ഇടതുപക്ഷം മുന്നോട്ടുള്ള വഴികൾ - ചില നിരീക്ഷണങ്ങൾ

Way ahead of Indian Left after Lok Sabha Elections 2019

"Fascism is just punishment for our failure to make the revolution"


Clara Zetkin

ഇന്ത്യയിലെ മതേതര-ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവനിരാശയുളവാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ വിജയത്തേക്കാൾ ആശങ്കയുളവാക്കുന്നതാണ് ഇടതുപക്ഷത്തിന്റെ ദയനീയപരാജയം. ഇത്തരമൊരു സവിശേഷഘട്ടത്തിൽ ഈ പരാജയത്തിന്റെ കാരണം താത്കാലികമായ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാത്രമല്ലെന്നും അതിന് സൈദ്ധാന്തികവും ഘടനാപരവുമായ കാരണങ്ങളുണ്ടെന്നും കണ്ടു വിപുലമായ ചർച്ചകൾക്കും തിരുത്തലുകൾക്കും വിധേയമാകുകയാണ് ഇടതുപക്ഷത്തിനു മുന്നിലെ വഴി. വലതുപക്ഷ വിമർശകരും നിരീക്ഷകരുമെല്ലാമുന്നയിക്കുന്ന ധാർഷ്ട്യം, അക്രമം,സാമുദായിക സമവാക്യങ്ങൾ പോലുള്ള ഉപരിപ്ലവമായ കാരണങ്ങൾക്ക് പിറകെ പോകേണ്ട ഒരു ബാധ്യതയും വർഗ രാഷ്ട്രീയത്തിനില്ല. പകരം കഴിഞ്ഞ അഞ്ചു വർഷം വിപുലമായ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ നയിച്ചിട്ടും, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഫെഡറൽ ഭരണം കാഴ്ചവെച്ചിട്ടും ജനം ഒരു ബദലായി ഇടതുപക്ഷത്തെ സ്വീകരിച്ചില്ല എന്നതിന്റെ വസ്തുനിഷ്ഠ വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. കഴിഞ്ഞ അഞ്ചു വർഷം നടന്നത് പോലുള്ള സമരങ്ങൾ തന്നെ ഇനിയും മതിയാകില്ല എന്നും തെരഞ്ഞടുപ്പിലെ താത്കാലികസഖ്യങ്ങൾ കൊണ്ട് പരാജയപ്പെടുത്താവുന്ന ഒന്നല്ല നവലിബറൽ ഹിന്ദുത്വം എന്നുമുള്ള തിരിച്ചറിവുകൂടിയാണത്. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ യോജിക്കാവുന്ന ഇടതു സംവിധാനങ്ങളെ മുഴുവൻ യോജിപ്പിച്ചും, പുതിയ വളർച്ചാ ഇടങ്ങളെ ലക്ഷ്യം വെച്ചും മുന്നോട്ട് പോയേ തീരൂ എന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. അത്തരമൊരു ചർച്ചയിലേക്ക് കാര്യങ്ങളെ എത്തിക്കുവാൻ താഴെ തട്ടിൽ നിന്ന് തന്നെയുള്ള അഭിപ്രായങ്ങളും ചർച്ചകളും ഉയർന്നു വരേണ്ടതുണ്ട്. ആ ദിശയിലുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

എണ്‍പതുകളുടെ അവസാനത്തോടെ ഇന്ത്യയിൽ വ്യതിരിക്തവും എന്നാൽ പരസ്പരബന്ധിതവുമായ മൂന്ന് പ്രതിഭാസങ്ങൾ ശക്തമായി. നവലിബറൽ സാമ്പത്തികനയങ്ങൾ, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തിപ്പെടൽ, ജാതി രാഷ്ട്രീയത്തിന്റെ ശക്തിപ്പെടൽ എന്നീ പ്രതിഭാസങ്ങളായിരുന്നു അവ. ഇവയോരോന്നിന്റെയും വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുക ഈ ലേഖനത്തിന്റെ സാധ്യതക്ക് പുറത്താണ്, പക്ഷെ ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നത് നെഹ്റുവിയൻ-കോൺഗ്രസ് വികസനമാതൃകയുടെ പരിമിതികളുമായാണ്. ഇവ മൂന്നും ഇന്ത്യയിലെ ഇടതുപക്ഷമുന്നേറ്റത്തിന് ഗുരുതരമായ ആഘാതം ഏൽപ്പിക്കുകയും ചെയ്തു. ആ പ്രതിസന്ധിയുടെ ഉച്ചസ്ഥായിയിലാണ് ഇന്ത്യൻ ഇടതുപക്ഷം ഇപ്പോൾ നിൽക്കുന്നത്. അതു കൊണ്ടു തന്നെ തൊലിപ്പുറത്തുള്ള ചികിത്സക്കപ്പുറം കൂടുതൽ ആഴത്തിലുള്ള ചിന്തകൾക്കും പൊളിച്ചെഴുത്തുകൾക്കുമുള്ള വേദിയായി ഈ പ്രതിസന്ധിയെ മാറ്റാനുള്ള ബാധ്യത ഇന്ത്യൻ തൊഴിലാളി വർഗത്തിനുണ്ട്.

നവലിബറലിസം സൃഷ്ടിച്ച പുതിയ മനുഷ്യർ

നവലിബറലിസം എന്നത് കേവലമായ സാമ്പത്തികപരിഷ്കാരം മാത്രമല്ല. അത് ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന ഒരു രാഷ്ട്രീയ-സാമൂഹികപദ്ധതിയാണ്. ഗ്രാംഷി സൂചിപ്പിച്ചതു പോലെ 'പുതിയൊരു ലോകം പിറക്കാതിരിക്കുകയും പഴയലോകം നശിക്കാതിരിക്കുകയും ചെയ്യുന്ന സന്നിഗ്ദഘട്ടത്തിൽ പുറത്തു വരുന്ന രോഗലക്ഷണങ്ങൾ' ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കാലമാണിത്. ഹിന്ദുത്വഫാഷിസം അത്തരമൊരു രോഗലക്ഷണം കൂടിയാണ്. നവലിബറൽ നയങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ച ഗുരുതരമായ അസമത്വത്തെയും, അധികാരകേന്ദ്രീകരണത്തെയും, വിഭവചൂഷണത്തെയും കുറിച്ച് ഇവിടെ ആവർത്തിക്കണമെന്ന് കരുതുന്നില്ല. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞരായ ലുകാഡ് ചാൻസലും തോമസ് പിക്കറ്റിയും ചേർന്നു നടത്തിയ പഠനപ്രകാരം[1] നിലവിലെ ഇന്ത്യയിലെ സാമ്പത്തികാസമത്വം കൊളോണിയൽ കാലത്തേതിനേക്കാൾ ഉയർന്ന അവസ്ഥയിലാണ്. 2017ൽ ആകെ വരുമാനത്തിന്റെ ഇരുപത്തിരണ്ട് ശതമാനവും കൈയ്യാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയിലെ അമ്പത് ശതമാനവും കൈയ്യാളുന്നതിനേക്കാൾ അധികം സമ്പത്ത് ജനസംഖ്യയുടെ 0.1% വരുന്ന അതിസമ്പന്നരുടെ കൈയ്യിലുണ്ട്. ഈ കാലയളവിൽ ഇന്ത്യയിലെ തൊഴിൽ മേഖലയുടെ സ്വഭാവവും വലിയ തോതിൽ മാറി. തൊഴിലിന്റെ ഭൂരിഭാഗവും അസംഘടിതമേഖലയിലായി. സർക്കാർ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ തന്നെ കുറവു വന്നു. വലിയൊരു വിഭാഗം ജീവനക്കാരും താൽക്കാലികജീവനക്കാരായി മാറി. കാർഷികമേഖലയിൽ മൂന്നു ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തു. വലിയൊരു വിഭാഗം കർഷകരും കർഷകത്തൊഴിലാളികളും നഗരങ്ങളിലെ അവിദഗ്ദ്ധതൊഴിലാളികളാകാൻ നിർബന്ധിതരായി. തൊഴിലില്ലാപ്പടയുടെ ഈ ബാഹുല്യം തൊഴിലാളി വർഗത്തിന്റെ വിലപേശൽ ശക്തി കുറച്ചു. കൂലി നാമമാത്രമായി. ഇങ്ങനെ സമ്പദ് വ്യവസ്ഥയുടെ സകലമേഖലകളിലും പ്രതിസന്ധി രൂക്ഷമായി. ഇത്തരമൊരു സാമൂഹിക-സാമ്പത്തികസാഹചര്യത്തോട് ഇന്ത്യയിലെ ജനങ്ങൾ എങ്ങിനെയാണ് പ്രതികരിച്ചത്? വിഭവങ്ങളിലും അധികാരത്തിലും യാതൊരു പങ്കാളിത്തവുമില്ലാത്ത മഹാഭൂരിപക്ഷം വരുന്ന ജനത നിരാശയുടെ പടുകുഴിയിലാഴുകയും ഒരു നിഷേധമനോഭാവത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ഇന്ത്യൻ മുതലാളിത്തവളർച്ച സവിശേഷമായൊരു പഥത്തിലൂടെയാണ് ആദ്യകാലം മുതൽ നീങ്ങിയത്. ജാതി-മത-സാമുദായികതകളെ സംയോജിപ്പിച്ചു കൊണ്ട്, നിലനിൽക്കുന്ന ഫ്യൂഡൽ ആശയസംഹിതകളെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സവിശേഷപാത.[2] അതിനെ ഏതെങ്കിലും വിധത്തിൽ തകർക്കുന്ന ഭൂപരിഷ്കരണം ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പോസ്റ്റ് കൊളോണിയൽ ഭരണകൂടങ്ങളുടെ ബൂർഷ്വാ-ഭൂവുടമാ വർഗ താൽപര്യം അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. പോസ്റ്റ് കൊളോണിയൽ ഇന്ത്യയിൽ വ്യതിരിക്തതകൾക്കതീതമായി ജനങ്ങളെ ഒന്നിച്ചു നിർത്താൻ ശേഷിയുള്ള കർമപരിപാടികളും ദേശീയോദ്ഗ്രഥനമുദ്രാവാക്യങ്ങളും ഏറ്റെടുക്കാനോ നടപ്പാക്കാനോ ഭരണകൂടങ്ങൾക്ക് കഴിഞ്ഞതുമില്ല. കൊളോണിയൽ കാലത്ത് ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തിയ സാമ്രാജ്യത്വവിരുദ്ധമുദ്രാവാക്യങ്ങളാകട്ടെ സ്വാതന്ത്ര്യാനനന്തരം വലതുപക്ഷത്തിനു വെറും വാചകക്കസർത്തുകളായി മാറുകയും ചെയ്തു. ഈ സവിശേഷസാഹചര്യത്തിലാണ് നവലിബറൽ സാമ്പത്തികനയങ്ങൾ ഇന്ത്യയിൽ ചുവടു വെക്കുന്നത്. നവലിബറൽ നയങ്ങളുടെ ആദ്യ മുദ്രാവാക്യമായി "സമൂഹം എന്നൊന്നില്ല മറിച്ച് വ്യക്തികളേയുള്ളൂ" എന്ന മാർഗരറ്റ് താച്ചറുടെ പ്രഖ്യാപനത്തെ കാണാം. സോവിയറ്റ് തകർച്ചയോടെ രാഷ്ട്രീയജീവിതം വ്യക്തിതലത്തിലെ സ്വാതന്ത്രത്തിന്റെയും, അഭിവാജ്ഞയുടെയും അനിയന്ത്രിതമായ ആവശ്യങ്ങളായി മാറ്റപ്പെട്ടു. സാമൂഹികമായ നേട്ടങ്ങൾ എന്നൊന്നില്ലെന്നും സംഘം ചേർന്നുള്ള വിജയങ്ങൾ അസാധ്യമാണെന്നും സിദ്ധാന്തവൽക്കരിക്കപ്പെട്ടു. പക്ഷെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട സ്വതന്ത്രവ്യക്തികൾ നിലനിൽക്കുന്നത് അധികാരത്തിന്റെയും, സമ്പത്തിന്റെയും അതിഭീമമായ അസമത്വങ്ങൾ നിലനിൽക്കുന്ന സാമൂഹികസാഹചര്യത്തിനകത്തായിരുന്നു. ഇതാകട്ടെ അപമാനകരമായ മേൽ കീഴ് ബന്ധങ്ങളിലേക്ക് (Hierarchies) സമൂഹത്തെ നയിച്ചു. ഇത്തരം ആഘാതാവസ്ഥകളിൽ ആശ്വാസമായി മാറേണ്ട വെൽഫെയർ നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും ചെയ്തു. ഈ പുത്തൻ അസമത്വങ്ങളും, ശ്രേണീ ബദ്ധതയും സൃഷ്ടിച്ച അപമാനകരമായ ജീവിതാവസ്ഥകൾ പരസ്പരശത്രുതയോടെ വ്യക്തികൾ പരസ്പരം പോരാടുന്ന, ഓരോ വ്യക്തിയും ഓരോ വ്യക്തിക്കുമെതിരെ മത്സരത്തിനിറങ്ങുന്ന കോപവും, വിദ്വേഷവും മുഖമുദ്രയായ ഒരു സാമൂഹികാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചു. അപരവിദ്വേഷവും, അപമാനകരമായ ജീവിതാവസ്ഥയും, മത്സരവും മുഖമുദ്രയായ ഒരു സാമൂഹികാവസ്ഥയിൽ വെൽഫെയർ പദ്ധതികൾ കൂടി ഇല്ലാതാകുന്നതോടെ ഒരു ആശ്വാസപദ്ധതിയായി മുന്നോട്ട് വരിക സാമുദായിക ഐക്യങ്ങളോ, ആൾ ദൈവങ്ങളുൾപ്പെടെയുള്ള കപട സാന്ത്വനോപാദികളോ, ചാരിറ്റി - പ്രവർത്തനങ്ങളോ ഒക്കെയായിരിക്കും. ജാതി-മത-സാമുദായികത മുന്നോട്ട് വെക്കുന്ന പ്രിവിലേജുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉള്ള ശ്രമങ്ങളും ഒപ്പം നടക്കുന്നു. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ജാതി-മത-സാമുദായികതയെ ഈ വസ്തുനിഷ്ഠസാഹചര്യത്തിൽ വേണം വിലയിരുത്താൻ.

Ressentiment[3] വ്യാപകമായ സാമൂഹ്യാവസ്ഥകളിലെല്ലാം തീവ്രവലതുപക്ഷാശയങ്ങൾക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കുന്നു. തീവ്രദേശീയതയും അപരവിദ്വേഷവും പുരുഷാധികാരപ്രവണതകളും അടിച്ചമർത്തൽ നയവുമുള്ള ഒരു പ്രത്യയശാസ്ത്രവും അതിന്റെ ആൾരൂപമായ മോദിയും ഇന്ത്യൻ സമൂഹത്തിന്റെ മിശിഹായായി മാറുന്ന അവസ്ഥ ഇങ്ങനെയാണുണ്ടാവുന്നത്. വർഗശ്രേണിയിലെ തങ്ങളുടെ ഉയർച്ചയെക്കാൾ തൊട്ടു മുകളിലെ വിഭാഗങ്ങളുടെ തകർച്ച ആശ്വാസകരമായ അനുഭവമായി കൊണ്ടാടുന്ന കാഴ്ചയായിരുന്നു ഇന്ത്യയിലെ ചെറുകിട ഉല്പാദകരുടെ തകർച്ചയിൽ കീഴ് വർഗങ്ങൾ പ്രകടിപ്പിച്ചത്. ജി.എസ്.റ്റി, നോട്ട് നിരോധനം പോലുള്ള ജനവിരുദ്ധനയങ്ങൾ പോലും ജനങ്ങൾക്ക് സ്വീകാര്യമാകുന്നതിനു പിന്നിലെ സാഹചര്യവും ഇതുതന്നെ.

ഇത്തരമൊരു നിഷേധാത്മക രാഷ്ട്രീയ-സാമൂഹ്യസാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഐക്യവും പ്രതീക്ഷയും വളർത്താനുള്ള ശേഷി വർഗരാഷ്ട്രീയത്തിനു മാത്രമാണുള്ളത്. കാരണം ഈ നിഷേധാത്മകരാഷ്ട്രീയം ഘടനാപരമാണെന്നതിനാൽ ഘടനാപരമായ പൊളിച്ചെഴുത്തിലൂടെയെ അതിനെ പരിഹരിക്കാനാവൂ. എന്നാൽ അത്തരമൊരു മുന്നേറ്റം ഇന്ത്യയിൽ സാധ്യമാകുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള ഇടതുപക്ഷം പോലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. എന്താകാം ഇതിന്റെ കാരണങ്ങൾ? തൊഴിലാളികളെ വർഗാടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള സാധ്യത കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇന്ത്യയിൽ ചുരുങ്ങുകയാണ്. തൊഴിലിന്റെ അനിശ്ചിതത്വസ്വഭാവവും, അസംഘടിതവൽക്കരണവും സാമ്പ്രദായിക ട്രേഡ് യൂണിയൻ പ്രവർത്തനം ദുഷ്കരമാക്കുന്നു. അതു പറയുമ്പോൾ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ രണ്ടാം ലോകമഹായുദ്ധം വരെ ലോകമെമ്പാടും തൊഴിലിന്റെ സ്വഭാവം അനിശ്ചിതത്വം നിറഞ്ഞതും, അസംഘടിതവുമായിരുന്നുവെന്നും അതിനെ അതിജീവിച്ചാണ് ലോക ട്രേഡ് യൂണിയൻ മുന്നേറ്റം സാധ്യമായതെന്നുമുള്ള പാഠം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയിൽ തന്നെ ബോംബെയിലെ കുടിയേറ്റ തൊഴിലാളികളെ ജാതിക്കും പ്രാദേശീയതക്കുമുപരിയായി സംഘടിപ്പിച്ചു കൊണ്ടാണ് ഇരുപതുകളുടെ അവസാനം ലക്ഷങ്ങൾ പങ്കെടുത്ത പണിമുടക്കുകൾ സാധ്യമായത്[4]. വ്യവസായത്തൊഴിലിൽ നിന്നും സേവനമേഖലയിലേക്കുള്ള മാറ്റം തീർച്ചയായും പ്രധാനമാണ്. പക്ഷെ, ഐ.റ്റി. പോലുള്ള മേഖലകളിലും, റീറ്റെൽ ശൃംഖലകൾ, ആമസോൺ, സ്വിഗ്ഗി, ഊബർ, ഓല പോലുള്ള പുത്തൻ തൊഴിൽ മേഖലകളിലും തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിലും അവരുടെ ശബ്ദമാകാൻ ഇടതുപക്ഷത്തിന് കഴിയാത്തത് നിസാരമായൊരു പ്രശ്നമല്ല. പതിനാറ് ലക്ഷത്തോളം പേർ തൊഴിലെടുക്കുന്ന ഡൽഹിയിലെ ടാക്സി മേഖലയിൽ ഇടതുപക്ഷത്തിനൊരു ട്രേഡ് യൂണിയനില്ല എന്ന വാർത്ത എത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് മറ്റൊരു ബദലുമില്ലെന്ന ചരിത്രപാഠത്തെ ഇടതുപക്ഷം തിരിച്ചറിഞ്ഞേ മതിയാവൂ.

ഗുഡ് ഗവർണൻസിന്റെ സാധ്യതയും പരിമിതിയും

കാർഷികമേഖല ഉൾപ്പെടെ മിക്കമേഖലകളിലും നവലിബറൽ നയങ്ങളുടെ ആഘാതം നേരിട്ടനുഭവിക്കപ്പെട്ടുവെങ്കിലും അതേ നയങ്ങളിൽ പ്രതീക്ഷ വെക്കുന്ന ഒരു വളർന്നു വരുന്ന വലിയ ജനവിഭാഗം ഇവിടെയുണ്ട്. തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, ഉപഭോഗവിപണി, തുടങ്ങിയവയിലെല്ലാം ഈ ജനവിഭാഗം നവലിബറൽ നയങ്ങളിൽ (അഥവാ വിശാലാർത്ഥത്തിൽ ഇന്നത്തെ സാമൂഹികവ്യവസ്ഥയിൽ) പ്രതീക്ഷ വെക്കുകയും എന്നാൽ ഇതേ നയങ്ങളുടെ ഘടനാപരമായ പ്രതിസന്ധി മൂലം അവരുടെ സ്വപ്നങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യമാണ് 'വികസനം' രാഷ്ട്രീയവ്യവഹാരത്തിന്റെ മുഖ്യമുദ്രാവാക്യമാക്കി വെക്കാൻ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും നിർബന്ധിക്കുന്നത്. എന്നാൽ ഈ 'വികസന'ത്തിന്റെ രാഷ്ട്രീയമോ, പരിമിതികളോ ഉയർത്തുന്നത് പാർലമെന്ററി സാധ്യതകളെ ബാധിക്കുമെന്ന ഭീതിയിൽ ആ ചർച്ചകൾ മുഖ്യധാരയിലേക്ക് വരുന്നുമില്ല. ഈ പ്രതിസന്ധിയാണ് "ഗുഡ് ഗവണെൻസിനെ" മുന്നിൽ നിർത്തി തെരഞ്ഞെടുപ്പുകളെ നേരിടാം എന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനു നൽകുന്നത്. പെർഫോമൻസിന്റെ അടിസ്ഥാനത്തിലായാലും ഇൻക്ലൂസിവ് വികസനത്തിന്റെ കാര്യത്തിലായാലും ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാക്ക് റെക്കോഡാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. പക്ഷെ മേല്പറഞ്ഞ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും മെച്ചപ്പെട്ട വിധമെങ്കിലും തൃപ്തിപ്പെടുത്താൻ മുൻപേ സൂചിപ്പിച്ച വ്യവസ്ഥാപരിമിതി കൊണ്ടും ഫെഡറൽ സ്വഭാവം കൊണ്ടും 'ഗുഡ് ഗവണെൻസിനു' കഴിയില്ല. ഇതിനർത്ഥം 'ഗുഡ് ഗവണെൻസ് ' ആവശ്യമില്ലെന്നോ പ്രധാനമല്ലെന്നോ ഒന്നുമല്ല. മറിച്ചു അതിന്റെ പരിമിധികളെക്കുറിച്ചു കൂടി നാം ബോധ്യപ്പെടേണ്ടതുണ്ട്. ഫാഷിസത്തിനെതിരായ പോരാട്ടം നിലനിൽക്കുന്ന വ്യവസ്ഥക്കെതിരായ പോരാട്ടം കൂടിയാണ്. നവലിബറൽ സാമ്പത്തികനയങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ-ആരോഗ്യ-വ്യവസായ-കാർഷികമേഖലകളെ എത്തിച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ജനങ്ങളുടെ പൊതുബോധമാക്കി മാറ്റുമ്പോൾ മാത്രമേ കേരളത്തിൽ നടത്തുന്ന 'ഗുഡ് ഗവണെൻസിന്റെ പ്രാധാന്യവും രാഷ്ട്രീയവും ജനങ്ങൾ സ്വീകരിക്കൂ. 2008 മുതൽ തുടരുന്ന മുതലാളിത്തപ്രതിസന്ധി ഇനിയും കൂടുതൽ രൂക്ഷമായി തുടരുമെന്നും, ഇന്ത്യയിൽ അതിരൂക്ഷമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നുമുള്ള റിപ്പോർടുകളാണ് വരുന്നത്. തീർച്ചയായും ഇത് കേരളത്തെയും ബാധിക്കും. അങ്ങനെ വന്നാൽ അതിന്റെ ദേശീയ അന്തർദേശീയമാനങ്ങൾക്കപ്പുറം അത്, നിലനിൽക്കുന്ന ഇടതുഗവണ്മെന്റിനെതിരായ വികാരമാക്കി മാറ്റാനും ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാനും പ്രതിലോമശക്തികൾക്ക് കഴിഞ്ഞേക്കാം. അവിടെയാണ് മുകളിൽ സൂചിപ്പിച്ച പ്രക്ഷോഭങ്ങളുടെ പ്രാധാന്യം നിൽക്കുന്നത്.

വർഗപരമായ സംഘർഷവും, അതിന്റെ അടിസ്ഥാനത്തിലുള്ള ഐക്യവും സാധ്യമാകാത്ത സമൂഹത്തിൽ സാമുദായികമായ സംഘർഷങ്ങൾക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ഐക്യത്തിനും സ്വീകാര്യത ലഭിക്കുന്നു. വർഗപരമായ സംഘർഷം വൻകിടബൂർഷ്വാസിക്കെതിരെ മാത്രമുള്ള സംഘർഷമല്ല. തൊഴിലാളി വർഗരാഷ്ട്രീയം വർഗപക്ഷപാതപരമായ നിലപാടെടുക്കുമ്പോൾ അതിന് മധ്യവർഗമുൾപ്പെടെയുള്ള വിഭാഗങ്ങളുമായി സംഘർഷത്തിലേർപ്പെടേണ്ടി വന്നേക്കാം. അതാകട്ടെ തൊഴിലാളി വർഗഐക്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഭൂപരിഷ്കരണമാവട്ടെ, ജന്മിത്വവിരുദ്ധ സമരങ്ങളാവടെ, തൊഴിലാളി സമരങ്ങളാകട്ടെ, മിച്ചഭൂമി സമരങ്ങളാകട്ടെ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ വളർച്ചക്ക് നിദാനമായ സകല മുന്നേറ്റങ്ങളും ഇത്തരത്തിലുള്ള വർഗസംഘർഷത്തിന്റെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഇന്നത്തെ സാമൂഹ്യഘടനയുടെ ഇരകളായി മാറുന്ന ഭൂരിപക്ഷത്തെ സംഘടിപ്പിക്കുകയും, അവരുടെ വർഗതാല്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിയമനിർമാണങ്ങളുൾപ്പെടെ ( തൊഴിൽ നിയമങ്ങൾ, കൂലി, ഭൂമിയുടെയും മറ്റു വിഭവങ്ങളുടെയും ഉടമസ്ഥത etc) നടത്തുന്നതിലൂടെ വർഗസംഘർഷത്തിന്റെ ഭാഗമായ വർഗ ഐക്യം സാധ്യമാകുകയും അതിലൂടെ സാമുദായിക-ജാതി-മതസംഘർഷങ്ങളും അവയുടെ അടിസ്ഥാനത്തിലെ ഐക്യവും പിന്നോട്ട് തള്ളപ്പെടുകയും ചെയ്യുക. കേരളം പോലെ അഞ്ചിൽ മൂന്നു വർഷവും നിർണായകതെരഞ്ഞെടുപ്പുകൾ നടക്കുന്ന ഒരു സംസ്ഥാനത്ത് ഗുഡ് ഗവർണൻസ് പോലുള്ള വർഗാതീതപരിപാടികൾക്ക് കൂടുതൽ ശ്രദ്ധയും പ്രാധാന്യവും കിട്ടാനുള്ള സാധ്യത സ്വാഭാവികമാണ്, പക്ഷെ നവലിബറൽ-ഹിന്ദുത്വഫാഷിസത്തിനെതിരായ പോരാട്ടത്തിന് അവമതിയാകില്ലെന്ന് ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്. നവലിബറൽ കാലത്തെ വിഭവലഭ്യതയുടെ പ്രശ്നത്തെയും അതുവഴിയുണ്ടാകുന്ന ജനരോഷത്തെയും മറികടക്കാൻ ചാരിറ്റി പോലുള്ള സംവിധാനങ്ങളെയാണ് വലതുപക്ഷം ഉപയുക്തമാക്കുന്നത്. പക്ഷെ ഇടതുപക്ഷത്തിന് അവയെ നേരിടാൻ ഇതേ ചാരിറ്റിയുടെ രാഷ്ട്രീയം അപര്യാപ്തമാണ്.

പോരാട്ടങ്ങളിലൂടെ കൈവരുന്ന മിലിറ്റൻസി

ഇതോടൊപ്പമാണ് മേൽപ്പറഞ്ഞ വിധം വർഗസംഘർഷങ്ങളിലൂടെ സാധ്യമാകുന്ന വർഗ ഐക്യം തൊഴിലാളി വർഗത്തിന് പ്രദാനം ചെയ്യുന്ന മിലിറ്റൻസിയുടെ പ്രാധാന്യം. ബംഗാളിലും ത്രിപുരയിലും ഇന്ത്യയിലെ തന്നെ മികച്ച പ്രാദേശികഭരണങ്ങൾ കാഴ്ചവെച്ചിട്ടും അധികാരത്തിനു പുറത്തായപ്പോൾ വലതുപക്ഷാതിക്രമങ്ങളോട് ചെറുത്തു നിൽക്കാൻ കഴിയാതെ വന്നത് ഈ മിലിറ്റൻസിയുടെ അഭാവത്തിലാണ്. സംഘപരിവാറിനെയോ മറ്റു തീവ്രവാദസംഘടനകളെയോ പോലെ ഒരു ലുംപൻ സേനയെ നിലനിർത്താൻ ഇടതുപക്ഷത്തിന് കഴിയില്ല. പകരം സമരസംഘർഷങ്ങളിലൂടെ രൂപപ്പെടുന്ന മിലിറ്റൻസിയും കരുത്തുമാണ് അവരുടെ ആയുധം.

സാംസ്കാരികമാർക്സിസവും ഇരവാദവും കേരളത്തോട് ചെയ്തത്

ശക്തമായ ഫാഷിസ്റ്റ് വിരുദ്ധരാഷ്ട്രീയം 1998 മുതൽ തന്നെ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ സാമ്പ്രദായിക രാഷ്ട്രീയസമ്പദ് വ്യവസ്ഥാ (political economy) വിശകലന രീതിക്കു പകരം സംസ്കാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന നവമാർക്സിസ്റ്റ് ധാരക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിക്കുന്ന കാലവും കൂടിയായിരുന്നു അത്. സ്വാഭാവികമായും കേരളത്തിൽ പാർട്ടി സംഘടനയേക്കാൾ കൂടുതലായി പുകസയുടെ നേതൃത്വത്തിലും മതനിരപേക്ഷ കൂട്ടായ്മകളുടെയും നേതൃത്വത്തിലുമായിരുന്നു ഈ പ്രതിരോധങ്ങൾ സംഘടിപ്പിക്കപെട്ടത്. അതുകൊണ്ടു തന്നെ ഫാഷിസ്റ്റ് പ്രതിരോധം ഒരു "സാംസ്കാരികപ്രശ്നമായി" കണ്ടു പാർട്ടിയുടെ വർഗബഹുജനമുന്നണികളുടെ മുഖ്യഅജണ്ടയിൽ നിന്ന് മാറി നിലകൊണ്ടു. നിർഭാഗ്യവശാൽ 1991 മുതൽ ഇന്ത്യയിൽ നടപ്പാക്കികൊണ്ടിരുന്ന നവലിബറൽ സാമ്പത്തികനയങ്ങളുടെ കൂടി ഉല്പന്നമെന്ന നിലയിൽ ഫാഷിസത്തിന്റെ വർഗഘടനവിശകലനത്തിനോ പ്രതിരോധത്തിനോ അത് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. കേരളത്തിലെ വർദ്ധിച്ചു വരുന്ന മതജാതീയതയെ പോലും കേരളത്തിന്റെ നവോത്ഥാനത്തിൽ നിന്നുള്ള കേവലവിച്ഛേദനം മാത്രമായി കാണുകയും അതിന്റെ രാഷ്ട്രീയസമ്പദ്ഘടന പൂർണമായും അവഗണിക്കപ്പെടുകയും ചെയ്തു. അതോടെ പ്രതിരോധമെന്നത് നവോത്ഥാനത്തിന്റെ ഓർമകളെ ഉണർത്തുന്ന വാചാടോപപദ്ധതികൾ മാത്രമായി ചുരുങ്ങി. ഫാഷിസം എന്നത് പ്രധാനമായും ഇന്ത്യയിലെ നെഹ്രൂവിയൻ ഭരണഘടന, ഭരണഘടനാ സ്ഥാപനങ്ങൾ, 'കോൺഗ്രസ്സ് മതേതരത്വം' എന്നിവയോടുള്ള വെല്ലുവിളിയായി അവതരിപ്പിക്കപ്പെട്ടു. ഇതാകട്ടെ ഹിന്ദുത്വഫാഷിസത്തിന് വഴിതുറന്ന കോൺഗ്രസ്സിനെ പൂർണമായും കുറ്റവിമുക്തമാക്കാൻ പോന്നതും അതിലുപരിയായി തിരിച്ചുപോകേണ്ട ബദലായി കോൺഗ്രസ്സിന്റെ രാജ്യസങ്കല്പത്തെ ഉയർത്തിക്കാണിക്കുന്നതുമായിരുന്നു. ഈ വിമർശനങ്ങൾ പ്രധാനമായും ഊന്നിയത് ഹിന്ദുത്വഫാഷിസത്തിന്റെ രോഗലക്ഷണങ്ങളായ പുതുആചാരക്രമങ്ങൾ, അപരവിദ്വേഷം, ചിഹ്നങ്ങളുടെ സ്വീകാര്യത തുടങ്ങിയ പ്രശ്നങ്ങളിലായിരുന്നു. തീർച്ചയായും ഈ പ്രശ്നങ്ങൾ 'വിശകലം' ചെയ്യപ്പെടേണ്ടത് തന്നെയാണ്, പക്ഷേ 'വിശകലനത്തിനപ്പുറം' ഈ പ്രതിസന്ധി ഘട്ടത്തെ 'മുറിച്ചുകടക്കുകയാണ്' പ്രധാനമെന്നതിനാൽ പ്രശ്നത്തിന്റെ മൂലകാരണങ്ങളിലേക്ക് നാം പോകേണ്ടതായിരുന്നു, അതിനുള്ള ശ്രമങ്ങൾ വേണ്ടവിധമുണ്ടായില്ല.

മേൽ വിവരിച്ച വിശകലനരീതിയുടെ കടകവിരുദ്ധമായ മറ്റൊരു നിലപാടും 'ഇരവാദം' എന്ന പേരിൽ ഈ കാലയളവിൽ ഇടതുപൊതുമണ്ഡലത്തിനകത്ത് വികസിച്ചു വന്നു. ഗൂജറാത്ത് വംശഹത്യാ നാളുകളിലെ ഫാഷിസത്തിന്റെ സമാനകളില്ലാത്ത അക്രമണോത്സുകത മനുഷ്യസ്നേഹികളായ മുഴുവനാളുകളെയും വൈകാരികമായി സ്വാധിനിച്ചിട്ടുണ്ട്. ഈ വൈകാരികാന്വേഷണങ്ങളിൽ നിന്നാണ് ഉത്തരാധുനികതയുടെ സ്വാധീനത്താൽ ഇരകളുടെ ഐക്യം പോലുള്ള നിലപാടുകൾ അവതരിച്ചത്. ഇര-സ്വത്വ വാദത്തിന്റെ സൈദ്ധാന്തിക പരിസരം കൃത്യമായും ഉത്തരാധുനികതയാണ്. തങ്ങൾക്ക് ജീവീതാനുഭവേദ്യമായ സ്വത്വയാഥാർത്ഥ്യങ്ങൾ ഇതരസ്വത്വങ്ങൾക്ക് സ്വംശീകരിക്കാനാവില്ലെന്നും അതിനാൽ ഇരകളുടെ സ്വത്വപരമായ ഐക്യമാണ് ഫാഷിസത്തിനെതിരെ ഉ‍യ‍ർന്നു വരേണ്ടെതെന്നുമുള്ള വാദം മാനവചരിത്രത്തിലെ എല്ലാ പോരാട്ടങ്ങളുടെയും നിഷേധമാണ്. ഈ ഇരവാദം ഏറ്റവും സഹായിച്ചത് കേരളത്തിലെ മുസ്ലിം സ്വത്വരാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയുമാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ അതിവിപുലമായ ഭീതിയും നിരാശയും വളർത്തുന്നതിനും ഇടതുപക്ഷ പ്രതിരോധപോരാട്ടങ്ങളിൽ വിശ്വാസ്യത കുറക്കുന്നതിനുമാണ് ഇരവാദം സഹായിച്ചത്. മുസ്ലിം/ഇസ്ലാമികരാഷ്ട്രീയത്തിനെതിരെയുള്ള ഏതൊരു ജനാധിപത്യവിമർശനത്തെയും (മൃദു)ഹിന്ദുത്വച്ചാപ്പയടിച്ച് മറുപുറത്താക്കാനും അതുവഴി ഹിന്ദുത്വരാഷ്ട്രീയത്തെപ്പോലും ഒരു പരിധിവരെ സഹായിക്കാനും ഇവർക്ക് കഴിഞ്ഞു.

ഉപസംഹാരം

ആദ്യകാല ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ട് വെച്ച സ്വദേശി വികസനമാതൃകയെ മോദിയുടെ നവലിബറൽ ഹിന്ദുത്വം പൂർണമായും വിഴുങ്ങിയിരിക്കുന്നു. അത് മുന്നോട്ട് വെക്കുന്ന വികസനമാതൃകയാകട്ടെ പൂർണമായും നവലിബറൽ മൂലധനശക്തികളുടെ വികസനമാതൃകയാണ്. ജനങ്ങളുടെ ദൈനംദിന പുനരുത്പാദനം ഭൗതികാവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകയാൽ ഈ വികസനമാതൃകയോടുള്ള വെല്ലുവിളി ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള വെല്ലുവിളികൂടിയാണ്. അതിനാകട്ടെ വർഗപക്ഷപാതിത്തപരമായ കൂടുതൽ ജനകീയബദലുകൾ ഭാവന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ബദലുകളാകട്ടെ മോദികാലത്ത് നിന്നുള്ള കേവലമായ തിരിച്ചു പോക്ക് മാത്രം ലക്ഷ്യമിടുന്നതാകരുത്, അത്തരമൊരു തിരിച്ചു പോക്കിനെയും കോൺഗ്രസ്സ് വികസനസങ്കല്പത്തെയും ജനം പൂർണമായും തള്ളിയിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അതോടൊപ്പം വ്യവസ്ഥയുടെ പരിമിതികൾ ജനങ്ങളുടെ പൊതുബോധമാക്കി മാറ്റേണ്ടതുണ്ട്. അത്തരമൊരു ഘട്ടത്തിൽ ഇടതുപക്ഷം കൂടുതൽ പ്രാധാന്യം പോരാട്ടങ്ങൾക്ക് നൽകേണ്ടി വരും. നവലിബറൽ നയങ്ങളെ പുണരുന്നതിനാൽ മറ്റൊരു വലതുപക്ഷസംവിധാനത്തിനും ആ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെയും അവരുടെ ബദലുകളെയും ജനം സ്വീകരിക്കുക തന്നെ ചെയ്യും. മറിച്ച് നിലനിൽക്കുന്ന വ്യവസ്ഥക്കകത്ത് അതേ വികസനസങ്കല്പങ്ങൾ മെച്ചപ്പെട്ട രീതിയിൽ ചെയ്യുകയാണ് തങ്ങളുടെ ദൗത്യമെന്നു തെറ്റിദ്ധരിച്ചാൽ ഇതിനേക്കാൾ കൂടുതൽ തീവ്രമായി ഈ വികസനമാതൃക നടപ്പാക്കാൻ ശേഷിയുള്ള വലതുപക്ഷത്തെ ജനം സ്വീകരിക്കുന്ന അവസ്ഥയുണ്ടാകും.

മോഡിപേടിക്കപ്പുറത്ത് നവലിബറൽ ഹിന്ദുത്വഭരണം ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുന്നു. ഇടതുമുന്നേറ്റത്തിന് സംഭവിക്കുന്ന ഓരോ തിരിച്ചടിയും ഹിന്ദുത്വഫാഷിസത്തിന്റെ ശക്തി വർദ്ധിപ്പിക്കും. പ്രജ്ഞയുടെ ഈ അശുഭാപ്തിയെ ഇച്ഛയുടെ ശുഭാപ്തി കൊണ്ടേ നമുക്ക് നേരിടാനാകൂ. അതിന് ഇന്ത്യയുടെ മുന്നിലുള്ള ഒരേയൊരു വഴി മാർക്സിസം ലെനിനിസത്തെ ആധാരമാക്കിയുള്ള പോരാട്ടങ്ങളാണ്. നിർഭാഗ്യവശാൽ അത്തരം പോരാട്ടങ്ങളിലെവിടെയും കുറുക്കു വഴികളില്ല.

അവലംബങ്ങള്‍

  1. Indian income inequality, 1922-2015:From British Raj to Billionaire Raj?, Lucas Chancel, Thomas Piketty, July 2017.
  2. Capital and labour redefined by Amiya Kumar Bagchi
  3. പ്രയോഗത്തിന് കടപ്പാട് Age of Anger: A History of the Present by Pankaj Mishra
  4. The Origins of Industrial Capitalism in India by Rajnarayan Chandavarkar