നവ ജാതീയത

നാടുവാഴിത്ത ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയായ എല്ലാത്തരം അസമത്വങ്ങളെയും ഇല്ലാതെയാക്കുന്ന ഒരു "ആധുനികതയെ" മുതലാളിത്തം കൂടെക്കൊണ്ടുവരും എന്നതാണ് പൊതുവെയുള്ള സങ്കല്പം. മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയായ അതിതീവ്രമായ കിടമത്സരം കമ്പോളത്തിലുള്ള ഏതൊരു ചരക്കിന്റെയും തിരഞ്ഞെടുപ്പുകളില്‍ വില്പനക്കാരുടെ ജാതിയും വര്‍ഗവും അപ്രസക്തമാക്കുമെന്നും, മറിച്ച് വിലയും അതിന് അനുസൃതമായ ഗുണനിലവാരവുമായിരിക്കും ചരക്കിന്റെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയെന്നും, അത് കൊണ്ട് തന്നെ തൊഴിലാളികളെ "വാങ്ങുമ്പോഴും" ജാതി-വര്‍ഗ പരിഗണനകള്‍ നിയമന മാനദണ്ഡങ്ങളാകുന്നത് അവസാനിക്കുമെന്നുമാണ് ഒരു പൊതുധാരണ.

മുതലാളിത്ത വികാസത്തിന്റെ ബന്ധനം മൂലമാണ് ജാതിവ്യവസ്ഥ നമ്മുടെ സമൂഹത്തില്‍ ഇന്നും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നത് എന്ന ചില ഇടതുപക്ഷ നിരീക്ഷകരുടെ വ്യാഖ്യാനം മേല്പറഞ്ഞ ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയില്‍ വൈകിയെത്തിയ മുതലാളിത്തം ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് വിഭിന്നമായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നാടുവാഴിത്ത ഘടനകളെ തച്ചുടക്കേണ്ടതിനു പകരം, മുതലാളിത്തത്തിന്റെ രാഷ്ട്രീയമായ അതിജീവനത്തിന് വേണ്ടി ഈ ഘടനകളുമായി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് യോജിച്ചു പോവുകയാണുണ്ടായത്. ഭരണാധികാരം കയ്യടക്കി വച്ചിരിക്കുന്ന ഒരു "ബൂര്‍ഷ്വാ-നാടുവാഴിത്ത" സഖ്യത്തെ സംബന്ധിച്ച് ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലെ നാടുവാഴിത്ത വ്യവസ്ഥിതിയുടെ ഭാഗമായ ജാതി വ്യവസ്ഥ ചിരസ്ഥായിയായി നിലനില്‍ക്കുന്നത് അത്തരം സഖ്യത്തിന്റെ സവിശേഷതയാണ്.

ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയില്‍ വൈകിയെത്തിയ മുതലാളിത്തം ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് വിഭിന്നമായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നാടുവാഴിത്ത ഘടനകളെ തച്ചുടക്കേണ്ടതിനു പകരം, മുതലാളിത്തത്തിന്റെ രാഷ്ട്രീയമായ അതിജീവനത്തിന് വേണ്ടി ഈ ഘടനകളുമായി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് യോജിച്ചു പോവുകയാണുണ്ടായത്.

നാടുവാഴിത്ത ചരിത്രത്തിന്റെ അവശിഷ്ടം മാത്രമാണ് ജാതി എന്നുള്ളത് തീര്‍ത്തും അപര്യാപ്തമായ കാഴ്ചപ്പാടാണ്. സ്വാതന്ത്ര്യത്തിനു ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ജാതി വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും നിലനിന്നു പോകുന്നുവെന്ന് മാത്രമല്ല അവ ശക്തിയാര്‍ജിച്ച് വരികയാണ്ണു താനും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും ഇത്തരം വിവേചനങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും മോചിതരല്ല എന്നാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ഈ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മാനവികവിഷയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് വിഭിന്നമായി, സാങ്കേതിക-ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനങ്ങള്‍ കൂടുതല്‍ പ്രകടമായാണ് കാണപ്പെടുന്നത്. വിവേചനങ്ങള്‍ ഉണ്ടാകുന്നയിടങ്ങളില്‍ പീഢനങ്ങളും അടിച്ചമര്‍ത്തലുകളും പിന്തുടര്‍ച്ചയായി വരുന്നു.

നമ്മുടെ സമൂഹത്തില്‍ മുതലാളിത്തം ജാതിയെ തുടച്ചുനീക്കുന്നതിന് പകരം അതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് കാണാം. മാഞ്ഞു പോകാതിരുന്ന കേവലമായ ഒരു ചരിത്രാവശിഷ്ടമല്ല ജാതി വ്യവസ്ഥ. മറിച്ച് മുതലാളിത്ത വികാസത്തിലൂടെ പ്രബലമാക്കപ്പെട്ട ഒന്നാണ് സമകാലിക ജാതി വ്യവസ്ഥ. മാര്‍ക്സിന്റെ ഒരു പ്രയോഗം കടമെടുക്കുകയാണെങ്കില്‍, "വിപുലമായി പുനരുല്പാദിപ്പിക്കപ്പെട്ട" ജാതിവിവേചനങ്ങളാണ് ഇന്ത്യന്‍ മുതലാളിത്തവ്യവസ്ഥയുടെ പ്രധാന സവിശേഷത എന്ന് വേണമെങ്കില്‍ പറയാം.

ഇതിനു ലളിതമായ ഒരു കാരണം ഉണ്ട്. ഇന്ത്യയില്‍ മുതലാളിത്ത വികസനം അതിവേഗമാണ് സംഭവിക്കുന്നതെങ്കിലും, അത് സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകള്‍ വളരെ കുറവാണ്. ആ തൊഴിലുകള്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്നത് ഐ.റ്റി. സേവനങ്ങളുമായി ബന്ധപ്പെട്ട മണ്ഡലങ്ങളിലാണ്. അവയാകട്ടെ വന്‍കിട സ്ഥാപനങ്ങള്‍ നല്‍കുന്ന പുറംജോലിക്കരാറുകളെ ആശ്രയിച്ച് കൊണ്ട് പുഷ്ടിപ്പെട്ടവയും. തൊഴിലാളികള്‍ക്ക് ഒരു നിശ്ചിത തലത്തിലുള്ള വിദ്യാഭ്യാസനിലവാരം ആവശ്യപ്പെടുന്നവയാണ് ഈ തൊഴിലുകള്‍ എല്ലാം തന്നെ. ആ വിദ്യാഭ്യാസം നേടുവാന്‍ ഉള്ള ജീവിതസാഹചര്യമുള്ളവര്‍ക്ക് ഈ ജോലികള്‍ പ്രാപ്തമാണ് എങ്കിലും, വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ അത്തരം തൊഴിലുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നു.

"മേല്‍"ജാതികളില്‍ പെടുന്ന ഒരു വരേണ്യവിഭാഗത്തിന് മാത്രമേ ആവശ്യത്തിനുള്ള വിദ്യാഭ്യാസം നേടുവാന്‍ സാധിക്കുന്നുള്ളൂ എന്നത് കൊണ്ട് അവര്‍ക്ക് ഇത്തരം ജോലികള്‍ പ്രാപ്യമായ ഒന്നാണ്. അതേ സമയം വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നേരിടുന്ന "കീഴ്"ജാതികളില്‍ പെടുന്ന കുട്ടികള്‍ ഇത്തരം ജോലികളില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. അവിദഗ്ദ്ധ താല്‍കാലിക തൊഴിലുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. അങ്ങനെ മുതലാളിത്ത വികസനം "മേല്‍"ജാതിക്കരും "കീഴ്"ജാതിക്കാരും തമ്മില്‍ നേരത്തേ തന്നെ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക അസമത്വത്തെ കൂടുതല്‍ വിസ്തൃതമാക്കുന്നു.

തൊഴില്‍-പ്രവൃത്തിപരമായി വിജയം കൈവരിച്ച ഒരാളും തന്നെ തങ്ങളുടെ വിജയത്തിന് ഹേതുവായത് തങ്ങളുടെ സാമൂഹികമായ വിശേഷാധികാരത്തിന്റെ ഫലമാണെന്ന് സമ്മതിക്കില്ല. പകരം ബൂര്‍ഷ്വാ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്വതസിദ്ധമായ കഴിവാണ് തങ്ങളുടെ വിജയത്തിന്റെ മൂലകാരണം എന്നവര്‍ വിശ്വസിക്കുവാന്‍ താല്പര്യപ്പെടുന്നു. ഈ കാഴ്ചപ്പാടനുസരിച്ച് വിജയികള്‍ ആകാത്ത എല്ലാവരും തന്നെ, സ്വയമേവ, കഴിവുകെട്ടവരാകുന്നു.

എന്നാല്‍ വരുമാന വിതരണവും ആപേക്ഷികമായ സാമ്പത്തിക സ്ഥിതിയും ഓരോരുത്തരുടെ "കഴിവുകളെ" അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനിക്കപ്പെടുന്നത് എന്നാണ് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം അവകാശപ്പെടുന്നത്. ജാതിയുമായി ശക്തമായ പരസ്പരബന്ധമുള്ള സാമൂഹിക-സാമ്പത്തിക അവസ്ഥകളില്‍ നിന്നുളവാകുന്ന അസമത്വങ്ങള്‍, മുതലാളിത്ത പ്രത്യയശാസ്ത്രങ്ങള്‍ അനുസരിച്ച്, ഉണ്ടാകുന്നത് കഴിവുകളില്‍ ഉള്ള വ്യത്യാസം കൊണ്ടാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ജാതിവ്യത്യാസങ്ങള്‍ ഗുണവ്യത്യാസങ്ങളുടെ സൂചകമാണെന്ന സവര്‍ണ്ണ ആശയത്തെ മുതലാളിത്തം ഊട്ടിയുറപ്പിക്കുന്നു.

തൊഴില്‍-പ്രവൃത്തിപരമായി വിജയം കൈവരിച്ച ഒരാളും തന്നെ തങ്ങളുടെ വിജയത്തിന് ഹേതുവായത് തങ്ങളുടെ സാമൂഹികമായ വിശേഷാധികാരത്തിന്റെ ഫലമാണെന്ന് സമ്മതിക്കില്ല. പകരം ബൂര്‍ഷ്വാ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്വതസിദ്ധമായ കഴിവാണ് തങ്ങളുടെ വിജയത്തിന്റെ മൂലകാരണം എന്നവര്‍ വിശ്വസിക്കുവാന്‍ താല്പര്യപ്പെടുന്നു. ഈ കാഴ്ചപ്പാടനുസരിച്ച് വിജയികള്‍ ആകാത്ത എല്ലാവരും തന്നെ, സ്വയമേവ, കഴിവുകെട്ടവരാകുന്നു. "കീഴ്"ജാതികളില്‍ പെട്ട സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരാണ് ഇത്തരത്തിലുള്ള വിജയങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ എന്നതിനാല്‍, വിജയികളാകുന്നവര്‍ "കീഴ്"ജാതികളില്‍ പെട്ട തങ്ങളുടെ സമകാലികരെ കഴിവുകെട്ടവരായി കാണുന്നു. അങ്ങനെ ജാതിവിവേചനങ്ങള്‍ അവരില്‍ ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയ വിജയികളായവരുടെയും ഇടയില്‍ ഇക്കാലത്തും ജാതി വിവേചനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനുള്ള കാരണം ഇതാണ്. അത് നാടുവാഴിത്തത്തിന്റെ കേവലമായ പിന്തുടര്‍ച്ച മാത്രമല്ല, മറിച്ച് മുതലാളിത്ത വികസനത്തിന്റെ അനിവാര്യമായ പ്രവണത കൂടിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരമ്പരാഗത ജാതീയതയുടെ മേല്‍ വച്ചു പിടിപ്പിച്ചതും അപരിമിതമായി ദൃഢീകരിക്കപ്പെട്ടതുമായ ഒരു നവജാതീയതയാണ് മുതലാളിത്തത്തില്‍ രൂപപ്പെട്ടിരിക്കുന്നത് .

യഥാര്‍ത്ഥത്തില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍, സാമൂഹിക-സാമ്പത്തിക സമത്വം സങ്കല്പിച്ചു കൊണ്ടുള്ള ഏതൊരു നടപടിയും നിലവിലുള്ള അസമത്വങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഈ വഷളാകലിന് നിദാനമായി നിലവിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെയല്ല അത്തരത്തിലുള്ള സങ്കല്പങ്ങള്‍ കാണുക, മറിച്ച് സഹജമായ കഴിവുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളെയാണ്. അങ്ങനെ ഈ സങ്കല്പങ്ങള്‍ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ യുക്ത്യാനുസൃതമായി നിര്‍വചിക്കുവാനും ഉപയോഗിക്കപ്പെടുന്നു. നമ്മുടേത് പോലെയുള്ള സമൂഹങ്ങളില്‍ മുതലാളിത്ത വികസനം ഇതാണ് ചെയ്യുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ നവജാതീയത രൂപപ്പെട്ട് വരുവാന്‍ ഇത് ഇടയാക്കുകയും ചെയ്യുന്നു.

വിജയികളായ "മേല്‍"ജാതിയില്‍ പെടുന്ന വിദ്യാഭ്യാസം സിദ്ധിച്ച വിഭാഗങ്ങളുടെ സവിശേഷതയായ ഈ നവജാതീയത, അവരുടെ ഇടയില്‍ വിജയിക്കുവാനാകാതെ പോയവര്‍ക്കിടയിലേക്കും "അരിച്ചിറങ്ങി"യിരിക്കുകയാണ്. വിദഗ്ദ്ധതൊഴിലുകള്‍ പരിമിതമായ സാഹചര്യങ്ങളില്‍ സ്വാഭാവികമായും പരാജയപ്പെടുന്ന ഇവര്‍ തങ്ങളുടെ പരാജയകാരണമായി കണ്ടെത്തുന്നത് "കീഴ്"ജാതിക്കാര്‍ക്കുള്ള ജാതിസംവരണത്തെയും, "കീഴ്"ജാതിക്കാരിലെ സാമ്പത്തികാവശത അനുഭവിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന തുച്ഛമായ സാമ്പത്തിക ആനുകൂല്യങ്ങളെയുമാണ്. സംവരണത്തിലൂടെയും മറ്റു ആനുകൂല്യങ്ങളിലൂടെയും, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍, താഴ്‌ന്ന ജാതിക്കാരെ ഗവണ്‍മെന്റ് പ്രീണിപ്പിക്കുന്നതിന്റെ ഫലമായി കൂടുതല്‍ തൊഴിലുകള്‍ നിര്‍മ്മിതമാകുമായിരുന്ന "വികസനം" നഷ്ടമാകുന്നുവെന്നാണ് അവര്‍ അവരുടെ തൊഴിലില്ലായ്മയെ വിശദീകരിക്കുന്നത്.

നാം സമകാലീന സാഹചര്യങ്ങളെ മറന്ന് കൊണ്ട് മുതലാളിത്തത്തിന്റെ ചരിത്രത്തെ മാത്രം പഠിക്കുകയാണെങ്കില്‍ തന്നെയും, യൂറോപ്പില്‍ നിന്ന് സമശീതോഷ്ണ മേഖലകളിലേക്കുള്ള വെള്ളക്കാരുടെ കുടിയേറ്റം - ഉദാഹരണത്തിന് ഓസ്ട്രേലിയ, ന്യൂ സീലാന്‍ഡ്, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ - തൊഴില്‍ കമ്പോളങ്ങള്‍ താരതമ്യേന ദുഷ്കരമാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും നാടുവാഴിത്ത ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയായി ജനതയ്ക്ക് കിട്ടിയ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളെ ഒരു വലിയ അളവില്‍ നിശ്ശബ്ദപ്പെടുത്തുകയും ചെയ്തുവെന്ന് കാണാം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇതിനൊരു തെളിവ് നാം കണ്ടിരുന്നു. ഇലക്ഷന്‍ സര്‍വ്വേകളുടെ ഭാഗമായി അഭിമുഖം ചെയ്യപ്പെട്ട മിക്ക "മേല്‍"ജാതിയില്‍ പെട്ട സമ്മതിദായകരും, ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല നഗരപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായവരും, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ (MNREGA) കണ്ടത് താഴ്ന്ന ജാതിക്കാരുടെ പരിലാളനയ്ക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ഒന്നായിട്ടാണ്. അവരുടെ കണ്ണില്‍ ഇത് "വികസന"വിരുദ്ധം മാത്രമല്ല ഒരു തരത്തിലുള്ള "അഴിമതി" കൂടിയാണ്. അങ്ങനെ നവജാതീയത വിജയികളാകുന്ന വിദ്യാസമ്പന്നരായ "ഉന്നത"ജാതിക്കാര്‍ക്കിടയിലേക്ക് മാത്രമല്ല, വിജയിക്കാത്തവര്‍ക്കിടയിലേക്കും ഒഴുകിയെത്തുന്നു.

ജാതിവ്യവസ്ഥയില്‍ താഴ്ന്ന സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ ദരിദ്ര ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പൂര്‍ണമായും മറികടക്കുവാന്‍ സഹായിക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായമോ, അല്ലെങ്കില്‍ പൂര്‍ണതൊഴിലുറപ്പ് നല്‍കുന്ന സമ്പദ്വ്യവസ്ഥയോ ഉണ്ടായിരുന്നുവെങ്കില്‍ ജാതിബന്ധിതമായ പരമ്പരാഗത സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ക്ക് കടിഞ്ഞാടിടുവാന്‍ സാധിക്കുമായിരുന്നു. വിദ്യാഭ്യാസപിന്നോക്കാവസ്ഥ മറികടക്കുകയും സമ്പൂര്‍ണ തൊഴിലുറപ്പ് നടപ്പിലാക്കുകയും ചെയ്താല്‍ ജാതിവിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അപ്രത്യക്ഷമാകുവാന്‍ അതൊരു കാരണമാകും. പക്ഷെ നമ്മുടെതുപോലുള്ള സമൂഹത്തില്‍ ഇത് രണ്ടും പോയിട്ട് ഇതിലൊന്നുപോലും നേടിയെടുക്കുക എന്നത് മുതലാളിത്തത്തിന് സാധ്യമായ കാര്യമല്ല. ആകെക്കൂടി അതിന് സാധ്യമാകുന്നതാകട്ടെ ഒരു നവജാതീയത സ്ഥാപിക്കുന്നത് മാത്രവും.

മുതലാളിത്തതിന് ഇവ രണ്ടും ഒരിടത്തും നേടിയെടുക്കുവാന്‍ സാധിച്ചില്ലായെങ്കിലും, പല മെട്രോപോളിറ്റന്‍ രാജ്യങ്ങളിലും നമ്മുടേത് പോലുള്ള രാജ്യങ്ങളുടെ അത്രയും മോശപ്പെട്ട അവസ്ഥയല്ലെങ്കിലും, സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ മുതാളിത്തത്തിന്റെ കീഴില്‍ എന്നും ഒരു വിദൂര വിലാപമായി മാത്രമേ നിലനിന്നിരുന്നുള്ളൂ എന്ന് വേണമെങ്കില്‍ വാദിക്കാം. പ്രത്യേകിച്ചും, ഹ്രസ്വമായ, യുദ്ധശേഷമുള്ള സോഷ്യല്‍ ഡെമോക്രസി ഉയര്‍ന്നു വന്ന പ്രീ-ബ്ലെയറൈറ്റ് കാലഘട്ടത്തിലൊഴികെ. അപ്പോള്‍ എങ്ങനെയാണ് ഇവിടങ്ങളിലെ, നമ്മുടെ സമൂഹത്തില്‍ ജാതി പ്രതിനിധീകരിക്കുന്നത് പോലെയുള്ള, സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ നിയന്ത്രണവിധേയമാക്കിയത്?

കുടിയേറ്റവിരുദ്ധ വംശീയ മുന്‍വിധികളും അടിച്ചമര്‍ത്തലുകളും വളരുന്ന മുറയ്ക്ക്, മെട്രോപൊളിറ്റന്‍ മുതലാളിത്തതിലും അവര്‍ വികാസം പ്രാപിക്കുന്നതായി ചിലര്‍ വാദിക്കാറുണ്ട്. പക്ഷെ നാം സമകാലീന സാഹചര്യങ്ങളെ മറന്ന് കൊണ്ട് മുതലാളിത്തത്തിന്റെ ചരിത്രത്തെ മാത്രം പഠിക്കുകയാണെങ്കില്‍ തന്നെയും, യൂറോപ്പില്‍ നിന്ന് സമശീതോഷ്ണ മേഖലകളിലേക്കുള്ള വെള്ളക്കാരുടെ കുടിയേറ്റം - ഉദാഹരണത്തിന് ഓസ്ട്രേലിയ, ന്യൂ സീലാന്‍ഡ്, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ - തൊഴില്‍ കമ്പോളങ്ങള്‍ താരതമ്യേന ദുഷ്കരമാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും നാടുവാഴിത്ത ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയായി ജനതയ്ക്ക് കിട്ടിയ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളെ ഒരു വലിയ അളവില്‍ നിശ്ശബ്ദപ്പെടുത്തുകയും ചെയ്തുവെന്ന് കാണാം. എന്നാല്‍ മുതലാളിത്തത്തിന്റെ സവിശേഷതയായ സമ്പത്തിന്റെയും വരുമാനത്തിലെയും അസമത്വം വളര്‍ന്ന് പന്തലിച്ചു കൊണ്ടിരുന്നു.

നാടുവാഴിത്ത ഭൂതകാലത്തില്‍ നിന്ന് പിന്തുടര്‍ച്ചയായിക്കിട്ടിയ വ്യത്യാസങ്ങളെ ഇല്ലാതാക്കുവാന്‍ അതിന്റെ ആന്തരികമായ ചലനാത്മകത കാരണം മുതലാളിത്തതിന് സാധിക്കും എന്ന ഇടതുപക്ഷ വീക്ഷണം, അത് കൊണ്ടു തന്നെ ഒരു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. വന്‍കിട നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റം മൂലമുണ്ടായിട്ടുള്ളവ വ്യവസ്ഥിതിയുടെ അന്തര്‍ലീനമായ സവിശേഷതയാണെന്ന് തെറ്റായിട്ടായിരിക്കാം മനസ്സിലാക്കപ്പെട്ടത്.

നമ്മുടേത് പോലെയുള്ള സമൂഹങ്ങളില്‍, പിന്തുടര്‍ച്ചയായി കിട്ടിയ ജാതീയമായ മുന്‍വിധികളും അടിച്ചമര്‍ത്തലുകളും ഇല്ലാതെയാക്കുന്നതിന് പകരം മുതലാളിത്തം അവയെ ശക്തിപ്പെടുത്തുകയാണുണ്ടായത് എന്നത് വ്യക്തമാണ്. അവയെ മറികടക്കുവാനുള്ള സാഹചര്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുതലാളിത്തം അശക്തമാണ്; പ്രത്യേകിച്ചും നവ-ലിബറലിസം എന്ന അതിന്റെ ഏറ്റവും അവസാനത്തെ അവതാരത്തിന്റെ കീഴില്‍. മുതലാളിത്തത്തെ അതിജീവിക്കുന്ന ഒരു സാമൂഹിക-സാമ്പത്തിക ക്രമമാണ് ആ സാഹചര്യങ്ങള്‍നിര്‍മ്മിക്കുന്നതിനായിട്ട് വേണ്ടത്. ഈ ക്രമം സാധ്യമാക്കുവാനുള്ള പോരാട്ടവും, ജാതീയമായ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുവാനുള്ള പോരാട്ടങ്ങളും ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ട്.