തൊഴിലാളിവര്‍ഗ്ഗം എന്ന സമസ്യ

സ്പാനിഷ് ഇടതുപക്ഷ പാര്‍ട്ടിയായ പോഡെമോസിന്റെ നേതാവായ പാബ്ലോ ഇഗ്ലേഷ്യസിന്റെ പ്രസംഗത്തിന്റെ സ്വതന്ത്ര തര്‍ജ്ജമ ആണിത്. പോഡെമോസിന് അതിന്റെ രൂപീകരണത്തിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനവിജയങ്ങള്‍ നേടാനായി. അടുത്തയിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ നിന്നും ഉയരുന്ന സൂചന ഈ പാര്‍ട്ടി സ്പെയിനിലെ പ്രധാനബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതാണ്.

കഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹികമാറ്റത്തിനവശ്യം വേണ്ട പ്രധാന ഉപാധി വര്‍ഗ്ഗരൂപീകരണത്തെ കുറിച്ചു പഠിക്കുകയെന്നതാണ് എന്നെനിക്കറിയാം. തീര്‍ച്ചയായും അതങ്ങിനെ തന്നെയാണ്. ഏതായാലും ഞാന്‍ ഒരു കഥ പറയാന്‍ പോവുകയാണ്. എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ, ലെനിനെയും മാര്‍ക്സിനെയുമൊക്കെ വായിച്ചിട്ടുള്ള, ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളില്‍ ചിലര്‍ സോള്‍ ചത്വരത്തില്‍ തുടങ്ങിയ 15/ഇന്‍ഡിഗ്നാഡോസ് പ്രസ്ഥാനത്തില്‍ ഭാഗഭാക്കാവുകയുണ്ടായി. ധാരാളം വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്തിട്ടുള്ള അവര്‍ ജീവിതത്തിലാദ്യമായാണ് ജനങ്ങളോട് ഇടപെടുന്നത്. പക്ഷെ പെട്ടെന്ന് തന്നെ അവര്‍ നിരാശരായി തീരുകയാണുണ്ടായത്. "ജനങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല" എന്ന് അവര്‍ പറയുന്നു. "നിങ്ങള്‍ക്ക് അറിയില്ലെങ്കിലും നിങ്ങള്‍ തൊഴിലാളികള്‍ ആണ്" എന്ന് അവര്‍ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു. ജനങ്ങളാകട്ടെ തങ്ങള്‍ക്കൊന്നും മനസ്സിലാകുന്നില്ല എന്നാവര്‍ത്തിക്കുന്ന ഇവരെ, അതായത് ഈ ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളെ അന്യഗ്രഹജീവികളെ പോലെ വീക്ഷിച്ച്, സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങിപ്പോയി. ഈ വിദ്യാര്‍ഥികളുടെ സംവേദനത്തിലും ഇടപെടലിലുമൊക്കെയാണ് പ്രശ്നം എന്ന് തിരിച്ചറിയാനാകുന്നുണ്ടോ? നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം, പക്ഷെ നിങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കലല്ല രാഷ്ട്രീയം.

പതിനാറാം നൂറ്റാണ്ട് തൊട്ടുള്ള രാഷ്ട്രീയപരിവര്‍ത്തനത്തെകുറിച്ചും ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ചും ഒക്കെ ആഴത്തില്‍ പഠിക്കുന്നത് വിജയകരമായ സാമുഹ്യമാറ്റത്തിന് അത്യന്താപേക്ഷിതമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ജനങ്ങളുമായുള്ള നിങ്ങളുടെ ഇടപെടല്‍ എപ്രകാരമാണ്? "നിങ്ങള്‍ക്ക് അറിയില്ലെങ്കിലും നിങ്ങള്‍ തൊഴിലാളികള്‍ ആണെ"ന്ന് അവരോട് അലറി വിളിച്ച് പറഞ്ഞാണോ അവരോട് ഇടപെടേണ്ടത്? അപ്രകാരമാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അറിയുക, ശത്രു നിങ്ങളെ പരിഹസിച്ച് ആര്‍ത്ത് ചിരിക്കുകയാണ്. നിങ്ങള്‍ക്ക് അരിവാള്‍ ചുറ്റിക പതിച്ച ടീഷര്‍ട്ട് ധരിക്കുകയോ കൂറ്റന്‍ പതാകകള്‍ ഏന്തി പ്രകടനത്തിനു പോവുകയോ ഒക്കെ ആകാം. പക്ഷെ ഇതെല്ലാം കണ്ട് ശത്രു ആഘോഷിച്ച് അമറി ചിരിക്കുകയാണ്, കാരണം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞ് ചെയ്താലും തൊഴിലാളികള്‍ നിങ്ങളെ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ശത്രുവിനെയാണ് വിശ്വാസം. ശത്രുവാണേലും അവര്‍ പറയുന്നത് തൊഴിലാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാനാകുന്നു. നിങ്ങള്‍ പറയുന്നത്, അതിനിയെത്ര തന്നെ ശരിയായാലും അവര്‍ക്ക് മനസ്സിലാകുന്നതേയില്ല. ഈ ഒരവസ്ഥയില്‍ നിങ്ങള്‍ക്കാകെ ചെയ്യാവുന്നത് "ഞാന്‍ പറഞ്ഞിരുന്നത് അങ്ങേയറ്റം ശരിയായിരുന്നു, പക്ഷെ ആര്‍ക്കും അത് മനസ്സിലായിരുന്നില്ല" എന്ന് ഒരു പ്ലക്കാര്‍ഡിലെഴുതി നിങ്ങളുടെ ശവക്കല്ലറയില്‍ വയ്ക്കുക എന്നത് മാത്രമാണ്. പക്ഷെ വിപ്ലവം വിജയകരമായി പൂര്‍ത്തീകരിച്ച് സാമൂഹ്യമാറ്റം സാധ്യമാക്കിയ പ്രസ്ഥാനങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലാകും. വിപ്ലവപ്രവര്‍ത്തനത്തിന്റെ വിജയത്തിനു അത്യന്താപേക്ഷിതമായ ഒരു കാര്യം നിങ്ങള്‍ വിശകലനം ചെയ്തു എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ക്കു ജനസാമാന്യത്തിന്റെ തോന്നലുകളുമായി ബന്ധം സ്ഥാപിക്കാനാകണമെന്നതാണ്. ഇതു വളരെയധികം പ്രധാനപ്പെട്ടതും അതേ സമയം പ്രയോഗത്തില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമാണ്. വൈരുദ്ധ്യങ്ങളുമായി തുടര്‍ച്ചയായി പ്രതിപ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

ഒരു നാല്‍പ്പത്തെട്ടോ എഴുപത്തിരണ്ടോ മണിക്കൂര്‍ നീണ്ട സമരം നടത്തുന്നതുമായി എനിക്കെന്തെങ്കിലും വിയോജിപ്പുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. ഒന്നും തന്നെയില്ല, പക്ഷെ സമരം ചെയ്യാനുള്ള നിങ്ങളുടെയോ എന്റെയോ ആഗ്രഹവുമായതിന് യാതൊരു ബന്ധവും ഇല്ല. സമരത്തിനിറങ്ങി പുറപ്പെടാനുള്ള തീരുമാനം സമരം ചെയ്യാനുള്ള യൂണിയന്റെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ഞാനും നിങ്ങളുമൊക്കെ നിസ്സാരരാണ്.

നമുക്ക് സകലചരാചരങ്ങളുടെയും ജന്മഭൂമിയായ ഈ ലോകം ഒരു സ്വര്‍ഗ്ഗമാകണമെന്ന് ആഗ്രഹിക്കാം; നമുക്ക് നമുടെ റ്റീഷര്‍ട്ടുകളില്‍ എന്തും പ്രിന്റ് ചെയ്ത് സമരത്തിനോ പ്രകടനത്തിനോ പോകണമെന്ന് ആഗ്രഹിക്കാം; അപ്രകാരം ചെയ്യാം. പക്ഷെ ബലാബലങ്ങളുടെ ഒരു കളിയാണ് രാഷ്ട്രീയം. ആഗ്രഹിച്ചതു കൊണ്ടോ അതിനായി ഘോരഘോരം വാദിച്ചതു കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സമരം നടത്താന്‍ പ്രാപ്തിയുള്ള രണ്ട് യൂണിയനുകളാണ് ഈ നാട്ടില്‍ നമുക്കുള്ളത്. കൊമ്മിഷ്യണ്‍സ് ഒബ്രേറാസ് (വര്‍ക്കേസ് കമ്മീഷണസ്), യു. ജി. റ്റി (ജനറല്‍ വര്‍ക്കേര്‍സ് യൂണിയന്‍) എന്നിവയാണവ. അത് മതിയോ? ഇതില്‍ ഞാന്‍ സന്തുഷ്ടനാണോ? അല്ലേയല്ല. പക്ഷെ അങ്ങിനെയാണ് കാര്യങ്ങള്‍. അങ്ങിനെയിരിക്കേ വമ്പിച്ച ഒരു പൊതുസമരത്തിനു പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. മാദ്രിദിലെ ഫാക്റ്ററികള്‍ക്ക് മുന്നില്‍ ജനങ്ങളോടൊത്ത് പിക്കറ്റിങ്ങിനും മറ്റും അതിരാവില ഞാന്‍ പോകാറുണ്ട്. അത് കഴിഞ്ഞ് അവര്‍ എവിടെ പോകുമെന്ന് നിങ്ങള്‍ക്കറിയുമോ? ജോലിക്ക്! അവര്‍ വഞ്ചകരായതു കൊണ്ടല്ല സമരം പാതി വഴിക്കുപേക്ഷിച്ച് ജോലിയ്ക്ക് പോകുന്നത്. അവരുടെ തൊഴിലിടങ്ങളില്‍ അവരെ പിന്തുണയ്ക്കാനാവശ്യമായ യൂണിയനുകള്‍ ഇല്ലാത്തതിനാല്‍ അവര്‍ പിരിച്ചു വിടപ്പെട്ടേയ്ക്കാം. ശക്തമായ തൊഴിലാളിയൂണിയനുകളുള്ള ഷിപ്പ്യാഡിലെയും മൈനുകളിലെയും തൊഴിലാളികളെ അവരുടെ യൂണിയനുകള്‍ പിന്തുണയ്ക്കും. പക്ഷെ പിന്തുണയ്ക്കാന്‍ തൊഴിലാളി യൂണിയനുകളില്ലാത്ത ടെലിമാര്‍ക്കറ്റിങ്ങ് ചെയ്യുന്ന പിള്ളേരുടെയോ, പീറ്റ്സാ ഉണ്ടാക്കുന്ന ഷോപ്പിലെ തൊഴിലാളികളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഷോപ്പില്‍ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികളുടെയോ സ്ഥിതി അതല്ല. തൊഴില്‍ സ്ഥലത്തു നിന്ന് വിട്ടുനിന്ന് സമരത്തിനിറങ്ങിയതിന്റെ പിറ്റേന്ന് തന്നെ അവരുടെ ജോലി നഷ്ടപ്പേട്ടേക്കാം. സമരം ചെയ്യാനുള്ള അവരുടെ അവകാശത്തെ ഹനിച്ച് അവരെ പിരിച്ചു വിടാന്‍ ശ്രമിച്ചാല്‍ ഈ തൊഴിലാളികളുടെ മാനേജര്‍മാര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഈ മാനേജര്‍മാര്‍ക്കോ തൊഴിലുടമകള്‍ക്കോ മുന്നറിയിപ്പ് കൊടുക്കാന്‍ നിങ്ങളോ ഞാനോ ഏതെങ്കിലും തൊഴിലാളിയൂണിയനോ ഉണ്ടാവുകയില്ല. നിങ്ങളെത്ര മാത്രം ആഗ്രഹിച്ചാലും ഊര്‍ജ്ജ്വസ്വലരായാലും നിങ്ങളെക്കൊണ്ടതു സാധിക്കുകയുമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയല്ല രാഷ്ട്രിയം. വളരെ നിരാശാജനകമെങ്കിലും അതങ്ങനെയാണ്. നമ്മള്‍ ബഹുജനകൂട്ടായ്മയെകുറിച്ച് ചിന്തിക്കേണ്ടത് അതു കൊണ്ടാണ്. നമ്മള്‍ ബഹുജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ ശൈലി ഇഷ്ടപ്പെടാത്ത വിവിധ തരക്കാരുമായി നമുക്ക് വളരെ ക്ഷമാപൂര്‍വ്വം സംവദിക്കേണ്ടതുണ്ട്. അവര്‍ക്ക് ഒരു പക്ഷെ നമ്മുടെ ഭാഷ പോലും മനസ്സിലാകണമെന്നില്ല. എന്താണത് സൂചിപ്പിക്കുന്നത്?

പരാജയത്തെയാണത് സൂചിപ്പിക്കുന്നത്. നാളുകളായുള്ള ഈ പരാജയത്തിനുള്ള കാരണം ജനങ്ങളുടെ സാമാന്യബോധം നിങ്ങളുദ്ദേശിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നുള്ളതാണ്. പക്ഷെ അതില്‍ പുതുമയൊന്നും ഇല്ല. വിപ്ലവകാരികള്‍ക്കെല്ലാം ഈ ഇടഞ്ഞ് നില്‍ക്കുന്ന ജനസാമാന്യത്തിന്റെ പൊതുബോധത്തെകുറിച്ച് നല്ല ബോധ്യം ഉള്ളതാണ്. ജനങ്ങളുടെ പൊതുബോധം വിപ്ലവത്തിനനുകൂലമായി മാറ്റുകയെന്നതാണ് വിജയത്തിനുള്ള വഴി. ക്രാന്തദര്‍ശിയായ സെസാര്‍ റെനുദുലസ് പറയുന്നത് കേള്‍ക്കൂ. മിക്കവാറും ജനങ്ങള്‍ മുതലാളിത്തവ്യവസ്ഥിതിക്ക് എതിരാണ്. ജൂഡിത്ത് ബട്ലറിനെയോ സിമോണ്‍ ഡിബുവെയോ വായിക്കാതെ തന്നെ മിക്കവാറും ജനങ്ങള്‍ ഫെമിനിസ്റ്റുമാണ്. ഒരു അച്ഛന്‍ അടുക്കളയില്‍ കയറി ആഹാരം ഉണ്ടാക്കുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ അയാള്‍ തന്റെ മകളുമായി കളിക്കുമ്പോഴോ അല്ലെങ്കില്‍ മുത്തച്ഛന്‍ തന്റെ കൊച്ചുമകനോടു കളിപ്പാട്ടങ്ങള്‍ മറ്റ് കുട്ടികളുമായി പങ്കുവയ്ക്കണമെന്ന് അവനെ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ വാസ്തവത്തില്‍ കാണുന്നത് വലിയ സാമുഹികമാറ്റത്തിനനുകൂലമായ ഘടകങ്ങളെയാണ്, ഒരു വലിയ പൊതുപ്രകടനത്തില്‍ നിങ്ങള്‍ ചെങ്കൊടികള്‍ ഉയര്‍ത്തി എന്നതിനെക്കാള്‍ പ്രാധാന്യമുള്ളതാണിവ. ഇതു നമ്മള്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഈ ഘടകങ്ങളെ സംയോജിപ്പിച്ച് വലുതാക്കാനാവുകയുള്ളൂ.

xdfdfd
പോഡെമോസിന്റെ നേതാവായ പാബ്ലോ ഇഗ്ലേഷ്യസ്

നമ്മള്‍ ഇങ്ങനെ തന്നെ തുടരണമെന്നാണ് ശത്രു ആഗ്രഹിക്കുന്നത്. ജന പിന്തുണയില്ലാതെ നമ്മള്‍ ചെറുതായി തീരണമെന്നും നമ്മുടെ ഭാഷയും സംവേദനരീതികളും ആര്‍ക്കും മനസ്സിലാകരുതെന്നും അവര്‍ ആഗ്രഹിക്കുന്നുവെന്നറിയുക. നമ്മള്‍ നമ്മുടെ മാമുലുകളില്‍ ചുരുങ്ങിച്ചുരുങ്ങി ചെറിയ ഒരു കൂട്ടമായി മാറുന്നത് കാണുമ്പോള്‍ അവര്‍ ആഹ്ലാദിക്കുന്നു. കാരണം അവര്‍ക്കറിയാം നമ്മള്‍ അവര്‍ക്കെതിരെ യാതൊരു വിധത്തിലുമുള്ള വെല്ലുവിളികളും ഉയര്‍ത്താന്‍ പ്രാപ്തരല്ലെന്ന്. നമ്മള്‍ വിപ്ലവകരമായ സംവാദങ്ങളിലേര്‍പ്പെടുന്നുണ്ടാകാം, നമുക്ക് അതിശക്തമായ സമരം – സായുധസമരം തന്നെ - നടത്തണമെന്നുണ്ടാകാം. അതിനായി ഒരുപക്ഷെ നമ്മള്‍ വലിയ വിപ്ലവകാരികളുടെ പടങ്ങളേന്തി വിപ്ലവത്തിന്റെ ഉജ്ജ്വലങ്ങളായ ചിഹ്നങ്ങള്‍ ധരിച്ച് സമരപന്തലിലേക്കും പ്രകടനസ്ഥലത്തേക്കും മാര്‍ച്ച് ചെയ്ത് പോകുന്നുണ്ടാകാം. പക്ഷെ ശുഷ്കരായ നിങ്ങള്‍ ഇവ ചെയ്യുമ്പോള്‍ ശത്രു ആര്‍ത്താര്‍ത്ത് ചിരിക്കുകയാണ്. പക്ഷെ നിങ്ങള്‍ ആയിരക്കണക്കിനാളുകളെ സംഘടിപ്പിക്കുകയും നിങ്ങള്‍ പറയുന്നതു ജനലക്ഷങ്ങള്‍ക്ക് മനസ്സിലായി തുടങ്ങുകയും ചെയ്യുമ്പോള്‍ ഇന്നലെ വരെ ശത്രുക്കള്‍ക്ക് വോട്ട് ചെയ്തിരുന്ന ജനങ്ങളെ വരെ നിങ്ങള്‍ വിശ്വാസത്തിലെടുത്ത് തുടങ്ങുകയും ചെയ്യുംബോള്‍ ശത്രു പേടിച്ച് തുടങ്ങുന്നു. ഇതിനെയാണ് ഞാന്‍ രാഷ്ട്രീയം എന്ന് വിളിക്കുന്നത്. രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ആശയമിതാണെന്ന് അറിയുക.

മുഴുക്കഷണ്ടിയായ, തലയുടെ ഒരു വശത്ത് മറുകുള്ള സോവിയറ്റിനെ കുറിച്ച് സംസാരിച്ചിരുന്ന സുമനസ്കനായ ഒരു സഖാവ് 1905 ഇല്‍ ഉണ്ടായിരുന്നു. യുദ്ധത്താല്‍ അധികാരശക്തി തീര്‍ത്തും ദുര്‍ബലമായ റഷ്യയുടെ മൂര്‍ത്തമായ സ്ഥിതിഗതികളെക്കുറിച്ച് മൂര്‍ത്തമായി വിശകലനം നടത്തി ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്ന ആ സഖാവ് വളരെ ലളിതമായ ഒരു കാര്യം തൊഴിലാളികളും കര്‍ഷകരും പട്ടാളക്കാരും അടങ്ങുന്ന എല്ലാ റഷ്യക്കാരോടും സംസാരിച്ചിരുന്നു. അദ്ദേഹം അവരോട് പറഞ്ഞിരുന്ന ആ അതീവലളിതമായ കാര്യം "സമാധാനവും റൊട്ടിയും" എന്നതായിരുന്നു. യുദ്ധത്താല്‍ തളര്‍ന്ന ആ രാഷ്ട്രത്തിലെല്ലാവര്‍ക്കും വേണ്ടിയിരുന്നതും അതായിരുന്നു - "സമാധാനവും റൊട്ടിയും". വിശന്നു വലഞ്ഞ, ഇടതുപക്ഷമോ വലതുപക്ഷമോ എന്നറിഞ്ഞ് കൂടാത്ത തങ്ങള്‍ക്ക്, സമാധാനവും റൊട്ടിയും ലഭിക്കുമെന്നു കേട്ടപ്പോള്‍ അവര്‍ കരുതി ഈ മനുഷ്യന്‍ പറയുന്നത് ഒരു പക്ഷെ വാസ്തവമായിരിക്കുമെന്ന്. ആ കഷണ്ടിത്തലയുള്ള മനുഷ്യന്‍ വളെരെ നന്നായി തന്നെ കാര്യങ്ങള്‍ ചെയ്തു. അദ്ദേഹം ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ചോ ഘടാഘടിയന്‍ തത്വശാസ്ത്രത്തെപ്പറ്റിയോ ഒന്നും തന്നെ ഈ ജനങ്ങളോടു സംസാരിച്ചിരുന്നില്ല. അദ്ദേഹം "സമാധാനവും റൊട്ടിയും" എന്ന അതീവലളിതമായ കാര്യം മാത്രമേ ജനങ്ങളൊട് സംസാരിച്ചിരുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാഠമാണിത്. ചരിത്രത്തെ അനുകരിച്ചോ അതിന്റെ ഉജ്ജ്വലമായ പ്രതീകങ്ങളെ അതേ പടി പകര്‍ത്തിയോ ആരെങ്കിലും നാടിനെ മാറ്റിമറിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍, അവരോട് എല്ലാ ബഹുമാനത്തോടു കൂടിയും പറയട്ടെ, അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നിരാശാജനകമായിരിക്കും. ഒരു രാജ്യത്തിന്റെ ചരിത്രമോ വര്‍ത്തമാനമോ മൂര്‍ത്തമായ വിശകലനങ്ങളോ മറ്റൊരു രാജ്യത്തില്‍ ആവര്‍ത്തിക്കുന്നില്ല. ചരിത്രത്തിന്റെ പാഠങ്ങള്‍ പഠിച്ചും പരിവര്‍ത്തനങ്ങളെ മൂര്‍ത്തമായി വിശകനം ചെയ്തും ഓരോ നിമിഷത്തിലെയും സമാധാനവും റൊട്ടിയും എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത ഏതെന്ന് മനസ്സിലാക്കിക്കൊണ്ടുമുള്ള പ്രവര്‍ത്തനങ്ങളാണ് വിജയത്തിന് മുഖ്യം. നിങ്ങളുടെ പ്രവര്‍ത്തനത്തിനോ മുദ്രാവാക്യത്തിനോ ജനസാമാന്യത്തിന്റെ ബോധ്യങ്ങളുമായി ബന്ധമില്ലെങ്കില്‍, പലപ്പോഴും കൈവരിക്കാന്‍ സാധ്യതയുള്ള വിജയങ്ങള്‍ക്ക് പകരം പരാജയത്തിന്റെ ആവര്‍ത്തനങ്ങളായിരിക്കും നിങ്ങള്‍ നേരിടാന്‍ പോകുന്നത്.

സ്പാനിഷ് ഭാഷയിൽ പാബ്ലോ ഇഗ്ലേഷ്യസ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗത്തിന്റെ പരിഭാഷയാണിത്. പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ചുവടെയുണ്ട്. പരിഭാഷയ്ക്ക് അവലംബമായിട്ടെടുത്തത് വീഡിയോയിൽ ലഭ്യമായിട്ടുള്ള ഇംഗ്ലീഷ് സബ്ട്ടൈട്ടിൽ ആണ്. പരിഭാഷയില്‍ സഹായിച്ച (FB പോസ്റ്റ്: http://goo.gl/rIumyR) സ:ഉണ്ണി യോട് ഉള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപെടുത്തുന്നു.