കുടിവെള്ളക്ഷാമം : ജനക്ഷേമനയത്തില്‍ ചാണ്ടിയുടെ ഊരാക്കുടുക്ക്‌

ജലസ്രോതസ്സുകളുടെ നാടായ കേരളം ഇന്ന് വരള്‍ച്ചബാധിത പ്രദേശമായി മാറിയിരിക്കുന്നു. രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം നേരിടാനായി സര്‍ക്കാര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ ഒന്നാണ് കുടിവെള്ള വിതരണത്തിനുള്ള സിയാല്‍ മോഡല്‍ കമ്പനി. തെക്കേ അമേരിക്കയുമായി പോലും താരതമ്യം ചെയ്യാന്‍ പറ്റുന്നത്ര മഴ ലഭിക്കുന്ന കേരളം എന്തുകൊണ്ടാണ് ജലക്ഷാമം നേരിടുന്നതെന്നും, ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തെ മുതലാളിത്തം എങ്ങനെ സ്വന്തം വേരിറക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു എന്നും നിരീക്ഷിക്കുകയാണ് ഇവിടെ.

ഭൂമിയില്‍ മനുഷ്യന് ഉപയോഗപ്രദമായ വെള്ളം ലഭിക്കുന്നത് പ്രധാനമായും രണ്ടു സ്രോതസ്സുകളില്‍ നിന്നാണ്: ഉപരിതല ജലാശയങ്ങളായ പുഴ, കായല്‍, കുളം, കിണര്‍, ജലസംഭരണി മുതലായവയില്‍ നിന്നും, ഭൂഗര്‍ഭജലാശയത്തില്‍ നിന്നും. വര്‍ഷത്തില്‍ ലഭിക്കുന്ന മഴ ഈ രണ്ടു സ്രോതസ്സുകളെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കേരളത്തിന്‌ ലഭിക്കുന്ന മഴ ശരാശരി 2215.8 mm ആണ്. ഇത് തെക്കേ അമേരിക്കയില്‍ ലഭിക്കുന്ന 1596 mm നേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന്‌ കിട്ടിയ മഴ താരതമ്യേന സമം ആണ് (1551 mm). കേരളത്തിന്‌ ജലസ്രോതസ്സുകളെ നിലനിര്‍ത്താന്‍ ആവശ്യമായ ജലം കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും നിന്നുമാണ് ലഭിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും വേനലില്‍ കേരളം വരള്‍ച്ചയെ നേരിടുന്നു. അതിനു പ്രകൃത്യനുസരണകാരണങ്ങളും, മനുഷ്യനിര്‍മ്മിത കാരണങ്ങളുമുണ്ട്. പ്രകൃത്യനുസരണ കാരണങ്ങളില്‍ ചിലവയായി മഴക്കുറവും, മഴക്കാലത്തെ കുത്തൊഴുക്കും എടുത്തു കാണിക്കാവുന്നതാണ്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മഴ പെയ്തു അധികം താമസിയാതെ തന്നെ വെള്ളം കുത്തിയൊലിച്ചു അറബിക്കടലിലെത്തുന്നു. കൂടാതെ വളരെ കുറച്ചു സമയം കൂടുതല്‍ മഴ ലഭിക്കുന്നതിനാല്‍ ആദ്യം വെള്ളം ഭൂമിയിലേക്ക്‌ അരിച്ചിറങ്ങുമെങ്കിലും, പെട്ടെന്ന് തന്നെ മണ്ണ് കുതിര്‍ന്ന് വെള്ളം വലിച്ചെടുക്കാനുള്ള ഭൂമിയുടെ പ്രാപ്തി നഷ്ടപ്പെടുകയും അത് വെള്ളത്തിന്റെ കുത്തൊഴുക്കിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

മനുഷ്യ നിര്‍മ്മിത കാരണങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ നഗരവല്ക്കരണം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നഗരവല്ക്കരണം ഏതെങ്കിലും ഒരു പ്രദേശത്തെ കേന്ദ്രീകരിച്ചാണെങ്കില്‍ കേരളത്തില്‍ അത് സംസ്ഥാനവ്യാപകമാണ്. അതായത് കേരളത്തില്‍ ഇന്ന് നിലവിലുള്ളത് നഗരഗ്രാമവ്യതാസം അല്ല മറിച്ച് നഗരഗ്രാമനൈരന്തര്യമാണ്. 2011-ലെ ജനസംഖ്യാ കണക്കു പ്രകാരം കേരളത്തിന്റെ ജനപ്പെരുപ്പത്തില്‍ 47.72% ഇന്ന് താമസിക്കുന്നത് നഗരത്തിലാണ്. പ്രതിശീര്‍ഷ പ്രതിദിന ജല ഉപഭോഗം (per capita water consumption) വികസനത്തിന്റെയും നഗരവല്കരണത്തിന്റെയും സൂചിക ആയിട്ട് എടുക്കപ്പെടാറുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പ്രതിശീര്‍ഷ പ്രതിദിന ജലോപഭോഗത്തിന്റെ ഇരട്ടിയാണ് കേരളത്തിന്റെത്. വീടുകളും കെട്ടിടങ്ങളും പണിയുന്നതിനു വേണ്ടി പാടം നികത്തുന്നത് ഇന്ന് കേരളത്തിലെ ഒരു സാധാരണദൃശ്യം ആണ്. പാടങ്ങള്‍ ഭൂഗര്‍ഭജലത്തെ സംരക്ഷിക്കുന്നതോടൊപ്പം മണ്ണൊലിച്ചില്‍ തടയുകയും, വായുവിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. നഗരവല്ക്കരണം കൊണ്ടുണ്ടാകുന്ന പാടം നികത്തല്‍ ജലസംരക്ഷണത്തെ എത്രത്തോളം തകിടം മറിക്കുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. രണ്ടാമത്, കേരളത്തിന്റെ കൃഷിരീതിയില്‍ സംഭവിച്ചിട്ടുള്ള വന്‍തോതിലുള്ള മാറ്റമാണ്. മൊത്തം കൃഷി ചെയ്തിരുന്ന സ്ഥലത്തില്‍ നിന്ന് നെല്ലുല്പാദനത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന നിലം 28% (1974-75) നിന്ന് 7.8% (2011)ആയി കുറയുകയും, റബ്ബര്‍ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഭൂമി 8% നിന്ന് 20.27% ആയി ഉയരുകയും ചെയ്തു. റബ്ബര്‍ മരങ്ങളും ജലദൗര്‍ലഭ്യവുമായുള്ള ബന്ധം എന്തെന്നാല്‍ അവ വളരെ വേഗത്തില്‍ ഭൂമിയില്‍ നിന്ന് ജലം വലിച്ചെടുക്കുകയും, വേനലില്‍ സ്റ്റൊമാറ്റ ട്രാന്‍സ്പിരേഷന്‍ (stomata transpiration) എന്ന പ്രക്രിയ മൂലം ജലനഷ്ടം വരുത്തുകയും ചെയ്യുന്നു എന്നതാണ്. മൂന്നാമതായി വ്യാവസായികമാലിന്യങ്ങളും, ഗാര്‍ഹികമാലിന്യങ്ങളും ഉപരിതല ജലസ്രോതസ്സുകളെ മലിനമാക്കുന്നു. പെരിയാറും, ചാലിയാറും, ഗുരുവായൂരില്‍ ദിനംപ്രതി വന്നെത്തുന്ന ജനലക്ഷങ്ങളുടെ മലവിസര്‍ജ്ജ്യങ്ങള്‍ പേറുന്ന ചക്കുംകണ്ടം കായലും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ഇങ്ങനെയൊരവസ്ഥയില്‍ ജലക്ഷാമം നേരിടുന്ന കേരളത്തിന്‌ പിന്നെ ആശ്രയിക്കാന്‍ പറ്റുന്നത് ഭൂഗര്‍ഭജലത്തെയാണ്. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍ കുത്തി ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരള വാട്ടര്‍ അതോറിറ്റിയും, സിയാല്‍ മോഡല്‍ കമ്പനിയും

xdfdfd
പൊതുസ്വത്തായ ജലം വെറൂം ഒരു ക്രയവസ്തുവാക്കി (commodity) മാറ്റി വിപണിയുടെ വരുതിയിലാക്കാനുള്ള നവലിബറല്‍ നയമാണ് ഉമ്മന്‍ ചാണ്ടി വളരെ ഭംഗിയായി കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന ലേബലില്‍ കേരളജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്നത്. ചിത്രത്തിനു കടപ്പാട്: ബിസിനസ്‌ ലൈന്‍

ഭൂമിയുള്ളവര്‍ ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കിണറുകള്‍ കുഴിച്ചു വെള്ളം ഉപയോഗിക്കാറുണ്ടെങ്കിലും, ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തി ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ജലവിതരണം നടത്തുന്നത് കേരള വാട്ടര്‍ അതോറിറ്റി (KWA) ആണ്. കേരളത്തിലെ 75.28% ആളുകളും കുടിവെള്ളത്തിനായി കേരള വാട്ടര്‍ അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. KWA ഇന്നു വരെ ഉപരിതല ജലസ്രോതസ്സുകളില്‍ നിന്നുള്ള ജലം ഉപയോഗിച്ചു ജലലഭ്യത അനുസരിച്ചുള്ള ജലവിതരണ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളം കടുത്ത വരള്‍ച്ച നേരിടുന്ന ഈ ഘട്ടത്തില്‍, ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് കേരളത്തില്‍ മൊത്തമായി ജലവിതരണം നടപ്പാക്കുന്നതിനായി സിയാല്‍ (CIAL) മോഡല്‍ കമ്പനിക്ക് വേണ്ടിയുള്ള ഉത്തരവിറക്കിയിരിക്കുന്നു. ഉത്തരവു പ്രകാരം ഈ കമ്പനിയില്‍ ഗവണ്‍മെന്റിനും KWAക്കും കൂടി 49% ഓഹരിയെന്നിരിക്കെ ബാക്കി (51%) ഓഹരി സ്വകാര്യമേഖലയ്കാണ്. കമ്പനിയുടെ വരുമാനം ഉപഭോക്താവില്‍ നിന്നും ഈടാക്കാനും അനുവാദമുണ്ട്.

ലോകത്താകമാനം പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടാക്കുകയും, അവയെ നേരിടുകയും ചെയ്യുന്നതിലൂടെയാണ് മുതലാളിത്തം പലപ്പോഴും സമൂഹത്തില്‍ വേരിറക്കിയിട്ടുള്ളത്. കേരളത്തിന്റെ ഉപഭോക്തൃസംസ്കാരത്തിന്റെ ഉപോല്‍പ്പന്നമായി നിര്‍മ്മിക്കപ്പെട്ട കുടിവെള്ളക്ഷാമവും അത്തരമൊരു പ്രതിസന്ധിഘട്ടമാണ്. ഈയൊരു സാഹചര്യത്തില്‍ വെള്ളം സ്വകാര്യസ്വത്താണോ അതോ പൊതുസ്വത്താണോ എന്ന് ചോദിക്കുന്നത് ഗുണകരമാണ്. ഇപ്പൊഴത്തെ സാമൂഹികവ്യവസ്ഥിതിയില്‍ ഒരാളുടെ വീട്ടുവളപ്പിലുള്ള കുഴല്‍ കിണറില്‍ നിന്ന് ലഭിക്കുന്ന ഭൂഗര്‍ഭജലം സ്വകാര്യസ്വത്താണ്, ജലസംഭരണിയില്‍ ഉള്ളത് പൊതുസ്വത്തും. എന്നാല്‍ കുഴല്‍ കിണറില്‍ നിന്നുള്ള അധികചൂഷണം മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചേക്കാം. ഭൂഗര്‍ഭജലത്തിന്റെ ഉപഭോഗം വ്യാവസായിക അടിസ്ഥാനത്തിലാവുമ്പോള്‍ അതിന്റെ ആഘാതവും കൂടുതലായിരിക്കും. പ്ലാച്ചിമട സമരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ വിഷയത്തിലേക്ക് കേരളത്തിന്റെ കണ്ണ് തുറപ്പിച്ചതാണ്.

തുടങ്ങാനുദ്ദേശിക്കുന്ന സിയാല്‍ മോഡല്‍ കമ്പനി ഒരു ഏകകേന്ദ്ര ഏജന്‍സിയായി (single nodal agency) സംസ്ഥാനത്തുടനീളം ചെറിയ പദ്ധതികളായി കുടിവെള്ളം വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നു. എവിടെ നിന്നാവും ഈ കമ്പനിക്ക് വെള്ളം ലഭിക്കുക? വറ്റി വരണ്ട ഉപരിതല ജലസ്രോതസ്സുകളില്‍ നിന്നാവാന്‍ തരമില്ല. ഡീസലൈനേഷന്‍ പ്ലാന്റ് ഉപയോഗിച്ച് കായലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുമെന്നു പറയുന്നു. കേരളത്തില്‍ എവിടെയൊക്കെയാണ് ഉപ്പുവെള്ളമുള്ള കായലുകള്‍ സമൃദ്ധമായി ഉള്ളത്? ബാക്കി സ്ഥലങ്ങളിലേക്ക് വെള്ളം എവിടെ നിന്ന് ലഭിക്കും? പിന്നൊരു മാര്‍ഗമുള്ളത് KWA നല്ലൊരു തുകയ്ക്ക് വെള്ളം കമ്പനിക്ക്‌ കൊടുക്കുക എന്നുള്ളതാണ്. അത് ഉത്തരവില്‍ ഉള്‍കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും വെള്ളം KWAക്ക് ലഭ്യ്മാണെങ്കില്‍ പിന്നെന്തിനു മറ്റൊരു കമ്പനി കൂടി?

ഇവിടെയാണ്‌ ആരും ശ്രദ്ധിക്കാതെ പോകുന്ന അവസാനത്തെ രണ്ടു നിബന്ധനകള്‍ പ്രാധാന്യമര്‍ഹിക്കുന്നതും കേരളജനതയുടെ കഴുത്തില്‍ കുരുക്കിട്ടു രസിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ക്രൂരവിനോദം മനസ്സിലാവുന്നതും. രണ്ടു നിബന്ധനകള്‍ ഇങ്ങനെ:

1) വിതരണം ചെയ്യുന്ന വെള്ളത്തിനു കമ്പനി ഈടാക്കുന്ന അതേ വില തന്നെ KWAക്കും ബാധകമായിരിക്കും (വെള്ളത്തിന്റെ ഗുണനിലവാരം ഒന്നായിരിക്കുമ്പോള്‍) 2) വിതരണം ചെയ്യുന്ന വെള്ളത്തിനു കമ്പനി ഈടാക്കുന്ന അതേ വില തന്നെ ഈടാക്കി കൊണ്ടു KWAക്കും സ്വകാര്യ പങ്കാളിത്തം കൂടാതെ വെള്ളം വിതരണം ചെയ്യാം.

അതായത് പുതിയ കമ്പനി വെള്ളം വില്ക്കുന്ന നിരക്ക് KWAയ്ക്കും ബാധകമാണ്. അങ്ങനെ നിരക്ക് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ സ്വകാര്യസഹായം ഇല്ലാതെ തന്നെ വെള്ളം സര്‍ക്കാറിന് "വിറ്റ്" കാശാക്കാന്‍ അധികാരമുണ്ട്‌. KWAയുടെ ലഭ്യതയടിസ്ഥാനപ്പെടുത്തിയുള്ള വിതരണം നിര്‍ത്തി ആവശ്യത്തിനനുസരിച്ചും, കീശയിലെ കാശിന്റെ വലിപ്പം അനുസരിച്ചും വെള്ളം നല്കി ജനങ്ങളെ "സേവിച്ചോളാം" എന്ന് രത്നച്ചുരുക്കം. പൊതുസ്വത്തായ ജലം വെറൂം ഒരു ക്രയവസ്തുവാക്കി (commodity) മാറ്റി വിപണിയുടെ വരുതിയിലാക്കാനുള്ള നവലിബറല്‍ നയമാണ് ഉമ്മന്‍ ചാണ്ടി വളരെ ഭംഗിയായി കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന ലേബലില്‍ കേരളജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള കേരളത്തിലെ 12% ജനവിഭാഗത്തിനും വെള്ളം വാങ്ങാന്‍ കാശില്ലാത്തവര്‍ക്കും അധികം താമസിയാതെ കുടിവെള്ളം അന്യമായി തീരും. ജീവിക്കാന്‍ വേണ്ടി മലിനജലം ആശ്രയിച്ച് രോഗങ്ങള്‍ക്കടിപ്പെട്ട് ഒരു ജനവിഭാഗം ഒടുങ്ങിപ്പോവുന്നത് കണ്ടു നില്ക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ നമുക്കിനിയും മുന്നോട്ടു പോകണമെന്നുണ്ടെങ്കില്‍ കേരളത്തിനെ വില്‍ക്കുന്ന ഈ ചാണ്ടിനയം ചോദ്യം ചെയ്യുകയും ഓരോ പൗരനും സ്വന്തം അവകാശം തിരച്ചറിഞ്ഞു ഇത്തരം “ജനക്ഷേമ പ്രഹസനങ്ങളെ” ചെറുക്കുകയും വേണം.

മരണക്കിടക്കയില്‍ ഒരിറക്ക് വെള്ളം വേണമെന്ന് തോന്നിയാല്‍ "ഒന്ന് അട്ജസ്റ്റ് ചെയ്യപ്പച്ചാ, വെള്ളത്തിനു ഒക്കേ ഇപ്പൊ വല്യ വിലയാണ്” എന്ന് ചാണ്ടി അദ്ദേഹത്തോടും നാളെ മക്കള്‍ പറഞ്ഞേക്കാം. അതു അദ്ദേഹം മറക്കരുത്.

Reference:

  1. Economic Review 2011, State Planning Board, Govt of Kerala, March 2012

  2. Sheela Prasad and C Ramachandraiah, New Economic Policy: Implications for Water, Economic and Political Weekly, 34(21):1999

  3. Water Resources Department, Govt of Kerala, “Formation of Kerala Drinking Water Supply Company Ltd-sanction accorded-orders issued, dated 31-12-2012”.

  4. James Abraham, http://shodhganga.inflibnet.ac.in/bitstream/10603/105/19/12_chapter5.pdf

  5. Pressnotes on poverty estimates 2009-10 of planning commission. (http://planningcommission.nic.in/news/press_pov1903.pdf)