അരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തുവാൻ അനുവാദമില്ലാത്ത ഒരാൾ അതു ചെയ്തു എന്ന വിപ്ലവം എടുത്തുപറയുമ്പോൾ തന്നെ, എടുത്തുപറയേണ്ട മറ്റൊന്നു കൂടിയുണ്ട്. ബുദ്ധചിന്തയും ഭൗതികവാദവും (ലോകായത) മായ്ക്കപ്പെട്ടതിനു ശേഷം ബ്രാഹ്മണാധികാരം ഉപഭൂഖണ്ഡത്തിൽ സ്ഥാപിതമാകുന്നതും വ്യാപിക്കുന്നതും വിഗ്രഹപ്രതിഷ്ഠകളിൽ കൂടിയും അനുബന്ധമായ ‘സാംസ്കാരിക’ പ്രവർത്തനങ്ങളിൽ കൂടിയുമാണ്.
പാശ്ചാത്യ-ജ്ഞാനോദയത്തിന്റെ (en‘lighten’ment) കാര്യത്തിലെന്നപോലെ തന്നെ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നീങ്ങുന്ന പ്രക്രിയകളുടെ ലളിതമായ ഒരു ആഖ്യാനമല്ല കേരള നവോത്ഥാനത്തിന്റെ ചരിത്രം. ഇരുട്ട്, വെളിച്ചം തുടങ്ങിയ രൂപകങ്ങൾ കൊണ്ടു മാത്രം നീതിപൂർവ്വമായ ചരിത്ര ധാരണകൾ നിർമ്മിക്കുവാൻ കഴിയില്ല എന്ന് വീണ്ടും കാണിച്ചുതരുന്ന മറ്റൊരു സന്ദർഭം എന്ന നിലയിലാണ് കേരളചരിത്രത്തിലെ നവോത്ഥാന ഘട്ടം പഠിക്കപ്പെടേണ്ടത്.