വിശ്വാസിയിൽ നിന്ന് വിപ്ലവകാരിയിലെക്കുള്ള ദൂരം

ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു. "ക്യാന്റീനിൽ പോയി മൂന്നു പൊറോട്ടയും കുറച്ച് കട്ടങ്കാപ്പിയും വാങ്ങി വാ." വിപ്ലവം എന്നാൽ വിയോജിപ്പിന്റെ സംഘടിതമായ പ്രഖ്യാപനമാണെന്ന് എഴുതിയ മനുഷ്യൻ അത് പ്രയോഗത്തിൽ വരുത്തിയ അനേകം സന്ദർഭങ്ങളിൽ ഒന്ന് മാത്രമായിരുന്നു പൊറോട്ടയും കട്ടൻകാപ്പിയും ഉപയോഗിച്ച് നടത്തിയ ഈ ബലിയർപ്പണം.

ഇത് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ. 1962 മുതൽ മുപ്പത് കൊല്ലക്കാലം ഈ മനുഷ്യൻ കലഹം ഒരു ജീവിതചര്യയാക്കി കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ടായിരുന്നു. യേശുവിലെ മാർക്സിനെയും മാർക്സിലെ യേശുവിനെയും അന്വേഷിച്ചു കൊണ്ട്. മനുഷ്യപുത്രനായ യേശുവിനെ അന്യവത്കരിച്ച ക്രൈസ്തവതയെയും, ദാർശനികനായ മാർക്സിനെ അന്യവത്കരിച്ച മാർക്സിസത്തെയും വിമർശിച്ചുകൊണ്ട്. ഒരു പ്രസ്ഥാനത്തിന്റെയും ചതുരക്കള്ളികളിൽ ഒതുങ്ങാൻ തയ്യാറല്ലാത്ത മനുഷ്യരെ അവഗണിക്കുകയാണ് എളുപ്പം. "മുകളിലിരിക്കുന്നവരെ അല്ലേ താഴെ ഇറക്കാൻ പറ്റൂ? തറയിൽ ഇരിക്കുന്നവരെ എന്ത് ചെയ്യാൻ പറ്റും?" ആ മറുപടിയിൽ ഒരു ജീവിതചര്യ തന്നെ നിഴലിച്ചു നില്ക്കുന്നുണ്ട്.

1957 ഇൽ ഈശോ സഭാംഗമായി പൗരോഹിത്യം സ്വീകരിച്ച കാപ്പൻ ഉന്നതപഠനത്തിനായി ഉടൻ തന്നെ റോമിലേക്ക് അയക്കപ്പെട്ടു. വിഷയം - മതവും മാർക്സിസവും. അത് അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അരയും തലയും മുറുക്കി നേരിടുക കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു. ഇംഗ്ലീഷിൽ അന്ന് വിവർത്തനം ലഭ്യമല്ലാതിരുന്ന മാർക്സിന്റെ ആദ്യകാല രചനകൾ വായിക്കാൻ ജർമ്മൻ ഭാഷ പഠിച്ചെടുത്തു. അക്കാലം മുതൽ മാർക്സിയൻ ദർശനങ്ങൾ കാപ്പന്റെ സന്തത സഹചാരിയായി. പ്രയോഗവും മതപരമായ അന്യസാൽക്കരണവും മാർക്സിന്റെ സാമ്പത്തിക ദാർശനിക കുറിപ്പുകളിൽ (Religious Alienation and Praxis according to Marx’s Economic and Philosophical Manuscripts) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1962 ഇൽ അദ്ദേഹം തിരികെ കേരളത്തിൽ വന്നു. കേരളത്തിലെ വളരുന്ന കമ്മ്യൂണിസ്റ്റ് സാഹചര്യത്തിൽ സഭയെ പ്രതിരോധിക്കാൻ പുതിയൊരു ഗോൾകീപ്പറെ പ്രതീക്ഷിച്ച കത്തോലിക്കാസഭക്ക് തെറ്റിപ്പോയി. "വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക്" എന്ന ആദ്യ ഗ്രന്ഥം ഒരു കലാപകാരിയുടെ നാന്ദിക്കുറിപ്പ്‌ ആയിരുന്നു. വിശ്വാസങ്ങളും മതങ്ങളും ചേർന്ന് കെട്ടിയിടുന്ന മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി രണ്ടാമത്തെ പുസ്തകം - "നാളത്തേക്ക് ഒരു ലൈംഗിക സദാചാരം" അതിനു ശേഷം പ്രസിദ്ധീകൃതമായ "Jesus and Freedom" ക്രൈസ്തവസഭയുടെ നെറ്റി ചുളിപ്പിച്ചു. പൌരസ്ത്യമായ മണ്ണിൽ നിന്ന് യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്ന ആ പുസ്തകം വത്തിക്കാൻ സെൻസർ ചെയ്തു. വിമർശനങ്ങളൊന്നും ആ പോരാട്ടത്തെ തളർത്താൻ പോന്നതായിരുന്നില്ല. Marxian atheism, Jesus and Society, Liberation Theology and Marxism, Marx beyond Marxism തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ, അക്രൈസ്തവനായ യേശുവിനെ തേടി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം തുടങ്ങിയ മലയാള രചനകളിലൂടെ Negations പോലെയുള്ള ആനുകാലികങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ, അതിനുമപ്പുറം ജീവിതം തന്നെ കലഹമാക്കി നടത്തിയ യാത്രകളിലൂടെ കാപ്പൻ ഒരു പ്രതിഭാസമാവുകയായിരുന്നു.

ചെങ്കൊടിയും കുരിശും

1993 ഡിസംബർ ദേശാഭിമാനിയിൽ കാപ്പനച്ചനെ പറ്റിയുള്ള അനുസ്മരണത്തിൽ പി. ഗോവിന്ദപ്പിള്ള എഴുതി, "ഫാദർ സെബാസ്റ്യൻ കാപ്പന്റെ ഭൌതികാവശിഷ്ടത്തിന്റെ മേൽ മലാപ്പറമ്പ് സെമിത്തേരിയിൽ അദ്ദേഹം അതിരറ്റ് സ്നേഹിച്ച മണ്ണ് (ദൈവചിന്തയെ വിണ്ണിൽ നിന്ന് മണ്ണിലേക്കിറക്കുക എന്ന ദൗത്യം നിർവഹിച്ച കാപ്പന്റെ മണ്ണ്) അദ്ദേഹത്തെ പുതയ്ക്കുമ്പോൾ നമുക്ക് കണ്ണീരിൽ കുതിർന്ന ഏതാനും ചുവന്ന പുഷ്പങ്ങൾ കൂടി അർപ്പിക്കാം. അദ്ദേഹം കുരിശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിച്ച ചെങ്കൊടി താഴ്ത്തിക്കെട്ടാം." കാപ്പനച്ചന് മാർക്സിസവും ക്രൈസ്തവതയും വിരുദ്ധ ധ്രുവങ്ങളിൽ നില്ക്കുന്ന ചിന്തകളായിരുന്നില്ല. മാർക്സ് തന്നെ കൂടുതൽ ക്രിസ്തുവിലെക്കും ക്രിസ്തു തന്നെ കൂടുതൽ മാർക്സിലേക്കും അടുപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

മൂലധനത്തിൽ നിന്നല്ല ആദ്യകാല രചനകളിൽ നിന്നാണ് കാപ്പൻ മാർക്സിനെ കണ്ടെടുക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ മാംസമായ വചനത്തിൽ നിന്നല്ല, മർക്കോസിന്റെ മനുഷ്യപുത്രനിൽ നിന്നാണ് (വചനമായിത്തീർന്ന മാംസം എന്ന് കാപ്പൻ) അദ്ദേഹം യേശുവിനെ കണ്ടെത്തുന്നത്. കാപ്പനച്ചൻ രചിച്ച മാർക്സിയൻ ദർശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി എന്നിവ പരസ്പര പൂരകങ്ങളായ രണ്ടു കൃതികളാണ്. ഒന്നിൽ ബൈബിളിന്റെ വെളിച്ചത്തിൽ മാർക്സിനെ വായിക്കുമ്പോൾ മറ്റൊന്നിൽ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിനെ വായിക്കുന്നു.

കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്.

'മാർക്സിയൻ ദർശനത്തിന് ഒരാമുഖം' മാർക്സിന്റെ ദർശനങ്ങളിലേക്ക് നടന്നു കയറാൻ വഴിവെട്ടിത്തരുന്ന ഒരു കൈപ്പുസ്തകമാണ്. ഹെഗലിന്റെ താർക്കികരീതികളെ പരിചയപ്പെടുത്തി, മനുഷ്യൻ എങ്ങനെ ഒരു താർക്കികജീവിയാണ് എന്ന് എണ്ണിപ്പറഞ്ഞ്, അന്യസാല്ക്കരണം എന്നതിന്റെ വിവിധ മാനങ്ങളിൽ ചെന്ന് കയറി, കമ്മ്യൂണിസത്തിന്റെ പ്രായോഗികതയും ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വർഗ്ഗപരമായ ചരിത്രവ്യാഖ്യാനവും പരിചയപ്പെടുത്തി, മതമായി മാറുന്ന മാർക്സിസത്തെ പറ്റിയുള്ള ആകുലതകൾ പങ്കുവച്ച് നീങ്ങുന്നതാണ് ഈ കൃതി. ഹെഗെലിൽ നിന്ന് മാർക്സിലെക്കെത്തുന്ന ആ വഴിയിൽ നിന്ന് നമുക്ക് കാണാം, മൂലധനമല്ല ഗ്രുന്ദ്രിസ്സെയാണ് അച്ചനെ മാർക്സിലേക്ക് അടുപ്പിച്ചത് എന്ന്. താർക്കിക ഗതിയുടെ കർതൃത്വത്തിലെ വിയോജിപ്പുകളെ ചൂണ്ടിക്കാട്ടി ഹെഗെലിൽ നിന്ന് മാർക്സിലെക്ക് നീങ്ങുന്ന ഒരു ദർശനരീതിയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആശയം പ്രകൃതിയാവുന്ന ഹെഗേലിനെ തള്ളിപ്പറഞ്ഞ് മൂർത്തമനുഷ്യനെ ചരിത്രഗതിയുടെ സൂത്രധാരനാക്കുന്ന മാർക്സ്. കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ സമാന സുവിശേഷങ്ങളിലാണ്(Synoptic Gospels) കാപ്പന്റെ ക്രിസ്തുവിനെ നമുക്ക് കാണാൻ കഴിയുക.

ക്രൈസ്തവസഭ ക്രിസ്തുവിനെ വ്യാഖ്യാനിക്കാൻ ഉയർത്തിപ്പിടിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിൽ യേശുചരിത്രത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയെ കേൾക്കാനാവൂ എന്നദ്ദേഹം പറയുന്നു.

കാപ്പൻ എന്ന വിശ്വാസി

"ജീവിതാവസാനം വരെ അച്ചൻ ഒരു വിശ്വാസി ആയിരുന്നു" അദ്ദേഹത്തിൻറെ സന്തത സഹചാരിയായ വട്ടമറ്റം സാർ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതാണ്. "പക്ഷെ ഇക്കാണുന്ന ശീലങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വിശ്വാസങ്ങളെ പുള്ളി വകവച്ചിട്ടുമില്ല.അവസാനകാലങ്ങളിൽ ദൈവം എന്ന വാക്ക് പോലും കാപ്പൻ പറയുമായിരുന്നില്ല. ദൈവമല്ല, ദിവ്യത ആയിരുന്നു അദ്ദേഹത്തിൻറെ വാക്ക്" വിശ്വാസം തനിക്കെന്താണ്‌ എന്നൊരു ലേഖനത്തിൽ അദ്ദേഹം പറയുന്നു. "വിശ്വാസം കൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ദിവ്യതയോടുള്ള തുറവിയാണ്. ആശയങ്ങളിലൂടെ ദിവ്യതയെ ആവിഷ്കരിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടുകയെ ഉള്ളൂ."

ദാനമായും വെല്ലുവിളിയുടെ രൂപത്തിലും നമുക്ക് മുന്നിൽ വെളിപ്പെടുന്ന, കലയിലും സംഗീതത്തിലും സൗന്ദര്യമായി നിർഗ്ഗളിക്കുന്ന, അനീതിക്കും ചൂഷണത്തിനും പരതന്ത്ര്യത്തിനും എതിരെ പോരാടാനുള്ള ആഹ്വാനം നല്കുന്ന എല്ലാം ദിവ്യതയുടെ വെളിപ്പെടുത്തലായി അദ്ദേഹം കാണുന്നു. അതിനു നേരെ നമ്മെത്തന്നെ തുറന്നു വയ്ക്കുന്നതാണ് അദ്ദേഹത്തിൻറെ വിശ്വാസം.

മതമായി സ്ഥാപനവല്ക്കരിക്കപ്പെട്ട വിശ്വാസം നാസ്തികതയുടെ വകഭേദം തന്നെയാണ് അദ്ദേഹത്തിന്. എളുപ്പം കൈകാര്യം ചെയ്യാവുന്ന പ്ലാസ്റ്റിക് ദൈവത്തെ പ്രതിഷ്ടിക്കുന്നതും, അനുഷ്ടാനങ്ങളിലൂടെയും ജാതീയതയിലൂടെയും മൃതപ്രായമായ പ്രമാണങ്ങളിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതും നാസ്തികത തന്നെയായി കാപ്പൻ വകയിരുത്തുന്നു. ലോകത്തിനു കാരണമായ ഒന്നുണ്ടോ എന്ന ചോദ്യത്തിന് കാപ്പൻ പറയുന്ന ഉത്തരം ശ്രദ്ധിക്കുക.

ലോകത്തിന്റെ കാരണമായ ഒന്നുണ്ട് എന്ന് നേരത്തെ ഉറപ്പിച്ചു വയ്ക്കുന്നതിനു പകരം ഈ ലോകത്തിൽ തന്നെ അനന്തമായ ഒന്നുണ്ടോ, കേവലമായ ഒന്നിന്റെ ബഹിര്സ്ഫുരണങ്ങൾ കാണാനുണ്ടോ എന്ന് ചോദിക്കുക. ഉണ്ടായിരിക്കാം. സ്നേഹിക്കപ്പെടുന്നു എന്ന അനുഭൂതിയിലോ മറ്റോ പലപ്പോഴും നമ്മൾ കേവലമായ സത്യത്തെ കണ്ടെത്തിയെന്നു വരാം. ഉണ്ടെങ്കിൽ അത് അംഗീകരിക്കുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. നമ്മൾ തുടങ്ങേണ്ടത് ഈ ലോകത്തിൽ നിന്നാണ്, ഒരു ആശയത്തിൽ നിന്നല്ല. ഹെഗെലിൽ നിന്ന് മാർക്സിലെക്ക് വരുമ്പോൾ നാം കാണുന്നതും ഇത് തന്നെ, അമൂർത്തമായ ആശയങ്ങളല്ല മൂർത്തമായ ലോകമാണ് തുടക്കം.

അദൈവങ്ങളുടെ നിർമ്മാണം

ആത്മീയത പുനരധിനിവേശത്തിന്റെ പുതുയുഗത്തിൽ എന്ന കൃതിയിലാണ് അദൈവം എന്ന ആശയം കാപ്പൻ അവതരിപ്പിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ നിലംപരിശായതായി സന്തോഷിച്ചവരോട് അദ്ദേഹം പറയുന്നു - തകർന്നത് ആശയമല്ല, ഒരു മഹത്തായ ആശയത്തിന്റെ സോവിയറ്റ് ഭാഷ്യം മാത്രമാണ്. ഉട്ടോപ്യകളുടെ വിവിധ ഭാഷ്യങ്ങൾ തകരുമ്പോൾ അവയ്ക്കിടയിലൂടെ ഉയർന്നു വരുന്ന പ്രത്യുട്ടോപ്പ്യ (Counter Utopia) കളെ പറ്റിയാണ് ഈ കൃതി സംസാരിക്കുന്നത്. മൂലധനമാണ് ഇവിടെ ദൈവം. സ്വർഗ്ഗാനുഭവമല്ല, സ്വർഗ്ഗീയമായ ഉപഭോഗമാണ് ഇവിടെ വാഗ്ദത്തമാവുന്നത്. ഈ പ്രത്യുട്ടോപ്യയുടെ കാവലാളാണ് ക്രിസ്ത്യൻ അദൈവം (Ungod) - വിപണിയുടെ ദൈവം.യേശു ദർശിച്ചതും പഠിപ്പിച്ചതുമായ ദിവ്യതയെ കൊന്നുകൊണ്ടാണ്‌ ക്രിസ്ത്യൻ 'അദൈവം' വളർന്നത്. ഉപഭോഗപരതയുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനില്ക്കുന്ന ദൈവമാണിത്. ജൂതന്മാരെയും തുർക്കികളെയും കൊന്നു തള്ളിയതും, കുരിശുയുദ്ധങ്ങളിൽ ഏർപ്പെട്ടതും ഈ ദൈവം തന്നെ. കോളനിവാഴ്ച്ചയ്ക്കും അടിമക്കച്ചവടത്തിനും കുടപിടിച്ചതും അദൈവം തന്നെ. ഈ അദൈവത്തെ എതിർത്തു തോല്പ്പിച്ചില്ലെങ്കിൽ, ഈ നവകൊളോണിയൽ അധിനിവേശത്തെ എതിർത്തു തോല്പ്പിച്ചില്ലെങ്കിൽ ലോകത്തെ മുഴുവനായും അത് കാർന്ന് തിന്നും എന്നദ്ദേഹം പ്രവചിക്കുന്നു.

"എവിടെ മനുഷ്യൻ ചവിട്ടി മെതിക്കപ്പെടുന്നുവോ, എവിടെ ഭൂമിയുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുവോ അവിടെയെല്ലാം ദിവ്യത ഒരു ചോദ്യചിഹ്നമായി നമ്മെ നേരിടുന്നു."

വിമോചനദൈവശാസ്തവും ദൈവശാസ്ത്രത്തിൽ നിന്നുള്ള മോചനവും

"എല്ലാ ദിവ്യതയെ കണ്ടെത്തലും അവശ്യം മനുഷ്യവിമോചകമായിരിക്കും. അതുപോലെതന്നെ വിമോചകമായിരിക്കും ആ കണ്ടെത്തലിനെ ഉദ്ഘോഷിക്കുന്ന കവനാത്മക സുഭാഷിതവും. നമുക്കതിനെ വിമോചന ദൈവശാസ്ത്രം എന്നല്ല വിമോചകധർമ്മം എന്ന് വിളിക്കാം."

പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിച്ച് മണ്ണിൽ നിന്ന് ജീവൻ കൊണ്ട ക്രിസ്തുവിനെ അന്വേഷിക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ ദൈവശാസ്ത്രം. രാജാക്കന്മാരുടെ രാജാവിന് പകരം എല്ലാ അധികാരങ്ങളെയും തള്ളിപ്പറഞ്ഞ ക്രിസ്തു.

വിമോചനദൈവശാസ്ത്രം അദ്ദേഹത്തിനു മൂന്നു തലങ്ങളിലായിരുന്നു.

  1. അരികുവൽക്കരിക്കപ്പെട്ടവരുടെ വിമോചനം
  2. പ്രകൃതിയുടെ വിമോചനം
  3. ദൈവശാസ്ത്രത്തിൽ നിന്ന് തന്നെയുള്ള വിമോചനം.

അരികുവൽക്കരിക്കപ്പെട്ടവരിൽ അദ്ദേഹം എടുത്തു പറയുന്നത് സ്ത്രീകളുടെ വിമോചനമാണ്. പിതൃശാസനാത്മകമായ ദൈവസങ്കല്പ്പത്തെ പൂർണമായും പൊളിച്ചെഴുതാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വചനം മാംസമായ ക്രിസ്തുവിനെ പൊളിച്ചെഴുതി മാംസം വചനമായ യേശുവിനെ കണ്ടെത്തലാണ് രണ്ടാമത്തെ തലം. മണ്ണ് വാങ്ങ്മയമായ യേശു.പ്രകൃതിയെ വീണ്ടെടുക്കുന്ന ദൈവശാസ്ത്ര സങ്കല്പം. നൈസർഗ്ഗികമായ കാമത്തെയും കാമസാഫല്യത്തെയും മാനിക്കുന്ന ഒരു ക്രിസ്തവസങ്കൽപ്പത്തിലെക്കുള്ള വിളിയാണ് ഈ വിമോചനം. ദിവ്യതയോട് ബലപ്രയോഗം കാണിക്കുന്ന എല്ലാ ദൈവശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞു നേടുന്ന വിമോചനം കൂടിയാണ് ഇത്. അപ്പോസ്തോലന്മാരുടെ കാലത്തോടെ ദിവ്യതയുടെ സ്വയം പ്രകാശനം അവസാനിച്ചു എന്ന ധാരണയിൽ നിന്ന് പുറത്തു ചാടുക. എല്ലാ വിശ്വാസങ്ങൾക്കും ആലംബം വിശുദ്ധ ലിഖിതവും, സഭാധ്യക്ഷന്മാർ ചമയ്ക്കുന്ന വ്യാഖ്യാനങ്ങളും ആണെന്നുള്ള കെട്ടുപാടുകളെ പൊട്ടിച്ചെറിയുക. ദൈവത്തെ ദൈവശാസ്ത്രത്തിന്റെ ഇടുങ്ങിയ കാരഗൃഹങ്ങളിൽ നിന്ന് വിമോചിപ്പിക്കുക എന്നതാണ് കാപ്പനച്ചന് വിമോചനത്തിന്റെ പാരമ്യം. 1980 ലാണ് അദ്ദേഹത്തിൻറെ Jesus and Freedom എന്ന പുസ്തകം വത്തിക്കാൻ സെൻസർഷിപ്പിനു വിധേയമാക്കിയത്. "ഉല്‍ക്കണ്‌ഠയുളവാക്കുന്ന സൈദ്ധാന്തികമായ ഘടകങ്ങൾ" കണ്ടെത്തിയാണ് ഈ പുസ്തകം സെൻസർ ചെയ്തത്. അദ്ദേഹം തന്നെ നടത്തിക്കൊണ്ടു പോന്ന "അനാവിം" എന്ന ലഘുലേഖ വഴി അദ്ദേഹം മറുപടി നല്കി. ഈശോസഭയുടെ ജനറാളിന് നല്കിയ മറുപടിയിൽ അദ്ദേഹം പറയുന്നു.

"Censorship on the part of the Church implies that there exists a codified formulae, fully expressive of the truth about God and Jesus, in the light of which the truth or falsehood of contemporary theological writing may be determined. This in my view, amounts to saying that no sooner had God 'once upon a time' fully revealed his mind than he was forced to retire from the scene, under orders never again open his mouth before his sons and daughters. Censorship has meaning only in a world from which God has been banished, in a history purged of his presence"

പൌരസ്ത്യമായ മണ്ണിൽ നിന്ന് കൊണ്ട് യേശുവിനെ കണ്ടെത്തുന്ന ഈ രചനയെ പാശ്ചാത്യമായ കണ്ണുകൾക്ക് വായിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നും അതിൻറെ പേരില് മാപ്പിരക്കാൻ തനിക്ക് നിർവാഹമില്ലെന്നും അദ്ദേഹം തുറന്നെഴുതി. 1982 മുതൽ 1985 വരെ മൂന്നു വർഷക്കാലം പ്രസിദ്ധീകരിക്കപ്പെട്ട നെഗേഷൻസ് (Negations: a journal of culture and creative praxis) എന്ന ത്രൈമാസിക ഭാരതസംസ്കൃതിയിൽ ഊന്നിയുള്ള വിമോചനത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു. ഇന്ത്യൻ സാഹചര്യത്തിലെ കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളെ വിമർശിച്ചും വഴികാട്ടിയും അതിൽ കാപ്പനെഴുതിയ ലേഖനങ്ങൾ കാലഘട്ടത്തിന്റെ കണ്ണാടികളാണ്. അതിൽ അദ്ദേഹം എഴുതി.

"ഇന്ത്യയിലെ സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനാവാത്ത ഒരു കമ്മ്യൂണിസ്റ്റ് പ്രയോഗത്തിന് പിറവി കൊടുത്തത് ചില സൈദ്ധാന്തിക മുൻവിധികളാണ്. വികലമായ പ്രയോഗം അതിൻറെ സിദ്ധാന്തത്തെ സാധൂകരിക്കാൻ ഉതകുകയും ചെയ്തു. അങ്ങനെ സിദ്ധാന്തവും പ്രയോഗവും പരസ്പരം പോഷിപ്പിക്കുന്ന, അതിൽത്തന്നെ ഒതുങ്ങിക്കൂടുന്ന, സർപ്പിളമോ താർക്കികമോ ആവാൻ പറ്റാത്ത, ചാക്രിക ഗതിയെ അവലംബിക്കുന്നു. സൈദ്ധാന്തിക തലത്തിൽ തന്നെ മാറ്റങ്ങൾ കുറിക്കുക. ചരിത്രാനുഭാവങ്ങളുടെയും നമ്മുടെ സാംസ്കാരിക സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ സൈദ്ധാന്തികപൈതൃകത്തെ ആകെ നിശിത വിമർശനത്തിനു വിധേയമാക്കണം. സ്വയം പരിവർത്തിപ്പിക്കുക അല്ലെങ്കിൽ ജീർണിക്കുക - ഇതാണ് ഇന്ത്യൻ കമ്മ്യൂണിസം നേരിടുന്ന വെല്ലുവിളി."

1993 നവംബർ 30 ന് അദ്ദേഹം മരണമടഞ്ഞത് Ingathering എന്ന തന്റെ ആത്മകഥ പാതിയിൽ നിർത്തിയാണ്.

"Death is ever with me like my shadow, a shadow that will inevitably swallow up the shadowed and itself. Only in recent years did I become acutely aware of the shadow. Earlier I could flee from it, take refuge in work, in the pursuit of what I thought was my mission. Occasionally I shudder at the fear of the Unknown. But soon I seek and find in the Unknown the visage of the Divine that spawns up everything that is but, only to take them back into its own Within that is without name and form."

ഫാദർ സെബാസ്റ്യൻ കാപ്പൻ എന്ന ചിന്തകനും കലാപകാരിയും മറവിയിൽ മറഞ്ഞു പോകുന്നത് ഒരു സമൂഹം ചെയ്യുന്ന കുറ്റകൃത്യമാണ്. അദൈവങ്ങളും ജാതീയതയും പിമ്പോട്ടു വലിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും.