ഗാന്ധിവധത്തിന്റെ സാംസ്കാരിക-രാഷ്ട്രീയപശ്ചാത്തലം

Archived Image of Mahata Gandhi on a Train

ഗാന്ധിജി ഖിലാഫത്തിനെ അനുകൂലിച്ചു. കലാപസമയത്ത് മുസ്ലീങ്ങളെ രക്ഷിക്കാൻ നിരാഹാരം കിടന്നു. പാകിസ്ഥാന് അമ്പത്തിയഞ്ചു കോടി കൊടുക്കാൻ പറഞ്ഞു. ഇതിൽ പ്രകോപിതനായി ഗോഡ്സേ എന്നൊരു ഹിന്ദുമത ഭ്രാന്തൻ ഗാന്ധിജിയെ കൊന്നു. ഇതാണ് നാം സാമാന്യമായി മനസ്സിലാക്കിവെച്ചിരിക്കുന്ന ചരിത്രം.

എന്നാല്‍, ഗാന്ധിജി ഇന്ത്യയിൽ വന്നിറങ്ങുന്നതിന്റെ മുൻപ് മുതലുള്ള സാംസ്കാരിക-രാഷ്ട്രീയപശ്ചാത്തലം പരിശോധിച്ചാൽ മാത്രമേ ചരിത്രത്തിന്റെ ഈ വിശാലമായ ചിത്രം പൂർണമാവുകയുള്ളൂ. നാം അപ്പോൾ നമ്മൾ ചെന്നു നിൽക്കുന്നത് മറാത്താ സാമ്രാജ്യത്തിലാവും.

സ്വാതന്ത്ര്യസമരത്തിനു മുമ്പ്

ഛത്രപതി ശിവജിയുടെ പൗത്രൻ ഷാഹുവിന്റെ കാലത്താണ് കൊങ്കണ്‍ തീരത്ത് നിന്ന് ഡെക്കാന്‍ പീഠഭൂമിയിലേക്ക് കടന്നു വന്ന ചിത്പവന്‍ ബ്രാഹ്മണനായ ബാലാജി വിശ്വനാഥ് ഭട്ട് മറാത്താ സാമ്രാജ്യത്തിന്റെ പേഷ്വാ ആവുന്നത്. പേഷ്വാ എന്നത് മറാത്താ സാമ്രാജ്യത്തിലെ പ്രധാനമന്ത്രിയ്ക്ക് നൽകിയിരുന്ന പദവിയാണ്. പിന്നിടങ്ങോട്ട് കാണുന്നത് ബാലാജി ബാജിറാവു, ബാജിറാവു രണ്ടാമൻ എന്നീ ചിത്പവനി ബ്രാഹ്മണർ മറാത്താ രാജാക്കൻമാരെ നോക്കുകുത്തികള്‍ ആക്കി മാറ്റിക്കൊണ്ട്, മറാത്താ സാമ്രാജ്യത്തിന്റെ യഥാർത്ഥഭരണാധികാരികൾ ആയി മാറുന്നതാണ്. ചിത്പവന്‍ ബ്രാഹ്മണർ പാരമ്പര്യമായി പുരോഹിതന്മാരും അല്പം വിദ്യാഭ്യാസവുമുള്ളവരായിരുന്നെങ്കിലും ശിവാജിയുടെ കാലം മുതൽ പേഷ്വമാരായിരുന്ന മറാത്താ ദേശസ്ഥബ്രാഹ്മണർ വലിയ ഭൂപ്രഭുക്കന്മാരും ചിത്പവനികളെ കുറഞ്ഞവരായി കണ്ടവരും ആയിരുന്നു.

എന്നാൽ ചിത്പവനികൾ പേഷ്വമാരായതോടു കൂടി കരുത്തന്മാരായി മാറുകയും മറാത്താ സാമ്രാജ്യത്തെ തമിഴ്നാടിന്റെ ചില ഭാഗങ്ങൾ തൊട്ട് പാകിസ്ഥാന്റ വടക്കുള്ള ഖൈബർ പാക്തുങ്ങ്ക്വ വരെ വളർത്തി വലുതാക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ മറാത്താ സാമ്രാജ്യത്തിലെ ഗുമസ്തന്മാരിൽ അറുപത്തിയേഴു ശതമാനം വരെ, അഞ്ചു ശതമാനം പോലും തികച്ച് ആളില്ലാത്ത ചിത്പവനികൾ ആരുന്നു. ഇത്ര വിശാലമായ ഈ മഹാരാജ്യം സുഗമമായി ഭരിക്കാൻ ചില പ്രവിശ്യകളിൽ ഉള്ള പ്രഭു കുടുംബങ്ങൾക്ക് അർദ്ധ സ്വയംഭരണാവകാശം കൊടുത്തിരുന്നു. ധാറിലെ പവാറുമാർ, ഗ്വാളിയോറിലെ സിന്ധ്യമാർ, ബറോദയിലെ ഗെയ്ക്ക് വാദ്, ഇന്റോറിലെ ഹോൾക്കർമാർ തുടങ്ങിയവർ. പവാറുമാരും സിന്ധ്യമാരും ഒക്കെ ഇന്നും കരുത്തന്മാർ തന്നെ. 1818ലെ ആംഗ്ലോ-മറാത്താ യുദ്ധത്തിൽ (അതിലെ ഒരു യുദ്ധമാണ് ഭീമ-കോറേഗാവ് യുദ്ധം) പരാജയപ്പെട്ടതോടെ ചിത്പവന ബ്രാഹ്മണൻമാരുടെ ഭരണം അവസാനിച്ച് മറാത്താ സാമ്രാജ്യം ബിട്ടിഷ് ആധിപത്യത്തിലായി. അങ്ങിനെ ആദ്യം ചിത്പവന ബ്രാഹ്മണരാൽ അധികാരം നഷ്ടപ്പെട്ട ദേശസ്ഥബ്രാഹ്മണരും അതിനു ശേഷം ബ്രിട്ടിഷുകാരാൽ അധികാരം നഷ്ടപ്പെട്ട ചിത്പവന്‍ ബ്രാഹ്മണരും പകയിൽ കഴിഞ്ഞുകൂടി. 1857ലെ പ്രക്ഷോഭത്തിൽ പ്രധാനിയായ നാനാ സാഹിബ് ചിത്പവന ബ്രാഹ്മണൻ ആയ മറാത്താ പേഷ്വ ആരുന്നു.

സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ പ്രവേശം

പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായി. അവിടെ തീവ്രവിഭാഗത്തിന്റെ നേതാവായി രാഷ്ട്രീയത്തിൽ മതം വലിച്ചിട്ട് ബാൽ ഗംഗാധർ തിലകും മറുവശത്ത് മിതവാദികളുടെ നേതാവായി ഗോപാലകൃഷ്ണ ഗോഖലെയും. രണ്ടു പേരും ചിത്പവന ബ്രാഹ്മണർ ആരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. അങ്ങിനെ വരേണ്യരായ അധികാരവർഗത്തിന്റെ പാരമ്പര്യം പേറുന്ന നേതാക്കൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വവും ആയി എന്നെങ്കിലും ബ്രിട്ടിഷുകാർ പോയാൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാം എന്നു കരുതി കഴിയുമ്പോഴാണ് ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഐതിഹാസികസമരത്തിന്റെ ഊർജവുമായി ഒരു മെലിഞ്ഞ മനുഷ്യൻ 1915ൽ ഇന്ത്യയിൽ കപ്പലിറങ്ങുന്നത്. അതാണ് ചരിത്ര നിമിഷം.

മഹാത്മാഗാന്ധി 1917ൽ കർഷക സമരമായ ചമ്പാരൺ സമരം ഏറ്റെടുത്തു. അതു കഴിഞ്ഞു 1918ല്‍ അഹമദാബാദിലെ തുണിമിൽ തൊഴിലാളികളുടെ സമരം ഏറ്റെടുത്തു. അക്കാലം വരെയും ഇന്ത്യക്കാർക്ക് ശീലമില്ലാത്ത പരിപാടികളായിരുന്നു അതൊക്കെ. പിന്നാലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണ നല്‍കി. അതു കഴിഞ്ഞപ്പോൾ തൊട്ടുകൂടായ്മക്കെതിരെയുള്ള സമരം നടത്തി. മുസ്ലീങ്ങളും ദളിതരും പിന്നോക്കക്കാരും ഒക്കെയുള്ള ഒരു ജനസഞ്ചയത്തിന്റെ സമരമായി ഇന്ത്യൻ സ്വാതന്ത്യസമരം മാറി.

ബ്രിട്ടിഷുകാർ പോയാൽ അധികാരികളാവാം എന്ന വിചാരവുമായി നടന്നവർ അപ്രസക്തമായി. ഇന്ത്യയിൽ എത്തുന്നതിനു മുമ്പ് തന്നെ 1909ലെ മിന്റോ-മോര്‍ലെ പരിഷ്കാരത്തെ തുടർന്നു മുസ്ലിങ്ങൾക്ക് പ്രത്യേക ഇലക്റ്ററേറ്റ് അടക്കം കൊടുക്കാനുള്ള തീരുമാനത്തെ ഗാന്ധി അനുകൂലിച്ചിരുന്നു. എല്ലാ വിഭാഗം മനുഷ്യരും സ്വാതന്ത്ര്യസമരത്തിലണിചേരുവാനായി മുന്നോട്ടുവരികയും ഗാന്ധിജി അവരുടെ നേതാവാവുകയും ചെയ്തു.

അതുപോലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് തീ പകർന്നിരുന്ന ഒന്നായിരുന്നു ചിത്പവന ബ്രാഹ്മണൻ കൂടിയായിരുന്ന തിലകന്റെ ഗീതാരഹസ്യം. എന്നാൽ ഗീതയുടെ ഏഴയലത്തു കൂടി പോകാത്ത ഒരു മൂല്യമാണ് ഗാന്ധിജി ഗീതയിൽ കണ്ടെത്തി പ്രചരിപ്പിക്കുന്നത്, അഹിംസ. ഗാന്ധിയെ കൊല്ലാനുള്ള പ്രധാനകാരണത്തിലൊന്നായി ഗോഡ്സേ കോടതിയിൽ പറയുന്ന ഒന്ന് ഹിന്ദു മതത്തെ അഹിംസ പറഞ്ഞു ദുർബലപ്പെടുത്തി എന്നാണ്. വാസ്തവത്തിൽ ചിത്പവനികളും കൂട്ടരും തങ്ങളുടെ രാഷ്ട്രീയശക്തിക്കു വേണ്ടി ഉപയോഗിച്ച ഗീതയെ ഗാന്ധിജി തട്ടികൊണ്ടു പോയി എന്നു പറഞ്ഞാലും അതിശയോക്തിയല്ല.

പിൽക്കാലത്ത് അംബേദ്കർ ഡ്രാഫ്റ്റ് ചെയ്ത ഹിന്ദു കോഡ് ബിൽ ബ്രാഹ്മണിക്‍-ഹിന്ദുത്വശക്തികൾ എങ്ങിനെയാണ് നേരിട്ടത് എന്ന് നമുക്കറിയാം. എന്നാൽ ഹിന്ദു കോഡ് ബില്ലിന്റയും ഇന്ത്യൻ ഭരണഘടനയുടെയും ഒക്കെ വേരുകൾ കിടക്കുന്നത് ഗാന്ധിജി 1931ലെ കറാച്ചി കോൺഫറൻസിൽ അവതരിപ്പിച്ച പ്രമേയത്തിലാണ്. ജാതി-മത-ലിംഗ-ഭാഷാഭേദമന്യേ എല്ലാവർക്കും തുല്യാവകാശങ്ങൾ ഉറപ്പു നൽകുന്നതാണ് ആ പ്രമേയം. ബ്രിട്ടനിൽ പോലും വനിതകൾക്ക് വോട്ടില്ലാതിരുന്ന ഒരു കാലത്ത് അവതരിപ്പിച്ച പ്രമേയം ചിത്പവനികളുടെയും ബ്രാഹ്മണരുടെയും പ്രിവിലേജുകൾ അംഗീകരിക്കാത്ത ഒന്നായിരുന്നു.

ചിത്പവന്‍ ബ്രാഹ്മണർ തന്നെയാണ് ഹിന്ദുത്വ കാർഡിറക്കുന്നതും. ചിത്പവന്‍ ബ്രാഹ്മണനായ വി. ഡി. സവർക്കർ ഹിന്ദുമഹാസഭയുണ്ടാക്കി. ഹിന്ദുത്വവാദികൾ ഗാന്ധിയെ ഉന്നം വച്ചു. ഇതിനിടയിൽ ദേശസ്ഥബ്രാഹ്മണനായ ഹെഡ്ഗെവാർ ഹിന്ദുമഹാസഭയുമായി പിരിഞ്ഞ് ഹിന്ദുത്വസംഘടന ആയ ആര്‍.എസ്.എസ്. ഉണ്ടാക്കിയിരുന്നു. നാഥുറാം ഗോഡ്സേയും, നാരായണ ആപ്തേയും ഒക്കെ ഈ ചിത്പവനരാണ്. പതിനഞ്ചു കൊല്ലത്തിൽ ആറു തവണയാണ് ഗാന്ധിജിയെ കൊല്ലാൻ ഹിന്ദുത്വതീവ്രവാദികൾ ശ്രമിക്കുന്നത് എന്നതു തന്നെ അത് പെട്ടെന്നുള്ള പ്രകോപനമല്ല, ദീർഗ്ഘമായ ഒരു രാഷ്ട്രീയ-സാംസ്കാരികപശ്ചാത്തലം അതിനുണ്ട് എന്നതിന്റെ തെളിവാണ്.

The views expressed here are solely those of the author in his private capacity and do not in any way represent the views of any organisation including, but not limited to, Bodhi Commons.