രോഹിത് വെമുലയുടെ ആത്മഹത്യയും വിദ്യാഭ്യാസരംഗത്തെ പുതിയ സമരമുഖങ്ങളും

Students Protesting with the picture of B.R. Ambedkar after Rohit Vemula's suicide

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല സമൂഹത്തിലും ഭരണകൂടത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും രാഷ്ട്രത്തിന്റെയും ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും അതിനെ ആധാരമാക്കിയുള്ള സോദ്ദേശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ എപ്പോഴും സംഭവിക്കാറുള്ളത് പോലെ, പൊള്ളയായ വാദപ്രതിവാദങ്ങളും ഇരകളെ പഴിചാരുന്ന തന്ത്രങ്ങളും ഇതിന്റെ ഭാഗമായും നടക്കുന്നുണ്ട്. രോഹിത് ദളിതനാണോ അല്ലയോ എന്ന തര്‍ക്കവും, ആത്മഹത്യ ഗൂഢാലോചനയുടെ ഭാഗമാണെന്ന നിഗമനവും, അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയ ചായ്‌വുകളെ ചൊല്ലിയുള്ള വാദപ്രതിവാദവും ഇതിന് ഉദാഹരണമാണ്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ അവയില്‍ താല്പര്യമുള്ളവര്‍ നടത്തട്ടെ. രോഹിതിന്റെ ആത്മഹത്യാ കുറിപ്പിലെ സൂചനകള്‍ ഗൗരവമുള്ളതാണ്, പ്രസക്തമാണ്. ആത്മഹത്യയോട് ഇന്ത്യയിലെല്ലായിടത്തുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം, ഈ പ്രസക്തിയെ തന്നെ കുറിക്കുന്നു. ആത്മഹത്യ സൃഷ്ടിച്ച ആദ്യ ഘട്ടത്തിലെ വൈകാരിക മൂര്‍ച്ഛയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റവര്‍ കണ്ടത് അവരവരില്‍ തന്നെയുള്ള രോഹിതുകളെയാണ്. രോഹിതിന്റെ ആത്മഹത്യയിലേക്ക് വഴി തെളിയിച്ച ഭൗതികവും ആത്മനിഷ്ഠവുമായ സാഹചര്യങ്ങള്‍ അവരുടെ ചുറ്റുപാടും, വിദ്യാലയങ്ങളില്‍ സമൂഹത്തില്‍, ഭരണകൂടത്തില്‍, നിലനില്‍ക്കുന്നു എന്നാണവര്‍ തിരിച്ചറിഞ്ഞത്. ദളിതര്‍/ദളിതിതരര്‍, എന്ന് ഭരണകൂടവും മറ്റ് ചില ബുദ്ധിജീവികളും പ്രചരിപ്പിക്കുന്ന ദ്വന്ദ്വങ്ങള്‍ക്കപ്പുറം, ഇന്ന് ഭരണകൂടവും വിദ്യാഭ്യാസ സംവിധാനവും അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥാപിതവും അമാനവികവും ജീര്‍ണവുമായ രൂപങ്ങള്‍ക്കെതിരെയാണ് അവര്‍ പ്രതികരിച്ചത്.

ദളിതനായ ഒരു വിദ്യാര്‍ത്ഥിക്ക് അത്തരം ഏത് തൊഴിലും ആഗ്രഹിക്കാം. കാള്‍ സാഗനോ ഐന്‍സ്റ്റീനോ ആയി സ്വയം വിഭാവനം ചെയ്യാം. ദളിതര്‍ക്ക് ഭരണകര്‍ത്താവോ വൈസ് ചാന്‍സലറോ വ്യവസായിയോ ആകാം. പക്ഷേ ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ശാസ്ത്ര-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാകുന്ന ദളിതരില്‍ നല്ലൊരു വിഭാഗം പഠനം നിര്‍ത്തുകയോ തോല്‍ക്കുകയോ ചെയ്യുന്നു? എന്തുകൊണ്ട് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദളിതര്‍ കാര്യമായി പ്രവേശനം നേടുന്നില്ല?

ഈ ജീര്‍ണരൂപങ്ങള്‍ എന്തൊക്കെയാണ്? ഒന്ന് വിവേചനമാണ്. ബ്രാഹ്മണാധിപത്യത്തിന്റെ കീഴില്‍ ശ്രേണീബദ്ധമായ സമൂഹബന്ധങ്ങളില്‍ ഓരോ ജാതിക്കും കൃത്യമായ തൊഴില്‍ രൂപങ്ങളും ചാര്‍ച്ചക്രമങ്ങളും ഉണ്ട്. ശ്രേണിയിലെ സ്ഥാനമുണ്ട്. ശുദ്ധിയുടെയും അശുദ്ധിയുടെയും ആചാരമര്യാദകളുടെയുമായ വേര്‍തിരിവുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യയുടെ ഗ്രാമീണതലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യവസായങ്ങളില്‍, സ്ഥാപനങ്ങളില്‍, വിദ്യാലയങ്ങളില്‍ ഇത്തരം വേര്‍തിരിവുകള്‍ക്ക് പ്രായോഗികമോ താത്വികമോ ആയ അടിത്തറ ഇല്ല. ഒരു വ്യവസായ തൊഴിലാളിയും സര്‍ക്കാര്‍ ഓഫീസറും വിദ്യാര്‍ത്ഥിയും അദ്ധ്യാപികയുമെല്ലാം പുതിയ സാമൂഹികക്രമം അനുസരിച്ചുള്ള തൊഴില്‍ ചെയ്യുന്നവരാണ്. അവ കുലത്തൊഴിലല്ല, ജാതിബദ്ധമല്ല, അവ കൂലിവേലയാണ്, വരുമാനദായകമായ തൊഴിലാണ്. ദളിതനായ ഒരു വിദ്യാര്‍ത്ഥിക്ക് അത്തരം ഏത് തൊഴിലും ആഗ്രഹിക്കാം. കാള്‍ സാഗനോ ഐന്‍സ്റ്റീനോ ആയി സ്വയം വിഭാവനം ചെയ്യാം. ദളിതര്‍ക്ക് ഭരണകര്‍ത്താവോ വൈസ് ചാന്‍സലറോ വ്യവസായിയോ ആകാം. പക്ഷേ ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ശാസ്ത്ര-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാകുന്ന ദളിതരില്‍ നല്ലൊരു വിഭാഗം പഠനം നിര്‍ത്തുകയോ തോല്‍ക്കുകയോ ചെയ്യുന്നു? എന്തുകൊണ്ട് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദളിതര്‍ കാര്യമായി പ്രവേശനം നേടുന്നില്ല? ഇതിനെല്ലാം കാരണം അവരുടെ ആന്തരികശേഷികളുടെ കുറവല്ല, അവര്‍ ജീവിക്കുന്ന ഭൌതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥയാണ്. അത് പരിഹരിക്കേണ്ടത് ഭരണകൂടവും ആധുനികസ്ഥാപനങ്ങളുമാണ്. അവരുടെ സര്‍ഗശേഷിയെയും ധിഷണയെയും വളര്‍ത്തിക്കൊണ്ട് വരുന്ന ചുമതലയും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേതാണ്. ഇതൊന്നും ചെയ്യാന്‍ ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തനാന്തരീക്ഷത്തിന് കഴിയുന്നില്ലെങ്കില്‍, അതില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് വിവേചനം. വ്യക്തികളോടുള്ള വിവേചനം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, ഒരു സ്ഥാപനത്തിന് ചില സമൂഹവിഭാഗങ്ങളോടുള്ള പൊതുനിലപാടും വിവേചനമാണ്. സന്മനസ്സ്, ഉദാരമനസ്കത, ജീവകാരുണ്യം തുടങ്ങി സമൂഹസമത്വത്തിലധിഷ്ഠിതമല്ലാത്ത പ്രവര്‍ത്തനരൂപങ്ങള്‍ കടന്നുവന്നാല്‍ അവയും വിവേചനമാണ്. വിവേചനം ഏറ്റവും ശക്തമായി ബാധിക്കുന്നത് ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ത്ഥികളെയാണ് എന്നത് ഒരു സത്യമാണ്. ജാതിവ്യവസ്ഥയുടെ ശ്രേണീബദ്ധ രൂപങ്ങള്‍ മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളില്‍ പ്രയോഗിക്കുന്ന വിധത്തെയാണ് നാം വിവേചനം എന്ന് വിളിക്കുന്നത്.

xdfdfd

രണ്ടാമത്തേത് നീതി നിഷേധമാണ്. നീതി എന്ന വാക്കിനെയും പ്രയോഗത്തെയും കുറിച്ച് തര്‍ക്കങ്ങളുണ്ട്. വിതരണത്തിലെ തുല്യതയെയാണ് ആധുനിക സമൂഹത്തില്‍ നീതിയായി കാണുന്നത്. മുതലാളിത്ത വ്യവസ്ഥയിലെ ക്ഷേമസങ്കല്പം വിതരണ നീതിയെ ആശ്രയിച്ചിരിക്കുന്നു. ന്യായമായ (fair) വിഹിതം എന്ന അര്‍ത്ഥത്തിലും നീതിയെ കാണാറുണ്ട്. സമൂഹത്തിന്റെ ചരിത്രപരമായ ബാദ്ധ്യതകളെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള നീതിസങ്കല്പമാണിത്. സംവരണതത്വം ഇതിന് ഉദാഹരണമാണ്. ഇവ രണ്ടും അംഗീകരിക്കപ്പെട്ടാല്‍ പോലും വിവേചനം നീതിയെ ക്ഷുദ്രമാക്കാമെന്നതിന് ഇന്നത്തെ അനുഭവങ്ങള്‍ തന്നെ തെളിവാണ്. സംവരണം കൊണ്ട് മാത്രം ഒരു ദളിത് വിദ്യാര്‍ത്ഥിയെ ഉന്നതതലങ്ങളില്‍ എത്തിക്കാനാവില്ല. ക്ഷേമം, ദൃഢീകരണ പ്രവര്‍ത്തനം (affirmative action), ശാക്തീകരണം (empowerment) മുതലായ പ്രവര്‍ത്തന രീതികള്‍ കൊണ്ട് മാത്രം ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും വിവേചനരൂപങ്ങളെ മറികടക്കാനാവില്ല. നീതി ലഭിച്ച് പോലും നീതിനിഷേധം നടക്കാമെന്നതാണ് വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ കാണിക്കുന്നത്. ജെ.ആര്‍.എഫ്. അടക്കമുള്ള ഫെല്ലോഷിപ്പുകള്‍ ലഭിച്ചവര്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ധനസഹായം കൃത്യസമയത്ത് ലഭിക്കുന്നില്ല. ജെ.ആര്‍.എഫ് അല്ലാത്ത ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കുന്നു. ഭരണകൂടത്തിന്റെയും സര്‍വകലാശാലകളുടെയും ബ്യൂറോക്രാറ്റിക് ഇടപെടലുകള്‍ പ്രത്യേകിച്ച് പെൺകുട്ടികളുടെയും ദളിത്-പിന്നോക്ക വിദ്യാര്‍ത്ഥികളുടെയും നിലനില്പ് വരെ പ്രതിസന്ധിയിലാക്കുന്നു.

മൂന്നാമത്തേത് അമാനവീകരണമാണ്. ആധുനിക ഭരണകൂടവും സമൂഹവ്യവസ്ഥയും ജനങ്ങളെ കണക്കാക്കുന്ന രീതികളില്‍ നിന്നാണ് അമാനവീകരണം ഉത്ഭവിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍ പണിയെടുക്കുന്നവര്‍, ഉല്പാദനവിതരണ രൂപങ്ങള്‍ക്കുള്ള, ലാഭം കൊയ്യുന്നതിനുള്ള ഉപകരണങ്ങളാണ്. യന്ത്രവല്‍ക്കരണവും പ്രതീതിമാത്ര സ്വഭാവവും (virtuality) പൂര്‍ണമാകുന്ന സമൂഹങ്ങളില്‍ അവര്‍ ഒരു എണ്ണമാണ്, ഒരു കാര്‍ഡാണ്, കാര്‍ഡില്‍ പതിപ്പിച്ച ചിത്രമാണ്. അവര്‍ വ്യക്തികള്‍ എന്ന വിധത്തില്‍ പോലും നിലനില്‍ക്കുന്നില്ല. നമ്മുടെ നാട്ടില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല, അതുകൊണ്ട് അവര്‍ ആരെന്ന് നമുക്കറിയില്ല. കോഴിക്കോട്ടെ ഡ്രെയിനേജില്‍ നൗഷാദ് എന്ന ഓട്ടോറിക്ഷാ തൊഴിലാളി മരിച്ചപ്പോള്‍, എല്ലാവരും വേദനിച്ചു. കാരണം നാം അയാളെ തിരിച്ചറിഞ്ഞു. അയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ചൊല്ലി ആരും വേദനിച്ചില്ല, അവാര്‍ഡുകളോ പ്രശംസാപത്രങ്ങളോ നല്കിയില്ല, കവിതകള്‍ രചിച്ചില്ല. അവര്‍ ആരായിരുന്നു എന്ന് നാം അറിഞ്ഞില്ല. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ അവസ്ഥ ഇതാണ്. നാല്പത് കോടിയില്‍പരം ഇന്ത്യാക്കാര്‍ നിരക്ഷരരാണ്. സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നവരുടെ എണ്ണവും കൂടിയെടുത്താല്‍, ഇവര്‍ ജനസംഖ്യയുടെ പകുതിയിലധികം വരും. ഏതെങ്കിലും കാര്‍ഡോ നമ്പറോ ഫോട്ടോയോ ആണ് അവര്‍ ഉണ്ടെന്നതിന്റെ തെളിവ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം യോഗ്യത (merit) ആണ്. പ്രവേശന പരീക്ഷകളിലൂടെയും മറ്റ് രീതികളിലൂടെയും ആണ് യോഗ്യത തീരുമാനിക്കുക. ഇതിന്റെ സ്വഭാവം വിദ്യാഭ്യാസ പ്രവീണര്‍ എന്ന ഒരു ചെറുവിഭാഗം തീരുമാനിക്കുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യും. യോഗ്യതയില്ലെന്ന് തീരുമാനിക്കപ്പെടുന്നവരിലെ സമ്പന്നര്‍ ഉന്നതവിദ്യാലയങ്ങളിലെ സീറ്റുകള്‍ പണം കൊടുത്ത് വാങ്ങിച്ച് യോഗ്യത നേടും.

ഇവരില്‍ നിന്നും, അതേ നഗരങ്ങളിലുള്ള പണിയാളരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്കൂളിലും കുറച്ച് പേര്‍ കോളേജുകളിലും സര്‍വകലാശാലകളിലും എത്തുന്നുണ്ട്. അവരുടെ എണ്ണം ഇപ്പോള്‍ അതിവേഗം പെരുകിക്കൊണ്ടിരിക്കുകയാണ്. 1960കളില്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യാസത്തിലെത്തിയതെങ്കില്‍ ഇപ്പോള്‍ അവരുടെ എണ്ണം മൂന്നിരട്ടിയായിരിക്കുന്നു. അടുത്ത കാല്‍നൂറ്റാണ്ടില്‍ ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനം നാല്പത് ശതമാനമെങ്കിലും ആക്കണമെന്നാണ് അധികൃതരുടെ ആഗ്രഹം. ഇതിന്റെ അര്‍ത്ഥം പ്രവേശനം നേടുന്ന അധഃസ്ഥിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ്. മുതലാളിത്തത്തിന്റെ വിതരണനീതിയും ന്യായമായ വിഹിതവുമനുസരിച്ച് അവരെ ഇനിയും പ്രവേശിപ്പിക്കുമായിരിക്കും. പൊതുവിദ്യാഭ്യാസഘടനയുടെ വളര്‍ച്ചയും ഇവരുടെ വരവുമായി ബന്ധപ്പെട്ടാണ്. ഇവരുടെ വരവ് കണ്ട് ഭയപ്പെട്ട, ഗുണനിലവാരം തകരുന്നുവെന്ന് മുറവിളിയിട്ട വരേണ്യ സമൂഹം സ്വന്തം മക്കളുടെ ഭാവി ഉറപ്പിക്കാനായി പുതിയ പബ്ലിക് സ്കൂളുകളിലും വരേണ്യ വിദ്യാലയങ്ങളിലും കുട്ടികളെ പ്രവേശിപ്പിച്ചു. ഭരണകൂടം പൊതുവിദ്യാലയങ്ങളെ നിരുത്സാഹപ്പെടുത്തി. വിവേചനത്തിനും നീതി നിഷേധത്തിനും ഔപചാരികമായ മുഖമുദ്ര കൈവന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം യോഗ്യത (merit) ആണ്. പ്രവേശന പരീക്ഷകളിലൂടെയും മറ്റ് രീതികളിലൂടെയും ആണ് യോഗ്യത തീരുമാനിക്കുക. ഇതിന്റെ സ്വഭാവം വിദ്യാഭ്യാസ പ്രവീണര്‍ എന്ന ഒരു ചെറുവിഭാഗം തീരുമാനിക്കുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യും. യോഗ്യതയില്ലെന്ന് തീരുമാനിക്കപ്പെടുന്നവരിലെ സമ്പന്നര്‍ ഉന്നതവിദ്യാലയങ്ങളിലെ സീറ്റുകള്‍ പണം കൊടുത്ത് വാങ്ങിച്ച് യോഗ്യത നേടും. മറ്റുള്ളവര്‍ വരുന്നത് സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ വഴിയാണ് തുല്യതയ്ക്ക് (equality) വേണ്ടിയുള്ള ഇത്തരം സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ കോഴ്സുകളിലും പോലും ഉറപ്പാക്കിയിട്ടില്ല.

അങ്ങനെ ഉന്നത വിദ്യാലയങ്ങളില്‍ രണ്ട് തരം വിദ്യാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഒരു വിഭാഗം യോഗ്യതാപരീക്ഷകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ തെരഞ്ഞെടുക്കുന്നവരും അവരോടൊപ്പം സീറ്റ് വാങ്ങുന്ന യോഗ്യതയില്ലാത്തവരും. മറുവശത്തു് സംവരണം പോലെ തുല്യതയുടെ മാനദണ്ഡങ്ങള്‍ വഴി പ്രവേശനം നേടുന്നവരും അതേവിഭാഗങ്ങളില്‍ നിന്നുവരുന്ന യോഗ്യതയുള്ളവരും. ഇവരെ വേര്‍തിരിക്കുന്ന മറ്റുഘടകങ്ങളുമുണ്ട്. സമ്പത്ത്, ഉന്നത ജാതി, ഇംഗ്ലീഷ് മീഡിയം. വരേണ്യസ്കൂളുകളിലെ വിദ്യാഭ്യാസം, സാംസ്കാരിക വേര്‍തിരിവുകള്‍ തുടങ്ങിയവ. തുല്യതയിലൂടെ പ്രവേശനം നേടുന്നവരില്‍ ഭൂരിഭാഗവും പൊതുവായ പ്രാദേശിക ഭാഷാവിദ്യാലയങ്ങളിലൂടെ വരുന്നവരാണ്. അവരുടെ ഭാഷാനൈപുണ്യം ഉന്നത വിദ്യാഭ്യാസത്തിലെ പ്രകടനത്തിന് തടസ്സമാകുന്നുണ്ട്. ഇവടെല്ലാം പുതിയ വ്യവസ്ഥക്കുള്ളില്‍ വിവേചനത്തിന്റെ രൂപങ്ങളുമാകന്നു. പ്രാദേശികഭാഷകളില്‍ ഉന്നതവിദ്യാഭ്യാസമോ ഗവേഷണമോ പാടില്ലെന്ന നിബന്ധനയുള്ള സര്‍വകലാശാലകള്‍ ധാരാളമാണ്. അതിനോടൊപ്പം സ്കോളര്‍ഷിപ്പുകള്‍ വൈകിക്കുക, ഹോസ്റ്റലുകളില്‍ സൗകര്യങ്ങള്‍ ഇല്ലാതാകുക എന്നിവകൂടി ചേരുമ്പോള്‍ "യോഗ്യത"യുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ മറ്റുള്ളവര്‍ ഒരു അധികപറ്റാണെന്നു് സ്വയം തോന്നിത്തുടങ്ങുന്നു. ഈ വികാരത്തെ ശക്തിപ്പെടുത്തുന്ന അന്തരിക്ഷം അധ്യാപകരും മാനേജ്മെന്റും "യോഗ്യത"യുള്ള വിദ്യാര്‍ത്ഥികളും കൂടി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഗവേഷണബിരുദം നേടിയാല്‍ പോലും മുതലാളിത്തവ്യവസ്ഥയുടെ തൊഴില്‍ തുറകളില്‍ സ്വന്തം അധ്വാനവും സര്‍ഗശേഷിയും കാമനകളുമെല്ലാം വില്‍ക്കുകയാണ് ജീവിക്കാനുള്ള എക വഴി എന്നുവരുന്നതോടെ അമാനവീകരണം വ്യവസ്ഥാപിത രൂപമായിതീരുന്നു.

xdfdfd

മേല്‍ സൂചിപ്പിച്ച വൈരുദ്ധ്യങ്ങള്‍ ദളിതരും ദളിതല്ലാത്തവരും തമ്മിലുള്ള വൈരുദ്ധ്യമായി ചുരുക്കിക്കാണുന്നതു ശരിയല്ല. വൈരുദ്ധ്യത്തിന്റെ തീക്ഷണമായ രൂപം ദളിതരുടെതാണെന്നത് ശരിയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. യോഗ്യതയിലും അവര്‍ ബഹുദൂരം മുമ്പിലാണ്. എന്നിട്ടും ക്യാമ്പസുകള്‍ക്കകത്തും പുറത്തുമുള്ള വിവേചനത്തിനും പീഡനത്തിനും നീതി നിഷേധത്തിനും പ്രധാന ഇരകള്‍ അവരാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ആദിവാസികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവര്‍ക്കെതിരെയും വിവേചനത്തിന്റെയും നീതി നിഷേധത്തിന്റെയും രൂപങ്ങള്‍ ശക്തമാകും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ കേരളത്തിനകത്തും പുറത്തും സമൂഹത്തിലെ അധഃസ്ഥിതരാണ്. അവരില്‍ കഠിനശ്രമം മൂലം മുന്നോട്ടു വന്നവര്‍ പോലും ഭാഷാപ്രാവീണ്യത്തിന്റെയും വിനിമയശേഷിയുടെയും മറ്റും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുറന്തള്ളപ്പെടുന്നു. ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങളുലും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സമ്പന്നരെ സമ്പന്നരായും അധഃസ്ഥിതരെ അധഃസ്ഥിതരായും പുനരുല്പാദിപ്പിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കുള്ളത്. സമ്പന്നര്‍ രണ്ടു വിധത്തിലുള്ളവരാണ്. ഒന്നുകില്‍ അവര്‍ ജാതിമതഭേദമെന്യെ സമ്പന്നരാണ്. അല്ലെങ്കില്‍ അവര്‍ ഉന്നതജാതിയിലും വര്‍ഗത്തിലും ജനിച്ചതുകൊണ്ട് വൈജ്ഞാനിക വളര്‍ച്ചക്കുള്ള ഭൗതികസാഹചര്യങ്ങള്‍ പൈതൃകമായി തന്നെ നേടിയവരാണ്. അധഃസ്ഥിതര്‍ ജാതീയമായും മതപരമായും ലീംഗപരമായുമുള്ള ഭൂതകാല ബാദ്ധ്യതകള്‍ മൂലം തൈഴെതട്ടിലായവരാണ്. ഇന്നത്തെ സാമൂഹ്യസമ്പദ്ഘടന പ്രോലിറ്റേറിയന്മാരായി മാറ്റിയവരും അവരില്‍പെടും. ഈ അടിസ്ഥാനവൈരുദ്ധ്യത്തെ മറികടക്കാനുള്ള കഴിവ് ഉന്നതവിദ്യാഭ്യാസപദ്ധതിയ്ക്കോ ഭരണകൂടം മുന്നോട്ടുവക്കുന്ന ക്ഷേമം, ശാക്തീകരണം തുല്യത, സംവരണം മുതലായ നടപടികള്‍ക്കോ ഇല്ല.

ഭരണകൂടം ഇന്ന് രണ്ടു ശക്തികളുടെ നിയന്ത്രണത്തിലാണ്. ഒന്ന്, സ്വത്തുടമ-തൊഴിലാളി ബന്ധങ്ങളെയും ജനങ്ങളുടെ അഭിവാഞ്ഛകളെയും നിര്‍ണയിക്കുന്ന നവലിബറല്‍ മുതലാളിത്ത വ്യവസ്ഥ. രണ്ട്, ആശയസംഹിതയായും പ്രായോഗിക രീതികളായും നിലനില്ക്കുന്ന നവഹിന്ദുത്വത്തിന്റെതായ മത-ജാതി ഘടന. ഇവ രണ്ടും ചേര്‍ന്ന്, സമ്പന്നരുടെയും അതിസമ്പന്നരുടെയും ഭൗതികസാഹചര്യങ്ങളെയും മത-ജാതിഘടനയുടെ ആത്മനിഷ്ഠ ആശയസംഹിതകളെയും ഒരുമിച്ച് ഉന്നതവിദ്യാലയങ്ങളില്‍ പുനരുല്‍പ്പാദിപ്പിക്കുന്നു. അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളാണ് ഉന്നതവിദ്യാലയങ്ങളില്‍ കാണുന്നത്.

ഈ അവസ്ഥയെ എങ്ങനെ മറികടക്കാം? സെക്കുലര്‍ ജനാധിപത്യപരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ഇന്ത്യയിലെ പുരോഗമന-ജനാധിപത്യശക്തികള്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി വാദിച്ചു പോന്നിട്ടുണ്ട്. ഈ ആശയത്തിന് ഇന്നത്തെ സാഹചര്യങ്ങളില്‍ വ്യക്തമായ അര്‍ത്ഥനിര്‍ണയം നടത്തേണ്ടിയിരിക്കുന്നു. സെക്കുലര്‍ ജനാധിപത്യം എന്നാല്‍ ജാതിമത നിരപേക്ഷവും അക്കാദമിക് സമൂഹത്തിനും പൊതുസമൂഹത്തിനും നിര്‍ണായകമായ അധികാരമുള്ളതുമായ വിദ്യാഭ്യാസപദ്ധതി എന്ന് മാത്രമല്ല അര്‍ഥം. മതനിരപേക്ഷം എന്നാല്‍ യോഗ്യതയുള്ളവരും തുല്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരും തമ്മിലുള്ള അനുപാതം എന്നും മാനേജ്മെന്റുകളുടെ പ്രവേശനാവകാശവും അവരുടെ ഉദാരമാനസ്കതയും തമ്മിലുള്ള അനുപാതം എന്നുമായി ഇപ്പോള്‍ മാറിയിരിക്കുന്നു. വിവേചനവും നീതിനിഷേധവും ഇതിന്റെ ഭാഗമല്ല. തുല്യതയും സംവരണവും ഭരണകൂടത്തിന്റെയും മാനേജ്മെന്റുകളുടെയും ഉദാരമാനസ്കതയും ക്ഷേമത്തിന്റെയും ശാക്തീകരണത്തിന്റെയും ആശയങ്ങളുമായി നിര്‍വചിക്കപ്പെടുമ്പോള്‍, അത്തരം നിര്‍വചനങ്ങളില്‍ തന്നെ അത്തരം നിര്‍വചനങ്ങളില്‍ തന്നെ വിവേചനവും നീതി നിഷേധവും അടങ്ങിയിരിക്കും.

സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും കൃത്യമായ വിതരണം, ക്ലാസുമുറികളുടെയും പഠനസൗകര്യങ്ങളുടെയും ഹോസ്റ്റലുകലുടെയും സ്ഥാപനം, ലൈബ്രറികളുടെയും ലബോറട്ടറികളുടെയും നിര്‍മാണം, ആരോഗ്യകരമായ, പീഡനമുറകളും ശിക്ഷാരൂപങ്ങളും ഇല്ലാത്ത, ലിംഗപരവും മതജാതിപരവുമായ വിവേചനങ്ങളില്ലാത്ത ക്യാമ്പസ് ജീവിതം തുടങ്ങിയവ ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്.

മതനിരപേക്ഷത എന്നാല്‍ ജാതീയമോ മതപരമോ ലിംഗപരമോ ആയ പൂര്‍ണമായ വിവേചനരാഹിത്യമായി നിര്‍വചിക്കപ്പെടണം. ഇതിന്റെ അര്‍ത്ഥം ഭരണകൂടവും മാനേജ്മെന്റുകളും നടത്തുന്ന ഒരു വിദ്യാലയത്തിലും പ്രവേശനത്തിണോ പഠനത്തിനോ ജാതി-മത-ലിംഗപരമായ ഒരു വിവേചനവും അംഗീകരിക്കപ്പെടരുത് എന്നാണ്. ജനാധിപത്യം എന്നാല്‍ സമൂഹത്തിന് വിദ്യാലയങ്ങളുടെ മേലുള്ള നിയന്ത്രണാധികാരം മാത്രമല്ല, വിദ്യാഭ്യാസത്തില്‍ പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, പ്രത്യേകിച്ച് ചരിത്രപരമായും നിലവിലുള്ള സമൂഹവ്യവസ്ഥയുടെ പ്രവര്‍ത്തനം കൊണ്ടും ജീവിതം പോലും നിഷേധിക്കപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ അവകാശങ്ങളുടെ സ്ഥാപനമാണ്‌. അവര്‍ക്ക് സ‌‌ര്‍ക്കാരും മാനേജ്മെന്റുകളും നല്കുന്നത് ആനുകൂല്യങ്ങളല്ല, അവര്‍ പഠിക്കുന്നത് ആരുടേയും ഔദാര്യം കൊണ്ടല്ല, പഠിക്കുക എന്നത് അവരുടെ അവകാശമാണ്. അതിനാവശ്യമായ സൗകര്യങ്ങളും ധനസഹായവും ബോധനപഠന രൂപങ്ങളുമൊരുക്കുന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്, കടമയാണ്. ഈ അവകാശ സ്ഥാപനമാണ്‌ ജനാധിപത്യത്തിന്റെയും നീതിയുടെയും ലക്‌ഷ്യം. സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും കൃത്യമായ വിതരണം, ക്ലാസുമുറികളുടെയും പഠനസൗകര്യങ്ങളുടെയും ഹോസ്റ്റലുകലുടെയും സ്ഥാപനം, ലൈബ്രറികളുടെയും ലബോറട്ടറികളുടെയും നിര്‍മാണം, ആരോഗ്യകരമായ, പീഡനമുറകളും ശിക്ഷാരൂപങ്ങളും ഇല്ലാത്ത, ലിംഗപരവും മതജാതിപരവുമായ വിവേചനങ്ങളില്ലാത്ത ക്യാമ്പസ് ജീവിതം തുടങ്ങിയവ ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്. അവയെല്ലാം നടപ്പിലാക്കുന്നത്, നിറവേറ്റുന്നത് ഭരണാധികാരികളുടെ വിദ്യാര്‍ത്ഥികളോടും, അതിവേഗം നമ്പറും കാര്‍ഡിലെ ഫോട്ടോയുമാവുന്ന കോടിക്കണക്കിനു ജനങ്ങളോടുമുള്ള ബാധ്യതയാണ്.

വിദ്യാര്‍ത്ഥികളുടെ ഈ അവകാശങ്ങള്‍ക്ക് മറ്റൊരു തലവുമുണ്ട്. വിദ്യാലയങ്ങളില്‍ നടക്കുന്ന ജ്ഞാനോല്പാദനവും വിനിമയവും ആര്‍ക്ക് വേണ്ടി എന്നാ ചോദ്യവും അതുയര്‍ത്തുന്നു. ഭരണാധികാരികളെയും അധീശശക്തികളെയും സംബന്ധിച്ചിടത്തോളം ജ്ഞാനോല്പാദനത്തിന്റെ ലക്ഷ്യം നവലിബറല്‍ മൂലധന വ്യവസ്ഥയുടെ വികാസമാണ്. കമ്പോള രൂപങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചക്കനുയോജ്യമായ ജ്ഞാനോല്പാദനവും അതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യതയും അവര്‍ ലക്ഷ്യമാക്കുന്നു. ഇതിനാവശ്യമായ വൈദഗ്ധ്യത്തിന്റെ വളര്‍ച്ചയും പരിശീലനവും മാത്രമാണ് ഉന്നത വിദ്യാഭ്യാസം കൊണ്ട് അവര്‍ ലക്ഷ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വെറും മനുഷ്യ ഉപകരണങ്ങള്‍ മാത്രമാണ്. ഇവരെ ജാതിയുടെയും മതത്തിന്റെയും വിശ്വാസങ്ങളുടെയും ഊരാക്കുടുക്കുകളില്‍ തളച്ചിടുന്നത് ഇവരുടെ പ്രവര്‍ത്തനത്തെയും ചിന്താശക്തിയെയും സര്‍ഗശക്തിയെയും നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ഉപാധികളായി അധീശശക്തികള്‍ കാണുന്നു. നേരെ മറിച്ച് ഉന്നതവിദ്യഭ്യാസത്തിലേക്ക് കടന്നു വരുന്നവരുടെ ലക്ഷ്യം ഈ വേലിക്കെട്ടുകളില്‍ നിന്നുള്ള മോചനമാണ്, സര്‍ഗശക്തിയുടെയും ചിന്താശക്തിയുടെയും പ്രവര്‍ത്തനപരതയുടെയും അനിയന്ത്രിതമായ വികാസമാണ്, അവരുടെ ചോദ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതകള്‍ നല്‍കുന്ന വ്യക്തിഗതവും സാമൂഹ്യവുമായ ഇടങ്ങളുടെ സൃഷ്ടിയാണ്.

ഈ വൈരുദ്ധ്യമാണ് സമരമുഖങ്ങളെ സൃഷ്ടിക്കുന്നത്. വിദ്യാലയങ്ങളിലെ സമരമുഖങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ജ്ഞാനോല്പാദനത്തിന്റെ തലത്തിലാണ്. വിവേചനവും നീതിനിഷേധവും അമാനവീകരണവുമെല്ലാം പ്രശ്നവല്‍ക്കരിക്കപ്പെടുന്നതും ജ്ഞാനോല്പാദനത്തിന്റെ തലത്തില്‍ തന്നെ. ഭരണാധികാരികള്‍ ജ്ഞാനത്തെ മൂലധനത്തിന്റെയും മതജാതിശക്തികളുടെയും ആൺകോയ്മയുടെയും ചവിട്ടടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. അതിനനുസരിച്ച് യോഗ്യതയുടെയും ശേഷിയുടെയും സങ്കല്പവും പ്രയോഗവും നിര്‍മ്മിക്കുന്നു. എന്നാല്‍ മര്‍ദ്ദിതര്‍ക്ക്, അധഃസ്ഥിതര്‍ക്ക്, പ്രോലിട്ടേറിയന്മാര്‍ക്ക് ആവശ്യം അവരുടെ നിലനില്പിനും വളര്‍ച്ചയ്ക്കും ആവശ്യമായ മുഴുവന്‍ ജ്ഞാനരൂപങ്ങളെയുമാണ്. ലോകചരിത്രത്തില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ട ജ്ഞാനരൂപങ്ങളും സര്‍ഗശേഷികളും വൈദഗ്ധ്യങ്ങളും സ്വായത്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം വൈദഗ്ധ്യങ്ങളുടെയും ശേഷികളുടെയും സ്വാംശീകരണം അവരെ ചൂഴ്ന്നു നില്‍ക്കുന്ന വിവേചനത്തിന്റെയും അമാനവീകരണത്തിന്റെയും മതില്‍ക്കെട്ടുകളെ മുറിച്ച് കടക്കാന്‍, പൊളിച്ച് മാറ്റാന്‍ അവരെ സഹായിക്കുമെന്നു കരുതുന്നു. അതുകൊണ്ട് വിദ്യാഭ്യാസരംഗത്തെ സമരം വിവേചനത്തിനും നീതി നിഷേധത്തിനും അമാനവീകരണത്തിനുമെതിരായ സമരം മാത്രമല്ല, സാമൂഹ്യമായ ജ്ഞാനോല്പാദനത്തിന് വേണ്ടിയുള്ള സമരം കൂടിയാണ്.

ഈ പശ്ചാത്തലത്തില്‍ പ്രമുഖ ദളിത് പണ്ഡിതനും ഐസിഎസ്ആറിന്റെ ചെയര്‍മാനുമായ പ്രൊഫ: സുഖദേവ് തോറാട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. രോഹിതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നാലുമാറ്റങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

  1. വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനം പൂര്‍ണമായി ഒഴിവാക്കാനുള്ള നിയമനിര്‍മ്മാണം നടത്തുക.
  2. ജാതിവിവേചനത്തിനെതിരെ വിപുലമായ പൗരവിദ്യാഭ്യാസം സംഘടിപ്പിക്കുക.
  3. ദളിത് അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള ധനസഹായപദ്ധതികള്‍ ശക്തിപ്പെടുത്തുകയും അവ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
  4. സര്‍വകലാശാലാ ഭരണസമിതികളില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളടക്കം വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പ് വരുത്തുക.

ഇവ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ രണ്ട് നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്.

  1. കരിക്കുലം-സിലബസ് നിര്‍മ്മാണത്തിലും മൂല്യനിര്‍ണ്ണയത്തിലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഓരോ ഘട്ടത്തിന് ശേഷവും വേണ്ട ഫീഡ് ബാക്ക് സംവിധാനവും ഉറപ്പ് വരുത്തുക.
  2. അക്കാദമിക് സ്ഥാപനങ്ങളിലെ ബോധന പഠനരൂപങ്ങളെയും സ്വതന്ത്രമായ പ്രവര്‍ത്തന രൂപങ്ങളെയും മൂലധനശക്തികളുടെയോ നവഹിന്ദുത്വ-ജാതിമതശക്തികളുടെയോ ഇടപെടലില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിക്കുക.

ബോധന പഠനരൂപങ്ങളുടെ ജനാധിപത്യവല്‍ക്കരണവും അവയുടെ നിര്‍മ്മാണ നിര്‍വഹണ ദശകളിലുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തേണ്ടത് ജ്ഞാനോല്പാദനത്തെ ജനാധിപത്യപരമായ പ്രക്രിയയാക്കി മാറ്റുന്നതിന് ആവശ്യമാണ്. പൂര്‍ണ്ണമായും വിവേചനരഹിതവും സെക്കുലറുമായ അന്തരീക്ഷം സര്‍ഗശേഷികളുടെ വികാസത്തിനും ആഗ്രഹങ്ങളുടെ സഫലീകരണത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് തുറക്കുന്ന സമരമുഖങ്ങള്‍ വിദ്യാഭ്യാസത്തെ പുതിയ പാതകളിലൂടെ മുന്നേറാന്‍ ഏറെ സഹായിക്കും.