ഉടഞ്ഞ മനുഷ്യരുടെ സ്വാതന്ത്ര്യസമരങ്ങൾ

"ആഗോളീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രാഹ്മണിക് വരേണ്യതയില്‍ അധിഷ്ടിതമായ ഹിന്ദുത്വം തകര്‍ന്നു പോവുകയും ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക,ആത്മീയ,രാഷ്ട്രീയ വിപ്ളവം ഇന്‍ഡ്യയില്‍ വികസിച്ചു വരികയും ചെയ്യുന്ന ഒരു പ്രതിഭാസത്തിനു ആണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്" !!

പോസ്റ്റ് ഹിന്ദു ഇന്‍ഡ്യ- കാഞ്ച ഐലയ്യ

ഇന്ത്യന്‍ ജനസംഖ്യയില്‍ ദളിതര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന പട്ടികജാതി-വര്‍ഗം ആകെ ജനസംഖ്യയുടെ 25 ശതമാനത്തോളമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ പരമദയനീയമാണ്. ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലാണ് അവരിപ്പോഴും. അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിതം തള്ളിനീക്കുന്നു. മനുഷ്യത്വരഹിതമായ ജാതിവിവേചനത്തിലും അയിത്താചാരത്തിലും ജീവിക്കാന്‍ വിധിക്കപ്പെടുന്നു. സാമാന്യ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു. ജാതിവിവേചനത്തെ സംബന്ധിച്ച പഠനങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. എന്നാല്‍, ഈ വിവേചനം സാമ്പത്തികരംഗങ്ങളില്‍കൂടി വ്യാപിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പൈശാചികമായ ചൂഷണങ്ങള്‍ക്കും അടിമത്വത്തിനും വിധേയമായിരുന്നവര്‍ ഇന്ന് അതിനേക്കാള്‍ ഉപരിയായി പുതിയ വേര്‍തിരിവ് പ്രക്രിയക്ക് അടിമകളാണ്. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇന്നും വിലക്കപ്പെട്ടവരാണ് അവര്‍. അവസരസമത്വം നിഷേധിക്കുന്നു. അതുകൊണ്ട് അവരുടെ സാമ്പത്തികപുരോഗതി മരീചികയായി അവശേഷിക്കുന്നു.ഈ അടുത്തകാലത്ത് നടത്തിയ പഠനങ്ങളില്‍ 77 ശതമാനം ദളിതരും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

1987 ആഗസ്റ്റ് 15ന് ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനത്തു സംഘടിപ്പിച്ച ഒരു ദളിത് പ്രക്ഷോഭ സമരത്തിലെ മുദ്രാവാക്യങ്ങൾ ഇപ്രകാരം ആയിരുന്നു:

  1. അയിത്തം- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

  2. മനുഷ്യത്വമില്ലായ്മ- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

  3. അനീതി- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

  4. അരക്ഷിതാവസ്ഥ- സ്വാതന്ത്ര്യത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

  5. അസമത്വം- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

ഗുജറാത്തിലെ ഉന പട്ടണത്തില്‍ ഏഴ് ദളിത് യുവാക്കളെ നഗ്നരാക്കി പരസ്യമായി തല്ലിച്ചതച്ച വീഡിയോ കണ്ടവസാനിപ്പിക്കുമ്പോൾ ദൗർഭാഗ്യകരം എന്ന് പറയാം 20 വർഷങ്ങൾക്കിപ്പുറവും 87 ലെ മുദ്രാവാക്യം ആവർത്തിക്കേണ്ട അവസ്ഥ ആയിരുന്നു, രണ്ടാമതൊന്നു പ്ളേ ചെയ്യാൻ ആവാത്ത വിധം ക്രൂരമായ ഒരു വീഡിയോ!! ഭരണകൂട പിന്തുണയോടെ സംഘ്പരിവാര്‍ രാഷ്ട്രീയം അതിന്റെ ഏറ്റവും രൗദ്രമായ ഭാവവും ശൈലിയും ഭാഷയും പുറത്തെടുത്ത് രാജ്യത്തിന്റെ പാരമ്പര്യങ്ങളെ വെല്ലുവിളിച്ച് സംഹാരതാണ്ഡവമാടുന്നതിന്റെ നേര്‍ചിത്രങ്ങള്‍. ഹിറ്റ്‌ലറുടെ സ്റ്റോം ട്രൂപ്പേഴ്‌സ് എന്ന പേരിലറിയപ്പെട്ടിരുന്ന നാസി പക്ഷപാതികള്‍ തെരുവുകളില്‍ സംഹാരതാണ്ഡവമാടിയതിനെ ഓര്‍മപ്പെടുത്തുന്ന അക്രമോത്സുകമായ അഴിഞ്ഞാട്ടങ്ങളാണ് രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്തു പറയണം, എന്തെഴുതണം, എന്തു കഴിക്കണം എന്നതിന്റെ ഉത്തരം ഞങ്ങള്‍ പറയുമെന്നും അല്ലാത്തതെല്ലാം വധാര്‍ഹമായ അപരാധമാണെന്നുമുള്ള പൊതുബോധം വളരെ ആസൂത്രിതമായി നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഗുജറാത്തില്‍ ദലിത് പീഡനം ആദ്യത്തെ സംഭവമല്ല. ജൂലായില്‍ പോര്‍ബന്തർ ജില്ലയില്‍ തര്‍ക്കഭൂമിയില്‍ വിളവിറക്കിയതിന് ഒരു സംഘമാളുകള്‍ രാമ സിംഗ്രക്കിയ എന്നയാളെ തല്ലിക്കൊന്നു. അതിന് ഏതാനും ദിവസം മുമ്പാണ് ഗോണ്ടാല്‍ ജയിലില്‍ സാഗര്‍ റാഥോഡ് എന്ന ദലിതന്‍ ആത്മഹത്യ ചെയ്തത്. ജയിലറുടെ പീഡനമെന്നാണ് കുടുംബത്തിന്‍റെ പരാതി. ജാതി വിവേചനം ഗുജറാത്തില്‍ പരക്കെയുണ്ടെങ്കിലും ഊനയുള്‍പ്പെടുന്ന സൗരാഷ്ട്ര മേഖലയിലാണ് കൂടുതല്‍. എന്നാൽ പ്രതിരോധം എന്നൊന്ന് ഉണ്ടെന്നും തോറ്റു പിന്മാറാൻ തയ്യാറല്ലെന്ന് ഒരു ജനത പ്രഖ്യാപിക്കും എന്നും കാലേകൂട്ടി അറിയാൻ ഭരണകൂടത്തിനും സംഘപരിവാർ കക്ഷികൾക്കും സാധിച്ചില്ല

ഗുജറാത്തിലെ ഉനായില്‍ ചത്തപശുവിന്റെ തോലെടുക്കാനെത്തിയ നാലു യുവാക്കളെ വാഹനത്തിന്റെ പിന്നില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന ദളിത് സമരങ്ങൾ പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്. സംസ്ഥാന ജനസംഖ്യയില്‍ വെറും ഏഴ് ശതമാനം വരുന്ന ദളിതര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ക്രമസമാധാന പ്രശ്‌നവും ഉടലെടുത്തിരിക്കുന്നു. പശു എന്ന ബിംബം പരസ്യമായി അവഹേളിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ബി.ജെ.പിയും സംഘപരിവാരവും പാലിക്കുന്ന സംയമനവും മൗനവും മുതൽ മുഖ്യമന്ത്രി ആനന്ദ ബെന്നിന്റെ രാജി വരെ നീണ്ടു നിലനിന്ന സംഘപരിവാർ നീക്കങ്ങളും തികച്ചും അത്ഭുതമുളവാക്കുന്നതാണ്.

അംബേദ്കറുടെ വാക്കുകൾ കാലങ്ങൾ ആയി പീഡനം ഏറ്റു വാങ്ങുന്ന ഒരു ജനത ശിരസ്സാവഹിക്കുന്ന കാഴ്ച ഏറെ കളങ്കിതം ആയ ഇന്ത്യൻ ജനാധിപത്യത്തിന് പുതു ജീവൻ നൽകും എന്നുറപ്പ്. ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക, ആത്മീയ, രാഷ്ട്രീയ വിപ്ളവം എന്ന കാഞ്ച ഐലയ്യയുടെ പ്രവചനവും അനീതിക്കെതിരെ സമരം ചെയ്യാനും സംഘടിക്കാനും ഉള്ള അംബേദ്കറുടെ ആഹ്വാനവും ഒരേ സമയം പ്രാവർത്തികം ആകുന്നത് ഗുജറാത്തിൽ നിന്ന് തന്നെ ആകുന്നത് കാലത്തിന്റെ കാവ്യനീതി ആകാം!

ബ്രാഹ്മണവൽക്കരിച്ച പശുരാഷ്ട്രീയം വെല്ലുവിളികളുയർത്തുന്നത് രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ സംസ്‌കാരത്തിനു നേരെയാണ്. പശുവിൽ നിന്നു തുടങ്ങിയെന്ന് മാത്രം. എന്തു ഭക്ഷിക്കണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് ഇന്ത്യയെന്നാൽ ‘വെജിറ്റേറിയൻ’ ആണെന്ന ധാരണ സൃഷ്ടിക്കുകയും അതുവഴി ഹിന്ദുത്വത്തിലേക്കുള്ള വഴികൾ എളുപ്പമാക്കുകയുമാണ് ഭക്ഷണ ഫാസിസം.

പുരാതന ഇന്ത്യയിലെ ഹിന്ദു ജീവിതക്രമത്തിൽ പശുവെന്നത് കേവലമൊരു മൃഗവും ഭക്ഷണ വസ്തുവും ആയിരുന്നിട്ടു പോലും ഗോവിന് ആത്മീയ പരിവേഷം നൽകാൻ ഭരണകൂടങ്ങൾ തന്നെ മുന്നോട്ടുവരുന്ന ഈ കാലത്ത് ‘പശുവിന്റെ പരിശുദ്ധത’യെക്കുറിച്ചുള്ള കഥകൾ പറഞ്ഞുകൊടുക്കുന്നതിലൂടെ ആത്മീയ സിദ്ധി നേടിയ സന്യാസിമാരെ കണ്ടെത്തി പൊതുസമൂഹത്തിനോട് പറയേണ്ടത് ബി.ജെ.പിയുടെ ചുമതലയാണെന്ന കാഞ്ച ഐലയ്യയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. ‘പശു ഒരു പരിശുദ്ധ മൃഗമാണെങ്കിൽ എത്ര സംഘപരിവാർ നേതാക്കളുടെ മക്കൾക്ക് പശുവിനെ മേയ്ക്കുന്നതിനുള്ള പരിശീലനം നൽകുന്നുണ്ടോ എന്ന ചോദ്യം അതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.

ഗുജറാത്തിലെ ദളിതുകളുടെ ആര്‍ജവവും ആവേശവും അവിടെത്തന്നെ കെട്ടടങ്ങാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും പടരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അത് കൊണ്ട് തന്നെ ഗുജറാത്തിൽ ജിഗ്നേഷ് മേവാനി എന്ന ചെറുപ്പക്കാനായ ദളിത് അഭിഭാഷകന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്ന ദളിത് മൂവ്മെന്റ് ഒരു മാതൃക തന്നെ ആണ്. ഗുജറാത്ത് മോഡൽ എന്ന പ്രയോഗം നീതിയുടെ പക്ഷത്തു നിന്ന് നിരീക്ഷിക്കുമ്പോൾ യാഥാർഥ്യം ആകുന്നത് അപ്പോൾ മാത്രം ആണ്.

സവർണപൗരോഹിത്യം തങ്ങൾക്കുണ്ടെന്ന്‌ നടിക്കുന്ന അന്തസ്സിന്റെയും മാന്യതയുടെയും പൂമുഖത്തേയ്ക്കാണ്‌ മാസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത രോഹിതിന്റെ ചുടുചോര ചീറ്റിത്തെറിച്ചത്‌. ഭജനയും പൂജയുമൊക്കെയായി സമുദായത്തിന്റെ മേൽപ്പടിയിൽ അമർന്നിരിക്കുന്നവർക്ക്‌ പാദപീഠങ്ങളാകാൻ ദളിതന്റെ മുതുക്‌ വേണം എന്നും ജീവിച്ചിരിക്കുമ്പോൾ ദൈവം ആയി കരുതി പോരുന്ന ഗോക്കളെ ചത്ത ശേഷം സംസ്കരിക്കാൻ ദളിതർ തന്നെ വേണം എന്നും ശാഠ്യം പിടിക്കുന്ന രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം എന്ന് ഗുജറാത്ത് രാജ്യത്തെ മൊത്തം ഓർമപ്പെടുത്തുന്നു

അംബേദ്‌കർ ഉപയോഗിച്ച 'ദളിത്‌' എന്ന വാക്കിന്റെ അര്‍ത്ഥം 'ഉടഞ്ഞ മനുഷ്യന്‍' എന്നാണ്‌. ജാതിവ്യവസ്ഥ ഉടച്ചുകളഞ്ഞ മനുഷ്യരാണു ദളിതര്‍. 1942 ജൂലൈ 20-ന്‌ അദ്ദേഹം നാഗ്‌പൂരിൽ ദളിതരുടെ രാഷ്ട്രീയപ്രസ്ഥാനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പറഞ്ഞു

"എന്റെ നിങ്ങളോടുള്ള ഉപദേശമിതാണ്‌. വിദ്യാഭ്യാസം ചെയ്യുക, സംഘടിക്കുക, സമരം ചെയ്യുക. നിങ്ങളില്‍ത്തന്നെ ആത്മ വിശ്വാസമുണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈ വെടിയാതിരിക്കുക."

അംബേദ്കറുടെ വാക്കുകൾ കാലങ്ങൾ ആയി പീഡനം ഏറ്റു വാങ്ങുന്ന ഒരു ജനത ശിരസ്സാവഹിക്കുന്ന കാഴ്ച ഏറെ കളങ്കിതം ആയ ഇന്ത്യൻ ജനാധിപത്യത്തിന് പുതു ജീവൻ നൽകും എന്നുറപ്പ്. ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക, ആത്മീയ, രാഷ്ട്രീയ വിപ്ളവം എന്ന കാഞ്ച ഐലയ്യയുടെ പ്രവചനവും അനീതിക്കെതിരെ സമരം ചെയ്യാനും സംഘടിക്കാനും ഉള്ള അംബേദ്കറുടെ ആഹ്വാനവും ഒരേ സമയം പ്രാവർത്തികം ആകുന്നത് ഗുജറാത്തിൽ നിന്ന് തന്നെ ആകുന്നത് കാലത്തിന്റെ കാവ്യനീതി ആകാം!

സമരങ്ങളെ യാതൊരു ദയയും ഇല്ലാതെ അടിച്ചമർത്തുന്നതിൽ ഭരണകൂടങ്ങൾ എന്നും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട് അപ്പോൾ പിന്നെ ഒരു ഫാഷിസ്റ് സർക്കാരിന്റെ ലക്ഷണങ്ങൾ ഉള്ള ഭരണകൂടത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലലോ. എന്നിരുന്നാലും രാജ്യത്തിന്റെ അമരക്കാരന്റെ നാട്ടിൽ നിന്നും ഉള്ള ഈ പുതു പോർമുഖത്തെ നമ്മുടെ സമൂഹം മൊത്തം ഏറ്റെടുക്കേണ്ടതുണ്ട് എന്നാണു എന്റെ പക്ഷം വിശ്വവിഖ്യാത തത്വചിന്തകന്‍ ബര്‍ട്രന്‍റ് റസല്‍ പറഞ്ഞതു പോലെ മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാനായില്ലെങ്കില്‍ നാമനുഭവിക്കുന്ന സുരക്ഷയ്ക്കും യാതൊരു ഉറപ്പുമില്ല.