ഉള്‍വിളി

"ഗുലാം അലിയെ പാടിക്കില്ലെന്ന് ഇപ്പോള്‍ ആദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. ഒരു പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ഇതേ ബഹളം ഉണ്ടായത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ സ്ഥിരം കഥയെഴുതുന്ന ഒരാളായിരുന്നു. ഉള്‍വിളി അക്കാലത്തെഴുതിയതാണ്. അന്ന് അത് കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്നില്ല. പിന്നീട്, എന്റെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍, ഗുലാം അലി വീണ്ടും വിവാദകാരണമാകുന്നതും അദ്ദേഹത്തെ പാടിക്കാനും പാടിക്കാതിരിക്കാനും ബഹളങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകള്‍ ഇരുട്ടടിയടിക്കുന്നു. ഇന്ന് കോഴിക്കോട് അദ്ദേഹം പാടുമ്പോള്‍ എനിക്ക് ഈ കഥ ആളുകള്‍ക്കു മുന്‍പാകെ വയ്ക്കാന്‍ തോന്നുന്നു. ഇതേ എനിക്കു ചെയ്യാനുള്ളൂ. പഴയ കഥയാണ്. ആരും വഴക്കിനു വരില്ലെന്നു കരുതുന്നു. പണ്ടെങ്ങാണ്ടും ആരാണ്ടും കുടിക്കാനോര്‍ത്തപ്പോള്‍ വെള്ളം കലങ്ങാനുണ്ടായ സാദ്ധ്യതയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ വിചാരണ ചെയ്യപ്പെടേണ്ടിവരുന്ന ആടുകള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു." - കഥാകൃത്ത്

ഹലോ, 98..303... എമ്മെസ്‌ക്കേയാണോ? ഹലോ, ദ്വാരകേലെ എമ്മെസ്‌ക്കേ അല്ലേ? എടാ, ഉവ്വേ. ഇത് പാലാഴീലെ കേയാര്‍ സീ... കേള്‍ക്കാവോ?

എനിക്ക് വളരെ ബുദ്ധിമുട്ടിയാ കേള്‍ക്കാവുന്നത്. ഉറച്ചു പറ. ഈ എരപ്പുകാരണമാ. ഞാന്‍ ട്രെയിനേലിരിക്കുവാ, ഐലന്റെക്‌സ്പ്രസ്. എന്റെ ഭഗവാനേ, നീയുമിതേലുണ്ടെന്നോ? ഇതെപ്പം വലിഞ്ഞുകേറി. എന്തോ പറയാനാ?! ഒരത്യാവശ്യത്തിന് പോയേ പറ്റൂന്നായിപ്പോയി. അതല്ലേപ്പിന്നെ ഈ പ്രഷറും ഷുഗറും മറ്റു കംപ്ലയന്‍സും വെച്ചോണ്ടു ഞാന്‍ പോകുവോ?. ഏതായാലും നീ നിന്റെ കൂപ്പേല്‍ തന്നെയിരി. ഇങ്ങോട്ടോടിവരുവൊന്നും വേണ്ട. നമുക്കിതൊരത്ഭുതമായിട്ടെടുക്കാം. എന്നിട്ട് അങ്ങെത്തി പ്ലാറ്റ്‌ഫോമേലെറങ്ങുമ്പൊ തമ്മിക്കണ്ടാ മതി. അതുവരെ നമുക്കിങ്ങനെ സംസാരിച്ചോണ്ടിരിക്കാം. എനിക്കാണേ ചെല വിശേഷങ്ങള്‍ പറയാനുമുണ്ട്. ഹ! ഹ! അതൊക്കെ വിട്. ഞാന്‍ പറയാനുള്ളത് പറയാം, നീ കേള്‍ക്ക്, വളരെ രസമാ...

ഞാന്‍ ബാംഗ്ലൂര്‍ക്ക് എന്റെ ചെറുക്കന്റെ ഒരു പ്രശ്‌നം തീര്‍ക്കാന്‍ പോയതാ. അവനവിടെ കമ്പ്യൂട്ടറാണല്ലോ പഠിക്കുന്നത്. സോഫ്റ്റുവെയറോ മറ്റോവാ... പക്ഷേ, പ്രശ്നമെന്തായിരുന്നെന്നോ? നീ ചിരിക്കല്ലേ, ബലാല്‍സംഗം. സംഭവം പറയാം, എന്റെ ചെറുക്കനും വേറെ നാട്ടീന്നൊള്ള ഏതൊക്കെയോ കൊറേ ആമ്പിള്ളേരും ഒരു വീട് വാടകയ്‌ക്കെടുത്തെങ്ങാണ്ടുമാ അവിടെ താമസം. അവിടെ എന്നും പെണ്ണുങ്ങളായിരുന്നെന്ന് അവിടെ ചെന്നപ്പം അയലോക്കംകാര്‍ പറഞ്ഞു. കേരളത്തീന്ന് പോയി നേഴ്‌സിങ്ങും മറ്റും പഠിക്കുന്ന പെമ്പിള്ളേരൊക്കെ ചുമ്മാ കൂടെപ്പോരുമെന്നാ മകന്‍ പയ്യന്റെ കൂട്ടുകാര്‍ പറഞ്ഞത്. അതല്ലാതേം കിട്ടുമെന്ന്. പക്ഷേ കുറവാണന്നേ ഉള്ളൂ. കഴിഞ്ഞ ദിവസം ഉത്തരേന്ത്യക്കാരിയൊരുത്തി ഇവരുടെ കോളേജില്‍ ജൂനിയറായിട്ട് വന്നു. ഹിന്ദിക്കാരിയല്ലേ, അവളാരാ മോള്?! അവളിവരെ പൊക്കിയെന്നോ ഇവരവളെ പൊക്കിയെന്നോ, എന്തു പറഞ്ഞാലും തെറ്റുവരികേല. എന്തായാലും ഗുരുകാര്‍ന്നോമ്മാരുടെ ഭാഗ്യത്തിന്, കൃത്യം അന്നു രാത്രി തന്നെ വീട്ടില്‍ പോലീസിനു വരാന്തോന്നി, വന്നു, എല്ലാത്തിനേം പൊക്കി. അവളെന്തവാ പറഞ്ഞേന്നോ! അവമ്മാര്‍ അവളെ പിടിച്ചോണ്ടു വന്ന് അതു ചെയ്യുവാരുന്നെന്ന്... ഏത്? ബലാല്‍സംഗമേ. പെമ്പിള്ളാര്‍ക്കു പറയാന്‍ കൊള്ളാവുന്ന കാര്യങ്ങളാണോ അതൊക്കെ...

അതല്ല കേട്ടോ രസം, പിറന്നപടിയാണെന്ന് എല്ലാത്തിനേം സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഹോ! അതോര്‍ക്കുമ്പോ എന്റെ കൈയ്യുമെയ്യെല്ലാം വെറയ്ക്കുവാ. നീയൊന്നോര്‍ത്തേടാ കോപ്പേ, സ്റ്റേഷന്‍ വാതുക്കെ ഉടുതുണിയില്ലാതെ അവളിരുന്ന ആ ഇരുപ്പ്. എല്ലാം കണ്ടു ബോധ്യപ്പെട്ടുകഴിഞ്ഞപ്പം എസ്സൈമോന്‍ അവള്‍ക്കൊരു കൈലീം ബനിയനും കൊണ്ടെക്കൊടുത്തു. ആരാണ്ട് നൈറ്റ് ഡ്യൂട്ടിക്കാരന്റെ മുഷിഞ്ഞത്. അവളത് മേടിച്ച് മണത്തിട്ട്, ഓക്കാനം ഭാവിച്ച് മൂലയ്ക്ക് ഒറ്റയേറാണ്. പിന്നെ പച്ചിംഗ്ലീഷില്‍ പോലീസുകാരോട് കുറെ. അവരു പേടിച്ചു പോയി. എന്നിട്ട്, ആ രാജകീയ ഉടുക്കാക്കുണ്ടിയായിട്ടൊറ്റയിരുത്തം ലോക്കപ്പില്‍. വിവരം അറിഞ്ഞു ഞാന്‍ പറന്നു ചെന്നു. ഞാനവളെക്കണ്ടെടാ, സ്റ്റേഷനീച്ചെന്നപ്പോ. എന്തു ചെയ്യാനാ, വിധിയില്ലെന്നു പറഞ്ഞാമതിയല്ലോ, ഞാന്‍ ചെല്ലുമ്പോ അവളൊരു നീളനുടുപ്പിട്ടിരിക്കുന്നു. അതു മുട്ടുവരെയുണ്ട്. ആ മുട്ടുവരെയെങ്കിലും നീയൊന്നു കാണണം. ആരാണേലും അവളുടെ കാലേവീണു കെഞ്ചിപ്പറഞ്ഞുപോകും, എന്റെ പൊന്നുകുഞ്ഞേ, ദൈവം തമ്പുരാനേ ഓര്‍ത്ത് ആ ഉടുപ്പൊന്നൂരിക്കാണിക്കാവോന്ന്. എനിക്കാണെങ്കില്‍ കുശുമ്പെടുത്തിട്ട് വയ്യാണ്ടായി. എല്ലാവരും കണ്ടുകളഞ്ഞില്ലേ അവളുടെ പൊന്നുടല്. എന്റെ ചെറുക്കനും അവളെ നൂലുബന്ധമില്ലാതെ കണ്ടല്ലൊ എന്നോര്‍ത്തപ്പോ എനിക്കെന്റെ ചെറുക്കന്റെ അണ്ണാക്കിലേക്ക് വെടിവെച്ചു കൊല്ലാനാ തോന്നിയത്. പിന്നെന്തുവാ, നമ്മുടെ പിള്ളേര്‍ ചെയ്യുന്നത് നമ്മള് ചെയ്യുന്നതിനു തുല്യമാ. അതോര്‍ത്തതും എനിക്ക് സമാധാനമായി. ഞാന്‍ തന്നെയാ അവളുടെ കൂടെ തുണിയില്ലാതെ കെടന്നതെന്ന മട്ടില്‍ അഭിമാനത്തോടെ ഞാനെന്റെ മോനെ നോക്കി. അവനാകെ നാണംകെട്ട് തലേംതാത്തി...

xdfdfd

ഞാനവന്റെ ചെവീല്‍ പറഞ്ഞു, 'സാരമില്ലടാ, ഇതെല്ലാം ഈ പ്രായത്തില്‍ ഒള്ളതാ. ഞാന്‍ നിന്റെ തള്ളേനെയൊന്നും അറിയിച്ചിട്ടില്ലെന്ന്. അവനപ്പഴാ ശ്വാസം നേരേവീണത്. അതോ, അതെനിക്കു തോന്നിയതാന്നോ?. ഞാനേതായാലും അവിടത്ത നമ്മുടെ കക്ഷിയേയും കൂട്ടിയാ പോയത്. അങ്ങേര്‍ വേണ്ടപോലെ അതെല്ലാം കൈകാര്യം ചെയ്തു. ഞങ്ങള് പിള്ളേരേം കൊണ്ട് എറങ്ങുവേം, ഒരു ബി.എം.ഡബ്ലിയൂവേല് രണ്ടുപേര്‍ വന്നിറങ്ങി. അവളുടനെ ചാടിയെണ്ണീറ്റ് അഴിയേപ്പിടിച്ചോണ്ടൊരു വിളി, ഡാഡീ... വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് വീട്ടിക്കേറി വരുമ്പം ഉമ്മറത്തു മാസികേം വായിച്ചോണ്ടോ അകത്തെങ്ങാനും ടീവീം കണ്ടോണ്ടോ ഇരിക്കുന്ന തന്തപ്പിടിയെ വിളിക്കുന്നപോലെ. അവളുടെ തന്തേടെ കൂടെ വന്നയാള് ആരാണോ, എനിക്ക് പരിചയമില്ല. കേന്ദ്രടീമായിരിക്കും. അല്ലെങ്കിപ്പിന്നെ നമ്മുടെ റെഡ്ഡിയാന്മാരെടയോ വല്ലോം ആരിക്കും. അവമ്മാരു പോലീസുകാരുടെ നേരേയൊരു ചാട്ടം. എസ്സൈ ആണെങ്കില്‍, സാര്‍ , സാര്‍ എന്നും പറഞ്ഞ് അയാളുടെ പെറകീന്നുമാറാതെ. ബാക്കി കാണാന്‍ ഞങ്ങളു നിന്നില്ല. പിള്ളേരേം വിളിച്ചോണ്ട് ഞങ്ങളപ്പത്തന്നെ വണ്ടിയേക്കേറി.

ചെറുക്കനിപ്പോ പറയുന്നത് അവന് ബാംഗ്ലൂരിന്ന് വരാനേ തോന്നുന്നില്ലെന്നാ. അവടെ ച്ചെന്നപ്പോഴാണ് അവന്റെ പഠിപ്പെല്ലാം അവന്‍ മൊട്ടയിട്ട് വച്ചിരിക്കുകയാണെന്നറിഞ്ഞത്. ഞാന്‍ പറഞ്ഞു, എന്നാല്‍ നീ ഇവിടെ നില്‍ക്കേണ്ട. ഇന്നുതന്നെ പോരെന്റെ കൂടെന്ന്. അന്നേരമാ, അവന്‍ പറഞ്ഞത് ബാംഗ്ലൂരീന്നവനെങ്ങോട്ടുമില്ലന്ന്. പിന്നെയവനൊരു ബിസിനസ്സ് കാര്യം പറഞ്ഞു. അതിനുവേണ്ട ഏര്‍ പ്പാടെല്ലാം ചെയ്തു കൊടുത്തേച്ചാണ് ഞാനിപ്പൊത്തിരിച്ചുപോരുന്നത്. എന്തവാണെന്നോ, ഒരു ക്ലബ്ബ്. ബിയര്‍ പബ്ബും, ക്ലബ്ബും ഡാന്‍ സും പിന്നെ ഫാഷന്‍ റാപും പാര്‍ട്ടിഹാളും എല്ലാം കൂടെ ചേര്‍ന്നൊരു കൊഴാമറിച്ചിലാണ് അവന്റെ ഉദ്ദേശം. അവന്‍ പറയുന്നതെല്ലാം ഞാനങ്ങു ചെയ്യും, അത്രതന്നെ! അവന്‍ ബാംഗ്ലൂരീ ശരിക്കും വെലസുമെന്നാണ് എന്റെ തോന്നല്‍. വേണെങ്കി ലോകം മൊത്തം പടരാനും പറ്റും. ബ്രസീലിലെ എന്തവാണോ, ഒരു റയോയോ മറ്റോ ഒണ്ട്. അവടോട്ടൊക്കെ അങ്ങു വ്യാപിക്കാം. എവടാണേലും നമ്മടെയൊക്കെ ചെറുക്കന്മാരു വെലസുമെന്നാണ് എന്റെയൊരു തോന്നല്‍.

അവന്‍ പറയുന്നത് അവന്റെ ചെല കൂട്ടുകാരു വഴി നമ്മുടെ ക്ലബ്ബിന് എഫ് ടീവീടെ എഫ്- ക്ലബ്ബ് എന്ന ചെല പരിപാടികള്‍ടെയൊക്കെ ബാംഗ്ലൂരിലെ റൈറ്റു കിട്ടുമെന്നാ. അങ്ങനെ ആണെങ്കില്‍ രക്ഷപ്പെട്ടു. നീ എഫ്ടീവിലെ ഡാന്‍സ് കാണാറില്ലേ. അവറ്റേങ്ങളു നടന്നുവരുന്നതു മാത്രം കണ്ടാമ്മതിയല്ലോ... നടക്കുന്നതിനെടേല് ബ്രായങ്ങുരിഞ്ഞുപോകും. യ്യോ! എടാ പുല്ലേ, അതു കാണണം. തുണിയൊണ്ടോ? ഒണ്ടോ ഒണ്ട്. എന്നാല്‍ കാണാനുള്ളതൊക്കെക്കാണുകേം ചെയ്യാം...... ....ആ! അതുപറ, സംഗതി ശരിയാ, അതു നമ്മുടെ സുഷമാമ്മ തന്നെ യാ ആദ്യം വെലക്കിയത്. പിന്നെ, മറ്റവന്മാരു വന്നപ്പോഴും വെലക്കു മാറ്റില്ലെന്നുമാത്രം. അതോടെയാടാ കോപ്പേ, മിഡ്‌നൈറ്റ് ഹോട്ടും മറ്റേ റയോയിലെ കാര്‍ണിവലും ഒക്കെ നിന്നുപോയത്. അക്കാര്യത്തില് എനിക്കു നമ്മടെ പാര്‍ട്ടീന്നോ മറ്റവന്മാരടെ പാര്‍ട്ടീന്നോ ഒന്നുവില്ല. എല്ലാവന്മാരോടും വല്യ വിരോധമാ... അതൊന്നും നിരോധിക്കണ്ട ഒരു കാര്യോമില്ലാരുന്നു. പിന്നെ, വേറൊന്നുണ്ട്, അതൊക്കെ അങ്ങനെ നടന്നാ, പിള്ളേര്‍ മൊത്തം അതും കണ്ടോണ്ടിരിക്കും. അവമ്മാര്‍ നമ്മളൊരിടത്തുകൊണ്ടെ പടക്കം വയ്ക്കാനോ ഒരുത്തനു നാലു പൂശ കൊടുക്കാനോ പറഞ്ഞാക്കേക്കുവേല! അവറ്റേങ്ങളു പറയും, ഈ ലിങ്കറീം കൂടൊന്നു തീര്‍ന്നോട്ടെന്ന്... ലിങ്കറീടെടേലാ ഹങ്കറീടെ കാര്യം എന്നുപറഞ്ഞാല്‍ നമ്മക്കു വല്ലതും പറയാന്‍ പറ്റുവോ? മാത്രോമല്ല, ഇതുപറയാന്‍ നമ്മളു കാണുവോ, നമ്മളന്നേരം പിറേലിക്കലണ്ടറിന്റെ ഷൂട്ടിംഗിന് ജിസിലീ ബൂന്ദ്‌ഷേനും ഇസബേലാ ഫൊണ്ടാനേം നിക്കുന്നേതില് അവളുമാരടെ കുണ്ടീം കണ്ടോണ്ടിരിക്കുവാരിക്കും. കണ്ടോ, എല്ലാത്തിന്റേം പേരു കാണാപ്പാഠമാ! അല്ല, ടീവീലു വരുന്നില്ലെന്നുവച്ചു നീ സങ്കടപ്പെടുന്നകൊണ്ടുപറയാം, നെറ്റിലുകിട്ടും. എഫ് ടീവീ മിഡ്‌നൈറ്റ് ഹോട്ട് സെര്‍ച്ചുചെയ്താമ്മതി. എല്ലാ കുലുക്കോം കാണാം, വല്യ തെരമാല പോലെ. പോസ്റ്ററൊട്ടിക്കാന്‍ പോണ പിള്ളേരോടു പറഞ്ഞു കൊടുക്കാതിരുന്നാമ്മതി.

അപ്പൊ മകന്‍ ചെറുക്കന്റെ ക്ലബ്ബ്. എഫ് ക്ലബ്ബിനുപുറമേ, അതെപോലെതന്നെ, ഫ്രെണ്ട്ഷിപ്പ് ലൈന്‍ എന്ന് പേരില്‍ ഒരു സംവിധാനം ക്ലബ്ബിന്റെ അനുബന്ധമായിട്ടറേഞ്ച് ചെയ്യാമോന്ന് നോക്കണംന്നും അവന് പ്ലാനുണ്ട്. ഫോണ്‍ കോളുകള് കൈകാര്യം ചെയ്യാന്‍ പറ്റിയ പെമ്പിള്ളാരൊക്കെ അവന്റെ കസ്റ്റഡീലുണ്ടത്രേ. അതൊരു തകര്‍പ്പന്‍ ഐഡിയായാ. നടന്നാല്‍ അതായിരിക്കും നമ്മുടെ ക്ലബ്ബിന്റെ ഹൈലൈറ്റ് അഥവാ, സ്‌പോട്ട് ലൈറ്റ്. അവന്‍ ക്ലബ്ബിനിട്ടിരിക്കുന്ന പേര്‍ കേള്‍ക്കണം നീ. ഹെയ് ഹിറ്റ്‌ലര്‍ന്ന്. എന്നിട്ട് അതിന്റെ അടീലിങ്ങനെ: എ റെജിമെന്റ് ഫോര്‍ യംങ് പീപ്പിള്‍ ഓഫ് ദി നേഷന്‍ . എന്താണോ അവനുദ്ദേശിക്കുന്നത്?!

ഇന്നലെ മുഴുക്കെ കൊറേ ആര്‍ട്ടിസ്റ്റിനെയിരുത്തി പടംവരപ്പീരാരുന്നു. ക്ലബ്ബിന്റകത്തുവെക്കാന്‍ . എല്ലാം ഇരുണ്ട നിറത്തില്‍ തുണിയില്ലാത്തത്. ഒരു ബിയറൊക്കെയടിച്ചോണ്ട് ഞാനും അവമ്മാരുടെ കൂടെയങ്ങനിരുന്നു. അങ്ങനിരുന്നപ്പൊ ഞാനോരോന്നോര്‍ക്കാനും തുടങ്ങി. അതിലൊക്കെ നീയുമൊണ്ടാരുന്നു. നമ്മുടെ പഴേ ഓര്‍മ്മയൊക്കെ നീയോര്‍ ക്കുന്നൊണ്ടോ? നീയോര്‍ക്കുന്നൊണ്ടോ, നമ്മുടെ സുധാമണി പുറംതിരിഞ്ഞുകെടക്കുമ്പൊ, അവള്‍ടെ ഒരു ചന്തി മറ്റേതിനേക്കാള്‍ മുന്തിനിന്നിരുന്നതായി തോന്നിച്ചിരുന്നത്. ചെലപ്പം അതൊന്നും അങ്ങനെയായിരിക്കില്ല. എന്റെയൊരു തെറ്റായ ഓര്‍ മ്മയായിരിക്കാം അത്. എന്നാലും മനസ്സില്‍ അങ്ങനെയാ പച്ചപിടിച്ചു നില്ക്കുന്നത്. അതാണല്ലോ കാര്യം. പ്രായമാകുന്തോറും ഇത്തരം ഓര്‍മ ഉള്ളിക്കെടന്നങ്ങനെ ഞാലുവാ!

ആ ഓര്‍മപ്പൊറത്ത് ഞാനാപ്പടം വരയ്ക്കുന്ന കന്നഡക്കാരനോട് കടല്‍തീരത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന ഒരുത്തിയെ വരയ്ക്കാന്‍ പറഞ്ഞു. വരച്ചപ്പഴോ, അതു നമ്മുടെ പഴയ സുധാമണി തന്നെ!. പാതി കാണാവുന്ന മുഖവും അവള്‍ടെതന്നെ. ഞാന്‍ ചോദിച്ചു, നീയും കെടന്നിട്ടുണ്ടോടാ, അവള്‍ടെ കൂടേന്ന്?. അവന്‍ പകച്ചുപോയി.

ഏനു ഗുരുവേ..., അവന്‍ ചോദിച്ചു.

മോന്റെ മുറീക്കണ്ട മലയാളം കന്നട പുസ്തകത്തീന്ന് പഠിച്ചതു ഞാനും പറഞ്ഞൂ. നീനു അല്ലി ഹോഗബോഡ... സ്വരാക്ഷരഗളു വ്യഞ്ജനാക്ഷരഗളു നിഷേധരൂപഗളു... നാനു നീനു പ്രേമഹോത്തൊളൂ.

ഇതെല്ലാം കേട്ടതും പിള്ളേര്‍ മുടിഞ്ഞ ചിരി. നിന്റെ തന്ത നിന്റെ തന്ത തന്നെയെന്നും പറഞ്ഞ് പിള്ളേരെല്ലാം മോന്‍ ചെറുക്കനെ വാരുകേം. ഞാനങ്ങനെ ഒരു പാതിച്ചിരീംവച്ച്, ബിയറും മോന്തിക്കിടന്നു. നമ്മടെ കാലം ഔത്തുങ്ങക്കറിയത്തില്ലല്ലോ. ഔത്തുങ്ങളു വിചാരിക്കുന്നത്, ഈ മൊബൈല്‍ഫോണും കിടുപിടീം വെച്ച് അവമ്മാരു കാണിക്കുന്നതാ കളിയെല്ലാംന്നാ. നമ്മളൊക്കെ ഒരു മൊബൈല്‍ഫോണും കമ്പ്യൂട്ടറുമില്ലാതെ കാണിച്ച തരവഴിക്കൊക്കെ കൊറഞ്ഞത്, പത്മവിഭൂഷണമേലും തരണ്ടതല്ലിയോ?! നീതന്നെ പറ... അല്ല, ഇപ്പോക്കിട്ടുന്ന വിഭീഷണമ്മാരേക്കാട്ടിലും നമ്മളല്ലേടാ മേളില്...

xdfdfd

എടാ, ഇപ്പഴാ ഓര്‍ത്തത്. നമ്മടെയാ ഹുസൈനെ ഇങ്ങു കിട്ടാകാരുന്നെങ്കിലേ, നമ്മടെ മോന്റെ ക്ലബിലേക്ക് ഇങ്ങനത്തെ കുറെപ്പടം വരപ്പിക്കാമാരുന്നു. കാച്ചട്ട ഇല്ലാത്ത പെണ്ണുങ്ങളെ വരയ്ക്കാന്‍ അയാളു ബെസ്റ്റാ. ഓ! എന്നാലും വേണ്ട. വരപ്പിക്കേലെന്ന് നമ്മളൊരുത്തനോട് പറഞ്ഞോ, അതു പറഞ്ഞതാ. ദൈവമേ! ആ ഗുലാം നെബിക്ക് പാടാന്‍ ഒരൊറ്റ സിനിമേം കിട്ടല്ലേ... ഗുലാം നെബിയാണോ അതോ അലാം ഗുലിയാണോ. ആവോ, ആര്‍ ക്കറിയാം?! അല്ലേലും ഈ പേരിലൊക്കെ എന്നാ ഇരിക്കുന്നു? പാടരുതെന്നു പറഞ്ഞാ പാടാമ്പാടില്ല... അല്ലാണ്ടെന്തുവാ!

പിന്നെയേ, പറയാനുള്ള പ്രധാനവിശേഷം പറഞ്ഞില്ല. എന്റെ പെങ്കൊച്ചിന്റെ കല്യാണമാണ്. അടുത്തേന്റെ പിന്നത്തെ ഞായറാഴ്ച. അന്നത്തേയ്‌ക്കേ ചെറുക്കന്‍ വരുകയുള്ളൂ. നിന്നോട് ഞാനന്ന് പറഞ്ഞില്ലേ അവനങ്ങ് ഗള്‍ഫിലാണ്. സോഫ്റ്റുവെയര്‍ എഞ്ചനീയര്‍ . ഞാന്‍ പറഞ്ഞു, കല്യാണം കഴിഞ്ഞ് ഇനി പോകണ്ടാന്ന്. ഇവിടെ നമുക്ക് ചെയ്യാനെന്തെല്ലാം ജോലിയുണ്ട്. എന്നിട്ടവിടെ പോയി എന്നാത്തിനാന്നേ, കണ്ട അറബീടെ വായിലിരിക്കുന്ന ആട്ടും തുപ്പും കേള്‍ക്കുന്നത്? ഇവടാകുമ്പൊ നമക്ക് അങ്ങോട്ട് ആട്ടാം, തുപ്പാം...

അന്നേരം ദെവസി നീ മറക്കരുത്. നിന്റെ മൊബൈലി ഇപ്പഴേ റിമൈന്ററു വയ്ക്ക്. അല്ലേ മറക്കും. ഞാനിപ്പോ ഭാര്യേനെ... അതില്ലേ... ഏതാ? ബലാല്‍സംഗമേ... അതു ചെയ്യുന്നതു പോലും ഈയൊരനുഗ്രഹമൊള്ളതിന്റെ പേരിലാ. അല്ലേ മറക്കും. ഓ! ഓര്‍ക്കാനൊക്കെ എവിടാന്നേ സമയം? അപ്പൊ അടുത്തേന്റെ പിന്നത്തെ ഞാറാഴ്ച കാലത്ത് നമ്മടെ ജെയ്ഹനുമാന്‍ അമ്പലത്തിവച്ച്.

എടാ, നല്ല രസം, നീയൊന്നു പറഞ്ഞു നോക്കിക്കേ... ഹെയ് ഹിറ്റ്‌ലറും ജെയ് ഹനുമാനും. രണ്ടും ഒരു പോലെയൊണ്ട്! ഹ!.. ഹ!... ഹ!...

എല്ലാത്തിനും നീ കൂടെയുണ്ടാവണം. അല്ലെടാ ഉവ്വേ, പറഞ്ഞിരുന്നു ദൂരം പോയതറിഞ്ഞില്ല, ഇതുനോക്കിയേ, കോട്ടയം റേല്‍വേ സ്റ്റേഷനെത്തുന്നു. ദേണ്ടെ, മരത്തിനിടയില്‍ കാണാമേ, മീനച്ചിലാറ്. എന്നാപ്പിന്നെ എറങ്ങീട്ട് ബാക്കിയെല്ലാം നേരീ സംസാരിക്കാം. നിറുത്തുകാ കേട്ടോ, കണ്ടിട്ടേ പോകാവേ!