സിമ്പിളായി പറഞ്ഞു തരാമോ: എന്താണീ മസാല ബോണ്ട്?

Kerala Chief Minister Pinarayi Vijayan and Finance Minister Dr. Thomas Isaac at London Stock Exchange Celeberating the Listing of the KIIFB Masala Bond worth $312 Million.

മസാലബോണ്ടിനെ പറ്റി കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യമാധ്യമങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും ധാരാളമായി കേള്‍ക്കുന്നുണ്ടല്ലോ. സംസ്ഥാനഗവണ്‍മെന്റ് വിഭാവനം ചെയ്ത എന്തോ പദ്ധതിയാണിത് എന്നും തെറ്റിദ്ധരിച്ചവർ ഉണ്ടാവും. ചുരുങ്ങിയ വാക്കുകളിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മസാലബോണ്ടിനെപ്പറ്റി പറയാം. ആദ്യമായി കുറച്ച് അടിസ്ഥാനകാര്യങ്ങൾ പറഞ്ഞു തുടങ്ങാം. മസാല ബോണ്ടിനെപ്പറ്റി പറയുന്നതിനും മുൻപേ ബോണ്ടിനെപ്പറ്റി പറയണം.

എന്താണ് ബോണ്ട്?

മൂലധനം ശേഖരിക്കുന്നതിനു വേണ്ടി കോർപറേറ്റുകളും, ഗവണ്‍മെന്റും പുറത്തിറക്കുന്ന ഒരു ലോൺ എഗ്രിമെന്റ് ആണ് ബോണ്ട്. അതായത് കോർപറേറ്റുകൾക്കും, ഗവണ്‍മെന്റിനും പൊതുജനങ്ങളോ, സ്ഥാപനങ്ങളോ നൽകുന്ന ലോൺ. ബോണ്ടുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് മുൻസിപ്പൽ ബോണ്ട് (ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന ബോണ്ട്), രണ്ട് - കോർപറേറ്റ് ബോണ്ട് (കമ്പനികൾ പുറപ്പെടുവിക്കുന്ന ബോണ്ട്). അതായത് ബോണ്ട് ഇഷ്യൂ ചെയ്യുന്നവർ തുടരെയുള്ള കാലാവധികളിൽ നിശ്ചിതപലിശ കൊടുക്കുവാനോ അല്ലെങ്കിൽ കാലാവധി തീരുമ്പോൾ എഗ്രിമെന്റിൽ പറഞ്ഞ തുക നൽകുവാനോ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഇന്ത്യ (RBI) പുറപ്പെടുവിക്കുന്ന ഇന്ത്യൻ ഗവർണ്മെന്റിന്റെ പത്തു വർഷം കൊണ്ട് കാലാവധി തീരുന്ന ബോണ്ടിന്റെ പലിശ നിരക്ക് 7.165 ശതമാനമാണ്. ഗവണ്‍മെന്റ് ഇറക്കുന്ന ട്രഷറി ബില്ലുകൾ ബോണ്ടിന് ഉദാഹരണമാണ്.

അപ്പോൾ മസാല ബോണ്ട് എന്താണ്?

അന്താരാഷ്ട്രനിക്ഷേപങ്ങൾ നേടുന്നതിനായി ഇന്ത്യൻ കറൻസിയിൽ (rupee-denominated bonds) കോർപറേറ്റുകളും, ഗവണ്‍മെന്റും പുറത്തിറക്കുന്ന ബോണ്ടിന്റെ പേരാണ് മസാല ബോണ്ട്. ബോണ്ട് ഇന്ത്യൻ കറൻസിയിലായതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകനാണ് നഷ്ടം സഹിക്കേണ്ടി വരിക. അതായത് ബോണ്ടുകൾ രണ്ടു തരത്തിൽ ഇഷ്യൂ ചെയ്യാം External Commercial Borrowing (ECB) റേറ്റിലും, മസാല ബോണ്ട് ആയിട്ടും.

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. അതായത് ഒരു കമ്പനിയോ ഗവണ്‍മെന്റോ ഒരു ലക്ഷം രൂപയുടെ ബോണ്ട് പുറത്തിറക്കുന്നു എന്ന് വിചാരിക്കുക. അഞ്ചു വർഷം കഴിഞ്ഞാൽ അതിന്റെ മൂല്യം ഒന്നര ലക്ഷമാകും എന്നും കരുതുക. ഇന്നത്തെ US ഡോളറിന്റെ റേറ്റ് 69.86 ആണ് (അതായത് ഒരു ഡോളർ കൊടുത്താൽ 69.86 രൂപ കിട്ടും). അതായത് ഇഷ്യൂ ചെയ്യുന്ന ബോണ്ടിന്റെ വില 1,431.43 US ഡോളർ ആണ്.

അഞ്ചു വർഷം കഴിഞ്ഞു ഡോളറിന്റെ മൂല്യം കൂടിയില്ല എങ്കില്‍, അതായത് US ഡോളറിന്റെ റേറ്റ് ഏകദേശം എഴുപത് രൂപയില്‍ തന്നെ നിന്നാല്‍, അഞ്ചു വർഷം കഴിഞ്ഞുള്ള മെച്യുരിറ്റി റിട്ടേൺ 2,147 US ഡോളർ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഇത് ഗവണ്‍മെന്റിനോ കമ്പനിക്കോ വലിയ നഷ്ടം ഉണ്ടാക്കില്ല.

എന്നാൽ, അഞ്ചു വർഷം കഴിഞ്ഞ് രൂപയുടെ മൂല്യമിടിഞ്ഞു (അല്ലെങ്കില്‍ ഡോളറിന്റെ വില കൂടി) നൂറ് രൂപ എന്ന വിനിമയനിരക്ക് ആയി എന്ന് കരുതുക. അപ്പോൾ ബോണ്ടിന്റെ വില 2147 x 100 = 2,14,700 രൂപ ആകും. അതായത് രണ്ടു ലക്ഷത്തിനു മുകളിൽ. അതായത് വിനിമയനിരക്കില്‍ ഉണ്ടായ വ്യത്യസം കൊണ്ട് അറുപതിനായിരം രൂപയുടെ നഷ്ടം ബോണ്ട് ഇറക്കിയവര്‍ക്ക് ഉണ്ടാകും.

ഇനി ഡോളര്‍-രൂപ വിനിമയനിരക്ക് അമ്പത് രൂപയായി കുറഞ്ഞു എന്ന് കരുതുക. ഈ സാഹചര്യത്തില്‍ ആകെ കൊടുക്കേണ്ട തുക 1,07,350 INR ആണ്. അതായത് ബോണ്ട് ഇറക്കിയവര്‍ക്ക് ഏകദേശം നാൽപ്പതിനായിരം രൂപ ലാഭം വരും.

ഇനി കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കറൻസി എക്സ്ചേഞ്ച് നോക്കിയാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് കാണുന്നത്. അതായത് എക്സ്ചേഞ്ച് റേറ്റ് അമ്പതിലേക്ക് കുറയാനോ, എഴുപതിൽ തന്നെ നിൽക്കുവാനോ ഉള്ള സാധ്യതയേക്കാൾ മുകളിലേക്ക് പോകുവാനാണ് സാധ്യത.

ഇനി നമുക്ക് മസാല ബോണ്ടിലേക്ക് വരാം. മസാല ബോണ്ടിൽ ഉള്ള കരാർ ഇന്ത്യൻ കറൻസിയിൽ ആയതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകരാണ് [ബോണ്ട് വാങ്ങിയവര്‍] നഷ്ടം സഹിക്കേണ്ടി വരിക.

അതായത് ഗവണ്‍മെന്റ് മുകളിൽ പറഞ്ഞ ഉദാഹരണപ്രകാരം പ്രകാരം കറൻസി എക്സ്ചേഞ്ച് കുറയുകയോ കൂടുകയോ ചെയ്താലും അഞ്ചു വർഷം കഴിഞ്ഞു ഒന്നര ലക്ഷം രൂപ കൊടുത്താൽ മതി. അതായത് റിസ്ക് നിക്ഷേപകനാണ്, ബോണ്ട് ഇഷ്യൂ ചെയ്യുന്നവർക്കല്ല.

മസാല ബോണ്ടിന് ആ പേരു വരാൻ കാരണം?

പണ്ട് മുതലേ ഇന്ത്യയിലെ സ്പൈസ് ലോകം മുഴുവൻ പ്രസിദ്ധമാണല്ലോ. അതു കൊണ്ട് ഒരു ഇന്ത്യൻ ചുവയുള്ള പേര് എന്നേ മസാല കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഇതേപോലെയുള്ള ലോക്കൽ കറൻസി ബോണ്ടിന് ചൈനയിൽ "dim sum" എന്നും ജപ്പാനിൽ "Samurai" ബോണ്ട് എന്നും പറയും.

ഇതിന് മുൻപും മസാല ബോണ്ട് ഇഷ്യൂ ചെയ്തിട്ടില്ലേ?

ആദ്യത്തെ മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നത് 2013ൽ അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ (International Finance Corporation - IFC) ആണ്. ഇത് ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പുറത്തിറക്കിയതാണ്. 2016ൽ നാഷണൽ തെർമൽ പവർ കോർപറേഷൻ രണ്ടായിരം കോടി രൂപയുടെ ബോണ്ട് ഇറക്കിയിട്ടുണ്ട്. കൂടാതെ ദേശീയ റോഡ് വികസന അതോറിട്ടി (NHAI) റോഡുകളുടെ പുനർ നിർമ്മാണത്തിനായി നാലായിരം കോടി രൂപയുടെ ബോണ്ടും ഇറക്കിയിട്ടുണ്ട്.

അപ്പോൾ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വന്നത് എന്ത് മസാല ബോണ്ടിനാണ്?

കേരളത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി 2,150 കോടി രൂപ KIIFB (Kerala Infrastructure Investment Fund Board) ഇറക്കിയ മസാല ബോണ്ടുകൾ വഴി സമാഹരിക്കാനാണ് മുഖ്യ മന്ത്രി മെയ് 17ന് ലണ്ടനിൽ വന്നത്. നിലവിൽ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മാത്രമേ വിൽക്കാൻ പറ്റൂ. അതിനായാണ് അദ്ദേഹം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എത്തിയത്.

മസാല ബോണ്ട് ലാഭകരമാണോ? എന്താണ് വിദഗ്ദർ പറയുന്നത്?

Agarwal, Isha, and P. Eswar. നടത്തിയ "A vision and action plan for financial sector development and reforms in India." (2018) എന്ന പഠനത്തിൽ പറയുന്നത് ഇത് ദീര്‍ഗ്ഘകാലാടിസ്ഥാനത്തിൽ ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള് മതിയായ ലാഭം കിട്ടുന്നതാണ് എന്നാണ്. "Issuing rupee-denominated bonds internationally will also increase the circulation of Indian currency in the international market, which is important for India to eventually become a major player in international financial markets. Although issuing Masala Bonds may not always be cost effective in the short term—as shown by the experiences of the Housing Development Corporation of India, the National Highways Authority of India, and the National Thermal Power Corporation—it will bring long-term rewards."

ഇപ്പോൾ പൊതുവായ സംശയങ്ങൾ മാറിക്കാണും എന്ന് വിചാരിക്കുന്നു. ഇപ്പോൾ മനസ്സിലായില്ലേ ഇത് കേരളാ ഗവണ്മെന്റ് രൂപീകരിച്ച പദ്ധതിയല്ല, ഇത് നിയന്ത്രിക്കുന്നത് RBI (Reserve Bank of India) ആണെന്ന്.

കൂടുതൽ വായനയ്ക്ക്

  1. Agarwal, Isha, and P. Eswar. "A vision and action plan for financial sector development and reforms in India." (2018) [pdf]
  2. Agarwal, Swati, and Tamishka Singh. "Unlocking the green bond potential in India." (2018). [pdf]
  3. Lai, K. (2019). Masala bonds: fad of the past?. International Financial Law Review. url
  4. David, D., & Venkatachalam, A. (2019). A Comparative Study on the Role of Public–Private Partnerships and Green Investment Banks in Boosting Low-Carbon Investments.