സംഘപരിവാര്‍ രാഷ്ട്രീയം പ്രയോഗിക്കപ്പെടുമ്പോള്‍

ദളിത്‌ സ്നേഹം പറഞ്ഞുകൊണ്ട്‌ മുന്നോട്ടുപോകുന്ന ആര്‍.എസ്‌.എസിന്റെ ഈ ജനവിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു രോഹിത്‌ വെമുലയുടെ കൊലപാതകത്തിലേക്ക്‌ നയിച്ച സംഭവങ്ങള്‍. ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ 'വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. ഗോള്‍വാള്‍ക്കര്‍ എഴുതിയ ഈ പുസ്തകം ആ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യന്‍ ജനതയുടെ പിറവിപോലും ചാതുര്‍വര്‍ണ്യത്തെ അരക്കിട്ട്‌ ഉറപ്പിക്കുന്ന തരത്തില്‍ കാണുന്നതായിരുന്നു വിചാരധാരയിലെ സമീപനം. "ബ്രാഹ്മണന്‍ തലയാണ്‌, രാജാവ്‌ ബാഹുക്കളും വൈശ്യന്‍ ഊരുക്കളും, ശൂദ്രന്‍ പാദങ്ങളുമാണ്‌" എന്നായിരുന്നു ഈ പുസ്തകത്തിന്റെ 44-ാം പേജില്‍ പറഞ്ഞിരുന്നത്‌. ദളിത്‌ ജനവിഭാഗത്തെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്ത സംഘപരിവാര്‍ നിലപാടാണ്‌ ഇതിലൂടെ പുറത്ത്‌ വന്നത്‌. ഈ ആശയം മനുഷ്യനന്മയ്‌ക്കായി പൊരുതിയ ശ്രീബുദ്ധന്റെ കാലത്തുതന്നെ ഉണ്ടായിരുന്നതുമാണ്‌. ഇത്തരം വാദക്കാരോട്‌ അവരുടെ അമ്മമാര്‍ക്ക്‌ ആര്‍ത്തവമുണ്ടെന്നും ഓരോരുത്തരും അവരുടെ അമ്മമാര്‍ പ്രസവിച്ചിട്ടാണ്‌ ഉണ്ടാകുന്നത്‌ എന്നും ശ്രീബുദ്ധന്‍ അന്നേ ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ജാതിവ്യവസ്ഥയും അത്‌ മുന്നോട്ട്‌ വെക്കുന്ന ആശയങ്ങളേയും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നത്‌ കണ്ടാല്‍ ആരും മൂക്കത്ത്‌ വിരല്‍വെക്കും. ഒരു സംഭവത്തെ ഇങ്ങനെ ആ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. "നമ്മുടെ മഹാവിപ്ലവകാരികളില്‍ ഒരാളായ ലാലാ ഹര്‍ദയാല്‍ പ്രസ്താവിച്ച ഒരു സംഭവമുണ്ട്‌. തെക്ക്‌ ഒരു ഇംഗ്ലീഷ്‌ ഓഫീസര്‍ ഉണ്ടായിരുന്നു. അയാളുടെ അസിസ്റ്റന്റ്‌ ഒരു നായിഡുവോ മറ്റോ ആയിരുന്നു. ആ ഇംഗ്ലീഷുകാരന്റെ ശിപായി ഒരു ബ്രാഹ്മണനായിരുന്നു. ഒരു ദിവസം മുമ്പില്‍ ആ ഇംഗ്ലീഷുകാരനും പിന്നില്‍ ശിപായിയുമായി ഒരു നിലത്തിലൂടെ നടന്നുപോകുമ്പോള്‍ എതിര്‍ഭാഗത്തുനിന്ന്‌ തന്റെ അസിസ്റ്റന്റും വന്നു. രണ്ട്‌ ഓഫീസര്‍മാരും പരസ്പരം അഭിവാദ്യം ചെയ്‌ത്‌ കൈകൊടുത്തു. എന്നാല്‍, അസിസ്റ്റന്റ്‌ പിന്നിലുള്ള ശിപായിയെ കണ്ടപ്പോള്‍ തലപ്പാവ്‌ ഊരുകയും കാല്‍തൊട്ട്‌ വന്ദിക്കുകയും ചെയ്‌തു. ആ ഇംഗ്ലീഷുകാരന്‍ അത്ഭുതപ്പെട്ടു. അയാള്‍ ചോദിച്ചു, 'ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനായിരുന്നിട്ടും നിങ്ങള്‍ നിവര്‍ന്നുനിന്ന്‌ എനിക്ക്‌ കൈ തരിക മാത്രം ചെയ്തു. ഇയാളാവട്ടെ എന്റെ ശിപായിയാണ്‌. എന്നിട്ടും നിങ്ങള്‍ ഇയാളെ ഈ ജനനിബിഡമായ നിരത്തില്‍വച്ച്‌ നമസ്കരിക്കുന്നു. എന്താണിത്‌?' അസിസ്റ്റന്റ്‌ ഓഫീസര്‍ മറുപടി നല്‍കി 'നിങ്ങളാണ്‌ എന്റെ ഓഫീസറെങ്കിലും, ഒരു മ്ലേച്ഛനാണ്‌. ഇയാളാവട്ടെ നിങ്ങളുടെ ശിപായിയാണെങ്കിലും നൂറ്റാണ്ടുകളായി എന്റെ നാട്ടുകാര്‍ വലിയ ആദരവോടെ പരിഗണിക്കുന്ന വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ അയാളുടെ മുമ്പാകെ തല കുനിക്കേണ്ടത്‌ എന്റെ കടമയാണ്‌.''' ഈ സംഭവത്തെ ചൂണ്ടിക്കാണിച്ച്‌ ബ്രാഹ്മണരെ കാല്‍ക്കീഴില്‍ കുമ്പിടുന്ന സംസ്കാരത്തെ മഹത്തരമായി സ്ഥാപിക്കുകയാണ്‌ ഗോള്‍വാള്‍ക്കര്‍ ചെയ്യുന്നത്‌. ഇതിനെ ആധുനികത തകര്‍ത്തു കളഞ്ഞു എന്നു പറഞ്ഞ്‌ വേദനിക്കുന്നതിനും ഗോള്‍വാള്‍ക്കര്‍ തയ്യാറാകുന്നുണ്ട്‌. ക്ഷേത്രപ്രവേശനത്തിനായി പരിശ്രമിച്ച ദളിതരെ മര്‍ദ്ദിച്ച സംഭവത്തെയും ന്യായീകരിക്കുവാനും ഗോള്‍വാള്‍ക്കര്‍ തയ്യാറാകുന്നു. വിചാരധാരയില്‍ ഈ പ്രശ്നം ഇങ്ങനെ വിശദീകരിക്കുന്നു.

ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ 'വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. ഗോള്‍വാള്‍ക്കര്‍ എഴുതിയ ഈ പുസ്തകം ആ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യന്‍ ജനതയുടെ പിറവിപോലും ചാതുര്‍വര്‍ണ്യത്തെ അരക്കിട്ട്‌ ഉറപ്പിക്കുന്ന തരത്തില്‍ കാണുന്നതായിരുന്നു വിചാരധാരയിലെ സമീപനം.

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്‌ അസ്‌പൃശ്യരുടെയും അഹിന്ദുക്കളുടെയും ഒരു സംഘത്തോടുകൂടി ഒരു പ്രമുഖ സാമൂഹ്യ നേതാവ്‌ ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ ആ ശ്രമത്തെ എതിര്‍ത്ത്‌ പരാജയപ്പെടുത്തി എന്നും പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു. ഈ സംഭവം നടന്ന്‌ കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ കാശി സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍, പുരോഹിതന്മാരെ കണ്ട്‌ എന്തുകൊണ്ടാണ്‌ ഇങ്ങനെ എതിര്‍ത്തത്‌ എന്ന്‌ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു. 'ആയിരക്കണക്കിന്‌ ഭക്തന്മാര്‍ നിത്യവും ദേവനെ ആരാധിക്കാനായി തടിച്ചുകൂടുന്നുണ്ട്‌. ഗര്‍ഭഗൃഹത്തില്‍ തന്നെ കടന്നുവന്ന്‌ അവര്‍ പവിത്രമായ ശിവലിംഗം സ്പര്‍ശിക്കുകയും ആരാധന നടത്തുകയും ചെയ്യാറുണ്ട്‌. ഏത്‌ ജാതിയില്‍ അഥവാ സമ്പ്രദായത്തില്‍ പെട്ടവരാണെന്ന്‌ ആരുംതന്നെ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ, നേതാവ്‌ പ്രചരണങ്ങളുടെ കാഹളവിളിയോടെ അധഃകൃതരെ ഉദ്ധരിക്കാന്‍ വന്ന സാര്‍വലൗകിക മനോവൃത്തിയുള്ള ഒരു പ്രവാചകനാണെന്നും ഞങ്ങളാണ്‌ തെറ്റുകാരെന്നും ലോകത്തെ ധരിപ്പിച്ചുകൊണ്ട്‌ മുന്നോട്ടുവന്നപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ അപമാനിതരായിത്തീര്‍ന്നു. ആ മനുഷ്യനെ സ്വന്തം നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.'''

xdfdfd

ദളിതുകള്‍ എന്ന നിലയില്‍ പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തില്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട്‌ വന്നവരെ മറ്റുള്ളവര്‍ തല്ലിച്ചതച്ച സംഭവത്തെയാണ്‌ ഇവിടെ ഗോള്‍വാള്‍ക്കര്‍ ന്യായീകരിക്കുന്നത്‌. ഈ പ്രശ്നത്തില്‍ ക്ഷേത്രപ്രവേശനത്തിന്‌ ദളിതുകള്‍ എന്ന നിലയില്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌ എന്നത്‌ അംഗീകരിച്ച്‌ സമരക്കാരോടൊപ്പം ചേരുന്നതിനു പകരം അവരെ മര്‍ദ്ദിച്ചവരെ ന്യായീകരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക്‌ ഒരുങ്ങി പുറപ്പെടുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിനും ഗോള്‍വാള്‍ക്കര്‍ മടിക്കുന്നില്ല. അത്‌ ഇങ്ങനെയാണ്‌: "നമ്മുടെ ക്ഷമയറ്റ പരിഷ്കരണവാദികളില്‍ പലര്‍ക്കും തെറ്റ്‌ പറ്റുന്നത്‌ ഇവിടെയാണ്‌. ബലം, ഒരു വിഭാഗം ജനങ്ങളെ താറടിക്കല്‍, പ്രചരണം, പ്രസിദ്ധീകരണം തുടങ്ങിയ എല്ലാ മാര്‍ഗങ്ങളും തിരിച്ചടിക്കുകയും രോഗത്തേക്കാള്‍ മാരകമായ ചികിത്സയായി പരിണമിക്കുകയും ചെയ്യും.'' ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ ക്ഷേത്രപ്രവേശനത്തിനായുള്ള പ്രക്ഷോഭം നടത്തിയാല്‍ പ്രവേശനം ലഭിക്കുകയില്ലെന്നു മാത്രമല്ല, മര്‍ദ്ദനമായിരിക്കും ലഭിക്കുക എന്ന്‌ പറയാതെ പറയുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ദളിത്‌ ജനവിഭാഗത്തിനെതിരായി നടക്കുന്ന പീഡനങ്ങള്‍ വാര്‍ത്തയാക്കുന്നതു പോലും അംഗീകരിക്കുന്നതിന്‌ ഇദ്ദേഹത്തിന്‌ കഴിയുന്നില്ല. വിചാരധാരയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്‌: "ഈ പ്രശ്‌നം ദുരുദ്ദേശത്തോടെ ഇനിയൊരു വശത്തേക്കുകൂടി വലിച്ചിഴയ്‌ക്കുന്നില്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഹരിജനങ്ങളുടെമേല്‍, മേല്‍ജാതി ഹിന്ദുക്കള്‍ നടത്തിയ ആക്രമണങ്ങളുടെ റിപ്പോര്‍ടുകളുടെ പ്രളയം തന്നെ പത്രത്തില്‍ വരാറുണ്ട്‌. ഇത്തരം റിപ്പോര്‍ടുകളെല്ലാം ദുരുപദിഷ്ടങ്ങളാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പലപ്പോഴും വാര്‍ത്തകള്‍ തന്നെ ശരിയാകാറില്ല.'' ഇങ്ങനെ ദളിത്‌ പീഡനം ജനങ്ങള്‍ അറിയുന്നതു പോലും തടയുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

"നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്‌. എന്നാല്‍, ഇതിനെ ജാതീയത എന്ന്‌ മുദ്രകുത്തി പുച്ഛിച്ചു തള്ളുകയാണ്‌. വര്‍ണവ്യവസ്ഥ എന്ന്‌ പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന്‌ നമ്മുടെ ആളുകള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അതില്‍ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.'' -ഗോള്‍വാള്‍ക്കര്‍

ദളിത്‌ ജനവിഭാഗത്തിന്റെ സംവരണത്തെയും അംഗീകരിക്കുവാന്‍ ഗോള്‍വാള്‍ക്കര്‍ തയ്യാറായിരുന്നില്ല. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്‌: "1950ല്‍ നാം റിപ്പബ്ലിക്ക്‌ ആയ ദിവസം മുതല്‍ പത്തുവര്‍ഷത്തേക്ക്‌ മാത്രമേ ഡോ. അംബേദ്‌കര്‍ പട്ടികജാതിക്കാര്‍ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെന്ന്‌ പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷെ, അത്‌ തുടര്‍ന്നുകൊണ്ടിങ്ങനെ പോവുകയാണ്‌. ജാതിയില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങള്‍ തുടരുവാനുള്ള സ്ഥാപിതതാല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവര്‍ ഇഴുകിച്ചേരുന്നതിന്‌ ഇത്‌ തടസ്സമാണ്‌.'' ഇവിടെ ദളിതുകളുടെ സംവരണത്തെപ്പോലും എതിര്‍ക്കുന്ന നിലപാടാണ്‌ സംഘപരിവാറിനുള്ളത്‌ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. രാജ്യത്തിന്‌ ഇന്നുള്ള ദുരിതത്തിന്‌ കാരണമായി ജാതിഘടനയുടെ തകര്‍ച്ചയേയും അദ്ദേഹം വിലയിരുത്തുന്നുണ്ട്‌. "നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്‌. എന്നാല്‍, ഇതിനെ ജാതീയത എന്ന്‌ മുദ്രകുത്തി പുച്ഛിച്ചു തള്ളുകയാണ്‌. വര്‍ണവ്യവസ്ഥ എന്ന്‌ പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന്‌ നമ്മുടെ ആളുകള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അതില്‍ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.''

xdfdfd
A painting by Srilakshmi Santhini Bahuleyan

ജാതി വ്യവസ്ഥ സാമൂഹ്യവിവേചനമായി എങ്ങനെ മാറുന്നുവെന്നും അത്‌ എങ്ങനെയാണ്‌ മനുഷ്യജീവിതത്തില്‍ ദുരിതമായി തീരുന്നതെന്നും ഉള്ള അനുഭവമാണല്ലോ ഹൈദരാബാദ്‌ സര്‍വകലാശായിലെലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത്‌ വെമുലയുടെ കൊലപാതകത്തിലൂടെ ദൃശ്യമായിട്ടുള്ളത്‌. ജനിച്ചു എന്നതു തന്നെ വലിയ കുറ്റമായി ഒരു ഇന്ത്യന്‍ പൗരന്‌ തോന്നുന്ന വിധം നമ്മുടെ സാമൂഹ്യജീവിതത്തെ സംഘപരിവാര്‍ മാറ്റി മറിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന്റെ രക്തസാക്ഷി കൂടിയാണ്‌ രോഹിത്‌ വെമുല. അനീതികള്‍ക്കെതിരായി പൊരുതുന്ന ഒരു പോരാളിയെയാണ്‌ നമുക്ക്‌ നഷ്‌ടമായിട്ടുള്ളത്‌.

രോഹിത്‌ വെമുലയുടെ അവസാന കുറിപ്പ്‌ കണ്ണീരോടുകൂടിയേ വായിക്കാനാവുകയുള്ളൂ. നമ്മുടെ ലോകത്ത്‌ നിലനില്‍ക്കുന്ന കെട്ടനീതിയെ തുറന്നുകാട്ടുന്ന ഹൃദയരേഖ കൂടിയാണ്‌ അത്‌. ശാസ്‌ത്രത്തിന്റെ ലോകത്ത്‌ മുന്നേറാന്‍ കൊതിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്‌ ഇവിടെ തല്ലികൊഴിക്കപ്പെട്ടത്‌. സ്വപ്നങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ച്‌ മുന്നോട്ട്‌ പോകുന്ന ലോകമാണ്‌ നാം പുതിയ തലമുറയ്‌ക്ക്‌ നല്‍കേണ്ടത്‌. അതിനായുള്ള ഇടപെടല്‍ വര്‍ത്തമാനകാലത്ത്‌ ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അരാഷ്ട്രീയതയുടെ നിസംഗതയിലേക്കല്ല രാഷ്ട്രീയത്തിന്റെ പോരാട്ടഭൂമി തന്നെയാണ്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്ന്‌ ഇത്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നു. നമ്മുടെ രാജ്യത്തെ സാമൂഹ്യ ജീവിതത്തിലെ ആഴമേറിയ പരിമിതികളെ ഇത്‌ പുറത്തുകൊണ്ട്‌ വരുന്നുണ്ട്‌. അവ മറികടക്കാനുള്ള നിരന്തരമായ ഇടപെടലാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത്‌. ഹിന്ദു ഐക്യം എന്നു പറഞ്ഞ്‌ ദളിത്‌ ജനവിഭാഗത്തെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ നയിക്കാനുള്ള സ്ഥാപിതതാല്‍പ്പര്യക്കാരുടെ ശ്രമങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന്‌ വ്യക്തമാക്കുന്ന സംഭവമാണ്‌ ഇത്‌.