വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ സംഘടനാരൂപങ്ങള്‍ക്ക് ഈ മെയ്ദിനം വക “പ്രത്യേക” സന്ദേശം

aiks

 

അങ്ങനെ ഒരു മെയ്ദിനം കുടി കഴിഞ്ഞു; ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു തൊഴിലാളി ദിനം.

1952ലെ ലോക്സഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യ പ്രതിപക്ഷവും സഖാവ് എ. കെ. ഗോപാലന്‍ അനൌദ്യോഗിക പ്രതിപക്ഷ നേതാവും ആവുന്നത് വെറും പതിനാറ് സീറ്റിന്റെ ബലത്തിലാണ്. സംഖ്യാബലത്തിലുപരി അന്നാ പ്രതിപക്ഷത്തിന്റെ പ്രസക്തി പ്രത്യയശാസ്ത്രപരമായിരുന്നു എന്ന് പറയാം. എന്നാല്‍ അതിന് ശേഷം ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ എങ്കിലും മുഖ്യ രാഷ്ട്രീയശക്തിയായി മാറാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. പഴയ പതിനാറില്‍ നിന്നും ബഹുദൂരം മുമ്പോട്ട്‌ പോയി അന്‍പതില്‍ അധികം പ്രതിനിധികളെ സഭയില്‍ എത്തിച്ച് ഭരണത്തില്‍ നിര്‍ണ്ണായക നിയന്ത്രണ ശക്തിയായി മാറാന്‍ പോലും പിന്നീട് ഇടത് മുന്നണിക്ക്‌ കഴിഞ്ഞു. എന്നാല്‍ അവിടെനിന്ന് ഒരൊറ്റ സംസ്ഥാനത്തില്‍ മാത്രം ചുരുങ്ങുന്ന ഒരു മുന്നണിയായി ഇന്ന് ഇടതുപക്ഷം മാറിയിരിക്കുന്നു.

കേവലം ഒരു പതിറ്റാണ്ട് ദൈര്‍ഘ്യം പോലും പിന്നിട്ടിട്ടില്ല: ബംഗാളില്‍ നഷ്ടമായ ഭരണം തിരിച്ച് പിടിക്കുന്നത് പോയിട്ട് പ്രവര്‍ത്തിക്കാന്‍ പോലും പറ്റാതെയായിരിക്കുന്നു. ത്രിപുരയിലെ ഭരണ നഷ്ടം ഇന്ന് അതേ ഭീഷണി ഉയര്‍ത്തുന്നു. അഞ്ച് കൊല്ലത്തില്‍ അധികം ഒരുകാലത്തും ഭരണത്തില്‍ ഇരുന്നിട്ടില്ലെങ്കിലും ഇന്ന് കേരളത്തില്‍ മാത്രമേ കമ്യൂണിസ്റ്റുകള്‍ക്ക് സംഘടനാപരമായി ശക്തിയുള്ളു എന്ന അവസ്ഥയായിരിക്കുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലം എന്നതാണോ ഈ കഴിഞ്ഞ മേയ് ദിനത്തിന് ഈ പ്രത്യേക പ്രാധാന്യം നല്‍കിയത്? തൊഴിലാളിവര്‍ഗ്ഗ സംഘടനകള്‍ എന്ന നിലയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ത്രിപുരയിലെ തിരഞ്ഞെടുപ്പ് പരാജയവും കഴിഞ്ഞ് വരുന്ന ഈ മെയ്ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ ഈ ലേഖനം അന്വേഷിക്കുന്നത് അതല്ല, മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍ വര്‍ഗ്ഗസമരം എന്ന കല്പനയ്ക്ക് നഷ്ടപ്പെട്ടു എന്ന് പ്രഖ്യാപിക്കപ്പെട്ട പ്രസക്തി തിരിച്ചുവരുന്നുവോ എന്നതാണ്.

 

വളര്‍ച്ച തളര്‍ച്ചകളുടെ ആറുപതിറ്റാണ്ടുകള്‍

അന്‍പത്തിരണ്ടില്‍ ലോക്സഭയില്‍ വെറും പതിനാറുപേര്‍ മാത്രമായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത് എങ്കിലും ഇന്ത്യയില്‍ എമ്പാടും വേരുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ആ എണ്ണത്താല്‍ അളക്കാന്‍ ആവാത്തവണ്ണം വലിയ സ്വാധീനവും പ്രതീക്ഷയും ഇന്ത്യന്‍ യുവതയില്‍ ഉടനീളം ഉണര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞ കാലമായിരുന്നു അത്. എന്നാല്‍ അവിടെനിന്നും നിന്നും മുമ്പോട്ടുള്ള യാത്രയില്‍ പക്ഷേ പാര്‍ട്ടി വളരുകയായിരുന്നോ എന്നത് സംശയമാണ്.

അറുപത്തിനാലില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐയും സി.പി.എമ്മും ആയി. മൂന്നുവര്‍ഷത്തിനുള്ളില്‍ അതില്‍ സി.പി.എമ്മില്‍ നിന്നും പിളര്‍ന്നുമാറിയ ഒരു വിഭാഗം നക്സല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. അറുപത്തിയോമ്പത്തില്‍ രൂപം കൊണ്ട സി.പി.ഐ.എം.എല്‍ പിന്നീട് പലതായി പിളര്‍ന്നു. ഇതിനിടയില്‍ അറുപത്തിനാലിലെ പിളര്‍പ്പിനുശേഷം ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞ് സി.പി.ഐ ഇടത് മുന്നണിയിലേയ്ക്ക് മടങ്ങിവരികയും സി.പി.എമ്മും സി.പി.ഐയും അടങ്ങുന്ന ഇടത് മുന്നണിക്ക്‌ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ വച്ച് നീട്ടപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നത് ചരിത്ര സത്യം. പക്ഷെ ഈ പറഞ്ഞ പിളര്‍പ്പുകളും ആശയകുഴപ്പങ്ങളും വഴി അഖിലേന്ത്യാ തലത്തില്‍ ഇടത് രാഷ്ട്രീയത്തിനുണ്ടായ മുരടിപ്പിനെ അത് വേണ്ടത്ര പ്രതിഫലിപ്പിക്കുന്നില്ല എന്ന് മാത്രം.

ഈ ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ ബംഗാളിലും ത്രിപുരയിലും കേരളത്തിലും പാര്‍ട്ടി അധികാരത്തിലെത്തി. ആദ്യം പറഞ്ഞ രണ്ടിടത്തും പതിറ്റാണ്ടുകള്‍ നീണ്ട ഭരണം കാഴ്ചവയ്ക്കാനായി. കേരളത്തില്‍ അത് സാധ്യമായില്ലെങ്കിലും ഇവിടത്തെ ഏറ്റവും ജനകീയ അടിത്തറയുള്ള സംഘടനയായി നിലനില്‍ക്കാന്‍ ഇന്നും സി.പി.എമ്മിന് കഴിയുന്നു. പക്ഷെ ഇതിന് പുറത്ത് പാര്‍ട്ടിയുടെ സ്വാധീനം ഈ കാലയളവില്‍ ഏതാനും ഒറ്റപ്പെട്ട പ്രവിശ്യകളിലേയ്ക്ക് ചുരുങ്ങുകയായിരുന്നു.

ഇതിന് സമാന്തരമായി ഇന്ത്യയില്‍ സംഭവിച്ച മറ്റൊന്ന് ആശയകുഴപ്പങ്ങളിലും പിളര്‍പ്പുകളിലും പെട്ട് ദിശാബോധം നഷ്ടപ്പെട്ട യുവാക്കളും അവരിലൂടെ വര്‍ഗ്ഗരാഷ്ട്രീയത്തില്‍ അണിനിരത്തപ്പെടേണ്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ ദുര്‍ബലവിഭാഗങ്ങളും സ്വാഭാവികമായും ബൃഹദാഖ്യാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് പ്രാദേശിക സ്വത്വവാദത്തിലേക്ക് ചേക്കേറി എന്നതാണ്. അതിന്‍റെ സ്വാഭാവിക ഗുണഭോക്താക്കളാണ് ബി.ജെ.പി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വത്വ രാഷ്ട്രീയ കക്ഷി.

ഇന്ത്യന്‍ രാഷ്ട്രീയ പ്രതിസന്ധി

ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഹിന്ദുത്വം വ്യാജമായി ഏകോപിപ്പിച്ച സ്വത്വത്തിന്റെ രാഷ്ട്രീയത്തെ നേരിടാന്‍ അതല്ലാതെ മറ്റൊരു കേന്ദ്രം ഇല്ലാതായി എന്നതാണ്. അതായത് ഇന്ത്യന്‍ ജനാധിപത്യം ഏകമുഖമായി തീർന്നിരിക്കുന്നു.

നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെ ചെറുക്കാന്‍ ആകെയുള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കോണ്‍ഗ്രസിന് ഇതേ ബി.ജെ.പി മുന്നോട്ടുവച്ച് കളിച്ച് ജയിച്ച ഹിന്ദുത്വ കാര്‍ഡുകളെ പ്രതിരോധിക്കാനാവുന്നില്ല എന്ന് മാത്രമല്ല തങ്ങള്‍ അവര്‍ക്കൊപ്പം ഹിന്ദുപക്ഷമാണ് എന്ന് തെളിയിക്കാന്‍ പാടുപെടുകയുമാണ്.

പ്രവര്‍ത്തിതലത്തില്‍ മോഡി സര്‍ക്കാരിന് നിറവേറ്റാന്‍ കഴിയാതെ പോയ വാഗ്ദാനങ്ങളാണ് അവരുടെ മുഖ്യ വിമര്‍ശനകേന്ദ്രം. എന്നാല്‍ അവ കേവലമായ റെട്ടറിക് മാറ്റിവച്ചാല്‍ ഒരേ നയങ്ങളുടെ തുടര്‍ച്ചയാണ് താനും. പെട്രോളിന്റെ വില കുറയ്ക്കാനാവും എന്ന് പറഞ്ഞിട്ട് ആയോ? തൊഴില്‍ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് ആയോ? നികുതി പിരിക്കാം എന്ന് പറഞ്ഞിട്ട് ആയോ തുടങ്ങിയ ചോദ്യങ്ങള്‍ ഞങ്ങളെക്കാള്‍ മെച്ചമല്ല നിങ്ങള്‍ എന്നാണ് വാദിക്കുന്നത്, ഞങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയം മുന്നോട്ട് വയ്ക്കാന്‍ ഉണ്ട് എന്നല്ല.

ഇതൊരു പ്രതിസന്ധിയാണ്. അവിടെ തിരഞ്ഞെടുപ്പ് തീവ്രഹിന്ദുത്വമോ മൃദുഹിന്ദുത്വമോ എന്നതിലേക്ക് ചുരുങ്ങുന്നു. തീവ്ര വലത് രാഷ്ട്രീയമെന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒക്കെയും അതിന്‍റെ സാമ്പത്തികം ഉള്‍പ്പെടെയുള്ള മറ്റ് നയങ്ങളുടെ തീവ്രതയില്‍നിന്ന് പുര്‍ണ്ണമായും വഴിമാറുന്നു. ഇതിലുടെ സംഭവിക്കാന്‍ പോകുന്നതോ? യു.പി.എ സര്‍ക്കാരിന്റെ പത്ത് വര്‍ഷം കൊണ്ട് ഹിന്ദുത്വം അദ്വാനിയെയും കടന്ന് മോഡിയില്‍ എത്തിയെങ്കില്‍ ഈ നിലയ്ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മോഡി തോറ്റാല്‍ തന്നെ അടുത്ത ഊഴത്തില്‍ അതിലും വലുത്, വല്ല യോഗി ആദിത്യനാഥും മോഡിയെ അദ്വാനിയാക്കി പ്രധാനമന്ത്രിയാവും എന്നതും.

വിദൂരവും അവ്യക്തവുമെങ്കിലും ഈ പ്രതിസന്ധിയുടെ നടുവിലും ചില പ്രതീക്ഷകള്‍ കൂടി തന്നിരുന്നു ഈ വര്‍ഷം. അഖില ഭാരതിയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഒക്കെയായി നടന്ന കര്‍ഷക പ്രക്ഷോഭങ്ങളും മുംബൈയിലേക്കുള്ള കര്‍ഷകരുടെ ലോങ്ങ്‌ മാര്‍ച്ചിന് ലഭിച്ച വമ്പിച്ച ജനപിന്തുണയും ഒക്കെ അതില്‍ പെടുന്നു.

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം

ഒരു അര്‍ദ്ധഫ്യുടല്‍ വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗം ആരാണ്? അവരെ നിര്‍ണ്ണയിക്കുന്നത് എന്താണ്?

ആരാണ് തൊഴിലാളി? തൊഴില്‍ ചെയ്ത് വേതനം പറ്റി ജീവിക്കുന്നവര്‍ എല്ലാവരും തൊഴിലാളികള്‍ എന്നത് വളരെ വിശാലമായ ഒരു നിര്‍വചനമാണ്. അതില്‍ വേണമെങ്കില്‍ കങ്കാണികളെ വരെ ഉള്‍ക്കൊള്ളിക്കാനാവും. മറിച്ച് സ്വന്തം അദ്ധ്വാനശേഷിയല്ലാതെ അതിജീവനത്തിന് മറ്റൊരു അനുകൂലഘടകവും ഇല്ലാത്തവര്‍ എന്ന നിലയില്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗം ആര് എന്ന് ചോദിച്ചാല്‍ അത് മുഖ്യമായും ഇവിടത്തെ കര്‍ഷക തൊഴിലാളികളാണ്. മൂലധനം ഇല്ലായ്മയാണോ അവരെ തൊഴിലാളിയാക്കുന്നത് എന്ന് ചോദിച്ചാല്‍ അതുമാവാം എങ്കിലും പ്രാഥമികമായി അതല്ല കാരണം.

ഇന്ത്യയിലെ തൊഴില്‍ വിഭജനം എന്നത് സാമ്പത്തികശാസ്ത്രം മാത്രം മുന്‍നിര്‍ത്തി അപഗ്രഥിക്കാവുന്ന ഒന്നല്ല. തൊഴില്‍ ജാതിയായി മാറുകയും പിന്നെ ജാതി തൊഴിലിനെ നിശ്ചയിക്കുകയും ചെയ്ത വിചിത്രമായ ഒരു ചരിത്രമാണ് നമുക്കുള്ളത്. അതിന്‍റെ അതിദീര്‍ഘമായ ചരിത്രത്തിന്റെ ഒരറ്റത്ത് നിന്ന് ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രാഹ്മണന്‍ എന്ന നിലയില്‍ അറിവുള്ള ആര്‍ക്കും ബ്രാഹ്മണ്യം അവകാശപ്പെടാം എന്ന് ഹിന്ദുത്വം വാദിക്കും. രാജര്‍ഷി വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായ കഥ പറയും. അതിന് തുടര്‍ച്ചകള്‍ ഇല്ലല്ലോ എന്ന ചോദ്യത്തെ തമസ്കരിക്കും. എന്നാല്‍ ഈ ജ്ഞാനത്തിന്റെ വസ്തുനിഷ്ഠപാഠങ്ങള്‍ ആര്‍ജ്ജിച്ച് പൂജാരിയാവുന്ന ബ്രാഹ്മണേതരരുടെ ബ്രാഹ്മണ്യത്തെ ഇതേ ഹിന്ദുത്വം ഇന്ന് ജ്ഞാനബാഹ്യമായ ഭക്ഷണശീലങ്ങള്‍ വരെ ഉയര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്യും. ഇതൊക്കെ കഴിഞ്ഞ്, ബ്രഹ്മം അറിയുന്നവര്‍ മാംസം കഴിക്കില്ല എങ്കില്‍ വേദിക് കാലഘട്ടത്തിലെ ബ്രാഹ്മണര്‍ മാംസം കഴിച്ചിരുന്നതിന്റെ തെളിവായ നിരവധി പരാമര്‍ശങ്ങള്‍ വേദങ്ങളിലും ഇതിഹാസങ്ങളിലും ഉള്‍പ്പെടെ എങ്ങനെ വന്നുപെട്ടു എന്ന് തിരിച്ച് ചോദിച്ചാല്‍ കളം മൊത്തമായി മാറ്റി ചവിട്ടും.

ഇവിടെ വസ്തുതകള്‍ എടുത്ത് പരിശോധിച്ചാല്‍ തൊഴില്‍ ജാതിയെ അല്ല, ജാതി തൊഴിലിനെയാണ് നിര്‍ണ്ണയിച്ച് പോരുന്നത് എന്ന് വ്യക്തം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തെ നിര്‍ണ്ണയിക്കുന്നത് മൂലധനമെന്ന സാമ്പത്തിക ഏകകം മാത്രമല്ല, പ്രാഥമികമായും അത് ജാതി എന്ന സാമൂഹ്യഏകകമാണ് എന്നും.

കാതലായ പ്രശ്നത്തിലേക്ക് മടങ്ങിവന്നാല്‍ ഇന്ത്യന്‍ തൊഴിലാളിയെ നിര്‍ണ്ണയിക്കുന്നത് സാമ്പത്തികഘടകങ്ങള്‍ മാത്രമല്ല, അത് പ്രാഥമികമായും ജാതിയാണ് എന്നത് വസ്തുതയായിരിക്കുമ്പോഴും ജാതീയമായ അധീശത്വബോധത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തില്‍ സാമ്പത്തിക ഘടകങ്ങള്‍ക്ക്, വര്‍ഗ്ഗരാഷ്ട്രീയത്തിന് ഒന്നും ചെയ്യാനില്ല എന്നത് മറ്റൊരു യാന്ത്രികമായ തിരസ്കരണം മാത്രമാണ് താനും. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സംഘടനാരൂപങ്ങള്‍ വഴി തൊഴിലാളി ആര്‍ജ്ജിച്ചത് കേവലം കൂലിയും ഒഴിവ് സമയവും മാത്രമല്ല, വ്യക്തികള്‍ എന്ന നിലയിലുള്ള ആത്മാഭിമാനം കൂടിയാണ്. ആ ആത്മാഭിമാനം വഴി അവര്‍ ചോദ്യം ചെയ്യുകയും തുടച്ച് മാറ്റുകയും ചെയ്ത സാമ്പത്തിക ബാഹ്യമായ സാമൂഹ്യ അനീതികളുമുണ്ട്.

നവോത്ഥാന കാലം മുതല്‍ ഇങ്ങോട്ടുള്ള കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിണാമങ്ങളെ സുക്ഷ്മമായി വിശകലനം ചെയ്താല്‍ അത് മനസിലാക്കാനാവും.

ജാതീയ വിവേചനങ്ങള്‍ക്ക് വര്‍ഗ്ഗപരമായ മറുപടി: കേരളാ മോഡല്‍

ഉത്തരാധുനിക സൈദ്ധാന്തികരില്‍ ഇവിടെ ഒരു നവോത്ഥാനമേ നടന്നിട്ടില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. എങ്കിലും മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും എന്നപോലെ ജാതി വിവേചനം അതിന്‍റെ എല്ലാ സവിശേഷതകളോടെയും പ്രത്യക്ഷമായിതന്നെ പ്രതിഫലിക്കുന്ന ഒരു സമൂഹമല്ല കേരളത്തിലേത് എന്ന അനുഭവേദ്യമായ സത്യത്തെ അവരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഈ മാറ്റത്തിന് കാരണം എന്താണ്?

നവോത്ഥാനത്തെ ഒഴിവാക്കിയാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ കേരളത്തില്‍ നടന്ന സവിശേഷമായ ഒരു ചരിത്ര സംഭവം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ്. ആ കാലഘട്ടത്തില്‍ അവര്‍ സംഘടിപ്പിച്ച നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെട്ടവയാണ്. അങ്ങനെയെങ്കില്‍ അതാവണ്ടേ മുകളില്‍പ്പറഞ്ഞ മാറ്റത്തിന് കാരണം? അത് അവര്‍ സമ്മതിക്കുകയുമില്ല. ആ തര്‍ക്കം മാറ്റിവച്ചാല്‍ നവോത്ഥാനവും അതിന്റെ രാഷ്ട്രീയ തുടര്‍ച്ച എന്ന നിലയില്‍ വര്‍ഗ്ഗരാഷ്ട്രീയവുമാണ് കേരളത്തില്‍ ഇത്തരമൊരു സാമൂഹ്യപരിണാമം സാധ്യമാക്കിയത് എന്ന നിഗമനത്തില്‍ തന്നെയാണ് പുതുമയില്ലെങ്കിലും വസ്തുതയുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ തുടങ്ങി ഇരുപതാംനൂറ്റാണ്ടിന്റെ ഒന്നാം പകുതി വരെ നീണ്ട ഒരു കാലഘട്ടത്തെയാണല്ലോ നാം നവോത്ഥാനകാലം എന്ന് വിളിക്കുന്നത്. നാരായണഗുരു, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, മക്തി തങ്ങള്‍ തുടങ്ങി പല സാമൂഹ്യ നായകര്‍ നയിച്ച പല ധാരകളിലുടെ വികസിച്ച ഒരു സാമൂഹ്യ, സാംസ്കാരിക പ്രസ്ഥാനമായിരുന്നു അത് എന്ന് പറയാം. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങുന്നത് മുപ്പതുകളില്‍ ആണ്. സാമൂഹ്യ, സാംസ്കാരിക മണ്ഢലങ്ങളില്‍ നിന്നും ജാതിവിവേചനങ്ങളുടെ പ്രത്യക്ഷ സാന്നിധ്യം ക്ഷയിക്കാന്‍ തുടങ്ങുന്നത് അന്‍പതുകള്‍ മുതല്‍ക്കും.

മുപ്പതുകളിലെ കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം എന്നതില്‍ മില്‍, ഓട്ടുകമ്പനി, ബീഡി, നെയ്ത് തൊഴിലാളികളെ തൊഴിലാളികളെ മാറ്റി നിര്‍ത്തിയാല്‍ മുഖ്യമായും കര്‍ഷക തൊഴിലാളികള്‍ തന്നെയാണ്. അവരാകട്ടെ മുഖ്യമായും “പുലയ” സമുദായത്തില്‍ പെട്ടവരും.

ബ്രാഹ്മണിക് ഹിന്ദുത്വ വ്യവസ്ഥ പ്രകാരം സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് കായികമായ അദ്ധ്വാനം അന്ന് നിഷിദ്ധമായിരുന്നു എന്ന് പി. കെ. ബാലകൃഷ്ണന്‍റെ കേരളചരിത്രവും ജാതിവ്യവസ്ഥയും എന്ന പുസ്തകം മുതല്‍ നമ്മുടെ തന്നെ കേട്ടറിവുകളിലെ പ്രമാണിമാരുടെ തൊഴില്‍ വരെ തെളിവായി എടുത്തുകൊണ്ട് മനസിലാക്കാം. അപ്പോള്‍ തൊഴിലാളികള്‍ ഏറിയ പങ്കും ദളിത്‌, പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരുന്നു എന്നും. അവരെ സംഘടിപ്പിച്ച് കൃത്യമായ വേതനത്തിനും തൊഴില്‍ സമയത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി പ്രക്ഷോഭങ്ങള്‍ നയിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരൂന്നിയത് എന്നും വ്യക്തം.

ഇവിടെയാണ് ഞാന്‍ ആദ്യം നടത്തിയ നിരീക്ഷണത്തിന്റെ വസ്തുനിഷ്ഠ മാതൃകയായി കേരളം മാറുന്നത്.

വര്‍ഗ്ഗബോധത്തിലുടെ പിടിച്ചെടുത്ത ജാതിസമത്വം

സംഘടിത വര്‍ഗ്ഗരാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ, സമരത്തിലൂടെ തൊഴിലാളിയില്‍ ഉണര്‍ന്ന വീര്യവും ആത്മാഭിമാനവും തൊഴില്‍ മേഖലയില്‍ മാത്രമായി ചുരുങ്ങുന്നില്ല, അത് അവരുടെ സ്വത്വത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നു. വര്‍ഗ്ഗസമരം കേവലം തൊഴില്‍, സാമ്പത്തിക അവകാശങ്ങളെ മാത്രമല്ല, മനുഷ്യാവകാശങ്ങളെ മുഴുവന്‍ സമഗ്രമായി അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്നു.

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കൊടിക്കീഴില്‍ പരസ്പരം സഖാവെന്ന് വിളിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പ്രത്യക്ഷ ജാതിയെങ്കിലും സ്വയം ഇല്ലാതാവുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്ത് ആദ്യകാലത്തൊന്നും അങ്ങനെയല്ല. പക്ഷേ പൊതുസമൂഹത്തില്‍ ബാക്കിനില്‍ക്കുന്ന ജാതീയമായ അധീശത്വബോധങ്ങളെ അവര്‍ വകവച്ച് കൊടുക്കാനും തയ്യാറായിരുന്നില്ല. സംഘടനാബലവും അവകാശങ്ങളെ കുറിച്ച് ബോദ്ധ്യവുമുള്ള തൊഴിലാളികള്‍ അയുക്തികമായ തിട്ടൂരങ്ങളെ മുഴുവന്‍ ലംഘിച്ചു. തല്ലിയാല്‍ തിരിച്ച് തല്ലി. അരുത് എന്ന് പറഞ്ഞാല്‍ എന്തുകൊണ്ട് അരുതെന്ന് തിരിച്ച് ചോദിച്ചു.

ഒരു അക്രമവ്യവസ്ഥയെ ക്രമത്തില്‍ ചിട്ടപ്പടി സമരം ചെയ്ത് തകര്‍ക്കാനാവില്ല. അതുകൊണ്ട് മേല്പറഞ്ഞ പ്രക്രിയയില്‍ അക്രമവും ഉണ്ടായിരുന്നു. തല്ലി തോല്‍പിക്കാനാവില്ല. നാളെ മുതല്‍ പണിക്ക് വരണ്ട എന്ന് പറഞ്ഞ് പട്ടിണിക്കിട്ട് തോല്പിക്കാം എന്ന് വച്ചാല്‍ ഒരുത്തനും പിന്നെ പണിക്ക് വരില്ല എന്നതിനാല്‍ തങ്ങളും നഷ്ടം സഹിക്കേണ്ടിവരും. ദളിതനും തൊഴിലാളിയും ഏതാണ്ട് ഒന്നായിരിക്കുന്ന അവസ്ഥയില്‍ സംഘടിതരായ അവരെ പിണക്കിയാല്‍ ഉല്‍പാദനവ്യവസ്ഥ തന്നെ സ്തംഭിക്കും എന്നിരിക്കെ നിവര്‍ത്തിയില്ലാതെ കേരളത്തിന്റെ സാമൂഹ്യ മുഖ്യധാരയില്‍ നിന്നും നിഷ്ക്രമിക്കാന്‍ നിര്‍ബന്ധിതമായതാണ് ജാതീയമായ പ്രത്യക്ഷ വിവേചനങ്ങള്‍. അതിന് പിന്നില്‍ നവോത്ഥാനമുണ്ടാക്കിയ സാംസ്കാരിക ഊര്‍ജ്ജമുണ്ട്. ഒപ്പം വര്‍ഗ്ഗരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരുവില്‍ നടത്തി വിജയിപ്പിച്ച നിരവധി പ്രക്ഷോഭങ്ങളും.

കായികമായോ, സാംസ്കാരികമായോ, രാഷ്ട്രീയമായോ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ പിന്‍വാങ്ങിയ യാഥാസ്ഥിതിക ഹിന്ദുത്വം അന്നുമുതല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നേരിടുന്നത് പരോക്ഷ പ്രചാരണങ്ങള്‍ വഴിയാക്കി. ഖദറിട്ട് ഗാന്ധി തൊപ്പിയും വച്ച് അക്രമരാഹിത്യത്തിന്റെ രാഷ്ട്രീയം പറയുന്ന ഒരു വഴി. കാക്കി നിക്കറിട്ട് കുറുവടിയും വടിവാളുമായി അവരെ വേട്ടയാടുന്ന ‘അംഗത്വമില്ലാ സംഘടന’ വഴി മറ്റൊരു അധോതല മാര്‍ഗ്ഗം. അതെന്തായാലും സി.പി.എം വിരുദ്ധതയല്ലാതെ അവര്‍ക്ക് ജാതി അനുകൂലമായ ഒരു പൊതു സാംസ്കാരിക മനോനില പ്രത്യക്ഷത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ എത്രയൊക്കെ പണിപ്പെട്ടിട്ടും കഴിഞ്ഞിട്ടില്ല. അത് തന്നെയാണ് ബി.ജെ.പിയുടെ കേരളത്തിലെ വേരോട്ടം വല്ലാതെ തടയുന്ന ഘടകവും.

കേരളത്തില്‍ ദളിത്‌ രാഷ്ട്രീയവും വര്‍ഗ്ഗ രാഷ്ട്രീയവും വെള്ളം കടക്കാത്ത രണ്ട് അറകളല്ല. സ്വത്വ രാഷ്ട്രീയത്തിന്റെ അക്കാദമിക് വിങ്ങില്‍ എത്രയൊക്കെ മുതല്‍ മുടക്കിയിട്ടും സാധാരണ മനുഷ്യര്‍ക്കിടയില്‍ തീവ്ര വലതുപക്ഷത്തിന്റെ മൂലധനത്തിന് ഇനിയും അവര്‍ ആഗ്രഹിക്കുന്ന ആ വിഭജനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറുവശത്ത്‌ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ പലതിലും ജാതിയും വര്‍ഗ്ഗവും തമ്മില്‍ ഒരുമിച്ചുള്ള ഒരു പോരാട്ടത്തെ ഏകോപിപ്പിച്ചെടുക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് വേരുപിടിക്കാന്‍ പാകത്തില്‍ സമൂഹത്തെ സജ്ജമാക്കിയ ഒരു നവോത്ഥാന പ്രസ്ഥാനം ഉണ്ടായിരുന്നു എന്നതാണ് ഇതിന് പല ഇടത് സൈദ്ധാന്തികരും ചൂണ്ടി കാണിക്കുന്ന ഒരു കാരണം. ശരിയാണ്. പക്ഷെ അതില്‍നിന്നും പഠിക്കേണ്ട പാഠം തനത് ഇന്ത്യന്‍ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു സാംസ്കാരിക വിപ്ലവം നടന്നാല്‍ മാത്രമേ, അതിന്‍റെ രാഷ്ട്രീയ തുടര്‍ച്ചയായി മാത്രമേ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ വിപ്ലവം ഇവിടെ സാധ്യമാകൂ എന്നതാണ്; അത് നടക്കുംവരെ കാത്തിരിക്കാന്‍ ആവാത്ത അവസ്ഥയില്‍ ഒരു തനത് ഇന്ത്യന്‍ സാംസ്കാരിക വിപ്ലവത്തിന് പാര്‍ട്ടി തന്നെ മുന്‍ കൈ എടുക്കണം എന്ന്.

പറയുമ്പോലെ അത്ര എളുപ്പമല്ല ഇത് എന്നറിയാതെയല്ല. ഇത് മുമ്പാരും കാണാത്ത ഒന്നാണ് എന്ന അവകാശവാദവും ഇല്ല. പക്ഷേ മുമ്പും പറഞ്ഞിട്ടുണ്ട്, നടന്നില്ല എന്നതിനാല്‍ ഇനി പറയണ്ട എന്ന് വയ്ക്കുന്നതില്‍ കാര്യമില്ലല്ലോ.

മാര്‍ക്സിസത്തിനും അംബേദ്കറിസത്തിനും ഇടയില്‍ ഒരു പാലം

ഇന്ത്യന്‍ സാമൂഹ്യ, സാംസ്കാരിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് നോക്കിയാല്‍ നാം അന്നും ഇന്നും എന്നും നേരിടുന്ന വെല്ലുവിളി ബ്രാഹ്മണിക് ഹിന്ദുത്വം ഉണ്ടാക്കിവച്ച ജാതിവ്യവസ്ഥയാണ്. അടിമുടി ശ്രേണിവല്കൃതമായ ഒന്ന് എന്ന നിലയില്‍ നമ്മുടെ സമൂഹത്തില്‍ ആരും അതിന്‍റെ പിടിയില്‍നിന്നും സ്വാഭാവികമായി മോചിതരാകുന്നില്ല. മോചനം വേണമെങ്കില്‍ അത് വ്യക്തികള്‍ സ്വന്തം സാംസ്കാരിക അന്വേഷണങ്ങളിലുടെ സാധ്യമാക്കിക്കൊള്ളണം. കാരണം നമ്മുടെ സിവില്‍ സമൂഹത്തിന്റെ സാംസ്കാരിക നേതൃരൂപം ഇന്നും ഹിന്ദുത്വം തന്നെയാണ്.

ഇവിടെ നാം പറഞ്ഞുവരുന്ന സാംസ്കാരിക വിപ്ലവം എന്നത് ഒരു പ്രതി സാംസ്കാരിക നേതൃരൂപത്തിന്റെ (കൌണ്ടര്‍ ഹെജമണി) നിര്‍മ്മാണം തന്നെയാവുന്നു. അതിന് ഇന്ത്യന്‍ സാമൂഹ്യ സാംസ്കാരിക ചരിത്രത്തില്‍ സവിശേഷ ആഴത്തിലുള്ള ഉള്‍കാഴ്ചകള്‍ ഉള്ള ബുദ്ധിജീവികളുടെ ദര്‍ശനങ്ങളാണ് പ്രാഥമിക ഉപകരണം. ഒപ്പം അതിനെ ആഗോള തലത്തില്‍ ഉള്‍ചേര്‍ക്കാന്‍ പറ്റുന്നത്ര വ്യാപ്തിയും അയവുള്ള ഒരു പ്രത്യയശാസ്ത്ര ഉപകരണവും. ഇതില്‍ ആദ്യം പറഞ്ഞതിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ സ്വാഭാവികമായും ഒരൊറ്റ പേരില്‍ ചെന്ന് നില്‍ക്കും. അംബേദ്‌കര്‍. രണ്ടാമത്തേത് മാര്‍ക്സിലും. അംബേദ്കറിസത്തിനും മാര്‍ക്സിസത്തിനും ഇടയില്‍ നിര്‍മ്മിക്കപ്പെടുന്ന സാംസ്കാരിക ഗതാഗതത്തിന്റെ ഒരു പാലം. അതാണ്‌ ഹിന്ദുത്വത്തിന്റെ പ്രതി സാംസ്കാരിക നേതൃരൂപ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ സോഷ്യോ-കള്‍ച്ചറല്‍ എഞ്ജിനീയറിംഗ്.

ഈ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും ധനാത്മകമായ സാംസ്കാരിക മാറ്റം എന്ത് എന്ന് ചോദിച്ചാല്‍ ഇടക്കാലത്ത് വലിയ ആവേശം ഉണര്‍ത്തിയ ആ പാലമാണ്; അംബേദ്കറിസത്തിനും മാര്‍ക്സിസത്തിനും ഇടയില്‍ തെളിഞ്ഞ ആ സാദ്ധ്യത. ജിഗ്നേഷ് മേവാനിയെപ്പോലെയുള്ള പുതുതലമുറ ദളിത്‌ നേതാക്കളും കാഞ്ച എലയ്യയെപ്പോലെയുള്ള ലബ്ധപ്രതിഷ്ഠരായ ദളിത്‌ ചിന്തകരും ഒരുപോലെ വര്‍ഗ്ഗ രാഷ്ട്രീയത്തിനും ദളിത്‌ ആത്മാഭിമാന പോരാട്ടങ്ങള്‍ക്കുമിടയില്‍ ഒരു പാലം സാദ്ധ്യമാണ് എന്ന് നിരീക്ഷിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രാധാന്യം ചെറുതല്ല.

ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെന്ന സമീപ അപകടത്തിന് ഒരു മുട്ടുശാന്തി മാത്രമാണ് കോണ്‍ഗ്രസ്. സ്ഥായിയായ ഒരേ ഒരു പരിഹാരം ദളിത്‌, പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്ന ഭൂരിപക്ഷവും അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവരാണ് എന്ന് മനസിലാക്കുകയും അവരെ ഹിന്ദു സ്വത്വത്തിന്റെ മാരീച മഴവില്ലിന്‍കീഴില്‍നിന്നും മാനുഷികമായ ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിലേയ്ക്ക് ഏകോപിപ്പിക്കുകയും എന്നതാണ്. എന്താണാ രാഷ്ട്രീയമെന്ന് ചോദിച്ചാല്‍ വീണ്ടും പറയട്ടെ, ജാതി എന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ അങ്ങനെതന്നെ അഭിസംബോധന ചെയ്യുകയും സമഗ്രമായ ഒരു ഭൗതീക സാമൂഹ്യ മാറ്റത്തിലുടെ അതിനെ ജാതിനിരപേക്ഷമായ വര്‍ഗ്ഗബോധത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്ന വിശാലവും വലിയൊരളവുവരെ വിദൂരം തന്നെയുമായ ലക്ഷ്യം മുന്‍നിര്‍ത്തി ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് എന്നാണു മറുപടി.

അഞ്ച് കൊല്ലം മുമ്പ് വരെ കടുത്ത ഇടത് വിരുദ്ധ സമീപനം പുലര്‍ത്തിയിരുന്ന ഒരാളാണ് കാഞ്ച ഏലയ്യ. അദ്ദേഹമാണ് മാറിയ ബോധ്യങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നീട് മാര്‍ക്സിസത്തിനും അംബേദ്കറിസത്തിനും ഇടയില്‍ ഒരു പാലം സാധ്യമാണ് എന്ന് പ്രസ്താവിക്കുന്നത്. ഉനയില്‍ നിന്നും ഉയര്‍ന്നുവന്ന കര്‍ഷക ആത്മാഭിമാന പ്രക്ഷോഭം വഴി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ജിഗ്നേഷ് മേവാനി എന്ന ചെറുപ്പക്കാരനും ജാതിയും വര്‍ഗ്ഗവും സമാന്തരങ്ങള്‍ പോലും ഇല്ലാത്തവണ്ണം വിഭിന്നമായ ഏകകങ്ങളാണ്‌ അവയ്ക്കിടയില്‍ ചാര്‍ച്ചകള്‍ സാദ്ധ്യമല്ല എന്നതരം അക്കാദമിക്ക് സ്വത്വവാദത്തിന്റെ സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ ഇല്ലായിരുന്നു. അയാള്‍ അത് തന്‍റെ പല അഭിമുഖങ്ങളും മറ്റുമായി വ്യക്തമാക്കിയതുമാണ്.

അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍

ഈ മേയ് ദിനത്തിന്റെ പ്രാധാന്യം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പ്രസക്തി ഇനിയും മാഞ്ഞുപോയിട്ടില്ല എന്ന് രാജസ്ഥാനിലും മഹാരാഷ്ട്രയിലും നടത്തി വിജയിപ്പിക്കാനായ കര്‍ഷക പ്രക്ഷോഭങ്ങള്‍ അടിവരയിടുന്നു എന്നതാണ്. ഒപ്പം വര്‍ഗ്ഗവും ജാതിയും പരസ്പര വിരുദ്ധമല്ല, മനുഷ്യന്റെ പൊതുവായ ആത്മാഭിമാന സമരങ്ങളില്‍ പരസ്പര പുരകങ്ങളായി നില്‍ക്കാന്‍ പോന്നവയാണ് എന്ന് തെരുവില്‍ നിരന്തരം തെളിയിക്കപ്പെടുന്നു എന്നതും.

ലോങ്ങ്‌ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ജാതി തിരിച്ച കണക്ക് അറിയില്ല. എന്തായാലും അത്‌ ഒരു സവര്‍ണ്ണ മാര്‍ച്ച് ആയിരുന്നില്ല. മുംബൈയില്‍ കടന്ന മാര്‍ച്ചിനെ ഭക്ഷണപ്പൊതിയും വെള്ളവുമായി കാത്തുനിന്ന് വരവേറ്റ ജനക്കൂട്ടത്തിന്റെ ജാതിപോയിട്ട് മതം തന്നെയും വ്യക്തമല്ല; അനുഭാവം മത, ജാതി അധിഷ്ഠിതമായ ഒന്നായിരുന്നില്ല എന്നതല്ലാതെ. ഇതൊക്കെ തെളിയിക്കുന്നത് വര്‍ഗ്ഗം എന്ന കുറച്ചുകൂടി വിശാലവും ജാതിമതഭേദരഹിതവും ഭൗതീകസാമ്പത്തിക ബന്ധിയുമായ സ്വത്വകല്പന ഇന്ത്യയില്‍ അസാധ്യമായി കഴിഞ്ഞിട്ടില്ല എന്നും. എന്നാല്‍ ഈ അവസ്ഥയെ രാഷ്ട്രീയമായി മനസിലാക്കി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞോ?

farmers.jpg

വര്‍ഗ്ഗരാഷ്ട്രീയവും ഉയര്‍ന്നുവരുന്ന ദളിത്‌ ആത്മാഭിമാന പോരാട്ടവുമായി യോജിച്ചുള്ള പ്രവര്‍ത്തനം സാധ്യമാണ് എന്ന് ദളിത്‌ നേതാക്കളും സൈദ്ധാന്തികരും അംഗീകരിച്ചിട്ടും അത് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ വിപുലമായ സംഘടനാ സംവിധാനങ്ങള്‍ ഉള്ള ഒരു സംഘടന എന്ന നിലയില്‍ സി.പി.എമ്മിനോ ഇടത് മുന്നണിക്കോ കഴിഞ്ഞില്ല. മേവാനിയും എലയ്യയും ഒക്കെ ചേര്‍ന്ന് ഉയര്‍ത്തിയ ആ ഇടക്കാല ആവേശം കേരളത്തിലെ ഇടത് അനുഭാവികള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഏറ്റെടുത്തിരുന്നു. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ദളിത്‌ വിരുദ്ധമാണ് എന്ന കുപ്രചരണം വഴി എത്ര ലളിതമായാണ് അത് അണഞ്ഞുപോയത് എന്നോര്‍ക്കുക.

ഏതാനും അമാനവ അനാര്‍ക്കിസ്റ്റ് സ്വത്വവാദികള്‍ വ്യക്തിതലത്തില്‍ സാദ്ധ്യമാക്കിയത് എന്ന് തോന്നും വണ്ണം നടന്ന ഈ പാലം വലിയില്‍ ധനാത്മകമായി ഇടപെടാന്‍ ഇക്കണ്ട സംഘടനാ നെറ്റ്വര്‍ക്ക് ഒക്കെ ഉണ്ടായിട്ടും മറുപക്ഷത്തിന് ആയില്ല എന്നത് ചെറിയ ഒരു വീഴ്ചയല്ല.

ഈ കഴിഞ്ഞ മേയ്ദിനത്തിന്റെ വര്‍ദ്ധിത പ്രസക്തി പാര്‍ട്ടി നേരിടുന്ന ആന്തരിക പ്രതിസന്ധികളില്‍ ഉപരി പാന്‍ഇന്ത്യന്‍ രാഷ്ട്രീയ സാദ്ധ്യതകളെ കാണുകയും അവയോട് ധനാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവുമായി ബന്ധപ്പെട്ടതാണ് എന്ന് തോന്നുന്നു. കഴിഞ്ഞ ഒരു മാസക്കാലം ദേശിയ സംസ്ഥാന മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് വരുന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിനോട് എടുക്കേണ്ട നിലപാടായിരുന്നു, വര്‍ഗ്ഗ രാഷ്ട്രീയത്തിന് വര്‍ത്തമാന ഇന്ത്യയില്‍ തുറന്നുവരുന്ന സാദ്ധ്യതകള്‍ ആയിരുന്നില്ല. അതിന്റെ കുറ്റം ഏല്‍ക്കേണ്ടത് “മാദ്ധ്യമ സിണ്ടിക്കേറ്റ്” മാത്രമല്ല, പരോക്ഷമായി അതിന് വഴിവെട്ടിയ പാര്‍ട്ടിയും കൂടിയാണ്.

മുമ്പില്‍ ഒരു വലിയ, ചരിത്രപരം തന്നെയായ സാധ്യതയാണ്. പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങളില്‍ പെട്ട് അത് അനാഥമായി പോകരുത്. അത്തരം ഒരു ആത്മവിമര്‍ശനമാവണം ഈ കഴിഞ്ഞ മെയ്ദിനം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കി പോകേണ്ട “പ്രത്യേക” സന്ദേശം എന്ന് തോന്നുന്നു.
 

Tags