പരിസ്ഥിതിയുടെ രാഷ്ട്രീയവും വർഗ്ഗസമരവും

ecopolitics

ഒരു നൂറ്റാണ്ട് തികച്ചുമില്ലാത്ത 1914 മൂതൽ 1991 വരെയുള്ള ലോകചരിത്രം കടുംചായങ്ങൾകൊണ്ടു മാത്രം തീർക്കാവുന്ന ഒരു ചിത്രമാണ്. ഒരു മഹായുദ്ധത്തിന്‍റെ അവസാനം, ലോകത്തെ പിടിച്ചു കുലുക്കിയ റഷ്യൻ വിപ്ലവം, സാമ്പത്തിക തകർച്ചകളും ഉയിർത്തെഴുന്നേൽപ്പുകളും, രണ്ടാം ലോക മഹായുദ്ധം, സമത്വസുന്ദരമായ ലോകമെന്ന പ്രത്യാശകളുണർത്തി ലോകമെമ്പാടും അരങ്ങേറിയ പരീക്ഷണങ്ങൾ, അവയുടെ തകർച്ച, പരിധികളേതുമില്ലാത്ത വളർച്ചയിലും അന്തമില്ലാത്ത ഉപഭോഗത്തിലും ഊന്നി വളർന്നു വലുതായ ആഗോള മുതലാളിത്തത്തിന്‍റെ നവീനരൂപങ്ങൾ, സ്വയം ഉൽപാദനശക്തിയായി മാറിയ ശാസ്ത്രം, കമ്പ്യൂട്ടർ, ജൈവമണ്ഡലത്തിലുണ്ടായ (biosphere) ആഴമേറിയ വിള്ളലുകൾ... അങ്ങിനെ, മുൻപൊന്നും ഉണ്ടാകാത്ത തരത്തിലുള്ള തീക്ഷ്ണാനുഭവങ്ങളിലൂടെ മനുഷ്യവംശം കടന്നു പോയ കാലമായിരുന്നു അത്.

പ്രശസ്ത മാർക്സിസ്റ്റ് ചരിത്രകാരനായിരുന്ന എറിക് ഹോബ്സ്ബോം, തന്‍റെ സ്വതഃസിദ്ധമായ ശൈലിയിൽ, ലോകം മാറ്റി മറിക്കപ്പെട്ട ഈ കാലയളവിന്‍റെ കഥ പറഞ്ഞ കൃതിയാണ് "ദി ഏജ് ഓഫ് എക്സ്ട്രീംസ്". ആ പുസ്തകത്തിന്‍റെ അവസാന അദ്ധ്യായത്തിൽ അടുത്ത നൂറ്റാണ്ട് മനുഷ്യരാശിക്കായി കരുതി വെച്ചിരിക്കുക എന്തായിരിക്കുമെന്നതിനെ കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നിരീക്ഷണം, ശാസ്ത്ര-സാങ്കേതികവിദ്യകളിലധിഷ്ഠിതമായ മുതലാളിത്ത സമ്പദ്വ്യവസ്ഥ കെട്ടഴിച്ചുവിട്ട ശക്തികൾ മനുഷ്യജീവിതത്തിന്‍റെ ഭൗതിക അടിത്തറയായ പരിസ്ഥിതിയെ പാടെ നശിപ്പിക്കാൻ പോലും കെല്പുള്ളതായി മാറിയിരിക്കുന്നുവെന്നതാണ്. സർവ്വനാശത്തിലേക്കു നയിച്ചേക്കാവുന്ന സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണിത്. അത് മാറേണ്ടിയിരിക്കുന്നു. ഹോബ്‌സ്‌ബോം പറയുന്നു:

"Our world risks both explosion and implosion. It must change."

1994 ലാണ് ഹോബ്സ്ബോം ഇതെഴുതുന്നത്. മനുഷ്യസമൂഹത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്കെത്തിച്ച വികസനപരിപ്രേക്ഷ്യത്തിന് അടിസ്‌ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ  പ്രത്യാശക്ക് വകയില്ലെന്ന് അദ്ദേഹത്തിന് തോന്നിയത്, ശാസ്ത്ര-സാങ്കേതികവിദ്യകളെയും അതിന്‍റെ നേട്ടങ്ങളെയും ചെറുതാക്കി കാണുകയോ വെറുക്കുകയോ ചെയ്യുന്ന വികസനവിരുദ്ധ റൊമാന്റിക് ആയിരുന്നതുകൊണ്ടായിരുന്നില്ല. മറിച്ച്, താൻ ജനിച്ച് ജീവിച്ച സംഭവബഹുലമായ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രത്തെ അടുത്ത് നിരീക്ഷിക്കുകയും നിശിതവിശകലനങ്ങൾക്കു വിധേയമാക്കുകയും ചെയ്ത ചരിത്രകാരനായതുകൊണ്ടാണ്. മാർക്സിസ്റ്റ് രീതി പിൻപറ്റികൊണ്ട് വസ്തുനിഷ്ഠസാഹചര്യങ്ങളുടെ വസ്തുനിഷ്ഠവിശകലനമാണ് അദ്ദേഹം നടത്തുന്നത്. മനുഷ്യജീവിതത്തിന്‍റെ ഭൗതിക അടിത്തറയായ പരിസ്ഥിതിയുടെ നാശം സംഭവ്യമാണെന്ന അനുമാനത്തിലേക്ക് അദ്ദേഹമെത്തുന്നത് ആ വിശകലനങ്ങളിൽ നിന്നാണ്.

ഹോബ്സ്ബോം "ദി ഏജ് ഓഫ് എക്സ്ട്രീംസ്" എഴുതി രണ്ട് ദശകങ്ങൾക്ക് ശേഷമാണ് ഗ്രന്ഥകാരിയും ആകിറ്റിവിസ്റ്റുമായ നവോമി ക്ലീൻ “This Changes Everything” എന്ന പേരിൽ കാലാവസ്ഥയുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പുസ്തകമെഴുതുന്നത്. അപ്പോഴേക്കും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഉയർത്തുന്ന ഭീഷണി അതീവഗൗരവമുള്ളതാണെന്ന വാദം ഒരു ശാസ്ത്രസത്യമാണെന്നതിൽ ശാസ്ത്രസമൂഹത്തിനിടയിൽ ഏതാണ്ട് ഒരേ അഭിപ്രായം രൂപപ്പെട്ട് കഴിഞ്ഞിരുന്നു. നാം ജീവിക്കുന്ന ഈ ലോകം മാറേണ്ടിയിരിക്കുന്നു (it must change) എന്ന ഹോബ്സ്ബോമിന്‍റെ മുന്നറിയിപ്പ് നവോമി ക്ലീനിന്‍റെ പുസ്തകത്തിലെത്തുമ്പോൾ, സമകാലീനയാഥാർഥ്യങ്ങൾ നമ്മുടെ ഇന്നേവരെയുള്ള ധാരണകളെ പാടേ തിരുത്തുകയാണെന്നും (this changes everything) അതിനനുസരണമായി ലോകം മാറിയേതീരൂ എന്നുമുള്ള അനിവാര്യതയുടെ രേഖപ്പെടുത്തലായി മാറുന്നു.

നമ്മളിന്നഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് കാലാവസ്ഥാവ്യതിയാനം. ഇങ്ങനെയൊരു സ്ഥിതിയിലേക്ക് മനുഷ്യരാശിയെ കൊണ്ടെത്തിച്ചതിന് പ്രധാന കാരണം അന്തമില്ലാത്ത ഉപഭോഗവും അതിൽനിന്നു നേടാവുന്ന കണക്കില്ലാത്ത ലാഭവും മാത്രം ലക്ഷ്യമാക്കുന്ന സമകാലീനമുതലാളിത്തമാണ്; അതിന്‍റെ അടിസ്ഥാനധാരയായി വർത്തിക്കുന്ന നവലിബറലിസവും കമ്പോളമൗലികവാദവുമാണ്. അതുകൊണ്ട് ഈ വ്യവസ്ഥക്ക് ബദലുകൾ ഉണ്ടായേ പറ്റൂ. ഇതാണ് ക്ലീനിന്‍റെ വിമർശനത്തിന്‍റെ കാതൽ.

ഒന്ന് തീർച്ചയാണ്. അനുദിനമെന്നോണം ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും ജൈവമണ്ഡലത്തിലെ മാറ്റങ്ങളെ നിരന്തരനിരീക്ഷണങ്ങൾക്കു വിധേയമാക്കികൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളിൽനിന്ന് ഒളിച്ചോട്ടം സാധ്യമല്ലെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുകയാണ്. ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും മനുഷ്യരാശിയുടെ സുഗമമായ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഭീതിജനകമായ ഒരു ശാസ്ത്രീയ വസ്തുതയാണെന്ന തിരിച്ചറിവ് നമ്മുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന സാമൂഹ്യബന്ധങ്ങളെ വിമർശനാത്മകമായി വിലയിരുത്താൻ നിർബന്ധിക്കുന്നു.

കാലാവസ്ഥയും ആഗോളരാഷ്ട്രീയവും

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മാത്രമല്ല മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ. പക്ഷെ ഏറ്റവും പ്രകടമാണെന്നതുകൊണ്ടും, ആഗോളസ്വഭാവം കൊണ്ടും ഈ രണ്ടു പ്രതിസന്ധികൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു. കാലാവസ്ഥാവ്യതിയാനം മനുഷ്യസമൂഹത്തെ ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് എന്ന് കരുതുന്നവർ ഇന്ന് ഏറെയുണ്ട്.

കാലാവസ്ഥാവ്യതിയാനം ജൈവമണ്ഡലത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയായി തീർന്നേക്കുമെന്നതിൽ ശാസ്ത്രസമൂഹത്തിന് ഇപ്പോൾ ഏതാണ്ട് ഒരേ അഭിപ്രായമാണ്. അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ അളവ് കുത്തനെ കൂടുന്നത് അന്തരീക്ഷത്തിന്‍റെ ശരാശരി താപനില ഉയർത്താൻ ഇടയാക്കുന്നു. ഈ വാതകങ്ങൾ താപവാഹകരായ ഇൻഫ്രാറെഡ് വികിരണങ്ങളെ കൂടുതലായി ആഗിരണം ചെയ്യുന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. ശരാശരി താപനിലയിൽ ഒരു പരിധിയിൽ കവിഞ്ഞുള്ള വർദ്ധനവ് കാലാവസ്ഥയിലും അതുവഴി ആവാസവ്യവസ്ഥകളിലും (ecosystems) ദൂരവ്യാപകമായ ഫലങ്ങളുളവാക്കാൻ പര്യാപ്തമാണ്.

കാലാവസ്ഥാവ്യതിയാനം ഇന്ന് നമ്മളറിയുന്നത് ഒരു ശാസ്ത്രസിദ്ധാന്തം മാത്രമായിട്ടല്ല. അതിന്‍റെ രൂക്ഷഫലങ്ങൾ കൂടുതൽ കൂടുതലായി നിത്യജീവിതത്തിൽ നിരന്തരം അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നുമുണ്ട്. ആഗോളതലത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു കഴിഞ്ഞ വർഷത്തെ ജൂലൈ മാസം. നാസയുടെ റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഇതിന് മുൻപ്, ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 2016 ലെ ഓഗസ്റ്റ് മാസത്തിലായിരുന്നു. അന്ന്, ശാന്തസമുദ്രത്തിൽ  ഇടക്കിടെയുണ്ടാകുന്ന എൽ-നിനോ പ്രതിഭാസം അതിനു കാരണമായിരുന്നിരിക്കാം എന്ന അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാൽ 2017-ൽ എൽ-നിനോവിന്‍റെ അഭാവത്തിലും താപനില വർദ്ധിക്കുകയാണുണ്ടായത്.

ജൈവ വൈവിധ്യത്തെയും, കൃഷിയെയും, മൽസ്യബന്ധനത്തെയും, വാണിജ്യത്തെയും ഒക്കെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. അതുമൂലമുണ്ടാകുന്ന ദേശാടനങ്ങളും അഭയാർത്ഥി പ്രവാഹങ്ങളും സമീപഭാവിയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിമാറും എന്നാണ് വിദഗ്ധർ പറയുന്നത്. കടലുയരുന്നതുമൂലം പല തീരദേശമേഖലകളിലും ജനജീവിതം ഭീഷണിയിലാകും. ഈ നൂറ്റാണ്ടിന്‍റെ ആവസാനമാകുമ്പോഴേക്ക് ആഗോളതാപനം മൂലം 100 കോടി ആൾക്കാർക്ക് സ്വന്തം വാസസ്ഥലങ്ങളിൽനിന്ന് കുടിയൊഴിയേണ്ടി വരും. സഹിക്കാൻ വയ്യാത്ത ചൂടും, ഒരിക്കലും വറ്റിയിട്ടില്ലാത്ത തണ്ണീർത്തടങ്ങൾ പോലും വറ്റുന്നതും, വരൾച്ചയുമൊക്കെ നമ്മുടെ നാട്ടിലും പതിവായിരിക്കുകയാണല്ലോ.

മനുഷ്യസമൂഹം ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിട്ടുകയാണെന്ന വാദത്തിന് അടിസ്ഥാനം ശാസ്തീയ നിരീക്ഷണപരീക്ഷണങ്ങളും കണക്കുകളും അനുമാനങ്ങളും ആണെങ്കിലും അതൊക്കെയും കുറെ നിറം പിടിപ്പിച്ച നുണകൾ മാത്രമാണ് എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രബലവിഭാഗം നിലനിൽക്കുന്നുണ്ട്. സമീപകാലത്ത് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ശാസ്ത്രവിരുദ്ധത ഏറ്റവും കൂടുതലായി കാണുന്നത് പരിസ്ഥിതി പ്രശ്നങ്ങളെ ലഘൂകരിച്ച് കാണുന്നതിലാണ്. കാലാവസ്ഥാവ്യതിയാനം എന്ന ഒന്നില്ലെന്നും ഉണ്ടെങ്കിൽതന്നെ അതത്ര ഗൗരവകരമല്ലെന്നും പറയുന്നവരെ നവോമി ക്ലീൻ വിശേഷിപ്പിക്കുന്നത് കാലാവസ്ഥാവ്യതിയാന നിഷേധികൾ (climate change deniers) എന്നാണ്. ഇത്തരം നിഷേധങ്ങൾക്കു പിന്നിലുള്ളത് കോർപ്പറേറ്റുകളുടേതടക്കമുള്ള അധീശവർഗ്ഗതാല്പര്യങ്ങളും ആഗോളവും പ്രാദേശികവുമായ രാഷ്രീയമാതാല്പര്യങ്ങലും ആണെന്നത് വ്യക്തമാണ്.

ഈ നിക്ഷിപ്ത താല്പര്യങ്ങളുടെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ആഗോളതാപനം നിയന്ത്രിക്കുന്നതിനായി 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടി (COP21) എത്തിചേർന്ന ഉടമ്പടിയിൽനിന്നു പിന്മാറുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്ക അടക്കമുള്ള വികസിതരാജ്യങ്ങൾ പിന്തുടരുകയും നിർണ്ണയിക്കുകയും ചെയ്തു പോന്ന വികസനപരിപ്രേക്ഷ്യമാണ് ഈ ആഗോള പ്രതിസന്ധിക്ക് കാരണമാണെന്നത് നിഷേധിക്കാനാവാത്ത ഒരു യാഥാർഥ്യമാണ്. അതുകൊണ്ടാണ് യുനൈറ്റെഡ് നേഷൻസ് ഫ്രേംവർക്ക്‌ ഓൺ ക്ലൈമറ്റ് ചേഞ്ച്‌ (UNFCC) ആഗോളതാപനം നിയന്തിക്കുന്നതിൽ എല്ലാ രാജ്യങ്ങൾക്കുമുള്ള പങ്കാളിത്തമുണ്ട് എന്ന് പറയുമ്പോൾ തന്നെ വികസിതരാജ്യങ്ങൾക്ക് നേതൃപരമായ പങ്കുണ്ടെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. പക്ഷെ, ഇങ്ങനെ ഒരു നേതൃപരമായ പങ്ക് വഹിക്കുന്നതിലും എന്തെങ്കിലും തരത്തിലുള്ള അധികഭാരം ഏറ്റെടുക്കുന്നതിലും വികസിതരാജ്യങ്ങൾക്കുള്ള വിമുഖത പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ വെളിവായിരുന്നു. ആഗോളതാപനം പരിഹരിക്കുന്നതിൽ എല്ലാ രാജ്യങ്ങളും തുല്ല്യപങ്കു വഹിക്കണം എന്ന നിലപാട് അംഗീകരിപ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളുണ്ടായി. അതിന് പറ്റില്ലെന്ന് വന്നപ്പോൾ, ആ സമ്മേളനത്തിന്‍റെ നിർദ്ദേശങ്ങളൊന്നും തന്നെ നിയമപരമായി നടപ്പിലാക്കാൻ ഒരു രാജ്യത്തിനും ബാധ്യതയില്ല എന്ന തിരുമാനത്തിലേക്കെത്തിക്കുന്നതിന് വികസിതരാജ്യങ്ങൾക്കായി. അതായത് സ്വമേധയാ പ്രഖ്യാപിക്കുന്ന നടപടികൾ പൂർത്തീകരിക്കേണ്ട ബാധ്യതയേ ഈ കരാർ പ്രകാരം ഏതു രാജ്യത്തിനുമുള്ളൂ.

ഇങ്ങനെ പരിമിതികളേറെയുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന് കടിഞ്ഞാണിടാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമങ്ങൾക്ക് ഈ ഉടമ്പടി ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് കരുതപ്പെട്ടു. ഈ നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയോടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തോടെ, ഭൂമിയിലെ താപനിലയില്‍ ഉണ്ടാകുന്ന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിൽ അധികമാകാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളുമെന്ന ധാരണയുമായാണ് കരാറിലൊപ്പുവെച്ച 196 രാജ്യങ്ങൾ ഉച്ചകോടിയിൽനിന്ന് മടങ്ങിയത്. ക്രമേണ ഈ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കുമെന്നും. ഇത്തരത്തിൽ തങ്ങൾക്കനുകൂലമായി വെള്ളം ചേർക്കപ്പെട്ട വ്യവസ്ഥകൾ പോലും അംഗീകരിക്കാൻ ഒക്കില്ലെന്ന നിലപാടാണ്, ആ കരാറിൽ നിന്ന് പിന്മാറുകയാണ് തങ്ങളെന്ന കഴിഞ്ഞ വർഷത്തെ പ്രഖ്യാപനത്തിലൂടെ ട്രംപിന്‍റെ ഭരണകൂടമെടുത്തത്. അതായത്, അമേരിക്കൻ മുതലാളിത്തത്തിന്‍റെ നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷണത്തിനാണ് അമേരിക്കക്കാരടക്കമുള്ള മനുഷ്യരാശിയുടെ ഭാവിയെ സാരമായി ബാധിക്കുന്ന ഈ പ്രതിസന്ധിയിലും അവർ മുൻതൂക്കം കൊടുക്കുന്നത് എന്ന്.

മുതലാളിത്തം ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് എപ്പോഴും വലിയ വില കൊടുക്കേണ്ടിവരുന്നത് അവക്ക് കാരണക്കാരായവരല്ല, ഇരകളാണ്. 2008 ലെ ആഗോളസാമ്പത്തിക പ്രതിസന്ധി ഓർക്കുക. ആ പ്രതിസന്ധിക്ക് കാരണക്കാരായത് ആഗോള ഫിനാൻസ് മൂലധനത്തിന്‍റെ തലതൊട്ടപ്പന്മാരായിരുന്നു. എന്നിട്ടും, ആ സ്ഥാപനങ്ങളെ തകരാതെ താങ്ങി നിർത്താൻ അതിഭീമമായ സാമ്പത്തികസഹായം നൽകാൻ നിർബന്ധിതരായതാകട്ടെ വിവിധരാജ്യങ്ങളിലെ സർക്കാരുകളും. ബിസിനസ്സിൽ നിന്ന് സർക്കാരിനെ മാറ്റിനിർത്തണം ഒരു നല്ല സ്വതന്ത്രകമ്പോളം എന്ന നവലിബറൽ ആദർശം അവർ അപ്പോൾ സൗകര്യപൂർവം മറന്നു. എല്ലാറ്റിനുമൊടുവിൽ, സർക്കാർ ജനങ്ങളിൽനിന്നും പിരിച്ചെടുത്ത നികുതിപ്പണമെടുത്ത് പ്രതിസന്ധി തീർത്ത് വമ്പന്മാരൊക്കെ രക്ഷപ്പെട്ടതിനു ശേഷം, സാമ്പത്തികമാന്ദ്യത്തിൽനിന്നും കരകയറാൻ ചെലവ് ചുരുക്കലെന്ന പേരിൽ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്നവരോ അതതു രാജ്യങ്ങളിലെ സാധാരണക്കാരും. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും വലിയ ഉദാഹരണം.

കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രണാധീനമാക്കുന്നതിനുള്ള ആഗോളപരിശ്രമങ്ങളിലും ഇതിനു സമാനമായ അധീശവർഗ്ഗ താല്പര്യങ്ങൾ കാണാം. ആഗോള ഫിനാൻസ് മൂലധനത്തിന്‍റെയും വികസിത മുതലാളിത്ത രാജ്യങ്ങളുടെയും താല്പര്യങ്ങളെ വെല്ലുവിളിക്കാനൊക്കുന്ന ശാക്തിക ബലാബലം രൂപപ്പെട്ടുവന്നാലേ ഈ സ്ഥിതി മാറൂ. അതിന് അവികസിത രാജ്യങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും ഗവൺമെന്റുകളുടെ കൂട്ടായ്മ ഉണ്ടാകണം. അതത് രാജ്യങ്ങളിലെ സർക്കാരുകളുടെ നയരൂപീകരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്താനൊക്കുന്ന, പരിസ്ഥിതിപ്രശ്നങ്ങളുടെ ശാസ്ത്രവും അർത്ഥശാസ്ത്രവും വർഗ്ഗസ്വഭാവവും സ്വാംശീകരിച്ച ഒരു ജനപക്ഷരാഷ്ട്രീയത്തിന്‍റെ അഭാവത്തിൽ ഇത് നടക്കാൻ പോകുന്നില്ല.

പരിസ്ഥിതിപ്രശ്നങ്ങൾ സ്വന്തം അജണ്ടയാക്കി മാറ്റിയ ജനപക്ഷരാഷ്രീയം അടിയന്തിരമായി ഉണ്ടാകേണ്ടതിന് വേറൊരു കാരണം കൂടിയുണ്ട്. സമീപഭാവിയിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കാലാവസ്ഥാവ്യതിയാനത്തെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താൻ ഓരോ രാജ്യവും നിർബന്ധിതമാകും. അപ്പോൾ, ആഗോളതലത്തിൽ വികസിതരാജ്യങ്ങൾ അവികസിതരാജ്യങ്ങളിലേക്ക് കാലാവസ്ഥാനിയന്ത്രണത്തിനുള്ള നടപടികൾ മൂലമുള്ള തിക്തഫലങ്ങൾ കൈമാറാൻ ശ്രമിക്കുന്നതുപോലെ, ദേശീയതലത്തിൽ ഇവിടുത്തെ സമ്പന്നവർഗ്ഗം ഭൂരിഭാഗം വരുന്ന ദരിദ്രജനങ്ങളിലേക്ക് ഇത്തരം നടപടികളുടെ അധികഭാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഇതിനെ ചെറുക്കാനൊക്കുന്ന രാഷ്ട്രീയം കൂട്ടിനില്ലെങ്കിൽ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

പാരിസ്ഥിതികാവബോധം - ഉദയവും വളർച്ചയും

പരിസ്ഥിതിപ്രശ്നങ്ങളുടെ ശാസ്ത്രവും അർത്ഥശാസ്ത്രവും വർഗ്ഗസ്വഭാവവുമെന്ന് മുകളിൽ പറഞ്ഞു. അതെന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ പാരിസ്ഥിതികാവബോധം വലിയ സ്വാധീനം ചെലുത്തുന്ന ഒരു ചിന്താധാരയായി മാറിയതെങ്ങിനെയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഭൂമിയിലെ ജീവജാലങ്ങൾക്ക് പരസ്പരവും അവ നിലനിൽക്കുന്ന പരിസരവുമായും ഉള്ള ബന്ധങ്ങളെ പറ്റി പഠിക്കുന്ന ജൈവശാസ്ത്രശാഖയാണ് പരിസ്ഥിതി ശാസ്ത്രം അഥവാ ഇക്കോളജി (ecology). ജീവന്‍റെ നിലനില്പിനും പരിണാമത്തിനും ആധാരമായ ജൈവമണ്ഡലത്തെ സചേതനമായി നിലനിർത്തുന്ന ആവാസവ്യവസ്ഥകളെ കുറിച്ചുള്ള പഠനം. നാമിന്നറിയുന്ന രീതിയിൽ ഒരു ആധുനിക ശാസ്ത്രശാഖയായി ഇക്കോളജി രൂപപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയായിരുന്നു. ഏർണെസ്റ്റ് ഹെക്കൽ എന്ന ജർമ്മൻ ജീവശാസ്ത്രജ്ഞനായിരുന്നു 1866 ൽ ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.

മനുഷ്യന് അവന്‍റെ പരിസ്ഥിതിയുമായി, പ്രകൃതിയുമായി, ഉള്ള ബന്ധം മറ്റു ജീവികൾക്ക് തങ്ങളുടെ പരിസരവുമായ ബന്ധം പോലെയല്ല. മറ്റുള്ള ജീവികൾ തങ്ങളുടെ ആവാസവ്യവസ്ഥ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങൾക്ക് കീഴ്പ്പെട്ടാണ് ജീവിക്കുന്നത്. എന്നാൽ മനുഷ്യനങ്ങിനെയല്ല; പ്രകൃതിയുടെ ഭാഗമായിരിക്കെത്തന്നെ അതിന് മുഖാമുഖംനിന്ന് അതിനെ മാറ്റി തീർക്കാൻ ശ്രമിക്കുന്ന ജീവിയാണയാൾ. അദ്ധ്വാനം എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ പ്രകൃതിയെ മാറ്റുന്നതിനോടൊപ്പം മനുഷ്യനെയും മാറ്റുന്നു. സ്വയം ഒരു സൃഷ്ടാവായി, ഭാവന, ബുദ്ധി തുടങ്ങിയ മറ്റു ജീവികൾക്കില്ലാത്ത സവിശേഷശേഷികളുടെ ഉടമയായി, മനുഷ്യൻ മാറുന്നു.

"A spider conducts operations that resemble those of a weaver, and a bee puts to shame many an architect in the construction of her cells. But what distinguishes the worst architect from the best of bees is this, that the architect raises his structure in imagination before he erects it in reality", എന്ന് മാർക്സ് മൂലധനത്തിൽ.

എന്നാൽ, അതേസമയം പ്രകൃതിയിൽനിന്നും പൂർണ്ണമായും വേറിട്ട ഒരു നിലനിൽപ്പ് മനുഷ്യന് സാധ്യമല്ലതാനും ; കാരണം, മറ്റേതു ജീവജാലങ്ങളെയും പോലെ മനുഷ്യജീവന്‍റെ ആധാരവും പ്രകൃതിയൊരുക്കിയ ജൈവമണ്ഡലമാണ്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ വൈരുദ്ധ്യാത്മക ബന്ധം തിരിച്ചറിയേണ്ടത് നമ്മൾ അഭിമുഖീകരിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കുന്നതിന് ആവശ്യമാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത് പ്രകൃതിയിൽ അയാൾ നടത്തുന്ന ഇടപെടലുകളാണെന്നും ആ ഇടപെടലുകൾ അനിവാര്യമായും പ്രകൃതിയെ മാറ്റിത്തീർക്കുമെന്നും അംഗീകരിച്ചാൽ, എല്ലാ മാനുഷികവ്യവഹാരങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് പറയേണ്ടി വരില്ലേ? പരിസ്ഥിതിവാദം മുന്നോട്ടു വെക്കുന്ന ഒരു വിഭാഗം ആൾക്കാർ, പ്രകൃതിയിലേക്ക് മടങ്ങി പോകുക, പ്രകൃതിയുമായി സമരസപ്പെടുന്ന ജീവിതശൈലി സ്വീകരിക്കുക തുടങ്ങിയ ആദർശങ്ങൾ ഉയർത്തുന്നത് കാണാറുണ്ട്. അവരുയർത്തുന്ന വാദങ്ങളുടെ പുകമറക്കപ്പുറം കടന്നു ചെന്നാൽ ഈ പറഞ്ഞപോലുള്ള ബാലിശമായ വിചിത്രവാദമാണ് ബാക്കിയുണ്ടാകുക.

ഇതിനർത്ഥം, പരിസ്ഥിതി പ്രശ്നങ്ങൾ നിലനിൽക്കുന്നില്ല എന്നല്ല; അവയെ ശാസ്ത്രീയമായി നിർവ്വചിക്കേണ്ടതുണ്ട് എന്നാണ്. ആവാസവ്യവസ്ഥകളുടെ സന്തുലനം അവയുടെ സ്ഥായിയായ നാശത്തിനിടയാക്കും വിധം തകർക്കുന്ന, പ്രകൃതി വിഭവങ്ങളെ മുച്ചൂടും ഇല്ലാതാക്കുന്ന, പ്രദേശവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടലുകളെ പരിസ്ഥിപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇടപെടലുകൾ എന്ന് പറയാം.

വ്യാവസായിക വിപ്ലവത്തിന്‍റെയും മുതലാളിത്തരീതിയിലുള്ള ഉത്പാദനബന്ധങ്ങളുടെയും ആവിർഭാവത്തോടെയാണ് ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. അന്നേവരെയുണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രകൃതിവിഭവങ്ങളുടെ ചൂഷണം, നഗരവൽക്കരണം, പരിസര മലിനീകരണം എന്നിവയൊക്കെ ആദ്യകാലം തൊട്ടെ ഈ സമൂഹങ്ങളുടെ മുഖമുദ്രയായി. മുതലാളിത്തവ്യവസ്ഥയെ വിമർശന വിധേയയമാക്കിയ അക്കാലത്തെ പല ചിന്തകരിലും ഇതേക്കുറിച്ചുള്ള ആശങ്കകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിഴലിടുന്നത് കാണാം.

എംഗൽസിന്‍റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്‍റെ സ്ഥിതി (The Condition of the Working Class in England), പാർപ്പിട പ്രശ്നം (Housing Question), മാർക്സിന്‍റെ മൂലധനം തുടങ്ങിയ കൃതികളിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വ്യവസായികനഗരങ്ങൾ വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നതിന്‍റെ കറുത്ത ചിത്രങ്ങളേറെയുണ്ട്. മാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ അപഗ്രഥിച്ച ഈ രണ്ടു ചിന്തകർക്ക് പ്രകൃതിയെന്നത് നിർബാധം ചൂഷണം ചെയ്യാവുന്ന ഒരു സ്രോതസല്ലെന്ന് മനസിലാക്കാൻ വിഷമമുണ്ടായിരുന്നില്ല. ഉദാഹരണത്തിന് പ്രകൃതിയിലെ വൈരുദ്ധ്യാത്മകത എന്ന പുസ്തകത്തിൽ എംഗൽസ് ഇങ്ങനെ നിരീക്ഷിച്ചു:

dialofnat.jpg

"Let us not, however, flatter ourselves overmuch on account of our human victories over nature. For each victory nature takes its revenge on us. Each victory, it is true, in the first place brings about the results we expected, but in the second and third places it has quite different, unforeseen effects which only too often cancel out the first. The people who, in Mesopotamia, Greece, Asia Minor and elsewhere, destroyed forests to obtain cultivable land, never dreamed that by removing along with the forests the collecting centers and reservoirs of moisture they were laying the basis for the present forlorn state of those countries."

ഇന്ന് നാമറിയുന്ന പോലുള്ള പരിസ്ഥിതികാവബോധവും പ്രസ്ഥാനങ്ങളും രൂപപ്പെടുന്നത് പിന്നെയും ഏറെ കഴിഞ്ഞിട്ടാണ്. ജനസംഖ്യാപെരുപ്പവും കടിഞ്ഞാണില്ലാത്ത ഉപഭോഗവും ഇതേ പോലെ തുടർന്നാൽ അത് ഭൂമിയിലെ ജൈവവ്യവസ്ഥയെ തകർക്കും എന്ന് വാദിച്ച ആദ്യകാല ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു വില്യം വോഗ് (William Vogt). അദ്ദേഹത്തിന്‍റെ Road to Survival (1948) എന്ന പുസ്തകം വലിയ പ്രചാരമാണ് നേടിയത്. അതുപോലെ, പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്ന് പറയാവുന്ന മറ്റൊരു പുസ്തകമാണ് അമേരിക്കയിലെ മറൈൻ ബയോളജിസ്റ്റ് ആയിരുന്ന റേച്ചൽ കാഴ്‌സൺ എഴുതിയ നിശബ്ദവസന്തം (Silent Spring). ഡി. ഡി. ടി പോലെയുള്ള കീടനാശിനികളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം പരിസ്ഥിതിയെ എങ്ങിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിലേക്ക് ജനശ്രദ്ധ ക്ഷണിക്കാൻ ഈ പുസ്തകത്തിനായി. അറുപതുകളിൽ ഉടലെടുത്ത ഒട്ടനവധി പരിസ്ഥിതി പ്രസ്ഥാനങ്ങളെ നിശബ്ദവസന്തം സ്വാധീനിച്ചു.

ഫോസിൽ ഇന്ധനങ്ങളെ പോലുള്ള പുനരുല്പാദിക്കാൻ പറ്റാത്ത പ്രകൃതിവിഭവങ്ങളെ അമിതമായി ആശ്രയിച്ച് വ്യവസായികോല്പാദനം പതിൻമടങ്ങായി വളരുന്ന കാലമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുംവരേക്കും ഉണ്ടായിട്ടുള്ള മൊത്തം വ്യാവസായിക ഉൽപാദനത്തേക്കാൾ കൂടുതലായിരിക്കും എഴുപതുകളുടെ ആദ്യപകുതിയിലെ മാത്രം വ്യാവസായിക ഉൽപാദനം എന്ന് കണക്കാക്കപ്പെട്ടു. അതിനു സമാന്തരമായി പെട്രോളിയം വ്യവസായവും വലിയ പ്രതിസന്ധികളെ നേരിടുകയായിരുന്നു. അമേരിക്കയിലെ പെട്രോളിയം ഉൽപാദനനിരക്ക് ആദ്യമായി താഴോട്ടു പോകാൻ തുടങ്ങുന്നത് 1970 ൽ ആണ്. ഒപെക് രാജ്യങ്ങൾ പെട്രോളിയം ഉപരോധം ഏർപ്പെടുത്തിയതും ഏതാണ്ട് അതേ കാലത്ത് തന്നെ.

സ്വാഭാവികമായും, പുനരുല്പാദിക്കാൻ പറ്റാത്ത പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുള്ള വികസനത്തെകുറിച്ചുള്ള സന്ദേഹങ്ങൾ ഉയർന്നു വന്നു. മനുഷ്യൻ, പരിസ്ഥിതി, വികസനം തുടങ്ങിയ വിഷയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന വളർച്ചയുടെ പരിമിതികൾ (Limits to growth) എന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത് 1972 ൽ ആണ്. ഫോക്സ്‌വാഗൺ ഫൗണ്ടഷൻന്‍റെ (Volkswagen Foundation) ധനസഹായത്തോടെ മുൻരാഷ്ട്രതലവന്മാർ, വ്യവസായികൾ, ഉദ്യോഗസ്ഥമേധാവികൾ, ധനശാസ്തജ്ഞർ തുടങ്ങി സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ ആയ ക്ലബ് ഓഫ് റോം ആയിരുന്നു ഈ പഠനം പ്രസിദ്ധീകരിച്ചത്. ആ റിപ്പോർട്ടിന്‍റെ തലക്കെട്ടു സൂചിപ്പിക്കുന്നത് പോലെ പരിമിതികളില്ലാത്ത വളർച്ച സാധ്യമാണോ എന്ന ചോദ്യം അവർ ഉയർത്തി. ക്ലബ് ഓഫ് റോമിന്‍റെ വർഗ്ഗസ്വഭാവം വിപ്ലവകരമായ ബദലുകളെ മുന്നോട്ടു വെക്കുന്നതിൽ നിന്ന് അവരെ തടഞ്ഞുവെങ്കിലും പ്രസക്തമായ കുറെ ചോദ്യങ്ങളും സന്ദേഹങ്ങളും ഉയർത്താൻ അവർക്കായി.

ഇതിനു സമാനമായ ഉത്കണ്ഠകൾ പങ്കുവെച്ചുകൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് അവരോധിക്കുന്ന ഒരു സാമ്പത്തികശാസ്ത്രത്തെ കുറിച്ച് ഇ എഫ് ഷൂമാക്കർ എഴുതിയ സ്മാൾ ഈസ്‌ ബ്യൂട്ടിഫുൾ പുറത്തിറങ്ങുന്നത് വളർച്ചയുടെ പരിമിതികൾ പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിഞ്ഞാണ്. ബുദ്ധിസ്റ്റ് ധനശാസ്ത്രത്തെക്കുറിച്ചും നാട്ടിനും പരിസരത്തിനും ചേർന്ന ഉല്പാദനരീതികളും സാങ്കേതികവിദ്യകളും ഉണ്ടാകേണ്ടതിനെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്ന ഈ പുസ്തകം വലിയ ജനപ്രീതി നേടുകയും ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ മുഖ്യ അജണ്ടയായി കാണുന്ന ഹരിതരാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും രൂപപ്പെട്ടുതുടങ്ങുന്നതും ഇക്കാലത്താണ്. തീവ്രവലതുപക്ഷത്തിന്‍റെയും ആത്മീയതയുടെയും ആശയങ്ങൾ മുതൽ മാർക്സിസമടക്കമുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ വരെ സ്വാധീനം ഈ പ്രസ്ഥാനങ്ങളിൽ കാണാം.

പരിസ്ഥിതി, വർഗ്ഗം, രാഷ്ട്രീയം

പാരിസ്ഥിതിക പ്രതിസന്ധികളെ മൂർച്ഛിപ്പിക്കുന്നതിന് മുതലാളിത്തത്തിന്‍റെ ഘടനാപരമായ സവിശേഷതകൾക്കും ഉല്പാദനരീതികൾക്കുമുള്ള പങ്ക് നിഷേധിക്കാനാകാത്തതാണ്. ലാഭമെന്ന ഒരൊറ്റ ചാലകശക്തിയാൽ നയിക്കപ്പെടുന്ന വ്യവസ്ഥയാണ് എന്നതുകൊണ്ട്, ഉത്പാദനം ഉപഭോഗം എന്നിവയുടെ പരിധിയില്ലാത്ത വളർച്ച മുതലാളിത്ത വ്യവസ്ഥയുടെ മുന്നോട്ടുപോക്കിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഉല്പാദനശക്തികളുടെയും ഉല്പാദനരീതികളുടെയും നിരന്തര നവീകരണത്തിനുള്ള സമ്മർദം, പരിസ്ഥിതിനാശം പോലുള്ള വിപത്തുകൾക്ക് നേരെ മുഖം തിരിക്കാൻ അതിനെ പ്രേരിപ്പിക്കുന്നു. വ്യവസായികോല്പാദനവും മറ്റു വികസന പദ്ധതികളുമുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് ഉണ്ടാക്കുന്ന അധികബാധ്യത ഏറ്റെടുക്കാനുള്ള വിമുഖതയും ഇതോട് ചേർത്ത് വായിക്കണം.

bodhi_banner.jpg

മാത്രമല്ല, തുടക്കം തൊട്ടേ അസംസ്കൃത വിഭവങ്ങളുടെ അന്തമില്ലാത്ത ആദിമസംഭരണം സാധ്യമാക്കുന്ന ഒരു അക്ഷയപാത്രമായാണ് മുതലാളിത്തം പ്രകൃതിയെ കാണുന്നത്. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. നവലിബറൽ കാലത്ത് ഇത്രയും കാലം പൊതുസ്വത്തായി കരുതപ്പെട്ടിരുന്ന കുടിവെള്ളം വായു തുടങ്ങിയവപോലും ലാഭമുണ്ടാക്കാനൊക്കുന്ന അസംസ്കൃതവസ്തുക്കളായി മാറുമ്പോൾ പ്രകൃതി നശീകരണത്തിന് പുതിയ മാനങ്ങൾ കൈവരുന്നു.

പരിസ്ഥിതി പ്രശ്നങ്ങൾ ഗുരുതരമാകുന്നത് അടിസ്ഥാനപരമായി മുതലാളിത്തവ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ മൂലമാണെന്ന് ചൂണ്ടികാട്ടുമ്പോൾ തന്നെ, ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയം വരിച്ചില്ലെന്നതും കാണാതിരിക്കരുത്. ഇക്കാര്യത്തിൽ റഷ്യയുടെ ട്രാക്ക് റെക്കോർഡ് വളരെ പിന്നിലായിരുന്നു. ചൈന നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ സമകാലീന ചരിത്രമാണല്ലോ. ഉത്പാദനബന്ധങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായിരുന്നു ഈ പരീക്ഷണങ്ങൾ മുൻതൂക്കം നൽകിയത്. മുതലാളിത്തത്തിൽ നിന്നുടലെടുത്ത ഉല്പാദനരീതികളെ അതേപടി, പലപ്പോഴും അതിലും ആപൽക്കരമായ രീതിയിൽ, സ്വീകരിക്കുകയായിരുന്നു അവർ ചെയ്തത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിരവികസനം സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം അടിയന്തിര പ്രാധാന്യമുള്ള കാര്യമായി കരുതപ്പെട്ടില്ല. വൈദ്യുതീകരണവും സോവിയറ്റുകളും ചേർന്നാൽ സോഷ്യലിസമായെന്ന (electricity plus soviets equals socialism) ലെനിന്‍റെ മുദ്രാവാക്യമോർക്കുക.

മുതലാളിത്തരീതിയിലുള്ള ഉല്പാദനബന്ധങ്ങളുടെ പുനഃസംഘടന, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിരവികസനം സാധ്യമായ രീതീയിൽ വികസിപ്പിച്ചെടുത്ത ഉല്പാദനരീതികൾ, ഉത്പാദനശക്തികളുടെ കടിഞ്ഞാണില്ലാത്ത വളർച്ചയിലുള്ള സാമൂഹ്യനിയന്ത്രണം എന്നിങ്ങനെ സമഗ്രമായ മാറ്റങ്ങളിലൂടെ മാത്രമേ മനുഷ്യരാശി നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികൾക്ക് നീതിയുക്തമായ ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്ന് ചുരുക്കം. ഇതിനർത്ഥം ഭാവിയിലെന്നോ നടക്കാൻ പോകുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം മാത്രം അഭിസംബോധന ചെയ്യേണ്ട ഒന്നാണ് ഈ പ്രതിസന്ധികൾ എന്നല്ല. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമൊക്കെ ഉയർത്തുന്ന വെല്ലുവിളികളുടെ അടിയന്തിരസ്വഭാവം മുൻപ് വിശദീകരിച്ചതാണല്ലോ. സുസ്ഥിരവികസനത്തിന്‍റെ ബദൽ വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങളും അത് നിലനിക്കുന്ന സാമൂഹ്യവ്യവസ്ഥക്കകത്തുതന്നെ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളും ആത്യന്തികമായി ലോകത്തെ മാറ്റിത്തീർക്കാനും ഘടനാപരമായി അഴിച്ചുപണിയാനുമുള്ള ശ്രമങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാൽ പരിസ്ഥിതിപ്രശ്നങ്ങളോടുള്ള സമീപനത്തിൽ മൂന്ന് വ്യത്യസ്തധാരകൾ ഉണ്ടായതായി കാണാൻ കഴിയും. ഈ സമീപനങ്ങളെ മുന്നോട്ടു വെക്കുന്ന വിവിധ വർഗ്ഗങ്ങളുടെ താൽപര്യങ്ങളും മുൻഗണനാക്രമങ്ങളുമാണ് അവയെ വ്യത്യസ്തമാക്കുന്നത്. സാമൂഹ്യബോധം സാമൂഹ്യ അസ്തിത്വത്തെ നിർണ്ണയിക്കുകയല്ല സാമൂഹ്യബോധത്തെ സാമൂഹ്യ അസ്തിത്വം നിർണ്ണയിക്കുകയാണ് ചെയ്യുന്നതെന്ന മാർക്സിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

അധീശവർഗ്ഗങ്ങൾ പരിസ്ഥിതി പ്രശ്നങ്ങളോട് തികഞ്ഞ നിസ്സംഗതയാണ് മിക്കപ്പോഴും കാട്ടാറുള്ളത്. നിവൃത്തിയില്ലാതെ വന്നാൽ, അവയുടെ ആഘാതത്തെ ആവോളം ലഘൂകരിച്ചുകാട്ടി ലഭ്യമായ ശാസ്ത്രസാങ്കേതിക വിദ്യകൾകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളൂ എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു. മുകളിൽ വിശദീകരിച്ചതുപോലെ ഇതിന് പിന്നിൽ ഒരു സാമ്പത്തികയുക്തിയുണ്ട്. അധീശവർഗ്ഗമെന്ന് പറയുമ്പോൾ ഇവിടെ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക സാമ്പത്തിക വർഗത്തെയല്ല. ബഹുരാഷ്ട്രകുത്തകകളും ആഗോള മൂലധനവും തൊട്ട് ഏതെങ്കിലും ഒരു നാട്ടിൻപുറത്ത് നവലിബറൽ തീവെട്ടികൊള്ളയുടെ പങ്കുപറ്റുന്ന ചെറുകിടകോൺട്രാക്ടറ്റർമാരും സ്ഥലത്തെ പ്രധാന ദിവ്യരായ രാഷ്ട്രീയനേതാക്കളും വരെയുള്ള, സാമാന്യജനത്തിന്‍റെ ജീവിതത്തെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, 0അധികാരത്തിന്‍റെ എല്ലാ പ്രതിനിധികളെയുമാണ്.

പലപ്പോഴും, അസംബന്ധത്തിന്‍റെ തലത്തിലെത്തുന്ന ശാസ്ത്രവിരുദ്ധത പരിസ്ഥിതി പ്രശ്നങ്ങളുടെ ആഘാതത്തെ ലഘൂകരിച്ച് കാട്ടാൻ ഇവർ ഉപയോഗിക്കുന്നു. മരമില്ലാത്ത കടലിലെന്താ മഴ പെയ്യുന്നില്ലേ എന്ന് തമാശയിലൂടെ പരിസ്ഥിവാദികളെ  പ്രതിരോധിച്ച നമ്മുടെ നാട്ടിലെ ആ പഴയ മന്ത്രി തൊട്ട് ഇന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരെയുള്ള നേതൃരൂപങ്ങളെ ഇക്കൂട്ടത്തിൽ പെടുത്താം. വാസ്തവവിരുദ്ധത മുഖമുദ്രയായ സത്യാനന്തര ലോകത്തിൽ ഇത്തരം പ്രചരണങ്ങൾ കൂടുതൽ അപകടകരമായ മാനങ്ങൾതേടുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ ഉന്നയിക്കുന്നവർ വികസനവിരുദ്ധരാണെന്നും തൊഴിലാളി വർഗ്ഗതാല്പര്യങ്ങൾക്ക് എതിരാണ് പ്രകൃതി സംരക്ഷണമെന്നുമൊക്കെയുള്ള വ്യാജയുക്തികളും ശാസ്ത്രവിരുദ്ധതയുടെ കൂടെ ഉപയോഗിക്കപ്പെടുന്നു. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനം എന്ന ചോദ്യം സമർത്ഥമായി മറച്ചു വെക്കപ്പെടുന്നു.

പരിസ്ഥിതി പ്രശ്നങ്ങളുടെ രൂക്ഷതയിലേക്ക് ഉണർന്നെഴുന്നേൽക്കുന്ന പ്രബലമായ മധ്യവർഗ്ഗവും ഇത്തരം പ്രശ്നങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ഘടനാപരവുമായ കാരണങ്ങളെ അഭിമുഖീകരിക്കുന്നതിൽ വിമുഖരാണ്. ഡീപ് ഇക്കോളജി പോലുള്ള പ്രസ്ഥാനങ്ങളിൽ കാണുന്നതുപോലെ ബോധനവീകരണത്തിലും ജീവിതശൈലിയിലുള്ള മാറ്റങ്ങളിലും ആണ് അവർ ഊന്നുന്നത്. പ്രകൃതിയിൽ നിന്ന് കുടിയിറക്കപ്പെട്ട മനുഷ്യന്‍റെ അതിലേക്ക് മടങ്ങി പോകാനുള്ള ഗൃഹാതുരത്വം നിറഞ്ഞ വെമ്പലായും, ആത്മീയ പ്രതിസന്ധിയായും, ഭൗതിക യാഥാർത്ഥ്യങ്ങളെ കണക്കാക്കാതെ കേവലമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും ഒക്കെയാണ് ഇക്കൂട്ടർ ഈ പ്രശ്നങ്ങളെ സമീപിക്കുന്നത്. പരിസ്ഥികാവബോധം നവീനമായ ഒരു മൂല്യബോധത്തെ ആവശ്യപ്പെടുന്നുണ്ട് എന്നതിൽ തർക്കമില്ല. പക്ഷ, അവയുടെ ഭൗതികാടിത്തറയെ വിസ്മരിക്കുന്നത് ആശാസ്യമല്ല.

ഈ രണ്ടു സമീപനങ്ങളിൽനിന്നും വ്യത്യസ്തമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തിന്‍റെ സങ്കീർണ്ണതകളെയും സാധ്യതകളെയും തിരിച്ചറിയുന്ന ശാസ്ത്രീയ സമീപനം. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അശാസ്ത്രീയമായ ഇടപെടലുകളുടെ ദൂഷ്യഫലങ്ങൾ ആദ്യം അനുഭവിക്കുന്നതും ഏറ്റവും കൂടുതലായി ബാധിക്കുന്നതും തൊഴിലാളികളും കർഷകരും പാർശ്വവൽക്കരിക്കപ്പെടുന്ന വിവിധ സാമൂഹ്യവിഭാഗങ്ങളും അടക്കമുള്ള ചൂഷിതവർഗ്ഗങ്ങളെയാണ്. അവരുടെ താല്പര്യങ്ങൾക്ക് അനുഗുണമായത് ശാസ്ത്രീയ സമീപനം മാത്രമാണ്.

ഉദാഹരണത്തിന് മഹാനഗരങ്ങളിൽ പാർക്കുന്ന കോടിക്കണക്കിനു വരുന്ന ദരിദ്രജനങ്ങളുടെ കാര്യമെടുക്കുക. മുതലാളിത്തവികസനം അനിയന്ത്രിതമായ നഗരവൽക്കരണത്തിന് കാരണമാകുകയും മിക്ക രാജ്യങ്ങളിലും ജനങ്ങളിൽ ഭൂരിഭാഗവും ഉപജീവനത്തിനായി നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി ജീവിക്കാൻ നിർബന്ധിതമാകുകയും ചെയ്യുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഹരിതഗൃഹവാതകങ്ങളിൽ പകുതിയിലധികം ഉണ്ടാകുന്നതും ഈ നഗരങ്ങളിൽ നിന്നാണ്. അമേരിക്കയിലെ ഇടതുപക്ഷ പ്രസിദ്ധീകരണമായ ജക്കോബിനിൽ The Urban Green Wars എന്ന തലക്കെട്ടിൽ ഡാനിയൽ അൽദാന കോഹെൻ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നതുപോലെ നഗരങ്ങളുടെ നിയന്ത്രണത്തിനായുള്ള നഗരങ്ങളിലെ പണിയെടുക്കുന്നവരുടേയും പാവപ്പെട്ടവരുടേയും സമരങ്ങൾക്ക് അതീവപ്രാധാന്യമുണ്ട്. പാർപ്പിടം, യാത്രസൗകര്യങ്ങൾ, വിശ്രമം തുടങ്ങി കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായുള്ള ഇവരുടെ സമരത്തിന്‍റെ അവിഭാജ്യ ഘടകങ്ങൾ ആയി മാറണം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളും.

ഗ്യാസ്, വെള്ളം, ചിലവ് കുറഞ്ഞ പൊതുഗതാഗത സൌകര്യങ്ങൾ എന്നിവക്കായുള്ള നഗരങ്ങളിലെ ചേരിനിവാസികളുടെ സമരങ്ങൾ ലാറ്റിനമേരിക്കൻരാജ്യങ്ങളിലെ രാഷ്രീയത്തെ എങ്ങിനെ ഗുണപരമായ സ്വാധീനിച്ചു എന്ന് വിജയപ്രസാദ് തന്‍റെ No free left എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. നഗരങ്ങളിലെ ചൂഷിതരുടെ മാത്രമല്ല, കർഷകർ, ആദിവാസികൾ തുടങ്ങി എല്ലാ പീഢിതവിഭാഗങ്ങളുടെ രാഷ്രീയത്തിന്‍റെ അവിഭാജ്യഘടകമാകേണ്ടതുണ്ട് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും വേണ്ടിയുള്ള സമരങ്ങൾ. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന വർഗ്ഗരാഷ്ട്രീയത്തിൽ ഒരു വീണ്ടുവിചാരമായി ഉൾപ്പെടുത്തേണ്ടുന്ന അജണ്ട മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങൾ. അവ വർഗ്ഗസമരം തന്നെയാണ്.