ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ സ്വത്വപ്രഖ്യാപനം

ഹലോ. നിങ്ങള്‍ക്കെന്നെ അറിയില്ല. സാരമില്ല, എനിക്കു ചുറ്റുമുള്ളയാളുകള്‍ക്ക് പോലും എന്നെ ശരിക്കറിയില്ല. കാരണം, എനിക്കൊരു രഹസ്യമുണ്ട്, ദീര്‍ഘനാളായി എന്റെ ലോകത്തിലേക്ക് മാത്രമായി ഞാന്‍ സൂക്ഷിച്ച ഒരു കാര്യം; പരസ്യമാക്കണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യം. ഇതൊരു കുമ്പസാരമല്ല - ആ വാക്ക് ഇതിനെ ഒരു കുറ്റമാക്കിത്തീര്‍ക്കും. എനിക്കിത് അവസാനിപ്പിക്കണം, അതിനെനിക്ക് എന്നോട് തന്നെ സത്യസന്ധനാകേണ്ടതുണ്ട്. അതുകൊണ്ടിതാ ആ രഹസ്യം -

ഞാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌.

അതേ നിങ്ങള്‍ വായിച്ചത് ശരിയായിത്തന്നെ. ഞാനൊരു സ്വവര്‍ഗാനുരാഗിയാണെന്ന്. ആണുങ്ങള്‍ "ട്വൈലൈറ്റ് " സിനിമ കാണാറില്ലെന്നോ മൂത്രപ്പുരയില്‍ തൊട്ടുതൊട്ടുള്ള യൂറിനലുകളില്‍ നില്‍ക്കാറില്ലെന്നോ ഒക്കെയുള്ള അലിഖിതമായ സാമൂഹ്യചിട്ടവട്ടങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ കൂട്ടുകാരെ കളിയാക്കാനായി നിങ്ങള്‍ വിളിക്കുന്ന ഗേ എന്ന വാക്കിന്റെ അയഞ്ഞ അര്‍ത്ഥത്തെപ്പറ്റിയല്ല ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഗേ ആണ്‌. എന്നുവച്ചാല്‍ "സ്വന്തം ലിംഗത്തിലുള്ള ആളുകളോട് ലൈംഗികാകര്‍ഷണമുള്ള വ്യക്തി" ആണു ഞാനെന്ന്.

അതേ സ്വവര്‍ഗാനുരാഗികള്‍ ഐ.ഐ.റ്റി മദ്രാസില്‍ ഉണ്ട്, ഇവിടെ മാത്രമല്ല, ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും, ജീവിതത്തിന്റെ ഏതൊരു തുറയിലും അതേ. അതൊരത്ഭുതമൊന്നുമല്ല, ഞങ്ങള്‍ തികച്ചും സാധാരണക്കാരാണു്‌. പക്ഷേ നമ്മള്‍ "ഇന്‍സ്റ്റി" കൂട്ടമാണ്‌, അല്ലേ? എന്നുവച്ചാല്‍ വലിയ തമാശക്കാരും. കോളെജുകളില്‍ 'കുണ്ടത്തരം' തമാശയ്ക്കുള്ള വഴിയാണു പലപ്പോഴും. ഹോമോസെക്ഷ്വാലിറ്റി എന്നത് ഇന്നത്തെ ദൈനം ദിന ഇടപഴകലുകളില്‍ നിന്ന് ഒഴിച്ചുകൂടാത്തതായിട്ടുണ്ട് ഇപ്പോള്‍; നിങ്ങള്‍ക്കൊരാളെ ഗേ എന്ന് വിളിക്കാം, വിളികേട്ടാലും നിങ്ങള്‍ക്ക് അതിലൊരു പ്രശ്നവുമില്ലെന്ന് ഭാവിക്കാം, കാരണം നിങ്ങള്‍ "പുരോഗമന"ക്കാരാണ്‌. പക്ഷേ നിങ്ങളൊരു സുഹൃത്തിനെ ഗേ എന്ന് കളിയാക്കിയാലും ഉള്ളിന്റെയുള്ളില്‍ നിങ്ങള്‍ക്കറിയാം അവന്‍ സ്വവര്‍ഗാനുരാഗിയല്ലെന്ന്. ഇരുപതുവര്‍ഷത്തിനു ശേഷം സഹപാഠികളുടെ പുനഃസമാഗമത്തില്‍ വീണ്ടും നിങ്ങള്‍ക്കവന്റെ ഭാര്യയോട് അവന്‍ കുണ്ടനാണ്‌ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കാം. ഞാനിപ്പോഴും സംസാരിക്കുന്നത് രാജ്യത്തിന്റെ അഭിമാനമായ ഐ.ഐ.റ്റിയെ പറ്റിത്തന്നെയാണു കേട്ടോ.

സ്വവര്‍ഗാനുരാഗി എന്ന ആശയം വല്ലാതെ കുഴഞ്ഞുമറിഞ്ഞതാണു, ഞങ്ങള്‍ക്ക് പോലും. അതൊരു ഭീകരമായ അനുഭവമാകാം. നിങ്ങളൊരിക്കലും ചെയ്യാത്ത ഒരു കുറ്റത്തിനു പ്രതിയാക്കപ്പെട്ടതുപോലെയാണു്‌ അതു ചിലപ്പോള്‍, നിങ്ങളെ ആരും പിന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് വരാം. ജന്മത്തിലേ കിട്ടുന്ന ഒരു രഹസ്യവും കൊണ്ടാണു നിങ്ങള്‍ നടക്കുന്നത് - മുകളിലിരിക്കുന്നവന്‌ നന്ദി. പൂര്‍‌വനിശ്ചിതമായ സദാചാരനിയമമൊന്നുമില്ല ഇക്കാര്യത്തില്‍; നിങ്ങളിത് ഹീനമാണെന്നങ്ങ് തീരുമാനിക്കുന്നതു ആധുനിക ഇന്ത്യന്‍ ഗോത്രാധിപത്യത്തിന്റെ മുന്‍‌വിധികള്‍ മൂലമാണ്‌. ഇക്കാര്യങ്ങളില്‍ നിങ്ങളുടെ ഏക സുഹൃത്തെന്ന് പറയാവുന്ന ഇന്റര്‍നെറ്റാകട്ടെ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫോറങ്ങളാല്‍ സമൃദ്ധമാണു, പക്ഷേ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കൃസ്ത്യന്‍ മിനിസ്ട്രികളും കുറവല്ല. എന്റെയീ "വൈകല്യ"ത്തെപ്പറ്റി ആശങ്കപ്പെട്ട് അതിനു യുക്തിപൂര്‍‌വമുള്ള വിശദീകരണങ്ങള്‍ തേടി അത്തരമൊരു മിനിസ്ട്രിക്ക് ഞാന്‍ ഇമെയില്‍ അയച്ച സന്ദര്‍ഭം ഓര്‍മ്മവരുന്നു. വേദപുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ കൊണ്ട് നിറച്ച അവരുടെ മറുപടിയുടെ ചുരുക്കം ഈ പാപത്തില്‍ പശ്ചാത്തപിക്കാനും ക്ഷമചൊല്ലാനും ഉപദേശിച്ചുകൊണ്ടുള്ളതായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസ്സ്. ഞങ്ങളുടേതല്ലാത്ത കുറ്റത്തിനു ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന നാണക്കേടും നിരാശയുമൊന്നും സ്വവര്‍ഗാനുരാഗികളല്ലാത്തവര്‍ക്ക് ഒരിക്കലും നേരിടേണ്ടിവരാറില്ല. എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഞാന്‍ സാധാരണ മനുഷ്യനാണെന്നും സ്വയം തിരിച്ചറിയാന്‍ വളരെനാളെടുത്തു (മൂന്ന് വര്‍ഷം ആയിക്കാണണം). പക്ഷേ ആ തിരിച്ചറിവ് ഭാവനാതീതമായ സമാധാനമാണു നല്‍കിയത്. അത് വളരെ ചെറിയ, സുവ്യക്തമായൊരു നിമിഷമായിരുന്നെങ്കിലും.

ഈ സംഭവമൊക്കെ നടക്കുന്നത് ഞങ്ങളെല്ലാവരും ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജോയിന്റ് എന്‍‌ട്രന്‍സ് പരീക്ഷയ്ക്ക് വേണ്ടി കൊണ്ടുപിടിച്ച് തയ്യാറെടുക്കുന്ന സമയത്താണ്‌. അതേ, സ്വവര്‍ഗാനുരാഗികളല്ലാത്തവര്‍ പോലും അവരുടേതല്ലാത്ത കാരണത്താല്‍ സമ്മര്‍ദ്ദത്തിലാകുന്ന ആ രണ്ട് വര്‍ഷങ്ങള്‍. 'വ്യത്യസ്തന്‍' ആയതുകൊണ്ട് മാത്രം ഇതിന്റെ അവസ്ഥയ്ക്ക് പൊടിപോലും മാറ്റമുണ്ടാവുന്നില്ല. ഞാനിവിടെ സ്വവര്‍ഗാനുരാഗിയല്ലാത്ത ഒരാളില്‍ പ്രണയവിവശനായിരുന്ന കാലമായിരുന്നുവത് (കേള്‍ക്കുമ്പോള്‍ തന്നെ തോന്നുന്നില്ലേ, സാധാരണ മനുഷ്യരെക്കുറിച്ച് ഇങ്ങനെ പറയുന്നതിലെ ആ ഒരു അസ്വാഭാവികത?). എനിക്ക് ജോയിന്റ് എന്‍‌ട്രന്‍സില്‍ കിട്ടിയ റാങ്കിനു പോലും തരാനാവാത്ത ആവേശമായിരുന്നു, അവന്‍ ഒരു ട്രിഗണോമെട്രിച്ചോദ്യത്തിന്റെ സംശയം പറഞ്ഞ് ഇങ്ങോട്ടു ഫോണ്‍ ചെയ്യുമ്പോള്‍. സ്വവര്‍ഗപ്രണയിയല്ലാത്തൊരാള്‍ നിങ്ങളില്‍ പ്രേമാസക്തനാകുന്നതിനെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ ചെലവിടുന്ന മണിക്കൂറുകള്‍ വല്ലാത്തൊരു നഷ്ടം തന്നെയാണു്‌, പ്രത്യേകിച്ച് ഒരു രാക്ഷസ പരീക്ഷയുടെ ഒരു മാസം മുന്‍പാണിത് നടക്കുന്നതെന്നിരിക്കെ. പക്ഷേ ക്രമേണ നാം ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നു.

പിന്നെ നിങ്ങള്‍ ഐ.ഐ.ടി.-യില്‍ എത്തിച്ചേരുന്നു - ക്ഷമിക്കണം the IIT. അതുണ്ടാക്കുന്ന നേട്ടത്തിനെപ്പറ്റിയുള്ള അഭിമാനത്തെയും ഉന്നതമായൊരു ബൗദ്ധികജീവിതത്തിന്റെ പ്രഭയില്‍ കുളിക്കാനുള്ള ആശയെയും വിശദീകരിക്കാന്‍ ഒട്ടുമേ കൊള്ളാവുന്ന ഒരു വാക്കല്ല 'ആവേശം' എന്നത്. ചുറ്റിനും ബുജികളുടെ കൂട്ടം. എത്രമാത്രം അത്ഭുതകരമായ ജീവിതമാണു നിങ്ങളെക്കാത്തിരിക്കുന്നതെന്ന് നിരന്തരമോര്‍മ്മപ്പെടുത്തുന്ന പരിചയപ്പെടുത്തല്‍ ലെക്‌ചറുകള്‍. എന്നിരുന്നാലും സത്യം വലിയതാമസമില്ലാതെ നിങ്ങള്‍ക്കുമേല്‍ തെളിയും. അല്ല, ഞാനുദ്ദേശിച്ചത് ക്ലാസിലിരുന്ന് ഉറങ്ങുന്ന പണി കണ്ടെത്തിയതിനെപ്പറ്റിയല്ല - അത് വേറെ കഥ. തുറന്ന ജീവിതത്തില്‍ സ്വവര്‍ഗാനുരാഗികളായവര്‍ ഐഐറ്റിയില്‍ പോലും ഇല്ല എന്നതാണ്‌ ആ സത്യം. ഇല്ല, എല്‍.ജി.ബി.ടി.1 കൗണ്‍സലിംഗിനെ സംബന്ധിച്ച ഒരു പരാമര്‍ശം പോലുമില്ല, 5000-ത്തോളം കൗമാരക്കാര്‍ പഠിക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് യൂണിറ്റാകട്ടെ (ജി.സി.യു.) "ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍" ഇരുന്നതിന്റെ ചരിതം സ്വന്തം നേട്ടപ്പട്ടികയില്‍ ചേര്‍ക്കാന്‍ മാത്രമായി വരുന്ന ആളുകളുടെ ഒരു സംഘമാണുതാനും. ഇതൊന്നും പോരാഞ്ഞിട്ടാണു സമൂഹത്തിന്റെ പറയാന്‍ കൊള്ളാത്ത കാര്യങ്ങളില്‍ നിങ്ങളെ പരിചയിപ്പിക്കുന്ന സീനിയര്‍മാരുടെ വേലത്തരങ്ങളും - സ്വവര്‍ഗപ്രേമികളെ വെറുക്കല്‍ എന്നതാണ്‌ ഈ സംഘം ചേര്‍ക്കലില്‍ പ്രധാനപ്പെട്ട ഒരു ഇനം. കൂട്ടത്തില്‍ പറയണമല്ലോ, ഒരു ജിസിയു പ്രതിനിധി സംതൃപ്തിയോടെ പ്രഖാപിക്കുന്നത് കേട്ടു, "നമുക്കിവിടെ ആരോഗ്യകരമായ സാഹോദര്യത്തിന്റെ അന്തരീക്ഷമാണാവശ്യം. കുണ്ടന്മാര്‍ക്ക് ഇറങ്ങിപ്പോകാം". സദസ്യരുടെ കയ്യടി വലുതായിരുന്നു, ഞാനും അതില്‍ ചേര്‍ന്നു.

സ്വവര്‍ഗപ്രണയികളായ സ്ത്രീകളുടെ കാര്യത്തില്‍ തീരേ തന്നെ എതിര്‍പ്പുകാണിക്കാത്ത എന്റെ സഹപാഠികള്‍ "നോക്കെടാ അവന്മാര്‍ കൈകോര്‍ത്ത് നടക്കുന്നത്!" എന്ന് കളിയാക്കുന്നത് ഹിപ്പോക്രിസിയാണ്‌. ഐഐറ്റിയെപ്പോലെ നാളത്തെ ആഗോളവല്‍കൃത ലോകത്തിന്റെ നേതാക്കളുടെ സങ്കേതമെന്നവകാശപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ത്യയുടെ മറ്റേതൊരിടത്തെയും പോലെത്തന്നെയാണ്‌. ഇന്ത്യയാണെങ്കില്‍ സ്വവര്‍ഗാനുരാഗത്തോട് വലിയ നന്ദി പറയേണ്ട രാജ്യവും - എല്ലാ മതസംഘങ്ങളെയും ഈ തര്‍ക്കത്തില്‍ ഒറ്റക്കെട്ടായി മറുപക്ഷത്തേയ്ക്ക് നീക്കാന്‍ നമുക്ക് മാത്രമല്ലേ പറ്റിയിട്ടുള്ളൂ.

ഐ.ഐ.ടി. നിങ്ങളെ കാര്യമായി എഞ്ചിനിയറിംഗ് പഠിപ്പിക്കില്ലായിരിക്കാം (അതേ, ജയ്റാം രമേഷ്), പക്ഷേ അത് നിങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ നന്നായി പഠിപ്പിക്കും. ഒരു വര്‍ഷം പോലുമെടുത്തില്ല, ഞാന്‍ "ഹായ്, ഏകാന്ത സ്വവര്‍ഗാനുരാഗിയായ ഒരു ടീനേജ് പയ്യനെ ഐ.ഐ.ടി. പിന്തുണയ്ക്കും" എന്നതില്‍ നിന്ന് "ഞാന്‍ സ്വവര്‍ഗപ്രണയിയാണ്‌, ഇതാണെന്റെ യാഥാര്‍ഥ്യം " എന്നതിലേക്ക് എത്താന്‍. എനിക്കറിയാമായിരുന്നു സമയമായെന്ന്. മിത്തുകളിലെ ക്ലീഷേ ആയ ആ അശരീരി ഞാന്‍ എന്റെയുള്ളില്‍ നിന്നു കേട്ടു, അകമുറിയില്‍ നിന്ന് പുറത്തു വരണം2 എന്ന വാഞ്ഛയായി. ഈ ഇരട്ടത്താപ്പ് ഇനി കൊണ്ടുനടക്കാനാവില്ലായിരുന്നു എനിക്ക് - എനിക്കിതെന്റെ കുടുംബത്തോട് പറയേണ്ടതുണ്ട്, അതിനായി ഒരായിരം വട്ടം ഞാനെന്റെ വാചകങ്ങള്‍ പഠിച്ചുറപ്പിച്ചു. എന്റെ സഹോദരി മെഡിസിനു പഠിക്കുകയാണ്‌ - അവള്‍ക്ക് ഇത് മനസിലാകുമെന്ന് ഞാന്‍ കരുതി. അവളെ ഫോണ്‍ ചെയ്ത് ഞാന്‍ കാര്യം പറഞ്ഞു ഭാരമിറക്കിവച്ചു. പക്ഷേ അവള്‍ക്ക് ഇത് കടുത്ത ആഘാതമായിരുന്നു. ഐഐറ്റി എന്റെ തലയില്‍ കിടന്ന് കളിക്കുന്നതാണിതൊക്കെ എന്ന് പറഞ്ഞ് അവളെന്നെ ശകാരിച്ചു. ഇനിയിതാരോടും ഒരിക്കലും മിണ്ടിയേക്കല്ലെന്ന് ഉപദേശവും തന്നു. ദുഃഖകരമെന്ന് പറയട്ടെ, യുക്തിക്ക് ഒരാളെ കൊണ്ടുപോകാന്‍ കഴിയുന്നതിനു പരിമിതികളുണ്ട്, വിദ്യാഭ്യാസമുള്ളവരെന്ന് പറയുന്നവരുടെ കാര്യത്തില്‍ പോലും. വിശ്വസിക്കണോ വേണ്ടയോ എന്ന ആ വിളി ഒടുവില്‍ കേള്‍ക്കപ്പെടും. ആമ തോടിനുള്ളിലേക്ക് വലിയുമ്പോലെ, അതേ നീ ഉള്ളില്‍ തന്നെ ഇരുന്നാല്‍ മതി. അതായിരുന്നു നിയോഗം. പക്ഷേ നിങ്ങളൊരു സ്വവര്‍ഗാനുരാഗിയാണെന്ന് സ്വയം ഉറക്കെ പറയുമ്പോള്‍ അത് നിങ്ങളെ മാറ്റിമറിക്കുന്നു. ടീനേജ് മാഗസീനുകള്‍ വായിച്ച് ഒരു ശാരീരികോദ്ദീപനത്തിനായി കാത്തിരിക്കുന്ന വര്‍ഷങ്ങള്‍, നിങ്ങളുടെ 'പ്രശ്നം' മാറ്റിത്തരാന്‍ ദൈവത്തോട് കരഞ്ഞു വിളിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്ന ഉറക്കമില്ലാ രാത്രികള്‍, ഏകമകന്റെ കുഞ്ഞിനെ മടിയിലിട്ട് ലാളിക്കാനുള്ള മാതാപിതാക്കളുടെ സ്വപ്നത്തെ തകര്‍ത്തുകൊണ്ട് അവരെ കൈവിട്ട പുത്രനെന്ന നാണക്കേട് - എല്ലാം നിങ്ങളെ കൂടുതല്‍ കരുത്തുള്ളവനാക്കുന്നു. ഞാനൊരിക്കല്‍ കൂടി ശ്രമിക്കാന്‍ തീരുമാനിച്ചു, എന്റെ നിഷ്കളങ്കതയില്‍ ഉറച്ച ആത്മവിശ്വാസവുമായി.

ഏതായാലും ഇത്തവണ അത്രയ്ക്ക് മടിച്ചുമടിച്ച് ആയിരുന്നില്ല. ഞാനെന്റെ ഏറ്റവുമടുത്ത പെണ്‍ സുഹൃത്തിനോടാണു കാര്യം പറഞ്ഞത്. അവള്‍ക്കെന്നെ മനസിലായി, ആശ്വാസം. ഞാന്‍ എന്താണ്‌, ആരാണ്‌ എന്നത് അവള്‍ക്കെന്നെ പിന്തുണയ്ക്കാനൊരു തടസ്സമായില്ല. എനിക്കന്ന് അവളോട് തോന്നിയത്ര സ്നേഹത്തിനൊപ്പം വരില്ല, ഒരാണിനും ഒരു പെണ്ണിനോട് തോന്നുന്ന സ്നേഹം.

ഞാന്‍ കുറേശ്ശെയായി ധൈര്യം സംഭരിച്ചു വരികയായിരുന്നു, ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിത്തുടങ്ങി.ഉദാഹരണത്തിനു ഡെസ്പരേറ്റ് ഹൗസ് വൈവ്സ് എന്ന സീരിയല്‍ കാണുമ്പോള്‍ ജനാലയടച്ചിടുന്ന പരിപാടി ഞാന്‍ നിര്‍ത്തി. ഒരു രാത്രി, ശബരിമലയില്‍ സ്ത്രീകളെ കടത്തിവിടാത്തത് ഹിന്ദുക്കളുടെ ലിംഗവിവേചനമാണെന്ന് പറഞ്ഞ് അമ്മയുമായി ഞാനൊന്ന് തര്‍ക്കിച്ചു. ഞാന്‍ ഒരല്പം അതിരുകടന്നതാകാം അമ്മയെന്നോട് ചോദിച്ചു, "നിനക്ക് വിപ്ലവകരമായ കാഴ്ചപ്പാടുകളാണല്ലോ, ഇനിയടുത്തത് നീ ഗേ ആണെന്ന് കൂടി പറയുമോ?" നിനച്ചിരിക്കാതെ വന്ന് വീണ ഈ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനായി ഞാന്‍ മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റിയെങ്കിലും ഗേ ആകുന്നത് ഒരു സാധാരണ പ്രതിഭാസമാണെന്ന് പ്രഖ്യാപിക്കാന്‍ മറന്നില്ല.

ആ സെമസ്റ്റര്‍ പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിച്ചു, ജീവിതം ഒരു സിനിമാതീയറ്ററില്‍ എന്നെയും നോക്കി പോപ്ക്കോണും കൊറിച്ച് ഇരിക്കുന്ന മട്ടില്‍. എന്റെ അച്ഛനമ്മമ്മാര്‍, എനിക്ക് ജീവന്‍ തന്നവര്‍, ഉപാധികളില്ലാത്ത സ്നേഹം തരുന്നവര്‍, അവര്‍ സത്യമറിയേണ്ടവരാണ്‌. ഞാനതവരോട് പറയേണ്ടതുണ്ട്. ഒരു രാത്രിയില്‍ ഞാനവരെ ഇരുത്തി കാര്യങ്ങള്‍ ബോധിപ്പിക്കാനൊരുമ്പെട്ടു. അവരുമായി ഏറെനാളായില്ലേ ചീട്ടുകളിച്ചിട്ട് എന്നു പറഞ്ഞായിരുന്നു തുടക്കം. അവര്‍ ചിരിച്ചു, ഒരു കുത്ത് ചീട്ട് കൊണ്ടുവന്നു. ഞാന്‍ ശ്രദ്ധാലുവായിരുന്നില്ല. റമ്മികളിയില്‍ ഐഐടിക്കാര്‍ എത്രമോശമാണെന്ന വളിപ്പുകളുയര്‍ന്നു. കളി തീര്‍ന്നു, ഇക്കണക്കിനു ജോയിന്റ് എന്‍‌ട്രന്‍സ് പരീക്ഷ വേണേല്‍ പൊട്ടിക്കാവുന്നതേയുള്ളൂവെന്ന് അച്ഛന്റെ വക പ്രസ്താവന. പൊട്ടിച്ചിരിയുമായി അദ്ദേഹം ഉറങ്ങാന്‍ പോയി.

അമ്മയും ഞാനും മാത്രമായി. മാതാവിന്റെ നിരീക്ഷണപാടവത്തോടെ എന്നോട് അമ്മ ചോദിച്ചു എന്താണ്‌ കാര്യമെന്ന്. എന്റെ ശാന്തത നഷ്ടപ്പെട്ടു, എനിക്ക് പ്രശ്നങ്ങളുണ്ടെന്നും ഐഐടി ജീവിതം പ്രതീക്ഷിച്ചപോലെ സന്തോഷപൂര്‍ണമല്ലെന്നും ഞാന്‍ തുറന്നടിച്ചു. എന്റെ തലയിലേക്ക് രക്തം ഇരച്ചുകേറി. വിശദമായി പറയ്, എന്നാല്‍ അമ്മയ്ക്ക് സഹായിക്കാനാവും, അമ്മ പറഞ്ഞു. ഇല്ല അമ്മയ്ക്ക് സഹായിക്കാനാവില്ല. അമ്മയില്‍ നിന്ന് കേണപേക്ഷയായി. തന്റെ കുട്ടിയ്ക്കെന്താണ്‌ ഇത്ര വിഷമമെന്ന് അമ്മയ്ക്കറിയണമായിരുന്നു. അപ്പോഴാണ്‌ ഞാനത് അമ്മയോട് തുറന്നടിച്ചത്. നിങ്ങളുടെ അമ്മ കരയുന്നതു തന്നെ വല്ലാത്ത കാഴ്ചയാണു്‌, പക്ഷേ എപ്പോഴാണീ വളര്‍ത്തുദോഷം സംഭവിച്ചതെന്നും ഈ രോഗം എപ്പോഴുണ്ടായി എന്നും പഠിത്തക്കാരായ "നല്ല കുട്ടി"കളെ ഇങ്ങനെയൊക്കെ സംസാരിക്കാറാക്കുന്ന എന്താണ്‌ ഐഐറ്റിയില്‍ സംഭവിച്ചതെന്നും ഒക്കെ അമ്മയില്‍ നിന്നും കേള്‍ക്കേണ്ടി വരുമ്പോള്‍ ഒരു നിമിഷം നിങ്ങളെ കല്ലുകൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നതെന്ന് തോന്നും.

എത്ര സമയം വേണമെങ്കിലും അമ്മയ്ക്ക് നല്‍കാമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അമ്മയ്ക്ക് ബോധ്യപ്പെടാന്‍ ഡോക്ടര്‍മാരുടെയടുത്ത് കൊണ്ട് പോകാനും സമ്മതിച്ചു. ഏതായാലും അച്ഛനോട് കാര്യം അമ്മതന്നെ പറഞ്ഞു (ഭാഗ്യം), ചില ഡോക്ടര്‍മാരെ വിളിച്ച് അമ്മതന്നെ അപ്പോയിന്റ്മെന്റും എടുത്തുവച്ചു.

ഞങ്ങളദ്ദേഹത്തിന്റെ ഓഫിസില്‍ പോയി. പുരുഷ ലൈംഗികവിദഗ്ധന്റെ ഓഫിസ്. എന്തോന്ന് ?! ഞാനേതായാലും പ്രതിഷേധിക്കാനൊന്നും പോയില്ല, സഹകരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു ഈയവസ്ഥയില്‍. ഒരു പ്രശസ്ത ആള്‍ദൈവത്തിന്റെ ചിത്രം അവിടെ തൂങ്ങിക്കിടന്നിരുന്നു. എന്റെ നട്ടെല്ലിലൂടെയൊരു മിന്നായം. ഞങ്ങള്‍ ഓഫിസ് മുറിയില്‍ പ്രവേശിച്ചു. അമ്മയുമച്ഛനും പുള്ളിയോട് സംസാരിക്കട്ടെയെന്ന് വച്ചു. എത്ര ഞെട്ടിക്കുന്നതാണു കാര്യങ്ങളെന്നും ഇത് വല്ലാത്ത നാണക്കേടാണെന്നും ഇന്റര്‍നെറ്റ് സമൂഹത്തെ എന്തുമാത്രം നശിപ്പിക്കുന്നുണ്ടെന്നും എന്നെ ശരിയാക്കിയെടുക്കാന്‍ അവരെത്രമാത്രം ആഗ്രഹിക്കുന്നെന്നുമൊക്കെ അവര്‍ പറഞ്ഞു. ഡോക്ടര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇക്കാലത്ത് പിള്ളേര്‍ക്ക് ഇമ്മാതിരി അസംബന്ധങ്ങളെപ്പറ്റി ഒരുപാട് വിവരം കിട്ടുന്നുണ്ട്. അവരു കരുതുന്നത് ഇതൊരു ഫാഷനാണെന്നാണ്‌. കലിയുഗം തന്നെ!" എന്നെ അകത്തേക്ക് വിളിച്ചു. പുള്ളി പിന്നാലെ വന്നു. അശ്ലീലദ്യോതകമായ ഒരു കൈയാംഗ്യം കാട്ടി. ഞാന്‍ മിഴിച്ച് നിന്നു. പിന്നെ ശാരീരിക പരിശോധനയായി. ശരീരഘടനയിലെന്തെങ്കിലും കുഴപ്പമുണ്ടോയെന്നായിരുന്നു പരിശോധന. ഞാന്‍ പരീക്ഷ പാസായി; അതോടെ സംഗതി മാനസികമാണെന്നായി ഡോക്ടറുടെ നിഗമനം."അവന്‌ കുഴപ്പമൊന്നുമില്ല. പേടിക്കാനൊന്നുമില്ല, ഇതൊരു ഇടക്കാല പ്രശ്നമാവാനേയുള്ളൂ, മാറിക്കൊള്ളും. ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കുക. നല്ല ബുദ്ധിയുള്ള പയ്യനാണ്‌, അവനുതന്നെ മാറ്റണമെന്നുണ്ട് ഇത് !" ഡോക്ടര്‍ പറഞ്ഞു. തുണിയഴിച്ചുള്ള പരിശോധനയുടെ തന്നെ ഞെട്ടല്‍ മാറാതെ നിന്ന ഞാന്‍ നിശബ്ദനായിരുന്നു. ആ ദിവസം ഒന്നും പറയാതെ കടന്നുപോയി. അടുത്ത ദിവസം രാവിലെ ഞാന്‍ എന്റെ അഭിമാനം വീണ്ടെടുത്ത്, നഗരത്തിലെ മുന്തിയ സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ എന്നെക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. വളരെ പോഷ് ആയ ഒരു ക്ലിനിക്കിലാണു ഞങ്ങള്‍ പോയത്. ഞാന്‍ സന്തോഷത്തിലായി. താല്‍ക്കാലികമായി മാത്രം. മൂന്ന് സെഷനുകള്‍. എന്റെ ജീവിതത്തില്‍ പരമാവധി തര്‍ക്കിച്ച മൂന്ന് മണിക്കൂറുകള്‍. മൂന്ന് മണിക്കൂര്‍ ഞാന്‍ വിശദീകരിക്കുകയായിരുന്നു, കൃഷ്ണമണിയുടെ നിറം വ്യത്യാസപ്പെടുന്നതുപോലെയാണു ഹോമോസെക്ഷ്വാലിറ്റിയെന്ന്, പത്ത് വയസ്സുമുതല്‍ ഞാന്‍ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടില്ലാ ചിത്രങ്ങള്‍ ശേഖരിച്ച് തുടങ്ങിയതില്‍ ഒരു കാരണമുണ്ടെന്ന്, സമൂഹമെങ്ങനെ ഇടംകൈവാക്കിനെ ആദ്യം മോശമായിക്കാണുകയും പില്‍ക്കാലത്ത് അത് മാറ്റുകയും ചെയ്തതെങ്ങനെയെന്ന്. എല്ലാറ്റിലും സൈക്കോളജിസ്റ്റ് എന്നോട് യോജിച്ചു. പക്ഷേ അദ്ദേഹമവസാനിപ്പിച്ചതിങ്ങനെയാണ്‌, "എല്ലാം ശരിതന്നെ, പക്ഷേ നിങ്ങള്‍ ശരിയായ തീരുമാനം എടുക്കണം. അച്ഛനുമമ്മയും പറയുന്നത് കേള്‍ക്കൂ". അച്ഛന്റെ പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ ചെലവിട്ട് ഇന്ത്യയിലെ തന്നെ മികച്ച സൈക്കോളജിസ്റ്റുകളിലൊരാളുമായി സംസാരിച്ചിട്ടും എന്തായി ഒടുവില്‍? ഞാന്‍ ഇന്റര്‍നെറ്റ് കൂടുതല്‍ വായിക്കരുതെന്ന്, ഞാന്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന്.

പക്ഷേ എനിക്കതൊരു പ്രശ്നമില്ലാതായിക്കഴിഞ്ഞിരുന്നു. ഞാന്‍ ചെയ്യുന്നതു ശരിയാണെന്ന് പറഞ്ഞ് തരാന്‍ എനിക്ക് പ്രഫഷനലോ അല്ലാത്തതോ ആയ ഒരുത്തനും വേണ്ട. എന്റെ ലൈംഗിക ചായ്‌വെന്താണെന്ന് അന്വേഷിച്ചിട്ടുള്ള ചില ഐഐടി സുഹൃത്തുക്കള്‍ക്ക് ഞാന്‍ ഏതാനും മെയിലുകളയച്ചു, അവര്‍ക്ക് കാര്യം മനസിലായേക്കുമെന്ന പ്രതീക്ഷയോടെ. അവര്‍ എനിക്ക് പിന്തുണതന്നു. പിന്നെ ഞാന്‍ കൂടുതല്‍ കൂടുതല്‍ ആളുകളോടിത് പറഞ്ഞു. എനിക്ക് പലതരം പ്രതികരണങ്ങള്‍ കിട്ടി, അവിശ്വസനീയത മുതല്‍ ആദരവു വരെ, തള്ളിപ്പറയല്‍ മുതല്‍ വിസ്മയം വരെ. സ്വവര്‍ഗ്ഗാനുരാഗീവിരുദ്ധരുണ്ട് ഐഐറ്റിയിലും. പക്ഷേ അതിനേക്കാള്‍ പ്രധാനമായി, പുരോഗമനേച്ഛുക്കളും ഉണ്ട്. അത് പ്രത്യാശതരുന്നു.

തീര്‍ച്ചയായും ഞാനുദ്ദേശിച്ചതുപോലായിരുന്നില്ല ഐ.ഐ.റ്റി., പക്ഷേ അങ്ങനെ എല്ലാം തികഞ്ഞതായി എന്താണുള്ളത്? ഇതാ എനിക്കിവിടെ, എന്റെ കഥ പറയാന്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മയുടെ ഈ വേദി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലേ. സ്വവര്‍ഗാനുരാഗിയായി ഇരിക്കുന്നത് എത്ര മനോഹരമാണെന്ന് എന്നോടു പറയുന്ന സഹപാഠികളുണ്ട് എനിക്കിന്ന്. ഹോമോസെക്ഷ്വാലിറ്റിയോട് പരസ്യമായ അനുതാപം പ്രകടിപ്പിച്ച പ്രഫസര്‍മാരുണ്ട് എനിക്ക്. ഇപ്പോള്‍ ഓരോ ദിവസവും കിടക്കയിലേക്ക് മടങ്ങുമ്പോള്‍ എനിക്കറിയാം ഞാന്‍ സമാധാനമായി ഉറങ്ങുമെന്ന്. വിഷാദത്തിലൂടെയും പശ്ചാത്താപത്തിലൂടെയും നാണക്കേടിലൂടെയും ഞാന്‍ കടന്നു പോയിട്ടുണ്ട്. മതപ്രഘോഷണങ്ങള്‍, വൈദ്യ പരിശോധന, ഭ്രഷ്ട്, അങ്ങനെയെന്തെല്ലാം. പക്ഷേ എന്റെ കഥ ആവേശമുണര്‍ത്തുന്നതാണെന്ന് പറഞ്ഞുകൊണ്ട് എനിക്ക് കിട്ടുന്ന മെയിലുകള്‍ വായിക്കുമ്പോള്‍ ഞാന്‍ പ്രത്യാശയുള്ളവനാകുന്നു, നാളെയെപ്പറ്റി: സ്വയം പരിചയപ്പെടുത്തല്‍ സെഷനുകളില്‍ സ്വവര്‍ഗാനുരാഗിയായ പുതുമുഖവിദ്യാര്‍ത്ഥി സ്വന്തം ലൈംഗിക വ്യക്തിത്വം തുറന്ന് സമ്മതിക്കുന്ന ഒരു കാലം; ഒരു പുഞ്ചിരിയോടെ അവന്‍ പ്രിയ ടെലിവിഷന്‍ ഷോയിലെ, തനിക്ക് ആകര്‍ഷണം തോന്നിയ യുവനടനെപ്പറ്റി സഹമുറിയന്മാരുമായി സംസാരിക്കുന്ന, അവജ്ഞയില്ലാതെ അവരത് കേട്ടിരിക്കുന്ന, ഒരു കാലം. ഭാവിയെപ്രതിയുള്ള ഈ കാഴ്ചയോടെ ഞാന്‍ നിര്‍ത്തട്ടെ.

ഇത് ഐഐടി മദ്രാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ജീവിതകഥയാണ്‌. ഐഐറ്റി മദ്രാസിന്റെ വിദ്യാര്‍ത്ഥിസംഘം നടത്തുന്ന "ദ് ഫിഫ്ത് എസ്റ്റേറ്റ് " എന്ന വെബ്സൈറ്റില്‍ ജൂലൈ 4, 2011-നു പ്രസിദ്ധീകരിച്ച മാനകവിചലനം (Standard deviation)3 എന്ന ലേഖനത്തിന് ഡോ. സൂരജ് രാജന്‍ നിര്‍വ്വഹിച്ച സ്വതന്ത്ര പരിഭാഷയാണിത്.

ഈ ലേഖനം Malayal.am വെബ്ബ് പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.