ഗാന്ധിജിയും ഹിന്ദുരാഷ്ട്രവും

Prime Minister of India, Narendra Modi - BJP Leader and the Hindutva Poster Boy - touching the bust of Mahatma Gandhi

പച്ചക്കുതിര പ്രസിദ്ധീകരിച്ച ആനന്ദും എം.എന്‍. കാരശേരിയും തമ്മിലുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെ കുറിച്ച് ആനന്ദ് നടത്തുന്ന ചില നിരീക്ഷണങ്ങളുണ്ട്. ഗാന്ധിയുടെ സത്യഗ്രഹസമരരീതിയേയും, അഹിംസാ സിദ്ധാന്തത്തേയും, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയേയും പ്രശംസിക്കുന്ന ആനന്ദ് ഗാന്ധിയുടെ രാമരാജ്യസങ്കല്പവും, ഖിലാഫത്തിനുള്ള പിന്തുണയും അപകടകരമായി പരിണമിച്ചു എന്നും പറയുന്നു. അടുത്തിടെ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ഖിലാഫത്ത് പ്രക്ഷോഭത്തിനു ഗാന്ധിയും കോണ്‍ഗ്രസും നല്‍കിയ പിന്തുണയിലാണു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മതരാഷ്ട്രവാദത്തിന്റെ വേരുകള്‍ കിടക്കുന്നത് എന്ന് ആനന്ദ് വാദിച്ചിരുന്നു. ആ കാഴ്ചപ്പാടിലെ വസ്തുതാപരവും ചരിത്രപരവുമായ കുഴപ്പങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു മറുപടിയും ഈയുള്ളവന്‍ എഴുതിയിരുന്നു.

കാരശേരിയുമായുള്ള സംഭാഷണത്തില്‍ ആനന്ദ് പറയുന്നത്, ഗാന്ധി രാമരാജ്യം എന്ന ആശയം ഉപയോഗിച്ചത് "മുസ്ലിങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റി ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഹിന്ദു രാജ്യം എന്ന സങ്കല്പം പടര്‍ന്നു പിടിക്കാന്‍ ഇടയായി" എന്നാണ്. അതായത് ഇന്ത്യാവിഭജനത്തിനും, ഇന്ത്യയില്‍ ഇന്ന് ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലിരിക്കുന്നതിനും ആനന്ദ് ഗാന്ധിയെ കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്. കാരശേരി ഈ വിഷയത്തെ പറ്റി കൂടുതല്‍ ചോദിക്കുന്നുണ്ടെങ്കിലും ആനന്ദ് ഒന്നുകില്‍ ഒഴിഞ്ഞുമാറുകയോ അല്ലെങ്കില്‍ പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിക്കുകയോ ആണു ചെയ്യുന്നത്. "അത് ഗാന്ധി ഉണ്ടാക്കി എന്നല്ല. അദ്ദേഹം അതുപയോഗിച്ചപ്പോള്‍ (രാമരാജ്യം) അതു വലിയ തോതില്‍ പ്രചാരം നേടി. ഗാന്ധിക്ക് മുന്‍പ് രാമന് അത്ര വലിയ ശ്രദ്ധ ഇന്ത്യയില്‍ കിട്ടിയിരുന്നില്ല," ആനന്ദ് പറയുന്നു.

അയോധ്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ക്കെങ്കിലും ഹിന്ദു-മുസ്ലിം വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഗാന്ധി ജനിക്കുന്നതിനും പത്തൊന്‍പതു കൊല്ലം മുന്‍പ്. ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുന്നത്, ബംഗാള്‍ വിഭജനത്തിനു ശേഷം, 1906ല്‍ ആണു. പ്രത്യേക ഇലെക്റ്റൊറേറ്റ്, സംവരണം എന്നിവയായിരുന്നു ലീഗിന്റെ ആദ്യകാല ആവശ്യങ്ങള്‍. ഗാന്ധി അന്ന് ദക്ഷിണാഫ്രിക്കയിലാണ്. മോറ്ലി-മിന്റോ പരിഷ്കരണത്തിന്റെ (Morley-Minto Reforms) ഭാഗമായി 1909ല്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക ഇലെക്റ്റൊറേറ്റ് ബ്രിട്ടീഷ് ഇന്ത്യ അനുവദിച്ചതിനു ശേഷമാണു ആര്യ സമാജ് നേതാക്കളെല്ലാം ചേര്‍ന്ന് പഞ്ചാബ് ഹിന്ദു സഭ രൂപീകരിക്കുന്നത്. ഗാന്ധി അന്നും ദക്ഷിണാഫ്രിക്കയിലായിരുന്നു. ഈ ഹിന്ദു സഭയാണു ഹിന്ദുമഹാസഭയുടെ ഭ്രൂണം. ഇത് സാര്‍‌വദേശക് ഹിന്ദു സഭയായി മാറുന്നത് 1915 ഏപ്രിലിലാണ്. ഗാന്ധി അന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സംഘടനയുടെ പേര് 1921ല്‍ അവര്‍ 'അഖില്‍ ഭാരതീയ ഹിന്ദു സഭ' എന്നാക്കി മാറ്റി. ഹിന്ദു സഭയിലൂടെയുള്ള സവര്‍ക്കറുടെ രാഷ്ട്രീയ ഉദയവും ഏതാണ്ട് ഇതേ സമയത്താണു.

അതായത് മുസ്ലിങ്ങളുടെ കോണ്‍ഗ്രസില്‍ നിന്നുള്ള അകല്‍ച്ചയും, ഹിന്ദുവര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉദയവും ഗാന്ധി ദേശീയരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനും മുന്‍പേ നടന്ന കാര്യങ്ങളാണു. ഈ ചരിത്രത്തെയാണു ആനന്ദ് നിരാകരിക്കുന്നത്. ഖിലാഫത്തിലൂടെ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഒന്നിപ്പിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാനാണു ഗാന്ധിയും കോണ്‍ഗ്രസും ശ്രമിച്ചത്. ജിന്നയും ലീഗും ഖിലാഫത്ത് പ്രക്ഷോഭത്തിനെതിരായിരുന്നു എന്നോര്‍ക്കുക. ആ ഖിലാഫത്ത് പ്രക്ഷോഭത്തിലും ആനന്ദ് കുഴപ്പമാണു കാണുന്നത് (കാരശേരിയും).

ഇന്ത്യയില്‍ ഇന്ന് ഹിന്ദുരാഷ്ട്രവാദം ശക്തമായെങ്കില്‍ അതിന്റെ കാരണം ഒരുനൂറ്റാണ്ടിലേറെയായി ഹിന്ദുരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്ന ഒരു സംഘത്തിനു കിട്ടുന്ന രാഷ്ട്രീയസ്വീകാര്യതയാണു. ഗാന്ധിയും ദേശീയപ്രസ്ഥാനകാലത്തെ കോണ്‍ഗ്രസും ഇതിനെ തടയുകയാണു ചെയ്തത്. തൊള്ളായിരത്തി ഇരുപതുകളില്‍ സവര്‍ക്കറും, തൊള്ളായിരത്തി മുപ്പതില്‍ ലീഗും ദ്വിരാഷ്ട്രസിദ്ധാന്തം മുന്നോട്ടു വച്ചപ്പോള്‍, ഇന്ത്യയില്‍ രാമരാജ്യം നിയമം മൂലം കൊണ്ടുവരണമെന്നല്ല ഗാന്ധി ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും വോട്ടവകാശം, നിയമത്തിനു മുന്നില്‍ ത്യുല്യത, സ്വതന്ത്രവും, നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, നികുതി വെട്ടിച്ചുരുക്കല്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം, തൊഴില്‍ സമയം കുറയ്ക്കല്‍, ന്യൂനപക്ഷങ്ങളുടേയും, സ്ത്രീകളുടെയും, കര്‍ഷകരുടേയും സംരക്ഷണം, പ്രധാന വ്യവസായങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ എന്നീ ആവശ്യങ്ങളായിരുന്നു 1931ലെ കറാച്ചി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. നെഹ്രുവിന്റെ കരടു പ്രമേയം കറാച്ചി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് ഗാന്ധി തന്നെയായിരുന്നു. ഇന്ത്യയുടെ സാമൂഹ്യവിപ്ലവത്തിന്റെ ഗതി തന്നെ നിര്‍ണയിച്ചത് ഈ കറാച്ചി പ്രമേയമായിരുന്നുവെന്ന് കാണാം. അതാകട്ടെ, അഞ്ചു പതിറ്റാണ്ടുകളോളം മതരാഷ്ട്രീയശക്തികളെ ഇന്ത്യയില്‍ അകറ്റി നിര്‍ത്തുകയാണു ചെയ്തത്.

ആനന്ദിന്റെ പ്രശ്നം മതത്തേയും, മതഗ്രന്ഥങ്ങളേയും പറ്റി ഒരേയൊരു വ്യാഖ്യാനം മാത്രമേ സാധ്യമാവൂ എന്നദ്ദേഹം കരുതുന്നു എന്നതാണ്. പഴയനിയമത്തിലെ ഓര്‍ഡറിനെ വെല്ലുവിളിച്ച ക്രിസ്തുമതത്തിന് മറുപടിയായാണു പഴയനിയമത്തിലെ ഓര്‍ഡറിനെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം ഉണ്ടായത് എന്നാണു അദ്ദേഹം പറയുന്നത്. ബുദ്ധമതം മുന്നോട്ട് വച്ച വിപ്ലവകരമായ കാഴ്ചപാടിനെ തിരിച്ചു വേദിക് ഹിന്ദൂയിസത്തിലേക്ക് വിടാനാണു ഗീത ഉണ്ടായത് എന്നും വാദിക്കുന്നു. ആ ഗീതയെ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചത് തന്നെ തെറ്റാണെന്നും. ഗോഡ്സേയാണു ഗീത ശരിയായി പിന്തുടര്‍ന്നത് എന്നുമാണു ആനന്ദ് പറയുന്നത്. 

മതഗ്രന്ഥങ്ങളുടെ ഒരു പ്രത്യേകത അവയെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നതാണ്. മതം ഇത്രയേറെ സാമൂഹ്യ സ്വാധീനമുള്ള ഒരു സ്ഥാപനമായിരിക്കുന്നിടത്തോളം കാലം അവയെ പുരോഗമനോന്മുഖമായി വ്യാഖ്യാനിക്കുകയും അതിനുള്ള സാധ്യത തേടുകയുമാണു വേണ്ടത്, ഗുണപരമായ സാമൂഹ്യമാറ്റമാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍. ആനന്ദ് ചൂണ്ടിക്കാണിക്കുന്ന ക്രിസ്തുമതത്തില്‍ തന്നെ കാറ്റും വെളിച്ചവും കടന്നത് റിഫോമേഷനു ശേഷമാണു. പതിനേഴാം നൂറ്റാണ്ടിലെ, ദശലക്ഷക്കണക്കിനു ആളുകളെ ഉന്മൂലനം ചെയ്ത യൂറോപ്പിലെ മുപ്പതു വര്‍ഷത്തെ യുദ്ധം (The 30-Year War) പ്രാഥമികമായി ക്രിസ്തുമതം പിന്തുടര്‍ന്നിരുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടായതാണ് (Catholics and Protestants).

ഗോഡ്സേയാണ് യഥാര്‍ത്ഥത്തില്‍ ഗീത പിന്തുടര്‍ന്നത് എന്നു പറയുന്നതിനു പകരം, എന്തുകൊണ്ടാണു ഒരേ ഗ്രന്ഥം കരുതിയിരുന്ന രണ്ടു പേര്‍ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലെത്തിച്ചേര്‍ന്നു എന്നല്ലേ അന്വേഷിക്കേണ്ടത്? രണ്ടു പേരും ഗീത കയ്യില്‍ കരുതിയിരുന്നു. ഒരാള്‍ അഹിംസാ സിദ്ധാന്തത്തിന്റെ വക്താവും, മറ്റേയാള്‍ തീവ്രവാദിയുമായി. ഇതു രണ്ടും സാധ്യതകളാണ്. ആനന്ദിന് ഇതു മനസിലാവുന്നില്ല. ഇതേ പ്രശ്നം ഇസ്ലാമിനെ സംബന്ധിച്ചുള്ള ആനന്ദിന്റെ മനസ്സിലാക്കലിലുമുണ്ട്. ഇസ്ലാമിന് ഒരു തരത്തിലുമുള്ള പുരോഗമനവ്യാഖ്യാനവും സാധ്യമല്ലെന്നാണു ആനന്ദ് പറയാതെ പറയുന്നത്. ജിഹാദിനെ പറ്റിയുള്ള വ്യത്യസ്തവ്യാഖ്യാനങ്ങളെ ആനന്ദ് ഇതേ അഭിമുഖത്തില്‍ വിളിക്കുന്നത് 'മുട്ടുശാന്തികള്‍' എന്നാണു (എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജിഹാദ് എന്നത് പൊളിറ്റിക്കല്‍ ജിഹാദോ, ജിഹാദിസമോ മാത്രമല്ല. ഒരു ഇസ്ലാം വിശ്വാസിയുടെ ഉള്ളില്‍ നടക്കുന്ന ആത്മീയ പോരാട്ടങ്ങളേയും ജിഹാദ് എന്നു വിളിക്കാം).

ഗാന്ധി എല്ലാവര്‍ക്കും പ്രിയങ്കരനാണെന്ന് ‘The Doctor and The Saint’ല്‍ അരുന്ധതീ റോയ് എഴുതുന്നുണ്ട്. ഒരേ സമയം രാഹുല്‍ ഗാന്ധിക്കും നരേന്ദ്ര മോഡിക്കും പ്രിയങ്കരന്‍. "The Saint of the status quo" എന്നാണവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. ഗാന്ധി സ്റ്റേറ്റസ് ക്വോയുടെ പുണ്യവാളനായിരുന്നെങ്കില്‍ എന്തിനാണു ഗാന്ധിയെ ഒരു ഹിന്ദുത്വതീവ്രവാദി വെടിവച്ച് കൊന്നത് എന്നതാണു ചോദ്യം.

ഇതേ ചോദ്യമാണ് ആനന്ദിനോടും ചോദിക്കാന്‍ തോന്നുന്നത്. ഗാന്ധിയുടെ രാമരാജ്യസങ്കല്പമാണ് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്ര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയതെങ്കില്‍ എന്തിനാണ് ഒരു ഹിന്ദുരാഷ്ട്രവാദിക്ക് ഗാന്ധിയെ വെടിവച്ചു കൊല്ലേണ്ടി വന്നത്? വാസ്തവത്തില്‍ ഹിന്ദുരാഷ്ട്രത്തിന്റെ ആദ്യകാലപ്രയോക്താക്കളില്‍ നിന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വം എടുത്തു മാറ്റി അത് അതേ രാഷ്ട്രീയത്തിന്റെ ഇരയായ ഗാന്ധിയുടേ മേല്‍ അടിച്ചേല്പിക്കുകയാണു ആനന്ദ് ചെയ്യുന്നത്. ഇന്ന് ഗാന്ധിയില്‍ നിന്നും ഗാന്ധിയുടെ രാഷ്ട്രീയത്തെ എടുത്തു മാറ്റി അദ്ദേഹത്തെ വൃത്തിയുടേയും പരിസ്ഥിതിസംരക്ഷണത്തിന്റേയും മാത്രം ചിഹ്നമായി കൊണ്ടാടാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടത് ഇത്തരമൊരു ഗാന്ധിവായനയാണു.