എന്തിനാ ഇടതുപക്ഷം കോണ്‍ഗ്രസിലേക്കിപ്പോ പോകുന്നേ?

Congress President visiting a Hindu temple while he was campaigning for Gujarat elections in 2016

 

കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായും ബിജെപിയുടെ നയങ്ങള്‍ക്കെതിരെയാണോ അല്ലെങ്കില്‍ തെരെഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം വ്യതിരിക്തമായി നില്‍ക്കുകയാണോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയുടെ ഭാവിക്ക് ഗുരുതരഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിനുള്ളില്‍ ഏകാഭിപ്രായമാണുള്ളത്. നയപരമായ വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന തീവ്രമായ ഉദാരവൽക്കണാനുകൂലനിലപാട് തന്നെ പ്രശ്നാത്മകമാണ്. ബിജെപി അഴിച്ചുവിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഭീഷണികള്‍ കൂടെ കണക്കിലെടുത്താൽ, തീര്‍ത്തും ഉത്കണ്ഠാജനകമായ ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നതായി കാണാം. രാഷ്ട്രീയകൊലപാതകങ്ങൾ മുതല്‍ ഭക്ഷണശീലങ്ങൾ, പ്രണയം, പരസ്പരയിടപെടലുകൾ, എന്നിവയുടെ പേരില്‍ പോലും സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അതിക്രമമഴിച്ചുവിട്ട് ഭയാപകടങ്ങളുടെ ഒരു രാഷ്ട്രീയ-സാമൂഹ്യലോകം സൃഷ്ടിക്കുകയാണ് ബിജെപി.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തിന്റെ കെട്ടുറപ്പിൽ ഏൽപ്പിക്കുന്ന ഈ വിള്ളലുകൾ ഇടതുപാര്‍ടികൾക്കോ, ഇടതുപക്ഷസഹയാത്രികർക്കോ കണ്ടില്ലെന്ന് നടിക്കാനാവുന്നതല്ല. അപായസൂചനയുടെ ചുവന്നപതാക ഉയർന്നു പറക്കുകയാണെന്നിരിക്കെ എന്തുകൊണ്ടായിരിക്കും കോണ്‍ഗ്രസ്സ് പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പുസഖ്യത്തിന് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പൂർണമനസ്സോടെ സമ്മതം നൽകാത്തത്? ഇക്കഴിഞ്ഞ ആഴ്ച മുതൽ, അതായത് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം, മാധ്യമങ്ങളിൽ നിരന്തരചർച്ചയാണ് ഈ വിഷയം.

രാഷ്ട്രീയ നിലപാട് വ്യക്ത്യാധിഷ്ഠിതമല്ല

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി, സിപിഐ(എം)നെ മനസ്സിലാക്കുവാനുള്ള ഒരേയൊരു മാര്‍ഗമായി മാധ്യമങ്ങള്‍ അവലംബിച്ചിരിക്കുന്ന രീതി, അതിനുള്ളിലെ രാഷ്ട്രീയസംവാദങ്ങളെ വ്യക്ത്യാധിഷ്ഠിത ചട്ടക്കൂടിനുള്ളിലൂടെ മാത്രം വീക്ഷിക്കുക എന്നതാണ്. ഈ രീതിശാസ്ത്രമനുസരിച്ച്, ഒരു വശത്ത് ‘കടുംപിടുത്തക്കാരനും’ കോണ്‍ഗ്രസ്സ് സഖ്യത്തിനോട് വിപ്രതിപത്തിയുമുള്ള മുൻ സിപിഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണുള്ളത്. ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കിയത് കാരാട്ടാണെന്ന അഭിപ്രായമാണ് ഈ വീക്ഷണകോണിനുള്ളത്. മറുവിഭാഗത്തിന്റെ നേതാവായി പ്രതിഷ്ഠിച്ചിരിക്കുന്നത് നിലവിലെ സിപിഐ(എം) ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയെ ആണ്. തൃണമൂൽ കോൺഗ്രസിനെതിരെ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമാവാമെന്ന അഭിപ്രായമുള്ള സിപിഐ(എം)ലെ പശ്ചിമബംഗാൾ വിഭാഗത്തിന്റെ പിടിയിലാണ് യെച്ചൂരിയെന്ന് വ്യംഗ്യം. ‘കാരാട്ടും യെച്ചൂരിയും നേർക്കുനേർ’ എന്ന് നിലവിളിക്കുകയാണ് തലക്കെട്ടുകൾ.

ഉൾപ്പാർടി ജനാധിപത്യം ലവലേശമില്ലാത്ത കോണ്‍ഗ്രസ്സിനെയോ ബിജെപിയോ സംബന്ധിച്ചാണെങ്കില്‍ ഇത്തരമൊരു കാഴ്ചപ്പാട് സാധൂകരിക്കപ്പെടുന്നുണ്ട്. അവരുടെ സമ്മേളനങ്ങളിൽ നേരത്തെ തന്നെ കൈക്കൊണ്ട തീരുമാനങ്ങളുമായി നേതൃത്വം വരികയും അവ ഒത്തുകൂടിയ അണികളോട് പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ പ്രഖ്യാപനങ്ങളോട് യോജിക്കുവാൻ ഏതെങ്കിലുമൊരു വിഭാഗത്തിന് കഴിയാതെ വന്നാൽ സംഘടനാപരമായോ അല്ലെങ്കില്‍ സമ്മതിദായകര്‍ക്കിടയിലോ പിളർപ്പുകൾ വന്നു ഭവിക്കും. കച്ചവടക്കാരും ഇടപാടുകാരും തമ്മിലുള്ള ബന്ധം അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇത്തരം പാർടികളുടെ കെട്ടുറപ്പ്. അത് കേവലം പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഒന്നല്ല. നേരെ മറിച്ച് ലാഭവിഹിതം അല്ലെങ്കിൽ കൊള്ളമുതൽ പങ്കിട്ടെടുക്കുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു അത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സിപിഐ(എം)ന്റെ പ്രവർത്തനരീതികള്‍. ബ്രാഞ്ചുകളിലും ജില്ലകളിലുമൊക്കെയായി സംഘടിക്കപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷം അംഗങ്ങൾ, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും തൊഴിലാളികളെയും കർഷകരെയും ശക്തിപ്പെടുത്തുവാനുള്ള മാർഗങ്ങളെ പറ്റിയും സജീവസംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നു. തുടര്‍ന്ന് ഈ ചർച്ചകളെ പാർടിനേതൃത്വം ഏറ്റെടുക്കുകയും, പാര്‍ടിയുടെ പരമോന്നതസമിതിയായ കേന്ദ്രക്കമ്മിറ്റിയിൽ (Central Committee) ചർച്ചയ്ക്ക് വെയ്ക്കുകയും ചെയ്യുന്നു. മുഴുവന്‍ പാര്‍ടി അംഗങ്ങളുടെയും പൊതുചിന്താരീതിയാണ് കേന്ദ്രക്കമ്മിറ്റി പ്രതിഫലിപ്പിക്കുന്നത്. ഇങ്ങനെ സംവാദങ്ങളിലൂടെയും ജനാധിപത്യപ്രവര്‍ത്തനങ്ങളിലൂടെയും നിലവിലെ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും ഉത്തമമായ വിലയിരുത്തലിലും, അതിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ മുന്നോട്ടുപോകണമെന്നതിനെ സംബന്ധിച്ച തന്ത്രപരമായ വീക്ഷണത്തിലും കേന്ദ്രക്കമ്മിറ്റി എത്തിച്ചേരുന്നു.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

രാജ്യത്തിന് ഗുരുതരഭീഷണിയുയര്‍ത്തുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നു തന്നെയാണ് സിപിഐ(എം)ന്റെ നിലവിലെ കാഴ്ചപ്പാട്. ബഹുജനപ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെയും കർഷകരുടെയും ആത്മവിശ്വാസം ഉയർത്തുക, സംയുക്ത പ്രക്ഷോഭങ്ങളിലൂടെ എല്ലാ ഇടതുപക്ഷധാരകളെയും അണിചേര്‍ക്കുക എന്നിവയാണ് മുന്നോട്ട് പോകുന്നതിനുള്ള പ്രധാനമാര്‍ഗമായി പാർടി കാണുന്നത്. രാജ്യത്തിന്റെ ഇടതുധ്രുവം ശക്തിപ്പെടുത്തേണ്ടതുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ പ്രക്ഷോഭങ്ങളുമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടുത്തെ തെരുവുകളിൽ സജീവമായുണ്ട്. കോർപറേറ്റ് മാധ്യമങ്ങളൊന്നും അവ റിപ്പോർട് ചെയ്യാറില്ല. പ്രസ്തുതമാധ്യമങ്ങള്‍ സിപിഐ(എം)നോട് അല്പമെങ്കിലും താല്പര്യം കാണിക്കുന്നത് മേൽ സൂചിപ്പിച്ച കാരാട്ട്-യെച്ചൂരി ചവിട്ടുനാടകം ഉപയോഗിച്ച് പാർടിയെ പരിഹാസ്യമാക്കുവാൻ ഒരവസരം കിട്ടുമ്പോൾ മാത്രമാണ്.

തങ്ങളുടെ പണിയായുധങ്ങള്‍ താഴെ വെച്ച് 18 കോടി തൊഴിലാളികൾ 2016ല്‍ പണിമുടക്കിയപ്പോള്‍ ഈ മാധ്യമങ്ങള്‍ക്ക് ഒന്നും തന്നെ പറയുവാനില്ലായിരുന്നു. സിക്കാറിലെ (രാജസ്ഥാൻ) കർഷകസമരത്തെപ്പറ്റിയോ ഇക്കഴിഞ്ഞ മാസം നടന്ന ആശാ/അംഗനവാടി ജീവനക്കാരുടെ സമരത്തെപ്പറ്റിയോ പോലും ഈ മാധ്യമങ്ങൾക്ക് യാതൊന്നും പറയാനില്ലായിരുന്നു. തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും ആത്മവിശ്വാസം പടുത്തുയര്‍ത്തുവാനുള്ള നയതന്ത്രമായിരുന്നു ഈ സമരങ്ങള്‍. അതിനെ മുന്നോട്ട് നയിച്ച ചാലകശക്തി സ്വാഭാവികമായും ഇടതുപക്ഷത്തിന്റേതുമായിരുന്നു.

വലത്തോട്ടുള്ള കോണ്‍ഗ്രസിന്റെ പദസഞ്ചലനം

എന്നൊക്കെ ബിജെപി ഒരു നയം മുന്നോട്ട് വെച്ചിട്ടുണ്ടോ, അന്നെല്ലാം തങ്ങളാണതാദ്യം ഉന്നയിച്ചതെന്നാണ് കോണ്‍ഗ്രസ്സ് അവകാശപ്പെടാറുള്ളത്. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സാമ്പത്തികനയങ്ങള്‍ തമ്മിൽ കടുകിടെ വ്യത്യാസമില്ല. വര്‍ഗീയതയുമായി കോണ്‍ഗ്രസിനുള്ള നീക്കുപോക്കുകളെക്കുറിച്ചും, 2014ലെ മോഡിയുടെ ദിഗ്വിജയത്തിന് അടിത്തറയിട്ട യു.പി.ഏ. 2.0ന്റെ അഴിമതിഭരണത്തില്‍ തങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തത്തെപ്പറ്റിയും കോണ്‍ഗ്രസ് ഇതുവരെയും ഒരു വാക്ക് പോലും ഉരിയാടിയിടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി വലത്തേക്ക് കൂടുതല്‍ കൂടുതല്‍ ചാഞ്ഞുകൊണ്ടേയിരിക്കുന്ന കോണ്‍ഗ്രസ്, ഇതുവരെയും തങ്ങളുടെ വലത്തേക്കുള്ള യാത്ര അവസാനിപ്പിച്ചിട്ടില്ല, ഇടത്തേക്കൊട്ട് വരാന്‍ തീരുമാനിച്ചിട്ടുമില്ല. വലിയ തോതില്‍ അസമത്വവും ദാരിദ്ര്യവുമുണ്ടാക്കുന്ന നയങ്ങളോടുള്ള തങ്ങളുടെ കടപ്പാടുകള്‍ ഉപേക്ഷിക്കുവാനോ, ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശയ്ക്ക് വിപരീതമായി തിരികെ നടക്കുവാനോ കോണ്‍ഗ്രസിന് ഇതുവരെയും തോന്നിയിട്ടുമില്ല.

രാജ്യത്തിന്റെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് അസ്വസ്ഥരായിരിക്കുന്ന ഉദാരവാദികൾ ഒരു പക്ഷെ തങ്ങളുടെ ഊർജം കോൺഗ്രസ്സിനെ തിരുത്തുവാനും അതിനെ സോഷ്യലിസ്റ്റ്-ജാനാധിപത്യപാതയിലേക്ക് നയിക്കുവാനും ഉപയോഗിക്കുന്നതായിരിക്കും നന്നാവുക. രാജ്യത്തിന്റെ രക്ഷകയായി ഇടതുപക്ഷത്തെ കുറേ പേരെരെങ്കിലും കാണുന്നുവെന്നത് ഏറെ സന്തോഷദായകമായ കാര്യമാണ്. ഒരുപക്ഷേ ഇതുകൊണ്ട് തന്നെ ആയിരിക്കാം ഇടതുപക്ഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാകാതെയിരിക്കുന്നത് അക്കൂട്ടരെ അസ്വസ്ഥചിത്തരാക്കുന്നത്. ബിജെപിയെ ഒറ്റയ്ക്ക് നേരിടുവാന്‍ കോണ്‍ഗ്രസിന് പ്രാപ്തിയില്ലായെന്നവര്‍ തിരിച്ചറിയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അതു കൊണ്ട് തന്നെ, എന്തുകൊണ്ട് ഇടതുപക്ഷം കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തുന്നുവെന്നതല്ല ശരിക്കും ചോദിക്കേണ്ടിയിരുന്ന ചോദ്യം. ബിജെപിയുടെ നയങ്ങള്‍ക്കും മനോഭാവത്തിനും കോണ്‍ഗ്രസ് ശരിക്കുമെതിര് തന്നെയാണോ അതോ തെരെഞ്ഞെടുപ്പ് നേട്ടങ്ങള്‍ വേണ്ടി മാത്രമായി കാട്ടിക്കൂട്ടുന്നതാണോ അത്. രണ്ടാമത്തേതാണ് കാര്യമെങ്കില്‍ ഇടതുപക്ഷത്തിന്റെ ജാഗ്രതക്കൂടുതല്‍ സാധൂകരിക്കപ്പെടുകയാണ്.

Vijay Prashad is chief editor of LeftWord Books and the author of No Free Left: The Futures of Indian Communism.