പാതയോരത്തെ യോഗങ്ങളും, ബഹുമാനപ്പെട്ട കോടതി വായിച്ച ജനവികാരവും

മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ പ്രകാരം, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വര്‍ഗം സമൂഹത്തെയാകെ അടക്കിഭരിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ഒരു മര്‍ദ്ദനോപാധിയാണ് ഭരണകൂടം. നിയമപരിരക്ഷയ്ക്കുള്ള ഒരു നിഷ്പക്ഷ സംവിധാനമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി, പൊലീസും, പട്ടാളവും, കോടതിയുമൊക്കെ ഉള്‍പ്പെടുന്ന ഭരണകൂടത്തിന്റെ താല്പര്യങ്ങളില്‍ വ്യക്തമായ പക്ഷമുണ്ടെന്ന മാര്‍ക്സിസിസ്റ്റ് വാദങ്ങള്‍ ശരി വയ്ക്കുന്ന രീതിയിലാണ് അടുത്തിടെ പുറത്ത് വരുന്ന കോടതിവിധികളെല്ലാം തന്നെ.

1950 ജനുവരി 26-ന് ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര റിപബ്ലിക്കായി പ്രഖ്യാപിച്ചയന്ന് മുതല്‍ക്ക്തന്നെ, ഏതൊരു ഇന്ത്യന്‍ പൗരനും രാഷ്ട്രീയമായി സംഘടിക്കുവാനും ഉള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. അത്തരം രാഷ്ട്രീയ സംഘടനകള്‍ക്ക് പൊതുജനങ്ങളുമായി സംവദിക്കുവാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ മുന്നോടുള്ള സുഗമമായ പ്രവര്‍ത്തനത്തിനുമായുള്ള ഇതര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സ്വാതന്ത്ര്യമാണ് പാതയോരങ്ങളിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി സ്ഥിരപ്പെടുത്തിയതിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇല്ലായ്മ ചെയ്തിരിക്കുന്നത്. സാധാരണക്കാരനായ മനുഷ്യന്റെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമാണ്, സംഘടിക്കുവാനുള്ള സ്വാതന്ത്ര്യത്തിനതീതമായി നില്‍ക്കുന്നത് എന്ന നിരീക്ഷണവും കോടതി നടത്തുകയുണ്ടായി. എറണാകുളം ജില്ലയിലെ ആലുവാ റെയ്‌ല്‍വേ സ്റ്റേഷന്റെ മുന്നില്‍ നടത്തുന്ന പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജിയിന്മേലാണ്, കേരളമൊട്ടാകെയും പൊതുയോഗങ്ങള്‍ നിരോധിക്കപ്പെടണമെന്ന ഹൈക്കോടതിയുടെ വിവാദമായ വിധി വന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ മൗലികാവകാശ നിഷേധമാണ് സഞ്ചാരസ്വാതന്ത്ര്യം എന്ന മിഥ്യാധാരണയാണ് ഈ വിധിയിലൂടെ ഉളവായിരിക്കുന്നത്. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കൊണ്ടും മറ്റും ആലുവ റെയ്‌ല്‍വേസ്റ്റേഷനിലേത് പോലെ ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുടെ പേരില്‍ ജനങ്ങളുടെ സംഘടിക്കുവാനുള്ള അവകാശത്തെ രാജ്യമൊട്ടാകെ തന്നെയും ഇല്ലാതാക്കുന്നത് പോലെയുള്ള ഇത്തരം വിധികള്‍ ജനതയെ പടിപടിയായി അരാഷ്ട്രീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്ന ബൂര്‍ഷ്വാ ഭരണക്രമത്തിന്റെ ബോധപൂര്‍വ്വമായ ശ്രമമാണ്. ബന്ദും ഹര്‍ത്താലും പോലുള്ള രാഷ്ട്രീയോപകരണങ്ങളെ നിരോധിച്ച സുപ്രീംകോടതി വിധിയും ഇതേ അളവുകോലിലൂടെയാണ് അളക്കേണ്ടതും. സാധാരണക്കാരനേയും രാഷ്ട്രീയപാര്‍ട്ടികളേയും ഏറ്റവും അകലത്തില്‍ നിര്‍ത്തുന്നത് വഴി കരുത്താര്‍ജ്ജിക്കുന്നത് കോര്‍പ്പറേറ്റ് ജനാധിപത്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരവും ചെലവേറിയതുമാക്കുന്നത് വഴി ജനവിരുദ്ധ കോര്‍പ്പറേറ് നയങ്ങള്‍ കൂടുതലെളുപ്പത്തില്‍ ഒളിച്ചു കടത്തുവാന്‍ സാധിക്കും.

ഒരു പ്രാചീന ഫ്യൂഡല്‍ നാടുവാഴിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് നേരെ പോലും വാളോങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ കോടതികള്‍, സാധാരണക്കാരായ ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കിയാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചത് എന്ന നിരീക്ഷണവും പരിഹാസ്യമാണ്. അടിക്കടിയുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റവും, സ്വാതന്ത്ര്യം കിട്ടി അറുപതിലേറെ വര്‍ഷമായിട്ടും പരിഹരിക്കുവാന്‍ ഇത് വരെ സാധിക്കാത്തെ ദളിത്-ആദിവാസി പ്രശ്നങ്ങളും, 37 ശതമാനത്തിനോടടുത്ത് ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും1, അതിനെതിരെ ഒരു ചുക്കും ചെയ്യുവാന്‍ സാധിക്കാത്ത ബ്യൂറോക്രാറ്റിക് സംവിധാനങ്ങള്‍ക്ക് ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കി അതിന് വേണ്ടി രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതെയാക്കുന്നു എന്ന് പറയുമ്പോള്‍, ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചത് പോലെ, വ്യക്തമാകുന്നത് കോടതികള്‍ മുന്നോട്ട് വയ്ക്കുന്ന വര്‍ഗരാഷ്ട്രീയമാണ്, ജനാധിപത്യ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് എതിരെയുള്ള അതിന്റെ അസഹിഷ്ണുതയാണ്, അധികാരഗര്‍വ്വാണ് ഇതു കൂടി വായിക്കുക : ബഹുമാനപ്പെട്ട കോടതിയുടെ മാര്‍ക്സിസ്റ്റ് വായന