എന്‍ഡോസള്‍ഫാന്‍: ഈ ''വീണവായന'' ആര്‍ക്കു വേണ്ടി?

ഒരിയ്ക്കല്‍ കൂടി എന്‍ഡോസള്‍ഫാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണം ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിച്ച കാസര്‍ഗോഡ് ഒരു സെമിനാറില്‍ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി പ്രസ്താവിക്കുകയുണ്ടായി, "എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടില്ല" എന്ന്. തൊട്ടു പിന്നാലെ കേ­ന്ദ്ര മലി­നീ­ക­രണ നി­യ­ന്ത്രണ ബേ­ാര്‍­ഡ്‌ ചെ­യര്‍­മാന്‍ എസ്‌.­പി. ഗൗ­തം എന്‍­ഡോ­സള്‍­ഫാ­ന്റെ സാമ്പത്തികനേട്ടത്തെ ന്യായീകരിച്ചു കൊണ്ടു രംഗത്തെത്തി.

എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യവിപത്തുകളെ കുറിച്ചുള്ള പഠനങ്ങള്‍ ഒട്ടേറെയാണ്. എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെഴ്‌സ്‌പെക്ടീവ്‌സ് (Environmental Health Perspectives) പ്രസിദ്ധീകരിച്ച ഈ ഈ ഗവേഷണപ്രബന്ധം ഒരുദാഹരണം മാത്രം. മുന്‍പ് ഒരിക്കല്‍ എൻഡോസൾഫാൻ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ദുരിതബാധിതമേഖലയിലൂടെ സഞ്ചരിച്ചു തയാറാക്കിയ ഒരു പഠന റിപ്പോര്‍ട്ട്‌, 2001 ലെ പരിയാരം മെഡിക്കല്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത് അന്നത്തെ അസോസിയേറ്റ് എഡിറ്റര്‍ സൂരജ് രാജന്റെ ബ്ലോഗില്‍ നിന്നും: http://surajcomments.blogspot.com/2010/11/blog-post_02.html . എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് മുഖ്യധാരയില്‍ തന്നെ ബഹിഷ്‌കൃതമാകുന്ന കുരുന്നുബാല്യങ്ങളെ കുറിച്ച് 2002-ല്‍ സി-ഡിറ്റ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി: http://janasabdam.ning.com/video/1-punarjaniflv

എണ്ണിയാലൊടുങ്ങാത്ത സര്‍വെകളും ശാസ്ത്രീയപഠനങ്ങളും റിപ്പോര്‍ട്ടുകളും എന്‍ഡോസള്‍ഫാനെ കുറിച്ച് എഴുതപ്പെട്ടു കഴിഞ്ഞു. കാസര്‍ഗോട്ടെ സ്വര്‍ഗ നദിയുടെ തടങ്ങളിലൂടെ ഒരു അലസയാത്ര നടത്തിയാല്‍ തന്നെ കണ്ണില്‍ നിന്നു മായാത്ത ഈ ജീവിക്കുന്ന തെളിവുകള്‍ വേറെയും:

ലോകത്തിലെ 73 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടു കഴിഞ്ഞു. ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഈ കീടനാശിനിക്കു മേലുള്ളത്. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള വികസിതരാജ്യങ്ങളില്‍ സമ്പൂര്‍ണ്ണ നിരോധനത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ നാട്ടിലാകട്ടെ കാസര്‍ഗോട്ടു നിന്നും മാനന്തവാടിയിലെ കുടിവെള്ളവിതരണശൃംഖലയിലേക്ക്, അവിടെ നിന്ന് നെല്ലിയാമ്പതിയിലേക്ക്, പിന്നെ ചാലക്കുടിപ്പുഴയിലേക്ക്, അങ്ങനെ എല്ലാ പ്രദേശങ്ങളിലേക്കും എന്‍ഡോസള്‍ഫാന്‍ അനിയന്ത്രിതമായി പ്രസരിക്കുകയാണ്.

ഒരു പ്രദേശത്തെ ജനത നമ്മുടെ കണ്‍മുമ്പില്‍ നീറിയൊടുങ്ങുമ്പോള്‍, മറ്റു പ്രദേശങ്ങളിലേക്കു ക്രമേണ വ്യാപിക്കുമ്പോള്‍, പരിസ്ഥിതിപ്രവര്‍ത്തകരും വിദഗ്ധരും ശാസ്ത്രപഠനങ്ങളും പൌരസമൂഹമാകെ തന്നെയും ഈ കീടനാശിനിക്കെതിരെ നിലയുറപ്പിക്കുമ്പോള്‍ ആരെ തൃപ്തിപ്പെടുത്തുവാനാണ് ഭരണവര്‍ഗ്ഗം ഇതിനു പുറം തിരിഞ്ഞു നില്‍ക്കുന്നത്?