അമേരിക്കയിലെ "വായ്പ പ്രതിസന്ധി"യെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടത്

വലതുപക്ഷ ഭരണകൂടങ്ങള്‍ക്കും മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങളാണ് കമ്മിയും ചെലവ് ചുരുക്കലും. കടക്കെണിയിലേക്ക് രാജ്യം നീങ്ങി കൊണ്ടിരിക്കുകയാണ്, അമിത ചിലവാണ്‌ കാരണം, സര്‍കാരിനു കാശില്ല എന്നൊക്കെ അവര്‍ കള്ളകണക്കുകളും അര്‍ദ്ധ സത്യങ്ങളും നിരത്തി സ്ഥാപിക്കും. ഉണ്ട് എന്ന് പറയപ്പെടുന്ന ഈ കടക്കെണിയില്‍ നിന്ന് കരകയറാന്‍ സമ്പന്നരില്‍ നിന്നും നികുതി പിരിച്ചു അധിക വിഭവ സമാഹരണം നടത്തുകയോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ എടുത്തു കളയുകയോ അരുത് - കാരണം അത് വികസനത്തിന് വിഘാതമാകും. മറിച്ചു "സമൂഹം" മുണ്ട് മുറുക്കി ഉടുത്ത് സര്‍കാര്‍ ചെലവ് ചുരുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മഞ്ഞള് പോലെ വെളുത്ത ധവളപത്രങ്ങളും എഡിറ്റോറിയലുകളും എഴുതും.

അമേരിക്കയിലെ വായ്പ പ്രതിസന്ധി ഇത്തരം ഒരു വലതുപക്ഷ സൃഷ്ടിയാണ് എന്നത് ഇതിനകം വ്യക്തമായ കാര്യമാണ്. ഈ വിഷയത്തില്‍, വാഷിങ്ടണ്‍ ഡി.സി.യിലെ സെന്റര് ഫോര്‍ എക്കണോമിക്ക് ആന്‍ഡ്‌ പോളിസി റിസര്‍ച്ചിലെ കോ-ഡയറക്ടറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മാര്‍ക്ക് വൈസ്ബ്രോറ്റ് എഴുതിയ ലേഖനം സ്വതന്ത്ര പരിഭാഷയായി ബോധി കോമണ്‍സ് പുന: പ്രസിദ്ധീകരിക്കുന്നു.

അമേരിക്കയുടെ "വായ്പ പ്രതിസന്ധി" ഒരു അന്താരാഷ്ട്ര ചര്‍ച്ചാ വിഷയമായ ഈ അവസരത്തില്‍, അതിലെ സത്യവും മിഥ്യയും വ്യക്തമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. അടിസ്ഥാനപരമായി യു. എസ്. ഗവണ്‍മെന്റിന് ഒരു "വായ്പാ പ്രതിസന്ധി" ഇല്ല. യു. എസ്. ഗവണ്‍മെന്റ് ഇന്ന് പൊതു കടത്തിന് അടക്കുന്ന പലിശ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 1.4 ശതമാനമേ വരൂ - ഇത് മുന്‍കാലങ്ങളെയും മറ്റു രാജ്യങ്ങളെയും അപേക്ഷിച്ചു നോക്കിയാല്‍ അധികമല്ല. ഇപ്പോഴുള്ള താരതമന്യേന വര്‍ധിച്ച വാര്‍ഷിക കമ്മി (മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 9.3 ശതമാനം), പ്രധാനമായും സാമ്പത്തിക മാന്ദ്യത്തിന്റെയും അതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും വളരെ മന്ദഗതിയില്‍ മാത്രം മുക്തി നേടുന്ന ഒരു സമ്പദ് വ്യവസ്ഥയുടെയും ബാക്കിപത്രമായി വേണം കരുതാന്‍. സ്വകാര്യ മേഖലയിലെ ആരോഗ്യ പരിപാലന രംഗത്തെ ചിലവുകളാണ് ദീര്‍ഘകാലത്തേക്കുള്ള കമ്മി പ്രവചനത്തിന്റെ അടിസ്ഥാനം തന്നെ. എന്നാല്‍ അമേരിക്കയില്‍ മൊത്തം ആരോഗ്യ പരിപാലന ചിലവുകള്‍ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണ്, ഇത് അതിവേഗത്തില്‍ കുതിച്ചുയരുകയുമാണ്. ഈ രംഗത്തെ ചെലവിന്റെ പകുതിയും ആത്യന്തികമായി ഏറ്റെടുക്കുന്നത് യു. എസ്. ഗവണ്‍മെന്റ് ആയതിനാല്‍ ഈ ചെലവുകള്‍ പൊതു ബാധ്യതായി മാറുന്നു.

യു. എസ്. വായ്പ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത തീരെ ഇല്ലായിരുന്നു. ആദ്യം മുതല്‍ക്കു തന്നെ ഈ "പ്രതിസന്ധി" നിര്‍മ്മിച്ചെടുത്തത് അമേരിക്കന്‍ ഹൌസ് ഓഫ് റെപ്രസെന്റെടീവ്സിലെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരായിരുന്നു. വോട്ടിങ്ങില്‍ പരാജയപ്പെട്ട അവരുടെ ചെലവു ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കേവല സാങ്കേതികത്വം ഉപയോഗിച്ച് അവര്‍ സര്‍ക്കാരിനെകൊണ്ട് അംഗീകരിച്ചെടുപ്പിക്കുകയായിരുന്നു; കഴിഞ്ഞ മൂന്നു ദശകങ്ങളായി ദേശീയ വരുമാനത്തില്‍ തങ്ങളുടെ പങ്കു ക്രമാതീതമായി വര്‍ദ്ധിപ്പിച്ച സമ്പന്നര്‍ക്കോ അതിസമ്പന്നര്‍ക്കോ ഒരു തരത്തിലുള്ള നികുതി വര്ധനവുമില്ലാതെയുള്ള വന്‍ തോതില്‍ ചെലവ് ചുരുക്കല്‍ പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്.

xdfdfd
Image Credit: Flickr@ iDanSimpson

വലതുപക്ഷം ഈ വിജയം കൈവരിച്ചതെങ്ങനെ? പ്രസിഡന്റ് ഒബാമ അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ കൃത്രിമ പ്രതിസന്ധിയുടെ ചുവടു പിടിച്ച്, തനിക്കു വോട്ട് നല്‍കി വിജയിപ്പിച്ച ജന വിഭാഗങ്ങളെ വേദനിപ്പിക്കുന്ന ചെലവ് ചുരുക്കലുകള്‍ നടപ്പിലാക്കി എടുത്തു. ഇതോടൊപ്പം സമ്പന്നര്‍ക്കുള്ള നികുതിയും വര്‍ധിപ്പിക്കാന്‍ ഒബാമ ശ്രമിച്ചുവെങ്കിലും, റിപ്പബ്ലിക്കന്സിന്റെ പിടിച്ചുപറി നീതിക്ക് കുട പിടിക്കുകയും സാധുത നല്‍കുകയും ചെയ്തത് വഴി, ആ നീക്കവും പരാജയപ്പെട്ടു.

വലതുപക്ഷത്തിന്റെ ഈ പ്രചണ്ഡ പ്രചാരവേലയിലും ഒബാമയുടെ അടിയറവു പറച്ചിലിലും സാരമായി ദിശമാറി പോകുന്നത് അമേരിക്കയിലെ നയരൂപീകരണ ചര്‍ച്ചകളുടെയാണ്. ഈ കള്ള പ്രതിസന്ധി ആണ് പ്രധാന പ്രശ്നം എന്ന് മാത്രമല്ല വലതുപക്ഷത്തിന്റെ വാദം, സമ്പദ്‌വ്യവസ്ഥയുടെ തളര്ച്ചയുടെ കാരണം പോലും അതാണത്രേ! ഈ വര്ഷം ആദ്യ പകുതിയില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നാമമാത്ര വളര്‍ച്ച മാത്രമാണുണ്ടായത്. രണ്ടരക്കോടി ജനങ്ങളാണ് തൊഴിലില്ലായ്മയിലേക്കോ പാര്‍ട്ട്‌-ടൈം തൊഴിലുകളിലേക്കോ തിരിഞ്ഞിരിക്കുന്നത്. കമ്മി ചുരുക്കലില്‍ കേന്ദ്രീകരിച്ചുള്ള നയരൂപീകരണ ചര്‍ച്ചകളാണ് ഇനിയും തുടരുന്നതെങ്കില്‍ ഈ ദശാബ്ദം മൊത്തം നഷ്ടപ്പെടാനുള്ള സാധ്യത ഏറുകയാണ്.

സമ്പദ് വ്യവസ്ഥയെ തുരങ്കം വെക്കാനും സാമ്പത്തിക നയരൂപീകരണത്തെ പുനര്സംവിധാനം ചെയ്യാനുള്ള അവസരമാണ് വലതുപക്ഷത്തിനു ഇത്. ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്വം തന്റെയും തന്റെ പാര്‍ടിയുടെയും തലയില്‍ കെട്ടി വെക്കാനുള്ള അവസരം കൂടി ഒബാമ ഒരുക്കി കൊടുത്തിരിക്കുന്നു. പ്രസിഡന്റ്‌ ഒബാമയ്ക്ക് കോണ്‍ഗ്രസ്സും വൈറ്റ് ഹൌസും നഷ്ടപ്പെടുന്നെങ്കില്‍ അതിനു സാമ്പത്തിക തളര്‍ച്ചയും തൊഴിലില്ലായ്മയും മാത്രമാകില്ല കാരണം എന്ന് വ്യക്തം. ലാറ്റിന്‍ അമേരിക്കയിലെ ഇടതു-പോപുലിസ്റ്റ് നേതാക്കള്‍ വരേണ്യ വര്ഗ്ഗങ്ങളോട് പകപോക്കുന്നു എന്ന് പറയുന്നവരെ ഓര്‍മിപ്പിക്കുക - അതിലും വഷളായ നേതൃത്വ ശൈലിയുണ്ടെന്ന് : സമവായത്തിന് വേണ്ടി രാഷ്ട്രീയ ആത്മഹത്യ നടത്തുന്നവര്‍ ഉണ്ടെന്നു!

പരിഭാഷ : രാജീവ്