ദൗര്‍ബല്യങ്ങളെ ആഘോഷിക്കുന്ന കോണ്‍ഗ്രസ്

സ്വാതന്ത്ര്യസമരകാലത്തെ സംഘടനാസവിശേഷത തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. നാനാവിധത്തിലുള്ള ആശയഗ്രൂപ്പുകളുടെ ഒരു സഞ്ചയം. ഒരേ സമയം പരസ്പരം ഐക്യപ്പെട്ടും വൈരുദ്ധ്യത്തോടെയും, ഒരു അസ്ഥിര സന്തുലിതാവസ്ഥയില്‍ (unstable equilibrium) നില്‍ക്കുന്ന ഒരു സംഘടന. എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന ഒരു സംഘം ആളുകള്‍. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്സാക്കുന്നത് ഇതാണെന്നാണ് പല കൊടികെട്ടിയ കോണ്‍ഗ്രസുകാരും പറയുന്നത്. എന്നാല്‍ ആ അവകാശവാദം എത്ര ശരിയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.

നാനാവിധക്കാരായ ജനങ്ങളെ ഉള്‍ച്ചേര്‍ക്കുവാനും, ബ്രിട്ടീഷുകാര്‍ക്കെതിരെ അവരെ ഒന്നിച്ചണിനിരത്തുവാന്‍ ഈ സംഘടനാപരമായ ഈ സവിശേഷത കൊണ്ട് സാധിച്ചു എന്നത് വാസ്തവമാണ്. സ്വാതന്ത്ര്യം ലഭിച്ച് പത്തെഴുപത് വര്‍ഷം കഴിഞ്ഞിട്ടും, ആര്‍ക്ക് എങ്ങോട്ട് വേണമെങ്കിലും വളയ്ക്കാവുന്ന ഒരു പഴഞ്ചന്‍ സംഘടനാമാതൃകയുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അത് കോണ്‍ഗ്രസിന്റെ ജനാധിപത്യസവിശേഷതയാണ് എന്നൊക്കെ കോണ്‍ഗ്രസുകാര്‍ അവകാശപ്പെടും. സംഘടനാ തെരെഞ്ഞെടുപ്പിലൂടെ കെപിസിസി പ്രസിഡന്റ് ആയ ആരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരികെ ചോദിച്ചാല്‍ തീരുന്നതേയുള്ളൂ കോണ്‍ഗ്രസിന്റെ ജനാധിപത്യാവകാശവാദങ്ങള്‍.

കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അഥവാ പ്രത്യയശാസ്ത്രമില്ലായ്മ


എങ്ങോട്ട് വേണമെങ്കിലും വളയ്ക്കാവുന്ന ഒരു സ്വര്‍ണക്കമ്പിയാണ് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യസമരകാലത്ത് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അതിനൊരു റാഡിക്കല്‍ ലെഫ്റ്റ് സ്വഭാവമായിരുന്നുണ്ടായിരുന്നത്. 1930കളോടെ കമ്മ്യൂണിസ്റ്റുകാര്‍ പ്രത്യേക വര്‍ക്കിങ്ങ് ക്ലാസ് പാര്‍ടിയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതിന് ശേഷവും, 1940കളോടെ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷവും അതിന്റെ ഇടതുപക്ഷ സ്വഭാവത്തിന് കാതലായ മാറ്റം വന്നു. ഇടത്തോട്ട് വളഞ്ഞിരുന്ന കമ്പി പതുക്കെ വലത്തോട്ട് വളയ്ക്കപ്പെട്ട് തുടങ്ങി. എന്നിട്ടും നെഹ്‌റുവിന്റെയും, ഒരു പരിധിവരെ ഇന്ദിരാ ഗാന്ധിയുടെയും കാലം വരെയും വലിയൊരു പരിധി വരെയും ഇടതുവശത്തേക്ക് ചാഞ്ഞിരുന്ന കമ്പി ഏറെക്കുറെ വലത്തേക്കായി വളഞ്ഞത് രാജീവ് ഗാന്ധിയുടെ വരവോട് കൂടിയാണ്. 1991ല്‍ നരസിംഹറാവുവിന്റെ കാലത്താണ് ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതെങ്കിലും തത്വത്തിലെങ്കിലും ആ ദിശയിലേക്കുള്ള പ്രയാണമാരംഭിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്നത് ചരിത്രം.
800px-1st_INC1885.jpg
ഋജുവായ ഒരു പ്രത്യയശാസ്ത്രമില്ലാത്ത ഒരു പാര്‍ടിയാണ് കോണ്‍ഗ്രസ്. ഒരേ സമയം ഒരു പാര്‍ടിയിലെ പല ഗ്രൂപ്പുകള്‍ക്ക് പല നിലപാടുകള്‍ ഉണ്ടാവുക എന്നത് ജനാധിപത്യപരതയൊന്നുമല്ല. തികഞ്ഞ അലസതയാണ്. ഒരു വിഷയത്തെപ്രതി പല നിലപാടുള്ളവര്‍ ചര്‍ച്ച ചെയ്ത് ഒരു നിലപാടിലെത്തുന്നതാണ് ജനാധിപത്യത്തിന്റെ രീതി. നിലപാടില്ലായ്മ എന്നത് തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ്. സമകാലീനരാഷ്ട്രീയത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഹരിത എംഎല്‍ഏമാര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയത്താണ് ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി നെല്‍വയല്‍-തണ്ണീര്‍ത്തടനിയമം ദുര്‍ബലപ്പെടുത്തിയതും, നെല്‍വയലുകള്‍ ഉള്‍പ്പടെ ഒട്ടേറെ സ്ഥലം പലര്‍ക്കും എഴുതിക്കൊടുത്തതും. കോണ്‍ഗ്രസിലെ ചില യുവതുര്‍ക്കികള്‍ മതനിരപേക്ഷ-പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സമയത്തു തന്നെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രവീണ്‍ തൊഗാഡിയയുടെ പേരിലുള്ള മതവിദ്വേഷക്കേസുകള്‍ തള്ളിക്കളയുന്നത്, എംജി കോളേജിലെ ബോംബേറ് കേസിലെ പ്രതിയായ ഏബീവീപ്പി ഗുണ്ടയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടുവാന്‍ വേണ്ടി കേസൊഴിവാക്കിക്കൊടുത്തതും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംഘപരിവാര്‍ നിലപാടുകാരനായ കോണ്‍ഗ്രസുകാരനായിരിക്കുമ്പോള്‍ തന്നെയാണ് മതനിരപേക്ഷ-പുരോഗമന നിലപാടുകാരനായി ഒരു യുവ കോണ്‍ഗ്രസ് എംഎല്‍ഏ ഫെയ്‌സ്‌ബുക്‍ വാഴുന്നത്. 'മതനിരപേക്ഷതയുടെ ചാമ്പ്യന്മാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കളും മതനിരപേക്ഷവിരുദ്ധ ഇസ്ലാമിസ്റ്റ്-ഹിന്ദുത്വ രാഷ്ട്രീയബാന്ധവമുള്ളവരും അതിനെ ന്യായീകരിക്കുന്നവരുമാണ്.

ഋജുവായ പ്രത്യയശാസ്ത്രാടിത്തറ ഇല്ലാത്തത് കൊണ്ടുതന്നെയാണ് കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കും, വന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഒരേ സമയം ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും അംഗങ്ങളാകുവാന്‍ സാധിക്കുന്ന ഒരവസ്ഥ സാങ്കേതികമായി മാത്രം സാധ്യമല്ലാത്തത് കൊണ്ടാണ് പലരും ആര്‍.എസ്.എസും കോണ്‍ഗ്രസുമായി വേറെ വേറെ ആയിരിക്കുന്നത്. ആര്‍.എസ്.എസും കോണ്‍ഗ്രസും ഒരു പോലെയാണെന്നും ആര്‍.എസ്.എസിനെ ഉന്മൂലനം ചെയ്യുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഇക്കഴിഞ്ഞ ദിവസം തുറന്ന് സമ്മതിച്ചതും ഇവിടെ പറയേണ്ടതുണ്ട്. കഴിഞ്ഞ പത്തിരുപത് വര്‍ഷത്തെ കണക്കെടുത്താല്‍ അതില്‍ ഇരുവിഭാഗങ്ങളിലെയും സംസ്ഥാന-ദേശീയ നേതാക്കള്‍ മുതല്‍, മുഖ്യമന്ത്രിമാര്‍ വരെയുണ്ട്. അങ്ങനെ, പ്രമുഖരും അപ്രമുഖരുമായ ആയിരക്കണക്കിന് പേരാണ് ചാക്രികമായി കോണ്‍ഗ്രസിലും ബിജെപിയിലും അംഗങ്ങളായിരിക്കുന്നത്. ഒറ്റപ്പെട്ടതല്ലാത്ത, ഇത്തരത്തിലൊരു ചാക്രികപ്രതിഭാസം മറ്റേതെങ്കിലും പാര്‍ടികളില്‍ സംഭവിക്കുന്നുണ്ടോ?

ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം എങ്ങോട്ടും വളയാവുന്ന ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരിക്കുക എന്നതൊരു ദൗര്‍ബല്യമാണ്. വിശേഷിച്ചും ഫാസിസ്റ്റുകളെ നേരിടുവാന്‍ അത്തരം 'പല നിലപാടുകളുള്ള' പാര്‍ടിയെ കൊണ്ട് സാധിക്കുന്നതല്ല. എന്ന് മാത്രവുമല്ല, ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തില്‍ അത്തരത്തിലുള്ള, 'ഇരുവള്ളത്തിലും കാല് കയറ്റി വയ്ക്കുന്ന', കക്ഷികള്‍ ഉണ്ടാകുന്നത് ആ സഖ്യത്തിനെ മൊത്തത്തില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നാളെ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുള്ള ഒരു നേതാവുമായി എങ്ങനെയാണ് സഖ്യത്തിലേര്‍പ്പെടുക? വര്‍ഗീയതയെ (അതേതുമാകട്ടെ) എതിര്‍ക്കുവാന്‍ വൈക്ലബ്യം കാണിക്കുന്നവരുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ എങ്ങനെയാണ് വര്‍ഗീയരാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രതിരോധം തീര്‍ക്കുവാന്‍ സാധിക്കുക?