ജാഫര്‍ പനാഹി - ഇറാനിലെ വിമത ദൃശ്യങ്ങള്‍

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആണ്‍ വേഷത്തില്‍ വന്നതിനാല്‍ പിടിക്കപ്പെട്ട പെണ്ണിന് കക്കൂസില്‍ പോകണം. പക്ഷെ, ആണുങ്ങള്‍ക്ക് മാത്രമേ കക്കൂസുള്ളൂ ! കക്കൂസിലുള്ള ആണുങ്ങളെ മൊത്തം പുറത്തേക്ക് മാറ്റി പെണ്ണിനെ അങ്ങോട്ട്‌ കടത്തിവിടാന്‍ ശ്രമിക്കുംപോള്‍ ഉള്ള വെപ്രാളമാണ് ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഓഫ്‌സൈഡ് എന്ന സിനിമയിലെ തുടര്‍ന്ന് വരുന്ന രംഗങ്ങള്‍ . ഈ ഒറ്റ രംഗത്തിലൂടെ ഇറാനിലെ പൊതു രംഗത്ത് നിന്ന് സ്ത്രീകള്‍ എത്രത്തോളം നിഷ്കാസിതരായിരിക്കുന്നെന്നു ജാഫര്‍ പനാഹി കാണിക്കുന്നു. ഓഫ്‌സൈഡ് ഇറാനില്‍ നിരോധിക്കപെടുകയും ചെയ്തു.

തന്റെ സിനിമകളെ പ്രത്യക്ഷമായി തന്നെ സാമൂഹിക വിമര്‍ശനത്തിനു ഉപയോഗിച്ച ഒരു കലാകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയമാണ് പനാഹിയുടെ സ്ഥാനം. നിലനില്പിന് വേണ്ടിയും സെന്‍സര്‍ കത്രികയില്‍ നിന്ന് രക്ഷപ്പെടാനും വിമര്‍ശനങ്ങള്‍ വളരെ വിദഗ്ധമായി കുട്ടികളിലൂടെയും മറ്റും ഒളിച്ചു കടത്തുകയാണ് പൊതുവേ ഇറാനിയന്‍ സിനിമകള്‍ ചെയ്യാറുള്ളതെങ്കില്‍, പ്രശ്നങ്ങളെ നേരിട്ട് തന്നെ അഭിസംബോധന ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. പ്രശസ്തമായ വെനീസ് ചലച്ചിത്ര മേളയിലെ "Golden Lion" പുരസ്കാരം നേടിയ "The Circle" എന്ന സിനിമ ഇറാനിലെ നിശബ്ദരാക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ദുരവസ്ഥകളെ പ്രതീകങ്ങളിലൂടെയും പ്രത്യക്ഷമായും തുറന്നു കാട്ടുന്നു.

അന്ന് മുതലേ ഇറാനിലെ യാഥാസ്ഥിതിക മത ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി ആയിത്തീര്‍ന്നു പനാഹി. 2009-ഇലെ തെരഞ്ഞെടുപ്പില്‍ പുരോഗമന പക്ഷത്തിന്റെ സ്ഥാനാര്‍ഥി ആയി മത്സരിച്ച മിര്‍ ഹുസൈന്‍ മൌസവിയെ പിന്തുണച്ച അദ്ദേഹം, തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് ജനവിധി അട്ടിമറിച്ച നിലവിലെ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തു. തുടര്‍ന്ന് 2009 ജൂലൈ 30 ഇന് പനാഹി അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യം വിട്ടു പോകില്ല എന്ന ഉപാധിയോടെ വിട്ടയച്ചെങ്കിലും, 2010 മാര്‍ച്ച്‌ ഒന്നിന് വീണ്ടും പനാഹി ജയിലഴികള്‍ക്കുള്ളില്‍ അടക്കപ്പെട്ടു, വ്യക്തമായ യാതൊരു കുറ്റാരോപണമോ വിചാരണയോ കൂടാതെ തന്നെ. ആ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയിലെ ജൂറി ആയിരുന്ന പനാഹിക്ക് ഉള്ള കസേര പ്രതീകാത്മകമായി ഒഴിചിട്ടത് ഉള്‍പ്പെടെ ലോകമാകെ ഉള്ള സിനിമാ പ്രവര്‍ത്തകര്‍ പ്രതീഷധവുമായി രംഗതെത്തി.

അതെ തുടര്‍ന്ന് കൂടുതല്‍ വലിയ ഉപാധികളോടെ ജയില്‍ വിമോചിതനായെങ്കിലും വിചാരണ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. "രാജ്യ സുരക്ഷക്കും, രാഷ്ട്രത്തിന്റെ ആശയങ്ങള്‍ക്കും എതിരെ ബോധപൂര്‍വ്വമായ ഗൂഡാലോചന നടത്തിയതിനു" ഈ ഡിസംബര്‍ 20 ഇന് കോടതി ആറ് വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരിക്കുന്നു. ഒപ്പം, ഇനി 20 വര്‍ഷങ്ങള്‍ സിനിമ സംവിധാനം ചെയ്യുന്നതിനോ, സ്ക്രിപ്റ്റ് എഴുതുന്നതിനോ അദ്ദേഹത്തിനു അനുവാദമില്ല!. തന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ ഒരു സമയത്തില്‍ എത്തി നില്‍ക്കുന്ന ഈ കലാകാരന് കിട്ടാവുന്ന ഏറ്റം ക്രൂരമായ ശിക്ഷ!

വ്യവസ്ഥിതികള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍, വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവര്‍, ഇവരെല്ലാം ഭരണകൂട ഭീകരത വേട്ടയാടുന്നത് പതിവ് കാഴ്ചയാകുന്ന പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോവുന്നത്. ജൂലിയന്‍ അസ്സാന്ജെയും, ജാഫര്‍ പനാഹിയും ഏറ്റവും ഒടുവില്‍ ബിനായക് സെന്നും തുറുങ്കില്‍ അടക്കപ്പെടുമ്പോള്‍, പരാജയപ്പെടുന്നത് ജനാധിപത്യ സമൂഹം തന്നെയാണ്. പ്രതികരിക്കുക തന്നെ ആണ് പോംവഴി. "ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവുകളും അടിമത്തത്തിന്റെതാണ്". ഇറാന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, അവിടത്തെ ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണക്കേണ്ടതിനെക്കുറിച്ചു നമ്മെ ഓര്‍മിപ്പിക്കുന്നു പനാഹി.