ഒരുലക്ഷം കോടിക്കുടമകളിലൊരുവന്‍ കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം

ഒരുലക്ഷം കോടിക്കുടമയിലൊരുവന്‍ ( തിരുവിതാംകൂര്‍ പ്രജ) കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം.

ബഹുമാനപ്പെട്ട ശ്രീ ജഗന്നാഥന്‍ നമ്പൂതിരി തിരുമനസ്സ് വായിച്ചറിയാന്‍,

അങ്ങുന്നേ,

താങ്കള്‍ ഇപ്പോള്‍ ഗ്രീസിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരിക്കുമെന്നറിയാം. പൊളിച്ചുവില്‍‌‌ക്കാന്‍ വെച്ചിരിക്കുന്നവ മൊത്തവിലയ്ക്ക് വാങ്ങി പൊളിക്കാതെ കാത്ത് സൂക്ഷിക്കുകയും മുടങ്ങിക്കിടന്ന ഉല്‍സവങ്ങള്‍ നടത്തിക്കളയുകയും ചെയ്യുക എന്നത് താങ്കളുടെ ഹോബിയാണല്ലോ. അല്ലെങ്കിലും ഗ്രീസുകാര്‍ക്കങ്ങനെത്തന്നെ വേണം. സോഷ്യലിസത്തെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതല്ലേ! അന്നേ ഞങ്ങള്‍ പറഞ്ഞതാണ് സോഷ്യലിസം വേണ്ടാ രാജഭരണം മതി എന്ന്. സോഷ്യലിസം വരും മുന്‍പേ ഭരിച്ച് മുടിച്ച കാപ്പിറ്റലിസമാണ് ഗ്രീസിന്റെ പണി തീര്‍ത്തതെന്നൊക്കെ അസൂയക്കാരു പറയും. അല്ലെങ്കില്‍ തന്നെ കാപ്പിറ്റലിസ്റ്റുകളോട് നമ്മള്‍ക്ക് പണ്ടേ വിരോധമൊന്നുമില്ല. കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങിയ വാസ്കോഡഗാമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച സാമൂതിരി തമ്പുരാന്‍ ഗാമയുടെ ജയന്‍ മോഡല്‍ ഷര്‍ട്ടിന്റെയും പാന്റ്സിന്റെയും എണ്ണിയാലൊടുങ്ങാത്ത കീശകളില്‍ മുഴുവന്‍ കുരുമുളകും നിറച്ച്കൊടുത്താണ് തിരിച്ച് യാത്രയാക്കിയതെന്ന് വില്യം ലോഗന്‍ സായ്‌‌വ് മലബാര്‍ മാന്വലീഴെതീട്ടുണ്ടെന്ന് വിവരമുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട് (വിക്കിപ്പിഡീയ തിരുത്താനൊഴിച്ച് അക്ഷരം പണ്ടേ നമുക്ക് വിരോധമായതിനാല്‍ ഇതുപോലുള്ളവയൊന്നും തുറന്ന് വായിച്ചങ്ങനെ നോക്കാറില്ല).

വിഷയം അതല്ല. ഇരുന്നൂറ്റമ്പത് കോടിയുണ്ടെങ്കില്‍ കേരള സംസ്ഥാനം മൊത്തം വാങ്ങിച്ചു കളയാം എന്ന് തമ്പുരാന്‍ പണ്ടൊരു സുഹൃത്തിനോട് വീമ്പിളക്കുക ഉണ്ടായല്ലോ. അതിനി നടപ്പില്ല. ഒറ്റ രാത്രി കൊണ്ട് തിരുവിതാംകൂറുകാര്‍ കുഴിച്ചെടുത്തത് ഒന്നും രണ്ടുമല്ല ഏതാണ്ട് രൂപാ ഒരു ലക്ഷം കോടിയുടെ സ്വത്തുക്കളാണ്. പണ്ട് നാടുവാഴും തിരുമനസും പിള്ളമാരും കൂടിച്ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയ കാശാണ് പത്തായപ്പുരയില്‍ നിന്ന് കണ്ടെടുത്തതെന്നൊക്കെ ആക്ഷേപമുണ്ട്. അത് കമ്യൂണിസ്റ്റുകാരു പറഞ്ഞുണ്ടാക്കുന്നതാകാനേ വഴിയുള്ളൂ. രാജഭരണമെന്നാല്‍ സ്വതന്ത്രസുന്ദരസോഷ്യലിസ്റ്റ് പുണ്യഭൂമി ആയിരുന്നെന്ന് ആര്‍ക്കാണറിയാത്തത്? രാഷ്ട്രീയക്കാര്‍ അഴിമതി നടത്തിയ കാശു സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചുണ്ടെന്നും അതെല്ലാം പിടിച്ചെടുത്ത് ഇന്ത്യാമഹാരാജ്യത്തിലേക്ക് വക കൂട്ടണമെന്നും ഫേസ്ബുക്കിലൂടെ വിപ്ലവം നടത്തുന്ന കൂട്ടര്‍ മുന്‍പ് വാദിച്ചിരുന്നെങ്കിലും പത്തായപ്പുരയില്‍ നിന്നും കണ്ടെടുത്തതത്രയും വെള്ളപ്പണമാണെന്ന കാര്യത്തില്‍ അവര്‍ക്കും സംശയമൊന്നുമില്ല. സ്വിസ് ബാങ്ക് അകൗണ്ട് തുറക്കാന്‍ അന്തക്കാലത്ത് സൗകര്യമില്ലാഞ്ഞതിനാലാണ് പത്തായത്തില്‍ പൂട്ടി സൂക്ഷിച്ചത് എന്നും ചിലര്‍ ഇല്ലാവര്‍ത്താനം പറഞ്ഞ് പരത്തുന്നുണ്ട്.അതിപുരാതനകാലത്ത് - എന്നു വെച്ചാല്‍ ബിബിസി റേഡിയോ‌വില്‍ ക്രിക്കറ്റ് കമന്ററി സംപ്രേഷണം ചെയ്തു തുടങ്ങുന്നതിനും മുമ്പ് - സര്‍ ചാത്തുവിനു വരെ സ്വിസ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നുവെന്ന് ചരിത്രപുസ്തകങ്ങള്‍ പറയുന്നുണ്ട്. സ്വിസ് ബാങ്കിലിടാതെ പണം മൊത്തം നിലവറയില്‍ സൂക്ഷിച്ചത് ജനങ്ങളെ ഉദ്ധരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് മലയാളികള്‍ക്കെല്ലാമറിയാം. അന്തക്കാലത്ത് പണിയെടുക്കുന്ന അടിയാളന്മാരു വല്ലതും പട്ടിണി കിടന്നെങ്കില്‍ തന്നെ അത് വല്ല മുസ്ലീം സുല്‍ത്താന്മാരും അമ്പലം കൊള്ളയടിച്ചത് കാരണമാവാനേ വഴിയുള്ളൂ.

ഇതിലിപ്പോള്‍ എനിക്കെന്താണ് കാര്യമെന്ന് തമ്പുരാന്‍ ചിന്തിക്കുന്നുണ്ടാവുമെന്നറിയാം. കാര്യമുണ്ട്. കേരളം ഇന്ത്യയില്‍ നിന്നും വേറിട്ട് സ്വതന്ത്ര്യമായൊരു രാജ്യമാക്കണമെന്ന് ഞങ്ങളില്‍ ചിലര്‍ക്ക് ആഗ്രഹമില്ലാതല്ല. പണ്ട് വല്ലഭഭായി പട്ടേലരോട് പലവട്ടം മഹാരാജാവ് തിരുമനസ് പറഞ്ഞതാണ് ഞങ്ങടെ തിരുവിതാംകൂര്‍ നെഹ്രുവിനു ഭരിക്കാന്‍ തരത്തില്ല എന്ന്. അന്ന് പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് (പേടിച്ചിട്ടാണെന്ന് കോണ്‍ഗ്രസുകാരും ലാപ്പിയര്‍ - കോളിന്‍സ് സായിപ്പന്മാരും പറയുമെങ്കിലും) തിരുവുള്ളം മാറ്റിക്കളയുകയായിരുന്നു. ഏതായാലും ഇന്നിപ്പോള്‍ ഒരു സ്വതന്ത്ര്യ കേരള മഹാരാജ്യം പടുത്തുയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. അമ്പതിനായിരം കോടി ഉറുപ്യയും, കെട്ടിവെയ്കാന്‍ ആവശത്തിനു സ്വര്‍ണവും പത്തായപ്പുരയില്‍ നിന്നും കിട്ടിയിട്ടുണ്ടല്ലോ. ഐ.എം.എഫുകാരു നമ്മളെയും തേടിയിങ്ങ് വരുമെന്നും നമ്മടെ പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ നമുക്കിപ്പോള്‍ സ്വര്‍ണം ബാക്കിയില്ലെന്നും ഇനി നമ്മള്‍ പേടിക്കേണ്ട സ്വതന്ത്ര്യരാജ്യം തീര്‍ക്കാനായി വല്ല സൗകര്യത്തിന്റെയോ വിമാനത്താവളത്തിന്റെയോ പാര്‍ലമെന്റ് കെട്ടിടത്തിന്റെയോ കുറവുണ്ടെങ്കില്‍ തമ്പുരാന്‍ ഗ്രീസില്‍ നിന്ന് വരുമ്പോള്‍ വിലക്കുറവുള്ളത് നോക്കി ഒരു മൂന്നാലെണ്ണം മേടിച്ചിങ്ങ് കൊണ്ട്വന്നേച്ചാല്‍ മതി. രാജ്യത്ത് ഭരണം രാജാവിനായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ജനാധിപത്യം എന്നതേ മഹാമോശം ഏര്‍പ്പാടാണ്. പഴയ ക്ഷത്രിയ-ബ്രാഹ്മണ സംവിധാനങ്ങളാണ് നല്ലത്. ആ ശ്രീമതിട്ടീച്ചര്‍ ആരോഗ്യമന്ത്രിയായ ശേഷം എത്ര ബാക്ടീരിയയും വൈറസുമൊക്കെയാണ് കേരളത്തിലേക്ക് അതിര്‍ത്തിയും കടന്നിങ്ങ് പോന്നളഞ്ഞത് എന്നറിയാമോ? ഇവിടെ വല്ല രാജശാസനമോ‌ പട്ടാളഭരണമോ ആയിരുന്നെങ്കില്‍ ഒറ്റ സൂക്ഷ്മജീവി വാളയാര്‍ ചെക് പോസ്റ്റിനിപ്പുറം കടക്കാന്‍ ധൈര്യപ്പെടുമായിരുന്നോ? ഒടുവില്‍ പാഞ്ഞാളില്‍ ലക്ഷങ്ങള്‍ ചെലവിട്ടൊരതിരാത്രം നടത്തിയാണ് ബാക്ടീരിയയെയൊക്കെ ഞങ്ങളൊരുവിധം കൊന്നു കളഞ്ഞത്. ഇപ്പോള്‍ കേരളത്തിന്റെ വായുമണ്ഢലത്തില്‍ ഒറ്റ സൂക്ഷ്മജീവിയെപ്പോലും കാണാനേയില്ല. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനങ്ങള്‍ പോലും കൊച്ചിക്ക് മുകളിലൂടെ ഇപ്പോള്‍ പേടിച്ച് പറക്കാറില്ല. അന്തരീക്ഷത്തിന്റെ എയറോഡൈനാമിക്സ് അപ്പടി അതിരാത്രം കഴിഞ്ഞ ശേഷം മാറിപ്പോയത്രേ!

xdfdfd
Image Credit: Flickr@ jynxzero

രാജഭരണം എന്നു പറഞ്ഞാല്‍ ബഹുരസമാണ്. ക്ഷത്രിയര്‍ എന്ന് പറഞ്ഞാലേ കലാരസികന്മാരാണ്. സദസ്സില്‍ പോയി "നാദരൂപിണീ" പാടുകയോ "ഒരു മുറൈ വന്ത് പാര്‍ത്തായോ" ആടുകയോ ചെയ്താല്‍ തിരുവുള്ളം കനിഞ്ഞ് കലാകാരനു പുട്ടും കടലയും സമ്മാനമായി തരും. വല്ലവനും തുണിയില്ലാതെ ഏതെങ്കിലും മാതാവിനെ വരച്ചാല്‍ കലയാണോ കൊലയാണോ എന്നൊന്നും നോക്കാതെ വിചാരണ പോലുമില്ലാതെ "സൈ" എന്ന് അവന്റെ തലയങ്ങരിഞ്ഞ് കളയാന്‍ വകുപ്പുണ്ട്. വെറുതെ ഖത്തറിലും ലണ്ടനിലുമൊന്നും പോയി ബുദ്ധിമുട്ടേണ്ടി വരില്ല. ഭരണപരിഷ്കാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ബഹുകേമമാണ്. മന്‍മോഹന്‍സിങ്ങും സര്‍ക്കോസിയും കൂടെ കരാറൊപ്പിടും പോലൊന്നുമല്ല. ഒരു അണക്കെട്ടിന്റെയോ കുടിവെള്ളത്തിന്റെയോ കരാറാണെങ്കില്‍ തന്നെ അഞ്ഞൂറിന്റെ ഒരു നോട്ട് കിട്ടിയാല്‍ മിനിമം ഒരു ആയിരം വര്‍ഷത്തേക്ക് ചോദിക്കുന്നവനെഴുതിക്കൊടുക്കും.

രാജാവിനെ തിരികെ ഭരണമേല്‍പ്പിക്കാനാണ് തമ്പുരാന്റെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. ധാരാവിയിലെ തെരുവുകള്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുമ്പോഴും, ബോംബെ നഗരത്തിലെ തണുത്ത രാത്രികള്‍ ചരസ്സും മെഹദി ഹസന്റെ ഗസലും പിന്നെ വില കൂടിയ ബ്ലാങ്കറ്റുകളുമായി തള്ളിനീക്കുമ്പോഴും പണ്ട് അച്ഛന്‍ ആവണപ്പലകയിലിരുത്തി പഠിപ്പിച്ച് തന്ന മന്ത്രങ്ങളൊന്നും മറക്കാതെ സൂക്ഷിച്ച തമ്പുരാനിലാണ് ഞങ്ങളുടെ ഏക പ്രതീക്ഷ. പെട്ടെന്നിങ്ങ് വന്നാല്‍ കേരളത്തിലങ്ങോളമിങ്ങോളം മുടങ്ങിക്കിടക്കുന്ന ഉല്‍സവങ്ങളത്രയും നമുക്ക് നടത്തിക്കളയാം.

അത് കൊണ്ട് മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുന്പ് തിരുവിതാംകൂറെത്തി രാജഭരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന്,

ഒരു സനാതന തിരുവിതാംകൂര്‍ പ്രജ.

പി.എസ്: അങ്ങു മുന്‍പ് സ്വന്തം പേരില്‍ നിന്നും മുറിച്ച് കളഞ്ഞ ജാതിവാല്‍ മനഃപൂര്‍വം വീണ്ടും എഴുതിയതാണ്. പണ്ട് ചിരിയാഗഞ്ചില്‍ ഒരു മുസ്ല്യാരുടെ ചായക്കടയില്‍ ജോലി കിട്ടാന്‍ തടസമാണെന്ന് തോന്നിയപ്പോള്‍ (പിന്നേ‌ മുസ്ല്യാര്‍ക്ക് വട്ടല്ലേ) പൊട്ടിച്ച് രണ്ട് തുള്ളി കണ്ണീരും ചേര്‍ത്ത് യമുനയിലൊഴുക്കിയ പൂണൂലു പോലെ, മനസില്ലാമനസോടെ ഉപേക്ഷിച്ച വാലാണെന്നറിയാം. അതവിടെ തന്നെ കിടക്കുന്നതാണതിന്റെ ഭംഗി.

അധിക വായനയ്ക്ക്