ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ 10 എണ്ണത്തിലും വ്യക്തമായ ലീഡ് നേടിക്കൊണ്ട് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ അംഗമായ കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബ് വിജയിക്കുന്നതാണ് രാഷ്ട്രീയ കേരളം ദര്‍ശിച്ചത്. ആകെ പോള്‍ ചെയ്ത 159180 വോട്ടുകളില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബിന് ലഭിച്ചത് 82756 വോട്ടാണ്. ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സി.പി.ഐ. (എം)-ലെ എം.ജെ. ജേക്കബിന് 70686 വോട്ടും ലഭിക്കുകയുണ്ടായി.

ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ആകാംക്ഷാഭരിതമായ, 13-ആം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍, ഇരു മുന്നണികളിലും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയ മല്‍സരത്തില്‍ തുച്ഛമായ 2 നിയമസഭാംഗങ്ങളുടെ എണ്ണക്കൂടുതലില്‍ ഐക്യ ജനാധിപത്യ മുന്നണി കേവലഭൂരിപക്ഷം നേടുന്നതിനെയാണ് കേരളജനത കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാങ്കേതികമായി യു.ഡി.എഫ്. ജയിച്ചതായി കണക്കാക്കാമെങ്കിലും, മുന്നണി എന്ന നിലയില്‍ യു.ഡി.എഫ്. അമ്പേ പരാജയപ്പെട്ടു എന്നാണ് ഫലങ്ങള്‍ വായിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകുന്നത്.