ആഗ്രഹങ്ങള്‍ സര്‍വ്വേഫലങ്ങളായിരുന്നെങ്കില്‍

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം പ്രാധാന്യമുള്ള ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണല്ലോ മാധ്യമങ്ങള്‍. വസ്തുതകളുടെ യഥാര്‍തഥമായ റിപ്പോര്‍ട്ടിംഗിനോടൊപ്പം രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകള്‍ പൊതുജനങ്ങളിലേത്തിക്കുക, സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെക്കുറിച്ച് നേതൃത്വത്തെ ബോധവാന്മാരാക്കുക തുടങ്ങിയവയും മാധ്യമധര്‍മ്മത്തില്‍ പെടുന്നു. നിര്‍ഭാഗ്യവശാല്‍ എന്ന് തന്നെ പറയട്ടെ, പലപ്പോഴും മാധ്യമങ്ങള്‍ ഈ ഉത്തരവാദിത്വം പാടെ മറന്ന് രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണു കാണാന്‍ കഴിയുന്നത്.വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിലെ ഗൂഢതാല്പര്യങ്ങളുടെ ആഴം എത്രത്തോളമുണ്ടെന്ന് വെളിവാക്കിയ നീരാ റാഡിയ ടേപ്പുകള്‍ക്ക് ശേഷം അതേ ശ്രേണിയില്‍ ഒടുവിലത്തേതായി ഇലക്ഷന്‍ അഭിപ്രായ സര്‍വ്വേ ഫലം ഏഷ്യാനെറ്റ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിയ്ക്കുകയാണു്.

വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വ്വേ നടത്താന്‍ ഏഷ്യാനെറ്റ് രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളെ ചുമതല പെടുത്തിയിരുന്നു. Center for Forecasting and Research (C Fore) എന്ന സ്ഥാപനവും, Center for Electoral Studies (CES) എന്ന സ്ഥാപനവും. ഇതില്‍ സി-ഫോര്‍ രണ്ടു തവണ സര്‍വ്വേ നടത്തി, ആ വിവരം ഏഷ്യാനെറ്റിനു നല്കുകയും അവര്‍ അതു വലിയ ആരവത്തോടു കൂടി മാര്‍ച് 8, 31 എന്നീ ദിവസങ്ങളില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളുന്ന പരിപാടിയായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. സി.ഈ.എസ്സിന്റെ സര്‍വ്വേ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ ന്യൂസ് അവറിന്റെ ഇടയില്‍ ഒരു 9 മിനിറ്റ് സമയവും കണ്ടെത്തി. സ്ക്രോള്‍ ന്യൂസ് ആയി പിന്നെയും പല ദിവസം സി-ഫോര്‍ സര്‍വ്വേ ഏഷ്യാനെറ്റില്‍ ജീവിച്ചപോഴും, സി.ഇ.എസ്. സര്‍വ്വേക്ക് ഒരു സ്ക്രോള്‍ വാല്യൂ ഏഷ്യാനെറ്റ് കല്പിച്ചില്ല എന്നും ആരോപണമുണ്ട്. ഏഷ്യാനെറ്റുമായി ബന്ധമൊന്നുമില്ലാത്ത മറ്റൊരു സ്ഥാപനമായ Institute for Monitoring Economic Growth (IMEG)-ഉം ഈ കാലയളവില്‍ ഇതെ വിഷയത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തിയിരുന്നു. ഈ നാലു സര്‍വ്വേകളുടെയും പ്രധാന വിവരങ്ങള്‍ താഴെ കൊടുക്കുന്നു. സര്‍വ്വേയുടെ പ്രവചനവും, ഫലവും പോലെ തന്നെ പ്രധാനമാണ് സര്‍വ്വേക്കു സ്വീകരിച്ച രീതിയും, സര്‍വ്വേയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണവും, അവരുടെ തെരഞ്ഞെടുപ്പും. അഭിപ്രായസര്‍വ്വേയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്ന ജനക്കൂട്ടം സാമൂഹികമായും ഭൂമിശാസ്ത്രപരമായും, യഥാര്‍ത്ഥത്തിലുള്ളതിന്റെ നേര്‍പതിപ്പായിരിക്കും എന്ന സങ്കല്പത്തിലാണു അതിലുരുത്തിരിയുന്ന ഫലങ്ങള്‍ മുഖേന സംസ്ഥാനത്തിന്റെ പൊതുവായ ഫലം അനുമാനിക്കുന്നത്. ഉള്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരുടെ പ്രാതിനിധ്യസ്വഭാവം കുറയുന്നതനുസരിച്ച് സര്‍വ്വേയുടെ ഫലം യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലാനുള്ള സാധ്യതയും വര്‍ദ്ധിക്കും. ഒരു സര്‍വ്വേയോടൊപ്പം ഈ ഘടകങ്ങളും സ്ഥിതിവിവരങ്ങളുടെ വിശ്വാസ്യതയും (Statistical significance) രേഖപ്പെടുത്തേണ്ടതുണ്ട്.

ആദ്യത്തെ മൂന്നു വരികളില്‍ കാണിച്ചിരിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്തവരുടെ ഇടയില്‍ നിന്നും ഓരോ മുന്നണിക്കും ലഭിച്ച വോട്ടിന്റെ അനുപാതവും, ബ്രാക്കറ്റില്‍ ഒപ്പം നല്കിയിരിക്കുന്നതു ആ അനുപാതവും, ഒരു പക്ഷെ മുന്‍കാല ചരിത്രവും അടിസ്ഥാനമാക്കി നടത്തിയ സീറ്റ് പ്രവചനവുമാണ്.

രണ്ട് സ്ഥാപനങ്ങളെ കൊണ്ട് സര്‍വ്വേ നടത്തിക്കുന്നത് നല്ലതു തന്നെ, പ്രത്യേകിച്ചും അതിനുള്ള പണവും മനസുമുള്ള ഒരു ചാനലിനു. എന്നാല്‍ അങ്ങിനെ കിട്ടുന്ന ഫലങ്ങളില്‍ ഏത് പൊലിപ്പിക്കും, ഏത് ഒളിപ്പിക്കും എന്നിടത്താണ് ആ മാധ്യമത്തിന്റെ ചായ്‌വും ചരിവും വ്യക്തമാകുന്നത്. ഇതിനു പിന്നില്‍ പക്ഷപാതമല്ല, മറിച്ചു ആദ്യത്തെ സ്ഥാപനത്തിന്റെ സര്‍വ്വേയുടെ ശാസ്ത്രീയതയിലും കൃത്യതയിലുമുള്ള മതിപ്പിന്റെ പുറത്താണ് അതിനു കൂടുതല്‍ പ്രാധാന്യം നല്കിയത് എന്നു ഒരു പക്ഷെ ഏഷ്യാനെറ്റിനു വാദിക്കാം. ഈ രണ്ട് സര്‍വ്വേകളും നടത്തിയ രീതി നമുക്കു അല്പം കൂടി ആഴത്തില്‍ പരിശോധിക്കാം.

സര്‍വ്വേകള്‍ നടത്തിയ രീതി (മെത്തഡോളജി)

സര്‍വ്വേ നടത്തുന്ന രീതി, വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, വോട്ടനുപാതത്തില്‍ നിന്നും സീറ്റുകളുടെ എണ്ണം അനുമാനിക്കുന്ന രീതി, മുതലായവയെക്കുറിച്ചു നിര്‍ഭാഗ്യവശാല്‍ വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമെ പുറത്തു ലഭ്യമായിട്ടുള്ളൂ. മണ്ഡലങ്ങളുടെ എണ്ണം കൊണ്ടും, പങ്കെടുത്ത വോട്ടര്‍മാരുടെ എണ്ണം കൊണ്ടും നമ്മുടെ ഏഷ്യാനെറ്റ് സ്പോണ്‍സേഡ് രണ്ട് സര്‍വ്വേകളേക്കാലും ബഹുദൂരം മുന്നില്‍ നില്കുന്ന IMEG സ്വീകരിച്ച രീതികൂടി ആദ്യമെ ഒരു താരതമ്യത്തിനു വേണ്ടി കൊടുക്കുന്നു, അതു അവരുടെ വെബ് സൈറ്റില്‍ നിന്നു തന്നെ ലഭിച്ചതാണ്. ഏഷ്യാനെറ്റിനു വേണ്ടി നടത്തിയ രണ്ട് സര്‍വ്വേകളുടെയും രൂപരേഖ നേരിട്ടു ലഭ്യമല്ലാതതിനാല്‍ മറ്റു റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു,

ഐ.മെഗ് സര്‍വ്വേയുടെ രീതി.

ആധാരം: IMEG വെബ് സൈറ്റ്

മൂന്ന് തരം സര്‍വ്വേകളുടെ pooled result ആണ് ഈ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം. ആദ്യത്തേതു, മുന്നണികളോടുള്ള കൂറും, കൂറ് മാറ്റവും അടങ്ങിയ swing സര്‍വ്വേയും രണ്ടാമത്തേത്, കേന്ദ്ര സംസ്ഥാന ഭരണങ്ങളെ കുറിച്ചുള്ള വോട്ടര്‍മാരുടെ അഭിപ്രായവും, വോട്ടര്‍മാര്‍ വായിക്കുന്ന പത്രങ്ങള്‍, വാര്‍ത്തകള്‍ കാണുന്ന ടെലിവിഷന്‍ ചാനലുകള്‍, ഇവയും വോട്ടര്‍മാരുടെ രാഷ്ട്രീയ ചായവും തമ്മിലുള്ള correlation ഉം, വോട്ടര്‍മാരുടെ കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ്‌ താല്‍പ്പര്യങ്ങളും അടങ്ങുന്നതുമാണ്. മൂന്നാമത്തെയിനം, നേരിട്ടുള്ള അഭിപ്രായ സര്‍വെയാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ റാണ്ടമായി തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും UDF, LDF, BJP, മറ്റു പ്രമുഖ കക്ഷികള്‍, ഇവരില്‍ ആര്‍ക്കാണ് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് രഹസ്യമായി രേഖപ്പെടുത്താന്‍ സ്ലിപ്പ് നല്‍കുകയും, പ്രസ്തുത സ്ലിപ്പില്‍ അഭിപ്രായം രേഖപ്പെടുത്തി സീല് ചെയ്തു പ്രത്യേകം തയ്യാറാക്കുന്ന കവറുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്, ഇതോടൊപ്പം തന്നെ, matching sample കളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും IMEG faculty അംഗങ്ങള്‍ നേരിട്ട് hit-and-run survey യും നടത്തി. ഇവ മൂന്നും ചേര്‍ന്നതാണ് സര്‍വ്വേ ഫലം.

മൂന്നു പഠനങ്ങളിലും കൂടി ആകെ 59,678 പേരെയാണ് സര്‍വെയില്‍ ഐമഗ് ടീം കണ്ടത്. ഈ പഠനങ്ങളിലെ സാംബ്ലിംഗ് എറര്‍ (SE) 2 ശതമാനമാണ് എന്നും നോണ്‍ സാംബ്ലിംഗ് എറര്‍ ഒരു ശതമാനമാണ് എന്നും കണക്കാക്കാം.

ഏഷ്യാനെറ്റ് - സി.ഈ.എസ്. സര്‍വ്വേയുടെ രീതി.

ആധാരം: Malayal.am വാര്‍ത്ത

സിസ്റ്റമാറ്റിക്‍ റാന്‍ഡം സാംപ്ലിങ് മെഥേഡ് ഉപയോഗിച്ച് 35 മണ്ഡലങ്ങളില്‍നിന്നായി 3625 പേരെ തെരഞ്ഞെടുത്താണ് സിഇഎസ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൂന്ന് പോളിങ് സ്റ്റേഷനുകളില്‍ നിന്നായി 105 പേരെ കൂടി പഠനത്തിനു വിധേയമാക്കി. പുതുക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമുള്ള കേരളസമൂഹത്തിന്റെ സാമൂഹ്യസാമ്പത്തിക ഘടനയുമായി 90 ശതമാനത്തിനു മുകളില്‍ ഒത്തുപോകുന്നവരാണിവര്‍ എന്നാണ് സിഇഎസ് സാക്ഷ്യപ്പെടുത്തുന്നത്. മോക്‍ ബാലറ്റിലൂടെയാണ് സമ്മതിദായകരുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചതെന്നും അവര്‍ പറയുന്നു. ജാതി, മതം, ലിംഗം, വര്‍ഗ്ഗപദവി എന്നിവ ഇനംതിരിച്ചുള്ള വിവരം ലഭ്യമാണെന്നും അവര്‍ പറയുന്നു.

ശാസ്ത്രീയമായ മാനദണ്ഡങ്ങളുപയോഗിച്ചാണ് പഠനവിധേയമായ മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തത്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് മാത്രമായി പരമ്പരാഗതമായി ചാഞ്ഞുനില്‍ക്കുന്ന നിരവധി മണ്ഡലങ്ങള്‍ കേരളത്തിലുള്ളതിനാല്‍ അവയ്ക്ക് പകരം മറ്റു മണ്ഡലങ്ങളെയാണ് കൂടുതലായി പരിഗണിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രാധാന്യം മൂലം പ്രത്യേക അക്കാദമിക്‍ താത്പര്യമുണര്‍ത്തുന്ന 3-4 മണ്ഡലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഫലം തയ്യാറാക്കുമ്പോള്‍ ഡേറ്റ കഴിയുന്നത്ര ശുദ്ധീകരിക്കാന്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ ശ്രമിച്ചിട്ടുണ്ടെന്നും, ഫലം എന്നതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നത് പ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ സമസ്യകളോടുള്ള കേരളസമൂഹത്തിന്റെ പ്രതികരണങ്ങള്‍ മാത്രമാണെന്നും സീറ്റ് പ്രവചനങ്ങളല്ല എന്നും അവര്‍ വിശദീകരിക്കുന്നു. പ്രവചനം എന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ വിജയിച്ച ഒരു പരീക്ഷണഭാഗം മാത്രമാണെന്നാണ് വിശദീകരണം.

ഏഷ്യാനെറ്റിന്റെ അനുമതിയില്ലാതെ പഠനവിവരങ്ങള്‍ പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച തീരുമാനമാകുമെന്നുമാണ് സിഇഎസ് പ്രതിനിധികളുടെ നിലപാട്. അതേ സമയം തങ്ങളുടെ പഠനകാലയളവില്‍ ഇത്രയും വിശദമായ പഠനം മറ്റാരും നടത്തിയിട്ടില്ലെന്നും ഡോ. ശ്യാംലാല്‍ അവകാശപ്പെടുന്നു. ഏഷ്യാനെറ്റ് - സിഫോര്‍ സര്‍വ്വേയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെല്ലാം തങ്ങളുടെ സര്‍വ്വേയില്‍ ഉണ്ടായിരുന്നതായും കൂടാതെ അമ്പതോളം മറ്റു ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നതായുമാണ് ഡോ. ശ്യാംലാല്‍ വെളിപ്പെടുത്തുന്നത്. സിഫോര്‍ നടത്തിയതായി അവകാശപ്പെടുന്ന സര്‍വ്വേ വാസ്തവത്തില്‍ സിഇഎസ് പഠനഫലങ്ങളെ ആശ്രയിച്ചായിരിക്കാനുള്ള സാധ്യതയിലേക്കാണ് ഈ അവകാശവാദം വിരല്‍ചൂണ്ടുന്നത്.

ഏഷ്യാനെറ്റ് - സി ഫോര്‍ ആദ്യ സര്‍വ്വേയുടെ രീതി

ആധാരം: ആര്‍ രാമകുമാര്‍ തന്റെ ബ്ലോഗ്‌

ഫെബ്രുവരി 27നും മാര്‍ച്ച് ഏഴിനും ഇടയ്ക്ക് നാല്പത് മണ്ഡലങ്ങളില്‍ നിന്നും റാന്‍ഡമായി തെരഞ്ഞെടുത്ത 6112 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണു് സര്‍വ്വേ നടത്തിയത്. സര്‍വ്വേയ്ക്കായി ഓരോ മണ്ഡലത്തിലും 5 അര്‍ബന്‍ 15 റൂറല്‍ തുടക്കസ്ഥാനങ്ങള്‍ തീരുമാനിച്ച്. റാന്‍ഡമായി ഒരു ദിശയില്‍ നിന്നും തുടങ്ങി "Right Hand Rule" പ്രകാരം ഓരോ പത്ത് വീടുകളില്‍ നിന്നും ഒരു വീട് തെരഞ്ഞെടുത്ത് അതില്‍ നിന്നും പതിനെട്ട് വയസ്സിനു മുകളിലുള്ള ഒരാളെയാണു ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നത്. അങ്ങിനെ മോത്തം 200 നഗര പ്രദേശങ്ങളൂം, 600 ഗ്രാമ പ്രദേശങ്ങളുലും സര്‍വ്വേ നടത്തിയിട്ടുണ്ട്. വിവിധ സമുദായങ്ങള്‍ കൃത്യമായി പ്രതിനിധീകരിക്കപ്പെടാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 95% കോണ്‍ഫിഡന്‍സ് ഇന്റര്‍വെല്ലില്‍ 1% പോയിന്റ് ആണു എറര്‍ മാര്‍ജിന്‍.

ഏഷ്യാനെറ്റ് - സി ഫോര്‍ രണ്ടാം സര്‍വ്വേയുടെ രീതി.

ലഭ്യമല്ല.

സി-ഫോര്‍ സര്‍വ്വേയുടെ ശാസ്ത്രീയതയും, ആഴവും, പരപ്പും

സി.ഇ.എസ്സിന്റെ സര്‍വ്വേ അവഗണിച്ചു, പകരം ഏഷ്യാനെറ്റ് കൊണ്ടാടിയ സി-ഫോര്‍ സര്‍വ്വേയിലെ ചില അവ്യക്തതകളെ പറ്റി പരിശോധിക്കാം.

  1. ഈ നാല്പത് മണ്ഡലങ്ങളും എന്തടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തുവെന്നോ, അതിന്റെ വിതരണം എങ്ങനെയാണന്നോ എന്നുള്ള വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. തങ്ങള്‍ക്കു താത്പര്യമുള്ള മുന്നണി സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുത്താല്‍ വിചാരിക്കുന്ന ഫലത്തിലെത്തിക്കാമെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതു വളരെ പ്രസക്തമാണ്.
  2. മേല്‍പ്പറഞ്ഞ പ്രകാരം സര്‍വ്വേ ചെയ്യുമ്പോള്‍ സാമുദായികപ്രാതിനിധ്യം എങ്ങനെ ഉറപ്പ് വരുത്തിയെന്ന ചോദ്യത്തിനും ഉത്തരമില്ല.
  3. സര്‍വ്വേയില്‍ നിന്നു ലഭിച്ച 4 ശതമാനം അധിക വോട്ട് സീറ്റുകളായി മാറ്റുമ്പോള്‍ പതിനാലു് മുതല്‍ മുപ്പത്തിനാലു് സീറ്റുകളുടെ വ്യത്യാസം വരെ വരാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനമെന്താണെന്ന വളരെ പ്രധാനപ്പെട്ട ചോദ്യവും അവശേഷിക്കുന്നു.
  4. വോട്ടര്‍മാര്‍ തീരുമാനം മാറ്റാനുള്ള സംഭാവ്യത തുടങ്ങിയ ഘടകങ്ങള്‍ കോണ്‍ഫിഡന്‍സ് ഇന്റര്‍വെല്‍ കാല്‍ക്കുലേറ്റ് ചെയ്യാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മൗനമാണു് മറുപടി.

ഈ സാധ്യതകള്‍ ഒക്കെ വിരല്‍ ചൂണ്ടുന്നത് ഒരു പ്രത്യേക ഫലം പ്രവചിക്കണമെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടീ കണക്കുകളില്‍ ചില നീക്കുപോക്കുകള്‍ നടത്തി എന്ന സാധ്യത തള്ളിക്കളയാവുന്നതല്ലെന്നാണു്.

ഇനി സി-ഫോറിന്റെ രണ്ടാമത്തെ സര്‍വ്വേയുടെ കാര്യമെടുക്കാം. അതിന്റെ രൂപരേഖയൊന്നും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ആദ്യസര്‍വ്വേയെപ്പറ്റി ലഭ്യമാക്കിയത്രയും പോലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല . വിഎസ്സിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനത്തിലെത്തിയ ശേഷം നടന്ന ഈ സര്‍വ്വേയില്‍ ആദ്യത്തേതിനെ അപേക്ഷിച്ച് 4 ശതമാനം കൂടുതല്‍ വോട്ട് യുഡിഎഫിനും 3 ശതമാനം കൂടുതല്‍ വോട്ടുകള്‍ എല്‍ഡിഎഫിനും കിട്ടിയെന്നു കാണാം. അങ്ങനെ കൂടുതലായി വന്നെന്ന് അനുമാനിക്കപ്പെടുന്ന ഈ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം; പക്ഷേ സീറ്റുകളുടെ പ്രവചനം നേരത്തെയുണ്ടായിരുന്ന യുഡിഎഫിനു് പതിനാലു മുതല്‍ മുപ്പത്തിനാലു വരെ കൂടുതല്‍ സീറ്റുകള്‍ എന്നതിനെ പെട്ടെന്ന് ഇരുപത് മുതല്‍ നാല്പത് വരെ എന്നാക്കിയിട്ടുണ്ട്. ഈ നിഗമനവും സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്തതാണു്.

ഈ രണ്ട് സി-ഫോര്‍ സര്‍വ്വേയിലും ഉള്ള മറ്റു പല പോരായ്മകളേയും, അവ തമ്മിലുള്ള വൈരുദ്ധ്യത്തേയും സാമുഹിക ശാസ്‌ത്രജ്ഞനായ ആര്‍ രാമകുമാര്‍ തന്റെ ബ്ലോഗില്‍ തുറന്നു കാണിക്കുന്നു.

ഇനി വെറും ഒരു ഫലപ്രവചനം മാത്രം പോരാ, "ആരാണ് കൂടുതല്‍ നല്ല മുഖ്യമന്ത്രി?", "എന്താണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം?" തുടങ്ങിയ (കൊള്ളിവെച്ചുള്ള) ചോദ്യങ്ങള്‍ കൂടി ഉള്‍പെട്ട ഒരു വലിയ സര്‍വ്വേ ആയതു കൊണ്ടാണോ സീ-ഫോര്‍ സര്‍വ്വേയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചത് എന്ന് സംശയിക്കാവുന്നതാണു. പക്ഷേ, സി.ഇ.എസ്സിന്റെ പ്രതിനിധിയായ ഡോ. ശ്യാംലാല്‍ അവകാശപ്പെടുന്നതു സി-ഫോര്‍ സര്‍വ്വേയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെല്ലാം തന്നെ തങ്ങളുടെ സര്‍വ്വേയില്‍ ഉണ്ടായിരുന്നെന്നും കൂടാതെ അമ്പതോളം മറ്റു ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്നുമാണ്.

മാര്‍ച്ച് എട്ടാം തീയതിയിലെ ആദ്യ ഫലപ്രഖ്യാപനത്തിന്റെ വീഡിയോ ഏഷ്യാനെറ്റിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.. ഫലങ്ങള്‍ മുഴുവന്‍ പറയുന്നതിനു മുമ്പെ തന്നെ ചില ചെറിയ സൂചനകള്‍ ഇട്ടു കൊടുത്തു ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെ ആദ്യമേ കുരുക്കാനുള്ള ശ്രമം പോട്ടെ. പക്ഷേ, പരിപാടിയുടെ തുടക്കത്തില്‍ തന്നെ സി-ഫോര്‍ എന്ന സ്ഥാപനത്തിന്റെ കഴിവിനെയും വിശ്വാസ്യതയേയും കുറിച്ചു അല്പം ചരിത്രവും ഒരുപാടു വാചകവും ചേര്‍ത്ത് ടി, എന്‍. ഗോപകുമാര്‍ (ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ്) എടുക്കാന്‍ ശ്രമിച്ച മുന്‍കൂര്‍ ജാമ്യം പിന്നീടു വന്ന ഈ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ ഒരു കുറ്റസമ്മതത്തിന്റെ ലക്ഷണം കാണിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍, കൂടുതല്‍ “സത്തു“ള്ളതുകൊണ്ടല്ല മറിച്ചു കൂടുതല്‍ “രുചി“യുള്ളതു കൊണ്ടാണ് സി.ഇ.എസ് സര്‍വ്വേക്കു പകരം, സി-ഫോര്‍ സര്‍വ്വേ ഏഷ്യാനെറ്റ് ആഘോഷിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആരോപണം ശരിയാണെങ്കില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യമാണു ഏഷ്യാനെറ്റ് ചെയ്തിരിക്കുന്നത്. മാധ്യമ മര്യാദകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് സ്വന്തം രാഷ്ട്രീയ,വാണിജ്യ താല്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ കൊടുക്കുകയാണോ ഒരു മാധ്യമം ചെയ്യേണ്ടത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണു്.

വാല്‍കഷണം: ഏതു സര്‍വ്വേയാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപെട്ടത്ത് എന്നൊരു പുതിയ സര്‍വ്വേ കൂടി നടത്താന്‍ ഏഷ്യാനെറ്റിനോടപേക്ഷ.

  • 1. There was a typing mistake here in the original version in which the percentages were correct but the seat predictions were mistakenly swapped. Please accept our apologies.