ഇന്ത്യൻ ശാസ്ത്രകോണ്‍‍ഗ്രസ്സിന്റെ ഭാവി

Science Community in India Protests Against the Anti-Science Positions of Narendra Modi led BJP Government

ശാസ്ത്രഗവേഷണത്തെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയാവബോധം വളർത്തുവാനും 1914ല്‍ ആരംഭിച്ചതാണ് ഇന്ത്യൻ ശാസ്ത്രകോൺഗ്രസ്സ് എന്നാല്‍, ഇന്ന് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സില്‍ നടക്കുന്ന പ്രഭാഷണങ്ങൾ ഏതൊരു ശാസ്ത്രവിദ്യാർത്ഥിയേയും നിരാശപ്പെടുത്തുന്നതാണ്.

കേരള സർവകലാശാലയിൽ വെച്ച് 2010ൽ നടന്ന തൊണ്ണൂറ്റിയേഴാമത് ശാസ്ത്രകോൺഗ്രസ്സ് യുവശാസ്ത്രജ്ഞരുടെ മികച്ച പ്രബന്ധങ്ങൾ കൊണ്ടും വിദ്യാർത്ഥികളുടെ ശക്തമായ സാന്നിധ്യം കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

എന്നാൽ, 2014ല്‍, രാജ്യത്തുണ്ടായ മാറ്റത്തിന്റെ ദൃഷ്ടാന്തമായി അതേ വർഷം മുംബൈയിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ഡോക്റ്റർമാരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി തന്റെ ശാസ്ത്രാവബോധം അവതരിപ്പിച്ചു. ഗണേശ ഭഗവാന് ആനയുടെ തല ചേർത്തു വെച്ച പ്ലാസ്റ്റിക്‍ സർജൻ വേദകാലഘട്ടത്തിൽ ഉണ്ടായിരുന്നുവത്രെ [1]. തീർന്നില്ല, ഭാരത കഥയിലെ കൗരവർ ജനിച്ചത് കൃത്രിമബീജസങ്കലനം (IVF - In Vitro Fertilisation) വഴിയാണ് എന്നുകൂടെ അദ്ദേഹം അവകാശപ്പെട്ടു [1].  കൃത്യമായ ശാസ്ത്രാവബോധമില്ലാത്ത സാങ്കേതികപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും തള്ളിക്കയറ്റം ഇന്ത്യൻ ശാസ്ത്രകോൺഗ്രസുകളെ ‘അശാസ്ത്ര’ സമ്മേളനങ്ങളാക്കി മാറ്റുന്ന ദാരുണസ്ഥിതിവിശേഷം അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടിലെ പ്രബന്ധാവതരണമാണ് 2015ലെ നൂറ്റിരണ്ടാം കോൺഗ്രസ്സിൽ നടന്നത്. 'വൈമാനിക പ്രകരണം', 'സുൽഭ സൂത്ര’ തുടങ്ങിയ പ്രാചീനസംസ്കൃതഗ്രന്ഥങ്ങളിൽ നിന്നുദ്ധരിച്ചതെന്ന പേരിൽ വിളിച്ചു പറഞ്ഞ അസംബന്ധങ്ങളുടെ വേദിയായായിരുന്നു ആ കോണ്‍ഗ്രസ്സ്. ആനന്ദ ബോഡാസ്‌ എന്ന മുൻ പൈലറ്റാണ് ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ വിമാനങ്ങളും റഡാറും ഉണ്ടായിരുന്നുവെന്ന് നിർലജ്ജം വെച്ച് കാച്ചിയത് [2]. അതേ വേദിയിലാണ് ആരോഗ്യമന്ത്രി ഹർഷവർദ്ധനും മുംബൈ സർവകലാശാലയിലെ സംസ്കൃതവിഭാഗം മേധാവി ഡോ. ഗൗരി മഹുലികറും ചേർന്ന് പൈതഗോറസ് സിദ്ധാന്തം വേദ കാലത്ത് ഇന്ത്യക്കാർ കണ്ടു പിടിച്ചതാണെന്ന് ഒരു തെളിവുകളുടെയും പിൻബലമില്ലാതെ പ്രസ്താവിച്ചത് [2]. മൈസൂരിൽ വെച്ച് 2016ല്‍ നടന്ന നൂറ്റിമൂന്നാം ശാസ്ത്രകോണ്‍‍ഗ്രസ്സിൽ ശംഖുവിളിയുടെ ആരോഗ്യദായകഗുണങ്ങൾ എന്ന പ്രബന്ധം അവതരിപ്പിച്ച രാജീവ് ശർമ്മ എന്ന സിവില്‍ സെര്‍വീസുകാരന്‍ അഞ്ച് മിനിറ്റ് ശംഖ് വിളിക്കുകയും ചെയ്തു[3].

"ഞാൻ ഒരു ദിവസം പങ്കെടുത്തു, അവിടെ വളരെ കുറച്ചു ശാസ്ത്രമാണ് ചർച്ച ചെയ്തത്, അതൊരു സർക്കസ് ആയിരുന്നു, ഇനി മേലിൽ ഞാൻ പങ്കെടുക്കുകയില്ല.” നൊബേല്‍ സമ്മാനജേതാവും പ്രശസ്തമായ റോയൽ സൊസൈറ്റി അധ്യക്ഷനുമായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ 2016ലെ നൂറ്റിമൂന്നാം ശാസ്ത്രകോണ്‍‍ഗ്രസ്സിനെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ് [4]. എത്ര നിരാശാജനകമാണ് ഈ അവസ്ഥ എന്ന് നാം ചിന്തിക്കണം. ശാസ്ത്രകോണ്‍ഗ്രസ്സിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ മുൻകൂട്ടി പരിശോധിക്കാൻ വിദഗ്ദ്ധസമിതി ഉണ്ടാകണമെന്ന് അഭിപ്രായപ്പെടാൻ മാത്രമാണ് അദ്ദേഹത്തിന് അന്നായത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വെച്ച് നടന്ന 2017ലെ നൂറ്റിനാലാമത് കോണ്‍ഗ്രസ്സിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി സത്യപാൽ സിങ്ങിന്റെ കണ്ടുപിടിത്തം കുറേകൂടി വിചിത്രമായിരുന്നു. റൈറ്റ് സഹോദരന്മാർ കണ്ടുപിടിക്കുന്നതിനും എട്ട് വർഷം മുൻപ് ശിവകർ ബാപ്പുജി തൽപാഡെ എന്ന ഇന്ത്യക്കാരൻ വിമാനം കണ്ടുപിടിച്ചിരുന്നത്രേ [5].

മേഘാലയയിലെ ഇംഫാലില്‍ വെച്ചു 2018ല്‍ നടന്ന  നൂറ്റിയഞ്ചാമത് ശാസ്ത്രകോണ്‍ഗ്രസ്സില്‍ ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രിയും ഡോക്റ്ററുമായ ഹർഷ വർദ്ധൻ, പൗരാണികഗ്രീക്കുകാർ നിരവധി ശാസ്ത്രസിദ്ധാന്തങ്ങൾ ഇന്ത്യയിൽ നിന്നും തട്ടിയെടുത്തതാണെന്നും സ്റ്റീഫൻ ഹോക്കിങ് വേദങ്ങളെ ആശ്രയിച്ചാണ് കണ്ടുപിടുത്തങ്ങൾ നടത്തിയിരുന്നതെന്നും [6]. സർക്കാർ സർവകലാശാലകളിൽ നടത്തി വന്നിരുന്ന ശാസ്ത്ര കോൺഗ്രസ് സ്വകാര്യസ്ഥാപനങ്ങളിലേക്ക്‌ മാറുന്ന കച്ചവടക്കാക്കാഴ്ചയാണ് 2019ല്‍ കണ്ടത്. പഞ്ചാബിലെ ലൗലി സർവകലാശാലയിലാണ് 2019 ജനുവരിയിൽ നൂറ്റിയാറാമത് ശാസ്ത്രകോൺഗ്രസ് നടന്നത് [7].

ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന കുട്ടികളുടെ കോണ്‍‍ഗ്രസ്സിൽ ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ ജി. നാഗേശ്വര റാവു നടത്തിയ അശാസ്ത്രീയപ്രസ്താവനകൾ, നെല്ലും പതിരും തിരിച്ചറിയാറാവാത്ത കുഞ്ഞുങ്ങൾ എങ്ങനെ എടുക്കുമെന്നത് കൊണ്ട് തന്നെ ഗുരുതരമായി കാണേണ്ടതാണ്. നാളെ ശാസ്ത്രജ്ഞർ ആകേണ്ട തലമുറയോട്, സ്റ്റെം സെൽ, IVF മുതലായവ വേദകാലത്ത് തന്നെ ഭാരതീയർക്ക്‌ അറിയുമായിരുന്നുവെന്നും, ദശാവതാരം എന്നാൽ പരിണാമ സിദ്ധാന്തം തന്നെയാണെന്നുമൊക്കെ ആ പണ്ഡിതൻ വിളമ്പി [8]. തമിഴ് നാട്ടിൽ നിന്നുമുള്ള മറ്റൊരു പണ്ഡിതൻ കെ. ജെ. കൃഷ്ണൻ ന്യുട്ടനും ഐൻസ്റ്റിനും വേണ്ടത്ര പരിജ്ഞാനമില്ലെന്നും അവർ ശാസ്ത്രലോകത്തെ വഴി തെറ്റിച്ചുവെന്നും പുതുതലമുറയോട് പറഞ്ഞു കളഞ്ഞു. അവരൊരൊക്കെ തെറ്റായിരുന്നതിനാൽ സമീപകാലത്ത് തന്നെ താൻ തന്റേതായ ഗുരുത്വാകർഷണസിദ്ധാന്തവുമായി വരുമെന്നും, പുതിയ തരംഗങ്ങൾക്ക് നരേന്ദ്ര മോഡി വേവ്സ് എന്നും ഗ്രാവിറ്റേഷണൽ ലെന്‍സിങ്ങിന് ഹർഷവർദ്ധൻ ഇഫക്റ്റ് എന്നും പേരുകൾ നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു [9]. ബ്രഹ്മാവാണ് ദിനോസറുകളെ കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്ന ഒരു പേപ്പറും ഇതേ ശാസ്ത്രകോണ്‍ഗ്രസ്സില്‍ അവതരിക്കപ്പെട്ടു [10].

ശാസ്ത്രത്തിനും ആധുനികതയ്ക്കും മേല്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഈ കടന്നാക്രമണങ്ങള്‍ നരേന്ദ്ര മോദിയുടെ രണ്ടാം വരവിലും തുടരുവാന്‍ സാധ്യത തന്നെയെന്നാണ് സൂചനകള്‍. ജ്യോതിഷത്തിന് മുന്നില്‍ ശാസ്ത്രം വെറുമൊരു അശു മാത്രമാണെന്നും, ഒരു ലക്ഷം വർഷങ്ങൾക്ക് മുൻപ് ഭാരതീയർ അണുവിസ്ഫോടനം നടത്താറുണ്ടായിരുന്നുവെന്നും പറഞ്ഞ ബി.ജെ.പി എംപി രമേശ് പൊക്രിയാൽ[11] ആണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ മാനവവിഭവശേഷി മന്ത്രി എന്നത് കൊണ്ട് പ്രത്യേകിച്ചും.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇത്തരക്കാരുടെ കൈകളിൽ എത്തുമ്പോൾ ഇനിയുള്ള അഞ്ച് കൊല്ലം എന്തെല്ലാം നാം പ്രതീക്ഷിക്കണം? ആഗോളശാസ്ത്രലോകം ഇന്ത്യൻ ശാസ്ത്രരംഗത്തെ ഈ ദാരുണാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധ ശാസ്ത്രമാസികയായ 'നേച്ചറി'ല്‍ ഇതേ കുറിച്ച് ലേഖനങ്ങൾ വന്നു [12, 13, 14].

'ശാസ്ത്രാഭാസം മറനീക്കി പുറത്തുവരുന്നു' എന്ന് റിപ്പോർട് ചെയ്യുമ്പോഴും ഹിഗ്സ് ബോസോൺ കണത്തിന്റെ പകുതി തലച്ചോർ ആയ സത്യേന്ദ്രനാഥ് ബോസിനെ പോലെയുള്ളവരുടെ രാജ്യത്ത് നിന്നുമാണല്ലോ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതെന്ന ഖേദപ്രകടനവും നടത്തുന്നുണ്ട് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ [15].

രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയുടെ അളവുകോലാകുന്ന ഇന്ത്യൻ ശാസ്ത്രകോണ്‍ഗ്രസ്സുകളിൽ ഇനിയും ഇതു പോലെയുള്ള സംഭവങ്ങൾ അരങ്ങേറാൻ സാധ്യതയേറിയ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ശാസ്ത്രബോധമുള്ള ഓരോ പൗരനും ഉണർന്നിരിക്കേണ്ടിയിരിക്കുന്നു.

ആര്‍ക്കും വായിൽ തോന്നുന്നത് പറയാൻ സാധിക്കുന്ന അവസ്ഥയിൽ നിന്ന് മാറി ശാസ്ത്രീയാടിത്തറയുള്ള വേദിയായി ശാസ്ത്രകോൺഗ്രെസ്സുകൾ തിരികെയെത്തണം. തൽക്കാലം അവിടെ നിന്നു കേൾക്കുന്ന ആഭാസങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ ശാസ്ത്രീയമായി പ്രതിരോധിക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. അത് ശക്തമായി തുടരണം.

രേഷ്മ രാജയ് മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റൻസീവ് റിസെർച്ച് ഇൻ ബേസിക്‍ സയൻസിൽ നിന്നും ഇന്റഗ്രേറ്റഡ് എം.എസ്.സി പൂർത്തിയാക്കിയിട്ടുണ്ട്.

അവലംബങ്ങള്‍

 1. Indian prime minister claims genetic science existed in ancient times, The Guardian, 28 October 2014.
 2. Don't miss: 5 howlers from the Indian Science Congress, India Today, 5 January 2015.
 3. IAS officer blew conch at science meet, Times of India, 7 January 2016.
 4. Science congress a circus: Nobel winner Venkatraman Ramakrishnan, Times of India, 6 January 2016.
 5. Wright Brothers, Who? Indian Invented Aircraft, Says Union Minister, NDTV, 20 September 2017.
 6. Stephen Hawking said theory in Vedas superior to Einstein's E=mc2: Union minister Harsh Vardhan, Times of India, 17 March 2018.
 7. PM to inaugurate Indian Science Congress at Jalandhar, The Hindu, 3 January 2019.
 8. Of Kauravas, stem cells and other baloney at Indian Science Congress, Business Standard, 7 January 2019.
 9. Scientist Says Einstein, Newton Were Wrong, Gravitational Waves Will Be Renamed As 'Narendra Modi Waves’, Outlook, 4 January 2019.
 10. Lord Brahma first to discover dinosaurs, mentioned them in Vedas: PU geologist, The Indian Express, 11 January 2019.
 11. Criticism after claims ancient Hindus invented stem cell research, Al Jazeera, 8 January 2019.
 12. India by the numbers, Nature, 13 May 2015.
 13. India: The fight to become a science superpower, Nature, 13 May 2015.
 14. A nation with ambition, Nature, 13 May 2015.
 15. India scientists dismiss Einstein theories, BBC, 7 January 2019.