അരാഷ്ട്രീയ വാദത്തിന്റെ സ്വകാര്യ താത്പര്യങ്ങള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണോ എന്ന വിഷയത്തിൽ ശ്രീ ദിലീപ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ലോകത്തെ വിവിധ വിദ്യാർഥി മുന്നേറ്റങ്ങളെ കുറിച്ച് വാചാലമായി പിന്നീട് സ്വകാര്യ മേഖലയെ തലോടി മുന്നേറുന്ന ലേഖനം ഒടുവിൽ വിദ്യാർഥി പ്രസ്ഥാനങ്ങൾ ആവശ്യമേ ഇല്ല എന്ന നിഗമനത്തിൽ അവസാനിക്കുന്നു. വിദ്യാർഥി വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന നേതാക്കന്മാർക്ക് മുൻവിധികളില്ലാതെ രാഷ്ട്രീയത്തെ സമീപിക്കണം എന്ന ഉപദേശവും സൌജന്യമായി നല്കുന്നുണ്ട്.

ലോകത്താകമാനം നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളെ പ്രതിപാദിച്ച ലേഖകൻ പക്ഷെ സ:രാജനെ മറന്നു. 70 കളിലെയും 80 കളിലെയും മഹത്തായ സോഷ്യലിസ്റ്റ്‌ സ്വപ്നങ്ങള്ക് അടിത്തറ പാകിയത്‌ കാമ്പസുകൾ തന്നെയായിരുന്നു. ജാതീയതക്കും വര്ഗീയതക്കും എതിരായ ശക്തമായ ചെറുത്‌ നില്പുകൾ മുഴങ്ങിക്കേട്ടതും ഇതേ ക്യാമ്പസ്‌ ചുവരുകല്ക് ഉള്ളിൽ നിന്നായിരുന്നു. സ:രാജൻ എന്ന പേര് ലേഖകൻ കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. അടിയന്തിരാവസ്തയുടെ കറുത്ത നാളുകളിൽ ലേഖകൻ പറയുന്നത് പോലെ പ്രസംഗം പഠിക്കാനുള്ള ക്ലബുകളിൽ ആയിരുന്നില്ല വിദ്യാർഥികൾ, ചോര മണക്കുന്ന തെരുവുകളിലേക്ക്‌ ജനാധിപത്യത്തെ സംരക്ഷിക്കാം അവർ ഇറങ്ങി.ഓരോ വിദ്യാർഥി സമൂഹവും അത് ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ചേദം കൂടിയാണ്. അത് സമൂഹത്തിൽ നില നില്കുന്ന ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ടു കൊണ്ട് വേണം തങ്ങളുടെ അവകാശങ്ങൾക് വേണ്ടി ശബ്ദം ഉയർത്തുന്നത്. ജനാധിപത്യ പരമായി ജനങ്ങളോട് സംവദിക്കുന്ന ഒരു സർകാർ സംവിധാനം നിലവിലുണ്ടോ എന്ന് അന്വേഷിച്ചാൽ മാത്രമേ സമരങ്ങൾക് ഇടയിലുണ്ടാകുന്ന അക്രമങ്ങൾക് പ്രസക്തി ഉള്ളൂ. ലക്ഷക്കണക്കിന്‌ ജനങ്ങൾ അണി നിരന്നു രാജിവെക്കാൻ പറഞ്ഞിട്ടും രാജി വെക്കാത്ത, എന്തിനു കോടതി പള്ളു പറഞ്ഞിട്ടും നാണമില്ലാത്ത ഒരു സർക്കാർ ഒക്കെ ഭരിക്കുന്ന ഈ നാട്ടിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അണുകിട വ്യത്യാസം ഇല്ലാതെ വരച്ച വരക്കുള്ളിൽ നിന്ന് പ്രതികരിക്കണം എന്ന് പറയുന്നതിൽ അർഥം ഇല്ല. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സമൂഹത്തിനു യാതൊരു സംഭാവനയും നലികിയിട്ടില്ല എന്നൊക്കെ എഴുതി വെക്കും മുൻപ് പത്രം വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. മലാപ്പരമ്പിൽ ഒരു സ്കൂൾ തന്നെ രാത്രിയുടെ മറവിൽ ഇടിച്ചു തകർത്തപ്പോൾ, സ്കൂളിന്റെ പുനർ നിർമാണം തുടങ്ങാൻ വേണ്ടി പിരിവു നടത്തിയതും ഒരു വിദ്യാർത്ഥി പ്രസ്ഥാനം ആയിരുന്നു, എസ് എഫ് ഐ. ഇവിടെ അദ്ദേഹം ആരോപിക്കുന്നത് പോലെ സങ്കുചിത ചിന്ത ഒന്നും അല്ല എസ് എഫ് ഐയെ നയിച്ചത്, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന അതി വിശാലമായ മുദ്രാവാക്യം തന്നെയാണ്.

“നമ്മുടെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പ്രധാന ജോലി സമരം ചെയ്യുക എന്നതാണല്ലോ.” യാഥാർത്ഥ്യങ്ങൾ വിശകലനം ചെയ്യാതെ കാടടച്ചു നടത്തിയ ഒരു പ്രസ്താവന എന്ന് മാത്രമേ ഇതിനെ കണക്കാക്കാൻ ആകൂ. സിനിമകളിൽ കാണിക്കുന്ന വിദ്യാർത്ഥി സംഘടന പ്രവര്ത്തനം ആണ് യാഥാര്ത്യം എന്നൊക്കെ തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യും? രാവിലെ ജിമ്മിൽ പോയി മസിലും പെരുപ്പിച്ചു, വിദേശത്തുള്ള അച്ഛനോടും അമ്മയോടും ഫോണിൽ തറുതല പറഞ്ഞു ഒരു കത്തിയും അരയിൽ തിരുകി, പഴയ മോഡൽ ജീപും ഓടിച്ചു കോളേജിൽ പോകുന്ന നേതാവ്! അത് സിനിമകളിലേ ഉള്ളൂ എന്ന് ലേഖകന് അറിയില്ലല്ലോ! കാമ്പസുകളിൽ നടക്കുന്ന വിവിധ കലാ കായിക പ്രവർത്തനങ്ങളും വിവിധങ്ങളായ ചര്ച്ചകളും ഒന്നും ലേഖകൻ കണ്ടിട്ടില്ല അല്ലെങ്കിൽ ആർക്കോ വേണ്ടി പേന ഉന്തുമ്പോൾ മനപൂർവ്വം അവഗണിക്കുന്നു എന്നേ പറയാനാവൂ!

എന്തായാലും പിന്നീടു പൂച്ച് പുറത്തു ചാടുന്നുണ്ട്! വിദ്യാർത്ഥി സംഘടന ഒക്കെ വിട്ടു, സ്വകാര്യ മേഖലയുടെ ഗുണ ഗണങ്ങൾ ഒക്കെ വിവരിച്ചു തുടങ്ങുന്നതോടെ ലേഖനത്തിന്റെ ഉദ്ദേശ്യ ശുദ്ധി നമുക്ക് മനസ്സിലാവും. "സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍, പഠനത്തിലും ഗവേഷണത്തിലും പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകള്‍ സ്വകാര്യ മേഘലയില്‍ആണെന്ന് മനസിലാക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ആ സര്‍വ്വകലാശാലകളുടെ വിജയരഹസ്യം എന്താണെന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? നമുക്കും അത്തരം സ്ഥാപനങ്ങള്‍എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പഠിച്ചിട്ടുണ്ടോ?" അത്ര ദൂരേക്കൊന്നും പോവണ്ട. കല്പിത സർവകലാശാലകൾ നിറഞ്ഞു നിൽക്കുന്ന അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ അവസ്ഥ എന്താണ്? വിദ്യാർത്ഥി സംഘടനകളുടെ "ശല്യം" ഇല്ലാത്ത, പൊതു മേഖലയിൽ അല്ലാത്ത ഈ സർവകലാശാലകളുടെ സ്ഥിതി എന്താണ്? ഒരുപാടു പി എച് ഡി പ്രോഗ്രാമ്മുകൾ ഒക്കെ നടക്കുന്ന ഇവയിൽ പലതും എന്ത് നിലവാരം പുലര്ത്തുന്നു എന്നത് പഠന വിഷയം ആക്കേണ്ടതാണ്. ഇതിൽ പലതും അടച്ചു പൂട്ടി അല്ലെങ്കിൽ കല്പിത സർവകലാശാല പദവി എടുത്തു കളയപ്പെട്ടു. ഈ കാമ്പസുകളിൽ മിക്കതിലും പോയിട്ടുണ്ട്. അതീവ ശോചനീയമാണ് അവിടത്തെ അന്തരീക്ഷങ്ങൾ. ആണ് പെണ്ണിനോട് മിണ്ടിയാൽ പിഴ, ക്ലാസ്സിൽ ഒരു ദിവസം താമസിച്ചാൽ പിഴ, ചോദിക്കുന്ന സംഭാവനകൾ കൊടുത്തില്ലെങ്കിൽ ഗുണ്ടകളുടെ ഇടി... ഇതൊക്കെയാണ് ഈ കലാലയങ്ങളിൽ നടമാടുന്നത്. ഇതൊക്കെ കേരളത്തിലെ കാമ്പസുകളിൽ ഇല്ല അല്ലെങ്കിൽ തുലോം കുറവാണു എന്നത് തന്നെ വിദ്യാർത്ഥി സംഘടനകളുടെ, രാഷ്ട്രീയ അവബോധമുള്ള ജനതയുടെ വിജയം തന്നെയാണ്. ബാക്കി വിദ്യാഭ്യാസ നിലവാരം ഒക്കെ ലേഖകന് തന്നെ പരിശോധിക്കാം! പിന്നെ ലോകോത്തര നിലവാരം ഉള്ള സർവകലാശാലകളുടെ കഥ. ലോകോത്തരം എന്ന് പറയുന്ന സവകലാശാലകൾ മിക്കവാറും പടിഞ്ഞാറൻ രാജ്യങ്ങളിൽ ആണല്ലോ. അത്തരം സർവകലാശാലകളിലേക്ക് വന്നു ചേരുന്ന സർക്കാർ ഫണ്ടിനെക്കുറിച്ച് ഒരു ചെറിയ വിശകലനം നടത്തി നോക്കുക. അമേരിക്ക GDP യുടെ 3 ശതമാനത്തിനു അടുത്ത് R&D ക്ക് വേണ്ടി ചെലവഴിക്കുന്നു, ബ്രിട്ടനോ രണ്ടു ശതമനത്തിനടുതും. നമ്മൾ ഇപ്പോഴും ഒരു ശതമാനത്തിൽ താഴെയാണ് എന്നതാണ് യഥാര്ത പ്രശ്നം. ആളോഹരി ചെലവാക്കൽ കണക്കാക്കിയാൽ അമേരിക്കയുടെ നൂറിൽ മൂന്നു ഭാഗമേ വരൂ ഇന്ത്യൻ സർകാരിന്റെ ചെലവാക്കൽ. ഇതൊന്നും കാണാതെ ഇന്ത്യാ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും ഹേതു രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ സജീവമായ വിദ്യാർത്ഥി സംഘടനകൾ ആണെന്ന കണ്ടെത്തൽ നല്ലൊരു തമാശ തന്നെയെന്നു പറയാതെ വയ്യ. പിന്നീട് സ്വകാര്യ മേഖല വാദമൊക്കെ വിഴുങ്ങി ഐ ഐ ടി എന്ന വടിയാണ് ലേഖകൻ അടിക്കാൻ എടുക്കുന്നത്. സാരംഗ് എന്ന ഐ ഐ ടി ചെന്നൈയുടെ കലാമേളയാണ് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്. സാരംഗ് എന്ന കലാമേള കഴിഞ്ഞ അഞ്ചു ആറു വർഷത്തിനിടയിൽ കാണാൻ പോയിട്ടുണ്ട്. അത്തരം ഒരു മേളക്ക് വന്നു ചേരുന്ന കോർപ്പറേറ്റ് ഫണ്ടുകൾ ഒരു ഭാഗത്ത്‌ ഉണ്ട് എന്നത് നിസ്തർക്കമാണ്. അത് കൊണ്ട് തന്നെയാവണം വിദേശത്തെ പ്രമുഖ ബാന്റുകളെ വരെ വേദിയിൽ എത്തിക്കാൻ അതിന്റെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നത്‌. ഇതൊക്കെ പറയുമ്പോൾ ലേഖകൻ പക്ഷെ കേരളത്തിലെ സവകലാശാലകളിൽ നടന്നു വരുന്ന കലാമെളകളെ ഒന്നും കണ്ടില്ല എന്ന് നടിക്കരുത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരം എൽകുന്ന സര്വകലാശാല യുണിയനുകൾ പ്രശംസനീയമായ രീതിയിൽ ആണ് കലാമേളകൾ നടത്തുന്നത്. ഏതെങ്കിലും വേദിയിൽ ഒരു ദിവസം ചെലവഴിച്ചാൽ ലേഖകന് സാരംഗിനും അപ്പുറം ഉള്ള വിശാലമായ ലോകം കാണാൻ അവസരം ലഭിക്കും എന്ന് തീർച്ച.

ഇവിടുത്തെ രാഷ്ട്രീയം ഇല്ലായ്മ: ഐ ഐ ടികളിലെ തെരഞ്ഞെടുപ്പ് രസകരമാണ്. പ്രാദേശീയ വിഭാഗീയത ആണ് അവിടെ മുഖ്യ വിഷയം തന്നെ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സങ്കുചിതകൾ ഇല്ലാത്ത വിശാലമായ രാഷ്ട്രീയം!ഗോക്രി പോലെയുള്ള വര്ഗീയ വാദികളെ വലിയ ശാസ്ത്രജ്ഞൻ എന്നൊക്കെ പറഞ്ഞു കേട്ടിയെഴുന്നള്ളിക്കുന്നതും ഇതേ സ്ഥാപനങ്ങൾ തന്നെയാണ്. രാഷ്ട്രീയ ബോധം കൈമുതലായുള്ള കുറച്ചു യുവജനങ്ങൾ ആണ് അതൊക്കെ തടയാൻ മുന്നോട്ടു വന്നതും. അവിടെയൊക്കെ നടക്കുന്ന ചൂഷണങ്ങൾ, പ്രത്യേകിച്ച് ദളിത്‌ വിദ്യാർത്ഥികൾക് എതിരായവ, ഇപ്പോഴും തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ആത്മഹത്യാ ചെയ്യപ്പെട്ട വിദ്യര്തികളുടെ എണ്ണത്തിന്റെ ശതമാന കണക്കു വിശദീകരിക്കാൻ മേധാവിക് ധൈര്യം കൊടുത്തതും വിദ്യാർഥി സംഘടനകളുടെ അഭാവം തന്നെയാവണം.

ലേഖകൻ ഇതിനിടെ കാമ്പസ് റാഗ്ഗിംഗ് കൂടി തൊട്ടു വെച്ചു. “ റാഗിങ്ങ് തുടങ്ങിയ പ്രശ്‌നങ്ങളും വര്‍ഗീയതയും കാമ്പസുകളില്‍നിന്നും അകറ്റാന്‍ കാമ്പസ് രാഷ്ട്രീയം സഹായിക്കും എന്നാണ് മറ്റൊരു വാദം. ഇത് എലിയെ പിടിക്കാന്‍ പുലിയെ വളര്‍ത്തുന്നത് പോലെയാണ്. നമ്മുടെ നാട്ടില്‍ എല്ലാ പ്രശ്‌നങ്ങളിലും (സ്വന്തം അവകാശങ്ങള്‍ പോലും ലഭ്യമാക്കാന്‍) ഒരാള്‍ക്ക് രാഷ്ട്രീയക്കാരുടെ അനുഗ്രഹം ആവശ്യമാണെന്ന സ്ഥിതി ഉള്ളത് കൊണ്ടാവാം, റാഗിങ്ങിനു പരിഹാരവും രാഷ്ട്രീയമാണ് എന്ന് ചിന്തിക്കാന്‍കാരണം. റാഗിങ്ങ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ ഒരു നല്ല മാര്‍ഗ്ഗം വിദ്യാര്‍ത്ഥി, അധ്യാപക പോലിസിനെ രംഗത്ത് ഇറക്കുക എന്നതാണ്. വേണമെങ്കില്‍ അവര്‍ക്ക് ഒരല്പം പരിശീലനവും കൊടുക്കാം. എല്ലാ കാമ്പസുകളിലും ഒരു വിദ്യാര്‍ത്ഥി, അധ്യാപക പോലിസ് സ്‌റ്റേഷന്‍ എന്തുകൊണ്ട് ആയിക്കൂടാ? ഇവര്‍ക്ക് യഥാര്‍ത്ഥ പോലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും സൗകര്യം ഒരുക്കാം.“ രാഷ്ട്രീയം എന്നത് കേവല സമരങ്ങലാണെന്നും മറ്റും ധരിച്ചു പോയ ഒരാളുടെ പ്രശ്നമാണിത്. രാഷ്ട്രീയം എന്നത് കേരളത്തിൽ എങ്കിലും ശക്തമായ ഒരു ജനാധിപത്യ ബോധം ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. മേലാളന്മാരുടെ തിട്ടൂരതിനപപുരം നെഞ്ചു വിരിച്ചു നിന്ന് തന്റെ അവകാശങ്ങല്ക് വേണ്ടി വില പേശാനും മറ്റൊരാളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളാനും ഒക്കെ വിദ്യാർഥി സംഘടന പ്രതിനിധികൾ തയ്യാറായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അനുഭവം. റാഗ്ഗിംഗ് എന്നത് കേവലം മുഷ്ക് ഉപയോഗിച്ച് അടിച്ചമർത്ത പെടേണ്ട ഒന്നല്ല. അത് നമ്മുടെ ഫ്യൂടൽ ഹയരാർകിയുടെ ഒരു ബാക്കി പത്രം ആണെന്ന് മനസ്സിലാക്കിയാലേ അതിനെ തുടച്ചു നീക്കാൻ പറ്റൂ. തന്റെ ഒരു വര്ഷം താഴെ ഉള്ള സഹജീവി തന്നോളം അവകാശങ്ങൾ ഉള്ള മറ്റൊരു വിദ്യാർത്ഥി തന്നെയാണ് എന്നാ ഒരു തിരിച്ചറിവ് ഇത്തരം ജനാധിപത്യ പ്രക്രിയകളിലൂടെ നമ്മൾ നേടിയെടുക്കെണ്ടതാണ്. അത് മറ്റൊരു അധികാര സ്ഥാനത്തെ കൊണ്ട് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രം ആണ്. ഇതിനു വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക് കാര്യമായ പങ്കു വഹിക്കാനുണ്ട്. കർണടകയിലെയും തമിഴ്നാട്ടിലെയും ഒക്കെ കോളേജുകളിൽ നിന്ന് വരുന്ന ഭീദിതമായ റാഗ്ഗിംഗ് വാർത്തകൾ നമ്മുടെ കലാലയങ്ങളിൽ നിന്നും വന്നിട്ടില്ല എന്നതും നമ്മൾ ചേർത്ത് വായിക്കണം. എസ് എഫ് ഐയുടെയും മറ്റും നേതൃത്വത്തിൽ റാഗ്ഗിംഗ് വിരുദ്ധ കമ്മിറ്റികൾ ശക്തമായ പ്രവര്ത്തനം തന്നെയാണ് ക്യാമ്പസ്‌കളിൽ നടത്തുന്നത്. ഇതിനിടയിൽ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ വര്ഗീയത തുലോം ഇല്ല എന്നും കീച്ചിയിട്ടുണ്ട്! ലേഖകൻ എവിടെ നിന്നാണ് ഇതൊക്കെ എഴുതി വിടുന്നത് എന്നതാണ് സംശയം. കഴിഞ്ഞ അഞ്ചു പത്തു കൊല്ലങ്ങൾ കേരളത്തിൽ കഴിഞ്ഞ ആരെങ്കിലും ഇത് കണ്ടു ചിരിച്ചില്ലെങ്കിൽ അയാള്ക് എന്തെകിലും കുഴപ്പം ഉണ്ടാവണം!

രാഷ്ട്രീയം എന്നത് കേവല സമരങ്ങലാണെന്നും മറ്റും ധരിച്ചു പോയ ഒരാളുടെ പ്രശ്നമാണിത്. രാഷ്ട്രീയം എന്നത് കേരളത്തിൽ എങ്കിലും ശക്തമായ ഒരു ജനാധിപത്യ ബോധം ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. മേലാളന്മാരുടെ തിട്ടൂരതിനപപുരം നെഞ്ചു വിരിച്ചു നിന്ന് തന്റെ അവകാശങ്ങല്ക് വേണ്ടി വില പേശാനും മറ്റൊരാളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളാനും ഒക്കെ വിദ്യാർഥി സംഘടന പ്രതിനിധികൾ തയ്യാറായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അനുഭവം.

"ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും കാല്പനിക ജീവികളും അരാഷ്ട്രീയര്‍എന്ന് വിശേഷിപ്പിക്കുന്ന എന്നാല്‍ നല്ല വിദ്യാഭ്യാസം ലഭിച്ച, പ്രയോഗികമായി ചിന്തിക്കുന്ന, മസ്തിഷ്‌ക ക്ഷാളനം ചെയ്യപ്പെടാത്ത ഒരു യുവതലമുറ ഉണ്ടാകാന്‍ കാമ്പസ് രാഷ്ട്രീയം ഒരു തടസം തന്നെയാണ്" താങ്കൾ പറഞ്ഞ എല്ലാ സർറ്റിപ്പിക്കട്ടും ഉള്ള മന്മോഹനും ചിദംബരവും കഴിഞ്ഞ 10 വര്ഷം കൊണ്ട് എവിടെ എത്തിച്ചു എന്നത് നമ്മൾ പരിശോധിക്കണം. എല്ലാ രാഷ്ട്രീയ നേത്രുത്വങ്ങളിലും നല്ല വിദ്യാഭ്യാസം സിദ്ധിച്ചവരും ഉണ്ട്. പക്ഷെ അവർ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതിലാണ് കാര്യം. വന്കിട മുതലാളിമാർക്ക് വിട് പണി ചെയ്യുന്ന, വിദ്യാഭ്യാസം സിദ്ധിച്ച ഒരു നേതൃത്വം തന്നെയാണ് ഇന്നത്തെ ഇന്ത്യയുടെ ശാപം എന്നത് താങ്കൾ മറച്ചു വെച്ചാലും ജനങ്ങള് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

പിന്നെ അക്രമങ്ങളെ കുറിച്ച് ഒരു വാക്ക്. അത് ഒരു പൊതു സാമൂഹിക പ്രശനമാണ്. ഭാര്യയെ തല്ലുന്ന ഭർത്താവും, കൊല്ലുന്ന അമ്മയും, പിടിച്ചു പറിക്കുന്ന ഉദ്യോഗസ്ഥരും ഒക്കെ ഉള്ള ഒരു സമൂഹമാണ്‌ നമ്മുടേത്‌. അതിൽ തന്നെയാണ് ഈ പ്രസ്ഥാനങ്ങളും പ്രവര്ത്തിക്കുന്നത്. പൊതുവെ അത്തരം സമൂഹത്തിലെ ജനാധിപത്യ ചിന്തകളുടെ അഭാവം ഇത്തരം സന്ഘടനകളിലെക്കും കടന്നു ചെല്ലം. അതിനെതിരെ എല്ലാ ജനാധിപത്യ സംഘടനകളും ജാഗരൂകരാവണം.

ചില തലച്ചോറുകൾ പണയം വെച്ചാൽ ഇങ്ങനെയാണ്, മറ്റെവിടെയോ കൂടെ പോകേണ്ടത് മേലേക്കൂടെ വരും. അതിനു സ്വയം ചികിത്സ മാത്രമേ ഉള്ളൂ പ്രതിവിധി, സ്വതന്ത്രമായി ചിന്തിക്കുക. പ്രസംഗം പഠിപ്പിക്കുന്ന ക്ലബുകളിൽ അനർഘനിർഗളം പ്രവഹിക്കുന്ന വാക്കുകൾ അല്ല രാഷ്ട്രീയക്കാരന് വേണ്ടത്, ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്, പ്രശ്നങ്ങളിൽ ജന പക്ഷം ഏതെന്നു വസ്തുതകൾ വിശകലനം ചെയ്തു കണ്ടെത്താനുള്ള കഴിവാണ്. അത്തരം ജനപക്ഷ നേതാക്കളെ ഉയര്തിക്കൊണ്ട് വരാൻ വിദ്യാർത്ഥി സംഘടനകൾക് കഴിവുണ്ട് എന്നത് തന്നെയാണ് വിശ്വസിക്കുന്നതും.