ഒബാമ കീഴടക്കുന്ന ഇന്ത്യ

ബരാക്ക് ഒബാമ വന്നു, കണ്ടു, കീഴടക്കി. സാമ്രാജ്യത്വം എന്ന വാക്ക് കേട്ടാല്‍ അരിശം വരുന്ന, അതെല്ലാം "ഇടതന്മാരുടെ ഒരു തരം അപകര്‍ഷതാബോധമായി" ചിത്രീകരിക്കുന്ന രാഷ്ട്രീയ പണ്ഡിതന്മാരും മുഖ്യധാര മാധ്യമങ്ങളും ഒന്നടങ്കം ഐക്യ രാഷ്ട്ര സഭയില്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം, ഐ. ടി. കരാറുകള്‍ എന്നൊക്കെ പറഞ്ഞു ഈ നയതന്ത്ര സര്‍ക്കസിനെ വെള്ള പൂശാന്‍ ശ്രമിക്കുകയാണ്. പത്രത്തിന്റെയും ചാനലിന്റെയും ഏതെങ്കിലും ഒരു കോണില്‍ എസ്. എഫ്. ഐ. ക്കാരെയും ഭോപാല്‍ ഗ്യാസ് ദുരന്ത ബാധിതരെയും ഒതുക്കിയാലല്ലേ കുട്ടികളോടൊപ്പം നൃത്തം വെക്കുന്ന മിശേലിനേം ബരാക്കിനേം കുറിച്ച് എഴുതി പിടിപ്പിക്കനാകൂ.

പ്രൊഫസര്‍ വിജയ്‌ പ്രഷാദ് "ഡെമോക്രസി നൌ" ഇന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാണ്.

ഈ നയതന്ത്ര സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ മുഖം ഏതാനും മാസങ്ങള്‍ക്കകം ആയുധ കരാറുകള്‍, സൈനിക ഉടമ്പടികള്‍, ആഡംബര വസ്തുക്കളുടെ ഇറക്കുമതി, വിദേശ നയങ്ങളില്‍ അമേരിക്കന്‍ പാദ സേവ എന്നീ രൂപങ്ങളില്‍ തെളിയും. ഒരു ഏതാണ്ട് വ്യാപ്തി മനസ്സിലാക്കാന്‍ വൈറ്റ് ഹൌസ് പ്രസ്‌ റിലീസ് കാണുക. ഒബാമയ്ക്ക് അകമ്പടി സേവിക്കുന്ന 200 ഓളം സി. ഇ. ഓ. മാര്‍ക്ക് 40,000 കോടി രൂപയുടെ കച്ചവടത്തില്‍ തന്നെ കണ്ണ് എന്നതില്‍ സംശയമില്ല.

തികച്ചും വിചിത്രമെന്തെന്നു വെച്ചാല്‍ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ ഒബാമ വിരുദ്ധ തരംഗം ഉണ്ടാക്കാന്‍ പണം വാരി എറിഞ്ഞ അതെ വിഭാഗം തന്നെ ആണ് ഈ അമേരിക്കന്‍ വ്യവസായ പ്രമുഖര്‍ എന്നതാണ്! വിശന്നു വലഞ്ഞിരിക്കുന്ന തെക്കനേഷ്യന്‍ ജനതയെ നോക്കി "ഇന്നാ വാങ്ങിക്കോ അമേരിക്കന്‍ നിര്‍മ്മിത തോക്കും ടാങ്കും യുദ്ധകപ്പലും" എന്ന് പറയുന്ന ഈ മനുഷ്യനെ ആണല്ലോ ചിലരൊക്കെ സോഷ്യലിസ്റ്റ്‌ എന്ന് വിളിചു അപമാനിച്ചത്. കഷ്ടം!