ആർ.എസ്.എസ് എന്നാൽ എന്ത്? – മധു ലിമായ്

ദശകങ്ങൾക്ക് മുൻപ് ആർ എസ് എസ് എടുത്തിട്ടുള്ള നിലപാടുകളിൽ നിന്നു ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തും ഭരണ കക്ഷിയുടെ നിയന്ത്രണം കൈയിലെടുത്തും തങ്ങളുടെ രാഷ്ട്രീയ ലാക്കിലേക്ക് എത്താനുള്ള ആർ എസ് എസിന്റെ കുടിലത മനസിലാക്കാൻ കഴിയുന്നതാണ്. ജനതാ പാർട്ടിയിലെ വിള്ളലിന് ശേഷം സോഷ്യലിസ്റ്റ്‌ എഴുത്തുകാരനും വിപ്ലവകാരിയുമായ മഥു ലിമായ് എഴുതി, രവിവാർ എന്ന ഹിന്ദി ആഴ്ചപതിപ്പിൽ 1979 ഇൽ പ്രസിദ്ധീകരിച്ച "എന്താണ് ആർ എസ് എസ്" എന്ന ലേഖനത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധി ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കുകയാണ്. അദ്ദേഹം അന്ന് ഉയർത്തിവിട്ട പല കാര്യങ്ങളും ഇന്നും പ്രസക്തമാണ്.
ഇംഗ്ലീഷ് പരിഭാഷ: ജാവേദ് ആനന്ദ്
മലയാളം പരിഭാഷ: റെജി ജോര്‍ജ്

ഞാൻ എന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് 1937ൽ ആണ്. അന്ന് ഞാൻ വളരെ ചെറുപ്പം ആയിരുന്നെങ്കിലും എന്റെ മട്രിക്കുലേഷൻ പരീക്ഷ വളരെ ചെറിയ പ്രായത്തിൽ തന്നെ പാസായതിനാൽ ഞാൻ കോളേജ് വിദ്യാഭ്യാസവും നേരത്തെ തുടങ്ങിയിരുന്നു. അക്കാലത്ത് ആർ.എസ്.എസും, വിനായക് ദാമോദർ സാവർക്കറുടെ അനുയായികളും ഒരു വശത്തും ദേശീയവാദികളും, സോഷ്യലിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറുപക്ഷത്തും ആയി രാഷ്ട്രീയപ്രവർത്തനം പൂനെയിൽ വളരെ ശക്തമായിരുന്നു. 1937 മെയ് ഒന്നിന് പൂനെയിൽ ഞങ്ങൾ മെയ്ദിന റാലി സംഘടിപ്പിച്ചു. ആ തൊഴിലാളിദിന മാർച്ചിനെ ആർ.എസ്.എസും സാവർക്കർ അനുയായികളും ആക്രമിച്ചു. അറിയപ്പെടുന്ന വിപ്ലവകാരിയായ സേനാപതി ബപ്പാട്ട്, സോഷ്യലിസ്റ്റ് നേതാവ് എസ്.എം. ജോഷി എന്നിവരുള്‍പ്പടെ നിരവധി ആളുകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. അതിനുശേഷം ഞങ്ങൾക്ക് ഈ ഹിന്ദുത്വസംഘടനകളോടു ശക്തമായ എതിർപ്പുണ്ടായിത്തുടങ്ങി.

ആർ.എസ്.എസുമായി ഞങ്ങൾക്കുള്ള ആദ്യത്തെ എതിർപ്പ് ദേശീയതയെ സംബന്ധിച്ചുള്ളതാണ്. ഞങ്ങൾ വിശ്വസിക്കുന്നത് എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യ അവകാശമാണ് ഇന്ത്യാ രാജ്യത്തിനു മുകളിലുള്ളത് എന്നാണ്. ആർ.എസ്.എസും സാവർക്കർ അനുയായികളും ഹിന്ദുരാഷ്ട്രം എന്ന സാങ്കല്പികതയുമായിട്ടാണ് വരുന്നത്. മുഹമ്മദ് അലി ജിന്നയും ഇത്തരം ഒരു വികാരത്തിന്റെ ഇര ആയിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത് ഇന്ത്യ നിർമ്മിച്ചിരിക്കുന്നത് രണ്ട് രാജ്യങ്ങൾ ചേർത്താണെന്നായിരുന്നു. ഒരു മുസ്ലിം രാജ്യവും ഒരു ഹിന്ദു രാജ്യവും. സാവർക്കറും അതു തന്നെയാണ് പറഞ്ഞിരുന്നത്.

ആർ.എസ്.എസുമായി ഞങ്ങൾക്കുള്ള അടുത്ത എതിർപ്പ്, ഞങ്ങൾ സ്വപ്നം കണ്ടിരുന്നത് ഒരു ജനാധിപത്യ ഇന്ത്യ ആയിരുന്നു എങ്കിൽ ആർ.എസ്.എസ് അവകാശപ്പെട്ടിരുന്നത് ജനാധിപത്യം ഇന്ത്യക്ക് അനുയോജ്യമല്ലാത്ത ഒരു പാശ്ചാത്യ ആശയം ആണെന്നായിരുന്നു. ആ കാലഘട്ടത്തിലെ ആർ.എസ്.എസുകാർ മൊത്തം ഹിറ്റ്‌ലറെ വാഴ്ത്തിപ്പാടുന്നവരായിരുന്നു. ഗുരുജി (മാധവ് സദാശിവ് ഗോൾവാൾക്കർ) ആർ.എസ്.എസിന്റെ സർസംഘചാലക് - തലവൻ - മാത്രമായിരുന്നില്ല അദ്ദേഹം ആയിരുന്നു ആർ.എസ്.എസിന്റെ താത്വികാചാര്യനും.

ഞങ്ങൾ സ്വപ്നം കണ്ടിരുന്നത് ഒരു ജനാധിപത്യ ഇന്ത്യ ആയിരുന്നു എങ്കിൽ ആർ.എസ്.എസ് അവകാശപ്പെട്ടിരുന്നത് ജനാധിപത്യം ഇന്ത്യക്ക് അനുയോജ്യമല്ലാത്ത ഒരു പാശ്ചാത്യ ആശയം ആണെന്നായിരുന്നു. ആ കാലഘട്ടത്തിലെ ആർ.എസ്.എസുകാർ മൊത്തം ഹിറ്റ്‌ലറെ വാഴ്ത്തിപ്പാടുന്നവരായിരുന്നു. ഗുരുജി (മാധവ് സദാശിവ് ഗോൾവാൾക്കർ) ആർ.എസ്.എസിന്റെ സർസംഘചാലക് - തലവൻ - മാത്രമായിരുന്നില്ല അദ്ദേഹം ആയിരുന്നു ആർ.എസ്.എസിന്റെ താത്വികാചാര്യനും.

ഗുരുജിയുടെ ചിന്തകളും നാസികളുമായി ആശ്ചര്യപ്പെടുത്തുന്ന പൊരുത്തം ഉണ്ടായിരുന്നു. ഗുരുജിയുടെ “നാം അല്ലെങ്കിൽ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത“ (We or Our Nationhood Defined) എന്ന പുസ്തകം നിരവധി പതിപ്പുകൾ പ്രസിദ്ധീകരിക്കയുണ്ടായി. 1947ൽ അതിന്റെ നാലാമത്തെ പതിപ്പ് ഇറങ്ങി. ആ പുസ്തകത്തിൽ ഒരിടത്ത് ഗുരുജി പറയുന്നുണ്ട്: “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദുവിന്റെ സംസ്കാരവും ഭാഷയും സ്വീകരിച്ചേ മതിയാവൂ, ഹിന്ദു മതത്തെ അംഗീകരിക്കയും ബഹുമാനിക്കയും വേണം, ഹിന്ദു എന്ന വംശത്തെയും സംസ്കാരത്തെയും അല്ലാതെ ഒരു ആശയത്തെയും പ്രോത്സാഹിപ്പിക്കയോ മഹത്വവത്കരിക്കയോ അരുത്. അതായത് അവർ ഈ രാജ്യത്തോടൂം ഇവിടെ വർഷങ്ങളായി നിലനില്ക്കുന്ന ആചാരങ്ങളോടൂം തങ്ങളുടെ അസഹിഷ്ണുതയും നന്ദികേടും ഉപേക്ഷിച്ചാൽ മാത്രം പോരാ അവർ ഈ ആചാരങ്ങളോടു സ്നേഹവും ഭക്തിയും ഉള്ള പരമമായ നിലപാട് സ്വീകരിച്ചേ മതിയാവൂ. - ചുരുക്കം വാക്കുകളിൽ, അവർ വിദേശികളായി ഈ രാജ്യത്ത് വസിക്കട്ടെ അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിനു കീഴ്പ്പെട്ടവരായി, യാതൊന്നും അവകാശപ്പെടാത്തവരായി, യാതൊരു ആനുകൂല്യങ്ങൾക്കും അവകാശമില്ലാത്തവരായി, യാതൊരുവിധ മുൻ‌ഗണനകൾക്കും അവകാശമില്ലാത്തവരായി - പൗരാവകാശത്തിനുപോലും അർഹതയില്ലാത്തവരായി - ഇവിടെ ജീവിക്കട്ടെ.”

മറ്റൊരു രീതിയിൽ പറഞ്ഞാൽ ഗുരുജി കാണുവാൻ ആഗ്രഹിച്ചിരുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പൗരന്മാരായി പോലും അംഗീകരിക്കാതിരിക്കുന്ന ഒരു സംവിധാനമായിരുന്നു. അദ്ദേഹത്തിനു വേണ്ടിയിരുന്നത് അവരുടെ പൗരാവകാശങ്ങൾ എല്ലാം റദ്ദാക്കുന്നതായിരുന്നു. യാദൃശ്ചികമെന്നുപറയട്ടെ അദ്ദേഹത്തിന്റെ ഈ ആശയങ്ങൾ ഒന്നും പുതുതായിരുന്നില്ല. 1930കളുടെ മധ്യത്തിൽ ഞങ്ങൾ കോളേജിൽ ആയിരുന്ന കാലത്ത് ആർ.എസ്.എസുകാർ ഹിറ്റ്‌ലറുടെ ആശയങ്ങൾ വളരെ താത്പര്യപൂർവ്വം പിന്തുടരുവാൻ ഇഷ്ടപ്പെട്ടിരുന്നു. അവരുടെ കാഴ്ചപ്പാടിൽ ജർമ്മനിയിലെ ജൂതവംശജരെ ഹിറ്റ്‌ലർ കൈകാര്യം ചെയ്ത രീതിയാണ് ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അർഹിക്കുന്നത്.

“നാം അല്ലെങ്കിൽ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത“ (We or Our Nationhood Defined) എന്ന പ്രമാണപുസ്തകത്തിലെ താഴെകൊടുത്തിരിക്കുന്ന ഭാഗം നാസി പാർട്ടിയോടുള്ള ഗുരുജിയുടെ അനുഭാവം തുറന്നുകാട്ടുന്നതാണ്. “തങ്ങളുടെ വംശത്തിന്റെ വിശുദ്ധിയും സംസ്കാരവും നിലനിർത്തുവാൻ യഹൂദ വംശത്തെ - ജൂതന്മാരെ - തുടച്ചുമാറ്റി ജർമ്മനി ലോകത്തെ ഞെട്ടിച്ചു. ഇങ്ങനെയാണ് വംശീയ ഗർവ്വ് അതിന്റെ ഉച്ചസ്ഥായിയിൽ പ്രകടിപ്പിക്കപ്പെട്ടത്. ഏകീകൃതമായ ഒന്ന് എന്നതിലേക്ക് ലയിച്ചുചേരുവാൻ വംശീയതയുടെയും സംസ്കാരത്തിന്റെയും വേർതിരിവുകൾ അതിന്റെ അടിവേരുകളിലെക്ക് പടരുന്നത് അസാധ്യമാണെന്ന് ജർമ്മനി വളരെ നല്ല രീതിയിൽ കാട്ടിതന്നിരിക്കയാണ്. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കുവാനും ലാഭം കൊയ്യുവാനും ഒരു നല്ല പാഠം” - “നാം അല്ലെങ്കിൽ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത“, 1947, പേജ്. 42 (We or Our Nationhood Defined 1947, p. 42).

നിങ്ങൾ ഒരു പക്ഷെ പറയുമായിരിക്കും ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്റെ യാതനയിലൂടെ കടന്നുപോയ സമയത്തെ ഒരു പഴഞ്ചൻ പുസ്തകത്തിൽ നിന്നുമാണ് ഇതൊക്കെ എന്ന്. പക്ഷെ അദ്ദേഹത്തിന്റെ രണ്ടാമതൊരു പുസ്തകമുണ്ട് – “ഒരു പിടി ചിന്തകൾ” (Bunch of Thoughts) എന്നപേരിൽ.

1966ൽ പ്രസിദ്ധീകരിച്ച് ഈ (കു)പ്രസിദ്ധമായ പ്രസിദ്ധീകരണത്തിൽ നിന്നും ഒരു ഉദാഹരണം ഞാൻ ഉദ്ധരിക്കാം. ഈ പുസ്തകത്തിൽ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളെപറ്റി സംവദിക്കുന്നിടത്ത് ഗുരുജി മൂന്ന് ആഭ്യന്തര ഭീഷിണികളെപറ്റി പ്രതിപാദിക്കുന്നു. ഒന്ന് മുസ്ലിം, രണ്ടാമത്തേത് ക്രിസ്ത്യാനി, മൂന്നാമത്തേത് കമ്യൂണിസ്റ്റുകൾ. ഗുരുജിയുടെ വാക്കുകളിൽ ഓരോ മുസ്ലിമും, ഓരോ ക്രിസ്ത്യാനിയും, ഓരോ കമ്യൂണിസ്റ്റുകാരനും രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയാണ്. ഇതാണ് അദ്ദേഹത്തിന്റെ ആശയഗതി.

ആർ.എസ്.എസും ഗുരുജിയുമായി ഞങ്ങൾക്കുള്ള രണ്ടാമത്തെ എതിർപ്പ് ജാതിയെക്കുറിച്ചുള്ള ചോദ്യത്തിലാണ്. അവർ ജാതി സമ്പ്രദായത്തെ പിന്തുണക്കുമ്പോൾ ഒരു സോഷ്യലിസ്റ്റ് ആയ എനിക്ക് ജാതി സമ്പ്രദായം ആജന്മ ശത്രുവാണ്. ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും ജാതി സമ്പ്രദായത്തിന്റെയും ഏറ്റവും വലിയ ശത്രുവായാണ് ഞാൻ എന്നെ കാണുന്നത്. ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട അനീതിയും നശിപ്പിക്കാതെ ഇന്ത്യയിൽ സാമ്പത്തികവും സാമൂഹികവുമായ തുല്യത ഉണ്ടാകുക അസാധ്യമാണെന്ന ശക്തമായ കാഴ്ചപ്പാടാണെനിക്കുള്ളത്.

എന്നാൽ ഗുരുജി പറയുന്നത് “നമ്മുടെ സമൂഹത്തിന്റെ മറ്റൊരു സവിശേഷത ഇവിടെ നിലനില്ക്കുന്ന വർണ്ണാശ്രമ വ്യവസ്ഥയാണ് (ജാതി വ്യവസ്ഥ, തൊഴിലിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിച്ചിരുന്ന പൌരാണിക രീതി) അത് ഇന്ന് സങ്കുചിതമായ ഒരു ജാതി വ്യവസ്ഥ ആയാണ് ഇന്നത്തെ സമൂഹത്തിൽ വില്ലൻ വേഷം കെട്ടിയിരിക്കുന്നത്.’’ അദ്ദേഹം തുടരുന്നു, “വ്യത്യസ്തരായ ആളുകൾ അവരുടെ വ്യത്യസ്തമായ കഴിവുകളുടെ അടിസ്ഥാനത്തിൽ അവരുടേതായ രീതിയിൽ ആരാധിക്കുന്ന നാലു ഭാവങ്ങൾ ഉള്ള ഒരു ശക്തനായ ദൈവത്തിന്റെ രൂപത്തിൽ സമൂഹത്തെ സങ്കല്പിച്ചിരിക്കുന്നു. അറിവിന്റെ കച്ചവടക്കാരനായ ബ്രാഹ്മണനെ ഏറ്റവും ഉന്നതനായി സങ്കല്പിച്ചിരിക്കുന്നു. ശത്രുക്കളെ നശിപ്പിക്കുന്ന ക്ഷത്രിയനും തുല്യപദവിയിലാണ്. കൃഷിയിലൂടെയും വ്യവസായത്തിലൂടെയും സാമൂഹികാവശ്യങ്ങൾ പരിഹരിക്കുന്ന വൈശ്യൻ മുമ്പേ പറഞ്ഞ രണ്ടുപേരെക്കാളും ഒട്ടും കുറഞ്ഞവനല്ല. തന്റെ തൊഴിൽ നൈപുണ്യം കൊണ്ടു സമൂഹത്തെ സേവിക്കുന്ന ശൂദ്രനും തക്കതായ പ്രാധാന്യം അർഹിക്കുന്നു.’’ ഇവിടെ വളരെ കൗശലപൂർവ്വം തറപ്പിച്ചു പറഞ്ഞിരിക്കയാണ് ശൂദ്രൻ ഒരു സാമൂഹിക ആവശ്യം നിറവേറ്റുന്നു എന്ന്. എന്നാൽ ഗുരുജി പ്രചോദനം കൊള്ളുന്ന ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ശൂദ്രന്റെ മതപരമായ ഉത്തരവാദിത്വമാണ് ബ്രാഹ്മണനെയും ക്ഷത്രിയനെയും, വൈശ്യനെയും സേവിക്കുക എന്നത്. ഗുരുജി വളരെ സാമർത്ഥ്യപൂർവ്വം കൗശലം കാണിച്ച്, ഉന്നത ജാതിക്കാരെ സേവിക്കുക എന്നത് സമൂഹത്തെ സേവിക്കുക എന്നാക്കി മാറ്റിയിരിക്കുന്നു.”

നമ്മൾ ജനങ്ങളുടെ എല്ലാ ഭാഷയും പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമാണ്. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും തദ്ദേശജന്യമാണ്. എന്നാൽ ഇതിനെ പറ്റി ഗുരുജി എന്താണു പറയുന്നത്? ഗുരുജി പറയുന്നത് സംസ്കൃതം ദേശീയ ഭാഷ ആക്കുക എന്ന അത്യന്തികമായ ലക്ഷ്യത്തോടുകൂടെ ഹിന്ദിയെ മുഖ്യഭാഷയാക്കി ഇപ്പോൾ മാറ്റണം എന്നാണ്. അദ്ദേഹം തന്റെ “ഒരു കൂട്ടം ചിന്തകൾ” എന്ന പുസ്തകത്തിൽ പറയുന്നത് “സംസ്കൃതത്തെ നമ്മുടെ ദേശീയഭാഷ ആക്കുവാൻ അനുയോജ്യമായ സമയം വരെ ഹിന്ദിക്ക് പ്രാധാന്യം നല്കുകയും വേണം” എന്നാണ്.

ആർ.എസ്.എസും ഗുരുജിയുമായി ഞങ്ങൾക്കുള്ള നാലാമത്തെ എതിർപ്പ് ഭാഷയുടേതാണ്. നമ്മൾ ജനങ്ങളുടെ എല്ലാ ഭാഷയും പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമാണ്. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും തദ്ദേശജന്യമാണ്. എന്നാൽ ഇതിനെ പറ്റി ഗുരുജി എന്താണു പറയുന്നത്? ഗുരുജി പറയുന്നത് സംസ്കൃതം ദേശീയ ഭാഷ ആക്കുക എന്ന അത്യന്തികമായ ലക്ഷ്യത്തോടുകൂടെ ഹിന്ദിയെ മുഖ്യഭാഷയാക്കി ഇപ്പോൾ മാറ്റണം എന്നാണ്. അദ്ദേഹം തന്റെ “ഒരു കൂട്ടം ചിന്തകൾ” എന്ന പുസ്തകത്തിൽ പറയുന്നത് “സംസ്കൃതത്തെ നമ്മുടെ ദേശീയഭാഷ ആക്കുവാൻ അനുയോജ്യമായ സമയം വരെ ഹിന്ദിക്ക് പ്രാധാന്യം നല്കുകയും വേണം” എന്നാണ്. ആരംഭം മുതല്ക്കുതന്നെ ഇതിനോടു ഞങ്ങൾക്കു വിയോജിപ്പുണ്ട്. പ്രാദേശീക ഭാഷകൾക്ക് അനുകൂലമായിട്ടാണ് എന്നും മഹാത്മാ ഗാന്ധിയും ലോകമാന്യതിലകനും ഞങ്ങളുമൊക്കെ നിന്നിട്ടുള്ളത്. ഒരാളുടെ മേലും ഹിന്ദി അടിച്ചേല്പിക്കുന്നതിനോടു ഞങ്ങൾ യോജിക്കുന്നില്ല. തമിഴ്നാട്ടിൽ നിലനില്ക്കുന്ന ഭാഷയായി തമിഴിനെയും, ആന്ധ്രയിലെ ഭാഷയായി തെലുങ്കിനെയും മഹാരാഷ്ട്രയിലെ ഭാഷയായി മറാത്തിയെയും, വെസ്റ്റ് ബംഗാളിൽ നിലനില്ക്കുന്ന ഭാഷയായി ബംഗാളിയെയും കാണുവാനാ‍ണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾ പൊതു ഭാഷയായി ഇംഗ്ലീഷിനെയാണ് ഇഷ്ടപ്പെടുന്നത് എങ്കിൽ അത് അവരുടെ ഇഷ്ടത്തിനു വിടുകയാണു വേണ്ടത്. ഞങ്ങൾക്ക് അവരുമായി ഈ കാര്യത്തിൽ ഒരു വിയോജിപ്പും ഇല്ല. എന്നാൽ സംസ്കൃതം എന്നത് വളരെ ചുരുങ്ങിയ ഒരു കൂട്ടം ആളുകൾ മാത്രം സംസാരിക്കുന്ന ഒരു പ്രത്യേക ജാതി വിഭാഗത്തിൽ പെട്ട ആളുകളുടെ ഭാഷയാണ്. സംസ്കൃതത്തെ ദേശീയ ഭാഷ ആക്കുന്നത് ഒരു ചെറിയ വിഭാഗം ആളുകളുടെ മേല്കോയ്മ മറ്റുള്ളവർക്കുമേൽ അടിച്ചേല്പിക്കലാണ്, അത് ഒരിക്കലും ഞങ്ങൾക്ക് അംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ല.

ആർ.എസ്.എസും ഗുരുജിയുമായി ഞങ്ങൾക്കുള്ള അഞ്ചാമത്തെ എതിർപ്പ് രാജ്യത്തിന്റെ ഭരണത്തെ സംബന്ധിച്ച് ആയിരുന്നു. സ്വതന്ത്ര്യ സമരത്തിലെ ദേശീയപ്രസ്ഥാനം വികേന്ദ്രീകൃത സ്റ്റേറ്റ് എന്ന ആശയത്തെ അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ഒരു കൂട്ടമായി രാജ്യത്തെ അംഗീകരിക്കുമ്പോൾ ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനു പ്രത്യേക അധികാരം ഉണ്ടായിരുന്നു, എന്നാൽ മറ്റ് ബഹുഭൂരിപക്ഷം കാര്യങ്ങളും സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാ‍യിരുന്നു. എന്നാൽ വിഭജനത്തെ തുടർന്ന് ശക്തമായ ഒരു കേന്ദ്ര സർക്കാർ ഉണ്ടായിരിക്കേണ്ട ആവശ്യകതയുടെ ഭാഗമായി, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പൊതുവിൽ യോജിപ്പ് ഉണ്ടാവേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റുതന്നെ ഭരണഘടനയിലൂടെ നിർബന്ധമായി ഒരുക്കിയിരുന്നു. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും തുല്യ അധികാര പരിധിയുള്ള വിഷയങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെ ശാക്തീകരിക്കുക എന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ മാത്രം വരേണ്ട നിരവധി കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന അധികാര പരിധിയിൽ വരേണ്ട പട്ടികയിൽ ചേർത്തിരുന്നു. അങ്ങനെ ഇന്ത്യ എന്ന വികേന്ദ്രീകൃത രാജ്യം നിലവിൽ വന്നു.

എന്നാൽ ഈ അടിസ്ഥാന ഭരണഘടനാ ചട്ടക്കൂടിനെ സംഘപരിവാറും അതിന്റെ മുഖ്യ മാർഗ്ഗദർശകനായ ഗുരു ഗോൾവാൾക്കറും നിരന്തരമായി എതിർത്തുപോന്നു. ഇവർ സംസ്ഥാനങ്ങളുടെ ഐക്യത്തിലൂടെ സംജാതമാകുന്ന വികേന്ദ്രീകൃതമായ ഭരണകൂടം എന്ന ആശയത്തെ നിരന്തരമായി അവഹേളിക്കയും ഇന്ത്യ എന്ന വികേന്ദ്രീകൃത രാജ്യം അടിസ്ഥാനപ്പെടുത്തുന്ന അതിന്റെ ഭരണഘടന അസാധുവാക്കണമെന്ന് വാദിക്കുകയും ചെയ്തുപോന്നു. ഗുരുജി അദ്ദേഹത്തിന്റെ ഒരു കൂട്ടം ചിന്തകൾ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് “ഭരണഘടന പുനഃപരിശോധിക്കയും കേന്ദ്രീകൃത സ്റ്റേറ്റ് എന്ന ആശയം ഭരണഘടനയിൽ ഉൾപ്പെടുത്തുകയും വേണം” എന്നാണ്. ഗുരുജിക്ക് വേണ്ടിയിരുന്നത് ഒരു കേന്ദ്രീകൃത സ്റ്റേറ്റ് ആയിരുന്നു. അദ്ദേഹം പറയുന്നത് ഇപ്പോഴത്തെ നിലക്കുള്ള സ്റ്റേറ്റ് ഇല്ലാതാക്കണം എന്നാണ്. ഗുരുജി ഗോൾവാൾക്കർക്ക് വേണ്ടിയിരുന്നത് ഒരു രാജ്യവും ഒരു ഭരണകൂടവും, ഒരു നിയമനിർമ്മാണ സഭയും, ഒരു ഭരണാധികാരിയുമായിരുന്നു. മറ്റൊരു അർഥത്തിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളെയും, മന്ത്രിസഭകളെയും നിരോധിക്കൽ ആയിരുന്നു ഗുരുജിക്ക് വേണ്ടിയിരുന്നത്. അതായത് അവർക്കുവേണ്ടിയിരുന്നത് ഒരു ഏകാധിപത്യ ഭരണകൂടമായിരുന്നു. അവർക്ക് ഭരണം പിടിക്കുവാൻ കഴിഞ്ഞാൽ അവർ സംശയാതീതമായി കേന്ദ്രീകൃത ഭരണത്തിലേക്ക് രാജ്യത്തെ നയിക്കുവാൻ ശ്രമിക്കും.

xdfdfd

ആർ.എസ്.എസും ഗുരുജിയുമായി ഞങ്ങൾക്കുള്ള ആറാമത്തെ എതിർപ്പ് ദേശീയപ്രസ്ഥാനം തിരഞ്ഞെടുത്ത പതാകയിലെ ത്രിവർണ്ണ നിറത്തെപറ്റിയാണ്. നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ദേശീയ പതാകയുടെ മഹത്വവും അതിനോടുള്ള ആദരവും മൂലം നൂറുകണക്കിനു ഭാരതീയർ അവരുടെ ജീവിതം ബലി നല്കിയിട്ടുണ്ട്. ആയിരകണക്കിനാളുകൾ മർദ്ദനത്തിന്റെയും ലാത്തിയുടെയും മുറിപ്പാടുകൾ തങ്ങളുടെ ശരീരത്തിൽ പേറുന്നു. എന്നാൽ ആശ്ചര്യമെന്നുപറയട്ടെ ആർ.എസ്.എസ് ത്രിവർണ്ണ പതാകയെ ദേശീയ പതാക ആയി അംഗീകരിച്ചിട്ടില്ല. കാവിപതാകയെ തൊട്ടാണ് അവർ പ്രതിജ്ഞ എടുക്കാറുള്ളത്. അവരുടെ അവകാശവാദം അനാദിയായ കാലം മുതൽ ഹിന്ദുരാഷ്ട്രത്തിന്റെ പതാക കാവി പതാകയാണെന്നാണ്.

ആർ.എസ്.എസും ഗുരുജിയുമായി ഞങ്ങൾക്കുള്ള ഏഴാമത്തെ എതിർപ്പ്. ഒരു വികേന്ദ്രീകൃത ഭരണ വ്യവസ്ഥ എന്ന ആശയത്തെ ഗുരുജി എതിർത്തതു പോലെ തന്നെ അദ്ദേഹത്തിനു ജനാധിപത്യവ്യവസ്ഥിതിയിലും ഒട്ടുംതന്നെ വിശ്വാസം ഇല്ലായിരുന്നു. ജനാധിപത്യം എന്ന പാശ്ചാത്യ-വൈദേശിക ആശയം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണെന്നും ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ സമൂഹവുമായി പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിനു ഒത്തിണങ്ങിപ്പോകുവാൻ കഴിയില്ല എന്നുമുള്ള ഉറച്ചവിശ്വാസത്തിലായിരുന്നു അദ്ദേഹം. സോഷ്യലിസം എന്നത് തികച്ചും അപരിചിതമായ ഒരു ആശയമായിരുന്നു അദ്ദേഹത്തിന്. സോഷ്യലിസവും, ജനാധിപത്യവും അടക്കം എല്ലാ ഇസങ്ങളും തള്ളിക്കളയേണ്ട വൈദേശിക ആശയങ്ങൾ ആണെന്നും ഇന്ത്യൻ സമൂഹം ഭാരതീയ സംസ്കാരത്തിലാണ് അടിയുറപ്പിക്കേണ്ടതെന്നും അദ്ദേഹം തുടർച്ചയായി പറയുമായിരുന്നു. ഞങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ ഞങ്ങൾ പാർലമെന്ററി ജനാധിപത്യത്തിലും, സോഷ്യലിസത്തിലും വിശ്വസിക്കുന്നു. സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ഗാന്ധിജി വിഭാവനം ചെയ്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യലിസം ഇന്ത്യയിൽ നടപ്പിലാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കോൺഗ്രസ്സ് പാർട്ടിയുടെ ഏകാധിപത്യപരമായ ഭരണത്തിനെതിരെ ഞങ്ങൾ സമരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ഞങ്ങളുടെ നേതാവ് ഡോ. റാം മനോഹർ ലോഹ്യ ആണ് ചൈനക്കാരുടെ കരങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തെ നാണംകെടുത്തിയതിനു ഉത്തരവാദികൾ ആയ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാനും കോൺഗ്രസ്സ് പാർട്ടിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുവാനും നമ്മൾ എല്ലാ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ഒരു മുന്നണി രൂപീകരിക്കണം എന്ന അഭിപ്രായം മുന്നോട്ടുവച്ചത്. രണ്ടുവർഷത്തോളം ഡോക്ടർസാബുമായി വളരെ നീണ്ട ചർച്ചകൾ ഈ വിഷയത്തിൽ ഞാൻ നടത്തിയിരുന്നു. ഈ ചർച്ചകളിൽ എല്ലാം, ആർ.എസ്.എസും ജനസംഘുമായി ഒരു രീതിയിലുള്ള ബാന്ധവവും ഞങ്ങൾക്ക് കഴിയില്ല എന്ന കാര്യം ഞാൻ ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു. ഡോക്ടർ സാബ് എന്നോടു ചോദിച്ചു “താങ്കൾ എന്റെ നേതൃത്വം അംഗീകരിക്കുമോ ഇല്ലയോ?” “അതെ ഞാൻ അംഗീകരിക്കാം” എന്ന് ഞാൻ മറുപടി പറഞ്ഞു. എല്ലാ തർക്കവിഷയങ്ങളിലും യോജിക്കുക എന്നത് അനിവാര്യമോ എല്ലാ വിഷയങ്ങളിലും എന്നെ ബോധ്യപ്പെടുത്തുക എന്നത് ആവശ്യമായ കാര്യമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വിയോജിക്കുന്ന ഒന്നോ രണ്ടോ വിഷയങ്ങൾ ഉണ്ടാകുന്നതിൽ കുഴപ്പം ഒന്നും ഇല്ല. ഒരു മുഖ്യശത്രുവിനെ തോല്പിക്കുവാനുള്ള രാഷ്ട്രീയ സഖ്യത്തെകുറിച്ചുമാത്രം ചിന്തിക്കുന്നതിനാൽ മറ്റുവിഷയങ്ങൾ എല്ലാം മാറ്റിവച്ചു അദ്ദേഹവുമായി സഹകരിക്കണം. അദ്ദേഹത്തിന്റെ ഈ ആശയം ഒന്നു “പരീക്ഷിക്കണം“. ഒരു പക്ഷെ അദ്ദേഹം പറയുന്നത് ശരി ആവാം, ഒരുപക്ഷെ ഞാൻ പറയുന്നത് ആവാം ശരി. ഈ പറഞ്ഞതിൽ ഞാൻ അദ്ദേഹത്തോടു യോജിച്ചു പക്ഷെ ആർ.എസ്.എസും ലോഹ്യായുടെ ആശയങ്ങൾ പിന്തുടരുന്നവരുമായി ഒരു ഏറ്റുമുട്ടൽ അനിവാര്യമായിരുന്നു.

ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കയും, ഏകാധിപത്യ നിലപാടുകൾ പിന്തുടരുകയും, സഞ്ജയ് ഗാന്ധിയെ പ്രോത്സാഹിപ്പിക്കയും, മാരുതി അഴിമതി പുറത്തുവരുകയും ചെയ്തപ്പോൾ ഇക്കൂട്ടരുമായി (ആർ.എസ്.എസും ജനസംഘവുമായി) ഞങ്ങൾ ഒരു സഖ്യത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ലോക്നായക് ജയപ്രകാശ്ജി വിശ്വസിച്ചിരുന്നത് പ്രതിപക്ഷ കക്ഷികൾ ഐക്യപ്പെട്ട് ഒറ്റപാർട്ടി ആയി മാറിയില്ലെങ്കിൽ ഇന്ദിരയെയും അവരുടെ ഏകാധിപത്യത്തെയും പരാജയപ്പെടുത്തുക സാധ്യമല്ലെന്നായിരുന്നു. നമ്മൾ ഐക്യപ്പെട്ട് ഒറ്റപാർട്ടിയായി മാറണമെന്ന അഭിപ്രായക്കാരനായിരുന്നു ചൗധരി ചരൺസിംഗും. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ജയിലിൽ ആയിരുന്നപ്പോൾ അങ്ങനെ ഒരു ഒറ്റപാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനെപറ്റിയുള്ള ഞങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ തിരഞ്ഞെടുപ്പിൽ ഭാഗഭാക്കാകും. ജനാധിപത്യത്തെ ചലനാത്മകമാക്കുന്ന ഒരു പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പുചൂട് കൂടുമ്പോൾ അടിയന്തരാവസ്ഥയുടെ ചങ്ങലകൾ പൊട്ടിച്ചിതറുകയും ജനങ്ങൾ അവരുടെ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കയും ചെയ്യും. അതുകൊണ്ട് ഞാൻ ഉറപ്പിച്ചു പറഞ്ഞു നമ്മൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണം.

ലോകമാന്യനായക് ജയപ്രകാശ് നാരായണും മറ്റ് നേതാക്കളും ഒരു പാർട്ടിയുടെ കൊടിക്കൂറക്കുകീഴിൽ വരാതെ തിരഞ്ഞെടുപ്പിൽ വിജയിക്കുക പ്രയാസമാണെന്ന നിലപാടിൽ എത്തിയതോടുകൂടെ ഞങ്ങൾ സോഷ്യലിസ്റ്റുകളും ആ നിലപാടിന് അംഗീകാരം നല്കി. ജനസംഘം, സോഷ്യലിസ്റ്റ് പാർട്ടി, കോൺഗ്രസ്സ് (ഒ), ഭാരതീയ ലോകതാന്ത്രിക് ദൾ (ബി.എൽ.ഡി), കോൺഗ്രസ്സിലെ ചില വിമത ഗ്രൂപ്പുകൾ എന്നിങ്ങനെയുള്ള രാഷ്ട്രീയപാർട്ടികൾക്ക് ഇടയിൽ മാത്രമാണ് ഇങ്ങനെ ഒരു പൊതുപാർട്ടി രൂപീകരിക്കുന്ന കാര്യത്തിൽ തത്വത്തിൽ യോജിപ്പിൽ എത്തിയത് എന്ന കാര്യം ഉറപ്പിച്ചു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആർ.എസ്.എസുമായി ഏതെങ്കിലും രീതിയിലുള്ള ധാരണയിലെത്തുകയൊ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കയൊ ഞങ്ങൾ ചെയ്തില്ല. ആർ.എസ്.എസ് അംഗങ്ങൾ പുതിയ പാർട്ടിയിൽ അംഗങ്ങളാകുന്നതിലൂടെ ഉടലെടുക്കുന്ന ഇരട്ട അംഗത്വപ്രശ്നം ഒടുക്കം ചെന്ന് എത്താവുന്ന അഭിപ്രായസംഘർഷങ്ങളെപറ്റി 1976 ജൂലൈ 7ന് ചൗധരി ചരൺസിംഗ് ഉന്നയിച്ചത്, ജയിലിൽ ഞങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന മനുഭായി പട്ടേലിന്റെ ഒരു കത്തിലൂടെ അറിയുവാൻ കഴിഞ്ഞു. ഇതിനു മറുപടിയായി രൂപീകരിക്കുവാൻ പോകുന്ന പാർട്ടിക്ക് അവർക്ക് ഇഷ്ടമുള്ള അംഗത്വനിബന്ധനകൾ പാലിക്കാം എന്ന് ജനസംഘത്തിന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി ഓം പ്രകാശ് ത്യാഗി പറഞ്ഞു. അദ്ദേഹം അതുകൂടാതെ പറഞ്ഞത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആർ.എസ്.എസിനെ പിരിച്ചു വിടുവാൻ ആണ് പദ്ധതി, ആർ.എസ്.എസ് അംഗത്വം എന്ന ചോദ്യംതന്നെ അതുകൊണ്ട് ഉയരുന്നില്ല എന്നാണ്.

പിന്നീട്, ജനതാപാർട്ടിയുടെ ലക്ഷ്യങ്ങളും, നയങ്ങളും പരിപാടികളുമായി ഭിന്നതയുള്ള ഏതെങ്കിലും സംഘടനയുടെ അംഗങ്ങൾക്ക് ജനതാപാർട്ടിയിൽ അംഗത്വം നല്‍കേണ്ടതില്ലെന്ന്, നിർദ്ദേശിക്കപ്പെട്ട ജനതാപാർട്ടിയുടെ ഭരണഘടന എഴുതിയപ്പോൾ ഭരണഘടനാ രൂപികരണത്തിനുള്ള സബ്കമ്മറ്റി നിർദ്ദേശിച്ചു. അംഗത്വത്തിന് ഇങ്ങനെ സുവ്യക്തമായ ഒരു മാനദണ്ഡം നല്കുന്നതിനെപറ്റി ഒരു ചോദ്യവും ഉയരില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ ജനസംഘിലെ സുന്ദർസിംഗ് ഭണ്ഡാരിയിൽ നിന്നുമാണ് ഇതിനെതിരെ എതിർപ്പ് ഉയർന്നത്. 1976 ഡിസംബറിൽ പ്രശ്നപരിഹാരത്തിനായി വിളിച്ചുചേർത്ത യോഗത്തിനു ജനസംഘത്തിനും ആർ.എസ്.എസിനും വേണ്ടി വാജ്പേയി നല്കിയ കത്തിനെ ആധാരമാക്കി ഒരു കൂട്ടം നേതാക്കൾ പറയുന്നത് ജനതാപാർട്ടിയുടെ അംഗത്വവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ബന്ധം ഉയർത്തിയില്ലെന്നാണ്. എന്നാൽ നിരവധി നേതാക്കൾ എന്നോടുപറഞ്ഞത് അങ്ങനെ ഒരു ഉറപ്പും നല്കിയിട്ടില്ല എന്നാണ്. പ്രതിപക്ഷ പാ‍ർട്ടികളുടെ ലയനം എന്ന ആശയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ ആർ.എസ്.എസ് ചിത്രത്തിലേ ഇല്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്. എനിക്ക് വ്യക്തമാക്കുവാനുള്ളത് അങ്ങനെ എന്തെങ്കിലും രഹസ്യധാരണ ഉണ്ടായിരുന്നെങ്കിൽ തന്നെ ആ സമയത്ത് ഞാൻ തടവിൽ ആയിരുന്നു. അതുകൊണ്ട് എനിക്ക് അതിൽ ഒരു പങ്കും ഇല്ല എന്നാണ്.

എനിക്ക് വളരെ വ്യക്തമായിട്ടുതന്നെ സമർത്ഥിക്കുവാൻ കഴിയും ജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു രീതിയിലും ആർ.എസ്.എസിന്റെ നിലപാടുകളെ പിന്തുണക്കുന്നതായിരുന്നില്ല എന്ന്. സത്യത്തിൽ പ്രകടനപത്രികയിലെ ഓരോ നിർദ്ദേശങ്ങളും വളരെ വ്യക്തയുള്ളതാണ്. ജനതാപാർട്ടിയുടെ പ്രകടനപത്രികയിൽ ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രത്തെപ്പറ്റി ഒരു പരാമർശവും ഇല്ല; മറിച്ച് മതേതര, ജനാധിപത്യ, ഗാന്ധിയൻ ആശയസംഹിതകൾ അടിസ്ഥാനമാക്കിയ ഒരു സോഷ്യലിസ്റ്റ് സമൂഹത്തെപ്പറ്റിയാണ് പറയുന്നതെന്നത് ഒരു സത്യമല്ലേ? ജനതാപാർട്ടിയുടെ പ്രകടനപത്രിക ന്യൂനപക്ഷങ്ങൾക്ക് തുല്യ പൗരാവകാശങ്ങൾ വാഗ്ദാനം ചെയ്യുന്നതും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുവാൻ പ്രതിഞ്ജാബദ്ധമായതും ആയിരുന്നു.

ഇതിനു വിരുദ്ധമായി, ഗുരുജിക്കുവേണ്ടിയിരുന്നത് ന്യൂനപക്ഷങ്ങൾക്ക് തുല്യപൗരാവകാശം നിഷേധിക്കുന്നതും അവരെ ഹിന്ദുരാഷ്ട്രത്തിനുമുമ്പിൽ ഭിക്ഷ എടുക്കുന്ന പ്രജകളായി മാറ്റുക എന്നതുമായിരുന്നു. ജനതാപാർട്ടി അധികാര വികേന്ദ്രികരണത്തിനു പ്രതിഞ്ജാബദ്ധമായിരുന്നു എന്നാൽ, ഗുരുജി അധികാര കേന്ദ്രീകരണത്തിന്റെ കടുത്ത പിന്തുണക്കാരനുമായിരുന്നു. ജനതാപാർട്ടി അധികാര വികേന്ദ്രികരണത്തെപറ്റി പറയുമ്പോൾ ഗുരുജിക്ക് വേണ്ടിയിരുന്നത് പ്രത്യേക സംസ്ഥാനങ്ങളെ നിർമ്മാർജ്ജനം ചെയ്യലും സംസ്ഥാന നിയമസഭകളും മന്ത്രിസഭകളും ഇല്ലാതാക്കൽ ആയിരുന്നു. മറ്റൊരു അർത്ഥത്തിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം തട്ടിയെടുക്കുവാൻ ജനതാപാർട്ടിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു. പ്രകടനപത്രിക സോഷ്യലിസവും, സാമൂഹികനീതിയും തുല്യതയുമായിരുന്നു മുന്നോട്ടുവച്ചത്. പ്രകടനപത്രികയിൽ എവിടെയെങ്കിലും ജാതി സമ്പ്രദായത്തെ പിന്തുണക്കുന്നതായി പറഞ്ഞിരുന്നുവോ? ശൂദ്രരുടെ ജോലി മറ്റ് മേൽ ജാതിക്കാരുടെ ക്ഷേമത്തിനുവേണ്ടീ അദ്ധ്വാനിക്കുവാനുള്ളതാണെന്ന വാദത്തെ അനുകൂലിച്ചിരുന്നുവോ? എന്നാൽ ഇതിനൊക്കെ നേരെ എതിരായി പ്രകടനപത്രിക പിന്നോക്ക വിഭാഗങ്ങളുടെ പുരോഗമനത്തിനുള്ള മുഴുവൻ അവകാശങ്ങളെയും പിന്തുണക്കുക മാത്രമല്ല ചെയ്തത് മറിച്ച് പിന്നോക്കവിഭാഗങ്ങൾക്ക് 25-33 ശതമാനം സർക്കാർ ജോലികളിൽ സംവരണം നല്കാം എന്നാണ് പറഞ്ഞിരുന്നത്.

ശരിയാണ്! ആർ.എസ്.എസ് അംഗങ്ങൾ വാസ്തവത്തിൽ പാർട്ടിയുടെ പ്രകടനപത്രികയിലെ ഏടുകൾ അംഗീകരിച്ചിരുന്നില്ല എന്നത് സത്യമാണ്. ഇതു തന്നെയാണ് എന്റെ തർക്കവും. ഒരിക്കൽ കുശുഭാവ് താക്കറെയുമായുള്ള ഒരു ചർച്ചയിൽ ഇത് ഞാൻ എഴുതി നല്കുകയും ചെയ്തിരുന്നു. നിങ്ങൾ (ആർ.എസ്.എസ്, ജനസംഘ്) ഹൃദയം തൊട്ട് എതിർക്കുന്ന വിഷയങ്ങളെ ഒരു മടിയും കാണിക്കാതെ അംഗീകരിച്ചു. അതുകൊണ്ടാണ് നിങ്ങളുടെ ലക്ഷ്യങ്ങൾ സംശയിക്കപ്പെടുന്നത്. ഇത് ഞാൻ വളരെ നാളുകൾക്ക് മുന്പേ അദ്ദേഹത്തിനു എഴുതിയതാണ്. ആർ.എസ്.എസിനെപറ്റി ഈ സംശയം എല്ലായ്പ്പോഴുമുണ്ടായിരുന്നതാണ്. ഡോക്ടർസാബിന്റെ സമയം (റാം മനോഹർ ലോഹ്യ 1967ൽ മരിച്ചു) മുതൽക്കേ ഉള്ളതാണ്. കാര്യങ്ങൾ ഇങ്ങനെഒക്കെ ആണെങ്കിലും ഏകാധിപത്യത്തെ ചെറുക്കുവാൻ നമ്മൾ അവരുമായി ഒരു രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെട്ടു എന്ന സത്യം നിലനില്ക്കുകയാണ്.

എല്ലാ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും ലയിച്ച് ഒന്നായിതീരുക എന്നത് ലോക് നായക് ജയപ്രകാശ്ജിയുടെ ആഗ്രഹമായിരുന്നതിനാലും പാർട്ടിയുടെ മാനിഫെസ്റ്റൊ ഒരു ഒത്തുതീർപ്പിനും തയ്യാറാകാത്തതിനാലും അങ്ങനെ ഒരു ലയനത്തിനു ഞാനും അംഗീകാരം നല്കി. അതെ സമയം ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് എന്റെ മനസ്സിൽ വളരെ മുന്നേതന്നെ വ്യക്തമായ ഒരു കാര്യമായിരുന്നു ഐക്യപ്പെട്ടതും വിശ്വാസയോഗ്യവുമായ സംഘടന എന്ന നിലയിൽ ജനതാപാർട്ടി ഉയർന്നുവരുന്നതോടുകൂടെ രണ്ടുകാര്യങ്ങൾ ചെയ്യണം എന്നതിൽ. ഒന്ന് ആർ.എസ്.എസ് അതിന്റെ തത്വസംഹിത മാറ്റുകയും മതേതര ജനാധിപത്യ രാജ്യം എന്ന ആശയത്തെ അംഗീകരിക്കയും വേണം. രണ്ട്, ഭാരതീയ മസ്ദൂർ സംഘ്, ഭാരതീയ വിദ്യാർത്ഥി പരിഷത് തുടങ്ങിയ സംഘപരിവാറിന്റെ നിരവധി പോഷകസംഘടനകൾ പിരിച്ചുവിടുകയും ജനതാപാർട്ടിയുടെ മതേതരത്വ സ്വഭാവമുള്ള തൊഴിലാളി സംഘടനയിലും വിദ്യാർത്ഥി സംഘടനയിലും ലയിപ്പിക്കയും വേണം. ഇക്കാര്യത്തെപ്പറ്റി ആദ്യം മുതല്ക്കുതന്നെ എനിക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു. ജനതാപാർട്ടി എനിക്ക് തൊഴിലാളി യൂണിയന്റെയും വിദ്യാർത്ഥി വിഭാ‍ഗത്തിന്റെയും ഉത്തരവാദിത്വം തന്നതോടുകൂടെ എന്റെ നിരന്തരമായ പരിശ്രമമം ഭാരതീയ മസ്ദൂർ സംഘിനെയും വിദ്യാർത്ഥിപ്രസ്ഥാനത്തെയും അതിന്റെ പ്രത്യേക നിലനില്പ് അവസാനിപ്പിച്ച് പിരിച്ചുവിടുവാൻ ആയിരുന്നു.

എന്നാൽ ഈ സംഘടനകളുമായി ബന്ധപ്പെട്ടർ അവരുടെ സ്വയംഭരണാവകാശത്തിനുള്ള മർക്കടമുഷ്ടി തുടർന്നു. സത്യത്തിൽ ഈ സംഘടനകൾ എല്ലായ്പ്പോഴും നാഗ്പൂരിൽ (ആർ.എസ്.എസ് ആസ്ഥാനം) നിന്നുള്ള ആഞ്ജകൾ മാത്രമാണ് പാലിച്ചുപോന്നിരുന്നത്. അവർ ഒരു നേതാവ് മാത്രം എന്ന ആശയത്തിൽ വിശ്വസിക്കുന്നവരായിരുന്നു. ഉദാഹരണമായി ഗുരുജിയെതന്നെ എടുത്താൽ സംഘപരിവാറിന്റെ ആശയങ്ങൾ പിന്തുടരുന്നവർ കർശനമായ അച്ചടക്കം പാലിക്കുവാൻ പരിശീലിക്കപ്പെട്ടവരും അവർ നേതാവ് പറയുന്നതുമാത്രം അനുസരിക്കുവാൻ കഴിയുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിച്ച് അതിൻപ്രകാ‍രം നേതാവിന്റെ ആജ്ഞാനുവർത്തികളായി മാത്രം പ്രവർത്തിക്കുവാൻ കഴിയുന്നവരുമാണെന്ന നിലപാടാണ് ഗുരുജി എപ്പോഴും നിലനിർത്തിയിരുന്നത്. ഏക നേതാവ് എന്ന ആശയഗതിയിൽ മാത്രം പ്രവർത്തിക്കുന്നതാണ് ഈ സംഘടന. സംഘപരിവാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല ചർച്ചകൾക്കും, വാദപ്രതിവാദങ്ങൾക്കും ഒന്നും ഈ സംഘടനയിൽ ഒരു സ്ഥാനവുമില്ല. സംഘപരിവാറിന് ഒരു പ്രത്യേക സാമ്പത്തിക നയമേ ഇല്ല. ഒരു ഉദാഹരണം പറഞ്ഞാൽ ഗുരുജി അദ്ദേഹത്തിന്റെ “ഒരു കൂട്ടം ചിന്തകൾ” എന്ന പുസ്തകത്തിൽ ജന്മിത്വം അവസാനിപ്പിച്ചതിനെ വിമർശിക്കുന്നുണ്ട്. ദരിദ്രരോട് ഒരു സഹാനുഭൂതിയും തോന്നാത്ത ഗുരുജിയെ ജന്മിത്വം അവസാനിപ്പിച്ചത് വല്ലാതെ വിഷാദത്തിലാഴ്ത്തുകയും ആഴത്തിൽ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.

ഞാൻ ആർ.എസ്.എസ് അംഗങ്ങളോടു പറഞ്ഞു ഹിന്ദുക്കളെമാത്രം സംഘടിപ്പിക്കുന്നതു നിർത്തി മറ്റ് എല്ലാ മതസ്ഥർക്കും നിങ്ങളുടെ സംഘടനയിൽ ഒരു ഇടം നല്കണം അതിനു നിങ്ങൾ ചെയ്യേണ്ടത് നിങ്ങളൂടെ എല്ലാ വർഗ്ഗ സംഘടനകളെയും പിരിച്ചുവിട്ട് ജനതാപാർട്ടിയുടെ അതാത് വർഗ്ഗസംഘടനകളിൽ അതിനെ ലയിപ്പിക്കുകയാണ്. ഇതിന് അവർ മറുപടിയായി പറഞ്ഞത് ഇത് അത്രവേഗത്തിൽ ചെയ്യുവാൻ കഴിയുന്നതല്ല അതിനു പലരീതിയിലുമുള്ള പ്രയാസങ്ങൾ ഉണ്ട് എന്നൊക്കെയാണ് പക്ഷെ ഒരു ചെറിയ നിലക്കുപോലും അവർ മാറ്റം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തരം ഉത്തരങ്ങൾ നല്കി അവർ അവരുടെ ഒഴിഞ്ഞുമാറൽ തുടർന്നു.

അവരുടെ ഈ പെരുമാറ്റത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത് സംഘപരിവാർ നിലപാടുകളിൽ നിന്നും വ്യതിചലിക്കുവാൻ ഒരു താത്പര്യവും ഇല്ല എന്നാണ്. പ്രത്യേകിച്ചും 1977 ജൂണിലെ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും അധികാരത്തിലെത്തുവാൻ അവർക്കു കഴിഞ്ഞതോടുകൂടെ പുതിയതായി കിട്ടിയ സ്വാധീനശക്തിയുടെ ബലത്തിൽ തങ്ങളുടെ നിലപാടുകളിൽ നിന്നും മാറേണ്ട ആവശ്യകത ഇല്ലയെന്ന് അവർ ചിന്തിക്കുവാൻ തുടങ്ങി. ഇപ്പോൾ തന്നെ നാലു സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുവാൻ കഴിഞ്ഞു പതുക്കെ മറ്റ് സംസ്ഥാനങ്ങളെയും അധീശത്വത്തിലാക്കുവാൻ കഴിയും, അവസാനം കേന്ദ്ര ഭരണവും. ജനതാപാർട്ടിയിലുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ എല്ലാം തന്നെ വയോധികരായിരുന്നു അവർ അധികകാലം ജീവിച്ചിരിക്കുവാനുള്ള സാധ്യതകളും കുറവാണ്. പുതിയ യുവനേതാക്കൾ (ആർ.എസ്.എസ്., ജനസംഘം എന്നി സംഘടനകൾക്ക് പുറത്ത് നിന്നും) തലപ്പത്തേക്കു വരുന്നത് തടയുവാനും അവർക്കു കഴിയും.

ഓർഗനൈസറിന്റെയും പാഞ്ചജന്യത്തിന്റെയും (ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള ആർ.എസ്.എസ് മുഖപത്രങ്ങൾ) പേജുകളിൽ നിന്ന് വ്യക്തമായിരുന്നു പരിവാറിൽ നിന്നുമല്ലാത്ത ഒരു നേതാവിനെയും അവർ വെറുതെവിട്ടിരുന്നില്ലയെന്ന്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരാൾ എന്ന നിലയിൽ ഞാൻ തീർച്ചയായും അവരുടെ ഏറ്റവും രൂക്ഷമായ ആക്രമണത്തിന്റെ ഒരു ഇരയായിരുന്നു. അവരുടെ മാധ്യമങ്ങളിൽ ഇന്ദിരാഗാന്ധിക്കു നല്കിയ സ്ഥലത്തെക്കാൾ കൂടുതൽ, ഒരുപക്ഷെ, സ്ഥലം ഉപയോഗിച്ചിരുന്നത് എന്നെ പുലഭ്യം പറയുവാൻ ആയിരുന്നു.

സുദീർഘമായ ഒരു കാലത്തേക്ക് സംഘപരിവാറുകാരെ സംവാദങ്ങൾക്ക് ഞാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. മുംബൈയിലുള്ള എന്റെ ഭവനം ബാലാസാഹേബ് ദേവരശ് (പിന്നീട് ആ‍ർ.എസ്.എസ് സർസംഘചാലക് ആയി) സന്ദർശിച്ചത് ഞാൻ ഒന്ന് ഓർത്തുപോവുകയാണ്. അതിനെത്തുടർന്ന് ഞാൻ അദ്ദേഹത്തെ 1971ലെ തിരഞ്ഞെടുപ്പിനുശേഷം ഒരിക്കൽ കൂടെ കണ്ടൂ. അടിയന്തരാവസ്ഥക്ക് മുമ്പ് ഒരിക്കൽ മാധവ്‌റാവു മൂലെയുമായും ഞാൻ ഒരിക്കൽ സംവാദത്തിൽ ഏർപ്പെട്ടിരുന്നു. 1977 മെയ് മാസത്തിൽ നാലാം പ്രാവശ്യം ഞാൻ ബാലാസാഹെബ് ദേവരശിനെയും മാധവറാവു മൂലെയെയും കണ്ടു. അവരോടു സംസാരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടില്ല എന്ന് അതുകൊണ്ടുതന്നെ ആർക്കും അവകാശപ്പെടുവാൻ കഴിയില്ല. പക്ഷെ അവസാനം ഞാൻ ഒരു കാ‍ര്യം ഉറപ്പിച്ചു, സംഘപരിവാറുകാർക്ക് അടഞ്ഞ മനസ്ഥിതിയാണുള്ളത് അവിടെ പുതിയ ആശയങ്ങളുടെ വിത്തുകൾ മുളക്കുന്നത് അസാധ്യമാണ്.

എന്നൽ ഇതിന് കടകവിരുദ്ധമായി വളരെ ചെറിയ പ്രായം മുതൽ തന്നെ ഇളം തലമുറയെ ഒരു പ്രത്യേക അച്ചുകൂടത്തിനുള്ളിൽ വാർത്തെടുക്കുന്നതിൽ ആർ.എസ്.എസ് വൈദഗ്ദ്ധ്യം നേടിയിരുന്നു. ആർ.എസ്.എസ് ആദ്യം ചെയ്യുന്നത് ഇളം മനസ്സുകളെ പ്രതികരിക്കുവാൻ കഴിയാത്തവണ്ണം അവരുടെ മനസ്സിനെയും ചിന്തയെയും മരവിപ്പിക്കുകയാണ്. അതിനുശേഷം മറ്റ് ആശയങ്ങൾക്കു ചെവികൊടുക്കാനാകാൻ കഴിയാത്തവിധം മസ്തിഷ്കത്തെ മരവിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

സത്യം എന്താണെന്നുവച്ചാൽ ജനതാ‍പാർട്ടിയെ പിടിച്ചെടുക്കയും അതിലൂടെ സ്റ്റേറ്റിന്റെ മെഷീനറിയെ നിയന്ത്രിക്കയും ആയിരുന്നു ആർ.എസ്.എസിന് വേണ്ടിയിരുന്നത്. ഇതിനുവേണ്ടി അവർ തന്ത്രപൂർവ്വം ജനതാപാർട്ടിയിലെ നിരവധി നേതാക്കൾക്കു പ്രധാനമന്ത്രികസേര വാഗ്ദാനം ചെയ്യുകയുണ്ടായി. തരംകിട്ടുമ്പോഴൊക്കെ അവർ പ്രധാനമന്ത്രി ആകുവാനുള്ള ചൗധരി ചരൺസിംഗിന്റെ അവകാശവാദങ്ങൾക്ക് ഒപ്പം തങ്ങളുമുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുനല്കിയിരുന്നു.

എന്നിട്ടും ഞാൻ എന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒരു സന്ദർഭത്തിൽ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഒരു മീറ്റിംഗ് ഞാൻ വിളിച്ചുകൂട്ടി. ജനതാപാർട്ടിയെ പ്രതിനിധീകരിക്കുന്ന എല്ലാ അംഗങ്ങളും അതിൽ പങ്കെടുത്തു, പക്ഷെ ഭാരതീയ മസ്ദൂർ സംഘ് ആ മീറ്റിങ്ങ് ബഹിഷ്കരിച്ചു. അതുമാത്രമല്ല യാതൊരു കാരണവുമില്ലാതെ എനിക്കെതിരെ പുലഭ്യംവിളിയും അവർ നടത്തി. ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെയും, യുവമോർച്ചയെയും ജനതാപാർട്ടിയുടെ വർഗ്ഗ സംഘടനകളിൽ ലയിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഞാൻ നടത്തിയിരുന്നു, പക്ഷെ അവരും ഒഴിഞ്ഞുമാറിക്കളഞ്ഞു. ഇത് ഒരു സൂപ്പർ പാർട്ടിയായി പ്രവർത്തിക്കുവാനുള്ള ആർ.എസ്.എസിന്റെ ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് സംഭവിച്ചത്.

അവരുടെ ലക്ഷ്യം മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ഇടപെടുക എന്നതു മാത്രമായിരുന്നില്ല മറിച്ച് ജനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതും കൂടെ ആയിരുന്നു. ഇതേ കാര്യം വിശദീകരിക്കുവാൻ ജോർജ്ജ് ഫെർണാണ്ടസ് ദത്തൊപാന്ത് ഠേങ്ടിയെ ഉദാഹരണമാക്കുമായിരുന്നു.

സത്യം എന്താണെന്നുവച്ചാൽ ജനതാ‍പാർട്ടിയെ പിടിച്ചെടുക്കയും അതിലൂടെ സ്റ്റേറ്റിന്റെ മെഷീനറിയെ നിയന്ത്രിക്കയും ആയിരുന്നു ആർ.എസ്.എസിന് വേണ്ടിയിരുന്നത്. ഇതിനുവേണ്ടി അവർ തന്ത്രപൂർവ്വം ജനതാപാർട്ടിയിലെ നിരവധി നേതാക്കൾക്കു പ്രധാനമന്ത്രികസേര വാഗ്ദാനം ചെയ്യുകയുണ്ടായി. തരംകിട്ടുമ്പോഴൊക്കെ അവർ പ്രധാനമന്ത്രി ആകുവാനുള്ള ചൗധരി ചരൺസിംഗിന്റെ അവകാശവാദങ്ങൾക്ക് ഒപ്പം തങ്ങളുമുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുനല്കിയിരുന്നു. മറ്റൊരുവശത്തുകൂടെ മൊറാർജി ദേശായിയോട് പറഞ്ഞുകൊണ്ടിരുന്നു തങ്ങൾ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അദ്ദേഹത്തെ ആണെന്ന്. ഇതുപോലെയുള്ള ഉറപ്പുകൾ തരാതരം പോലെ ചന്ദ്രശേഖറിനും, ജഗജീവൻ റാമിനും, ജോർജ്ജ് ഫെർണാണ്ടസിനും അവർ നല്കിയിരുന്നു. അത്തരം ഒരു വിലപേശലുമായി ഒരുതവണപോലും എന്നെ സമീപിക്കുവാൻ അവർക്ക് ധൈര്യം പോരായിരുന്നു. ഒരിക്കൽ തമാശയായിട്ട് ഇത് വാജ്പേയിയോടു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു, “എന്തിന് താങ്കൾ, നാനാജി (ദേശ്മുഖ്) ഇത്തരം ഒരു വാഗ്ദാനം എനിക്കും ഒരിക്കലും നല്കിയിട്ടില്ല. താങ്കളോ ഞാനോ അല്ല അവർക്ക് പ്രധാനമന്ത്രി ആയിട്ടുവേണ്ടത്”. എന്തായാലും ഞാൻ മറ്റുള്ളവരുടെ അർഹത അവർക്ക് നിഷേധിക്കില്ലെന്നും എന്റെ അർഹത നിഷേധിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയില്ലെന്നും അവർക്ക് നന്നായിട്ട് അറിയാമായിരുന്നു. അതുകൊണ്ട് അവർ ഒരിക്കലും അത്തരം ഒരു നിർദ്ദേശം എനിക്കുനേരെ നടത്തിയില്ല. ഒരുപക്ഷെ അവർ ചിന്തിച്ചുകാണും തങ്ങൾക്കു വിഢിയാക്കുവാൻ കഴിയാത്ത ഒരാൾക്കുമുന്നിൽ ഇത്തരം വാഗ്ദാനം നടത്തുന്നതിൽ എന്തുകാര്യം എന്ന്- ഇത് അദ്ദേഹത്തെ (ലിമായെ) കൂടുതൽ ഉണർത്തുകയേ ഉള്ളൂ എന്ന്.

ഇവർ (ആർ.എസ്.എസ്) ഒറ്റപ്പെട്ട ചില സാഹചര്യങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രാധാന്യം കുറവാണ്. ആർ.എസ്.എസ് എന്നെങ്കിലും അവർ ഗുരുജിയുടെ ആശയങ്ങളെയും ചിന്തകളെയും കയ്യൊഴിഞ്ഞതായി പറഞ്ഞിട്ടുണ്ടോ? അടൽജി മാത്രമാണ് നമ്മൾ സമ്മിശ്രമായ ദേശീയതയെ, ജനാധിപത്യത്തെ, സോഷ്യലിസത്തെ, സാമൂഹിക നീതിയെ ഒക്കെ അംഗീകരിക്കണം ഇതുകൂടാതെ ഇന്നത്തെ ലോകത്ത് നമുക്ക് മുന്നേറാനാവില്ല എന്ന് പറഞ്ഞിട്ടുള്ളത്. പക്ഷെ അടൽജി മാത്രമാണ് ഇതുപറയുന്നത്. മറ്റ് സംഘികളെ എനിക്ക് ഒട്ടും വിശ്വാസമില്ല. ജയിലിൽകിടന്നപ്പോൾ മാപ്പിരന്നവരാണ് സംഘികൾ, രാജ്നാരായൺ കേസിൽ സുപ്രീംകോടതി ഇന്ദിരക്ക് അനുകൂലമായി വിധിപ്രസ്താവിച്ചപ്പോൾ ബാലാസാഹെബ് ദേവരശ് ഇന്ദിരയെ അഭിനന്ദിക്കയുണ്ടായി. അതുകൊണ്ട് സംഘികളുടെ നട്ടപ്രാന്തിൽ എനിക്ക് ഒരു വിശ്വാസവുമില്ല. ആർ.എസ്.എസ് നേതാക്കളെ പാർട്ടിയിൽ നിന്നും, വർക്കിംഗ് കമ്മറ്റിയിൽ നിന്നും പുറത്താക്കുകയും, ആർ.എസ്.എസുകാരുടെ പ്രവൃത്തിയിൽ നിയന്ത്രണം കൊണ്ടുവരുകയും പ്രത്യേകിച്ച് നാനാജി ദേശ്മുഖ്, സുന്ദർസിംഗ് ഭണ്ഡാരി ടീമിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്താൽ മാത്രമേ ഈ മനുഷ്യരെ (പഴയ ജനസംഘത്തിൽ നിന്നും ജനതാപാർട്ടിയിൽ വന്ന നേതാക്കളെ) വിശ്വസിക്കുവാൻ കഴിയൂ എന്ന് ഉറച്ച വിശ്വാസിത്താലാണ് ഞാൻ.