രാഷ്ട്രീയ കേരളം വിധിയെഴുതിയപ്പോള്‍

ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ആകാംക്ഷാഭരിതമായ, 13-ആം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍, ഇരു മുന്നണികളിലും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയ മല്‍സരത്തില്‍ തുച്ഛമായ 2 നിയമസഭാംഗങ്ങളുടെ എണ്ണക്കൂടുതലില്‍ ഐക്യ ജനാധിപത്യ മുന്നണി കേവലഭൂരിപക്ഷം നേടുന്നതിനെയാണ് കേരളജനത കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാങ്കേതികമായി യു.ഡി.എഫ്. ജയിച്ചതായി കണക്കാക്കാമെങ്കിലും, മുന്നണി എന്ന നിലയില്‍ യു.ഡി.എഫ്. അമ്പേ പരാജയപ്പെട്ടു എന്നാണ് ഫലങ്ങള്‍ വായിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകുന്നത്. വോട്ട് ശതമാനം വച്ച് നോക്കുമ്പോഴും ജില്ലയില്‍ കിട്ടിയ സീറ്റുകല്‍ വച്ച് നോക്കുമ്പോഴും ആകെയുള്ള പതിനാല് ജില്ലകളില്‍ എട്ടിലും (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്) എല്‍.ഡി.എഫിനാണ് മേല്‍ക്കൈ എന്ന് കാണാം. ആകെ മല്‍സരിച്ച 92 സീറ്റുകളില്‍ 46 എണ്ണത്തിലും ജയിച്ച് ഈ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സി.പി.എമ്മിന്റെ നേട്ടത്തിന്റെ പകിട്ട്, 80 സീറ്റുകളില്‍ മല്‍സരിച്ച് 38-ല്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസ്സിനുണ്ടോ എന്നത് വായനക്കാരുടെ തീരുമാനത്തിനായി വിട്ട് തരുന്നു.

ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ്സും, കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവും, മുസ്ലിം ലീഗും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോള്‍ മുന്നണി എന്ന നിലയില്‍ പരാജയപ്പെട്ടു. യു.ഡി.എഫിന്റെ തന്നെ ഭാഗമായി മല്‍സരിച്ച സി.എം.പി.-യും ജെ.എസ്.എസ്സും ഒറ്റ സീറ്റ് പോലും ജയിക്കുകയുണ്ടായില്ല. അത് പോലെ തന്നെ, 6 സീറ്റില്‍ മല്‍സരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി വെറും രണ്ട് സീറ്റില്‍ ഒതുങ്ങിപ്പോയി. പണ്ട് ഇടതുമുന്നണിയിലായിരുന്നപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ ഒപ്പമുണ്ടായിരുന്ന ജനതാദള്‍ (എസ്) അതേ സമയം അഞ്ച് സീറ്റില്‍ മല്‍സരിച്ച് നാലെണ്ണത്തില്‍ വിജയം കണ്ടു. മുന്നണി കെട്ടുറപ്പിലും, സംഘടനാശക്തിയിലും യു.ഡി.എഫ്. ഒരു കൂട്ടമായി മുന്നേറുവാന്‍ ഇനിയുമിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷതെളിവാണിത്. ഈ തെരെഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ട് നോക്കിയാല്‍ അവര്‍ക്ക് പൊതുവില്‍ ലഭിച്ച ജനപിന്തുണയുടെ ഒരു ഏകദേശചിത്രം ലഭിക്കുന്നതായിരിക്കും. സി.പി.എമ്മിന് ഈ തെരെഞ്ഞെടുപ്പില്‍ ലഭിച്ചത് 28.51% വോട്ടാണ്. 2006-ലെ തെരെഞ്ഞെടുപ്പില്‍ നിന്നും രണ്ട് ശതമാനം കുറവാണിതിന്നിരിക്കിലും, കേരള സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടി എന്ന സ്ഥാനം സി.പി.എം നിലനിര്‍ത്തുകയാണുണ്ടായത്. 2001-ല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സി.പി.എമ്മിന് വെറും 21 ശതമാനം ജനപിന്തുണയെ ഉണ്ടായിരുന്നുള്ളൂവെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സി.പി.ഐ-യുടെ ജനപിന്തുണ ഓരോ തെരെഞ്ഞെടുപ്പിന് ശേഷവും കൂടുന്നതായാണ് കണക്കുകള്‍ നോക്കുമ്പോള്‍ മനസ്സിലാകുന്നത്. 2001-ലെ തെരെഞ്ഞെടുപ്പില്‍ സി.പി.ഐ-യുടെ വോട്ട് വിഹിതം 7.25 ശതമാനമായിരുന്നു. 2006-ല്‍ അത് 8.09 ശതമാനമായി ഉയരുകയുണ്ടായി. ഈ തെരെഞ്ഞെടുപ്പില്‍ അത് ഒരു ശതമാനത്തോളം വര്‍ദ്ധിച്ച് 9.02 ശതമാനത്തിലെത്തി.

ഇത്തവണ യു.ഡി.എഫിന്റെ ഭാഗമായി മല്‍സരിച്ച സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്ന് നേടിയത് ഏകദേശം 3% വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇവര്‍ എല്‍.ഡി.എഫിന്റെ ഭാഗമായി മല്‍സരിച്ചപ്പോള്‍ ഏകദേശം 4.5% വോട്ട് നേടിയിരുന്നു. എന്നാല്‍ ഈ ഘടക കക്ഷികളുടെ കൂറുമാറ്റം തങ്ങളുടെ ശക്തിയെ തെല്ലും ബാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കക്ഷികള്‍ ഇല്ലാതിരുന്നിട്ടും എല്‍.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ അതിന് ആനുപാതികമായ കുറവ് സംഭവിച്ചിട്ടില്ല.

2009-ലെ ലോകസഭ തെരെഞ്ഞെടുപ്പിന് ശേഷം നൂറ് നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിന്റെ ജനപിന്തുണ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചോര്‍ന്ന് പോയെന്ന് നിസ്സംശയം പറയാം. 47.74% ജനപിന്തുണയോടെ ആ ഇലക്ഷന്‍ ജയിച്ച കോണ്‍ഗ്രസ്സിന്റെ പിന്തുണ 1.7% ശതമാനം ഇടിഞ്ഞ് 46 ശതമാനത്തില്‍ ഒതുങ്ങിപ്പോയി. അതേ സമയം എല്‍.ഡി.എഫ് ആകട്ടെ, തങ്ങളുടെ ജനപിന്തുണ 42-ല്‍ നിന്നും മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കേരള രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ചില പ്രത്യേക വിശ്വാസങ്ങള്‍ തകര്‍ത്തെറിഞ്ഞതും ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഉദാഹരണത്തിന് പോളിങ്ങ് ശതമാനം ഉയര്‍ന്നാല്‍ എല്‍.ഡി.എഫ് പരാജയപ്പെടും എന്നത്. സംസ്ഥാന ശരാശരിയില്‍ (75.09) നിന്നുമുയര്‍ന്ന പോളിങ്ങ് ശതമാനമുള്ള 73 മണ്ഡലങ്ങള്‍ ഇത്തവണയുണ്ട്. ഈ മണ്ഡലങ്ങളില്‍ 42 എണ്ണത്തില്‍ വിജയിച്ചിരിക്കുന്നത് എല്‍.ഡി.എഫ് ആണ്, ബാക്കി 31 എണ്ണത്തില്‍ യു.ഡി.എഫും. പോളിങ്ങ് ശതമാന വര്‍ദ്ധനവ് യു.ഡി.എഫിന്റെ വിജയത്തിന്റെ സൂചനയാണ് എന്ന ധാരണയാണ് ഇവിടെ തിരുത്തപ്പെട്ടിരിക്കുന്നത്.

സാങ്കേതികമായി ജയം യു.ഡി.എഫിന്റെ ഒപ്പമാണ് എന്ന് പറയുവാന്‍ കഴിയുമെങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഒരു സ്ഥാനത്തിന് അര്‍ഹതയില്ലാത്ത രാഷ്ട്രീയകക്ഷികളുടെ പിന്തുണയില്ലാതെ ഒരു മുന്നേറ്റത്തിന് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കെല്പുണ്ടെന്നും, ഇന്നിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട് എന്നുമാണ് ഈ ഇലക്ഷന്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍ രണ്ട് ക്യാമ്പിലുമുണ്ടാകും. നഷ്ടപ്പെട്ട ജനപിന്തുണയെ ഓര്‍ത്തായിരിക്കും യു.ഡി.എഫിന്റെതെങ്കില്‍, ഈ വലതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനപക്ഷത്ത് നിന്നുള്ള പോരാട്ടങ്ങളില്‍ വ്യാപൃതരാകുന്നത് കൊണ്ടായിരിക്കും ഒരു പക്ഷെ ഇടതുപക്ഷത്തിന് ഉറക്കം നഷ്ടപ്പെടുക.

കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണ്ണ രൂപവും വിശകലനവും പട്ടികാ രൂപത്തില്‍ ഇവിടെ ലഭ്യമാണ്.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണ്ണ രൂപം ഡൌണ്‍ലോഡ് ചെയ്യുവാന്‍ :

ഓപണ്‍ ഓഫീസ് ഫോര്‍മാറ്റില്‍

എക്സല്‍ ഫോര്‍മാറ്റില്‍

കടപ്പാട് : സ്പ്രെഡ് ഷീറ്റ് തയ്യാറാക്കാന്‍ സഹായിച്ച ദിലീപ് എം.കെ