊട്ട് സര്‍വകലാശാലകള്‍ വരെയുള്ള, ഹിന്ദു മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആയിരക്കണക്കിന്‌ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ വിദ്യാഭാരതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഭരണ ഘടനയുടെ അടിസ്ഥാനസങ്കല്പങ്ങള്‍ക്ക് പോലും എതിരായ പാഠ്യപദ്ധതി സ്വീകരിച്ചിരിക്കുന്ന ഈ വിദ്യാലയങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന ഗവണ്മെന്റ് സ്ഥാപനങ്ങളുടെ സഹായങ്ങള്‍ കൂടി സ്വീകരിച്ചു കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത് 9. ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ആര്‍.എസ്.എസ് ചായ്‌വുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി സിവില്‍ സര്‍വ്വീസ് പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും ആര്‍.എസ്.എസ് ശ്രമം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ടിരിക്കുന്ന സങ്കല്പ് [SAMKALP] ഇത്തരത്തില്‍ ആര്‍.എസ്.എസ് നയങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനമാണ്‌ 10.

ഇന്ത്യന്‍ ജനതയുടെ സോഷ്യലിസ്റ്റ് മനോഭാവത്തോട് ചായ്‌വ് പുലര്‍ത്തുന്ന സര്‍വകലാശാലകളില്‍ ആര്‍.എസ്.എസിന്‌ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന സാഹചര്യങ്ങളല്ല നിലവിലുള്ളത്. അതുകൊണ്ടു തന്നെ സര്‍വകലാശാലകളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വിദ്യാര്‍ത്ഥികളെ ശാരീകമായി നേരിടുകയും ചെയ്യുന്ന ഫാസിസ്റ്റ് ശൈലിയാണ്‌ ആര്‍.എസ്.എസ് സ്വീകരിച്ചു പോരുന്നത്. രാജ്യദ്രോഹമെന്നത് പ്രതിഷേധ ശബ്ദങ്ങളെ നേരിടുന്നതിനുള്ള എളുപ്പ വഴിയായി ബി.ജെ.പി.സര്‍ക്കാരുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനമാണ്‌. എന്‍.ജി.ഒകള്‍ക്കെതിരെയും വിദ്യാര്‍ത്ഥി സമൂഹത്തിനെതിരെയും മുഖ്യധാര പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നിശബ്ദരാക്കുവാന്‍ ശ്രമിക്കുന്ന സമീപകാല സംഭവങ്ങള്‍ മോഡി സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാടുകള്‍ വ്യക്തമാക്കിത്തരുന്നു.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രതിസന്ധിക്ക് കാരണം അയോഗ്യനായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതാണ്‌. ഗവണ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനും അവിടെ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനുമാണ് ബി.ജെ.പി‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഐ.സി.എച്ച്.ആറിന്റെ [Indian Council for Historical Research] മേധാവിയായി അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ തലവനും സംഘപരിവാറുകാരനായ സുദര്‍ശന്‍ റാവുവിന്റെ നിയമനവും ചരിത്രത്തിന്റെ കാവിവല്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്‌. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എഴുത്തുകാരനായ സേതുവിനെ പുറത്താക്കുകയും പകരം ആര്‍.എസ്.എസ്സുകാരനും പാഞ്ചജന്യത്തിന്റെ മുന്‍ എഡിറ്ററുമായ ബല്‍ദേവ് ശര്‍മയെ നിയമിക്കുകയും ചെയ്തു 11. നാഷണല്‍ മ്യൂസിയം തലവനായ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വേണു വാസുദേവും 12 ഐ.സി.എച്ച്.ആറില്‍ നിന്ന് റോമില ഥാപറും പുറത്താക്കപ്പെടുകയും ചെയ്യുന്നു.

അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകള്‍ക്ക് ഭരണഘടനാനുസൃതമായി13 ലഭിച്ചിട്ടുള്ള ന്യൂനപക്ഷ പദവി ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങളും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കപ്പെടുന്നു. സുപ്രീം കോടതിയില്‍ ഗവണ്മെന്റിന്റെ നയം വ്യക്തമാക്കികൊണ്ടുള്ള സത്യവാങ്ങ്‌മൂലം നല്കപ്പെട്ടു കഴിഞ്ഞു.

അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ നിരോധിക്കാനുള്ള തീരുമാനം മോഡിയുടെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ചത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ്‌. അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുകൊണ്ടാണ്‌ ഐ.ഐ.റ്റി മദ്രാസില്‍ വിദ്യാര്‍ത്ഥികളുടെ ചിന്താധാരകള്‍ക്ക് കൂച്ചുവിലങ്ങിടുവാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ജെ.എന്‍.യുവിന്‌ മേല്‍ നിയന്ത്രണം നേടിയെടുക്കുന്നതിന്‌ വേണ്ടിയാണ്‌ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. ഒരു വേള ജെ.എന്‍.യു അടച്ചു പൂട്ടൂക എന്ന പ്രചരണങ്ങള്‍ പോലും സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.

ദളിതരോടും സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോടുമുള്ള ആര്‍.എസ്.എസിന്റെ സവര്‍ണ്ണ ഫാസിസ്റ്റ് മനോഭാവമാണ്‌ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളിലൂടെ വെളിവാക്കപ്പെട്ടത്. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃനിരയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിലപാടെടുക്കുകയും അവരെ പുറത്താക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പിന്നണിയില്‍ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും സര്‍വകലാശാല വൈസ് ചാന്‍സിലറായ അപ്പറാവുവുമായിരുന്നു. സര്‍വകലാശാല അധികൃതരുടെയും കേന്ദ്രസര്‍ക്കാരിന്റെയും പകപോക്കലാണ്‌ രോഹിത്ത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണമായത്.

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടുന്ന ഫെലോഷിപ്പ് തുക അനുവദിക്കാതിരുന്ന സര്‍ക്കാര്‍ ശ്രമവും വിദ്യാര്‍ത്ഥികളുടെ അവകാശ പോരാട്ടങ്ങളെയും പ്രതിഷേധ സ്വരങ്ങളെയും ഇല്ലാതാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ജെ.എന്‍.യുവിന്‌ മേല്‍ നിയന്ത്രണം നേടിയെടുക്കുന്നതിന്‌ വേണ്ടിയാണ്‌ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. ഒരു വേള ജെ.എന്‍.യു അടച്ചു പൂട്ടൂക എന്ന പ്രചരണങ്ങള്‍ പോലും സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ആര്‍.എസ്.എസ്സിനെയും അതിന്റെ സ്ഥാപക നേതാക്കളെയും സംബന്ധിക്കുന്ന ചരിത്ര രേഖകള്‍ ജെ.എന്‍.യു ലൈബ്രറിയില്‍ ഉണ്ട് എന്നുള്ളതും ബി.ജെ.പി സര്‍ക്കാരിനെ ജെ.എന്‍.യുവിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നു.

ബുദ്ധിജീവികളെയും എഴുത്തുകാരെയും ചിന്തിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെയും രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചുകൊണ്ട് സംഘ് പരിവാറുകാര്‍ വിദ്യാഭ്യാസ മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. പ്രമുഖമായ എല്ലാ സര്‍വകലാശാലകളെയും ഹൈജാക്ക് ചെയ്തുകൊണ്ട് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബൗദ്ധിക സമ്പത്തിനെ നശിപ്പിക്കുന്ന രീതിയില്‍ ഈ അക്രമങ്ങള്‍ പടര്‍ന്ന് പന്തലിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.