മോദിയുടെ തെരെഞ്ഞെടുപ്പ് വിജയം

Prof. Prabhat Patnaik analyses the results of Lok Sabha Elections 2019, in which Narendra Modi led BJP won with landslide majority.

ഫാസിസത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള അടിസ്ഥാനവാദത്തെ ശരിവയ്ക്കുന്നതാണ്, നരേന്ദ്ര മോദിയുടെ ഹിന്ദു മേധാവിത്വപ്പാര്‍ടിക്ക് രണ്ടാമതൊരു അഞ്ച് വര്‍ഷ ഭരണകാലയളവ് നല്‍കിയ, ഈയടുത്ത് കഴിഞ്ഞ ഇന്ത്യന്‍ തെരെഞ്ഞെടുപ്പ് ഫലം. മോദിയെ അധികാരത്തിലേറ്റിയ 2014ലെ തെരെഞ്ഞെടുപ്പും 2019ലേതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. അയാളുടെ “വികാസ്” അല്ലെങ്കില്‍ “വികസനത്തിന്റെ” മുദ്രാവാക്യമാണ് 2014ല്‍ മോദിയുടെ വിജയം സാധ്യമാക്കിയത്. എങ്ങനെയാണ് “വികസനം” നടപ്പില്‍ വരുത്തുവാന്‍ പോകുന്നതെന്ന് അയാള്‍ പറഞ്ഞിരുന്നില്ല. എല്ലാ ഫാസിസ്റ്റുകളുടെയും സവിശേഷതയാണത്: അയാളുടെ ഒരേയൊരു “അവലോകനം” എന്നത് “വികസനം” സാധ്യമാകാഞ്ഞത് തൊട്ടുമുമ്പത്തെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണ് എന്നതായിരുന്നു. അതേ നവലിബെറല്‍ നയങ്ങള്‍ കൂടുതല്‍ ആയത്തില്‍ നടപ്പിലാക്കിക്കൊണ്ട് ഈ ദൗര്‍ബല്യം അയാള്‍ മറികടക്കുമത്രെ.

തെരെഞ്ഞെടുപ്പില്‍ അയാള്‍ വിജയിച്ചുവെങ്കിലും, അയാളുടെ അഞ്ച് വര്‍ഷത്തെ അധികാരം പ്രതിസന്ധിയില്‍ യാതൊരുവിധത്തിലുമുള്ള പരിഹാരവും ഉണ്ടാക്കിയില്ല. അതിന് വിരുദ്ധമായി പ്രതിസന്ധി രൂക്ഷമാവുകയാണുണ്ടായത്. കാര്‍ഷികവൃത്തിയില്‍ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ ആളോഹരി വരുമാനത്തില്‍ 2013-14ന് ശേഷം വര്‍ദ്ധനവുണ്ടായില്ല എന്ന് തന്നെ പറയാം. തൊഴിലില്ലായ്മ കഴിഞ്ഞ നാല്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. ഇത് തൊഴിലില്ലായ്മയെ സംബന്ധിച്ച കണക്കുകള്‍ ഒളിപ്പിച്ചു വയ്ക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. അതുകൊണ്ടുതന്നെ, 2019ലെ തെരെഞ്ഞെടുപ്പില്‍ “വികസനം” സംബന്ധിച്ച ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല. ഫാസിസത്തിന് ഒരു സാമ്പത്തിക കാര്യപരിപാടിയില്ലെന്നും ആശ്രയിക്കുന്നതും, അധികാരസിദ്ധിക്കായി അത് ചെയ്തത് പോലെ ഹിന്ദുത്വ ‘ദേശീയതയിലേക്ക്, ചര്‍ച്ചകളെ വഴിതെറ്റിച്ചു വിടുന്നതിനെയാണ് ആശ്രയിക്കുന്നതെന്നുമാണ് കാണിക്കുന്നത്.

മോദി എന്ന പച്ചയായ കഥാപാത്രത്തിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അയാള്‍ എന്തായിരുന്നുവെന്ന് വസ്തുതാപരമായി അവര്‍ നോക്കികണ്ടിരുന്നില്ലായെന്നും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ വ്യക്തമാകുന്നുണ്ട്. ഓരോ വോട്ടറും അയാളില്‍ ഒരാശയത്തെ കണ്ടു: ഒരു ശക്തനായ നേതാവ്, ഒരു “മിശിഹാ”. മോഡി എന്ന ആശയത്തിനാണ്, മനുഷ്യനല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു ചുക്കും ചെയ്തിരുന്നില്ല എങ്കിലും അയാള്‍ക്ക് വോട്ട് കിട്ടിയത്, എന്തെങ്കിലും ചെയ്യാന്‍ സാധ്യതയുള്ളയാള്‍ എന്ന നിലയ്ക്ക് ആളുകളയാളെ കണ്ടിരുന്നുവെന്നതിനാലാണ്. അതിര്‍ത്തിയിലൊന്നും സംഭവിച്ചില്ലെങ്കില്‍, അയാള്‍ക്കതിന്റെ ക്രെഡിറ്റ് പോകും : അയാള്‍ അധികാരത്തിലിരുന്നത് കാരണം അയല്‍ രാജ്യം സ്വാതന്ത്രമെടുക്കുവാന്‍ തുനിഞ്ഞില്ല. ഇനി സംഭവങ്ങളുണ്ടെങ്കില്‍ തന്നെയും അയാള്‍ക്ക് വോട്ട് ചെയ്യുവാന്‍ ആവശ്യത്തിന് കാരണങ്ങളുണ്ടായിരുന്നു, അയാള്‍ മാത്രമേ അയല്‍ക്കാര്‍ക്കെതിരെ നിന്നുള്ളൂ എന്ന ഒറ്റക്കാരണം മതിയല്ലോ.

അതുകൊണ്ട്, എന്തുതന്നെ സംഭവിച്ചിരുന്നാലും, അയാള്‍ക്കതിന്റെ ക്രെഡിറ്റ് കിട്ടും. അയാളെന്തൊക്കെ തന്നെ ചെയ്താലും, അയാള്‍ക്കംഗീകാരം ലഭിക്കും. ഗവണ്‍മെന്റിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ച സംഭവങ്ങളൊക്കെ അയാള്‍ക്ക് അംഗീകാരം കൊണ്ടുവന്നു. മോദി ഒരു ഇതിഹാസമായിരിക്കുന്നു, ജനങ്ങളുടെ, മിക്കതും നിര്‍മിക്കപ്പെട്ടതായ, ആവശ്യങ്ങള്‍ സഫലീകരിക്കുവാന്‍ രൂപീകരിക്കപ്പെട്ട ഒരു ആശയം.

ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് അധികാരത്തിലിരുന്ന ആദ്യതവണ പ്രയോജനപ്പെടുത്തിയത് രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവനായിരുന്നില്ല, മറിച്ച് ഈ ഇതിഹാസചിത്രം നിര്‍മിക്കുവാനായിരുന്നു എന്നതാണ്. എളുപ്പത്തില്‍ വഴക്കിയെടുക്കാവുന്ന മാധ്യമങ്ങളും, വിമര്‍ശകരെ സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുവാനുള്ള സൈബര്‍ഗുണ്ടാസന്നാഹവും, കോര്‍പറേറ്റുകളില്‍ നിന്നുള്ള ഭീമമായ ഫണ്ടുകളും ഒക്കെ ഉപയോഗപ്പെടുത്തി അയാളെപ്പറ്റിയുള്ള ഇതിഹാസചിത്രം അയാള്‍ നിര്‍മിച്ചു. സ്വയം പരാമര്‍ശിക്കുമ്പോള്‍ അയാള്‍ തൃതീയപുരുഷനില്‍ അത് ചെയ്യുന്നത് തന്നെ ഇതിന്റെ ലക്ഷണമാണ്.

വ്യക്തിപ്രഭാവത്തില്‍ നിന്നും ഇതിഹാസനിര്‍മാണത്തെ വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥമായ ചില നേട്ടങ്ങളെയാണ് വ്യക്തിപ്രഭാവം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അത് നേര്‍പ്പിച്ച വായുവില്‍ നിന്നും ഉരുട്ടിയെടുക്കുന്നതല്ല. എന്നാല്‍, ഒരു മറുപക്ഷമില്ലാത്ത വ്യക്തിത്വം നിര്‍മിച്ചെടുക്കുന്നത് ഇതിഹാസനിര്‍മാണത്തിന്റെ അനിവാര്യതയാണ്. അധികാരത്തിലിരുന്ന ആദ്യാവസരത്തില്‍ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുവാന്‍ ഒന്നുമില്ലായിരുന്നു. നോട്ട് നിരോധനം, ജി.എസ്.റ്റി. എന്ന രണ്ട് വലിയ നീക്കങ്ങള്‍ ദുരന്തസമാന പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥയെ കര്‍ഷകപ്രതിസന്ധി, തൊഴിലില്ലായ്മ, മാന്ദ്യം എന്നിവ അടിമുടി പിടികൂടിയിരിക്കുന്നു. ഇതിനുപുറമെ, സ്ഥാപനങ്ങളുടെ തകര്‍ച്ചയും, പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള അതിക്രമങ്ങളും, ക്രിമിനല്‍ സംഘങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മേല്‍ നടത്തുന്ന ഭീകരതയും, വെറുപ്പ് നുരച്ചുപൊന്തുന്ന പരിസരവും.

മോദി എന്ന ഇതിഹാസം നിര്‍മിക്കുവാന്‍ സഹായിച്ചത് ഈ വെറുപ്പിക്കലും ജനങ്ങള്‍ക്കിടയിലെ അരക്ഷിതാബോധവുമാണ്. ഒരു ‘മിശിഹായ്ക്കുള്ള’ ആവശ്യം വളരെയധികം ശക്തിപ്പെട്ടു. ഫാസിസവും ‘മിശിഹായും’ അതിസങ്കീര്‍ണമായി കൂടിപ്പിണഞ്ഞു കിടക്കുന്നവയാണ്.

ഈ കാഴ്ചപ്പാടില്‍ നിന്നും, മുമ്പത്തെ പല തെരെഞ്ഞെടുപ്പുകളില്‍ നിന്നും 2019ലെ തെരെഞ്ഞെടുപ്പ് വളരെ വ്യത്യസ്തമാണെന്നും, അതുകൊണ്ടാണ് അതിന്റെ ഫലങ്ങളെ പറ്റിയുള്ള, മിക്കവാറുമുള്ള എല്ലാ എക്സിറ്റ് പോളുകള്‍ ഉള്‍പ്പടെയുള്ള പ്രവചനങ്ങള്‍, തെറ്റിപ്പോയത്. ജനങ്ങള്‍ക്ക് “സാധാരണ” സ്വഭാവം കല്പിച്ചു നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള, അവരുടെ മുന്‍ഗണനകളുടെ സ്ഥിരതയെ അടിസ്ഥാനത്തിലുള്ള, എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്തായി.

ഗതിമാറ്റാനാവാത്ത വിധം ഒരു ഫാസിസ്റ്റ് ഭരണകൂടമെന്ന ദിശയിലേക്കാണ് 2019ലെ തെരെഞ്ഞെടുപ്പ് നയിച്ചത്; എങ്ങോട്ടേക്കാണ് നയിക്കുന്നതെന്നത് 2014ലെ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വ്യക്തമല്ലായിരുന്നു, എന്നാല്‍ 2019ലെ തെരെഞ്ഞെടുപ്പ് അങ്ങനെയല്ല. നിലനില്‍ക്കാത്ത ഒരു മനുഷ്യനാണ് ഈ തെരെഞ്ഞെടുപ്പ് ജയിച്ചത്. എന്നാല്‍, ഈ നിലനില്പില്ലായ്മയെ ചോദ്യം ചെയ്യുന്നത് “രാജ്യദ്രോഹമായി” കരുതപ്പെടും.

ഇതിഹാസങ്ങളെ തകര്‍ക്കുന്നത് എളുപ്പമല്ല, എന്നാല്‍ തൊഴില്‍രഹിതരായും ഒഴിഞ്ഞ വയറിലും കുറച്ച് നാള്‍ ജീവിക്കുമ്പോള്‍ ഈ മിത്ഥ്യകള്‍ പതുക്കെ മടുത്തു തുടങ്ങും. ഭൗതികവസ്തുക്കളുടെ ഇല്ലായ്മകളെ പറ്റിയുള്ള ചര്‍ച്ചകളില്‍ നിന്നും ദേശസുരക്ഷ പോലെയുള്ള വിഷയങ്ങളിലേക്ക്, ബാലകോട്ട് ആക്രമണം പോലെ, നിറം പിടിപ്പിച്ച കഥകളാല്‍ ശ്രദ്ധതിരിക്കുവാന്‍ മോദി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍, കാലക്രമേണ ഇവയ്ക്കും തേയ്മാനം സംഭവിക്കും. ഈ പ്രതിസന്ധിയുടെ സ്വയം പ്രവര്‍ത്തിതമായ വികസനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും, മോദിയെ ഭൗതികമായ ഇല്ലായ്മകളെക്കുറിച്ചുള്ള ചര്‍ച്ചകളെ അഭിമുഖീകരിക്കുവാന്‍, ഇഷ്ടപ്പെടാലുമില്ലെങ്കിലും, പ്രേരിപ്പിക്കും.

ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം ഫലത്തിൽ തൂത്തെറിയപ്പെട്ടു. എന്നാൽ വിജയിച്ച പാർലമെന്ററി സീറ്റുകളുടെ എണ്ണം വച്ചുകൊണ്ട് മാത്രമല്ല ഇടതുപക്ഷത്തിന്റെ ശക്തിയെ നിർണയിക്കേണ്ടത്. ഇപ്പോഴും ഇടതിന് കാതലായ ട്രേഡ് യൂണിയൻ സാന്നിധ്യമുണ്ട്. പാർലമെന്റ് ഇലക്ഷൻ മൂലം തടസപ്പെട്ട കർഷക സമരങ്ങൾ പുനരാരംഭിക്കേണ്ടതുണ്ട്.

അനൈക്യം മൂലം തകർന്ന ഒരു പ്രതിപക്ഷം, മോദിയോട് മുഖാമുഖം നിൽക്കാൻ കെൽപ്പുള്ള ഒരു നേതാവിന്റെ അഭാവത്തോടെയാണ് 2019 ഇലക്ഷനെ നേരിട്ടത്. സാധാരണ കാലഘട്ടങ്ങളിൽ ഇതൊരു വിഷയമാവേണ്ടതല്ല. എന്നാൽ വിദ്വേഷവും അരക്ഷിതാവസ്ഥയും നിത്യാഹാരം ആക്കേണ്ടി വന്ന സമ്മതിദായകവൃന്ദത്തെ നേരിട്ട 2019ൽ, അവരുടെ ഉപബോധം സാധാരണ കാലഘട്ടങ്ങളിലെ പോലെ ആവില്ല. ഭാവിയിൽ വ്യവഹാരങ്ങളുടെ തലം ഇതിൽ നിന്ന് ദൈനംദിന ജീവിത പ്രശ്നങ്ങളിലേക്കു തിരിക്കുക എന്നതു മാത്രം പോരാ. പ്രതിപക്ഷനിരയെ മുന്നിൽ നിന്നു നയിക്കാൻ വിശ്വാസ്യതയുള്ള, മോദിയെക്കാൾ ധാർമിക ഔന്നത്യമുള്ള ഒരു നേതൃമുഖം കൂടി ഉണ്ടാവേണ്ടതുണ്ട്. രാഷ്ട്രപതിയുടെ തലത്തിൽ മാത്രമല്ല, പാർലമെന്ററി സംവിധാനത്തിലും ധാർമ്മിക ഔന്നത്യമുള്ള, തെളിമയുള്ള നേതാക്കളുടെ ആവശ്യകത ഇന്നുണ്ട്. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നും തന്നെ സാധ്യതകൾക്ക് വിട്ടു കൊടുത്തുകൂടാ.

(ഇന്ത്യയിലെ പ്രമുഖരായ മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞരിലൊരാളാണ് പ്രൊഫ. പ്രഭാത് പട്നായിക്‍. ന്യൂ ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ എകൊണോമിക്‍ സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങില്‍ അധ്യാപകനായിരുന്നു. 2010ല്‍ വിരമിച്ചു.)

Original work can be read at Modi's Electoral Triumph