ഐ.വി.ദാസ് ഓര്‍മയായി.....

തിരുവനതപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് അദ്ദേഹത്തെ ആദ്യമായി പരിചയപെടുന്നത്. ബോറടി മാറ്റാന്‍ ആ യാത്രയില്‍ കയ്യിലെടുത്തത് ഹിറ്റ്‌ലറുടെ ആത്മകഥ "മെയിന്‍ കാഫ്" ആയിരുന്നു.. പബ്ലിക് ലൈബ്രറിയുടെ മുന്നിലെ സെക്കന്റ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളുടെ വില്പനയില്‍ നിന്ന് അത്തവണ കിട്ടിയത്... ഇടക്കെപ്പോഴോ പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ മുന്‍പില്‍ പ്രായം ചെന്ന ഒരു മുഖം, സാകൂതം നോക്കിയിരുപ്പുണ്ട്, കണ്ണില്‍ ചെറിയൊരു പുഞ്ചിരിയുമായി. "എന്ത് പറയുന്നു ഹിറ്റ്‌ലര്‍?" എന്നൊരു ചോദ്യം. എതിര്‍ക്കുമ്പോഴും അവര്‍ക്ക് പറയാനുള്ളത് എന്തായിരിക്കുമെന്ന കൌതുകം കാരണം വായിക്കാന്‍ എടുത്തതാണെന്നു പറഞ്ഞപ്പോളും വിടാന്‍ ഭാവമില്ല. "എന്തിനാ ഹിറ്റ്‌ലറെ എതിര്‍ക്കുന്നത്" എന്നായി അടുത്ത ചോദ്യം. ചോദ്യങ്ങളും ഉത്തരങ്ങളുമായപ്പോള്‍ പരിചയപ്പെട്ടു. പേര് ഐ.വി.ദാസ് എന്നാണെന്നും ദേശാഭിമാനിയില്‍ ആണ് ജോലിയെന്നും പറഞ്ഞു. ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ "ഒരുപാട് വായിക്കാറുണ്ടോ?" എന്നായി ചോദ്യം... മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ഇപ്പൊ അധ്യാപകനാണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താല്പര്യമായി. ഏറെ നേരം സംസാരിച്ചിരുന്നു... വിദ്യാര്‍ഥി ജീവിതത്തെപ്പറ്റി, അധ്യാപകനാകുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചപ്പാടുകളെപ്പറ്റി,... ഹിറ്റ്‌ലറെയും മാര്‍ക്സിസത്തെയും പറ്റി... ഒടുവില്‍ അത് നാട്ടുകാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും എത്തി.. ചെറു പുഞ്ചിരിയോടെ പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറയുന്നത് കേട്ടിരിക്കുമ്പോള്‍ എത്രയോ വര്‍ഷം പരിചയമുള്ള ഒരാളെപോലെ.... ആശയങ്ങളെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ സൌമ്യമെങ്കിലും വാക്കുകള്‍ക്ക് ആധികാരികതയുടെ ഉറപ്പ്. രാവിലെ തലശേരിയില്‍ ഇറങ്ങി പിരിയുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല.

പിന്നെയും രണ്ടു മൂന്നു യാത്രകളില്‍ അദ്ദേഹം സഹയാത്രികനായിരുന്നു.. സഹകരണമേഖലയെപ്പറ്റിയും ഗ്രന്ഥശാലാസംഘത്തെപ്പറ്റിയും അദ്ദേഹം വാചാലനാകുമായിരുന്നു. സാഹിത്യ പ്രവര്‍ത്തനവും അധ്യാപനവും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ട് പോകേണ്ടതിനെപ്പറ്റി... ഗ്രന്ഥശാലകള്‍ വഴി ഒരു കാലത്ത് സമൂഹത്തില്‍ രാഷ്ട്രീയബോധം പകര്‍ന്നതിന്നെപ്പറ്റി...യുവതലമുറ ഇതിനോടെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നതിനെപ്പറ്റി..ഇന്ന് അതേ സ്ഥലങ്ങളില്‍ തന്നെ വായനശാലകള്‍ ഊര്‍ധ്വന്‍ വലിക്കുന്നു. വായനയിലും എന്തിന്‌ പൊതുസമൂഹത്തില്‍ത്തന്നെ ആള്‍ക്കാര്‍ക്ക് താല്പര്യം കുറയുന്നു....

തലശ്ശേരിയില്‍ ഇറങ്ങി പിരിയുമ്പോള്‍ പതിവ് പോലെ വീട്ടിലേക്ക് ക്ഷണിക്കും. അധികം ദൂരമൊന്നുമില്ലല്ലോ, ഒന്ന് വന്നുകൂടെ എന്നാകും അവസാനം... എന്തായാലും ഒരു ദിവസം വരാമെന്ന് വാക്ക് കൊടുത്ത് ഞാനും യാത്രയാകും..

പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹത്തിന്‍റ്റെ ക്ഷണം സ്വീകരിച്ചു ആ വീട്ടില്‍ പോകാനോ, എന്തിന്‌ അവിടുത്തെ ഗ്രന്ഥശാല സന്ദര്‍ശിക്കാനോ സാധിച്ചില്ല. അലസതയും പിന്നെ തിരക്കും... ഞാന്‍ ജോലി ചെയ്യുന്ന കോളേജില്‍ ഏതെങ്കിലുമൊരു പരിപാടിക്ക് അദ്ദേഹത്തെ പങ്കെടുപ്പിക്കണമെന്നു ആഗ്രഹിച്ചിരുന്നെങ്കിലും അതും നടന്നില്ല... വര്‍ഷങ്ങള്‍ക്കിപ്പുറം, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറത്ത് നിന്ന്, ഇന്‍റര്‍നെറ്റില്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിക്കുമ്പോള്‍, ഉള്ളിലെവിടെയോ........