ഫാക്ടറികൾ ആകുന്ന യൂണിവേഴ്സിറ്റികൾ, തുടരേണ്ട പോരാട്ടങ്ങൾ

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സമരങ്ങൾക്ക് പിന്തുണ നല്കിക്കൊണ്ട് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ.

പരിഭാഷ : നീതു എസ് ബിജു

സുഹൃത്തുക്കളേ,

എന്റെ കൂടെ ഹൈദരാബാദില്‍ നിന്നും ഛായാ രത്തന്‍ജി, മറ്റു സുഹൃത്തുക്കള്‍, ബംഗാളില്‍ നിന്നും അവിക് സാഹ, ഒഡീഷയില്‍ നിന്നും ലിംഗ രാജു തുടങ്ങിയവരുണ്ട്. നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഛായാ രത്തന്‍ജി പറഞ്ഞ പോലെ അടഞ്ഞു കിടക്കുന്ന ഈ യൂണിവേഴ്സിറ്റി ഗേറ്റിനു പുറത്ത് നിന്ന് നിങ്ങളുടെ മുന്നേറ്റത്തെ അഭിസംബോധന ചെയ്യുകയെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ക്ക് ഒരു പേരുണ്ട്. ‘ഗേറ്റ് യോഗങ്ങള്‍’ എന്നാണ് അവയെ വിളിക്കുന്നത്. ഫാക്ടറിക്ക് പുറത്ത് വച്ച് നടത്താറുള്ള യോഗങ്ങള്‍. യൂണിവേഴ്സിറ്റികള്‍ക്ക് പുറത്ത് ഗേറ്റ് യോഗങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ അവര്‍ യൂണിവേഴ്സിറ്റികളെ ഫാക്ടറികളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. അകത്തേക്ക് വരൂ, പണിയെടുക്കൂ, ഡിഗ്രി നേടൂ, മിണ്ടാതെ പുറത്ത് പോകൂ, ഇതാണ് അവരുടെ നിലപാട്. ഇതാണ് അവര്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്, ഈ സന്ദേശമാണ് അവര്‍ക്ക് നല്കാനുള്ളതും. വരുക, ഡിഗ്രി നേടുക അത്ര മാത്രം. തര്‍ക്കിക്കാന്‍ നില്‍ക്കരുത്, ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മനസ്സ് തുറക്കരുത്, പരീക്ഷയെ കുറിച്ചല്ലാതെ മറ്റൊന്നിനെയും പറ്റി സംസാരിക്കരുത്. ഇതാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മാത്രമല്ല, ജെ.എന്‍.യു വിലും, അലഹബാദ് യൂണിവേഴ്സിറ്റിയിലും, ജാധവ്പൂര്‍ യൂണിവേഴ്സിറ്റിയിലും, പൂനെ എഫ്.ടി.ഐ.ഐ യിലും ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രാജ്യത്താകമാനം നടന്നു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. പുത്തന്‍ ഭരണവാഴ്ച്ചയ്ക്ക്, പുത്തന്‍ അധികാര വര്‍ഗത്തിന് രാജ്യത്താകമാനം പ്രചരിപ്പിക്കാനുള്ള സന്ദേശം ഇതാണ്. വിരോധാഭിപ്രായം ഉയര്‍ത്താന്‍ ഉതകുന്ന ചിന്തകള്‍, വിമര്‍ശനാത്മകമായ സംവാദങ്ങള്‍ ഒന്നും തന്നെ പാടില്ല. പക്ഷെ രാജ്യത്താകമാനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനെതിരെ അസ്വാസ്ഥ്യം വര്‍ദ്ധിച്ചു വരുന്നു. അവര്‍ തല ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ ഇതിനെതിരെയുള്ള പ്രതിഷേധത്തില്‍ ഭാഗഭാക്കാകുന്നു. അതിര്‍വരമ്പുകളില്ലാതെ എല്ലാ സര്‍വ്വകലാശാലകളിലേക്കും അത് പടര്‍ന്നു പന്തലിക്കുന്നു. ഒരുവേള ചരിത്രത്തിലേക്ക് നോക്കിയാല്‍ കാണാം ഇത് എപ്പോഴും സംഭവിക്കുന്ന ഒന്നാണെന്ന്. എപ്പോഴാണോ അടിച്ചമര്‍ത്തല്‍ നേരിടുന്നത്, എപ്പോഴാണോ മൂല്യങ്ങളേയും മാനദണ്ഡങ്ങളേയും ദുര്‍ബലമാക്കി ഒരുവന്‍ അധികാരത്തിന്റെ മൃഗീയമായ ഉപയോഗത്താല്‍ ഭരണം നടത്താന്‍ ശ്രമിക്കുന്നത്, ആ നിമിഷം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഏറ്റവും അഭിലഷണീയമായ, സത്യസന്ധമായ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നു. ഈ സര്‍വ്വകലാശാലയില്‍ നമ്മള്‍ കാണുന്നതും, ജെ.എന്‍.യു വില്‍ നമ്മള്‍ കണ്ടതും, അലഹാബാദിലും മറ്റെല്ലാ സ്ഥലങ്ങളിലും നമ്മള്‍ കാണുന്നതും സത്യസന്ധമായ ആ ഉയര്‍ന്നുവരവാണ്. വി.സിയുടെ കേവലമായ കല്‍പ്പനകള്‍ കൊണ്ടോ, പോലീസിന്റെ അടിച്ചമര്‍ത്തല്‍ കൊണ്ടോ, കുറച്ചു പേരെ ജയിലഴികള്‍ക്കുള്ളില്‍ ആക്കിയതുകൊണ്ടോ ഈ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല.

(എച്ച്.സി.യു. കേന്ദ്രീയവിദ്യാലയത്തിന്‍റെ സ്കൂള്‍ബസ് കടന്നുപോകുന്നു)

ഈ കുട്ടികളുടെ മനസ്സില്‍ അടഞ്ഞു കിടക്കുന്ന ഈ ഗേറ്റും, പുറത്ത് കൂടി നില്‍ക്കുന്ന നമ്മളും ഉണ്ടാക്കുന്ന ധാരണയെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കൂ. എന്ത് സന്ദേശമാണ് ഇത് അവര്‍ക്ക് നല്‍കുക? സര്‍വകലാശാലയ്ക്കുള്ളില്‍ ഒരുലോകമുണ്ട്. സര്‍വകലാശാല നിലനില്‍ക്കുന്നത് ലോകത്തിനു മുഴുവന്‍ വേണ്ടിയാണ് അത് കൊണ്ടാണ് നമ്മള്‍ വിശ്വവിദ്യാലയം എന്ന് പറയുന്നത്. എന്തുകൊണ്ടാണ് നമ്മള്‍ അതിനെ സര്‍വകലാശാലയെന്നു വിളിക്കുന്നത്? കാരണം ഒരു സര്‍വകലാശാലയെന്നു പറയുന്നത് ലോകത്തിനെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും, എല്ലാ കാലഘട്ടങ്ങളില്‍ നിന്നും, എല്ലാ വ്യക്തികളില്‍ നിന്നും പഠിക്കാന്‍ കഴിയുന്ന ഒന്നാകണം. പക്ഷെ ഇങ്ങോട്ട് വരാന്‍ ശ്രമിച്ച ഞങ്ങള്‍ക്ക് വിപരീതാനുഭാവമാണ് ഉണ്ടായത്. എന്നോട് നിങ്ങളുടെ രജിസ്ട്രാര്‍ പറഞ്ഞു, സാര്‍, രാഷ്ട്രീയക്കാര്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക്, ആകിറ്റിവിസ്ടുകള്‍ക്ക് അങ്ങനെ യൂണിവേഴ്സിറ്റിയുമായി ബന്ധമില്ലാത്ത ആര്‍ക്കും തന്നെ പ്രവേശനമില്ല. ഞാന്‍ പറഞ്ഞു, ¨ഞാന്‍ ഒരു അകാദമിക് ആണ്, നിങ്ങളുടെ യൂണിവേഴ്സിറ്റി തന്നെ എന്നെ പലപ്രാവശ്യം പ്രഭാഷണങ്ങള്‍ക്ക് വിളിച്ചിട്ടുള്ളതാണ്¨, അദ്ദേഹം പറഞ്ഞു ക്ഷമിക്കണം..ഞങ്ങള്‍ക്ക് അനുമതി തരാന്‍ സാധിക്കില്ലെന്ന്. ഒരു തരത്തിലുള്ള ഭിന്നഭിപ്രായവും ഉയര്‍ത്താന്‍ സാധിക്കില്ലെന്നാണ് അവര്‍ അത് കൊണ്ട് ഉദ്ദേശിച്ചത്. കഴിഞ്ഞ തവണ ഞാന്‍ വരുമ്പോള്‍ കാര്യങ്ങള്‍ ഒക്കെയും സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ തുടക്കമായിരുന്നു. ക്ലാസുകള്‍ തുടങ്ങി, പുതിയ ആക്ടിംഗ് വി.സി ചുമതലയേറ്റു, ഞങ്ങള്‍ എല്ലാവരുമടങ്ങുന്ന പ്രതിനിധി സംഘം അദ്ദേഹത്തെപ്പോയി കാണുകയും ചെയ്തു. അദ്ധേഹം അനുഭാവപൂര്‍വ്വം എല്ലാം പരിഗണിക്കുകയും ചോദ്യങ്ങളെ കാര്യഗൌരാവത്തോടെ കാണുകയും കുറച്ച് കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തിനു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ആശയങ്ങളും നല്‍കി. ഇതെല്ലം തന്നെ യൂണിവേഴ്സിറ്റി സാധാരണ നിലയിലേക്ക് വരുന്നതായി തോന്നിപ്പിച്ചു. തുടര്‍ന്ന് പെട്ടെന്ന് തന്നെ പഴയ വി.സിയെ തിരിച്ചു കൊണ്ട് വന്നതിലെ സാംഗത്യമാണ് മനസിലാകാത്തത്. ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതായ കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു. എനിക്ക് പ്രൊഫസര്‍ അപ്പാറാവുവിനെ അറിയില്ല. അദ്ദേഹത്തെ ഇത് വരെ കാണുവാനുള്ള അവസരം ലഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ വ്യക്തിപരമായി അദ്ദേഹത്തെപ്പറ്റി തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്, നമ്മള്‍ യൂണിവേഴ്സിറ്റിയെ കുടുംബമായി, ജനസമൂഹമായി ഒക്കെ പറയുന്നു. അങ്ങനെ വരുമ്പോള്‍ വി.സി കുടുംബനാഥനാണ്. കുടുംബനാഥന്‍ മറ്റുള്ളവരുടെ വിശ്വാസം നേടിയേ തീരൂ. ആരുടെ വിശ്വാസമെന്നാണെങ്കില്‍, കരുതലര്‍ഹിക്കുന്ന വിഭാഗങ്ങളുടെ.

എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. കഴിഞ്ഞ തവണ പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അക്രമത്തിനു ഇവിടെ സ്ഥാനമില്ല. അത് പോലീസിന്റെ ഭാഗത്ത് നിന്നായാലും. ഈ യൂണിവേഴ്സിറ്റിയിലെ ആരുടെ ഭാഗത്ത് നിന്ന് ആയാലും. ഇത്തരം മുന്നേറ്റങ്ങളില്‍, ഞാന്‍ നിങ്ങളെ പോലെ പങ്കെടുത്തിട്ടുണ്ട്, നിങ്ങളില്‍ ചിലരെപ്പോലെ ആ സമയത്ത് ജയിലില്‍ കിടന്നിട്ടുമുണ്ട്.

പ്രൊഫസര്‍ അപ്പാറാവുവിന്റെ അകാദമിക് യോഗ്യതയെപ്പറ്റി ,മറ്റു കഴിവുകളെപ്പറ്റി ഒന്നും എനിക്ക് അറിയില്ല. അവയൊക്കെയും നല്ലതാകാം. പക്ഷെ ഒന്നുറപ്പാണ് ഈ യൂണിവേഴ്സിറ്റിയിലെ ഏറ്റവും കരുതലര്‍ഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനു അദ്ദേഹത്തില്‍ വിശ്വാസമില്ല. അത്കൊണ്ടു തന്നെ ഈ യൂണിവേഴ്സിറ്റിയുടെ വി.സിയായി തുടരാന്‍ ധാര്‍മികമായി അദ്ദേഹത്തിന് അര്‍ഹതയില്ല. അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു താന്‍ തെറ്റ് ചെയ്തിട്ടില്ലയെന്ന്. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കാരണമെന്തുമാകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ മേലില്‍ വിശ്വാസമില്ലാത്തതുകൊണ്ട് രാജിവക്കുകയാണെന്നും തരത്തിലുള്ള ഒരു തീരുമാനമാണ് അദ്ദേഹം എടുത്തിരുന്നതെങ്കില്‍, താന്‍ തെറ്റ് ചെയ്തില്ലെന്ന്‍ വിദ്യാര്‍ത്ഥികളോട് പറയാന്‍ എങ്കിലും അദ്ദേഹത്തിനു കഴിയുമായിരുന്നു. വളരെ രഹസ്യമായി തിരിച്ചുവരുകയും, പോലീസിന്റെ സഹായത്തോടെ ഒരു യൂണിവേഴ്സിറ്റിയെ ഭരിക്കുകയും ചെയ്യുക എന്നത് ഉത്തരവാദിത്തപ്പെട്ട ഒരു അധികാരിക്ക്‌ സംഭവിക്കാവുന്ന ഏറ്റവും വലിയ അധഃപ്പതനമാണ്. അത് കൊണ്ട് സുഹൃത്തുക്കളെ, എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. കഴിഞ്ഞ തവണ പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അക്രമത്തിനു ഇവിടെ സ്ഥാനമില്ല. അത് പോലീസിന്റെ ഭാഗത്ത് നിന്നായാലും. ഈ യൂണിവേഴ്സിറ്റിയിലെ ആരുടെ ഭാഗത്ത് നിന്ന് ആയാലും. നിങ്ങളെ പോലെ ഇത്തരം മുന്നേറ്റങ്ങളില്‍, പ്രതിഷേധങ്ങളില്‍ ഒക്കെയും ഭാഗഭാക്കായ ഒരാളെന്ന നിലയില്‍ - ഞാന്‍ നിങ്ങളെ പോലെ വിദ്യാര്‍ത്ഥിമുന്നെറ്റങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, നിങ്ങളില്‍ ചിലരെപ്പോലെ ആ സമയത്ത് ജയിലില്‍ കിടന്നിട്ടുമുണ്ട്- അതുകൊണ്ട് തന്നെ വളരെ പ്രായോഗികമായ ഒരു ഉപദേശം ഞാന്‍ തരുകയാണ്‌, എന്താണന്ന് വച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുമുള്ള അക്രമം അതിനിയെത്ര ചെറുതാണെങ്കില്‍ കൂടിയും നിങ്ങളുടെ മുന്നേറ്റത്തെ നശിപ്പിക്കാനുള്ള എതിരാളിയുടെ കയ്യിലെ ആയുധമായി മാറും. എനിക്ക് വിശ്വാസമുണ്ട് നിങ്ങള്‍ ഇത് പാലിക്കുമെന്ന്. ഇത് ഞാന്‍ ഗാന്ധിയന്‍ തത്വത്തെ അടിസ്ഥാനപ്പെടുത്തി പറയുന്നതല്ല, പ്രായോഗികമായി പറയുന്നതാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പോരാട്ടം സത്യസന്ധമായി മുന്നോട്ട് കൊണ്ടു പോകണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടെയുള്ള എടുത്തു ചാട്ടക്കാരെ, അച്ചടക്കമില്ലത്തവരെ, മറ്റു പല പദ്ധതിയുടെയും ഭാഗമായി അധികാരികളെ സഹായിക്കുന്നവരെ ഒക്കെയും നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഏത് രീതിയിലുള്ള അക്രമം അവലംബിച്ചിട്ടാണെങ്കില്‍ അവര്‍ ലക്ഷ്യത്തിലെത്തിയിരിക്കും.

xdfdfd
ചിത്രത്തിന് കടപ്പാട്: Stand with HCU

സുഹൃത്തുക്കളെ, വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും ജയിലിഴികല്‍ക്കുള്ളിലാക്കിയത് വഴി ഈ നിമിഷം യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റര്‍ വിചാരിക്കുനത് അവര്‍ ജയിച്ചെന്നാകും, അവര്‍ക്കൊരു മുന്‍കൈ ഉണ്ടെന്നാകും. അത് കാര്യമാക്കണ്ട, ഈ ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോകും. നിങ്ങളുടെ പോരാട്ടത്തില്‍ സത്യം ഉണ്ട്. അവസാന വിജയം ആ സത്യത്തിനു തന്നെയാകും. ഇത്രയുമാണ് എനിക്ക് പറയാനുള്ളത്. ഇത്ര കലുഷിതമായ അവസ്ഥയിലും ഈ പോരാട്ടം തുടരുന്ന നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഒപ്പം ഒന്ന് കൂടി പറയട്ടെ സാന്നിധ്യം കൊണ്ട് ഇവിടെ ഇല്ലെങ്കിലും പുറത്ത് ഒരുപാട് ആളുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ ഞാന്‍ ഹരിയാനയിലെ മൂന്ന് യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിച്ചു, റോത്തക് ,കുരുക്ഷേത്ര, ഹിസാക് അവിടെയൊക്കെയും വിദ്യാര്‍ത്ഥികള്‍ സംസാരിച്ചത് ഹൈദരാബാദിനെ പറ്റിയാണ്. രാജ്യത്താകെ വിദ്യാര്‍ത്ഥികളും, യുവജനങ്ങളും ഹൈദരാബാദില്‍ നടക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുന്നു. സത്യസന്ധമായ നിങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകട്ടെ. അതിനെ തടസപ്പെടുത്തുവാനോ ,ഉപയോഗിക്കുവാനോ ആരെയും അനുവദിക്കാതിരിക്കുക. അഹിംസയില്‍ അടിസ്ഥാനമാക്കി സത്യസന്ധമായി നിങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വിജയം നിങ്ങളുടെത് തന്നെയാണ് നന്ദി.