തെരെഞ്ഞെടുപ്പ് വിധിയെഴുത്തിന്റെ ഉൾപ്രേരണകൾ

Women wait for their turn to vote at a polling station in Kerala. Representative Image. Courtesy: PTI

ലോകസഭാ തെരെഞ്ഞെടുപ്പിനെ കുറിച്ചുള്ള വിശകലനങ്ങൾ സജീവമായി നടന്നു വരികയാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവണതകൾ വ്യക്തമാണ്.

ഒന്ന്, ബിജെപിയും എൻഡിഎയും അഖിലേന്ത്യാ രാഷ്ട്രീയത്തിൽ കൃത്യമായ മേൽകൈ നേടിക്കഴിഞ്ഞിരിക്കുന്നു. ഇവിഎമ്മുകളുടെ വിതരണത്തെ സംബന്ധിച്ചൊക്കെ ചില പരാതികൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ എൻഡിഎയുടെ രാഷ്ട്രീയ വിജയത്തെ ചോദ്യം ചെയ്യാൻ പര്യാപ്തമല്ല. പഞ്ചാബിലും കേരളത്തിലും ഒഴികെ മറ്റൊരു സംസ്ഥാനത്തും എൻഡിഎക്ക് ബദൽ ശക്തി ആയി വരാൻ കോണ്ഗ്രസ് മുന്നണിക്ക് കഴിഞ്ഞിട്ടില്ല.
യുപിയിൽ കോൺഗ്രസിന് പകരം മഹാസഖ്യവും, തെലങ്കാനയിൽ ടിആർഎസും തമിഴ്നാട്ടിൽ ഡിഎംകെയുമാണ് ബദലായി മാറിയത്. ഇടതുപക്ഷ കക്ഷികളും ആം ആദ്മി പാർട്ടിയും ഏതാണ്ട് പൂർണമായി പരാജയപ്പെട്ടു. ഡിഎംകെയുടെ കൂടെ നിന്നതു കൊണ്ട് മാത്രമാണ്, ഇടതുപക്ഷത്തിന് നാലു സീറ്റുകൾ പാർലമെന്റിൽ ഉറപ്പിക്കാനായത്.

വർഗപരമായ വേർതിരിവുകൾ എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്നതിനെ സംബന്ധിച്ചു കണക്കുകൾ ലഭ്യമല്ല. നഗരങ്ങൾ പൊതുവിൽ എൻഡിഎയെ പിന്തുണച്ചതായാണ് കാണുന്നത്. പ്രതിപക്ഷത്തിന് കൂടുതൽ സീറ്റുകൾ ലഭിച്ചത് ഗ്രാമപ്രദേശങ്ങളിൽ നിന്നാണ്. സ്ത്രീപുരുഷഭിന്നതകൾ വോട്ടിംഗിൽ അധികം ദൃശ്യമല്ല. എൻഡിഎയ്ക്ക് വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം കൂടുതലാകും. പ്രതിപക്ഷത്തിന്, പ്രത്യേകിച്ചു കോണ്‍ഗ്രസ്സിന് കൂടുതൽ സ്ത്രീകൾ വോട്ടു ചെയ്തിരിക്കാം. അതിനെക്കുറിച്ചു കൂടുതൽ പഠനങ്ങൾ വരേണ്ടതുണ്ട്. ജാതിമത ഭിന്നതകൾ അനുസരിച്ചുള്ള പ്രവണതകൾ കൂടുതൽ പ്രകടമാണ്. സവർണ വോട്ടുകളിൽ ഭൂരിഭാഗവും എൻഡിഎക്കാണ് പോയത്. അതിൽ ഒരുഭാഗം കോണ്‍ഗ്രസ്സിനും ലഭിച്ചു. അവർണ വോട്ടുകളിൽ ഭൂരിഭാഗവും കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷത്തിന് പോയി. ദളിതരുടെ വോട്ട് ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടു. ഉപജാതികൾക്ക് അനുസരിച്ചായിരിക്കാം അവർ വോട്ടു ചെയ്തത്. അതിനും പഠനങ്ങൾ ആവശ്യമാണ്. ന്യൂനപക്ഷങ്ങൾ കോണ്‍ഗ്രസ്സിനും, കോണ്‍ഗ്രസ്സ് ഇതര ബദലുകൾ ശക്തമായ ഇടങ്ങളിൽ അവർക്കും വോട്ട് ചെയ്തു.

ഇടതുപക്ഷത്തിന്റെ പ്രകടനം മൊത്തത്തിൽ തീരെ ദുർബലം ആയിരുന്നു. കേരളത്തിൽ രണ്ടാം സ്ഥാനത്ത് പിടിച്ചു നിന്നപ്പോൾ ത്രിപുരയിൽ മൂന്നാം സ്ഥാനത്തേക്കും, ബംഗാളിൽ അതിനും പിറകിലേക്കും തള്ളപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ അസംബ്ലിയിൽ മത്സരിച്ചപ്പോൾ ലഭിച്ച വോട്ടുകൾ പോലും നേടാൻ കഴിഞ്ഞില്ല. ഒരു ബദൽ എന്ന നിലയിൽ ഇടതുപക്ഷത്തിന് അംഗീകാരം ലഭിച്ചില്ല.

ഒരു ജനകീയബദലായി ഇടതുപക്ഷം ഇപ്പോഴും നിലനിൽക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തിലെ പ്രകടനം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം കേരളത്തിൽ എൽഡിഎഫിന് 35.2% വോട്ട് ലഭിച്ചു. യുഡിഎഫിന്റേത് നാല്പത്തിയേഴ് ശതമാനത്തിൽ പരമായി ഉയർന്നു. ബിജെപിയുടെ വോട്ട് വിഹിതം നേരിയ തോതിൽ വർദ്ധിച്ചു. നഗരഗ്രാമഭിന്നതകൾ ഇവിടെ പ്രകടമല്ല. സ്ത്രീകളുടെ വോട്ട് യുഡിഎഫിനും എൻഡിഎയ്ക്കും ഒരുപക്ഷേ അനുകൂലം ആയിരിക്കാം. അതിനെക്കുറിച്ചു കൂടുതൽ പഠനങ്ങൾ വരേണ്ടതുണ്ട്. മുൻകാലത്തെ കണക്കുകളും ചില സർവേയുടെ കണക്കുകളും പ്രകാരം ന്യൂനപക്ഷങ്ങളുടെ ഏതാണ്ട് ഇരുപത് ശതമാനം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. ചില മണ്ഡലങ്ങളിൽ (കോട്ടയം, തൃശൂർ) അവർ എൻഡിഎക്കും ചെയ്തിരിക്കാം. പക്ഷെ, പൊതുവിൽ ന്യൂനപക്ഷങ്ങളിൽ എഴുപതു ശതമാനവും യുഡിഎഫിനാണ് ചെയ്തത്. അതുപോലെ സവർണ വോട്ടുകളിൽ ഭൂരിഭാഗവും യുഡിഎഫിനും എൻഡിഎക്കുമാണ് പോയത്. അവർണ വോട്ടുകളും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പുരോഗമന ജനാധിപത്യ വിഭാഗവും മാത്രമാണ് എൽഡിഎഫിന് ചെയ്തത്. ദളിതരുടെ വോട്ടുകൾ ഏതാണ്ട് തുല്യമായി വീതിക്കപ്പെട്ടു. യുഡിഎഫും എൻഡിഎയും ചേർന്നാൽ ചെറിയ മേൽക്കൈ ദളിതരുടെ ഇടയിലും ലഭിക്കും. മുൻപ് സൂചിപ്പിച്ചതു പോലെ വർഗപരമായ കണക്കുകൾ ലഭ്യമല്ല. എങ്കിലും പൊതുവിൽ ഉപരിവർഗങ്ങൾ യുഡിഎഫിനു വോട്ട് ചെയ്യുന്ന പ്രവണത ഇപ്പോഴും പിന്തുടർന്നിരിക്കാം.

ഈ കണക്കുകൾ പൊതുവിൽ മുൻ തെരഞ്ഞെടുപ്പുകളിൽ ദൃശ്യമായ പ്രവണതകളിൽ നിന്നേറെ ഭിന്നമല്ല. കേരളത്തിൽ യുഡിഎഫിനും എൽഡിഎഫിനും ഏതാണ്ട് തുല്യമായ സ്ഥിരവോട്ടുകൾ ഉണ്ട്. ഇപ്പോൾ ബിജെപിക്കും ഏതാണ്ട് പത്തു ശതമാനത്തോളം സ്ഥിരവോട്ടുകൾ ഉണ്ട്. അതിനുമുകളിൽ കിടക്കുന്ന സമ്മതിദായകരാണ് തെരഞ്ഞെടുപ്പുകളിൽ അന്തിമതീരുമാനം എടുക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും സോളാർ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ ഈ വിഭാഗത്തിൽ നല്ലൊരു ശതമാനം എൽഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫിന്റെ വോട്ടു ശതമാനം ഉയർന്നു. ഇപ്രാവശ്യം ആ വിഭാഗം കോണ്‍ഗ്രസ്സിനെ ആണ് പിന്തുണച്ചത്. എൽഡിഎഫിന് നഷ്ടപ്പെട്ട വോട്ടുകൾ കോണ്‍ഗ്രസ്സിലേക്കാണ് പോയതെന്ന് കാണാൻ വിഷമമില്ല. മുപ്പത്തിയേഴ് ശതമാനത്തിലധികമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. അഖിലേന്ത്യാ തലത്തിൽ കോണ്‍ഗ്രസ്സിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടു വിഹിതമായിരിക്കും ഇത്.

ഈ വോട്ടു വിഹിതത്തിൽ കാരണങ്ങൾ പല രീതികളിൽ വിലയിരുത്തപ്പെടുന്നുണ്ട്. ശബരിമല കൊണ്ട് ഇടതുപക്ഷത്തിനുള്ള പിന്തുണ നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം, മോദി വിരുദ്ധതരംഗം തുടങ്ങി പലതും. ഒരു പൊതുപ്രവണത ശ്രദ്ധിക്കണം. 2004ൽ എൻഡിഎക്ക് എതിരായ വോട്ടിംഗിന്റെ ഭാഗമായി തന്നെയാണ് എൽഡിഎഫിന് പതിനെട്ട് സീറ്റ് ലഭിച്ചത്. ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അതെന്നു കൂടി ഓർക്കണം. അതായത് ഹിന്ദുത്വവാദികൾക്ക് എതിരായ വികാരം കേരളത്തിൽ യുഡിഎഫിന് എന്നതുപോലെ എൽഡിഎഫിനെയും പിന്തുണക്കാം. ഇന്നത്തെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സ്വാധീനം കൂടുതൽ ശക്തവും ആയിരുന്നു. അതേസമയം കേരളത്തിനകത്ത് ബിജെപിയുടെ സ്വാധീനം വര്ധിപ്പിക്കാവുന്ന വിധത്തിലുള്ള എന്തെങ്കിലും സ്വാധീനം ഉണ്ടായിരുന്നില്ല. യുഡിഎഫ് അന്ന് ഭരണത്തിലും ആയിരുന്നു. 2004ൽ യുഡിഎഫിനും ബിജെപിക്കും എതിരായി ശക്തമായി പ്രചാരണം നടത്താവുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ എൽഡിഎഫിന് കഴിയുകയും ചെയ്തു. അതായത് മുൻപ് സൂചിപ്പിച്ച നിഷ്പക്ഷരാഷ്ട്രീയ വോട്ടുകൾ അന്ന് എൽഡിഎഫിന് ലഭിച്ചു.

2019ൽ സ്ഥിതി വ്യത്യസ്തമാണ്. എൽഡിഎഫ് ഭരണത്തിലാണ്. ഭരണത്തിൽ തുടർന്നുകൊണ്ട് ഒരുവശത്ത് സ്വന്തം കാര്യപരിപാടി കേരളത്തിൽ നടപ്പിലാക്കാനും ഭരണഘടനയുടെയും കേന്ദ്രതലത്തിലുള്ള വർഗാധിപത്യത്തിന്റെയും ചട്ടക്കൂട്ടുകൾക്കനുസരിച്ചു പ്രവർത്തിക്കാനും അവർ ബാധ്യസ്ഥരാണ്. അതിന്റെ ഭാഗമായിക്കിട്ടിയ സുവര്‍ണാവസരമായിരുന്നു ശബരിമല. അതിനുമുമ്പുണ്ടായ പ്രളയാനന്തരപ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ പുതിയ ജനകീയ ഇടപെടല്‍ മാതൃക സൃഷ്ടിച്ചിരുന്നു. ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാതൃകയെ തകര്‍ക്കുവാന്‍ എന്‍.ഡി.ഏയ്ക്ക് കഴിഞ്ഞു. വിശ്വാസികളുടെ പുതിയ രാഷ്ട്രീയത്തെ ശബരിമല സംരക്ഷണസമിതിയിലൂടെയും മറ്റും വളര്‍ത്തിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ബിജെപിയുമായോ എന്‍ഡിഏയായോ ഒരു ബന്ധവുമില്ലാതെയിരുന്ന ശബരിമല തീര്‍ത്ഥാടകരെ പ്രത്യേകിച്ച് സ്ത്രീകളെ അവരോടൊപ്പം കൊണ്ടുവരാനും കഴിഞ്ഞു.

ഇതിന് സര്‍ക്കാരും എല്‍ഡിഎഫും പിന്നാക്ക-ദളിത് സംഘടനകളും  ബുദ്ധിജീവികളും സൃഷ്ടിച്ച പ്രതിരോധം മൂലം പൂര്‍ണമായ മുതലെടുപ്പ് നടത്തുവാന്‍ എന്‍ഡിഏയ്ക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന്റെ സംഘടിതശക്തി സര്‍ക്കാരിനെതിരായി രംഗത്തു വന്നെങ്കിലും രാമജന്മഭൂമി പ്രശ്നത്തിലും മറ്റും സംഭവിച്ചത് പോലെ അവര്‍ക്കനുകൂലമായ ധ്രുവീകരണം സൃഷ്ടിക്കാന്‍ എന്‍ഡിഏയ്ക്ക് കഴിഞ്ഞില്ല. അവര്‍ക്ക് ആകെ കഴിഞ്ഞത് ‘വിശ്വാസികളും’ ‘അവിശ്വാസികളും’ തമ്മില്‍ വേര്‍തിരിവ് സൃഷ്ടിക്കുവാന്‍ മാത്രമാണ്. ശബരിമല പ്രശ്നത്തില്‍ ഗവണ്‍മെന്റിന്റെ നിലപാടിനെ അംഗീകരിച്ചവര്‍ പോലും വിശ്വാസികള്‍ക്കനുകൂലമായി, അതായത് ഇടതുപക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ചുവെന്നാണ് പല പ്രീപോള്‍ സര്‍വേകളും കണ്ടെത്തിയത്. അതായത്, ശബരിമലയ്ക്കും എന്‍ഡിഏയുടെ സ്വാധീനത്തിനുമപ്പുറം വിശ്വാസികളുടെ രാഷ്ട്രീയത്തിന്റെ തലം രൂപപ്പെടുകയായിരുന്നു.

ഇവിടെയാണ് യുഡിഎഫിന്റെ ഇടപെടലിന്റെ പ്രസക്തി വ്യക്തമാകുന്നത്. കോണ്‍ഗ്രസ്സും യുഡിഎഫും ശബരിമല സംരക്ഷണസമിതിയുടെയോ ബിജെപിയുടെയോ തീവ്രനിലപാടുകളുമായി യോജിക്കുവാന്‍ തയ്യാറായിട്ടില്ല. ശബരിമല വിധി സാവകാശമായേ നടപ്പിലാക്കാന്‍ പാടുള്ളൂവെന്നും വിശ്വാസികളുടെയും വികാരം മാനിക്കണമെന്നുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചത്. അതിനെതിരായി ഭരണഘടനയെയും നവോത്ഥാനമൂല്യങ്ങളെയും മുന്‍നിര്‍ത്തിയുള്ള മതനിരപേക്ഷ ജനാധിപത്യവീക്ഷണം അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. ഗവണ്‍മെന്റിന്റെ നിലപാടില്‍ നിന്ന് വേറിട്ടുനിന്നു കൊണ്ട് ഒരു വശത്ത് ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അനുകൂലമായ നിലപാടെടുക്കുകയും മറുവശത്ത് വിശ്വാസികളുമായുള്ള സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്ന നിലപാട് അവര്‍ക്ക് സ്വീകരിക്കാമായിരുന്നു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം പോലും ആദ്യഘട്ടത്തില്‍ ആ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച വിശ്വാസരാഷ്ട്രീയസമീപനത്തിന് അവര്‍ കീഴടങ്ങി. അതുകൂടാതെ, മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും വിശ്വാസികളുടെ രാഷ്ട്രീയത്തിന് അനുകൂലമായി രംഗത്തുവന്നതും അവര്‍ക്ക് സഹായകരമായി.

പുതിയൊരു സംവാദം കേരളത്തില്‍ രൂപം കൊള്ളുകയായിരുന്നു. ഒരുവശത്ത് നവോത്ഥാനമൂല്യങ്ങളുടെയും മതനിരപേക്ഷതജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ത്രീകളുടെയും പിന്നാക്കവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാട്, മറുവശത്ത് വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കേണ്ടതാണെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ പോലെയുള്ള പ്രശ്നങ്ങള്‍ പോലും സമൂഹത്തില്‍ അടിയുറച്ച വിശ്വാസസംഹിതകളെ മുന്‍നിര്‍ത്തി മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ എന്നുമുള്ള നിലപാട്. ഇതില്‍ ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ ചില സ്ത്രീകള്‍ ഒറ്റയ്ക്ക് നടത്തിയ ശ്രമങ്ങള്‍ വികാരത്തിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മാത്രമാണ് സഹായിച്ചത്. സാമൂഹ്യമായി ഗൗരവമേറിയ സംഘര്‍ഷതലങ്ങളില്‍, ഒറ്റയാന്‍ പ്രവര്‍ത്തനങ്ങളുടെ ബാലാരിഷ്ടതാ സ്വഭാവത്തിലേക്കാണിത് വിരല്‍ ചൂണ്ടിയത്.

കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ശക്തമായ സംഘപരിവാര്‍വിരുദ്ധപ്രചരണവും മലയാളി സമൂഹത്തിന് തന്നെ നിരവധി സ്രോതസ്സുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളും, പ്രത്യേകിച്ച് ഇന്ത്യയൊട്ടാകെ നടന്ന ഹിന്ദുത്വശക്തികളുടെ മര്‍ദ്ദനരാഷ്ട്രീയത്തിന്റെ വിവരങ്ങളും ചേര്‍ന്ന് കേരളത്തില്‍ ശക്തമായ ബിജെപി വിരുദ്ധവികാരം വളര്‍ന്നുവന്നിരുന്നു. എന്നാല്‍, അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായി എല്‍ഡിഎഫിനെതിരായിത്തന്നെയാണ് യുഡിഎഫ് നിരന്തരമായി ശബ്ദമുയര്‍ത്തിയത്. അതിനു ശബരിമലയും പ്രളയവും അടക്കം എല്ലാവിധ ആയുധങ്ങളും എൽഡിഎഫിന് എതിരെ പ്രയോഗിക്കുകയും ഇത്തരം വിഷയങ്ങളെപ്പറ്റിയെല്ലാം ജനങ്ങളുടെ ഇടയിൽ ഒരു സമവായത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രകൃതിദുരന്തങ്ങളുടെ അനിശ്ചിതസ്വഭാവം പോലും കേരള ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ചിത്രീകരിക്കപ്പെട്ടത് ഈ പ്രചരണത്തിന്റെ ഭാഗമാണ്. ഇവയെക്കുറിച്ചു നടന്ന ഏറ്റവും വ്യക്തമായ വിശദീകരണങ്ങൾ പോലും ദുരൂഹതകളുടെയും ഗൂഡാലോചനകളുടെയും പുകമറക്കുള്ളിൽ പെടുത്തി സംശയങ്ങൾ സൃഷ്ടിക്കുകയും അതിന് സ്വന്തം നിലയിലുള്ള വ്യാഖ്യാനം നൽകുകയും ഒരു സ്ഥിരം പതിവായി. അതേസമയം വിശ്വാസികളുടെ രാഷ്ട്രീയം പൂർണമായും സംരക്ഷിക്കപ്പെട്ടു. അതിനെതിരായ പ്രചരണം പോലും ദുരൂഹതയുടെ നിഴലിൽ പെട്ടു. വനിതാമതിലിന് എതിരായ പ്രചരണം ഉദാഹരണമായിരുന്നു. മറ്റെല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ ഐക്യദാർഢ്യത്തിന്റെ ഉദ്ദാഹരണമായി വാഴ്ത്തപ്പെട്ട മതിൽ കേരളത്തിൽ ഒരുവിഭാഗം സ്ത്രീകളുടെ പുരുഷാധിപത്യത്തോടുള്ള വിധേയത്വത്തിന്റെ തെളിവായി ഈ ശക്തികളാല്‍ ആരോപിക്കപ്പെട്ടു.

കേരളത്തിലെ ബൗദ്ധികമണ്ഡലവും ഇതനുസരിച്ച് മാറി. നവോഥാന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായി സംസാരിച്ച ചിലരുടെ ശബ്ദങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നതിൽ സംശയമില്ല. യൂട്യൂബിലൂടെയും മറ്റും അവരുടെ പ്രഭാഷണങ്ങൾ പ്രചരിക്കപ്പെട്ടു. ജനസാമാന്യം കൂടുതൽ ശ്രദ്ധിച്ചത് ദൃശ്യശ്രാവ്യമാധ്യമങ്ങളും അവർ വളർത്തിയെടുത്ത സംവേദകരെയും ആയിരുന്നു. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു ഹിന്ദുത്വ ചാനൽ ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലേക്ക് വന്നു. മറ്റുള്ളവരും വിശ്വാസത്തിന്റെ രാഷ്ട്രീയത്തിന് പരമാവധി പ്രചാരണം നൽകുകയും അതിനെ ജനങ്ങളുടെ സാമാന്യബോധമാക്കുന്ന വിധത്തിലുള്ള ബൗദ്ധികമായ ഇടപെടലുകൾ നടത്തുകയും ചെയ്തു. മതനിരപേക്ഷജനാധിപത്യനിലപാടുകളെ പിന്തുണച്ച ചാനലുകൾ സ്വാധീനത്തിലും റേറ്ററിംഗിലും വളരെ താഴെ ആയിരുന്നു. ഇതേ രീതി തന്നെ പത്രങ്ങളും പിന്തുടർന്നു. ദുരൂഹതകൾ പ്രചരിപ്പിക്കുന്നതിലും നുണകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതിലും ചാനലുകളെക്കാൾ പത്രങ്ങളാണ് മുൻപിൽ നിന്നത്.

തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ പ്രവണതകൾ പ്രകടമായിരുന്നു. ശബരിമല ചർച്ചാവിഷയം ആക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പോലും വിശ്വാസികളുടെ രാഷ്ട്രീയത്തെ സഹായിച്ചു. ഒരു വശത്തു ശബരിമല പ്രചരണവിഷയമല്ലാതായി. മറുവശത്തു വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വേർതിരിവ് ഫലപ്രദമായ പ്രചരണരൂപമാവുകയും ചെയ്തു. ഔപചാരിക പ്രചരണം എൻഡിഎസർക്കാരിനെതിരെ കേന്ദ്രീകരിച്ചപ്പോൾ അനൗപചാരിക പ്രചാരണം എൽഡിഎഫ് സർക്കാരിനെതിരെയായി. യുഡിഎഫ് പ്രചരണത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മാത്രമാണ് ബിജെപിക്കെതിരെ തിരിഞ്ഞത്.  യുഡിഎഫിന്റെ പ്രചരണം മുഖ്യമായി എൽഡിഎഫിനെതിരെയും ഔപചാരികതലത്തിൽ ബിജെപിക്കെതിരെയുമായി. പ്രളയദുരിതാശ്വാസത്തിനുള്ള വിഭവസമാഹരണത്തിന്റെ ഭാഗമായി കിഫ്‌ബി വഴി ഒരു കനേഡിയൻ സ്ഥാപനം നൽകാമെന്നേറ്റ പണം പോലും എൽഡിഎഫിനെതിരെ ഉപയോഗിച്ചു. എസ്എൻസി ലാവലിനുമായി ബന്ധിപ്പിച്ചു പരത്തിയ ദുരൂഹത എൽഡിഎഫിൽ നിന്ന് വോട്ടർമാരെ അകറ്റുന്നതിനുള്ള തന്ത്രമാണെന്ന് വ്യക്തമായിരുന്നു.

ഈ തന്ത്രങ്ങൾ വിജയിച്ചുവെന്നാണ് തെരെഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. എൽഡിഎഫിന്റെ പിന്തുണയിൽ ഒരു വിഭാഗത്തെ നഷ്ടപ്പെട്ടു. ബിജെപി വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ അവർ ഭൂരിപക്ഷവും യുഡിഎഫിന് വോട്ട് ചെയ്തു. പക്ഷേ ഈ വ്യതിയാനത്തെ ലിബറൽ മതനിരപേക്ഷ ജനാധിപത്യത്തിനനുകൂലമായ വ്യതിയാനമായി കാണാൻ കഴിയില്ല. അത്തരത്തിലുള്ള വേര്തിരിവുണ്ടാക്കുന്ന ഘടകങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരളം രാഷ്ട്രീയത്തിൽ ഉയർന്നു വന്നിട്ടില്ല. പ്രളയത്തെക്കുറിച്ചുള്ള ചില വാദഗതികൾ നിരത്താൻ പ്രതിപക്ഷം ശ്രമിച്ചുവെങ്കിലും അതിന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. തെരെഞ്ഞെടുപ്പ് വേളയിൽ തന്ത്രപരമായി സമർപ്പിക്കപ്പെട്ട ഹൈക്കോടതിയുടെ അമിക്യസ് ക്യൂറി റിപ്പോർട് ഉദാഹരണമാണ്. റിപ്പോർട് വായിച്ചവർ അതിലെ അശാസ്ത്രീയതകളെ വിമർശിക്കുകയാണ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഒരു പരിധി വരെ യുഡിഎഫിനെ സഹായിക്കാം. യുഡിഎഫിന് ചെയ്യുന്ന  വോട്ടുകളെ പിടിച്ചു നിർത്താം. അപ്പോഴും എൽഡിഎഫിനെതിരായ വലിയ തരംഗമായി മാറേണ്ടതില്ല. രാഹുൽ ഗാന്ധിയുടെ പേരിൽ യുഡിഎഫ് ജയിച്ചാൽ പോലും ഇപ്പോൾ കണ്ട വലിയ ഭൂരിപക്ഷമുണ്ടാകേണ്ടതില്ല.

1991ൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മയാത്ര നടത്തി വോട്ട് പിടിച്ച പാരമ്പര്യം കോൺഗ്രസിനുണ്ട്. ശ്രീപെരുമ്പത്തൂരിൽ കൊല ചെയ്യപ്പെട്ട ശേഷമാണ് യാത്ര നടത്തിയത്. അതുപോലെ ഇന്ദിരാ ഗാന്ധിയുടെ കൊലയ്ക്ക് ശേഷവും ഒരു സഹതാപതരംഗമുണ്ടായി. അങ്ങിനെയൊന്നും രാഹുൽ ഗാന്ധിയെ സംബന്ധിച്ചുണ്ടായിട്ടില്ല. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്ക് പോലും അവകാശപ്പെടാൻ കഴിഞ്ഞ നേതൃത്വപാടവം രാഹുൽ ഗാന്ധി തെളിയിച്ചിട്ടില്ല. കേവലം വംശമഹിമയുടെ അടിസ്ഥാനത്തിൽ മാത്രം കേരളജനത തീരുമാനമെടുക്കുമെന്ന് പറയാറായിട്ടില്ല.

അപ്പോള്‍ ശേഷിക്കുന്നത് വിശ്വാസത്തിന്റെ രാഷ്ട്രീയമാണ്. കേരളത്തില്‍ നിലനിന്നിരുന്ന വിശ്വാസപാരമ്പര്യങ്ങള്‍ ഇതുവരെ ന്യൂനപക്ഷാവകാശങ്ങളുടെയും സാംസ്കാരികസ്വത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് കണ്ടുപോന്നിരുന്നത്. ഷാ ബാനു കേസ്, മേരി റോയ് കേസ്, അടുത്തകാലത്തെ മുത്തലാഖ് വിവാദം തുടങ്ങിയ ചില സന്ദര്‍ഭങ്ങളിലാണ് അതും മതനിരപേക്ഷ ജനാധിപത്യരാഷ്ട്രീയവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. എന്നാല്‍, അപ്പോഴൊന്നും സാധിക്കാത്ത ധ്രുവീകരണമാണ് ശബരിമലയെ സംബന്ധിച്ചിടത്തോളം സംഭവിച്ചത്. ന്യൂനപക്ഷരാഷ്ട്രീയത്തിന്റെയും ഭൂരിപക്ഷരാഷ്ട്രീയത്തിന്റെയും ഇടപെടല്‍രീതികളുടെ ഭിന്നതയായുമ്‌ ഇതിനെ കരുതാം. ബിജെപിയില്‍ നിന്നുയര്‍ന്നുവന്ന വിശ്വാസികളുടെ രാഷ്ട്രീയത്തോട് കോണ്‍ഗ്രസ് സന്ധി ചെയ്തത് കേരളജനതയ്ക്കിടയില്‍ ആ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരത്തിന്റെ മുഖ്യഘടകമായിരുന്നു. അവരോടൊപ്പം നവോത്ഥാനമുന്നേറ്റത്തിന്റെ ഭാഗമായ ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരിലെ നല്ലൊരുഭാഗം, ഒരുപക്ഷേ ഭൂരിപക്ഷവും കൂടെ നിന്നു. തീവ്രസ്വഭാവമുള്ള ന്യൂനപക്ഷകക്ഷികള്‍ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യാദൃച്ഛികമല്ല. കേരളത്തിലെ ആം ആദ്മി പ്രവര്‍ത്തകര്‍ പോലും യുഡിഎഫിനെ പിന്തൂണച്ചതും ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള ധ്രൂവീകരണം വിശ്വാസികളുടെ രാഷ്ട്രീയത്തിന് പുതിയൊരു മാനം കൂടി നല്‍കി. വിശ്വാസികളുടെ രാഷ്ട്രീയത്തില്‍ നിന്നും ഒരു വലതുപക്ഷം രൂപം കൊണ്ടു. ഒരുപക്ഷെ, ഇടതുപക്ഷമെന്ന് ആത്മാര്‍ത്ഥമായി സ്വയംകരുതുന്നവര്‍ കൂടിയടങ്ങുന്ന വലതുപക്ഷമാണത്. യുഡിഎഫിന് ലഭിച്ച ജനപിന്തുണയുടെ സാരാംശമിതാണ്. ബിജെപിയെ തോല്പിക്കുന്നതിനോടൊപ്പം ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുവാന്‍ വീണു കിട്ടിയ അവസരം വിനിയോഗിച്ചു. അതിന് വേണ്ടി, ഭരണഘടന, ലിബെറല്‍ മതനിരപേക്ഷ ജനാധിപത്യം മുതലായവയെ പോലും വിശ്വാസത്തിന്റെ പേരില്‍ തിരസ്കരിക്കുവാന്‍ അവര്‍ മടി കാണിച്ചില്ല.

ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുവാന്‍ അവരുപയോഗിച്ച പ്രചരണതന്ത്രങ്ങളിലും ലിബെറല്‍ ജനാധിപത്യസമീപനങ്ങളില്‍ നിന്നുമുള്ള വ്യത്യാനം പ്രകടമായിരുന്നു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതി രാജ്യം നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളില്‍ നിന്നും, ഇടതുപക്ഷം അവയെ നേരിടുവാന്‍ ഉപയോഗിക്കുന്ന രീതികളില്‍ നിന്നും ചര്‍ച്ചകളെ ബോധപൂര്‍വം മാറ്റുകയായിരുന്നു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പോലും ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. അത്തരം ചര്‍ച്ചകള്‍ ഇടതുപക്ഷ ബദലുകളെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളിലേക്ക് നയിക്കുമെന്നും, അത് ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടുവാന്‍ സഹായിക്കുമെന്നും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. അത്തരത്തില്‍ നടന്ന ചര്‍ച്ചകളിലൊന്ന് കിഫ്ബിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മറ്റേത് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി കൊടുത്ത റിപ്പോര്‍ടിനെക്കുറിച്ചുമായിരുന്നു. അവയില്‍ ആദ്യത്തേതിന് ധനമന്ത്രി കൃത്യമായി മറുപടി നല്‍കി. മറ്റേതില്‍ കഴമ്പില്ലെന്ന് വ്യക്തമാവുകയും ചെയ്തു. പിന്നീട് ചെയ്യാവുന്നത് ശബരിമലയുടെ രാഷ്ട്രീയത്തിലും മുഖ്യമന്ത്രിയുയ്ടെ ശൈലിയിലും ഊന്നുകയായിരുന്നു. അതായത് വലതുപക്ഷ വൈകാരികതെ ആധാരമാക്കി വോട്ട് തേടുക എന്ന തന്ത്രമാണുപയോഗിച്ചത്. അതിന് ബൗദ്ധികതലത്തില്‍ ആധുനികോത്തര-ഉത്തര കൊളോണിയല്‍ വിശദീകരണങ്ങള്‍ കണ്ടെത്തുവാനും ചിലയിടങ്ങളില്‍ ശ്രമങ്ങള്‍ നടന്നു. അതില്‍ കേരളജനത വീഴുകയും ചെയ്തു.

വാല്‍ക്കഷണം (1): കഴിഞ്ഞ വര്‍ഷം വരെ കേരളത്തിലെ ബുദ്ധിജീവികളുടെയിടയില്‍ ഫാസിസം വലിയ ചര്‍ച്ചാവിഷയമായിരുന്നു. നിരവധി ഫാസിസ്റ്റുവിരുദ്ധമേളകള്‍ വരെ നടന്നു. അവര്‍ എതിര്‍ത്ത ഫാസിസ്റ്റുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായിരിക്കുന്നു. എന്നാല്‍, തെരെഞ്ഞെടുപ്പ് വേളയില്‍ അവരെ കണ്ടില്ല. “ഫാസിസത്തിനെതിരായ ജനകീയ ഐക്യം” എന്ന മുദ്രാവാക്യത്തില്‍ ‘വ്യവസ്ഥാപിത മുഖ്യധാരാ ഇടതുപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തേണ്ടി വരും എന്ന തോന്നല്‍ കൊണ്ടാണോ ഈ ചുവടുമാറ്റം എന്ന് പരിശോധിക്കണം. ഏതായാലും അവരില്‍ നല്ലൊരു വിഭാഗം ബിജെപിക്കെതിരെ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. സംസ്ഥാനമുഖ്യമന്ത്രിയുടെ ശൈലിയുടെയും മോദി-പിണറായിമാരുടെ സമാനതളുടെയും മറ്റും അടിസ്ഥാനത്തില്‍ സ്വന്തം നിലപാടിനെ ചിലര്‍ ന്യായീകരിക്കുന്നത് കണ്ടു. ജാതിമതസ്വത്വങ്ങളുള്‍പ്പെടുന്ന ഒരു പുതിയ വലത്-മദ്ധ്യവര്‍ത്തി രാഷ്ട്രീയം ഇവരില്‍ നിന്ന് രൂപപ്പെടുകയാണോ?

വാല്‍ക്കഷണം (2): ഇതെഴുതിക്കഴിഞ്ഞ ശേഷമാണ് വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുന്നുവെന്ന യുഡിഎഫിന്റെ തീരുമാനം കണ്ടത്. ഇതിന് മുമ്പ് വെച്ച നിഗമനങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് യുഡിഎഫില്‍ നിന്നും വന്നത്. അവര്‍ പ്രചാരണം നടത്തിയത് വിശ്വാസികളുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ്. അധികാരത്തിന്റെ തലത്തിലല്ലാതെ, സാമൂഹ്യവീക്ഷണത്തിന്റെ തലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അന്തരമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ വീക്ഷണം എത്തരത്തിലാണ് മാറിയിരിക്കുന്നത് എന്നും ഇതില്‍ നിന്ന് വ്യക്തമാണ്. സ്വത്വവാദികള്‍ക്കും അഭിമാനിക്കാം.