മഞ്ഞള്‍ പോലെ വെളുത്ത ധവളപത്രം

കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച്, ബഹുമാനപ്പെട്ട ധനമന്ത്രി കെ.എം. മാണി ഇന്ന് ധവളപത്രം പുറത്തിറക്കുകയുണ്ടായി. 10197 കോടി രൂപയുടെ കമ്മിറ്റഡ്‌ ചെലവുകള്‍ക്കായി 5133 കോടി രൂപയേ വകയിരുത്തിയിട്ടുളളൂ എന്നാണ്‌ ധവളപത്രത്തിലെ ഗൗരവമായ ആരോപണം. ഏപ്രില്‍ 1-ന്റെ ട്രഷറി മിച്ചം 3884 കോടി രൂപയായിരുന്നു എന്ന്‌ ധവളപത്രം സമ്മതിക്കുന്നുണ്ട്‌. തലേവര്‍ഷം കൊടുത്തു തീര്‍ക്കേണ്ട കുറച്ചു ഡ്രാഫ്‌റ്റുകള്‍ ഏപ്രില്‍ മാസത്തിലാണ്‌ മാറിക്കൊടുക്കുക. ഇതിനു വേണ്ടി വരുന്ന തുക മാറ്റിവെച്ചാല്‍ പോലും ചുരുങ്ങിയത്‌ 2500 കോടിയെങ്കിലും ട്രഷറിയില്‍ മിച്ചമായി പുതിയ ധനമന്ത്രിയ്‌ക്ക്‌ കിട്ടിയിട്ടുണ്ട്‌. എന്നാല്‍ 2011-12 വര്‍ഷത്തെ കണക്കില്‍ വര്‍ഷാരംഭ രൊക്കബാക്കിയായി ധനമന്ത്രി 175 കോടിയേ വകയിരുത്തിയിട്ടുളളൂ. അതുപോലെ തന്നെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി 2010-11നെ അപേക്ഷിച്ച്‌ 6518 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്‌. 3500 കോടിയിലപ്പുറം ഈ വര്‍ഷം അധികമായി ചെലവാകുമോ? ചെലവാകുന്നതില്‍ തന്നെ ശമ്പളക്കുടിശിക പി.എഫി.-ല്‍ ലയിപ്പിച്ച്‌ ട്രഷറിയില്‍ നിക്ഷേപിക്കുകയല്ലേ ചെയ്യുക. പക്ഷേ, 2700 കോടി രൂപയല്ലേ പബ്ലിക്‌ അക്കൗണ്ടില്‍ വരുമാനമായി ഉള്‍പ്പെടുത്തിയിട്ടുളളൂ. ചുരുക്കത്തില്‍ തിരുത്തല്‍ ബജറ്റില്‍ പോലും ശമ്പളയിനത്തില്‍ 2000 കോടി രൂപയുടെയെങ്കിലും കുഷ്യനുണ്ട്‌. ഇതിനു പുറമെയാണ്‌ കമ്മിറ്റഡ്‌ ബാധ്യത 10000 കോടിയിലെത്തിക്കാന്‍ വേണ്ടി ഹൗസിംഗ്‌ ബോര്‍ഡ്‌, കെ.എസ്.ആര്‍.ടി.സി., സംസ്ഥാന സഹകരണബാങ്ക്‌ എന്നിവയുടെ കടം വീട്ടാനുളള പണം കൂടി ഈ വര്‍ഷത്തെ ബാധ്യതയായി ഉള്‍പ്പെടുത്തിയിട്ടുളളത്‌. ചുരുക്കത്തില്‍ ട്രഷറിയില്‍ ഒരു സ്‌തംഭനവും ഉണ്ടാക്കാതെ തന്നെ കമ്മിറ്റഡ്‌ ബാധ്യതകള്‍ക്കു നല്‍കാനുളള കുഷ്യന്‍ ബജറ്റിലുണ്ട്‌. ഇല്ല എന്നാണ്‌ കെ.എം. മാണി വാദിക്കുന്നതെങ്കില്‍ തിരുത്തല്‍ ബജറ്റിനെ അദ്ദേഹം തന്നെ തളളിപ്പറയുകയാണ്‌. 5000 കോടി കൂടി റവന്യൂ കമ്മി വരുന്ന ബജറ്റാണ്‌ തന്റേതെന്ന്‌ അദ്ദേഹം തുറന്നു സമ്മതിക്കണം. കെ.എം. മാണിയുടെ ധവളപത്രം അദ്ദേഹത്തെ തന്നെയാണ്‌ പ്രതിക്കൂട്ടിലാക്കുന്നത്‌.

ധവളപത്രത്തിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം പറയുന്ന "ബെല്‍ട്ടു മുറുക്കല്‍" 2001-ല്‍ എ.കെ. ആന്റണിയുടെ ധവളപത്രം ആഹ്വാനം ചെയ്‌ത “മുണ്ടു മുറുക്കല്‍” പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. ഈ നയമാണ്‌ നടപ്പാക്കുന്നതെങ്കില്‍ ഈ യു.ഡി.എഫ്‌. സര്‍ക്കാരിനും മുന്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ഗതി തന്നെയാവും ഫലമെന്നു തീര്‍ച്ചയാണ്‌. മാണിയുടെ ധവളപത്രത്തിന്റെ ലക്ഷ്യം യാഥാസ്ഥിതിക ധനനയങ്ങള്‍ വീണ്ടും കേരളത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്‌. ധവളപത്രത്തിന്റെ പേജ്‌ 13-ല്‍ നല്‍കിയിരിക്കുന്ന മുഖ്യധനകാര്യ സൂചികങ്ങളുടെ 2000-01/2009-10 കാലയളവിലെ കണക്കുകള്‍ എല്ലാം തെളിയിക്കുന്നത്‌ മുന്‍ യു.ഡി.എഫ്.സര്‍ക്കാരിനെ അപേക്ഷിച്ച്‌ കേരളത്തിന്റെ സ്ഥിതി കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണകാലത്ത്‌ വളരെയേറെ മെച്ചപ്പെട്ടു എന്നു തന്നെയാണ്‌. ലളിതമായ ശരാശരി എടുത്താല്‍ യു.ഡി.എഫ്.ഭരണകാലത്ത്‌ റവന്യൂകമ്മി 3.45 ശതമാനമായിരുന്നത്‌ എല്‍.ഡി.എഫ്. ഭരണകാലത്ത്‌ 1.97 ശതമാനമായി താഴ്‌ന്നു.

null

ധനക്കമ്മി 4.49 ശതമാനത്തില്‍ നിന്ന്‌ 3.13 ശതമാനമായി താഴ്‌ന്നു. യു.ഡി.എഫ്.ഭരണകാലത്ത്‌ ധനക്കമ്മിയുടെ 77 ശതമാനമായിരുന്ന റവന്യൂ കമ്മി എല്‍.ഡി.എഫ്. ഭരണകാലത്ത്‌ 63 ശതമാനമായി താഴ്‌ന്നു. അതായത്‌ കടം വാങ്ങി റെവന്യൂ ചെലവ്‌ നടത്തുന്ന പ്രവണത കുറച്ചു കൊണ്ടുവരാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. യു.ഡി.എഫ്. ഭരണകാലത്ത്‌ മൂലധനച്ചെലവ്‌ 2000-01ല്‍ 848 കോടി ആയിരുന്നത്‌ 2005-06ല്‍ 1104 കോടിയായി 30 ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌. എന്നാല്‍ 2010-11ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 3193 കോടി രൂപയായി 189 ശതമാനമാണ്‌ ഉയര്‍ന്നത്‌. കേരളചരിത്രത്തില്‍ ഏറ്റവും കുറവ്‌ വര്‍ദ്ധന സര്‍ക്കാര്‍ വരുമാനത്തിലും ചെലവിലും ഉണ്ടായ കാലയളവാണ്‌ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലം. സംസ്ഥാന രൂപീകരണത്തിനു ശേഷമുളള 4 ദശകങ്ങളില്‍ സര്‍ക്കാര്‍ റെവന്യൂ ചെലവ്‌ 14-17 ശതമാനം വേഗതയിലാണ്‌ വളര്‍ന്നത്‌. 2000-01/2005-06 ല്‍ 9.5 ശതമാനം മാത്രമായിരുന്നു വര്‍ദ്ധന. 2005-06/2010-11 കാലത്ത്‌ വര്‍ദ്ധന 13.2 ശതമാനം. ചെലവുകള്‍ ഉയര്‍ന്നിട്ടും കമ്മി കുറഞ്ഞു. ഇതിനു കാരണം ധവളപത്രത്തിലെ കണക്കുകള്‍ തെളിയിക്കുന്നതു പോലെ സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനം കൂടുതല്‍ വേഗതയില്‍ ഉയര്‍ന്നതു മൂലമാണ്‌. യഥാര്‍ത്ഥത്തില്‍ യു.ഡി.എഫ്. കാലത്തെ അപേക്ഷിച്ചു കേന്ദ്രസഹായം വളരെ ചെറിയ തോതിലുളള വര്‍ദ്ധന മാത്രമാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ഉണ്ടായത്‌. സംസ്ഥാനം കടക്കെണിയിലാണെന്ന വാദം ധവളപത്രം ഉപേക്ഷിച്ചിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കടഭാരം കൂടുതലാണെന്നും പലിശച്ചെലവ്‌ ഉയര്‍ന്നതാണെന്നും കടത്തിന്റെ ഘടന ആശങ്കയുണ്ടാക്കുന്നുവെന്നും മറ്റുമാണ്‌ പറയുന്നത്‌. പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്‌. പക്ഷേ, പ്രസക്തമായ ചോദ്യം യു.ഡി.എഫ്. ഭരണകാലത്തെ അപേക്ഷിച്ച്‌ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവോ ഇല്ലയോ എന്നതാണ്‌. ഇതിന്‌ ധവളപത്രം തന്നെ മറുപടി നല്‍കുന്നുണ്ട്‌. കടഭാരം യു.ഡി.എഫ്. ഭരണകാലത്ത്‌ സംസ്ഥാന വരുമാനത്തിന്റെ 32.9 ശതമാനത്തില്‍ നിന്ന്‌ 33.56 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ എല്‍.ഡി.എഫ്. ഭരണകാലത്ത്‌ 2010-11ല്‍ ഇത്‌ 29.5 ശതമാനമായി താഴ്‌ന്നു. പലിശച്ചെലവ്‌ യു.ഡി.എഫ്. ഭരണകാലത്ത്‌ റവന്യൂ വരുമാനത്തിന്റെ 26.45 ശതമാനമായിരുന്നത്‌ എല്‍.ഡി.എഫ്. ഭരണകാലത്ത്‌ 20.70 ശതമാനമായി താഴ്‌ന്നു.

ധവളപത്രത്തിന്റെ രണ്ടാം ഭാഗമാണ്‌ നിരുത്തരവാദപരമായ ധനമാനേജ്‌മെന്റ്‌ സംബന്ധിച്ച ആരോപണങ്ങള്‍ നിരത്തിയിട്ടുളളത്‌. എല്‍.ഡി.എഫ്. ഭരണകാലത്ത്‌ ബാലന്‍സ്‌ ഫ്രം കറണ്ട്‌ റവന്യൂ (നിലവിലുളള റവന്യൂ വരുമാനത്തില്‍ നിന്ന്‌ നിലവിലുളള റെവന്യൂ ചെലവ്‌ കിഴിച്ചാല്‍ പദ്ധതിയായി നീക്കിവെയ്‌ക്കാന്‍ പണം) ഇല്ലെന്നു മാത്രമല്ല, ബാധ്യത ആസ്‌തികളുടെ 4-5 മടങ്ങ്‌ ആയിരുന്നു. അത്‌ ഇപ്പോള്‍ 2 മടങ്ങായി താഴ്‌ന്നു. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഫിനാന്‍സ്‌ കമ്മിഷന്റെ ധനകാര്യ ടാര്‍ജറ്റില്‍ എത്താത്തതു കൊണ്ട്‌ 812 കോടി നഷ്‌ടപ്പെട്ടു എന്നാണ്‌ മറ്റൊരു ആരോപണം. ധനകാര്യ ടാര്‍ജറ്റുകള്‍ കൈവരിക്കാന്‍ കഴിയില്ല എന്ന്‌ ആദ്യം പറഞ്ഞത്‌ യു.ഡി.എഫ്. സര്‍ക്കാരാണ്‌. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ 12-ാം ധനകാര്യ കമ്മിഷനു നല്‍കിയ മെമ്മോറാണ്ടത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്കു കൈമാറേണ്ടുന്ന പണത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നതിനെ എതിര്‍ക്കുന്നതിനു പകരം നിയോ ലിബറല്‍ നയങ്ങളുടെ സ്തുതിപാഠകനായി മാറിയിരിക്കുകയാണ്‌ കെ.എം. മാണി.

  1. റിപ്പോര്‍ട്ടര്‍ ചാനലില്‍ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി കെ.എം. മാണിയുമായി നടത്തിയ അഭിമുഖം. ഭാഗം 1 / ഭാഗം 2 / ഭാഗം 3

  2. ധവളപത്രത്തിന്റെ ഓണ്‍ലൈന്‍ കോപ്പി ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.