There is never a free lunch

കയ്യിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ന്ന ഒരു നാള്‍. നീണ്ട ബസ് യാത്രകള്‍ ദിവസവും വേണ്ടത്കൊണ്ട് കയ്യില്‍ പുസ്തകമില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടും. ദൂരെയുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാനുള്ള സമയമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മാളിലെ ഒരുപാട് ബ്രാഞ്ചുകളുള്ള വലിയ ഒരു പുസ്തകക്കടയില്‍ ചെന്നു. ആവശ്യമുള്ള പുസ്തകങ്ങള്‍ക്കെല്ലാം തീ പിടിച്ച വില. ഒടുവില്‍ വിറ്റുപോകാത്തത് കൊണ്ട് ഡിസ്കൗണ്ടില്‍ ഇട്ടിരിക്കുന്ന പഴകി നിറം മങ്ങിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഒരെണ്ണം കണ്ടെത്തി കൗണ്ടറില്‍ ചെന്നു. അപ്പോള്‍ കൗണ്ടറിലിരിക്കുന്ന യുവതി മനഃപാഠമാക്കിയ നീണ്ട ഒരു പ്രസംഗം പറഞ്ഞു കേള്‍പ്പിച്ചു. ഡിസ്കൗണ്ടൊക്കെ സ്ഥിരം മെമ്പര്‍മാര്ക്കേയുള്ളൂ. സ്ഥിരം മെമ്പറാകാന്‍ ജോയിനിങ്ങ് ഫീസ് ഇത്ര, വര്‍ഷാവര്‍ഷം ഘടു ഇത്ര എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍.

ഒന്നു പുഞ്ചിരിച്ച് കൊണ്ട് എനിക്കിത് ഓണ്‍ലൈനില്‍ വാങ്ങാവുന്നതേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ വാങ്ങിയാല്‍ കടയിലേതിലും കൂടുതല്‍ ഡിസ്കൗണ്ട് ലഭിക്കും. സൗജന്യമായി പുസ്തകം വീട്ടിലെത്തിക്കുകയും ചെയ്യും. പുസ്തകം വേണ്ടെന്ന് പറഞ്ഞ് ഞാനിറങ്ങി. കുത്തകഭീമന്മാരുടെ പുസ്തകക്കടകളിലങ്ങിനെയാണ്. സാധാരണ ചെറുകിട പുസ്തകക്കടക്കാരാവട്ടെ പരിചയപ്പെട്ടാല്‍ നല്ല ഡിസ്കൗണ്ട് തരും. പക്ഷെ കടകള്‍ വരെ ചെന്നേ തീരൂ. ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാനുള്ള സൗകര്യത്തെ ഓര്‍ത്ത് തല്‍ക്കാലം ആശ്വസിച്ചു.

ഈയിടെ പത്രത്തില്‍ വായിച്ചു ഓണ്‍ലൈനില്‍ ഡിസ്കൗണ്ട് നല്‍കുന്നതും സൗജന്യ ഡെലിവറി നല്‍കുന്നതും നിയന്ത്രിക്കണമെന്ന് പുസ്തകക്കടക്കാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി. ആദ്യം ഒന്നു വിഷമിച്ചു. ആ സൗകര്യവും ഇല്ലാതാവുകയാണല്ലോ എന്ന്. എന്നാല്‍ പിന്നീടോര്‍ത്തു. ഇതില്‍ വലിയ കഥയില്ല. ഓണ്‍ലൈന്‍ ഭീമന്മാര്‍ നഷ്ടം സഹിച്ചും ഈ സൗകര്യങ്ങള്‍ നല്കുന്നത് വിപണി പിടിച്ചടക്കാന്‍ വേണ്ടി മാത്രമാണ്. ചെറുകിട കടക്കാരെല്ലാം നഷ്ടത്തിലായി രംഗത്തു നിന്നും പിന്മാറുന്നതോടെ ഡിസ്കൗണ്ടും സൗജന്യ ഡെലിവറിയും മറ്റെല്ലാ സൗകര്യങ്ങളും പതിയെ ഇല്ലാതാകും. പിന്നീട് അധികവില നല്‍കേണ്ടി വന്നാലേ ഉള്ളൂ.

ഇപ്പോള്‍ ബാങ്കുകള്‍ എടിഎം സര്‍വീസിനും ഫീസീടാക്കാന്‍ പോവുകയാണെന്ന് വാര്‍ത്ത വന്നിരിക്കുന്നു. ഇരുപതിനായിരത്തിനും മറ്റും താഴെയുള്ള എല്ലാ പണം പിന്‍വലിക്കല്‍ ഇടപാടുകളും എടിഎം വഴി ആക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും പിന്നീട് നിര്‍ബന്ധിക്കുകയും ചെയ്തത് ബാങ്കുകളാണ്. ഈ സൗകര്യത്തെ പരമാവധി ആളുകളിലേക്കെത്തിക്കാന്‍ കാര്‍ഡിന്റെ മുകളില്‍ ഒരുപാട് ഓഫറുകളും ബാങ്കുകള്‍ നല്‍കിത്തുടങ്ങി. ഇനി അതിന്റെ ആവശ്യമില്ല. ഇനി ഫീസിങ്ങോട്ട് വാങ്ങിക്കുക എന്നത് തന്നെയാണ് അടുത്ത പടി.

ഇപ്പോള്‍ മൊബൈല്‍ ബാങ്കിങ്ങ് ഉപയോഗിച്ചാല്‍ അനവധി ഡിസ്കൗണ്ടും ഓഫറുകളും മറ്റും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാവരും ഉപയോഗിച്ചു തുടങ്ങുന്നത് വരെ അതും ലാഭകരമായിരിക്കും.

ഓണ്ലൈന്‍ സ്റ്റോറുകള്‍ മുതല്‍ കുത്തകകളുടെ കാപ്പിക്കടക്കാര്‍ വരെ മൊബൈലിലെ ആപ്പ് ഇന്സ്റ്റാള്‍ ചെയ്താല്‍ നിരവധി ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വന്തം മൊബൈലില്‍ ഇന്സ്റ്റാള്‍ ചെയ്ത ഒരു ആപ്പുണ്ടെങ്കില്‍ ഉപഭോക്താവ് കൂടുതലായി ആ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഏതെങ്കിലും പഠനങ്ങള്‍ കണ്ടെത്തിയിരിക്കണം. അതൊരു പവര്‍പോയിന്റ് പ്രസന്റേഷനായി എല്ലാ ശീതികരിക്കപ്പെട്ട മീറ്റിങ്ങ് റൂമുകളിലും എത്തിയിരിക്കണം. ഇതൊരു ശീലമാക്കപ്പെടും വരെ ഇതിനും സൗജന്യങ്ങള്‍ നല്‍കിയേ പറ്റൂ.ശീലമാകട്ടെ.

സാമ്പത്തികമായി മേല്‍ത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും എപ്പോഴും ഇത്തരം ആദ്യകാല സൗജന്യങ്ങള്‍ പ്രാപ്യമായിരിക്കുക. സൗകര്യങ്ങള്‍ സാധാരണക്കാരിലെത്തുമ്പോഴേക്കും അവ അസ്തമിക്കുന്നു. ഇനി എടിഎം സൗകര്യങ്ങള്‍ക്കും നമുക്കു ഫീസ് നല്‍കിത്തുടങ്ങാം.